ദ്യോവിനെ വിറപ്പിക്കുമാവിളി  – ഭാഗം: 4 – ഡോ. ശ്രീധർ വിജയകൃഷ്ണൻ

“പാറയിൽ നിന്നും ജലം പോലെ, വിസ്മയമേ, തൻ
വീര്യമൊക്കെയും വാർന്നു പോവതായ് ത്തോന്നീടുന്നു”

— വൈലോപ്പിള്ളി ശ്രീധരമേനോൻ

2018ൽ ബെംഗളൂരുവിൽ വെച്ച് നടന്ന Nature in Focus എന്ന പ്രകൃതി സംരക്ഷണ മഹോത്സവത്തിൽ പ്രഭാഷകനായി അന്നത്തെ സംഘാടകർ എന്നെ ക്ഷണിക്കുകയുണ്ടായി. അന്നത്തെ ആ പ്രഭാഷണം ആനകളുടെ കൂടെ ഞാൻ പിന്നിട്ട നാൾവഴികളെ കുറിച്ചായിരുന്നു. അരമണിക്കൂർ അവതരണത്തിനും  തുടർന്ന് നടന്ന മനുഷ്യ–വന്യജീവി സംഘർഷത്തെ കുറിച്ചുള്ള ചർച്ചയ്ക്കും ശേഷം വേദിയിൽ നിന്ന് താഴെയിറങ്ങിയപ്പോഴാണ് ചലച്ചിത്രകാരിയായ കാർത്തികി ഗോൺസാൽവേസ് പരിചയപ്പെടാനെത്തിയത്. സംഭാഷണത്തിൽ അവർ പറഞ്ഞത് ഇങ്ങനെയാണ്:  തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്ത് വെച്ച് വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ ഒരു തള്ളയാനയുടെ കുട്ടിയെ മുതുമലയിലെ തെപ്പക്കാട് ആനപരിപാലനകേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട് അതിനെ കൊണ്ട് വന്ന ദിവസം മുതൽക്കുള്ള ആനയിലെ മാറ്റങ്ങളും ആ കുട്ടിയുടെ അതിജീവനവും ക്യാമ്പിലെ ആനയുടെ പരിപാലകരായ കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട രണ്ട് പേരുടെയും ആ വിഭാഗത്തിലെ ആനക്കാരുടെ ആനപരിപാലനരീതികളും ആധാരമാക്കി ഒരു ഹ്രസ്വചിത്രമെടുക്കണെമെന്ന് ആഗ്രഹിക്കുന്നു.  അതിന്റെ അടിസ്ഥാന രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആനകളുടെയും ആനക്കാരുടെയും കൂടെ അടുത്തിടപഴകി അവരുടെ രീതികളെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന എന്റെ ഇൻപുട്ടുകൾ ലഭിച്ചാൽ നന്നാവുമെന്നും അതിനാൽ ചിത്രത്തിന്റെ ഭാഗമാവാൻ വിരോധമുണ്ടോ എന്നുമവർ ആരാഞ്ഞു. അങ്ങനെയാണ് പിൽക്കാലത്ത്, ഏകദേശം അര പതിറ്റാണ്ടിന് ശേഷം, വിശ്വചലച്ചിത്ര പുരസ്‌കാരമായ ഓസ്കർ വേദി വരെയെത്തി, പുരസ്കൃതമായി മാറിയ ഒരു കലാസൃഷ്ടിയുടെ ഭാഗമാവാൻ അവസരം ലഭിച്ചത്.

2018ൽ ചിത്രത്തിന്റെ പിന്നണി പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ കൂട്ടത്തിൽ നിന്നും വിട്ട് പോവുന്ന ആനകളുടെ പരിപാലനരീതികളുടെ സങ്കീർണ്ണതകളെക്കുറിച്ചും ആനപരിപാലനത്തിലെ അധികമാരും അറിയപ്പെടാതെ പോവുന്ന ആദിവാസിവിഭാഗത്തിൽപ്പെട്ട ആനക്കാരുടെ പ്രവർത്തനശൈലികളെക്കുറിച്ചും ജനങ്ങളെ അവബോധരാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. വളരെ അടിസ്ഥാനപരമായ വിവരങ്ങളെ കോർത്തിണക്കിക്കൊണ്ട് ഒരു കഥ പറയൽ എന്നതായിരുന്നു ചലച്ചിത്രകാരിയുടെ മനസ്സിലുള്ള സങ്കല്പം. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് പിന്നണിപ്രവർത്തകരുമായി പല തവണ നടന്ന ചർച്ചകളിലൂടെ ആനപരിപാലനത്തിലെ അവിദിതമായ തലങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞതിലൂടെയും ദീർഘകാലം ക്യാമ്പിലെ ആനകളുടെയും ആനക്കാരുടെയും അവിടുത്തെ മൂപ്പന്റെയും മറ്റും കൂടെ സമയം ചിലവഴിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതിലൂടെയും കഥാതന്തു വളരുകയായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ രീതിയിൽ പ്ലാൻ ചെയ്തിരുന്ന ആ ചിത്രത്തിന്റെ നിർമ്മാണം Netflix വരെയെത്തുകയും ചെയ്തു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് കാരണം ചിത്രീകരണവും പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടെങ്കിൽ കൂടി എല്ലാ സുരക്ഷാനടപടികളും എടുക്കാമെന്ന ഉറപ്പിന്റെ പുറത്ത് ചിത്രത്തിന്റെ നിർമ്മാണവുമായി മുന്നോട്ട് പോവാനുള്ള അനുമതി തമിഴ്‌നാട് വനംവകുപ്പ് നൽകിയ പ്രകാരം ഫീൽഡിലെ കാര്യങ്ങൾ പതുക്കെയെങ്കിലും പുരോഗമിച്ച്, 2021ഓട് കൂടി സിനിമ പൂർത്തീകരിക്കാൻ സാധിച്ചു.

