ആദിവാസി ചരിത്രത്തെ തിരുത്തിയെഴുതുമ്പോൾ: ഉമർ ഖാലിദിന്റെ Fractured Communities
നവീൻ പ്രസാദ് അലക്സ്
2020 സെപ്റ്റംബർ 14-ന് അറസ്റ്റ് ചെയ്യപ്പെട്ട ഉമർ ഖാലിദ് ഇന്നും തടവറയിലാണ്. നീണ്ട നിയമ പോരാട്ടത്തിനോടുവിൽ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധം അടുത്തിടെ Fractured Communities: Adivasi Histories and Politics of Power (ജഗ്ഗർനോട്ട് പബ്ലിക്കേഷൻസ്) പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ‘വലിയ ഗൂഢാലോചന’ (larger conspiracy) കേസിൽ യു.എ.പി.എ (UAPA) ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ ചുമത്തി തടവിലാക്കപ്പെട്ടിട്ട് ആറുവർഷത്തോടടുക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിചാരണ ഇതുവരെ നടന്നിട്ടില്ല.
2026 ജനുവരിയിൽ സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, ഏപ്രിലിൽ പുനഃപരിശോധനാ ഹർജിയും നിരസിക്കപ്പെട്ടു. നിലവിൽ മൂന്നാമത്തെ ജാമ്യാപേക്ഷയുമായി അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 2026 ജൂലൈ 31-ന് ഹൈക്കോടതി ഡൽഹി പോലീസിനോട് വിശദീകരണം ആവശ്യപ്പെടുകയും, ഷർജീൽ ഇമാമിന്റെ ഹർജിക്കൊപ്പം ഓഗസ്റ്റ് 27-ന് കേസ് പരിഗണിക്കാൻ മാറ്റിവെക്കുകയും ചെയ്തു. വിചാരണ പൂർത്തിയാകാതെ ദീർഘകാലം നീളുന്ന ഈ തടങ്കൽ, കേവലം ഒരു വ്യക്തിയുടെ ജാമ്യാപേക്ഷ എന്നതിനപ്പുറം ഇന്ത്യൻ ജനാധിപത്യത്തിലെ വിയോജിപ്പ് (dissent), വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയ ശേഷി (political agency) എന്നിവയെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യമായി മാറിയിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ഉമർ ഖാലിദിന്റ പുസ്തകം ആഴത്തിൽ വായിക്കപ്പെടേണ്ടത്. പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഉൾപ്പെടെയുള്ളവർ ഏറ്റവും മികച്ച അക്കാദമിക് ചരിത്രരചനകളിലൊന്നായി വിശേഷിപ്പിച്ച ഈ ഗ്രന്ഥം, ജെ.എൻ.യുവിൽ (JNU) ഉമർ സമർപ്പിച്ച പി.എച്ച്.ഡി (PhD) തീസിസിന്റെ പുസ്തകരൂപമാണ്.
എഴുത്തുകാരന്റെ ജീവിതവും അദ്ദേഹത്തിന്റെ ഗവേഷണവിഷയവും തമ്മിൽ അസ്വസ്ഥജനകമായ ഒരു രാഷ്ട്രീയ വൈരുധ്യമുണ്ട്. അടുത്തിടെ ഉമറിന്റെ അമ്മ സബീഹ ഖാനം ഇന്ത്യൻ എക്സ്പ്രസിൽ (Indian Express) എഴുതിയ ലേഖനത്തിൽ, തടവറയിലിരിക്കുന്ന മകന്റെ പുസ്തകത്തിന്റെ ആദ്യ പ്രതി കൈപ്പറ്റിയപ്പോൾ അനുഭവപ്പെട്ട വേദനയും അഭിമാനവും വൈകാരികമായി പങ്കുവെച്ചിരുന്നു. ഒരു വശത്ത്, പ്രകാശനം ചെയ്യപ്പെടാൻ പോകുന്ന പുസ്തകത്തിന്റെ പ്രമേയം തന്നെ രാഷ്ട്രീയ ശേഷിയാണ് (agency) — അധികാരം എങ്ങനെ സമൂഹങ്ങളെ നിർവചിക്കുന്നു, ആരുടെ രാഷ്ട്രീയ ശബ്ദമാണ് അംഗീകരിക്കപ്പെടുന്നത്, ഒരു സമൂഹം സ്വന്തം ചരിത്രത്തെ എങ്ങനെ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നു എന്നത്. എന്നാൽ മറുശ്രേണിയിൽ, ആദിവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെയും ഏജൻസിയെയും കുറിച്ച് ആഴത്തിൽ പഠിച്ച ആ ഗവേഷകൻ തന്നെയാണ്, സ്വന്തം രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ വിചാരണപോലുമില്ലാതെ ദീർഘകാലമായി ജയിലിൽ കഴിയുന്നത്.
