ദ്യോവിനെ വിറപ്പിക്കുമാവിളി – ഭാഗം: 3 – ഡോ. ശ്രീധർ വിജയകൃഷ്ണൻ

കൂച്ചു ചങ്ങല തന്നെ കാൽത്തൂണിൽ തളയ്ക്കട്ടേ
കൂർത്ത തോട്ടി ചാരട്ടേ കൃശ ഗാത്രനീപ്പാപ്പാൻ

~സഹ്യന്റെ മകൻ, വൈലോപ്പിള്ളി ശ്രീധരമേനോൻ (1944)

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലും സമൂഹത്തിലും ആനകൾക്ക് ഒഴിച്ച് കൂടാനാവാത്ത സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ രാജചിഹ്നത്തിൽ നിന്നും ഭേദഗതി വരുത്തി സ്വീകരിച്ച കേരളത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ഭീരി പിടിച്ച് (തുമ്പിക്കൈകൾ ഉയർത്തി) നിൽക്കുന്ന കൊമ്പനാനകളാണെന്നത് ആനകൾക്ക് നമ്മുടെ സമൂഹത്തിലുള്ള പ്രാമുഖ്യം എടുത്ത് കാണിക്കുന്നതാണ്. മറ്റേതൊരു മൃഗത്തിനെക്കാളും ആനകളെ ചുറ്റിപ്പറ്റിയാവും ഒരുപക്ഷെ മലയാളത്തിൽ ചൊല്ലുകളേറെയും. അജഗജാന്തരം, ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടരുത്, ആന വായിൽ അമ്പഴങ്ങ, അടി തെറ്റിയാൽ ആനയും വീഴും എന്ന് തുടങ്ങി വെള്ളാന എന്ന പ്രയോഗം വരെ മലയാളികൾക്കിടയിൽ നിത്യവും വരുന്ന വാമൊഴികളാണ്. എന്നാൽ ഈയൊരു ഇഴയടുപ്പം ആന എന്ന വന്യജീവിയോടുള്ളതിനേക്കാൾ നാട്ടാന എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാട്ടിൽ നിന്നും പിടികൂടി, പന്തികളിൽ ചട്ടം പഠിപ്പിച്ച് ഉത്സവവാശ്യങ്ങൾക്കും, തടിപിടിത്തത്തിനും മറ്റും ഉപയോഗിച്ച് പോരുന്നവരോടാണെന്നത് ഒരുപക്ഷെ അവിതർക്കിതമായി ഏറെക്കുറെ ഉറപ്പിച്ച് പറയാൻ സാധിക്കും. പതിനെട്ട്–പത്തൊൻപത്–ഇരുപത് നൂറ്റാണ്ടുകളിലായി ജീവിച്ച് പോന്നിരുന്ന കേരളത്തിലെ വിവിധ മേഖലകളിൽ പുകഴ്‌പെറ്റ രാജാക്കന്മാർ, വൈദ്യന്മാർ, വൈദികന്മാർ, താന്ത്രികർ, തുടങ്ങിയവരെ കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല അറിയാത്ത മലയാളികൾ വിരളമാവും. ഇങ്ങനെയുള്ള സമൂഹത്തിലെ ഉന്നതരുടെ കൂട്ടത്തിൽ എട്ട് വാള്യങ്ങളിലായി എട്ട് ഗജശ്രേഷ്ഠരും സ്ഥാനം പിടിച്ചത് അവരോടൊപ്പം തന്നെ ഈ ആനകൾക്കും സ്ഥാനം കൽപ്പിച്ച് കൊടുത്തത് കൊണ്ട് തന്നെയാണെന്ന് അനുമാനിക്കാവുന്നതാണ്. ഒരല്പം മാനവീകരണമൊഴിച്ചാൽ (anthropomorphism) കൊട്ടാരത്തിൽ ശങ്കുണ്ണിയും ഏകദേശം മുക്കാൽ നൂറ്റാണ്ടിനിപ്പുറം യശശ്ശരീരനായ കഥാകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും മറ്റും കേരളത്തിൽ ജീവിച്ചിരുന്ന ആനകളുടെ ചരിതങ്ങൾ രചിച്ചത് പോലെ ഇത്തരത്തിൽ ആഴത്തിൽ, വിശദമായി വ്യക്തിഗതാടിസ്ഥാനത്തിൽ മറ്റ്‌ മൃഗങ്ങളുടെ ജീവചരിത്രങ്ങൾ ലോകത്തെങ്ങും രേഖപ്പെടുത്തിയിട്ടുണ്ടാവാൻ വഴിയില്ലെന്ന് മാത്രമല്ല, മുൻലക്കങ്ങളിൽ സൂചിപ്പിച്ച പോലെ കേരളസമൂഹം ദശാബ്ദങ്ങൾക്ക് മുന്നേ തന്നെ ആന എന്ന ജീവിയിലെ വ്യക്തിവൈശിഷ്ട്യങ്ങൾ അംഗീകരിക്കുകയും പ്രകീർത്തിക്കുകയും ചെയ്തിരുന്നുവെന്നും വേണം കരുതാൻ. അതിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ് പുതൂർ ഉണ്ണികൃഷ്ണൻ രചിച്ച ഗുരുവായൂർ കേശവൻ എന്ന ജീവചരിത്രഗ്രന്ഥവും അദ്ദേഹത്തിന്റെ മൂലകഥയെ ആസ്പദമാക്കി 1977ൽ കേശവൻ ആനയുടെ ജീവിതം പ്രമേയമാക്കി മഞ്ഞിലാസിന്റെ ബാനറിൽ ഭരതൻ സംവിധാനം ചെയ്ത അതേ പേരിലുള്ള ചലച്ചിത്രവും.

