ത്രപ്രവർത്തനവും യാത്രയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്, ജേർണലിസ്റ്റ്, ജേർണി എന്നീ ഇംഗ്ലീഷ് വാക്കുകൾ തമ്മിലുള്ള സാദൃശ്യബന്ധം പോലെ. ‘ദിവസം’ എന്നർഥം വരുന്ന ‘jour’ എന്ന ഫ്രഞ്ച് പദത്തിലായിരിക്കും ഇരുവാക്കുകളുടെയും നിരുക്തിയെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേരുക. തൊഴിൽസംബന്ധമായ യാത്രകളുടെ അനുബന്ധമായി കൈവരുന്ന ഭൂഭാഗ-ജനസംസ്കാരകാഴ്ച്ചകൾ പത്രപ്രവർത്തനത്തിന്റെ അധികാനുഭവമാണ്. നാല്പത് വർഷം പൂർത്തിയായ തന്റെ പത്രപ്രവർത്തകജീവിതത്തിലെ ഇത്തരം ചില ദൃശ്യാനുഭവങ്ങളെ സ്വരുക്കൂട്ടുകയാണ് ശ്രീ. വെങ്കിടേഷ് രാമകൃഷ്ണൻ വഴിവിട്ട യാത്രകൾ എന്ന പുസ്തകത്തിലൂടെ. യാത്രാവിവരണം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അനുഭവമെഴുത്തിന്റെയും ഓർമ്മക്കുറിപ്പിന്റെയും സ്വഭാവമാണ് പലയിടത്തും വഴിവിട്ട യാത്രകൾക്കുള്ളത്. ആ നിലയിൽ അറിയപ്പെടാത്ത ദേശത്തെ വായിച്ചെടുക്കുക എന്നതിനെക്കാൾ, മലയാളിയായ ഒരു രാഷ്ട്രീയപത്രപ്രവർത്തകന്റെ അനുഭവങ്ങളാവും വായനക്കാരായ നമ്മെ ആകർഷിക്കുക. സാഹസികവും ആശ്ചര്യജനകവുമായ ആ യാത്രകളിൽ ഇന്ത്യയിലെ ഭക്ഷണവൈവിധ്യം മുതൽ മദ്യത്തിന്റെ രുചിഭേദങ്ങൾ വരെയും ജാത്യധികാരത്തിന്റെ പ്രവർത്തനരീതികൾ മുതൽ രാഷ്ട്രീയ-സമ്പദ്ശാസ്ത്രഘടന വരെയും ഏറിയും കുറഞ്ഞും ചർച്ചയാവുന്നു. ചെറുകുറിപ്പുകൾ മുതൽ പുസ്തകാധ്യായസ്വഭാവമുള്ള ആഖ്യാനങ്ങൾ വരെയുള്ള നാല്പത്തിനാല് കുറിപ്പുകളുടെ സമാഹാരമാണ് വഴിവിട്ട യാത്രകൾ. കൃത്യമായ കാലക്രമത്തിനോ, വിഷയസൂചികയ്ക്കോ വിധേയമാകാതെ, യാത്രകൾ ഓർമയിൽ വന്നു വീഴുന്നതുപോലെ പങ്കുവെക്കുകയാണ് താൻ ചെയ്യുന്നതെന്ന് വെങ്കിടേഷ് പറയുന്നുണ്ട്. കഴിഞ്ഞ മൂന്നര ദശകങ്ങൾക്കിടെ താൻ നടത്തിയ ചില യാത്രകളെ വർത്തമാനകാലത്തു നിന്നു ഓർത്തെടുക്കുന്ന രീതിയാണ് പുസ്തകം കൈക്കൊള്ളുന്നത്. പലപ്പോഴും സമകാലികമായ ഒരു വാർത്ത/ സംഭവത്തെ പ്രചോദനമായെടുത്ത് പിന്നോട്ടു സഞ്ചരിക്കുകയാണ് വെങ്കിടേഷ് ചെയ്യുന്നത്. ഫിക്ഷനുകളിൽ കണ്ടു പരിചയമുള്ള തരം പരിചരണരീതി.

ലോകപ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫിലിപ്പ് നൈറ്റ്ലിയുടെ ആത്മകഥാപരമായ എഴുത്തായ എ ഹാക്സ് പ്രോഗ്രസിന്റെ വായനാനുഭവത്തെ പരാമർശിച്ചു കൊണ്ടാണ് വഴിവിട്ട യാത്രകൾ തുടങ്ങുന്നത്. യാത്രയും പത്രപ്രവർത്തനവും തമ്മിലുള്ള നാഭീനാളബന്ധത്തെ ഊന്നിപ്പറയുകയും യാത്രാരഹിത മാധ്യമപ്രവർത്തനത്തെ ഒട്ടൊന്ന് ആശങ്കയോടെയും വീക്ഷിക്കുകയും ചെയ്യുന്ന നൈറ്റ്ലിയെ തന്റെ മാതൃകാബിംബമായാണ് വെങ്കിടേഷ് കാണുന്നത്. ‘വഴിവിട്ട യാത്രകൾ’ എന്ന അല്പം നിഷേധാത്മകമായ വിശേഷണം പുസ്തകനാമമായി ചേർക്കുന്നതിലും നൈറ്റ്ലിയുടെ സ്വാധീനമുണ്ടാവാം. നിശ്ചയിക്കപ്പെട്ട പാതകളിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് ഒരു പത്രപ്രവർത്തകന്റെ യാത്ര അറിവിന്റെയും വിനോദത്തിന്റെയും സത്യത്തിന്റെയും ഉദ്വേഗത്തിന്റെയും വലിയ മാനങ്ങളിലേക്ക് നീങ്ങുക എന്നും നൈറ്റ്ലിയോട് ചേർന്നു നിന്ന് വെങ്കിടേഷ് കുറിക്കുന്നു. ആ നിലയിൽ ഒരു പത്രപ്രവർത്തകന്റെ പ്രഫഷണൽ യാത്രകളിലെ ചില വഴിതെറ്റലുകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം.

ഇത്തരം വഴിതെറ്റലുകളെ യാഥാർത്ഥ്യം തേടുന്ന ഒരു പത്രപ്രവർത്തകൻ മനസ്സാ കൊതിക്കുന്നുണ്ടാവണം. വാർത്താ ഏജൻസികളോ സ്ഥാപനങ്ങളോ അവതരിപ്പിക്കുന്ന കാഴ്ച്ചകളാവില്ല യാഥാർത്ഥ്യം എന്ന തിരിച്ചറിവ് യാത്രകളിലൂടെ തനിക്ക് കൈവന്നതിന്റെ ഒരനുഭവവും വെങ്കിടേഷ് ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. 2004 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി വാജ്പേയി തരംഗം ആഞ്ഞടിക്കുകയാണെന്ന് ദേശീയമാധ്യമങ്ങൾ ഒന്നടങ്കം റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ, ബീഹാറിലെയും ഝാർഖണ്ഡിലെയും ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നില ഗ്രൗണ്ടിൽ പരുങ്ങലിലാണെന്ന് തനിക്ക് വ്യക്തമാക്കിത്തന്നതാ അദ്ദേഹം കുറിക്കുന്നു. ഫ്രണ്ട് ലൈനിലെ ആ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയുമുണ്ടായല്ലോ. പ്രതിബദ്ധനായ ഒരു പത്രപ്രവർത്തകന് താൻ വരച്ചുകാട്ടാനുദ്ദേശിക്കുന്ന സംഭവത്തിന്റെ ഭിന്നപ്രതലങ്ങളെക്കുറിച്ചറിയാൻ ഗ്രൗണ്ടിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചേ മതിയാവൂ. അവയിലെ വഴിവിടലുകൾ വാസ്തവത്തിൽ വഴിതേടലുകൾ തന്നെയാണ്. വഴിവിട്ടു നടത്തിയ യാത്രകളാണ് പത്രപ്രവർത്തനത്തിന് വാസ്തവത്തിൽ സൂക്ഷ്മയാഥാർത്ഥ്യങ്ങൾ കാണാനുള്ള കണ്ണേകുന്നത്.

