നൂറ്റിയൊന്നാമത്തെ (ആന)കാര്യം
ദ്യോവിനെ വിറപ്പിക്കുമാവിളി – ഭാഗം:2 – ഡോ. ശ്രീധർ വിജയകൃഷ്ണൻ

സംഘമായ് മുറുക്കിക്കൊണ്ടിരിക്കും ചിലർ ചൊൽവൂ
തങ്ങളിൽ “കുറുമ്പനാണാ നടുക്കെഴും കൊമ്പൻ.”
സഹ്യന്റെ മകൻ, വൈലോപ്പിള്ളി ശ്രീധരമേനോൻ (1944)

ഒരു പതിറ്റാണ്ടിന് മുന്നേ ആനമലക്കാടുകളിൽ ഗവേഷണം ആരംഭിച്ച ഘട്ടത്തിലാണ് അവിടുത്തെ ആനപരിപാലനകേന്ദ്രത്തിലെ മലസർ വിഭാഗത്തിൽപ്പെടുന്ന ആനക്കാരുമായി അടുക്കാനും അവരുടെ പ്രവർത്തനരീതികളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സാധിച്ചത്. ആനപരിപാലനത്തിൽ തങ്ങളുടേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഈ വിഭാഗക്കാർ ഏകദേശം ഒരു നൂറ്റാണ്ടോളമായി ഈ മേഖലയിൽ ആനപിടുത്തവും പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് പോരുന്നു. മനുഷ്യനുമായി യാതൊരു സമ്പർക്കവും ഇല്ലാത്ത, കണ്ടാൽ ഓടിയകലുകയോ ഓടിക്കുകയോ ചെയ്യുന്ന തനി കാട്ടാനകളെ പോലും ആഴ്ച്ചകൾ കൊണ്ട് പഴക്കിയെടുത്ത് കടുത്ത ബന്ധനങ്ങളിൽ നിന്നും അയവ് നൽകി, ഒരു ചെറു ചങ്ങലയുടെ ബലത്തിൽ മാത്രം കൊണ്ട് നടക്കാൻ ഇവർക്ക് സാധിക്കുന്നത് ഇന്നും അത്ഭുതമുളവാക്കുന്ന ഒരു കാര്യമാണ്. ഒരുപക്ഷെ ലോകത്ത് തന്നെ ഇത്തരത്തിലുള്ള ഒരു പരിശീലനരീതി ഇവർ മാത്രമേ കൈകാര്യം ചെയ്യുന്നുണ്ടാവുള്ളൂ. ആനകളുടെ സഞ്ചാര രീതികൾ, സ്വഭാവ സവിശേഷതകൾ എന്നിവയെ കുറിച്ച് പഠിക്കാനായി ആ കാടുകളിൽ എത്തിയ എന്നോട് മലസർക്കിടയിലെ പരിചയസമ്പന്നരിൽ ഒരാളായ പഴനിസ്വാമി പറഞ്ഞത് ഇന്നും വേദവാക്യമായി ഞാൻ ഓർക്കുന്നു––ആനകൾ ചെയ്യുന്ന നൂറ് കാര്യങ്ങൾ അടുത്തറിഞ്ഞ് രേഖപ്പെടുത്തിക്കഴിഞ്ഞാലാവും ആന നൂറ്റിയൊന്നാമത്തെ കാര്യം ചെയ്ത് തുടങ്ങുന്നത്. ഇത് തന്നെയാണ് എന്റെ ഗവേഷണവിഷയമായ Behavioural Ecologyയിലും പറയുന്നത്. മൃഗങ്ങൾ, വിശിഷ്യാ ആനകൾ, വ്യക്തിഗതസ്വഭാവവ്യത്യാസങ്ങൾ (individual idiosyncrasies) അനവധി ഉള്ളവരാണെന്നും അത് തിരിച്ചറിയാതെ സാമാന്യവൽക്കരിക്കുന്നത് (generalise) അത്യന്തം അനീതിയാണെന്നും.

ആനമലക്കാടുകളിലെ മലസർ വിഭാഗത്തിൽ പെട്ട ആനക്കാരൻ പളനിസ്വാമിയുമായി ആനക്കഥകളിൽ മുഴുകിയിരിക്കുന്ന ലേഖകൻ
ആനമലക്കാടുകളിലെ മലസർ വിഭാഗത്തിൽ പെട്ട ആനക്കാരൻ പളനിസ്വാമിയുമായി ആനക്കഥകളിൽ മുഴുകിയിരിക്കുന്ന ലേഖകൻ