ക്ഷേത്രാവശ്യങ്ങൾക്ക് ആനകളെ ഉപയോഗിച്ച് തുടങ്ങിയതിന്റെ കൃത്യം കാലഘട്ടം നിർണ്ണയിക്കുക ഒരല്പം സങ്കീർണ്ണമാണെന്നിരിക്കെ ചരിത്രഗ്രന്ഥങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ (ഉദാഹരണത്തിന് പതിനാറാം നൂറ്റാണ്ടിലെ, മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ അഷ്ടമിപ്രബന്ധത്തിലെ സൂചന) ഏകദേശം അഞ്ച് നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടെന്ന് കരുതാവുന്നതാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ആനകളെ ഭാരോദ്വഹനത്തിനായാണ് പ്രധാനമായും ഉപയോഗിച്ച് പോന്നിരുന്നത്. നൂറ്റാണ്ടുകൾക്ക് മുന്നേ യുദ്ധാവശ്യങ്ങൾക്കായി ആനകളെ ഉപയോഗിച്ചിരുന്നതായി രേഖകൾ കാണാം. ഈയൊരു കാലഘട്ടം മാറിയ ശേഷമാണ് ആനകളെ draught animals എന്ന ഗണത്തിൽപ്പെടുത്തി യാത്ര/ചരക്കുഗതാഗതം മുതലായവയ്‌ക്കായി വിനിയോഗിക്കാൻ തുടങ്ങിയത്. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഭീമൻ ക്ഷേത്രഗോപുരങ്ങളുടെ കല്ലുകളും ഏകശിലാസ്തംഭങ്ങളും (monoliths) നാഴികകളോളം താണ്ടി, ഉയരങ്ങളിലേക്ക് എത്തിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് അതിനെല്ലാം ആനകളെയാണ് ഉപയോഗിച്ചിരുന്നത് എന്ന് ഏറെക്കുറെ നിശ്ചിതമായി പ്രതിപാദിക്കാവുന്നതാണ്. അത് കൂടാതെ അവിടുത്തെ മഹാക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രഭാതത്തിലെ അഭിഷേകചടങ്ങുകൾക്കാവശ്യമായ ജലം അടുത്തുള്ള നദികളിൽ നിന്നും ആനപ്പുറത്താണ് കൊണ്ട് വന്നിരുന്നതും. ഇത് ഇന്നും ശ്രീരംഗം പോലെയുള്ള പല ക്ഷേത്രങ്ങളിലും തുടർന്ന് പോരുന്ന ചടങ്ങാണ്.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കേരളത്തിൽ ആനകൾ ആഡംബരത്തിന്റെയും പെരുമയുടെയും പ്രതീകങ്ങളായി ജന്മികളുടെയും രാജകുടുംബങ്ങളുടെയും മനകളും കൊട്ടാരങ്ങളും അലങ്കരിച്ചു പോന്നു. മുറ്റത്തൊരാന നിൽക്കുന്നത് ഒരന്തസ്സാണെന്ന ധാരണ മലയാളിസമൂഹത്തിൽ എത്രത്തോളം പ്രബലമായിരുന്നുവെന്ന് 1989 ലെ സത്യൻ അന്തിക്കാട് ചിത്രമായ മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടിമേനോൻ എന്ന കഥാപാത്രം തന്റെ മുറ്റത്ത് ആനപ്പിണ്ടവും ചങ്ങലയും കൊണ്ടിടുന്ന രംഗത്തിൽ ഭംഗിയായി എടുത്ത് കാണിക്കുന്നുണ്ട്.

ഇതിന്റെ മറ്റൊരു വശമാണ് ഐതിഹ്യമാലയുൾപ്പെടെയുള്ള ഗ്രന്ഥങ്ങളിൽ ഇത്തരത്തിൽ പ്രസിദ്ധരായ ആനകളെ കുറിച്ച് മാത്രം പരാമർശിക്കുന്നതും കൂപ്പുകളിലും മില്ലുകളിലും കാട്ടിലും മരങ്ങളോട് മല്ലിട്ട് കാലം കഴിച്ചിരുന്ന അനവധി ആനകളെ കുറിച്ച് ചരിത്രരേഖകളിലെങ്ങും പരാമർശമില്ലാത്തതും. ഈയടുത്ത കാലം വരെ കേരളത്തിൽ ഇതിന്റെ––ആനകളെ വിനിയോഗിക്കുന്ന പ്രവൃത്തികളുടെ––അടിസ്ഥാനത്തിൽ എഴുന്നെള്ളത്തുകളിൽ അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ആനകളായും പണിയാനകളായും വേർതിരിച്ച് പോന്നിരുന്നു. കാലാന്തരത്തിൽ ആനകളുടെ എണ്ണത്തിൽ വന്ന കുറവ് നിമിത്തം മരപ്പണിയ്ക്കായി ഉപയോഗിച്ച് പോന്നിരുന്ന ആനകളെ വരെ ഉത്സവവാശ്യങ്ങൾക്കായി അയക്കാൻ തുടങ്ങി. ഇത്തരം ആനകൾക്ക് തിരക്കും, ആൾക്കൂട്ടവും, വലിയ ശബ്ദവും മറ്റും അത്ര കണ്ട് പരിചയമില്ലാത്തതിനാൽ എളിയ പ്രകോപനം പോലും ആനയിടയലുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

കേരളത്തിലെ പരമ്പരാഗത ആനപ്പിടുത്തവും പരിശീലനവും

സംസ്ഥാനരൂപവൽക്കരണത്തിന് മുന്നേ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മേഖലകളിലായി ബ്രിട്ടീഷ് കാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിലും അതിന് പുറമെ പല നാട്ടുരാജാക്കന്മാരുടെ മേൽനോട്ടത്തിലും അനവധി ആനകളെ കേരളത്തിലെ സഹ്യനിരകളുടെ പല ഭാഗങ്ങളിൽ നിന്നുമായി പിടികൂടി പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലായി അനവധി ഗജഗ്രഹരീതികൾ നിലവിലുണ്ടായിരുന്നു. തെക്കേ ഇന്ത്യയിൽ പരക്കെ വാരീകർമ്മവും (വാരിക്കുഴി), വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലതിലും മേളാശിക്കാറും മറ്റും പ്രാബല്യത്തിൽ ഉണ്ടായിരുന്നു. ബംഗ്ളാദേശിലും മറ്റും വിജയകരമായി നടത്തിപ്പോന്നിരുന്ന ഖെദ്ദ രീതി 1800കളുടെ അവസാനപാദത്തിൽ തെക്കേ ഇന്ത്യയിലെ മൈസൂർ കാടുകളിൽ ജോർജ് സാൻഡേഴ്‌സന്റെ നേതൃത്വത്തിൽ ആരംഭിച്ചപ്പോഴും കേരളത്തിൽ വാരിക്കുഴി കുത്തി അതിൽ വീഴ്ത്തിയാണ് ആനകളെ പിടികൂടിയിരുന്നത്.