യാത്രാവിവരണം എന്ന സാഹിതീയജനുസ്സിന്റെ മലയാളവഴികളിൽ നാം ധാരാളം പത്രപ്രവർത്തകരെ കണ്ടുമുട്ടും. ബാരിസ്റ്റർ ജി.പി.പിള്ളയുടെ ലണ്ടനും പാരീസും മുതലോ കെ.പി.കേശവമേനോന്റെ ബിലാത്തിവിശേഷം മുതലോ ഇത്തരമൊരു പരസ്പരസന്നിവേശത്തിന്റെ മുദ്രണങ്ങൾ കാണാം. ‘ജേണലിസ്റ്റിക് ട്രാവലോഗ്’ എന്നു വിശേഷിപ്പിക്കാൻ പറ്റുന്ന ഈ ഉപശാഖയിലെ ഏറ്റവും കനപ്പെട്ട കൃതിയായി ബഹുഭൂരിപക്ഷം വായനക്കാരും തിരഞ്ഞെടുക്കാൻ സാധ്യത, പക്ഷേ മലയാളിയായ ഒരു പത്രപ്രവർത്തകൻ ബംഗാളി ഭാഷയിലെഴുതി പിന്നീട് മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ട പശ്ചിംദിഗന്തേ പ്രദോഷ്കാലെ എന്ന രചനയെയായിരിക്കും. തൊണ്ണൂറുകളുടെ തുടക്കത്തിൽ ആനന്ദബസാർ പത്രികയുടെ വരാന്തപ്പതിപ്പിൽ ഖണ്ഡശഃയായി പ്രത്യക്ഷപ്പെട്ട ആ യാത്രാക്കുറിപ്പുകളുടെ മലയാളീകരിച്ച പതിപ്പ് 2007 ൽ മാതൃഭൂമി പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ വെങ്കിടേശ് രാമകൃഷ്ണൻ ശ്രീ.വിക്രമൻ നായരുമായി നടത്തിയ ഒരു അഭിമുഖസംഭാഷണം എടുത്തു ചേർത്തിട്ടുണ്ട്. “ഒരു സഞ്ചാരിയുടെ ചിന്താഭ്രമണം” എന്നു ശീർഷകം നൽകിയിരിക്കുന്ന ഈ ചെറുസംഭാഷണശകലത്തിൽ ഇന്നു നമ്മെ ആകർഷിക്കുക പത്രപ്രവർത്തനവും യാത്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാനുള്ള ചോദ്യകർത്താവിന്റെ ഔത്സുക്യമാണ്.  അന്നത്തെ ആ യുവചോദ്യകർത്താവിന്റെതായി നാമിന്നുവായിക്കുന്ന വഴിവിട്ട യാത്രകളുടെ നോട്ടപ്പാട് നിലയുറപ്പിച്ചിട്ടുള്ളതും വിക്രമൻ നായർ സ്കൂളിലാണ്. വഴിവിട്ട യാത്രകളിൽ ധാരാളം ഇടങ്ങളിൽ ജി.വി.ദായെ നാം കണ്ടുമുട്ടുന്നത് യാദൃച്ഛികമല്ല എന്നർഥം.

വഴിവിട്ട യാത്രകളെക്കുറിച്ച് പറഞ്ഞുതുടങ്ങും മുൻപ് ഓർത്തെടുക്കേണ്ട മറ്റൊരു പേരാണ് രവീന്ദ്രന്റേത്. മലയാളത്തിലെ യാത്രാഖ്യാനങ്ങളെ ഭാവുകത്വപരമായും രാഷ്ട്രീയമായും മറ്റൊരു ദിശയിലേക്കു നയിക്കുന്നതിലെ അഗ്രഗാമിത്വം രവീന്ദ്രനാണ് അവകാശപ്പെടാൻ കഴിയുക. അദ്ദേഹത്തിന്റെ യാത്രാഖ്യാനങ്ങളിലും പത്രപ്രവർത്തനത്തിന്റെ ഒരടര് പ്രത്യക്ഷത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. 1976-77 കാലത്ത്, കലാകൗമുദിക്ക് വേണ്ടിയാണ് രവീന്ദ്രൻ യാത്രാവിവരണങ്ങൾ എഴുതിത്തുടങ്ങിയത്. അടിയന്തരാവസ്ഥയുടെ കറുപ്പും നക്സലിസത്തിന്റെ ചുവപ്പും പടർന്ന ആ ദിവസങ്ങളിൽ പോലീസിന്റെ നോട്ടത്തിൽ നിന്ന് രവീന്ദ്രനെ മാറ്റിനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാവാം കലാകൗമുദി പത്രാധിപർ എസ്.ജയചന്ദ്രൻ നായരും അതിന്റെ ഉപദേഷ്ടാവായ എം.ഗോവിന്ദനും ഇന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഒരു പരമ്പര എഴുതാൻ രവീന്ദ്രനെ നിയോഗിച്ചത് എന്ന് കെ.സി.നാരായണൻ പറയുന്നുണ്ട്. അതെന്തായാലും “ആന്ധ്രയിലെ പുകയുന്ന ഗ്രാമങ്ങൾ” എന്ന ഡസ്പാച്ചുമായി യാത്രാവിവരണരചന ആരംഭിച്ച രവീന്ദ്രൻ കേവലകൗതുകത്തിനപ്പുറത്തേക്കുള്ള ഗൗരവ സാംസ്കാരിക ഇടപെടലുകളിലൊന്നായി യാത്രാവിവരണങ്ങളെ മാറ്റിത്തീർത്തു. രാഷ്ട്രീയവത്കരിക്കപ്പെട്ട ആ ആഖ്യാനകഥനങ്ങളുടെ ചുവടുപിടിച്ചാണ് മലയാളത്തിൽ യാത്രാവിവരണം പിന്നീട് വികസിച്ചത്. വഴിവിട്ട യാത്രകളിലും രവീന്ദ്രന്റെ തുടർച്ചകളുണ്ട് എന്നു സാരം.

ഇതരസാഹിത്യ ജനുസ്സുകളിൽ നിന്നു ഭിന്നമായി കർത്താവിന്റെ നോട്ടം (gaze) കൃതിയെ ആകെപ്പാടെ നിർണയിക്കുന്ന ബലമായി മാറുന്ന സവിശേഷത യാത്രാവിവരണങ്ങൾക്കുണ്ട്. ഏത് യാത്രാഖ്യാനവും ‘കാണി’യും ‘കണി’യും തമ്മിലുളവാകുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നിന്നാണ് കെട്ടിയുയർത്തപ്പെടുക. അറിയുന്ന ഞാൻ (subject) അയി കർത്താവും അറിയപ്പെടുന്ന വസ്തു (object) വായി യാത്രാ ഇടങ്ങളും കല്പിക്കപ്പെടുന്നിടത്ത്, ആധികാരിക പുരുഷകർതൃത്വത്തിന്റെയോ, കൊളോണിയൽ – സാമ്രാജ്യത്വത്തിന്റെയോ ദൃഷ്ടികോണാണ് പ്രാബല്യത്തിൽ വരിക. യാത്രാവിവരണങ്ങളുടെ ദൃഷ്ടികോണിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഗൗരവപ്പെട്ട ആലോചനകൾ മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് താനും. വഴിവിട്ട യാത്രകളിൽ നമ്മെ ആദ്യം ആകർഷിക്കുക കർത്താവിന്റെ നോട്ടം തന്നെയാണ്. ചെന്നെത്തുന്ന ഇടങ്ങളെ നരവംശശാസ്ത്രപരമായി വീക്ഷിക്കുന്ന ഒരു സുദൃഢപുരുഷകർതൃത്വത്തെ നമുക്കീ വിവരണങ്ങളിൽ കണ്ടെത്തുക സാധ്യമല്ല. മറിച്ച്, കഴിയുന്നത്ര സ്വയം അയയ്ക്കാൻ തയ്യാറാവുന്ന, ഒരു പാർട്ടിസിപ്പേറ്റഡ് എത്നോഗ്രാഫറായാണ് ഗ്രന്ഥകർത്താവ് പ്രത്യക്ഷപ്പെടുന്നത്. മുകളിൽ പറഞ്ഞ രവീന്ദ്രനിൽ നിന്നോ ജി.വിക്രമൻ നായരിൽ നിന്നോ വെങ്കിടേഷ് സ്വരുക്കൂട്ടിയെടുത്ത ഒരു നോട്ടപ്പാടാവാം അത്.