ഇത്തരത്തിലുള്ള സാമാന്യവത്കരണം നമ്മൾ മലയാളികൾക്കിടയിൽ ഒരല്പം കൂടുതലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊമ്പനല്ലേ, ഇങ്ങനെയേ ചെയ്യൂ, പിടി അല്ലെ അതിനെ കൊണ്ട് ശല്യമില്ല എന്നും മറ്റും. ഏറ്റവും കൂടുതൽ കേൾക്കാറുള്ളത് ഒറ്റയാനെ സൂക്ഷിക്കണമെന്നും സാഹചര്യഭേദമന്യേ “പരുക്കൻ” പ്രകൃതക്കാരായതിനാൽ ആക്രമണവാസന കൂടുതലായി പ്രകടിപ്പിക്കുമെന്നും. മലയാളത്തിൽ സുലഭമായ ആനക്കഥകൾ ഇത് ആവർത്തിച്ച് പറയുകയും ചെയ്തിട്ടുള്ളതിനാൽ ഇതൊരു ശാസ്ത്രീയ വസ്തുതയാണെന്ന് ധരിക്കുന്നവരാണ് നമ്മൾക്കിടയിൽ കൂടുതലും. അതിനെ കുറിച്ച് വിശദമായി വഴിയേ പറയാം. എന്നാൽ ഇതെല്ലാം അതാത് ആനകളുടെ ജീവിതാനുഭവങ്ങളുടെയും, ഓരോ സന്ദർഭത്തിന്റെയും അടിസ്ഥാനത്തിലും, അവരുടെ ശാരീരികമാനസിക നിലയ്ക്കനുസരിച്ചും അനവധി മാറ്റങ്ങൾക്ക് വിധേയമാവാറുണ്ട്. സ്വതവേ ശാന്തപ്രകൃതക്കാരായ ചില ആനകൾ ചിലയിടങ്ങളിൽ, അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ അപ്രതീക്ഷിതമാംവിധം പ്രതികരിക്കുന്നതെല്ലാം മേൽപ്പറഞ്ഞ കാരണത്താലാണ്. കേരളത്തിലെ നാനൂറിനടുത്ത് വരുന്ന നാട്ടാനകളും നാനൂറ് തരക്കാരാണ് ഒരർത്ഥത്തിൽ. ഇത് ആനകളുമായി അടുത്തിടപഴകുന്ന ഒട്ടുമിക്കയാൾക്കാർക്കും അറിയാവുന്ന ഒരു വസ്തുത കൂടിയാണ്. Commonalities ഇല്ലെന്നല്ല എന്നാൽ ഇതിന്റെയൊന്നും അർത്ഥവും. ചില കാര്യങ്ങൾ പൊതുതത്വങ്ങളായി നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെ, നാട്ടിലോ വനാതിർത്തികളിലോ കാണപ്പെടുന്ന ആനകളെല്ലാം ഒരേ തരക്കാരാണെന്ന് വിലയിരുത്തുന്നതെങ്ങനെ? അത്തരം മേഖലകളിൽ കാണുന്ന ആനകളെല്ലാം സ്വാഭാവഭേദമന്യേ പ്രശ്നക്കാരാവുന്നതെങ്ങനെ?

ഒറ്റയാൻ മുതൽ ബാച്‌ലർ സംഘങ്ങൾ വരെ
സമൂഹമായി ജീവിക്കുന്ന ജന്തുവർഗങ്ങളിൽ (social animals) പെടുന്നവരാണ് ആനകൾ. കൂട്ടത്തിലെ പിടിയാനകളാണ് സഞ്ചാരത്തെ കുറിച്ചും മറ്റുമുള്ള തീരുമാനങ്ങളെടുക്കാറുള്ളത്. പിടിയാനകളെ കേന്ദ്രീകരിച്ചാണ് കൂട്ടത്തിന്റെ എല്ലാ പാരിസ്ഥിതികമായ പ്രക്രിയകളും. എന്നാൽ ആണാനകൾക്ക് ഇതിൽ പങ്കില്ലെന്നല്ല അതിനർത്ഥം. ഏകദേശം പ്രായപൂർത്തിയാവുന്ന ഘട്ടത്തിൽ, 10-12 വയസ്സാവുമ്പോഴേക്കും ആണാനകൾ കൂട്ടത്തിൽ നിന്നും അകന്ന് മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്. കൂട്ടത്തിൽ നിന്നും “പുറത്താക്കപ്പെടുന്ന” ആണാനകൾ അത് മൂലമുള്ള വ്യസനത്താലും രോഷത്താലും ഒറ്റയാനായി മാറുകയും കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കാൻ പോന്നവണ്ണം ഓടിനടക്കുകയും ചെയ്യുമെന്നും മറ്റുമുള്ളത് കവിഭാവനയിൽ കവിഞ്ഞ് ശാസ്ത്രീയാടിസ്ഥാനമൊന്നുമില്ലാത്ത കാര്യമാണ്. ആ പ്രായത്തിൽ കൂട്ടത്തിൽ നിന്നും അകലുന്ന ആനകളെ അപൂർവം ചില സാഹചര്യങ്ങളിൽ അതേ കൂട്ടത്തോടൊപ്പം കാണാൻ സാധിച്ചേക്കാം. മാത്രമല്ല, ഇത്തരത്തിൽ കൂട്ടം വിടുന്ന ആനകൾ ഒറ്റയ്ക്കായിക്കൊള്ളണമെന്നില്ല സഞ്ചരിക്കുന്നത്. ആനകളുൾപ്പെടുന്ന സമൂഹജീവിവർഗ്ഗത്തിന്റെ (social animals) ജീവിതത്തിൽ വളരെ പ്രാതിനിധ്യമുള്ള പ്രക്രിയയാണ് മുതിർന്ന ആനകളിൽ/ജീവികളിൽ നിന്നും പഠിച്ചെടുക്കുന്ന കാര്യങ്ങൾ (Cultural learning). ഇതാണ് ഓരോ മേഖലയെ കുറിച്ചും അവിടുത്തെ വിഭവലഭ്യതയെ കുറിച്ചും നേരിടാൻ സാധ്യതയുള്ള ഭീഷണികളെ കുറിച്ചുമെല്ലാം അവരെ അവബോധമുള്ളവരാക്കുന്നത്. ആണാനക്കുട്ടികൾ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ പഠിച്ചെടുക്കുന്നത് മറ്റ് മുതിർന്ന ആണാനകളിൽ നിന്നാണ്. ആണാനകളുടെ ഇത്തരത്തിലുള്ള കൂട്ടം ചേരലിനെ ബാച്ചലർ സംഘങ്ങൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കേരളത്തിൽ പലയിടങ്ങളിലുമായി ബാച്‌ലർ സംഘങ്ങളായി സഞ്ചരിക്കുന്ന ആനകളെ കണ്ട് വരാറുണ്ട്. വയനാട്ടിലെ ചില വനാതിർത്തി പ്രദേശങ്ങളും, തൃശൂരിനടുത്ത അതിരപ്പള്ളി മേഖലയുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന ആണാനകളിൽ നിന്നും ഓരോ മേഖലയിലെയും അപകടസാധ്യതകളെ ഒഴിവാക്കിയുള്ള (risk avoidance) വിഭവ ഉപഭോഗത്തെ കുറിച്ച് പഠിച്ചെടുക്കുന്ന ചെറുപ്രായക്കാരായ ആനകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ മനുഷ്യസാന്നിധ്യം ഒഴിവാക്കിയുള്ള സഞ്ചാരത്തിനോട് കാലക്രമേണ പൊരുത്തപ്പെടുന്നു. വനാതിർത്തി പ്രദേശങ്ങളിൽ നിന്നും ആനകളിലെ സാമൂഹികതയുടെ സങ്കീർണ്ണതകളെ അവഗണിച്ച് കൊണ്ടുള്ള ആനപിടുത്തങ്ങളും നാടുകടത്തലുകളും മൂലം ചെറുപ്രായക്കാരായ ആനകൾക്ക് ലഭിക്കേണ്ട ജീവിതപാഠങ്ങൾ ലഭിക്കാതെ പോവുന്നു. ഇതേ പ്രക്രിയകളാണ് വേട്ടക്കാരാൽ കൊന്നൊടുക്കപ്പെട്ട ആനകളുടെ സംഘത്തിലെ ഇളംതലമുറക്കാർക്കിടയിൽ രേഖപ്പെടുത്തിയിട്ടുള്ള അങ്ങേയറ്റം അപ്രതീക്ഷിതമായ പെരുമാറ്റഅപാകതകൾക്കോ വ്യതിയാനങ്ങൾക്കോ (behavioural aberrations) വഴി തെളിച്ചതെന്നാണ് ശാസ്ത്രം വിലയിരുത്തുന്നത്. അനവധി കാണ്ടാമൃഗങ്ങളെ ചെറുപ്രായക്കാരായ ആനകൾ കൊന്നൊടുക്കിയ സംഭവം ശാസ്ത്രലോകത്തെ ഏറെ ചിന്തിപ്പിച്ച ഒന്നായിരുന്നു.