മേൽപ്പറഞ്ഞ സംഭവങ്ങൾക്ക് ഈ പരമ്പരയുമായി എന്താണ് ബന്ധമെന്ന് ഇനിയങ്ങോട്ട് പറയാം. കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ച ആനക്കാരുടെ തലമുറകളിൽ വന്നിട്ടുള്ള മാറ്റങ്ങളും അത് കാരണം ആനപരിപാലനത്തിൽ വന്നിട്ടുള്ള വീഴ്ച്ചകളുടെയും അനുബന്ധപ്രശ്നങ്ങളുടെയും കൂട്ടത്തിൽ ലഘുവായി ആദിവാസി വിഭാഗത്തിൽപ്പെട്ട ആനക്കാരുടെ ആനപരിപാലനരീതികളെ കുറിച്ച് പരാമർശിക്കുകയുണ്ടായി. ആ രീതികളുടെ ചില വശങ്ങളെക്കുറിച്ച് ഒരല്പം വിശദമായി പ്രതിപാദിക്കുന്നതാണ് ഈ ലക്കം.

2005ൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത ബോളുവാംപട്ടി എന്ന മേഖലയിലൂടെ ഒരിക്കൽ സഞ്ചരിച്ച് കൊണ്ടിരുന്ന വേളയിൽ ഒരു കാഴ്‌ച്ച കാണാനിടയായി––ആജാനുബാഹുക്കളായി തോന്നിച്ചിരുന്ന മൂന്നാനകൾ റോഡരികിലൂടെ നടന്നു നീങ്ങുന്നു. വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ആ മേഖലയിൽ നിരന്തരമായി ആനകൾ കൃഷിനശിപ്പിക്കുന്നത് പ്രതിരോധിക്കാനായി തമിഴ്‌നാട് വനംവകുപ്പ് രംഗത്തിറക്കിയ “കുംകി” ആനകളായിരുന്നു അത് എന്ന് മനസ്സിലാവാൻ അധികം താമസിച്ചില്ല –– അതിനെക്കുറിച്ചു “ദി ഹിന്ദുവിൽ” ഏതാനും ദിവസങ്ങൾക്ക് മുന്നേ വാർത്തയുണ്ടായിരുന്നു. ക്യാമ്പിലെ ആനകളെ അക്കാലത്ത് അടുത്തറിഞ്ഞിരുന്നില്ലെങ്കിൽ കൂടി കണ്ടമാത്ര ശ്രദ്ധയിൽപ്പെട്ടത് ഇടച്ചങ്ങല മാത്രമിട്ട് കൊണ്ട് ആനകളെ നയിച്ച് കൊണ്ട് പോവുന്ന കാഴ്ച്ചയായിരുന്നു. അന്നോളം അങ്ങനൊരു കാഴ്ച്ച ഞാൻ കണ്ടിട്ടുണ്ടായിരുന്നത് ഗുരുവായൂർ കണ്ണൻ ആനയെ മണ്ണാരത്ത് ശങ്കരനാരായണൻ, മധു നായർ എന്നീ ആനക്കാർ കൊണ്ട് നടക്കുമ്പോഴും മംഗലാംകുന്ന് ഗണപതിയെ കോട്ടപ്പുറം സ്വദേശി ശങ്കരനാരായണൻ കൊണ്ട് നടക്കുമ്പോഴും മാത്രമായിരുന്നു.