ഈ കുറിപ്പുകളുടെ ഭാഷ അങ്ങേയറ്റം തെളിഞ്ഞതും ക്ലിഷ്ടതകളേതുമില്ലാതെ ഋജുവുമാണ്. രവീന്ദ്രന്റെ യാത്രാഖ്യാനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ എഴുത്തിനെ “ഭാഷാ ക്ലാസിസിവും ആധുനികലോകബോധവും സമ്മേളിക്കുന്ന വാങ്മയം” എന്ന് കെ.സി.നാരായണൻ വിശേഷിപ്പിക്കുന്നുണ്ട്. സുഗ്രഹമോ ജനപ്രിയതയോ തന്റെ ഭാഷയുടെ സ്വഭാവമാക്കാൻ രവീന്ദ്രൻ ഒരുമ്പെടുന്നില്ല (കുട എന്നർഥമുള്ള ‘ഛത്രം’ എം.പി.ശങ്കുണ്ണിനായർക്കുശേഷം നാം കാണുക രവീന്ദ്രനിലായിരിക്കുമെന്ന് ഒട്ടൊരു കൗതുകത്തോടെ കെ.സി.പറയുന്നു). സാഹിതീയമായ ഈ രചനാതന്ത്രമൊന്നും വെങ്കിടേഷിനെ അലട്ടുന്നില്ല. സരളമായ മലയാളമാണ് അദ്ദേഹത്തിന് പഥ്യം. കൈവിട്ടു പോകാവുന്ന ഇടങ്ങളിൽ പോലും ഭാഷയുടെ ലാളിത്യത്തെ ചേർത്തുപിടിക്കാൻ വെങ്കിടേഷ് മിനക്കെടുന്നു.

തൊണ്ണൂറുകളുടെ ആരംഭം മുതൽ ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് തൊഴിൽ സംബന്ധമായി നടത്തിയ യാത്രകളെ ചിട്ടകളേതുമില്ലാത്ത സമാഹരിച്ചിരിക്കുകയാണ് വഴിവിട്ട യാത്രകളിൽ. തൊണ്ണൂറനന്തര ഇന്ത്യൻ രാഷ്ട്രീയകാലാവസ്ഥയോട്, പ്രതിബദ്ധനായ ഒരു പത്രപ്രവർത്തകൻ നടത്തുന്ന പ്രതികരണങ്ങളാണവ. പുസ്തകത്തിലൊരിടത്ത് സ്വയം ‘അന്വേഷണയാത്രികൻ’ എന്നു വിശേഷിപ്പിക്കുന്നുണ്ട് വെങ്കിടേഷ്. ആ നിലയിൽ, നാല് തലങ്ങളിലുള്ള അന്വേഷണങ്ങളാണ് അദ്ദേഹം ഈ യാത്രകളിലൂടെ നടത്തുന്നത്. അതിലാദ്യത്തേത് ബാബരിയനന്തര ഇന്ത്യയിൽ- വിശിഷ്യ ഉത്തരേന്ത്യയിൽ- ഹിന്ദുത്വയുടെ രാഷ്ട്രീയപദ്ധതികൾ എങ്ങനെയെല്ലാം ആവിഷ്കരിക്കപ്പെടുന്നു, അതിനോടുയരുന്ന നാനാവിധ പ്രതികരണങ്ങളേവ എന്ന അന്വേഷണമാണ്. രണ്ടാമതായി ഉദാരവത്കരണനയങ്ങൾ ഇന്ത്യൻ നഗര-ഗ്രാമ ജീവിതങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന അന്വേഷണമാണ്. മൂന്നാമതായി വിഘടനവാദം എന്നോ അഭ്യന്തരഭീഷണി എന്നോ ഭരണകൂടം വിലയിരുത്തിപ്പോരുന്ന വ്യത്യസ്ത ഗ്രൂപ്പുകളുടെ പ്രവർത്തനശൈലികളെക്കുറിച്ചുള്ള അന്വേഷണമാണ്. അവസാനമായി ഇന്ത്യ എന്ന അമ്പരിപ്പിക്കുന്ന ബഹുസ്വരസാംസ്കാരികതയുടെ പല അടരുകളിലേക്കുള്ള പര്യവേക്ഷണവുമാണ്. പത്രപ്രവർത്തന ജീവിതത്തിലെ ആശ്ചര്യ-സാഹസിക പര്യടനങ്ങ ളെ, ഈ നാല് നിലയിലുള്ള അന്വേഷണതാത്പര്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നോക്കുകയാണ് വെങ്കിടേഷ് ചെയ്യുന്നത്. സ്വാഭാവികമായി, ദൈനംദിന രാഷ്ട്രീയ ഗതിവിഗതികളും ഉള്ളറകളും അനാവരണം ചെയ്യപ്പെടുന്നതോടൊപ്പം ഇന്ത്യയുടെ ‘പലമ’ എന്ന യാഥാർത്ഥ്യത്തെ പ്രൊജക്ട് ചെയ്യാനും പുസ്തകം ശ്രമിക്കുന്നു.

കാം ജാരി ഹെ ഭായ് !

വെങ്കിടേഷ് രാമകൃഷ്ണനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കുന്നത് ബാബ്രി തകർച്ചയുടെ കാലത്ത് അദ്ദേഹം ഫ്രണ്ട് ലൈനിലെഴുതിയ റിപ്പോർട്ടുകളാണ്. ആസൂത്രിതമായ മസ്ജിദ് തകർക്കൽ നേരിട്ടു കണ്ടെഴുതിയ വാർത്താകുറിപ്പുകളോടൊപ്പം, അക്രാമക ഹിന്ദുത്വയുടെ രീതിശാസ്ത്രത്തെ അപഗ്രഥിക്കുന്ന അസംഖ്യം ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഈ വഴിയിൽ നിലയുറപ്പിച്ചിട്ടുള്ള യാത്രാനുഭവങ്ങളാൽ സമൃദ്ധമാണ് വഴിവിട്ട യാത്രകൾ. അയോധ്യ രാമജന്മഭൂമി ന്യാസിന്റെ അധ്യക്ഷനായിരുന്ന രാമചന്ദ്രപരമഹംസിനെ 1999 ൽ സന്ദർശിച്ചപ്പോൾ വെങ്കിടേഷിന് അദ്ദേഹം നൽകിയ മുന്നറിയിപ്പാണ് അവയിലൂടെ കടന്നുപോകുന്നവരെ പിടിച്ചു കുലക്കുക. “കാം ഹമേശാ ജാരി ഹെ!” (പണി എല്ലായ്പ്പോഴും തുടർന്നു കൊണ്ടിരിക്കുക തന്നെയാണ്). ഹിന്ദുത്വയുടെ രാഷ്ട്രീയ വികാസത്തെ വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു താക്കോൽ വാചകം കൂടിയാണ് പരമഹംസിൽ നിന്നും വെങ്കിടേഷ് എടുത്തുചേർക്കുന്നത്. 1949 മുതലുള്ള ഹിന്ദുത്വയുടെ ഉദ്യമങ്ങളെ മൊത്തത്തിലെടുത്ത് പരിശോധിച്ചുകൊണ്ട് തങ്ങളുടെ പദ്ധതി ചിലപ്പോൾ പൂർണ വിജയത്തിലൂടെയും ചിലപ്പോൾ പൂർണ പരാജയത്തിലൂടെയും മറ്റു ചിലപ്പോൾ അധവിജയത്തിലൂടെയോ അർധ പരാജയത്തിലൂടെയോ വിജയ-തോൽവികളില്ലാത്ത വിചിത്രമായ ബലാബലത്തിലൂടെയോ കടന്നുപോയിട്ടുണ്ടെന്നും പക്ഷേ, ഒരിക്കലും പണി തുടരാൻ പറ്റാത്തവിധം, പണി നിലച്ചുപോകുന്ന വിധം തിരിച്ചടി ഏറ്റിട്ടില്ലെന്നും പരമഹംസിന്റെതായ നിരീക്ഷണം വെങ്കിടേഷ് എടുത്തു ചേർക്കുന്നുണ്ട്. പണി എല്ലായ്പ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു..!