2010 കാലഘട്ടത്തിൽ കേരളത്തിലെ പെരിയാർ കടുവാസങ്കേതത്തിൽ അനവധി പിടിയാനകളെ ഒരു കൊമ്പനാന കൊന്നതായുള്ള കുറിപ്പുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ യശ്ശശരീരനായ ശാസ്ത്രജ്ഞൻ ശ്രീ അജയ് ദേശായ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കാനിടയായി. വിശ്വപ്രസിദ്ധ വാർത്താ മാധ്യമശൃംഖലയായ ബിബിസി ഇതിനെ കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുകയുമുണ്ടായി. കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച പോലെ മുതിർന്ന കൊമ്പനാനകളുടെ അനിയന്ത്രിത വേട്ട മൂലം അനുപാതം അത്യന്തം ആശങ്കാജനകമായ രീതിയിലേക്ക് ഒരു കാലത്ത് മാറിയ പെരിയാർ മേഖലയിലെ ഈ സംഭവം മുൻകാലത്തെ പ്രശ്നങ്ങളുടെ ബാക്കിപത്രമെന്നോണം ഉണ്ടായ സ്വഭാവവ്യതിയാനം നിമിത്തമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്തായാലും ബാച്‌ലർ സംഘങ്ങളിലേക്ക് മടങ്ങി വരാം. ഇത്തരമൊരു പ്രതിഭാസം കാലാനുസൃതമായ മാറ്റങ്ങൾ നിമിത്തമാണെന്നും സമീപകാലത്തായി കണ്ടു വരുന്ന ഒന്നാണെന്നും മറ്റും ഒട്ടേറെ വാദങ്ങൾ ഈയിടെയായി കേൾക്കാറുണ്ട്. ശാസ്ത്രലേഖനങ്ങളിൽ, പ്രബന്ധങ്ങളിൽ, തീസിസുകളിൽ, മുൻകാല ഗവേഷണാവലോകനം (Review of Literature) വളരെ പ്രാധാന്യമേറിയ ഒന്നാണ്. അത്തരത്തിൽ ആഴത്തിൽ ഒരു ചികയൽ നടത്തിയാൽ 1790-കളിൽ ജോൺ കോഴ്സ് എന്ന പര്യവേഷകൻ ഇങ്ങനെ കുറിക്കുന്നതായി കാണാം––ആണാനകൾ സന്ധ്യയോടടുക്കുമ്പോൾ കാട്ടിൽ നിന്നും പുറത്തേക്ക് വരുന്നതായി കാണാം, ഒറ്റയ്ക്കോ മറ്റ് കൊമ്പന്മാരോടൊത്തുള്ള കൂട്ടങ്ങളായോ (Goondah Gangs എന്ന അദ്ദേഹത്തിന്റെ പരാമർശം പ്രത്യേകം ശ്രദ്ധയിൽ പെട്ടിരുന്നു ആദ്യമായി വായിച്ച വേളയിൽ). അതായത് ഏകദേശം രണ്ടേകാൽ നൂറ്റാണ്ടിനും മുൻപ് ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് സാരം. ഇത്തരത്തിലുള്ള ആണാനകളുടെ association പലപ്പോഴും താൽക്കാലികമാവാമെന്നും ഒരുപാട് നാളുകൾ ഒരേ ആനകൾ പിടിയാനകളുടെതിന് സമാനമായ സ്ഥിരതയാർന്ന കൂട്ടങ്ങളിൽ സഞ്ചരിക്കാനിടയില്ലെന്നുമുള്ള അനുമാനങ്ങളെ അടുത്തിടെ വന്നിട്ടുള്ള പഠനങ്ങൾ തിരുത്തിയെഴുതുന്നുണ്ട്. അതായത് ആണാനകളിലും ഇത്തരത്തിലുള്ള സ്ഥായിയായ ഇടപെടലുകൾ കണ്ടേക്കാം.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ മേഖലയിൽ കഴിഞ്ഞ മഹാകുംഭമേളയ്ക്ക് (2021) മുന്നോടിയായി ആ മേഖലയിലെ ആനകളെ നിരീക്ഷിച്ച് അവരുടെ സഞ്ചാരപഥം മനസ്സിലാക്കി മേളയുടെ സമയത്ത് ആനകൾ വരാൻ സാധ്യതയുള്ള പ്രദേശങ്ങൾക്ക് സംരക്ഷണം നൽകാൻ അവിടുത്തെ സർക്കാർ തീരുമാനിക്കുകയുണ്ടായി. അതിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ച വേളയിലാണ് വലിയ ബാച്‌ലർ സംഘങ്ങളെ പിന്തുടരാനും അവരുടെ സ്വഭാവരീതികൾ അടുത്തറിയാനും അവസരമുണ്ടായത്. പതിമൂന്ന് ആണാനകളെ വരെ ഒന്നിച്ച് കാണാറുണ്ടായിരുന്ന ആ മേഖലയിലാണ് ഏറ്റവും വലിയ ആണാനകളുടെ കൂട്ടങ്ങൾ കാണാൻ സാധിക്കുക എന്ന് ധരിച്ചിരുന്നത് തിരുത്തിയത് ശ്രീലങ്കയിലെ വടക്ക് മധ്യപ്രവിശ്യയിൽ (North Central Province) ഗവേഷണം ആരംഭിച്ച സമയത്താണ്. ഇരുപത്തിരണ്ട് ആണാനകളെ വരെ ഒന്നിച്ച് കാണാൻ കഴിഞ്ഞു. ഇപ്പറഞ്ഞ മേഖലകളിലെല്ലാം തന്നെ ആനകളെ കൃത്യമായി മനസ്സിലാക്കുന്നതിന്റെയും വനം വകുപ്പിന്റെ സജീവപ്രവർത്തനങ്ങളിലൂടെയും ജനങ്ങളുടെ കൃത്യമായ സഹകരണത്തിലൂടെയും പ്രശ്നലഘൂകരണം ഒരു വലിയ പരിധി വരെ വിജയകരമായി നടക്കുന്നുണ്ട്.