പിന്നീട് ഈ “കുംകി” ആനകളെ അടുത്തറിയാനും പോയി കാണാനും ഇടയ്ക്കൊക്കെ അവസരങ്ങൾ ലഭിച്ചിരുന്നു. നഞ്ജൻ, പല്ലവൻ, കാർത്തിക്, കലീം, തുടങ്ങിയ ആനകളായിരുന്നു പതിവ് “ആനപ്പോലീസുകാർ”. കാട്ടിൽ നിന്നും പിടികൂടി, പഴക്കിയെടുത്ത്, മറ്റ് ആനകളെ നേരിടാനും, ഓടിക്കാനും, അത്യന്താപേക്ഷിതഘട്ടങ്ങളിൽ “കൈകാര്യം” ചെയ്യാനും, പിടികൂടുന്ന കാട്ടാനയെ ഇടംവലം നിന്ന് നിയന്ത്രിക്കാനും മറ്റുമുള്ള “ഉപരിപഠനങ്ങൾ” സിദ്ധിച്ച ആനകളാണ് കുംകികൾ. കേരളത്തിൽ ഇത്തരം ആനകൾ താപ്പാനകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. കേരള വനംവകുപ്പിന്റെ കോടനാട് ക്യാമ്പിൽ ഉണ്ടായിരുന്ന രവി (പിൽക്കാലത്ത് ലേലം ചെയ്യപ്പെട്ട് തൃശൂർ കുട്ടൻകുളങ്ങര ദേവസ്വം വക പദ്മനാഭനായി മാറി), ആര്യങ്കാവുണ്ടായിരുന്ന മണിയൻ, ഇപ്പൊ കോട്ടൂർ കേന്ദ്രത്തിൽ വിശ്രമജീവിതം നൽകിയിട്ടുള്ള സോമൻ, തുടങ്ങി ഏതാനും ആനകളാണ് ഈ വിഭാഗത്തിൽ കേരളത്തിൽ പരിശീലനം സിദ്ധിച്ച അവസാന ബാച്ച് ആനകളിൽ ചിലത്. ഇന്ന് ഈ പ്രവർത്തനത്തിനായി വിനിയോഗിക്കുന്ന ആനകൾ പല ഘട്ടങ്ങളിലായി തമിഴ്‌നാട് വനംവകുപ്പിന്റെ മുതുമല ക്യാമ്പിൽ നിന്നും ശിക്ഷണം ലഭിച്ചവയോ പറമ്പിക്കുളത്തിനടുത്തുള്ള ടോപ്സ്ലിപ്പിൽ നിന്നുമുള്ള മലസർ വിഭാഗത്തിൽപ്പെട്ട ആനക്കാർ കെട്ടിപ്പഴക്കിയവയോ ആണ്.

 

പ്രശ്നബാധിത മേഖലയിൽ കാട്ടാനയ്ക്കായുള്ള താൽക്കാലിക പന്തിയുടെ പണികളിൽ ഏർപ്പെട്ടിരിക്കുന്ന തമിഴ്‌നാട് വനം വകുപ്പിന്റെ കലീം ആന. മുകളിൽ ആനക്കാരൻ പഴനിസ്വാമി. ആനയ്ക്ക് കന്നക്കുഴിയിൽ നിന്നും മദജലം ഒലിച്ചിറങ്ങുന്നത് കാണാം. കടപ്പാട്: ശരത്ത് കുമാർ, ഹൈദരാബാദ്

തമിഴ്‌നാട്ടിലെ കുംകികളിലേക്ക് മടങ്ങി വരാം. 2007ൽ ഒരിക്കൽ ടോപ്‌സ്‌ലിപ്പ്‌ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോഴാണ് അവരുടെ ആനക്ക്യാമ്പും അവിടുത്തെ ആനകളെയും ഒന്ന് കൂടി അടുത്തറിയാൻ സാധിച്ചത്. പിന്നീട് 2010ൽ പാലക്കാട് ജില്ലയിലെ മലമ്പുഴയ്ക്കടുത്ത് ഇറങ്ങിയ ആനകളെ തുരത്താൻ തമിഴ്‌നാട് വനംവകുപ്പിന്റെ ആനകളെ സ്ഥലത്തെത്തിച്ചപ്പോൾ സുഹൃത്തക്കളോടൊത്ത് ചെന്നു. ഇവരുടെ––ആനകളുടെയും ആനക്കാരുടെയും––കർമ്മപാടവം അന്ന് വീണ്ടും കാണാനിടയായി. കപിൽദേവ്, കാർത്തിക്, പാരി, ഭരണി എന്നീ നാല് ആനകളെയാണ് അന്ന് കൊണ്ടുവന്നത്. 2012ൽ ടോപ്‌സ്‌ലിപ്പ് മേഖലയുടെ ചാർജ്ജുള്ള ഓഫീസറായി അടുത്ത സുഹൃത്ത് ചാർജ്ജെടുത്ത സമയത്ത് ക്യാമ്പിൽ അനവധി നാളുകൾ ചിലവഴിക്കാൻ സാധിച്ചു. പിന്നീട് ഗവേഷണത്തിനായി തിരികെ വീണ്ടും ആനമലയിൽ എത്തിയത് മുതൽ ക്യാമ്പിലെ ആനക്കാരും ആനകളുമായും വളരെയടുത്ത് പ്രവർത്തിക്കാനും അവിടുത്തെ രീതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് മനസ്സിലാക്കാനും സാധിച്ചു. തമിഴ്‌നാട്ടിൽ മുതുമലയിലും ആനമലയിലും ക്യാമ്പുകൾ ഉണ്ടെങ്കിൽ കൂടി ഈയൊരു ലേഖനത്തിൽ അതിനാൽ തന്നെ ആനമലക്കാടുകളിലെ ആനകളെയും ആനക്കാരെയും/ആനക്കുടുംബങ്ങളെയും കുറിച്ചാണ് കൂടുതൽ പ്രതിപാദിക്കുന്നത്.