ഈ തുടർപദ്ധതിയിലെ ചില കാഴ്ച്ചകൾ വെങ്കിടേഷ് അനാവരണം ചെയ്യുന്നുണ്ട്.  അയോധ്യയിലെ സാക്ഷി ഗോപാൽ മന്ദിറിലെ പൂജാരിയായ മഹന്ത് രാം കൃപാൽ ദാസ് ഇതിലൊരാളാണ്. ബാബ്രി മസ്ജിദിലോ അതിന്റെ മുൻവശത്ത് മുഗൾ ചക്രവർത്തി അക്ബർ പണികഴിപ്പിച്ച ഹിന്ദു ആരാധനാസ്ഥലമായ രാം ഛബൂത്രയിലോ പോകുന്നവർ ആദ്യം സന്ദർശിക്കേണ്ട ആരാധനസ്ഥലമായി സാക്ഷി ഗോപാൽമന്ദിറിനെ സ്ഥാനപ്പെടുത്തി, അതിൽ നിന്നുള്ള വരുമാനത്താൽ കഴിയുന്ന രാം കൃപാൽ ദാസിന് ബാബ്രി ധ്വംസനം തന്റെ ഉപജീവനത്തിന്റെ കടയ്ക്കലുള്ള കത്തിവെപ്പായിരുന്നു. കല്യാൺസിങ് സർക്കാർ അയോധ്യയിലെ പ്രധാന അമ്പലങ്ങളും പൂജാസ്ഥലങ്ങളും പിടിച്ചെടുത്തപ്പോൾ അതിൽ സാക്ഷി ഗോപാൽ മന്ദിറും ഉൾച്ചേർന്നു. ഈ നടപടിയെ നിയമപരമായും അല്ലാതെയും ചോദ്യം ചെയ്യുന്ന രാം കൃപാൽ ദാസിനെ നമുക്ക് പുസ്തകത്തിൽ കാണാം. “രാമന്റെ സാക്ഷിയുടെ പീഠം തകർത്തിട്ട് താനൊക്കെ എന്ത് രാമമന്ദിരമാണ് പണിയാൻ പോകുന്നത്? അങ്ങനെ നീചമായ മാർഗത്തിൽ ഒരു മന്ദിരം പണിതാൽ ശ്രീരാമൻ അത് പൊറുക്കുമോ?” എന്നാക്രോശിച്ചുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ, സാക്ഷാൽ ലാൽ കൃഷ്ണ അദ്വാനിയെ വഴിയിൽ തടഞ്ഞ് ചോദ്യം ചെയ്യുന്ന രാം കൃപാൽ ദാസിനെയും നാം പുസ്തകത്തിൽ കാണുന്നു. രണ്ട് ദിവസത്തിനകം അയോധ്യയുടെ തെരുവുകളിലിട്ട് പട്ടിയെ തല്ലും പോലെ ബജ്രഗ്ദൾ പ്രവർത്തകരാൽ ലഭിച്ച മർദനമായിരുന്നത്രേ ഇതിനു മറുപടി.

ഇതിൽ നിന്ന് ഭിന്നമായ മറ്റൊരു ചിത്രമാണ് ഉത്തരാഖണ്ഡിലെ ഗഡ്വാൾ ഹിമാലയ മലനിരകളുടെ അടിവാരത്തിലുള്ള ദേവ്ബന്ദിലെ ദാറുൽ ഉലൂം എന്ന പ്രഗല്ഭ മതവിദ്യഭ്യാസകേന്ദ്രത്തിൽ നിന്ന് വെങ്കിടേഷ് നമുക്കായി പകർത്തുന്നത്. നിരവധി പ്രാവശ്യത്തെ ദേവ്ബന്ദ് സന്ദർശനത്തിലൂടെ മുസ്ലിം മനസ്സിന്റെ ഗതി – വിഗതികളെ സൂക്ഷ്മമായി മനസ്സിലാക്കാൻ കഴിഞ്ഞതായി വെങ്കിടേഷ് കുറിക്കുന്നു. ഒരു മതവിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ഇന്ത്യയുലുടനീളമുള്ള മുസ്ലിം വിദ്യാർഥികൾ പഠിക്കാൻ വരുന്ന ഇവിടം, ഹിന്ദുത്വയുടെ വളർച്ചയെ എങ്ങനെ കാണുന്നു എന്നും പ്രതിരോധം എന്ന പേരിൽ ഉയർന്നു വരുന്ന തീവ്രവാദപ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നും വെങ്കിടേഷ് അന്വേഷിക്കുന്നു.

‘മയൂർഭഞ്ജിൽ ഒരു ജനുവരിയിൽ’ എന്ന അധ്യായത്തിൽ നാം കണ്ടുമുട്ടുന്നത് ഹിന്ദുത്വയുടെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ ഇരകളിലൊന്നായ ഗ്ലാഡിസ് സ്റ്റെയിൻസിനെയാണ്. ഒറിസ്സയിൽ കുഷ്ഠരോഗാതുരസേവനത്തിൽ വ്യാപൃതനായ, 1999 ജനുവരി 22 ന് രാത്രിയിൽ മൃഗീയമായി ചുട്ടുകരിക്കപ്പെട്ട, ഗ്രഹാം സ്റ്റെയിൻസിന്റെ വിധവയാണ് ഗ്ലാഡിസ്. സ്റ്റെയിൻസ് കൊല്ലപ്പെട്ട ദിവസങ്ങളിൽ തന്നെ മയൂർഭഞ്ജിൽ എത്തിച്ചേർന്ന വെങ്കിടേഷ് അദ്ദേഹത്തോട് അന്നാട്ടുകാർക്കുണ്ടായിരുന്ന സ്നേഹവായ്പുകൾക്ക് സാക്ഷ്യം പറയുന്നുണ്ട്. മയൂർഭഞ്ജ് കുഷ്ഠരോഗസദനത്തിലെ അന്തേവാസികൾ ‘ഡാഡ’ എന്നു വിളിച്ചിരുന്ന സ്റ്റെയിൻസിനെക്കുറിച്ച് ഗിരിധർ സത്പതി എന്ന അദ്ദേഹത്തിന്റെ സഹകാരി വിശേഷിപ്പിക്കുന്നത് ‘മര്യാദ, പരജീവികളോടുള്ള അനുകമ്പ, സാമൂഹികപ്രതിബദ്ധത’ തുടങ്ങിയ വാക്കുകളുടെ ആൾരൂപം എന്നാണ്. ആർക്കും വേണ്ടാത്ത, സാമുഹ്യബഹിഷ്കൃതരായി കഴിയുന്ന കുഷ്ഠരോഗികളെ സക്രിയപൗരന്മാരാക്കി മാറ്റുന്ന, അവരിൽ ആത്മവിശ്വാസവും ഉത്തേജനവും പകർന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്ന സ്റ്റെയിൻസിനെ ഒരു ഗൂഢാലോചനക്കാരനായാണ് സംഘപരിവാർ പക്ഷേ കണ്ടത്. സനാതന സംസ്കാരത്തെ നശിപ്പിക്കാൻ വന്ന ഫിറങ്കി (വിദേശി) യ്ക്കായി അവർ നീക്കിവെച്ചത് ദാരുണമായ അന്ത്യമായിരുന്നു. ആറും ഒൻപതും വയസ്സുള്ള തന്റെ രണ്ടു കുട്ടികളുടെ കൂടെ ഒരു ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസ് മയൂർഭഞ്ജിലെ വനപ്രദേശത്തിനടുത്ത് വെച്ച് ചുട്ടുകൊല്ലപ്പെട്ടു. വർഷങ്ങൾക്കുശേഷം ഗ്ലാഡിസ് പക്ഷേ ആവിഷ്കരിച്ചത് ഗ്രഹാം സ്റ്റെയിൻസിലൂടെ പ്രതിഫലിച്ച കാരുണ്യത്തിന്റെ സന്ദേശം തന്നെയായിരുന്നു. തന്റെ ഭർത്താവിന്റെയും കുട്ടികളുടെയും കൊലപാതകിയെന്ന് കോടതി വിധിച്ച ധാരാസിങ്ങിന് മാപ്പ് കൊടുക്കണം എന്നായിരുന്നു അവരുടെ അഭ്യർഥന. സന്ദർശനത്തിനിടെ തന്നോടവർ പറഞ്ഞ വാചകങ്ങൾ വെങ്കിടേഷ് എടുത്തെഴുതുന്നു. “മാപ്പുകൊടുക്കൽ, മനം പുരട്ടലില്ലാത്ത ഒരു സത്കർമമാണ്. സത്കർമങ്ങൾ പ്രതീക്ഷയുണർത്തുന്നതും. മനുഷ്യനിലും ജീവിതത്തിലുമുള്ള പ്രതീക്ഷ’.