ആണാനകൾ സംഘമായി ജനവാസമേഖലയിലൂടെ നീങ്ങുന്നു. ശ്രീലങ്കയിൽ നിന്നുള്ള ചിത്രം.

വ്യക്തിത്വസവിശേഷതകൾ

ആനകളിലെ വ്യക്തിത്വവിശേഷം സംഭവകഥകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വാമൊഴിയായി അറിഞ്ഞിട്ടുള്ളത് ഒരുപക്ഷെ മലയാളിസമൂഹമായിരിക്കും. എന്നിരുന്നാലും മുൻപ് സൂചിപ്പിച്ച പോലെ ഇത്തരം അനുഭവങ്ങളെയും സന്ദർഭങ്ങളെയും കോർത്തിണക്കി ആനകളെ കൂടുതൽ അറിയാൻ സാധിച്ചത് അല്ലെങ്കിൽ ശ്രമിച്ചത് മുൻകാല തലമുറകൾ മാത്രമാണ്. ഇന്നത് ഏതാണ്ട് അന്യം നിന്ന മട്ടാണ്. മാതംഗലീല പോലുള്ള ഒരു ശാസ്ത്രഗ്രന്ഥത്തെ കുറിച്ച് അറിഞ്ഞില്ലെങ്കിൽ കൂടി ഐതീഹ്യമാലയും അതിലെ ഗജനിരയുടെ ചരിത്രവും എന്തിനേറെ സാക്ഷാൽ ഗുരുവായൂർ കേശവനെയും കുറിച്ചറിയാത്തവർ വിരളമായിരിക്കും. ചലച്ചിത്രകാരൻ ഭരതൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഗുരുവായൂർ കേശവൻ എന്ന ചലച്ചിത്രമെങ്കിലും കുറഞ്ഞപക്ഷം ആളുകൾ കണ്ടിട്ടുണ്ടാവണം. ഗുരുവായൂർ കേശവന്റെയും വലിയ നാരായണന്റെയും ദേശമംഗലം ഗോപാലന്റെയും തളി നീലകണ്ഠന്റെയും മറ്റും സ്വഭാവരീതികളെ കുറിച്ച് ചെറുപ്രായത്തിൽ തന്നെ കേട്ട് തുടങ്ങിയതിനാലൊക്കെയാവണം ആനകളുടെ വ്യക്തിവൈശിഷ്ട്യങ്ങൾ (Individual personalities) വളരെ മുന്നേ തൊട്ട് തന്നെ എന്നെ ആകർഷിച്ചിരുന്നു. “കവളപ്പാറാനതൻ പാപ്പാൻമാരിൽ കവളൊട്ടിപ്പറ്റിയ കുഞ്ഞൻ പാപ്പാൻ” ഒക്കെ ആന എന്ന അനന്തസാഗരത്തെ അടുത്തറിയാൻ തുടങ്ങുന്നതിന് മുന്നേ തന്നെ കേട്ട് പതിഞ്ഞ ചരിതങ്ങളാണ്. അതിലെ കവളപ്പാറ ആന ഓരോ തവണ ആനക്കാരെ കാലപുരിക്കയക്കുമ്പോഴും നീറ്റിൽ ഇറങ്ങിയിരുന്നതായാണ് കഥകൾ. പുലകുളി എന്ന് ധാരണയായിരുന്നത് ഒരല്പം മാനവീകരണമാണെന്ന് (anthropomorphised) അന്ന് തന്നെ തോന്നിയിരുന്നെങ്കിൽ കൂടി ഇത് ശരിയാണെങ്കിൽ ഇത്തരത്തിലുള്ള ഒരു പ്രവണത ആന കാഴ്ചവെച്ചിരുന്നത് എന്ത് കൊണ്ട് എന്നൊരു ചിന്ത അന്നും ഉണ്ടായിരുന്നു.