ആനമലക്കാടുകളിൽ മലസർ, കാടർ വിഭാഗങ്ങളിൽപ്പെട്ടവരാണ് ആനപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ കാടർ വിഭാഗത്തിൽ നിന്നുമുള്ളവർ ഇന്ന് വിരളമാണ്. കൊച്ചി മഹാരാജാവിന്റെ അധീനതയിലായിരുന്ന പറമ്പിക്കുളം കാടുകളിൽ കൊല്ലങ്കോട് രാജാവിന്റെ നേതൃത്വത്തിൽ ഒരുകാലത്ത് പരക്കെ ആനപ്പിടുത്തങ്ങൾ നടന്നിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ടോപ്‌സ്‌ലിപ്പ് മേഖല എന്നാൽ അന്നത്തെ കോയമ്പത്തൂർ ഫോറസ്റ്റ് സർക്കിളിന്റെ ഭാഗമായിരുന്നതിനാൽ അന്നത്തെ സർക്കാർ നേരിട്ടാണ് ആനപ്പിടുത്തം നടപ്പിലാക്കിയിരുന്നത്. അതോടൊപ്പം തന്നെ വേട്ടക്കാരൻപുത്തൂർ കൗണ്ടറും സർക്കാർ അനുവാദത്തോടെ ആനകളെ പിടികൂടിയിരുന്നു. ഈ രണ്ട് മേഖലകളിലും ആനപ്പിടുത്തവും പരിശീലനവും മേൽപ്പറഞ്ഞ രണ്ട് വിഭാഗക്കാരാണ് നടത്തിപ്പോന്നിരുന്നത്. 1972 വരെ ഈ ആനപ്പിടുത്തം തുടർന്ന് പോന്നു. തമിഴ്‌നാട് പരിധിയിൽ വരകളിയാറും കേരളത്തിൽ സുങ്കത്തും ഇതിന്റെ ശേഷിപ്പുകളായി ആനക്കൂടുകൾ അഥവാ പന്തികൾ കാണാൻ സാധിക്കും.

1990കളുടെ ആദ്യപാദത്തിൽ ആന്ധ്ര വനമേഖലയിൽ തമിഴ്‌നാട് വനം വകുപ്പിന്റെ ആനകളുടെയും ആനമലയിലെ ആനക്കാരുടെയും സഹായത്തോടെ കാട്ടാനയെ പിടികൂടിയിരുന്നു. ആ ഓപ്പറേഷന്റെ ചിത്രമാണിത്. അന്നത്തെ ദൗത്യസംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഡോക്ടർ വി കൃഷ്ണമൂർത്തിയെയും ചിത്രത്തിൽ കാണാം (വലത്തേ അറ്റത്ത് കൈ പുറകിൽ കെട്ടി നിൽക്കുന്ന വ്യക്തി). നടുക്ക് കഴുത്തിൽ വടത്തോടെ നിൽക്കുന്നത് അന്ന് പിടികൂടപ്പെട്ട കാട്ടാന. പല്ലവൻ എന്ന കുംകിയാനയുടെ സുരക്ഷിതത്വത്തിലിരുന്ന് ആനക്കാർ മയങ്ങി നിൽക്കുന്ന കാട്ടാനയെ ബന്ധവസ്സാക്കുന്നത് കാണാം. കാട്ടാനയുടെ മുന്നിലായി ദേവ് എന്നയാന കാവൽ നിൽക്കുന്നതും ചിത്രത്തിൽ കാണാം. കടപ്പാട്: ശരത്ത് കുമാർ, ഹൈദരാബാദ്

12 x 12 ചതുരശ്ര അടി വിസ്താരമുള്ള കൂടിനകത്താണ് ആനകളെ പരിശീലിപ്പിക്കുന്നത്. ഇന്ന് സംഘർഷപരിഹാരമെന്നോണം പിടികൂടുന്ന ആനകളെ പാർപ്പിക്കുന്ന, യൂക്കാലിപ്റ്റസ് മരം കൊണ്ട് നിർമ്മിക്കുന്ന താൽക്കാലിക കൂടുകൾ പോലെയല്ല സ്ഥായിയായിട്ടുള്ള കൂടുകളുടെ രൂപകൽപ്പന. ഭൂപ്രതലത്തിൽ നിന്ന് ഒരല്പം ഉയർന്ന കൂടുകളുടെ നിലത്ത് തേക്കിന്റെയോ കമ്പകത്തിന്റെയോ പാത്തികൾ വിരിക്കുകയാണ് പതിവ്. അതിന്റെ വിടവുകളിൽക്കൂടി ആനകളുടെ മൂത്രം താഴേക്ക് ഒഴുകി, കൂടിന്റെ അടിഭാഗത്തായി സജ്ജീകരിച്ചിട്ടുള്ള ചാലുകളിലൂടെ ദൂരേക്ക് ഒഴുക്കുന്നു. മലിനജലം തങ്ങി നിന്ന് ഈച്ചകൾ പെരുകാതിരിക്കാനും മൂത്രവും വെള്ളവും നിമിത്തം അമിതജലാംശം നിലനിന്ന് പാദരോഗം തുടങ്ങിയ പ്രശ്നങ്ങൾ വരാതിരിക്കാനുമാണ് ഈ സംവിധാനം. മരത്തിന്റെ കഴകളും സ്വതവേ നേരത്തെ പറഞ്ഞ മരങ്ങൾ കൊണ്ട് നിർമ്മിച്ചവ തന്നെയാണ്. ഒട്ടുമിക്ക ആനകൾ എതിർപ്പ് പ്രകടിപ്പിക്കാനായി മുഖം കൊണ്ടും തല കൊണ്ടും കൊമ്പുകൾ കൊണ്ടും ഇടിക്കുമെങ്കിൽ കൂടി കൂടിന്റെ കനത്ത കഴകൾ ഇവയെല്ലാം താങ്ങത്തക്കവണ്ണമുള്ളതാണ്. എന്തെങ്കിലും ചെറിയ കേടുകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ തന്നെ മാറ്റാനായി കരുതൽ കഴകളും അത് മാറ്റിയിടാൻ കുംകിയാനകളും എപ്പോഴും കൂടിനടുത്ത് സജ്ജമായിരുന്നു. കൂട് കാവലിനും അത്യാവശ്യഘട്ടങ്ങളിൽ വിനിയോഗിക്കാനുമായി ഏറ്റവും പരിശീലനം സിദ്ധിച്ച ഒന്നോ രണ്ടോ ആനകളെ “പന്തി ഡ്യൂട്ടിക്കാരായി” നിർത്താറുണ്ടായിരുന്നു.