ഖെദ്ദ രീതിയിൽ ഏക്കറുകണക്കിന് വിസ്താരം വരുന്ന കൂടിന്റെ (stockade) ഉള്ളിലേക്ക് പരിചയസമ്പന്നരായ നായാട്ടുകാരുടെയും ആനക്കാരുടെയും താപ്പാനകളുടെയും സഹായത്തോടെ കാട്ടാനക്കൂട്ടങ്ങളെ ഓടിച്ച് കയറ്റി, അതിലേക്ക് താപ്പാനകളെയും കൊണ്ട് ആനക്കാർ പ്രവേശിച്ച് യോഗ്യരെന്ന് തോന്നുന്ന ആനകളെ തിരഞ്ഞെടുത്ത് അവയെ മാത്രം ബന്ധനസ്ഥരാക്കി മറ്റ് ആനകളെ തുറന്ന് വിടുകയുമായിരുന്നു പതിവ്. മേളാശിക്കാറിൽ ഓടുന്ന കാട്ടാനയെ താപ്പാനപ്പുറത്ത് പിന്തുടർന്ന് വലിയ വടം കൊണ്ട് കുടുക്കിട്ട് പിടിക്കുകയായിരുന്നു ചെയ്തിരുന്നത്.

ആനപ്പിടുത്തങ്ങൾ കൂടുതലായി നടന്നിരുന്ന മേഖലകളെ കേന്ദ്രീകരിച്ച് കേരളത്തിൽ പ്രധാനമായി നിലമ്പൂർ, വയനാട്, പറമ്പിക്കുളം, കോടനാട്, കോന്നി-അച്ചൻകോവിൽ, എന്നിവിടങ്ങളിലായാണ് ആനപ്പിടുത്ത-പരിശീലനകേന്ദ്രങ്ങൾ നിലനിന്നിരുന്നത്. ഇതിൽ നിലമ്പൂരിലെയും പറമ്പിക്കുളത്തെയും പന്തികൾ ഇന്നും അവശേഷിക്കുന്നുണ്ടെങ്കിലും ആനകൾ മറ്റിടങ്ങളിൽ മാത്രമേ ഉള്ളൂ. കാട്ടുനായ്ക്കർ, പണിയർ, മലസർ, കാടർ വിഭാഗത്തിൽപെട്ടവരാണ് കൂടുതലായും ഈ പ്രവൃത്തികളിൽ അന്ന് ഏർപ്പെട്ടിരുന്നത്. പരിശീലനം സിദ്ധിച്ച ആനകളെ ലേലം ചെയ്തും മറ്റും കച്ചവടം നടത്തി നാട്ടിലേക്ക് കൊണ്ട് വന്നു കഴിഞ്ഞാൽ പരിചയസമ്പന്നരായ മുതിർന്ന ആനക്കാരായിരുന്നു ചുമതല ഏറ്റിരുന്നത്.

വാരീകർമ്മം: വാരിക്കുഴിയിൽ വീണ ആനക്കുട്ടിയെ താപ്പാനകളുടെ സഹായത്തോടെ കരയ്ക്ക് കേറ്റുന്നു. നിലമ്പൂർ കാടുകളിൽ നിന്നുമുള്ള ചിത്രം. നിലമ്പൂർ കോവിലകം രേഖകളിൽ നിന്നുള്ളത്

ആനകളുടെ പരിശീലനം പ്രധാനമായും അവയുടെ മേൽ ആനക്കാർ അഥവാ പാപ്പാന്മാർ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് (dominance establishment) കാലങ്ങളായി അനുവർത്തിച്ച് പോരുന്നത്. ഇത് പരമ്പരാഗത രീതികളിൽ അഭിലഷണീയമായ (desirable behaviour) സ്വഭാവപ്രകടനങ്ങളെ പാരിതോഷികങ്ങളിലൂടെയും (കരിമ്പ്, ശർക്കര, തുടങ്ങിയ മധുരപദാർത്ഥങ്ങൾ) അനഭിലഷണീയമായ അല്ലെങ്കിൽ അനഭികാമ്യമായ (undesirable behaviour) സ്വഭാവമാറ്റങ്ങളെ ശാസനയിലൂടെയും ലളിതമായ ശിക്ഷാരീതികളിലൂടെയും ദൃഢീകരിക്കുന്നത് വഴിയാണ് നടത്തിയിരുന്നത്. അതിര് കവിഞ്ഞുള്ള ശിക്ഷാനടപടികൾക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ല; എന്തെന്നാൽ വനവ്യഥയനുഭവിക്കുന്ന ആനയുടെ മാനസിക-ശാരീരിക ക്ലേശങ്ങളെ ലഘൂകരിച്ച് പുതിയ പരിതഃസ്ഥിതികളുമായി പൊരുത്തപ്പെടാനും വിശ്വാസ്യത കൈവരുവാനും സഹായിക്കുകയായിരുന്നു അക്കാലത്തെ പ്രഥമലക്ഷ്യം. സൈദ്ധാന്തിക ശിക്ഷണങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിൽ കൂടി ഈ പ്രവൃത്തികളിൽ ഏർപ്പെട്ടു പോന്നിരുന്ന ഗോത്ര വർഗ്ഗക്കാർക്കും നാട്ടിലെ മറ്റ് മുതിർന്ന ആനക്കാർക്കും ആനയുടെ മനസ്സറിയാനും അതിനനുസൃതമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നതും സംഘർഷാവസ്ഥകൾ പരമാവധി ഒഴിവാക്കാനുതകിയിരുന്നു. ശിക്ഷാനടപടികൾക്കും ക്രൂരതകൾക്കും ഇടയിലുള്ള നേർത്ത, അദൃശ്യരേഖ തിരിച്ചറിയൽ ആനപ്പണിയിൽ അതിനാൽ തന്നെ സുപ്രധാനമാണ്. അതിരുകവിഞ്ഞ ഭേദ്യം ആനകളുടെ മനസ്സ് തകരാനും അത് വഴി മനുഷ്യവർഗ്ഗത്തോടുള്ള വിശ്വാസം പാടെ നഷ്ടപ്പെടാനും ക്രമേണ ആക്രമണവാസനയുൾപ്പെടെയുള്ള സ്വഭാവവൈരുധ്യങ്ങളിലേക്കും നയിക്കും. പഴമക്കാർക്കിടയിൽ ഇക്കാരണത്താൽ നിലനിൽക്കുന്ന ഒരു ചൊല്ലാണ് ആനപ്പണിയിൽ ആവശ്യം വിവേകമാണ്, വികാരമല്ല എന്നത്.