ഡോ.ടി.കെ.രാമചന്ദ്രൻ, ചലച്ചിത്രസംവിധായകൻ പവിത്രൻ, അനന്തകൃഷ്ണൻ, ക്യാമറമാനായ രവി എന്നിവരോടൊപ്പം കലാപനാന്തര ഗുജറാത്തിലേക്കു നടത്തിയ യാത്രാഖ്യാനമാണ് പുസ്തകത്തിലെ ഹിന്ദുത്വയുമായി ബന്ധപ്പെട്ട മറ്റൊരധ്യായം. ഇജാസ് അലി എന്ന ആറുവയസ്സുകാരന്റെ വാക്കുകളാണ് വെങ്കിടേഷ് ഉദ്ധരിക്കുന്നത്. 2002 ഫെബ്രുവരിയിൽ നരോദാപാട്യയിലെ അവന്റെ വീട്ടിലേക്കു പാഞ്ഞുകയറിയ ഹിന്ദുത്വഭ്രാന്തന്മാർ ആ ആറുവയസ്സുകാരന്റെ കണ്മുന്നിൽ വെച്ച് കുടുംബത്തിലെ അഞ്ച് പേരെയാണത്രേ വെട്ടിയും കുത്തിയും കൊന്നത്. ഒരലമാരക്കടിയിൽ ഒളിച്ചു നിന്നതിനാൽ മാത്രം ആക്രമികളുടെ കണ്ണിൽ പെടാതെ പോയ അവന് പക്ഷേ ആ ബീഭത്സമായ കാഴ്ച്ച സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഒരിക്കലും മുക്തനാവാൻ കഴിഞ്ഞില്ല. തന്നെ കാണാൻ വന്ന വെങ്കിടേഷടങ്ങുന്ന സംഘത്തോട് അവന് പറയാനുണ്ടായിരുന്നതും മറ്റൊന്നല്ല. വെങ്കിടേഷ് ഉദ്ധരിക്കുന്നു; “നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുക്കൾ ഇങ്ങനെയൊന്നുമല്ല സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുക. അവർ ചിരിക്കുകയോ തമാശ പറയുകയോ ഇല്ല. ആക്രോശിച്ച്, വായനിറയെ ചീത്തവാക്കുകളും ഭർത്സനങ്ങളും നിറച്ച്, വലിയ വടിവാളുകളും കുന്തങ്ങളുമൊക്കെയായി വന്ന്, ആണുങ്ങളെയും പെണ്ണുങ്ങളെയും കുത്തിമലർത്തി കൊല്ലുന്നവരാണ് ഹിന്ദുക്കൾ. ഇല്ല, നിങ്ങൾ ഹിന്ദുവാകാൻ വഴിയില്ല”. ടി.കെ.രാമചന്ദ്രൻ എന്ന ധിഷണാശാലിക്കു പോലും ഈ അനുഭവം സൃഷ്ടിച്ച ആഘാതം ചെറുതായിരുന്നില്ലെന്ന് വെങ്കിടേഷ് എഴുതുന്നു. ഒരു മിഥ്യയുടെ ഭാവി എന്ന് ഹിന്ദുത്വയെ നിർവചിച്ച ടി.കെ., അലിയുടെ മനസ്സിൽ കുടിയേറിയ ഭീതി നിറഞ്ഞ അകൽച്ചയെ ഹിന്ദുത്വയുടെ പ്രവർത്തനങ്ങളുടെ ആത്യന്തിക ഫലമായാണ് വിലയിരുത്തിയതെന്നും പുസ്തകം പറഞ്ഞുവെക്കുന്നു. ബാല്യത്തിന്റെ എല്ലാ വർണങ്ങളും നശിപ്പിക്കപ്പെട്ട, വിചിത്രമായ മനോഭാവവും സംവേദനരീതികളുമുമുള്ള കൊച്ചുകുട്ടികളെ സൃഷ്ടിക്കുക എന്നതാണ് ഗുജറാത്ത് കലാപത്തിന്റെ ബാക്കിപത്രം എന്നദ്ദേഹം വിശദീകരിക്കുന്നു.

ആഗോളവത്കരണാനന്തര ഇന്ത്യ: ചില കാഴ്ച്ചകൾ

വഴിവിട്ട യാത്രകളിൽ പ്രമേയപരമായി ആവർത്തിക്കപ്പെടുന്ന രണ്ടാമത്തെ അന്വേഷണവിഷയം ഉദാരവത്കരണ നയങ്ങൾ ഇന്ത്യൻ നഗര-ഗ്രാമങ്ങളിൽ സൃഷ്ടിക്കുന്ന പുതിയ സാമ്പത്തിക ക്രമമെന്താണ് എന്നതാണ്. ഝാർഖണ്ഡിലെ സിംഗ്ഭൂം എന്ന ഗ്രാമത്തിലേക്കുള്ള യാത്രകളിൽ നിന്ന് ഇതാരംഭിക്കുന്നു. സിംഗ്ഭൂം ഒരേ സമയം ഇന്ത്യയിലെ ഏറ്റവും സമൃദ്ധവും ദരിദ്രവുമായ ഒരു ഭൂഭാഗമായതിനാലാവാം വെങ്കിടേഷിനെ ഈ സ്ഥലം ആകർഷിക്കുന്നത്. മിക്കവാറും എല്ലാ തിരഞ്ഞെടുപ്പു കാലത്തും അദ്ദേഹം എത്തിപ്പെടുന്ന പ്രദേശമാണത്രേ അത്. ഒരുഭാഗത്ത് ഇരുമ്പയിരും കൽക്കരിയും ഖനീഭവിച്ചു കിടക്കുന്നതിനാൽ കോർപ്പറേറ്റുകളുടെ സ്വപ്നഭൂമിയാണ് സിംഗ്ഭൂം. മിത്തലും ടാറ്റയുമടക്കമുള്ള ആഗോളഭീമന്മാർക്കായി അർജുൻമുണ്ടയുടെ ബി.ജെ.പി.സർക്കാർ സിംഗ്ഭൂം തുറന്നുകൊടുക്കുമ്പോൾ ഗ്രാമീണർ കുടിയിറക്ക് ഭീഷണിയിലായിരുന്നു. ദാരിദ്ര്യത്തിന്റെ കൂത്തരങ്ങാണ് അവർക്ക് സിംഗ്ഭൂം. ധാന്യവർഗങ്ങൾ നിറഞ്ഞു വിളയുന്ന വയലേലകളും കനപ്പെട്ട സസ്യ- വൃക്ഷ സമ്പത്തുമുണ്ടെങ്കിലും പട്ടിണിയിലും കുടിയിറക്ക ഭീഷണിയിലും കഴിയുന്നവരാണ് സിംഗ്ഭൂം നിവാസികൾ. ഇന്ത്യയുടെ സാമ്പത്തിക യാഥാർഥ്യമായ ഈ വിരോധാഭാസമാണ് സിംഗ്ഭൂവിൽ നിന്നും വെങ്കിടേഷ് ചിത്രീകരിക്കുന്നത്.

ഛത്തീസ്ഖണ്ഡിലെ തന്നെ പായലി ഖണ്ഡ് എന്ന ഗ്രാമവും നൽകുന്ന ചിത്രം മറ്റൊന്നല്ല. ‘തലയ്ക്കു മീതെ ശൂന്യാകാശം, താഴെ വജ്ര നദി’ എന്നാണ് ഈ അധ്യായത്തിന് വെങ്കിടേഷ് നൽകുന്ന ശീർഷകം. ലോകത്തിലെ ഏറ്റവും വലിയ വജ്രശേഖരങ്ങളിലൊന്ന് ഇവിടെയാണെന്നാണത്രേ അനുമാനം. 1993 ന്റെ തുടക്കത്തിൽ മണ്ണിനടിയിൽ ഉറങ്ങിക്കിടക്കുന്ന വജ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രാമീണരിൽ നിന്നു തന്നെ പുറംലോകമറിഞ്ഞു. ലോകത്തെ ഏറ്റവും വലിയ വജ്ര-ഖനന കമ്പനിയായ ഡെ ബിയേർസ് അടക്കമുള്ളവർക്കായി സർക്കാർ ഭൂമി വിട്ടുനൽകി. എന്നെങ്കിലും കുഴിച്ചെടുക്കപ്പെടുന്ന ഈ വജ്രസമ്പത്ത് തങ്ങളെ സമ്പന്നരാക്കുമെന്നു കരുതി, ഒരു കാലത്ത് തങ്ങളുടെ സ്വന്തമായിരുന്ന, ഇന്ന് സർക്കാർ ഏറ്റെടുത്ത് വളച്ചുകെട്ടിയ ഈ പ്രദേശത്തിന് കാവൽ നിൽക്കുന്ന ബർക്കു റാമിനെപ്പോലുള്ളവരെ അധ്യായം കാണിച്ചുതരുന്നു. ദാരിദ്ര്യത്താൽ സത്തുപൊടിയും വെള്ളവും മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ബർക്കു റാമടക്കമുള്ളവർ പ്രതീക്ഷയോടെ ജീവിക്കുന്നു പായലിഖണ്ഡിൽ. ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം പോലും അവർക്കാർക്കും ലഭിച്ചിട്ടില്ലെങ്കിലും “വജ്രമൊന്നു വന്നോട്ടെ” എന്ന ശുഭപ്രതീക്ഷയോടെ.