മാത്രമല്ല സംഘർഷാനന്തരം പിടികൂടുന്ന ആനകളൊഴിച്ചാൽ പണ്ടത്തെ കാലത്ത് നന്നേ മുതിർന്ന ആനകളെ പിടികൂടുന്നത് അസാധാരണമായിരുന്നു.

മുന്നത്തെ ചിത്രത്തിലെ കാട്ടാനയെ പന്തിയിലേക്ക് നയിച്ച് കുംകിയാനയുടെ സഹായത്തോടെ തള്ളി അകത്തേക്ക് കയറ്റുന്ന കാഴ്ച്ച. കടപ്പാട്: ശരത്ത് കുമാർ, ഹൈദരാബാദ്

തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, തുടങ്ങി ആനപരിശീലനം ഇന്നും തുടർന്ന് പോരുന്ന അനവധി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി മലസർ-കാടർ തുടങ്ങിയ വിഭാഗക്കാർക്ക് ആനകളെ കെട്ടിപ്പഴക്കുന്നപ്രക്രിയ തുടങ്ങുന്നത് കൂട്ടിലടച്ച ആനകളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിലൂടെയാണ്. അത് മർദ്ദനമുറകളിൽ കൂടി സാധ്യമല്ലെന്ന് മാത്രമല്ല, അകാരണമായ ശിക്ഷാനടപടികൾ ആനകൾക്ക് മനുഷ്യരോടുള്ള വിശ്വാസ്യത പാടെ നഷ്ടപ്പെടാനും ഇടയാക്കുമെന്ന് മുൻലക്കത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. കരിമ്പ്, ശർക്കര, നാളികേരം തുടങ്ങിയ പദാർത്ഥങ്ങൾക്ക് അത് കൊണ്ട് തന്നെ പ്രാഥമിക ശിക്ഷണത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. കൂടിനടുത്തേക്ക് ആനക്കാരൻ നടന്നടുക്കുമ്പോൾ ഭയന്നിട്ടെന്നോണം പിൻവലിഞ്ഞ് മറുകോണിലേക്ക് നീങ്ങുന്ന ആന പൊടുന്നനെ ക്രോധാകുലനായി കഴയിൽ വന്നിടിച്ച് എതിർക്കുന്നത് അടങ്ങുന്നത് വരെ ആനക്കാരൻ അനുനയരീതികൾ കൈക്കൊണ്ട് ഭക്ഷണസാധനങ്ങൾ നൽകി ക്ഷമയോടെ കാത്തിരിക്കുന്നു. വടി-തോട്ടി-കത്തി മുതലായ ആയുധങ്ങൾ കൈയിലേന്തിയാൽ അഷ്ടദിക്കുകളെയും നടുക്കുന്ന ഏതൊരാനയെയും തന്റെ കാൽചുവട്ടിലാക്കാമെന്നുള്ള ധാരണയ്‌ക്കൊന്നും അവിടെ സ്ഥാനമില്ല. മാത്രമല്ല, കരിന്തുവര, കരുവള്ളി, പാല എന്നും മറ്റും ആനക്കാർക്കിടയിൽ അറിയപ്പെടുന്ന Diospyros എന്ന ജനുസ്സിൽപ്പെടുന്ന സസ്യത്തിന്റെ കമ്പ് വേരോട് കൂടി പറിച്ചെടുത്ത് വെള്ളത്തിലിട്ട് മൂപ്പിച്ച് കൈവശം വെക്കുന്നതൊഴിച്ചാൽ മലസർ-കാടർ വിഭാഗത്തിലെ ആനക്കാർക്ക് മറ്റ് ആയുധങ്ങളൊന്നുമില്ല. ഒരുപക്ഷെ ഏഷ്യയിൽ ആനപരിപാലനം നിലനിൽക്കുന്ന എല്ലാ മേഖലകളെയുമെടുത്താൽ തോട്ടി അല്ലെങ്കിൽ അതിന്റെ മറ്റ് രൂപങ്ങളായ അങ്കുശം തുടങ്ങിയ ആയുധങ്ങൾ അശ്ശേഷം ഉപയോഗിക്കാത്തത് തമിഴ്‌നാട്ടിലെ ആദിവാസിവിഭാഗക്കാരായ ആനക്കാർ മാത്രമാണ്. ചുരുക്കം ചിലരുടെ കൈവശം പരമ്പരാഗതമായി കിട്ടിയിട്ടുള്ള ഇത്തരം അങ്കുശങ്ങൾ മുൻകാലങ്ങളിൽ അടിയന്തിരസാഹചര്യങ്ങളിലെ ഉപയോഗത്തിനായി പണി കഴിപ്പിച്ചിരുന്നതാണെങ്കിൽ കൂടി ഇവയെല്ലാം ഭംഗിയായി തുണിയിൽ പൊതിഞ്ഞ് പൂജാദ്രവ്യങ്ങളുടെ കൂടെയോ കാരണവന്മാരുടെ ഛായാചിത്രങ്ങളുടെ പുറകിലായോ സൂക്ഷിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