അനന്തമജ്ഞാതമവർണ്ണനീയമെന്ന് തീർത്തും പറയാവുന്ന ഒന്നാണ് ഒരുപക്ഷെ ആനകളുടെ സ്വഭാവത്തിലെ സങ്കീർണ്ണതകൾ. അതിലെ വ്യക്തിഗതസ്വഭാവങ്ങൾ മനസ്സിലാക്കുന്നത് വെറും അക്കാദമിക് താല്പര്യങ്ങൾക്ക് മാത്രമല്ല, മറിച്ച് കാട്ടാനയുമായുള്ള ഇന്ന് കാണുന്ന പലതരം സംഘർഷാവസ്ഥകൾ ലഘൂകരിക്കുന്നതിനും നാട്ടാനകളിലെ ആനയിടച്ചിലുകൾ പരിഹരിക്കാനും ഒരു വലിയ പരിധി വരെ സഹായകമാകുമെന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ എല്ലാ ആനകളും കൃഷിയിടങ്ങളിലേക്ക് എത്താറില്ലെന്നും ചില ആനകൾ വിരളമായി വരാറുണ്ടെന്നും ചിലത് നിരന്തരം വന്നുകൊണ്ടിരിക്കുന്നുവെന്നും മറ്റും സമർത്ഥിച്ചിട്ടുണ്ട്. മേൽസൂചിപ്പിച്ചവണ്ണം ആനകളെയും അവയുടെ സ്വഭാവമാറ്റങ്ങളെയും ഇടവിടാതെ പഠനവിധേയമാക്കേണ്ടതിന്റെ കാര്യഗൗരവം ഇതിൽ നിന്ന് തന്നെ വ്യക്തം. എന്നാൽ ഇത്തരത്തിലുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൃഷിയിടങ്ങളിലേക്ക് നിരന്തരം വരുന്ന ആനകളെ പിടികൂടി കൂട്ടിലടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിലൂടെ പ്രശ്നപരിഹാരമാവില്ലേ എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. പ്രകൃതിയിൽ ശൂന്യത എന്നൊന്നില്ല എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഒരാനയെ ഒരിടത്ത് നിന്നും നീക്കം ചെയ്തുകഴിഞ്ഞാൽ അവിടെ മറ്റൊരാന വന്ന് വാസമാരംഭിച്ചിരിക്കും. കർണ്ണാടകയിലെ ഹാസ്സൻ മേഖലയിൽ നിന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് 70-ൽ പരം ആനകളെ പിടികൂടി കൂട്ടിലടയ്ക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. എന്നാൽ അവിടങ്ങളിലെല്ലാം പിന്നീടും ആനകളെ കണ്ട് പോരുന്നുണ്ട്. അത് ഇത്തരത്തിലുള്ള colonisationനെ തുടർന്നാണ്. ഇതേ വസ്തുത പുള്ളിപ്പുലികളിലെ പഠനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മുതിർന്ന പുള്ളിപ്പുലിയെ അകറ്റുന്ന മേഖലയിലേക്ക് മറ്റ് പുള്ളിപ്പുലികളും കാലതാമസമില്ലാതെ ചേക്കേറിപ്പാർക്കുമെന്ന് നിരീക്ഷണങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