ഈ വൈരുധ്യം പുസ്തകത്തിന്റെ അക്കാദമിക് മൂല്യത്തെ കുറയ്ക്കുന്നില്ല; മറിച്ച്, അതിന്റെ രാഷ്ട്രീയ പ്രസക്തിയെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.
ഖാലിദിനെതിരെയുള്ള കുറ്റാരോപണങ്ങളുടെ ശരിതെറ്റുകൾ തീരുമാനിക്കേണ്ടത് കോടതിയാണ്. അദ്ദേഹത്തിന്റെ കുറ്റമോ നിരപരാധിത്വമോ ഒരു ചരിത്രവിശകലനത്തിന് നിർണ്ണയിക്കാനാവില്ല. എന്നാൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമായ ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ (presumption of innocence) എന്നത് മുൻനിർത്തുമ്പോൾ, വിചാരണയ്ക്ക് മുമ്പുള്ള തടങ്കൽ വർഷങ്ങളോളം നീളുന്നത് വലിയ ആശങ്കകൾ ഉയർത്തുന്നു. പ്രത്യേകിച്ച് യു.എ.പി.എ പോലുള്ള കഠിനമായ ജാമ്യവ്യവസ്ഥകളുള്ള നിയമങ്ങൾക്ക് കീഴിൽ, കുറ്റം തെളിയുന്നതിന് മുമ്പുതന്നെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകുമ്പോൾ നിയമവും രാഷ്ട്രീയവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നു.
പരമ്പരാഗത ആദിവാസി ചരിത്രരചനയുടെ പരിമിതികൾ
ഇവിടെയാണ് ‘Fractured Communities’ ഒരു പുതിയ അർത്ഥതലത്തിലേക്ക് ഉയരുന്നത്. ആദിവാസി സമൂഹങ്ങളുടെ ചരിത്രമെഴുത്ത് വലിയൊരു രീതിശാസ്ത്രപരമായ (methodological) വെല്ലുവിളിയാണ്. ഔദ്യോഗിക രേഖകളിലും കൊളോണിയൽ വിവരശേഖരങ്ങളിലും ചിതറിക്കിടക്കുന്ന വിവരങ്ങളിൽ നിന്നാണ് ഈ ചരിത്രം വീണ്ടെടുക്കേണ്ടത്. അതോടൊപ്പം ഭൂമിയും വനവുമായി അവർക്കുള്ള ബന്ധം, അവരുടെ ആന്തരിക അധികാരഘടനകൾ, സാമൂഹിക വൈരുധ്യങ്ങൾ, ഭരണകൂടവുമായുള്ള ഇടപെടലുകൾ എന്നിവയും അപഗ്രഥിക്കേണ്ടതുണ്ട്.
എന്നാൽ ഇതിലും വലിയ വെല്ലുവിളി നിലവിലുള്ള ചരിത്രരചനകളിലെ മുൻവിധികളാണ്. ആദിവാസികൾക്ക് സ്വന്തമായി ‘ചരിത്രമില്ലെ’ന്നും, അവർ മാറ്റമില്ലാത്ത ആചാരങ്ങളിലും പാരമ്പര്യങ്ങളിലും ജീവിക്കുന്നവരാണെന്നുമുള്ള കാഴ്ചപ്പാട് ദീർഘകാലമായി നിലനിൽക്കുന്നു. ഈ സമീപനത്തിൽ ആദിവാസികൾ ചരിത്രത്തിന്റെ നിർമ്മാതാക്കളല്ല; മറിച്ച് മറ്റുള്ളവർ പഠിക്കുകയും നിർവചിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മാത്രമാണ്. മറ്റൊരു രീതി, അവരെ തികച്ചും വ്യത്യസ്തരും ‘പ്രകൃതിയോട് ചേർന്നുനിൽക്കുന്നവരും’ ആധുനികതയ്ക്ക് പുറത്തുള്ളവരുമായി അമിതമായി കാൽപ്പനികവൽക്കരിക്കുക (exoticise) എന്നതാണ്.