പ്രാഥമിക ശിക്ഷണം ലഭിച്ച ആന സഹകരിച്ച് തുടങ്ങിയാൽ പിന്നീട് മുന്നേ സൂചിപ്പിച്ച പോലെ ഇടക്കഴയുടെ സഹായത്തോടെ കൂടിനകത്ത് കടന്നാണ് പരിശീലനം. ഇത് ആഴ്ചകളോളം നീണ്ടുനിൽക്കാം. ഇത് ശുഭമായി പര്യവസാനിച്ചാൽ ആന ഇടക്കഴയ്ക്കകത്ത് നിൽക്കെ തന്നെ മുകളിൽ കുറുകെ ഒരു കയർ കെട്ടി, അതിൽ പിടിച്ചും, തൂങ്ങിയും ആനയുടെ പുറത്തിരിക്കാനാണ് അടുത്ത ശ്രമം. പരിശീലനം പുരോഗമിക്കുന്ന ആനയാണെങ്കിൽ കൂടി ആദ്യത്തെ ചില ദിവസങ്ങളിൽ കുടഞ്ഞ് ആളെ മാറ്റാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. അതിനാൽ തന്നെ അത് മാറുന്നത് വരെ ആ കയറിൽ പിടിച്ച് കൊണ്ട് മാത്രമാണ് ആനക്കാരന്റെ നിൽപ്പ്/ഇരിപ്പ്. ആന കുടച്ചിൽ അവസാനിപ്പിച്ചാൽ പിന്നെ ഇടംവലം, മുൻ-പിൻ, തുടങ്ങിയ ചട്ടങ്ങൾ വായ്ത്താരിയായി പറയുന്നതോടൊപ്പം കാൽ കൊണ്ട് ചെവിക്ക് പുറകിലായി ഓരോ രീതിയിൽ അനക്കി ആനയെ കാൽ കൊണ്ട് നിയന്ത്രിക്കാനുള്ള പരിശീലനം നൽകുന്നു. ഇത് വനംപ്രദേശങ്ങളിൽ കാട്ടാനയെ തുരത്താനും മറ്റും പോവുമ്പോൾ അത്യന്താപേക്ഷിതമാണ്. ഉരിയാടാതെ ആനയെ നിയന്ത്രിച്ച് കാട്ടാനയെ ദൂരെ നിന്ന് തന്നെ ഓടിക്കാനും മറ്റും ഇത് മൂലം സാധിക്കാറുണ്ട്. ഇത്രയും പരിശീലനങ്ങളെല്ലാം തന്നെ ഏകദേശം മൂന്ന് മാസക്കാലയളവിൽ തീർത്ത് ആനയെ പുറത്തിറക്കിയ ശേഷമാണ് കയർ പിടിച്ചും ചങ്ങല ചവിട്ടിയും മറ്റും കാട്ടാനയെ നിയന്ത്രിക്കുന്ന രീതികൾ പഠിപ്പിക്കുന്നത്. ആനയുടെ പ്രായത്തിനനുസരിച്ചാണ് പരിശീലനവും പലപ്പോഴും പുരോഗമിക്കുന്നത്. അതിന് പുറമെ ഓരോ ആനയുടെയും വ്യക്തിഗത സ്വഭാവവും ഇതിൽ വളരെ പ്രധാനമാണ്. എല്ലാ ആനകളെയും കുംകികളാക്കാൻ സാധിക്കില്ല. ഇന്ന് പലർക്കും പരക്കെയുള്ള ഒരു ധാരണയാണത്. വനംവകുപ്പിന്റെ കൈവശമുള്ള ആനകളെല്ലാം തന്നെ കുംകിയാനകളാണെന്നുള്ളത്. എന്നാൽ സഹജമായ മേധാവിത്വസ്വഭാവം പ്രകടിപ്പിക്കുന്ന ആനകളെയാണ് കുംകികളായി കൂടുതൽ പരിഗണിക്കാറുള്ളത്, അല്ലെങ്കിൽ പരിഗണിക്കേണ്ടത്. ചിലയാനകൾ ധൈര്യം പ്രകടിപ്പിക്കാമെങ്കിൽ കൂടി മറ്റ് ആനകളോട് ഒരല്പം വിധേയത്വസ്വഭാവം പ്രകടിപ്പിക്കുന്നവരാവാമെന്നതിനാൽ ഇത്തരം ആനകളെ വിനിയോഗിക്കുമ്പോൾ അവ ഏതെങ്കിലുമൊരു ഘട്ടത്തിൽ ആക്രമിക്കപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാൻ സാധിക്കില്ല. ഇത് ആ ഘട്ടത്തിൽ ആനയുടെയും ആനക്കാരന്റെയും മാത്രമല്ല, കൂടെ പോവുന്ന മറ്റ് സംഘാംഗങ്ങളുടെയും അപകടസാധ്യത വർധിപ്പിക്കുന്നു.