അത് പോലെ നേരത്തെ സൂചിപ്പിച്ച cultural learning-ലൂടെ ആനകൾ പഠിച്ചെടുക്കുന്ന കാര്യങ്ങൾക്ക് പുറമെ അനുഭവത്തിൽ നിന്നും ഗ്രഹിക്കുന്ന കാര്യങ്ങൾ ആനകളിലെ ചില സ്വഭാവരീതികളെ നിർവചിക്കാറുണ്ട്. ഉദാഹരണത്തിന് ആനകൾക്ക് നേരെ അക്രമമുണ്ടായ മേഖലകളിൽ കൂടുതൽ ജാഗരൂകരാവാനും പ്രതികരണസജ്ജരാവാനും ഇടയുണ്ട്. തുടരെയുള്ള ഒച്ചയേറിയ പ്രതികരണസംവിധാനങ്ങളോടും മറ്റും ക്രമേണ പൊരുത്തപ്പെട്ട് (adapt) പ്രതികരിക്കാതിരിക്കുന്നതും അതിര് വിട്ട തുരത്തൽ നടപടികളോട് ഒരു പരിധി കവിഞ്ഞാൽ ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്നതുമെല്ലാം മേൽപ്പറഞ്ഞ രീതിയിൽ കാലാന്തരത്തിലുള്ള നിരീക്ഷണാടിസ്ഥാനത്തിൽ പഠിച്ചെടുക്കുന്നതാണ്. ചിലയിടങ്ങളിലെ ചില പ്രതിബന്ധങ്ങളെ കുറിച്ച് പോലും സൂക്ഷ്മമായി മനസ്സിലാക്കുന്നതിന്റെ ഒരുദാഹരണം ഒരിക്കൽ ശ്രദ്ധയിൽ പെടാനിടയായി. തോട്ടം മേഖലയിൽ നിന്നും തുരത്തുന്ന വേളയിൽ ദ്രുതഗതിയിൽ നീങ്ങുന്ന ആനകളുടെ കൂട്ടത്തിൽ മുൻപേ പോയിരുന്ന ആന ഒരിടമെത്തിയപ്പോൾ വേഗത കുറയ്ക്കുകയും, പതിയെ ഏകദേശം പത്ത് മീറ്ററോളം നടക്കുകയും ചെയ്ത ശേഷം ഓട്ടം വീണ്ടെടുക്കയും ചെയ്തു. ആനകൾ പോയ ശേഷം അവിടെ ചെന്ന് നോക്കിയപ്പോഴാണ് അവിടെ ഒരു സ്‌ളാബുള്ള കാര്യം ശ്രദ്ധിച്ചത്. അതിലെ സ്ഥിരമായി സഞ്ചരിക്കുന്ന ആനകൾക്ക് അങ്ങനെ ഒരു സംഗതി അവിടെയുണ്ടെന്നും അത് അത്രകണ്ട് ദൃഢമല്ലെന്നും നിശ്ചയമുണ്ടായിരുന്നിരിക്കണം.

ആനകളിലെ മദപ്പാടും സ്വഭാവമാറ്റങ്ങളും

പ്രഹർഷ ശീഖ്രതാ ഗന്ധോ
ഗതിർ ദേഹസ്യ കാന്തതാ
ക്രോധോ വീര്യമഭീരുത്വ
മഷ്‌ടൗ മദഗുണസ്മൃതഃ

മാതംഗലീല (9:6)

ഇങ്ങനെയാണ് മാതംഗലീലാകാരൻ മദകാലത്തെ വിവരിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ ആനകളിലെ ആണാനകളിൽ കണ്ട് വരുന്ന ശാരീരിക പ്രക്രിയയാണ് മദപ്പാട്. ആനകളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പതിന്മടങ്ങ് വർധിക്കുന്ന സാഹചര്യത്തിലാണ് മദാരംഭമുണ്ടാവുന്നത്. പ്രായപൂർത്തിയായ ആനകളിൽ ഈ ഹോർമോണിന്റെ പ്രവർത്തനം ലൈംഗീകചേഷ്ടകളുമായി ബന്ധപ്പെട്ട് നടക്കുമെങ്കിലും പൂർണ്ണമദാവസ്ഥയിലേക്ക് ഒരാന എത്തുന്നത് ഒരല്പം മുതിർന്ന പ്രായത്തിലാണ്. ബാല്യത്തിൽ ബാലമൊടയായും കൗമാരത്തിൽ മൊടയായും യൗവ്വനാരംഭം മുതൽ മദപ്പാടായും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെയും ആനകളിലെ മദപ്പാടിനെയും തരംതിരിക്കാവുന്നതാണ്.

മാതംഗലീലയുടെ മേൽസൂചിപ്പിച്ച ശ്ലോകത്തിന്റെ പൊരുളിതാണ്––അത്യധികമായ സന്തോഷം, വേഗത, മദജലഗന്ധം, അടങ്ങിയിരിക്കായ്ക, ശരീരത്തിന്റെ തെളിച്ചം/തിളക്കം, കോപം, ബലവർദ്ധനവ് കൊണ്ടുണ്ടാവുന്ന തേജസ്സ്, ഭയമില്ലായ്മ എന്നിങ്ങനെ എട്ട് ഗുണങ്ങൾ മദകാലവുമായി ബന്ധപ്പെട്ട് ആനകളിൽ കാണാവുന്നതാണ്. ആധുനിക ഗജശാസ്ത്രലോകം ആനകളിലെ മദപ്പാടിനെ വർണ്ണിക്കുമ്പോൾ എടുത്ത് പറയുന്ന ലക്ഷണങ്ങളാണ് ഇതെല്ലാം. ഇതിൽ സന്തോഷം എന്നത് ക്ലേശമില്ലാത്ത അവസ്ഥ, അല്ലെങ്കിൽ ആരോഗ്യാവസ്ഥയെ സൂചിപ്പിക്കുന്നാതായി അനുമാനിക്കാവുന്നതാണ്. കാരണം ആനകളിൽ, അല്ലെങ്കിൽ മൃഗങ്ങളിൽ സന്തോഷം എന്ന ഒരവസ്ഥയെ മനസ്സിലാക്കുകയും വിവരിക്കുകയും ഏറെക്കുറെ അസാധ്യമാണ്.