കുഴിയിൽ നിന്നും കയറ്റി കൂട്ടിലടക്കപ്പെട്ട ആനകൾ ക്രുദ്ധാകുലരായി സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. കൂടിന്റെ അഴികളിൽ മസ്തകം കൊണ്ടും തുമ്പിക്കൈ കൊണ്ടും കൊമ്പനാനകൾ കൊമ്പ് കൊണ്ടും ആഞ്ഞിടിച്ച് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇതിന്റെ തോത് ഒരല്പം ശമിക്കുന്നതോട് കൂടിയാണ് പരിശീലകൻ ആനയോട് സംവദിക്കാനും മധുരപദാർത്ഥങ്ങൾ നൽകാനും ആരംഭിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഈ വ്യക്തി തനിക്കൊരു അപായകാരിയല്ലെന്ന തിരിച്ചറിവ് ആനയെ കൂടുതൽ ലളിതമായി പ്രതികരിക്കാൻ ഇടയാക്കുന്നു. രണ്ടോ മൂന്നോ ആഴ്ച്ചയോടെ ആന അഴികൾക്കിടയിലൂടെ തുമ്പിക്കൈയിലോ വായിലോ ഭക്ഷണം വാങ്ങാനും കൂടി നിൽക്കാനും (കൂടിനോട് അണഞ്ഞ് നിൽക്കാൻ; മുറിവിലും ചതവിലും മരുന്നുകൾ വെക്കാൻ പാകത്തിന്) മറ്റും ആനക്കാരൻ നൽകുന്ന ആജ്ഞകളോട് (ആനഭാഷകൾ) ക്രിയാത്മകമായി പ്രതികരിച്ച് തുടങ്ങുന്നു. ഇതിന് ശേഷം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരു ഇടക്കഴയുടെ (കൂടിനകത്ത് ആന നിൽക്കുന്ന വശത്തേയും മറുവശത്തേയും വേർതിരിക്കുന്ന മരക്കഴകൾ) സുരക്ഷിതത്വത്തിൽ ആനക്കാരൻ കൂടിനകത്ത് കടന്ന് ഇടം-വലം തൊട്ട് ഓരോന്നായി ആനയെ പഠിപ്പിക്കുകയും ആനയുടെ വിശ്വാസ്യത പൂർണ്ണമായി നേടിയ ശേഷം ഇടക്കഴയഴിച്ച് ആനയെ നിയന്ത്രിക്കുകയും ആനയുടെ സംശയവും വെപ്രാളവും മാറിയ ശേഷം മുകളിൽ കയറുകയും മറ്റും ചെയ്യുന്നതോടെ പരിശീലനം നല്ല രീതിയിൽ പുരോഗമിച്ച് ആനയ്ക്ക് കൂടിന്റെ കനത്ത ബന്ധനത്തിൽ നിന്നും മോചനവും ലഭിക്കുന്നു. പരമ്പരാഗത രീതികളിൽ ഇങ്ങനെ പരിശീലിപ്പിച്ച് പുറത്തിറങ്ങുന്ന ആനകളിൽ മുറിവുകളും ചതവുകളും നന്നേ വിരളമാവും. ആന ആനക്കാരനെ പൂർണ്ണമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭക്ഷണമെടുക്കുന്നതും സാധാരണ നിലയിലാവുന്നതിനാൽ ശരീരവും ക്രമാതീതമായി കുറയാറില്ല.

കുഴിയിൽ നിന്ന് വീണ ആനയെ യഥാവിധി ബന്ധിച്ച് താപ്പാനകളുടെ അകമ്പടിയോടെ പന്തിയിലേക്ക് കൊണ്ട് പോവുന്ന കാഴ്ച്ച. ആനമലക്കാടുകളിൽ നിന്നും. കടപ്പാട്: രോഹിത്ത് കാലിംഗരായർ

പരമ്പരാഗത പ്രവൃത്തിക്കാരുടെ ഈ രീതികൾ നിർഭാഗ്യവശാൽ കൃത്യമായി എവിടെയും രേഖപ്പെടുത്താതെ പോയത് നിമിത്തം കേരളത്തിൽ നിലനിന്നുപോന്നിരുന്ന ആനപരിശീലനവൈദഗ്ധ്യം ഏറെക്കുറെ കൈമോശം വന്ന അവസ്ഥയിലാണ്. അയൽസംസ്ഥാനങ്ങളിലെ വനംവകുപ്പുകൾ ഈ പ്രവൃത്തികൾ ചെയ്ത് പോരുന്ന ആദിവാസിവിഭാഗക്കാരെ അതെ പ്രവൃത്തിയിൽ തുടരാൻ അനുവദിച്ചതും അവരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചതും ഒരു വലിയ പരിധി വരെ ഇതൊക്കെ നിലനിർത്തി പോരാൻ ഉതകിയിട്ടുണ്ടെങ്കിൽ കൂടി കഴിഞ്ഞ തലമുറകളിലെ അറിവുകളുടെ ഒരു ശതമാനം അവിടെയും നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആനകളെ പിടികൂടി കൂട്ടിലടയ്ക്കാൻ വിധിക്കുമ്പോൾ ബന്ധനസ്ഥരാക്കിയ ശേഷം അവരുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ട ഇത്തരം വൈദഗ്ധ്യം സിദ്ധിച്ചവരുടെ അഭാവം മനസ്സിരുത്തി ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. ഈയടുത്ത കാലത്തായി കേരളത്തിൽ പിടികൂടിയ ആനകളിൽ ഒട്ടുമിക്കതിനെയും പരിശീലിപ്പിച്ച് പന്തികളിൽ നിന്നും പുറത്തിറക്കിയത് മലസർ വിഭാഗത്തിൽപ്പെട്ട തമിഴ്‌നാട്ടിലെ ആനമലക്കാടുകളിൽ നിന്നുള്ളവരാണ്.