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാനകളെ ഓടിക്കാനായി കൊണ്ട് വന്ന കലീം ആനയും സംഘാംഗങ്ങളും ദൗത്യത്തിന് മുന്നോടിയായി പൂജ നടത്തി നാളികേരം ഉടയ്ക്കുന്നു. ചിത്രം: ശ്രീധർ വിജയകൃഷ്ണൻ

തമിഴ്‌നാട്ടിലെ ക്യാമ്പുകളിൽ സാധാരണ ദിവസങ്ങളിൽ ആനകൾക്ക് റാഗി, മുതിര, ചോറ് എന്നിവ അതാത് ആനകളുടെ ശരീരഭാരത്തിനനുസരിച്ചുള്ള അളവിൽ തയ്യാറാക്കി ആവശ്യത്തിന് ഉപ്പ് ചേർത്ത് രണ്ട് നേരത്തായി നൽകാറാണ് പതിവ്. ഇതിന് പുറമെ ആനകളെ പകൽ വേളകളിലും പിടിയാനകളെ പകലും രാത്രിയിലും ഇഴവ് ചങ്ങലയോടുകൂടി കാട്ടിലേക്ക് മേയാൻ വിടും. ഇത് ആനകളെ തങ്ങളുടെ നൈസർഗികരീതികളിൽ വിഹരിക്കാനുതകുന്നതിനാൽ ആനകളിൽ താരതമ്യേന മാനസിക-ശാരീരിക അല്ലലുകൾ കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ആനകളെ ഒഴുക്കുവെള്ളത്തിൽ (തോട്/പുഴകളിൽ) നിത്യേന രണ്ട് നേരം തുടച്ച് അതിന് ശേഷം പാദങ്ങളിലും കൊമ്പിന്റെ/തേറ്റയുടെ കടയ്ക്കലും ഡിക്കാമില്ലി എണ്ണ പ്രയോഗിക്കുന്ന പതിവുമുണ്ട്. ഗാർഡീനിയ എന്ന മരത്തിന്റെ തോലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഡിക്കാമില്ലി, വെളുത്തുള്ളി, കർപ്പൂരം എന്നിവ ചേർത്ത് കാച്ചിയെടുക്കുന്ന വേപ്പെണ്ണയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഈച്ചയും മറ്റ് ചെറുപ്രാണികളും അവിടങ്ങളിൽ ഇരിക്കാതിരിക്കാനും മുട്ട വെക്കാതിരിക്കാനും അതിലൂടെ അണുബാധകൾ ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു. ഇത് ഒരു പതിവ് കാര്യക്രമമായി തുടർന്ന് പോരുന്നതിന് മുൻകൈയെടുത്ത ഒരു വ്യക്തി ആനഡോക്ടർ എന്ന നാമത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന യശശ്ശരീരനായ ഡോക്ടർ കൃഷ്ണമൂർത്തിയാണ്. ക്യാമ്പിൽ ഇന്നും മുറതെറ്റാതെ നടന്നുപോരുന്ന ആനപരിപാലനരീതികൾ ഇത്രകണ്ട് വ്യവസ്ഥിതമാക്കിയത് തന്റെ അവസാന നാളുകൾ വരെ ക്യാമ്പിന്റെയും അവിടുത്തെ ആനകളുടെയും ആനക്കാരുടെയും ഉന്നമനത്തിനായി വർത്തിച്ച് പോന്ന ഡോക്ടറുടെ അശ്രാന്തപരിശ്രമം കൊണ്ട് തന്നെയാണ്.

ഡോക്ടർ കൃഷ്ണമൂർത്തി, ആനമലയിലെ ക്യാമ്പിൽ ആനകളെ പരിശോധിക്കുന്നതിനിടെ. പുറകിലായി പല്ലവൻ എന്ന ആനയെ കാണാം. ചിത്രം കടപ്പാട്: (Late) ഡോ AJT ജോൺസിങ്