മദപ്പാടിലുള്ള രണ്ട് ആണാനകൾ ബലപരീക്ഷണത്തിനിടയിൽ (sparring)

മദകാലത്ത് ആനകൾ അകാരണമായി ക്രോധാകുലന്മാരാകുമെന്നത് ഒരു വലിയ പരിധി വരെ മിഥ്യാധാരണയാണ്. ആനകൾ മദകാലത്ത് അത്യധികം സഞ്ചരിക്കുന്ന പ്രകൃതക്കാരാണ്. വിശ്വവിഖ്യാതമായ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിൻ 1871-ൽ പ്രസിദ്ധീകരിച്ച “ദി ഡിസന്റ് ഓഫ് മാൻ” എന്ന പുസ്തകത്തിൽ മുൻപ് അദ്ദേഹം സൂചിപ്പിച്ച പ്രകൃതിനിർദ്ധാരണത്തിന് പുറമെ ലൈംഗീകപരമായ അല്ലെങ്കിൽ പ്രജനനവുമായി ബന്ധപ്പെട്ട വരണനിരാകരണങ്ങളെ (sexual selection) കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രതിഭാസം കൂടിയാണ് മദപ്പാട്. അതായത് ഇണയെ തിരഞ്ഞെടുക്കാനുള്ള മത്സരങ്ങളുടെ (mate competition) പശ്ചാത്തലത്തിൽ. ആയതിനാൽ ഇക്കാലയളവിൽ ആനകളിലെ മേധാവിത്വശ്രേണികൾ (dominance hierarchies) ചോദ്യം ചെയ്യപ്പെടുകയും അതിനായുള്ള സംഘർഷങ്ങൾ അരങ്ങേറുകയും ചെയ്യാറുണ്ട്. ഇതിൽ പലപ്പോഴും മേൽക്കോയ്മ സ്ഥാപിക്കുന്ന ആനകളിൽ നിന്നും രണ്ടാമത്തെ ആന സംഘർഷാനന്തരം ഓടിയൊഴിവാവുകയാണ് പതിവ്. ഇത് പോലുള്ള സന്ദർഭങ്ങളിൽ കലഹങ്ങളോടനുബന്ധിച്ച് ആനകൾ മരങ്ങളും മറ്റും തള്ളുകയും ശിഖരങ്ങൾ ഒടിച്ചിടുകയും മറ്റും ചെയ്യാറുണ്ട്. അത് പോലെ പിൻവാങ്ങുന്ന ആന മരങ്ങളിലും മറ്റും കുത്താറുള്ളതായും കാണാം. മറ്റുള്ള വസ്തുക്കളിലേക്ക് വഴി തിരിച്ച് വിടുന്ന ഇത്തരം ചേഷ്ടകൾ  redirected aggression എന്നാണ് അറിയപ്പെടുന്നത്.

ഈയടുത്തായി ഗവേഷണത്തിന്റെ ഭാഗമായി പിന്തുടർന്ന് കൊണ്ടിരിക്കുന്ന ഒരാന (മോഴയാന, കൊമ്പില്ലാത്ത ആണാന) വനമധ്യത്തിലൂടെ പോവുന്ന വാഹനങ്ങളെ യാതൊരു പ്രകോപനവും കൂടാതെ ഒരുനാൾ ആക്രമിക്കുന്നത് കാണാനിടയായി. കഴിഞ്ഞ എട്ട് മാസക്കാലത്തോളമായി ഈ ആനയെ നിരീക്ഷിച്ചതിൽ അത്തരത്തിൽ യാതൊരു സ്വഭാവവൈരുദ്ധ്യവും ഈ ആന പ്രകടമാക്കിയിട്ടുള്ളതായും ശ്രദ്ധയിൽ പെട്ടിട്ടില്ല. മാത്രമല്ല, മദപ്പാടിലായിരുന്ന ഈ ആനയെ തീവ്രമദക്കാലത്ത് ആഴ്ചകൾക്ക് മുന്നേ കാണുകയും അന്ന് വളരെ ശാന്തനായി ഒരു കൂട്ടത്തിലെ പിടിയാനകളെ പരിശോധിക്കുന്നതായും രേഖപ്പെടുത്തി വെച്ചിരുന്നു. പിന്നീട് ഈ ആന വനത്തിനകത്ത് നിന്ന് പുറത്തേക്ക് വന്ന വഴി തന്നെ അല്പസമയത്തിന് ശേഷം  വന്ന ഒരു സഫാരി ഡ്രൈവറാണ് ഈ ആന കാട്ടിനുള്ളിൽ ഒരു കൊമ്പനുമായി മല്ലിടുന്നത് കണ്ടിരുന്നതായി പറഞ്ഞത്. ഈ ആനയെക്കാൾ വലിപ്പമുള്ള, തീവ്രമദാവസ്ഥയിലായിരുന്ന ആ കൊമ്പന് നിസ്സംശയം മുൻതൂക്കമുണ്ടായിരുന്നു. അത്രയും സൂക്ഷ്‌മമായി കാര്യങ്ങൾ അവലോകനം ചെയ്തത് കൊണ്ട് അന്നുണ്ടായ സംഭവവികാസങ്ങളും അതിനുണ്ടായ സാഹചര്യവും മറ്റും വിശകലനം ചെയ്യാൻ സാധിച്ചു. എന്നാൽ മിക്കപ്പോഴും ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ മദപ്പാടിലുള്ള ആനകൾ ക്രുദ്ധരാവാറുണ്ടെന്ന generalisation ആണ് സംഭവിക്കാറുള്ളത്. അല്ലെങ്കിൽ ഒരുപക്ഷെ മോഴയാനകൾ പൊതുവിൽ ആക്രമണസ്വഭാവക്കാരാണെന്ന മിഥ്യാധാരണ ഊട്ടി ഉറപ്പിക്കപ്പെടും.