കേരളത്തിലെ ആനപ്പണി ഇന്ന്

മേൽപ്പറഞ്ഞ വസ്തുതകളിൽ നിന്നെല്ലാം വ്യത്യസ്തമായി ആനകളെ മുണ്ടലക്കുന്ന പോലെ തല്ലണമെന്ന് ധരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉള്ളതാണ് കേരളത്തിലെ ആനപ്പാവ് സമീപകാലത്തായി അധഃപതിക്കാനുണ്ടായ മൂലകാരണമെന്ന് ഏറെക്കുറെ അനുമാനിക്കാവുന്നതാണ്. ആനയോട് മാനസികമായി അടുത്ത് ആനയുടെ കാര്യങ്ങൾ ഓരോ ചെറിയ സ്വഭാവ-പെരുമാറ്റ വ്യത്യാസങ്ങളിലൂടെയും മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുന്നയാളാവണം ഒരു ചട്ടക്കാരൻ. അകാരണമായി മർദ്ദിക്കുന്നതിന് അവിടെ ഒരു സ്ഥാനവുമില്ല. പരമ്പരാഗത തൊഴിൽക്കാരിൽ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചൊല്ലാണ് നൂറ് പറഞ്ഞ് ആറോങ്ങി ഒരടി എന്നത്––അതായത്, ഒരു പ്രവൃത്തി ആനയെക്കൊണ്ട് ചെയ്യിപ്പിക്കാൻ നൂറുവട്ടം പറഞ്ഞ് അനുസരിക്കാതിരുന്നാൽ ആറുവട്ടം അടിക്കാനോങ്ങിക്കൊണ്ട് ആവർത്തിക്കുക. അതും പാലിച്ചില്ലെങ്കിൽ മാത്രം ഒരടി എന്നത്. ഉറച്ച ശബ്ദത്തോട് കൂടിയുള്ള ഒരു വിലക്ക് പോലും ആനകളെ ഒരു കാര്യത്തിൽ നിന്നും പിന്തിരിപ്പിക്കും എന്ന പൂർണ്ണ ബോധ്യം അന്നത്തെ ആനക്കാർക്കുണ്ടായിരുന്നു. ഇന്നത് നേരെ വിപരീതമായി. അടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള സമയവും സാവകാശവും പോലും ആനയ്ക്ക് നൽകാത്തതിനാൽ ആനയ്ക്ക് ഒരാളോടും വിശ്വാസമില്ലാതാവുന്നു. മുൻലക്കത്തിൽ സൂചിപ്പിച്ച Flight-Fright-Fight mechanism തന്നെ ഏകദേശം ഈയൊരു സന്ദർഭത്തിലും പ്രസക്തമാവുന്നു. ആദ്യമൊക്കെ ഭയം പ്രകടമാക്കുന്ന ആനയ്ക്ക് റബ്ബർ ബാൻഡിന്റെ ഇലാസ്തികത ഇല്ലാതാവുന്ന പോലെ ക്ഷമയുടെ നെല്ലിപ്പലക കടക്കുന്ന ഘട്ടത്തിൽ ആക്രമണം മാത്രമാവുന്നു ഏകപ്രതിരോധം. അതോടെ ആന ആളെക്കൊല്ലിയാവുന്നു, വഴക്കാളിയാവുന്നു, കൂടുതൽ പീഡനങ്ങൾക്ക് വിധേയനാവുന്നു, വീണ്ടും സ്വഭാവദൂഷ്യങ്ങൾക്കിട വരുന്നു, ക്രമേണ ഇഹലോകവാസം വെടിയുന്നു. എന്നാൽ ആനയുടെ മനസ്സ് എത്ര കണ്ട് സങ്കീർണ്ണമാണെന്നും അതിലെ ഓരോ പ്രതികരണങ്ങൾക്കും ഒരു മൂലകാരണം അല്ലെങ്കിൽ പ്രേരകശക്തി (trigger) ഉണ്ടാവുമെന്നും തിരിച്ചറിഞ്ഞ് അതാത് സന്ദർഭങ്ങളിൽ വിവേകപരമായുള്ള പ്രവർത്തനമാണ് ഒരാനക്കാരന് ആവശ്യം. ഇതിനർത്ഥം ആനകളെ തല്ലാൻ പാടില്ലെന്നോ ആനകളുടെ രീതികൾ കണ്ടില്ലെന്ന് നടിക്കണമെന്നോ അല്ലെന്ന് തിരിച്ചറിയുക കൂടി വേണം. “എന്റെ ആന അങ്ങനെ ഒരു സന്ദർഭത്തിൽ അങ്ങനെയേ ചെയ്യൂ, അവിടെ പത്തെണ്ണം കൊടുക്കുകയല്ലാതെ വേറെന്ത് മാർഗം” എന്ന് ചോദിക്കുന്നതിന് മുന്നേ അത്തരം സന്ദർഭത്തിലേക്ക് ആനയ്ക്ക് ആനക്കാരനെയും ആനക്കാരന് ആനയെയും പൂർണ്ണവിശ്വാസം കൈവരുന്നത് വരെ ആനയെ കൊണ്ട് പോവാതിരിക്കുന്നതാണ് മേൽപ്പറഞ്ഞ വിവേകം എന്ന് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. വ്യാവസായികതാല്പര്യങ്ങൾക്ക് മുൻഗണന കൊടുത്ത് സാഹസങ്ങളിലേക്കും അപായസാധ്യതകളിലേക്കും എടുത്ത് ചാടുമ്പോൾ കളി ഏത് വഴിക്ക് തിരിഞ്ഞാലും ജീവഹാനിയാണ്––ആനയുടെയോ ആനക്കാരന്റെയോ––ഫലമെന്നറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിച്ചേ മതിയാവൂ.

പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള മുതിർന്ന ആനക്കാരുടെ കൂടെ മൂന്നാമനായും പിന്നീട് രണ്ടാമനായും കാലക്രമേണ ചുമതലക്കാരനായും പരിണമിച്ചിരുന്ന പാപ്പാൻ പരിശീലനം ഇന്ന് വനം-വന്യജീവി വകുപ്പ് വർഷാവർഷം നൽകുന്ന ത്രിദിനശില്പശാലയിലേക്കൊതുങ്ങി. വകുപ്പ് അനുവദിച്ച് നൽകുന്ന ലൈസൻസ് കൈവശമുള്ള ഏതൊരാൾക്കും ആനയെ കൊണ്ട് നടക്കാം. അതിനെ ആനയെ അറിയണം എന്ന് പോലുമില്ലെന്നുള്ളത് സങ്കടകരമായ വസ്തുത. ഈയിടയ്ക്ക് ഒരാനക്കാരൻ മറ്റൊരു ആനക്കാരൻ പണി നിർത്തി പോയതിന്റെ കാരണം പറഞ്ഞതാണ് എന്നെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്തത്––അയാൾക്ക് എപ്പോഴും (എഴുന്നെള്ളിക്കുമ്പോൾ) ആനയുടെ കൊമ്പിൽ പിടിക്കണമത്രേ; ഇത് ആനയെ അടുത്തറിഞ്ഞ് ചട്ടമായ ശേഷം പോരെ എന്ന ചോദ്യം കേൾക്കാനുള്ള ക്ഷമയൊന്നും കക്ഷിക്കുണ്ടായില്ലത്രേ.