മുംബൈയിലെ വാണിജ്യസിരാകേന്ദ്രമായ നരിമാൻപോയിന്റിലെ ബ്ലൂംബർഗ് ഓഫിസിൽ അവിചാരിതമായി സന്ദർശനം നടത്തിയ കഥ വെങ്കിടേഷ് എടുത്തെഴുതുന്നുണ്ട്. വാണിജ്യകാര്യ വാർത്താ ഏജൻസികളിൽ അന്താരാഷ്ട്രനായകൻ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ബ്ലൂംബർഗ് 2002 ലാണ് മുംബൈയിൽ ഓഫിസ് തുടങ്ങിയത്. ആഗോളവത്കരണത്തിന്റെ അനന്തരഫലങ്ങളിലൊന്നായ ബ്ലൂംബർഗ് ഓഫിസിലെ അത്ഭുതകരവും അമ്പരിപ്പിക്കുന്നതുമായ സാങ്കേതികസംവിധാനങ്ങൾ ബി.ബി.സി.യുടെ ലണ്ടനിലെ ആസ്ഥാനത്തെപ്പോലും അതിശയിപ്പിക്കുന്നതാണത്രേ. ആഡംബരപൂർണമായ ഈ ഓഫിസ് സമുച്ചയത്തിന്റെ ശീതളിമയിൽ നിന്നിറങ്ങി  വെറും നാല് കിലോമീറ്റർ നടക്കെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മുദ്രകൾ പേറി നിൽക്കുന്ന മുഹമ്മദ് അലി റോഡിൽ ചെന്നുചേരാമെന്ന് വെങ്കിടേഷ് കുറിക്കുന്നു. പൊടിപിടിച്ച് ഇടുങ്ങിയ വീഥികളും, മനുഷ്യരുടെ തിക്കും തിരക്കും നിറഞ്ഞ ഈ തെരുവ് ബ്ലൂം ബർഗിന്റെ അപരമായി നിലയുറപ്പിക്കുന്നു. നാല് കിലോമീറ്ററിനുള്ളിൽ രണ്ട് ധ്രുവങ്ങളിലെത്തിയ ഈ അനുഭവം ആഗോളവത്കരണാനന്തര ഇന്ത്യയുടെ കൃത്യമായ പരിഛേദമാണ്.

ഏക് മുൽക്… ഏക് ലഫ്സ്… ഫിർ ദുശ്മനി

ഒരു പത്രപ്രവർത്തകന് മാത്രം സാധ്യമാകുന്ന ചില യാത്രകളാണ് പുസ്തകത്തിന് മിഴിവേകുന്ന മറ്റു ചില ഭാഗങ്ങൾ. ഒരു ദേശരാഷ്ട്രം എന്ന നിലയിൽ ഇന്ത്യൻ ഭരണകൂടത്തോട് അഭ്യന്തരമായി പല നിലയിൽ ഇടയുന്ന ഗ്രൂപ്പുകളിലേക്കുള്ള അന്വേഷണ യാത്രകളാണവ. പലയിടത്തും സാഹസികത മുഖമുദ്രയാവുന്ന ആ യാത്രകളിൽ വിഘടനവാദ, തീവ്രവാദ സംഘങ്ങളോടൊപ്പം സ്വയമേവ ഭരണകൂടമായി പ്രഖ്യാപിച്ച് നിയമവാഴ്ച്ച (?) നടപ്പിലാക്കുന്ന ചില വ്യക്തികളെയും നാം കണ്ടുമുട്ടും. നേരിട്ടിതിന്റെ ഭാഗമല്ല എങ്കിലും ബംഗ്ലാദേശിലേക്ക് അതിർത്തി മുറിച്ചുകടന്നതും പാക്കിസ്ഥാനിലേക്ക് അനുമതിയോടെ നടത്തിയ യാത്രയും ഏകദേശം ഈ അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ നിലകൊള്ളുന്നു, വിഭജനത്തിന്റെ രാഷ്ട്രീയ-സാംസ്കാരികഫലങ്ങളാണ് ഈ യാത്രകൾ അനാവരണം ചെയ്യുന്നത് എന്നതിനാൽ. 1980 കളിലും 90 കളിലും ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ പേരുകേട്ട മുൻനിരപോരാളിയും നേതാവുമായ ബാബാ ഗുരുചൻ സിങ് മനോച്ചലിനെ കാണാനായി നടത്തിയ, ഉദ്ദേശ്യം സഫലമാവാതെ പോയ ആനന്ദ് പൂർ സാഹിബ് യാത്ര, ജമ്മു കാഷ്മീരിലേക്ക് പലപ്പോഴായി നടത്തിയ യാത്രകൾ അവയിൽ തന്നെ അൽജിഹാദ് മുജാഹിദ്ദീന്റെ കാമ്പിൽ തടവിൽ കഴിയേണ്ടി വന്ന അനുഭവം, നയാ ഗൂർഖാലാന്റിന്റെ നേതാവായ ബിമൽ ഗുരുങ്ങിനെക്കാണാൻ റൂം ടെക്കിലേക്ക് നടത്തിയ യാത്ര എന്നിങ്ങനെ അസംഖ്യം സാഹസികാനുഭവങ്ങൾ ഈ അന്വേഷണ വഴിയിൽ ചുരുൾ നിവരുന്നു.

ഇത്തരം യാത്രകളിലെ ഹൃദ്യമായ ഒരനുഭവമായി വെങ്കിടേഷ് കുറിക്കുന്നത് 1992 ഫെബ്രുവരി 19 ന് ലഹോറിലേക്ക് നടത്തിയ ഒരു യാത്രയെയാണ്. ഈ യാത്ര അവിസ്മരണീയമാകുന്നത് വെങ്കിടേഷിന്റെ ഡ്രൈവർ കൂടിയായ ഹർ ദേവ് സിങ്ങിന്റെ സാന്നിധ്യമാണ്. ചേർത്തു പറയട്ടെ, വഴിവിട്ട യാത്രകളിൽ വായനക്കാരെ ആകർഷിക്കുന്ന പ്രധാന കഥാപാത്രങ്ങളാണ് യാത്രകളിലെ ഡ്രൈവർമാർ. അവരെ ‘സാരഥി’ എന്നു വിശേഷിപ്പിക്കാൻ മാത്രമേ വെങ്കിടേഷ് തയ്യാറാവുന്നുള്ളൂ. പൊളിറ്റിക്കലി കറക്ട് ആയ വിശേഷണമായിരിക്കുക എന്നതിനെക്കാൾ ഈ ‘സാരഥി’ വിളിക്കു മറ്റു ധാരാളം മാനങ്ങളുണ്ട്. വെങ്കിടേഷിന്റെ യാത്രകളിലെ ഉദ്വേഗങ്ങളും വളവുകളും തിരിവുകളും പലപ്പോഴും സാധ്യമാക്കുന്നത് ഈ സാരഥിമാരാണ്. കൺമുന്നിലെ അപകടങ്ങളിൽ നിന്നു രക്ഷിച്ചെടുത്തും അക്രമണങ്ങളിൽ പതറാതെ മനഃസ്ഥൈര്യത്തോടെ അവയെ മറികടന്നും അവരാണ് വെങ്കിടേഷിന്റെ പലയാത്രകളും ‘വഴിവിട്ട’താക്കുന്നത്. ആ കോമ്രേഡ്ഷിപ്പാണ് സാരഥി എന്ന വിളിയിലുള്ളതും. ഹർദേവ് സിങ്ങ് ഉദാഹരണമാണ്. ‘മനഃസ്ഥൈര്യത്തിന്റെ ആൾരൂപം’ എന്നാണ് വെങ്കിടേഷ് അയാളെ വിശേഷിപ്പിക്കുന്നത്. തീവ്രവാദി നേതാവ് സത്നം സിങ് ചീമയെ കാണാനുള്ള ഒരു യാത്രയ്ക്കിടെ തീവ്രവാദികളുടെയും സുരക്ഷാസൈനികരുടെയും പരസ്പര വെടിവെപ്പിനിടയിൽ വെങ്കിടേഷ് കുടുങ്ങുന്നുണ്ട്. ഏതാണ്ട് പത്ത് കിലോമീറ്ററോളം, അറുപത് കി.മി.സ്പീഡിൽ വാഹനം പിറകോട്ടോടിച്ചാണത്രേ ഹർദേവ് വെങ്കിടേഷിനെ രക്ഷിച്ചെടുത്തത്. ഭീതിയുടെ ആഴങ്ങൾ കണ്ട ആ അനുഭവത്തെ ‘സില്ലി’ ആയി നേരിട്ട ഹർദേവിനെ വൈകാരികമായി ബാധിച്ച യാത്രയായിരുന്നു മുകളിൽ പറഞ്ഞ ലഹോർ സന്ദർശനം.