കാട്ടിൽ നിന്നും മറ്റൊരാനായുമായുള്ള ഇടപെടലിന് ശേഷം റോഡിലേക്ക് വന്ന ആന, മോട്ടോർസൈക്കിൾ യാത്രികനെ ഓടിക്കുന്നു.

കേരളപാരമ്പര്യത്തിൽ ഒട്ടുമിക്ക ആനകളെയും മദപ്പാട് കാലയളവിൽ കെട്ടിയിട്ട് സംരക്ഷിക്കുകയാണ് പതിവ്. മദക്കാലത്ത് നൈസ്സർഗികമായി അസാധാരണമായി സഞ്ചരിക്കാറുള്ള പതിവുണ്ട് ഒട്ടുമിക്ക ആനകൾക്കും. തങ്ങളുടെ കൂട്ടത്തിന് (natal herd) പുറത്ത് നിന്നും ഇണയെ തേടിയാണ് സഞ്ചാരങ്ങളിലേറെയും എന്നാണ് അനുമാനം. മദപ്പാട് കാലത്തെ ഇത്തരത്തിലുള്ള സൂക്ഷ്മമായ മാറ്റങ്ങളെ കുറിച്ച് ഇനിയും ആഴത്തിലുള്ള പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. അങ്ങനെ സഞ്ചരിക്കാറുള്ള ആനകളെ ദീർഘ കാലയളവ് ബന്ധനസ്ഥരാക്കുന്നതാണ് നാട്ടാനകൾ അകാരണമായി ക്ഷുഭിതരാവുന്നതിന്റെ ഒരു plausible വിശദീകരണം. നേരത്തെ സൂചിപ്പിച്ച മേധാവിത്വശ്രേണികളിലെ മാറ്റങ്ങളോടനുബന്ധിച്ചുള്ള സ്വഭാവമാറ്റങ്ങളും ഇതിനൊരു കാരണമാവാം. എന്തെന്നാൽ പരമ്പരാഗതമായി ആനകളെ പരിശീലിപ്പിക്കുന്ന രീതി ആനക്കാർ ആനകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നതിലൂടെയാണ്. ആനയ്ക്കും ആനക്കാരനുമിടയിലുള്ള സമവാക്യങ്ങളെല്ലാം ഈയൊരവസരത്തിൽ മാറിമറിഞ്ഞെന്നും വരാം. അങ്ങനെയുള്ള സന്ദർഭങ്ങളിലാണ് അപകടങ്ങളും മരണങ്ങളും സംഭവിക്കാറുള്ളതും. ഇതിനെകുറിച്ചെല്ലാം വിശദമായി ഈ പരമ്പരയിൽ നാട്ടാനകളെ കുറിച്ചുള്ള ലേഖനത്തിൽ പറയുന്നതായിരിക്കും. അത് പോലെ തന്നെ മദക്കാലയളവിൽ സാധാരണ നിലയ്ക്ക് ആനയെ കൈകാര്യം ചെയ്യുന്ന മലസർ, കാട്ടുനായ്ക്കർ, കുറുമ്പർ തുടങ്ങിയ ആദിവാസിവിഭാഗക്കാരുടെ ആനപരിപാലനമുറകളെക്കുറിച്ചും.

ആത്യന്തികമായി ഒരാനയും പ്രശ്നക്കാരല്ല, മറിച്ച് ഓരോ സന്ദർഭത്തിനനുസരിച്ച് പെരുമാറുന്ന രീതികൾ അപകടങ്ങളിലേക്ക് നയിക്കുന്നുവെന്ന് മാത്രം. Flight-Fright-Fight മെക്കാനിസം എന്ന് പറയാറുണ്ട് ജന്തുശാസ്ത്രത്തിൽ, മൃഗങ്ങളുടെ സ്വഭാവരീതികളെ കുറിച്ചുള്ള പഠനശാഖയിൽ (Animal Behaviour/Behavioural Ecology). അതാത് പരിതഃസ്ഥിതികൾക്കനുസരിച്ച് ഓരോ ജീവികളും എങ്ങനെ പെരുമാറുന്നു എന്നത് ആവാസവ്യവസ്ഥയിലും ഉദ്ദീപനങ്ങളിലും (stimulus) സംഭവിക്കുന്ന പലതരത്തിലുള്ള മാറ്റങ്ങൾക്കനുസൃതമായിട്ടാവും. ആനകളുടെ മാറുന്ന സ്വാഭാവിക ജീവിതരീതികളെ കുറിച്ചും അതെല്ലാം കാട്–നാട് ഭേദമന്യേ എങ്ങനെ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണെന്നും മറ്റും വരും ലക്കങ്ങളിൽ.
—-

(തുടരും)

Sreedhar Vijayakrishnan, PhD
Postdoctoral Research Associate,
Centre for Conservation and Research,
Tissamaharama, Sri Lanka

Member, IUCN SSC Asian Elephant Specialist Group

ചിത്രങ്ങൾ: ശ്രീധർ വിജയകൃഷ്ണൻ
No part of this article may be reproduced, transmitted or stored in a retrieval system, in any form or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the author since the entire copyright vest with the author

മുൻലക്കം ഇവിടെ വായിക്കുക:  ദ്യോവിനെ വിറപ്പിക്കുമാവിളി – ഭാഗം-1

Comments

comments