ജോർജ് സാൻഡേഴ്‌സന്റെ നേതൃത്വത്തിലുള്ള ഖെദ്ദ ചിത്രകാരന്റെ ഭാവനയിൽ. ഖെദ്ദ വീക്ഷിക്കുന്നത് സാൻഡേഴ്സൺ, പ്രിൻസ് ആൽബർട്ട് വിക്ടർ, അന്നത്തെ മൈസൂർ മഹാരാജാവ്. 1890ലെ ഛായാചിത്രം. കടപ്പാട്: വിക്കിമീഡിയ കോമൺസ്

1970കളുടെ അവസാനത്തോടെ വലിയ തോതിൽ ആനകൾ കേരളത്തിന്റെ വടക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ തുടങ്ങി. ഇത് ഏകദേശം രണ്ടായിരങ്ങളുടെ ആദ്യത്തോടെ അതിന്റെ പാരമ്യത്തിലെത്തി, കേരളത്തിൽ എഴുനൂറില്പരം ആനകളായ ഒരു സാഹചര്യമുണ്ടായിരുന്നു. 1996ലെ ഗോദവർമ്മൻ കേസിന്റെ [WP(C) 202/1995] വിധിയോട് കൂടി വടക്കുകിഴക്കൻ സംസ്ഥാനത്തിൽ മരംമുറിക്ക് നിരോധനമേർപ്പെടുത്തിയപ്പോൾ “ജോലി നഷ്ടപ്പെട്ട” അനവധി ആനകളും ക്രമേണ കേരളത്തിലേക്ക് കൊണ്ട് വരപ്പെട്ടു. ആനകളുടെ എണ്ണത്തിലെ വർദ്ധനവ് ആനക്കാരുടെ ആവശ്യകത കൂട്ടി. അങ്ങനെ മറ്റ് പല പ്രവൃത്തികളിലും ഏർപ്പെട്ടിരുന്നവർ ആനപ്പണിയിലേക്ക് തിരിയുന്ന സാഹചര്യവുമുണ്ടായി. പ്രതിഭാധനരായ ആനക്കാരുടെ കൂടെ നടന്ന് ആനപ്പാവിന്റെ രീതികളും ശൈലികളും കുറഞ്ഞപക്ഷം ആന എന്ന സങ്കീർണ്ണതകൾ നിറഞ്ഞ ജീവനെ കുറിച്ചെങ്കിലും മനസ്സിലാക്കാൻ പക്ഷെ ഇതിൽ ഏറിയ പങ്കിനും ക്ഷമയുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ കഴിഞ്ഞ ഏകദേശം ഒന്നര പതിറ്റാണ്ടിനിടയ്ക്ക് രോഗബാധിതരായും പരിചരണക്കുറവോ ഭേദ്യമോ കാരണവും അകാലത്തിൽ അനവധി ആനകൾ ചെരിഞ്ഞതിനാലും ആദ്യകാലങ്ങളിൽ നാട്ടിലേക്ക് എത്തിയ ആനകൾ ആയുസ്സെത്തി മരണപ്പെട്ടതിനാലും ആനകളുടെ എണ്ണം നാല്പത് ശതമാനത്തോളം കുറഞ്ഞ്, ഇന്നിപ്പോ 390ഓളമായി ചുരുങ്ങി. എന്നാൽ എഴുനൂറില്പരം ആനകൾ ഉണ്ടായിരുന്ന സമയത്ത് എണ്ണം വർദ്ധിപ്പിച്ച പല ആഘോഷങ്ങൾക്കും ആ എണ്ണം കാലാനുസൃതമായി കുറയ്ക്കാത്തതിനാൽ ആനകൾക്ക് ആവശ്യക്കാരേറി. നിലവിലുള്ള എഴുന്നെള്ളിപ്പാനകൾക്കും പണിയാനകൾക്കുമെല്ലാം അതോടെ തിരക്കേറുകയും തന്മൂലം സമ്മർദ്ദം കൂടുകയും ചെയ്തു. പരിപാലനത്തിൽ വീഴ്ചകൾ കണ്ട് തുടങ്ങിയ കേരളത്തിലെ ആനപരിചരണമേഖലയെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. ആനകൾക്കുള്ള സമ്മർദ്ദം പരിഹരിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നും വീണ്ടും കേരളത്തിലേക്ക് ആനകളെ കൊണ്ട് വരണമെന്ന് മുറവിളി കൂട്ടുന്ന അഭിനവആനപ്രേമികൾ പക്ഷെ പരിചയസമ്പന്നരായ ആനക്കാരുടെ അഭാവം കണ്ടില്ലെന്ന് നടിക്കുന്നു. 80കളിലും 90കളിലും വന്നിരുന്ന ആനകളെ പക്വതയോടെ, ക്ഷമയോടെ ഭാഷ പഠിപ്പിച്ച് കേരളത്തിലെ രീതിയിലേക്ക് മാറ്റിയെടുക്കുവാൻ അന്നത്തെ മുതിർന്ന ആനക്കാർക്ക് സാധിച്ചിരുന്നു. ഇത്തരത്തിലുള്ള പരിചയസമ്പന്നരുടെ ന്യൂനത കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയ്ക്ക് അനവധി ആനകളുടെ ആയുസ്സെടുത്തു. എല്ലാ പരിശീലനവും സിദ്ധിച്ച ഗുരുവായൂർ അർജ്ജുനൻ, കളരിക്കാവ് പ്രകാശ് ശങ്കർ (നാണു എഴുത്തശ്ശൻ ശങ്കരനാരായണൻ), തൃപ്പൂണിത്തുറ ശ്രീഹരി, അമ്പലപ്പുഴ വിജയകൃഷ്ണൻ, തുടങ്ങി നല്ല പ്രായത്തിലുള്ള അരോഗദൃഢഗാത്രരായ കുറെ ആനകളാണ് പൊടുന്നനെ ഇല്ലാതായത്. അപ്പൊ പരിശീലനമില്ലാത്ത ആനകളെ “വരുതിയിലാക്കേണ്ടി” വരുമ്പോഴത്തെ അവസ്ഥ പ്രവചനാതീതം. എരണ്ടക്കെട്ട് എന്ന ശാരീരികാവസ്ഥ (impaction; ആനകളിൽ പിണ്ഡം യഥാവിധി വിസർജിക്കാൻ കഴിയാതാവുന്ന അവസ്ഥ) എണ്ണിയാൽ തീരാത്തത്ര ആനകളെ അപകടകരമാംവിധം കാലപുരിക്കയച്ചതും മേൽപ്പറഞ്ഞ ആനപ്രേമിവിഭാഗത്തിന് പ്രശ്നമായി തോന്നാതിരിക്കുന്നതും ഓരോ ആനകളുടെ “ഫാൻസ്‌ ഗ്രൂപ്പുകളുടെ” യുദ്ധകാഹളങ്ങൾ കാണുമ്പോഴും ഇതിൽ മൃഗസ്നേഹം എന്നൊന്നില്ലെന്നും വെറും adrenaline rush മാത്രമാണെന്നും ആനകൾ ഇല്ലാതായാൽ മറ്റൊന്നിനെ കുറിച്ച് മത്സരിച്ച്, കലഹിച്ച് നാൾ കഴിക്കുമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കാച്ചാംകുറിച്ചി കേശവൻ ആനയും ആനക്കാരും. താഴെ നിൽക്കുന്ന ആനക്കാരന്റെ കൈവശം വടിയും, മുകളിലിരിക്കുന്ന ആനക്കാരൻ വശം തോട്ടിയും വടിയും കാണാവുന്നതാണ്. കടപ്പാട്: മണ്മറഞ്ഞ ഗജകേസരികൾ ഗ്രൂപ്പ്