അമൃത്സറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വി.ഐ.പി.കൾക്കും പത്രപ്രവർത്തകർക്കും ഒരു ദിവസത്തേക്ക് ലാഹോർ സന്ദർശിക്കാൻ ലഭിച്ച സ്പെഷ്യൽ പെർമിറ്റുമായാണ് വെങ്കിടേഷും ഹർദേവും ലാഹോറിലേക്ക് പോയത്. ഈ യാത്ര വെങ്കിടേഷിന്റേത് എന്നതിനെക്കാൾ ഹർദേവിന്റെതാണ്. അയാളുടെ ജന്മനഗരമാണ് ലാഹോർ. സ്ഥിതപ്രജ്ഞനായ ഈ സാരഥി വികാരവൈവശ്യം കൊള്ളുന്നതിനെക്കുറിച്ച് വെങ്കിടേഷ് എഴുതുന്നു;

അമൃത്സറിൽ നിന്നുള്ള വഴി മുഴുവൻ ഭ്രാന്തമായി സ്വയം സംസാരം തുടർന്ന ഹർദേവ്, ലാഹോറിലേക്ക് പ്രവേശിക്കുന്ന ദൽഹി ഗേറ്റു കഴിഞ്ഞ് അക്ബരി മണ്ഡി എന്ന കച്ചവടകേന്ദ്രത്തിലേക്ക് എത്തുമ്പോഴേക്കും സർവനിയന്ത്രണവും വിട്ട അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. നിയന്ത്രണപൂർണമായ ഡ്രൈവിംഗിനും നിതാന്തജാഗ്രതയ്ക്കും പേരുകേട്ട ഈ ഡ്രൈവർ വഴിയിൽ തനിക്കു മുഖപരിചയമുള്ള ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കി ഡ്രൈവിംഗിലെ ഏകാഗ്രത തുടരെത്തുടരെ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. അക്ബരി മണ്ഡിയിൽ ആരെയും കണ്ടില്ല. ഒടുവിൽ താൻ ജനിച്ച മൊഹള്ള (തെരുവ്) ആയ മോറി ഗേറ്റിനരികിൽ എത്തിയപ്പോൾ, ഹർദേവിന്റെ അന്വേഷണത്തിന് ആദ്യവിജയം കിട്ടി”

ആ തെരുവിൽ വഴിയോര ചായക്കട നടത്തുന്ന നിയാസ് അലി എന്ന മധ്യവയസ്കനെയാണ് പാക്കിസ്ഥാനിലെ തന്റെ ബാല്യകാലത്തിൽ നിന്ന് ഹർദേവ് കണ്ടെത്തുന്നത്. പതിറ്റാണ്ടുകൾക്കുശേഷം കണ്ടുമുട്ടിയ ആ മധ്യവയസ്കർ ആശ്ലേഷഭരിതരാവുകയും സന്തോഷാധിക്യത്താൽ നൃത്തം ചെയ്യുകയും ചെയ്തത് വെങ്കിടേഷ് വരച്ചിടുന്നു. നിയാസ് അലി വിളിച്ചുകൂട്ടിയ ഹർദേവിന്റെ ബാല്യകാലസുഹൃത്തുക്കൾ ചേർന്ന് ആ ചായക്കടയെ വിരുന്നു സൽക്കാര കേന്ദ്രമാക്കിയത്രേ. ഹർദേവിനെയും വെങ്കിടേഷിനെയും ലാഹോറിലെ കാഴ്ച്ചകൾ കാണിച്ച്, പഞ്ചാബി കുശിനിയുടെ രുചികൾ മുഴുവൻ അനുഭവിപ്പിച്ച് വൈകുന്നേരത്തോടെ വിട പറയുന്ന ആ ബാല്യകാല സുഹൃത്തുക്കൾ രാജ്യാതിർത്തിക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ ദൃഷ്ടാന്തമാകുന്നു. ‘ഏക് മുൽക്… ഏക് ലഫ്സ്… ഫിർ ദുശ്മനി’ (ഒരേ സമൂഹം ഒരേ ഭാഷ എന്നിട്ടും ശത്രുതയോ) എന്ന ഹർദേവിന്റെ ആത്മവിലാപം ബാക്കിയാക്കിക്കൊണ്ട്.

ഈശ്വർ അല്ലാഹ് തേരോ നാം

2004 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ദേശീയ ജനാധിപത്യസഖ്യം അവതരിപ്പിച്ച ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം വഴിവിട്ട യാത്രകളിൽ നിരന്തരം ആവർത്തിക്കപ്പെടുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയുടെ തെരുവുകളിലും ഗ്രാമങ്ങളിലും ഈ തിളക്കം കാണുന്നുണ്ടോ എന്നന്വേഷിച്ച പത്രപ്രവർത്തകൻ കൂടിയാണല്ലോ വെങ്കിടേഷ്. മഹാനഗരങ്ങളിലെ രമ്യഹർമ്മങ്ങളിലും കെട്ടിടസമുച്ചയങ്ങളിലും മാത്രം യാഥാർത്ഥ്യമായ ഒരു അസംബന്ധമുദ്രാവാക്യമാണ് ഇന്ത്യയുടെ തിളക്കം. സാമ്പത്തിക വൈരുധ്യങ്ങൾ പെരുകിക്കൊണ്ടിരിക്കുമ്പോഴും അതു മറച്ചുവെച്ച് മുഖ്യധാരാ മാധ്യമസ്ഥാപനങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത ഈ തിളക്കത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ യഥാർത്ഥ തിളക്കം അനാവരണം ചെയ്യപ്പെടുന്നുണ്ട് വഴിവിട്ട യാത്രകളിൽ. അമ്പരിപ്പിക്കുന്ന നിലയിലുള്ള ഇന്ത്യൻ ബഹുസ്വരതയാണത്. ഒരർഥത്തിൽ ഈ ബഹുസ്വരതയാണ് വഴിവിട്ട യാത്രകളുടെ രാഷ്ട്രീയ ഊർജ്ജവും. ഏത് തീക്ഷ്ണമായ വർഗീയപ്രചരണങ്ങളെയും വിഭാഗീയതകളെയും അതിവർത്തിക്കാൻ തക്ക നിലയിൽ ‘പങ്കുവെക്കൽ സംസ്കാരവും’, ഏകമുഖമായ സാംസ്കാരിക ദേശീയതയെ അകമേ പിളർക്കാൻ പര്യാപ്തമായ ‘നാനാസംസ്കൃതി’കളുടെ പെരുപ്പത്തെയും വഴിവിട്ട യാത്രകൾ ഫോക്കസ് ചെയ്യുന്നു. ഇന്ത്യയുടെ ഭൗതികയാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഈ ചിത്രണം നമ്മെ ശുഭപ്രതീക്ഷയിലേക്ക് വീണ്ടും അടുപ്പിക്കുന്നു.