ഉപസംഹരിക്കുന്നതിന് മുന്നോടിയായി ഇവരുടെ ആനപരിപാലനമുറകളിൽ എടുത്ത് പറയേണ്ട രണ്ട് കാര്യം കൂടി സൂചിപ്പിക്കട്ടെ. ഒന്നാമത്തേത് മദകാലപരിചരണത്തെക്കുറിച്ചാണ്. ക്യാമ്പിലെ ഒട്ടുമിക്ക ആണാനകളെയും പൂർണ്ണമദാവസ്ഥയിൽ പോലും ആനക്കാർ സാധാരണ നിലയ്ക്ക് തന്നെ കൈകാര്യം ചെയ്യാറുണ്ടെന്ന് മാത്രമല്ല, കലീം, IG, ദേവ്, തുടങ്ങിയ ചില ആനകളെ മദപ്പാടിന്റെ മൂർദ്ധന്യാവസ്ഥയിൽ പോലും ഡ്യൂട്ടിക്കായി വിനിയോഗിച്ചിരുന്നു. ഇതിൽ തെല്ല് മാറ്റങ്ങൾ ഈയടുത്തകാലത്തായി വന്നിട്ടുണ്ടെങ്കിൽ കൂടി ഒരുവിധം ആണാനകളെയെല്ലാം ഇന്നും മദപ്പാട് ഘട്ടത്തിൽ പോലും കാട്ടിൽ മേയാൻ വിടാറുണ്ട്. ആദ്യമദപ്പാട്‌ മുതൽക്ക് തന്നെ പൂർണ്ണബന്ധവസ്സിൽ പരിചരിക്കുന്ന നമ്മുടെ രീതികളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഈ രീതി ആനകളുടെ മാനസികസംഘർഷങ്ങൾ തരണം ചെയ്യാൻ അത്യന്തം ഗുണപ്രദമാണ്. കേരളത്തിലും ഇത് പോലെ കൈകാര്യം ചെയ്തിരുന്ന ആനകൾ ഉണ്ടായിരുന്നെകിൽ കൂടി നിയമനിർമ്മാണങ്ങളിലൂടെയും പരിശീലനം സിദ്ധിച്ച ആനക്കാരുടെ അഭാവത്തിലൂടെയും അത്തരം ശൈലികൾ ഏതാണ്ട് അന്യം നിന്നുപോയി. മംഗലാംകുന്ന് ഗണപതി, ഷേണായി ചന്ദ്രശേഖരൻ, തിരുവല്ല ജയചന്ദ്രൻ തുടങ്ങിയ ഏതാനും ആനകളെ ഇത്തരത്തിൽ മദപ്പാടിൽ എഴുന്നെള്ളിച്ചിരുന്നതായി നേരിട്ടോ ചിത്രങ്ങളിലൂടെയോ അറിവുണ്ട്.

കോയമ്പത്തൂരിലെ വനാതിർത്തി ഗ്രാമങ്ങളിലൂടെ സായാഹ്നനേരത്ത് കാട്ടാനപ്രതിരോധത്തിന്റെ ഭാഗമായി പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുന്ന കാർത്തിക്, നഞ്ജൻ എന്നീ ആനകൾ. കാർത്തിക് ആനയുടെ കൂടെ മുരുകൻ എന്ന ആനക്കാരനും, നഞ്ജൻ ആനയുടെ കൂടെ പ്രസാദ് എന്ന ആനക്കാരനും. കടപ്പാട്: ഏബ്രഹാം രാജ്, കോയമ്പത്തൂർ

രണ്ടാമത്തേത് തള്ളയാനയിൽ നിന്നോ കൂട്ടത്തിൽ നിന്നോ വേർപെട്ട് കിട്ടുന്ന കാട്ടാനക്കുട്ടികളുടെ പരിപാലനമുറകളാണ്. തള്ളയാന പരിചരിക്കുന്ന രീതിക്ക് സമാന രീതികളിൽ കൃത്യമായ ഇടവേളകളിൽ പാൽ കൊടുത്തും ആനക്കുട്ടിക്ക് വേണ്ട സാമൂഹ്യചുറ്റുപാടുകൾ (social conditions/social buffer) ഒരുക്കിയും ഒരുപ്രായത്തിനുമേൽ മറ്റ് ആനകളുമായി സമ്പർക്കത്തിൽ ഏർപ്പെടാനും മറ്റും സാഹചര്യമൊരുക്കി നൈസർഗികമായ പശ്ചാത്തലത്തിൽ പരിചരിക്കുന്നതിലൂടെ അതിജീവനം ഉറപ്പ് വരുത്തുന്ന രീതി തികച്ചും മാതൃകാപരമാണ്.

ആനകളുടെ വിനിയോഗരീതി കേരളത്തിലെ തിരക്കേറിയ ഉത്സവവേളകളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന ഒന്നല്ലെങ്കിൽ കൂടി അത്രകണ്ട്, അല്ലെങ്കിൽ ഒരുപക്ഷെ അതിൽ കവിഞ്ഞ് അപായസാധ്യതകളേറിയ, കരുതൽ ആവശ്യമായ ഒന്നാണ് കുംകിയാന പരിശീലനവും പ്രവൃത്തിയും. അത് മാതൃകാപരമായി വർത്തിച്ച് പോരുന്ന ഇത്തരം വിഭാഗങ്ങളുടെ പ്രവർത്തനരീതികളെ എടുത്ത് കാണിച്ചല്ലെ ശരിക്ക് പറയേണ്ടത്––And the Award goes to എന്ന്?

(തുടരും)

Sreedhar Vijayakrishnan, PhD
Postdoctoral Research Associate,
Centre for Conservation and Research,
Tissamaharama, Sri Lanka

Member, IUCN SSC Asian Elephant Specialist Group

ചിത്രങ്ങൾ: ശ്രീധർ വിജയകൃഷ്ണൻ
No part of this article may be reproduced, transmitted or stored in a retrieval system, in any form or by any means, electronic, mechanical, photocopying, recording or otherwise, without the prior permission of the author since the entire copyright vest with the author

 

Comments

comments