2003ൽ നാട്ടാനപരിപാലനച്ചട്ടം നിലവിൽ വന്നപ്പോൾ ആനകളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കാനുതകുന്ന മാർഗമെന്ന നിലയ്ക്കാണ് ആനകളെ ലോറികളിൽ കൊണ്ട് പോവുന്നതിന് ഊന്നൽ നൽകിയത്. രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം സംശയലേശമന്യേ പറയാം, ലോറിയാത്ര ആനകളുടെ ശാരീരികാവസ്ഥയെയും ആരോഗ്യത്തെയും ആയുസ്സിനെയും സാരമായി ബാധിച്ച് തുടങ്ങിയിരിക്കുന്നുവെന്നത്. പാലക്കാട്ട് നിന്ന് കൊല്ലത്തേക്കും, അവിടുന്ന് മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് എറണാകുളത്തേക്കും കോഴിക്കോട്ടേക്കുമെല്ലാം KSRTC സൂപ്പർഫാസ്റ്റ് കണക്കെ റൂട്ട് ഷട്ടിലുകൾ ആനകളെയും കൊണ്ട് നടത്തുമ്പോൾ വാഹനയാത്രാസമയം മുഴുവൻ ഉൾഭയത്തോടെ, നേരാംവണ്ണം ശ്വാസം വിടാതെയാണ് ആനകൾ സഞ്ചരിക്കുന്നതെന്ന് ഓർക്കുന്നത് നല്ലതാണ്. ഇങ്ങനെ യാത്ര ചെയ്ത് വരുന്ന ആനയെ വണ്ടിയിൽ നിന്നിറങ്ങിയാൽ ഉടനെ തണുപ്പിക്കുകയും വെള്ളം കൊടുക്കുകയും നാരോട് കൂടിയ പനംകൈ കൊടുക്കുകയും ചെയ്യുന്നതിന്റെ അപകടം മനസ്സിലാക്കാൻ ഇന്നത്തെ പല ആനക്കാർക്കും സാധിക്കാതിരിക്കുന്നത് സങ്കടകരം തന്നെയാണ്.

ആനയുടെ ആരോഗ്യകാര്യങ്ങളിൽ മാത്രമല്ല, അവനവന്റെയും നാട്ടുകാരുടെയും ജീവനും ആരോഗ്യവും തന്റെ കൈയിലാണെന്ന പൂർണ്ണബോധ്യമുണ്ടാവണം ഒരു ആനക്കാരന്. ഇന്ന് പലരും ആനയെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ അത്തരത്തിലുള്ള യാതൊരു ചിന്തയുമില്ലെന്ന് തോന്നാറുണ്ട്. തോട്ടി, വടി, വലിയ കോൽ എന്നിവയാണ് ആനപ്പണിയിലെ പ്രധാന ഉപകരണങ്ങൾ. തീറ്റ വെട്ടാനും മറ്റുമായി കത്തി കൂടിയുണ്ടാവും. ഇതിൽ തോട്ടിയുടെ പ്രയോഗമെന്ന് പറയുന്നത് അടിയന്തിരഘട്ടങ്ങളിലാണ് ശാസ്ത്രപ്രകാരം. അതായത് പ്രതിരോധിക്കാനിട നൽകാത്ത വേഗതയിലോ രീതിയിലോ ആന ആക്രമണസ്വഭാവം പ്രകടിപ്പിക്കുകയോ സഹപ്രവർത്തകന്റെയോ മറ്റൊരാളിന്റേയോ ജീവനെടുക്കാൻ ആന തുനിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ എന്ന് വേണമെങ്കിൽ പറയാം. മുകളിൽ ആനക്കാരൻ ഇരിക്കുന്നുണ്ടെങ്കിൽ അയാളുടെ വശമാണ് തോട്ടി അഭികാമ്യം; മുകളിൽ നിന്നും പ്രതിരോധിച്ച് ആനയെ ഒഴിച്ച് മാറ്റാൻ കഴിയുന്നത് കൊണ്ട് തന്നെ. മുകളിൽ ആളില്ലാത്ത ഘട്ടത്തിൽ താഴെയാണ് ആനക്കാരെല്ലാവരും എന്നുണ്ടെങ്കിൽ ആനയുടെ മെയ്‌ക്കിറങ്ങി നടക്കുന്ന ആനക്കാരൻ വശം വേണം തോട്ടി ഉണ്ടാവാൻ. മുന്നിലേക്കോ വശത്തേക്കോ ഉള്ള ആനയുടെ പെട്ടെന്നുള്ള പ്രതിപ്രവർത്തനം നിയന്ത്രിക്കാനുള്ള സമയവും സ്ഥലവും ഇപ്പറഞ്ഞ ആനക്കാരനാണ് സാധാരണ നിലയ്ക്ക് കൂടുതൽ ലഭിക്കുക. ഇന്ന് പക്ഷെ മുൻപിൽ നടക്കുന്ന ആനക്കാരൻ തോട്ടി പിടിച്ച് കൊമ്പത്ത് പിടിച്ച് നടക്കുന്നത് പല ആനകളിലും കാണാം. അത്തരം സന്ദർഭത്തിൽ അയാളെ എതിർക്കാൻ ആന തുനിഞ്ഞാൽ പ്രതിരോധിക്കാൻ കൂടെ ഉള്ളവർ വശം മറ്റ് മാർഗങ്ങളൊന്നുമില്ലെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തവണത്തെ ഉത്സവ-പൂരക്കാലത്ത് മേൽപ്പറഞ്ഞ രണ്ട് സാഹചര്യവും വീഡിയോയിലൂടെ കാണാനിടയായി––ആദ്യത്തേതിൽ മെയ്‌ക്കിറങ്ങി നടന്നിരുന്ന ആനക്കാരന്റെ കൈയിൽ തോട്ടി ഉണ്ടായിരുന്നതിനാൽ മുന്നിലുണ്ടായിരുന്ന ആനക്കാരനെ ആന ആക്രമിച്ചപ്പോൾ അയാൾക്ക് കൃത്യമായി ഇടപെട്ട് ആനയെ ഒഴിവാക്കുവാനും അപകടങ്ങളില്ലാതെ നിയന്ത്രിക്കാനും സാധിച്ചു. രണ്ടാമത്തേതിൽ ആനയുടെ ആദ്യത്തെ പ്രതിപ്രവർത്തനത്തിൽ തന്നെ കൊമ്പത്തുണ്ടായിരുന്ന ആനക്കാരന്റെ തോട്ടിയും വടിയും നഷ്ടപ്പെട്ടതിനാൽ പിന്നീട് അല്പനേരത്തേക്കു ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടായതായും കണ്ടു. ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും ഇത്തരം ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് വഴി വലിയ അപകടങ്ങൾ ഒഴിവാക്കാൻ പലപ്പോഴും സാധിച്ചേക്കും. സർവ്വോപരി തോട്ടിപ്രയോഗങ്ങൾ വശമില്ലെങ്കിൽ അത് ചെയ്യാൻ മുതിരുന്നത് ആനയുടെ ആയുസ്സിനെ തന്നെ ചോദ്യം ചെയ്യുമെന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു നവയുഗഗജാധ്യക്ഷർ. അത് പോലെ സുപ്രധാനമാണ് ആന തെറ്റിയാൽ ആനയെ സമാധാനപ്പെടുത്തി അനുനയിപ്പിക്കുകയെന്നത്. പരമാവധി അതാത് ആനയുടെ ആനക്കാർ വേണം ഇത് നിർവഹിക്കാൻ. ആന തെറ്റിയാൽ തല്ലാനൊരവസരം എന്നോർത്ത് ചാടിപ്പുറപ്പെടുന്നവരോട് മാറിനിൽക്കാൻ പറയുന്നതാണ് ആനയ്ക്കും ആ സാഹചര്യത്തിനും നല്ലത്. വീഡിയോ എടുപ്പും കോലാഹലങ്ങളുമായി പൊതുജനമധ്യേ കൈവിട്ട് നിൽക്കുന്ന ആനയെ അനുനയിപ്പിക്കുക എളിയ കാര്യമല്ല, അപ്പൊ അതിനിടയ്ക്ക് കൂനിന്മേൽക്കുരു എന്ന രീതിയിൽ അതിനെ അകാരണമായി കുറെ തല്ലുന്ന സാഹചര്യമുണ്ടായാൽ പ്രശ്നം കൂടുതൽ രൂക്ഷമാവുകയേ ഉള്ളൂ.