ഉത്തരേന്ത്യയിലെ വിവിധ ആഘോഷങ്ങളിലൂടെയും ഉത്സവങ്ങളിലൂടെയും നിരന്തരം കടന്നു പോകുന്നുണ്ട് വഴിവിട്ട യാത്രകൾ. അവിടെയെല്ലാം തെളിയുന്ന സഹവർത്തിത്വത്തിന്റെ ദൃശ്യങ്ങൾ വെങ്കിടേഷ് ഒപ്പിയെടുക്കുന്നു. ഉത്തർപ്രദേശിലെ ദേവാ ഷരീഫിലെ സൂഫിവര്യനായ ഹാജി വാരിസ് അലി ഷായുടെ ഉറൂസ് ആചരണവും അതിന്റെ ഭാഗമായ ദീപാവലി ആഘോഷവും ഇന്ത്യൻ സഹവർത്തിത്വത്തിന്റെ ഒരനന്യപാഠമാവുന്നത് വെങ്കിടേഷ് ചൂണ്ടിക്കാട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന നാടോടിയായ ഈ സൂഫിവര്യന്റെ പ്രധാനസന്ദേശമായ ‘എല്ലാ മനുഷ്യരും ഒന്നാണ്’ എന്ന വാചകം ദർഗയിൽ എഴുതിവെച്ചിട്ടുണ്ടത്രേ. ഈ സന്ദേശത്തെ സാർഥമാക്കുന്ന നിലയിൽ ദേവാഷറീഫിൽ നാനാജാതിമതസ്ഥരുടെ സാന്നിധ്യത്താൽ നടത്തപ്പെടുന്ന സൂഫി ദീപാവലിയുടെ മിഴിവാർന്ന ചിത്രം വഴിവിട്ട യാത്രകൾ കാണിച്ചുതരുന്നു.

വാരാണസിയിലെ ആരതിയാണ് സമാനമായ മറ്റൊരു സഹവർത്തിത്വപാഠം. ദീപാവലിക്കു തൊട്ടുപിറകെ എല്ലാവർഷവും വാരാണസിയിൽ അരങ്ങേറുന്ന ജനകീയോത്സവമായ ദേവ് ദീപാവലി 1998 മുതൽ മറ്റൊരു സന്ദേശം കൂടി ലോകത്തിന് പ്രദാനം ചെയ്തു തുടങ്ങി. ആ വർഷം വാരാണസിയിലെ പ്രധാനപ്പെട്ട സ്നാനഘട്ടങ്ങളിലൊന്നായ പഞ്ചഗംഗാതീർഥിൽ, ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷഹ്നായ് കച്ചേരി അരങ്ങേറി. അവിടുന്നിങ്ങോട്ട് എല്ലാ ദേവ് ദീപാവലിയിലും ഉസ്താദ് വാരാണസിയിൽ ഷഹ്നായി വായിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ മരണത്തിനുശേഷം മക്കളായ നയാബ് ഹുസൈൻ ഖാനും നസീബ് ഹുസൈൻ ഖാനും ബാപ്പയുടെ വഴി തങ്ങൾ പിന്തുടരുമെന്ന് പ്രഖ്യാപിച്ചത് ഹിന്ദുത്വഗ്രൂപ്പുകളിൽ അസ്വാരസ്യം വിതച്ചു. ബാലാജിയെന്ന ഹിന്ദുഭഗവാനെ നേരിട്ടു ദർശിച്ചിട്ടുണ്ട് എന്ന് സ്വയം വിശ്വസിക്കുകയും, അല്ലാഹുവും ഭഗവാനും തനിക്കൊന്നാണെന്ന് പറയുകയും ചെയ്തു പോന്ന ബിസ്മില്ലാ ഖാനിൽ നിന്ന് വ്യത്യസ്തരായാണ് പള്ളിയിൽ മാത്രം പോകുമായിരുന്ന നയാബിനെയും നസീമിനെയും ഹിന്ദുത്വ കണ്ടത്. 2006 ലെ ദേവ് ദീപാവലിയിൽ ഈ സഹോദരങ്ങളുടെ ഷഹ്നായി-തബലവാദനം ഹിന്ദുത്വയുടെ ഭീഷണികളെ എതിരിട്ടു കൊണ്ടാണ് അരങ്ങേറുന്നത്. പ്രദേശവാസികളുടെ പിന്തുണയോടെ ഖാൻ സഹോദരൻമാർ കച്ചേരി ആരംഭിക്കെ സദസ്സിൽ  നിന്ന് ഹിന്ദു ഗ്രൂപ്പുകളുടെ പ്രതിഷേധമാരംഭിച്ചു. വെങ്കിടേഷ് എഴുതുന്നു;

നയാബിന്റെയും നസീമിന്റെയും വാദനത്തെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹർ ഹർ മഹാദേവ് വിളികൾ ഉയർന്നു. പരിപാടി അലങ്കോലമാവുമോ എന്നു ഞങ്ങൾ സംശയിച്ചു. പക്ഷേ, ബിസ്മില്ലാഖാന്റെ സന്ദേശത്തിലും അതിന്റെ പാരമ്പര്യത്തുടർച്ചയിലും വിശ്വസിച്ച ആ ജനസഞ്ചയം സമാധാനപരമായിത്തന്നെ ആ പിളർപ്പൻ കളിക്ക് മറുപടി നൽകി. ഓരോ ഹർ ഹർ മഹാദേവിനുശേഷവും, ഈശ്വർ അല്ലാഹ് തേരോ നാം, സബ് കോ സൻമതി ദേ ഭഗവൻ എന്ന ഗാന്ധിഗീതകം സദസ്സിൽ നിന്നു ഉറക്കെ മുഴങ്ങി. പതുക്കെ വിധ്വംസകമുദ്രാവാക്യങ്ങളും അവ ഉയർത്തിയവരും അടങ്ങി”.

സഹവർത്തിത്വത്തിന്റെയും ഒരുമയുടെയും ഈ അനന്യപാഠങ്ങളാണ് ഇന്ത്യയുടെ യഥാർത്ഥതിളക്കമെന്ന് പുസ്തകം പറഞ്ഞു വെക്കുന്നു.

‘ടുണ്ടേ കബാബിയിൽ ബീഫില്ല’ എന്ന അധ്യായത്തെക്കുറിച്ച് കൂടി ഈ കുറിപ്പിൽ സൂചിപ്പിക്കേണ്ടതുണ്ട്. വാസ്തവത്തിൽ ഇതൊരധ്യായമല്ല;പുസ്തകത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന രുചിഭേദങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ അനുബന്ധം മാത്രമാണ്. ഇന്ത്യയിലെ ഭക്ഷണവൈവിധ്യത്തെക്കുറിച്ചുള്ള ദീർഘമായ വിവരണമാണിത്. എലിയിറച്ചി മുതൽ ബീഫ് വരെ നീളുന്ന ഇന്ത്യൻ രുചി വൈവിധ്യങ്ങളിലൂടെയും കുശിനികളിലൂടെയുമുള്ള ഒരു സഞ്ചാരം. പല വിഭവങ്ങളുടെയും റെസിപ്പി പോലും വെങ്കിടേഷ് നമുക്കായി പകർത്തുന്നുണ്ട്. പുസ്തകത്തിലെ ഏറ്റവും വലിയ അധ്യായവും ഭക്ഷണത്തെക്കുറിച്ചുള്ള ഈ ഭാഗമാണ്. വെങ്കിടേഷ് രാമകൃഷ്ണൻ ഒരു ഭക്ഷണപ്രിയൻ കൂടിയാണ് എന്നനുമാനിക്കേണ്ടിയിരിക്കുന്നു. ഭാഷയിൽ മിതത്വം പാലിക്കുന്ന അദ്ദേഹം ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പിടിവിടുന്നത് മറ്റെന്ത് കാരണത്താലാണ്.  അതെന്തായാലും ഇന്ത്യയുടെ ബഹുലതയുടെ അടയാളമായി ഈ ഭക്ഷണസംസ്കാരം നമുക്ക് മുൻപിൽ നിലയുറപ്പിക്കുന്നു. ഏകമുഖമായ സംസ്കാരദേശീയതയുടെ ഹിംസാത്മകരാഷ്ട്രീയത്തെ അകമേ വെല്ലുവിളിച്ചു കൊണ്ട്. ആ നിലയിൽ ഇന്ത്യയുടെ ഭാവിയെ ശുഭാപ്തിവിശ്വാസത്തോടെ വീക്ഷിക്കുന്ന ഒരു യാത്രികനെയാണ് ആത്യന്തികമായി വഴിവിട്ട യാത്രകളിൽ നിന്ന് നാം കണ്ടെടുക്കുന്നത്. ഒരിടത്ത് ആർ.കെ.നാരായണൻ വി.എസ്.നയ്പാളിനോട് പറഞ്ഞ ഒരു വാചകം തന്നെ വെങ്കിടേഷ് എടുത്തെഴുതുന്നു; Whatever happens, lndia will go on “എന്തൊക്കെ സംഭവിച്ചാലും, ഇന്ത്യ മുന്നോട്ടുപോവുക തന്നെ ചെയ്യും”.


 

 

 

Comments

comments