ആനകളെ കെട്ടിപ്പഴക്കുന്നതിനായി താൽക്കാലിക പന്തി നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന താപ്പാനകൾ. 1989ലെ ദൃശ്യം. കടപ്പാട്: ശരത്ത് കുമാർ, ഹൈദരാബാദ്

മേൽപ്പറഞ്ഞ എല്ലാത്തിന്റെയും പശ്ചാത്തലത്തിൽ ഈയൊരു ലക്കം അവസാനിപ്പിക്കുന്നതിന് മുന്നേ ഒരു കാര്യം കൂടി പറയട്ടെ––ആന പരിശീലനം നൽകിയ ഒരു വന്യജീവിയാണ്. മറ്റ് വളർത്തുമൃഗങ്ങളെയോ ഓമനമൃഗങ്ങളെപ്പോലെയോ അല്ലെന്ന് സാരം. കുട്ടിശ്ശങ്കരനും ഗോപാലനും നാരായണനും കേശവനുമൊക്കെ ആസ്വാദകർക്കാണ്. കുട്ടനും കുഞ്ഞനുമൊക്കെ കാഴ്ച്ചക്കാരുടെ മനസ്സിലാണ്. ഒട്ടേറെ സങ്കീർണ്ണതകളുള്ള ആനയുടെ ഒരു നിമിഷനേരത്തെ ശ്രദ്ധ മാറുന്നത് ഗണിക്കാൻ ആനക്കാരന് സാധിച്ചില്ലെങ്കിൽ സംഭവിക്കുന്നത് ആനയുടെ നൈസർഗികമായ വന്യപ്രകടനങ്ങളാണ്. ആനകൾ സംസാരിക്കുമെന്ന് പഴയതലമുറയിലെ ആനക്കാർ പറയുമ്പോൾ അത് പുച്ഛിച്ച് തള്ളുന്നതിൽ അർത്ഥമില്ല. തുമ്പിക്കൈയുടെ ഒരു ചലനമോ, കണ്ണിമയുടെ വെട്ടിക്കലോ, ചെവി മുകളിലേക്കൊരല്പം കേറ്റി അടിക്കലോ; ഓരോന്നിനും ഓരോ അർത്ഥവും മാനവുമുണ്ട്. അത് ഓരോ സന്ദർഭത്തിലും വ്യത്യാസവുമുണ്ടാവാം. തൊട്ട് മുന്നത്തെ നിമിഷം എന്ത് സംഭവിച്ചു എന്നതുൾപ്പെടെ ഓർത്തില്ലെങ്കിൽ ഇത്തരത്തിലുള്ള പെരുമാറ്റവ്യത്യാസങ്ങളെ കൃത്യമായി ഗണിക്കാനോ വേണ്ടുംവിധം ആനയെ തുണയ്ക്കാനോ സാധിച്ചില്ലെന്ന് വരാം.

(തുടരും)

Sreedhar Vijayakrishnan, PhD
Postdoctoral Research Associate,
Centre for Conservation and Research,
Tissamaharama, Sri Lanka

Member, IUCN SSC Asian Elephant Specialist Group

ചിത്രങ്ങൾ: ശ്രീധർ വിജയകൃഷ്ണൻ
No part of this article may be reproduced, transmitted or stored in a retrieval system, in any form or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the author since the entire copyright vest with the author

മുൻലക്കം ഇവിടെ വായിക്കുക:  ദ്യോവിനെ വിറപ്പിക്കുമാവിളി – ഭാഗം-1

Comments

comments