ഈ രണ്ടു സമീപനങ്ങളും ആദിവാസികളുടെ രാഷ്ട്രീയ ശേഷിയെ (agency) റദ്ദാക്കുന്നു എന്നൊരു പൊതുപ്രശ്നം നേരിടുന്നുണ്ട്. ഈ കാഴ്ചപ്പാടിനെയാണ് ഖാലിദിന്റെ ഗ്രന്ഥം ശക്തമായി ചോദ്യം ചെയ്യുന്നത്.
സിംഗ്ഭൂമിലെ ഹോ (Ho) സമുദായത്തിന്റെ ചരിത്രത്തിലൂടെ, ആദിവാസി രാഷ്ട്രീയ സ്ഥാപനങ്ങൾ കേവലം ‘പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങൾ’ മാത്രമല്ലെന്ന് ഖാലിദ് വ്യക്തമാക്കുന്നു. മുണ്ട, മാങ്കി തുടങ്ങിയ പ്രാദേശിക അധികാരഘടനകൾ കൊളോണിയൽ ഭരണകൂടവുമായി നിരന്തരം സംഘർഷത്തിലും ചർച്ചകളിലും ഏർപ്പെട്ടിരുന്നു. നികുതി പിരിവ്, ഭൂമി, പ്രാദേശിക ഭരണം എന്നിവയുമായുള്ള ഈ ഇടപെടലുകളിലൂടെ സമൂഹത്തിനുള്ളിൽത്തന്നെ പുതിയ അധികാരബന്ധങ്ങളും പദവി വ്യവസ്ഥകളും രൂപപ്പെട്ടു. കൊളോണിയൽ ഭരണകൂടം നിലവിലുണ്ടായിരുന്ന ‘ആചാരങ്ങളെ’ സംരക്ഷിക്കുകയായിരുന്നില്ല; മറിച്ച് എന്താണ് ആചാരം, ആരാണ് പരമ്പരാഗത അധികാരസ്ഥാനം, ഏത് സ്ഥാപനങ്ങൾക്കാണ് അംഗീകാരം നൽകേണ്ടത് എന്ന് സ്വയം നിർവചിക്കുകയായിരുന്നു.
അതുകൊണ്ട്, ‘പാരമ്പര്യം’ എന്നത് സദാ മാറിക്കൊണ്ടിരുന്ന അധികാരബന്ധങ്ങളുടെ ഉൽപ്പന്നമായിരുന്നു. ആദിവാസി ചരിത്രം കേവലം കൊളോണിയലിസത്തിന്റെ ഇരകളുടെ ചരിത്രമല്ല; അത് അധികാരത്തെ സ്വീകരിക്കുകയും പ്രതിരോധിക്കുകയും പുനർനിർമ്മിക്കുകയും ചെയ്ത രാഷ്ട്രീയ മനുഷ്യരുടെ ചരിത്രമാണ്.
ആദിവാസി രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോൾ ‘പാരമ്പര്യം വേഴ്സസ് ആധുനികത’ (custom versus modernity) എന്ന ലളിതവൽക്കരിച്ച ദ്വന്ദത്തെ ഖാലിദ് നിരസിക്കുന്നു. ആദിവാസി സമൂഹങ്ങളുടെ കേന്ദ്ര രാഷ്ട്രീയ സംഘർഷം പാരമ്പര്യവും ആധുനികതയും തമ്മിലുള്ളതല്ല; മറിച്ച് ജനങ്ങളുടെ അവകാശങ്ങളും, വിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള ഭരണകൂടത്തിന്റെയും മൂലധനത്തിന്റെയുതാല്പര്യങ്ങളും തമ്മിലുള്ളതാണ്. ഭൂമി ആരുടേതാണ്? കാടിന്റെ നിയന്ത്രണം ആർക്കാണ്? വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കൽ നടക്കുമ്പോൾ തീരുമാനമെടുക്കാനുള്ള അവകാശം ആർക്കാണ്? ഇവയാണ് അടിസ്ഥാന ചോദ്യങ്ങൾ.
അതുകൊണ്ടുതന്നെ ആദിവാസി പ്രസ്ഥാനങ്ങളെ ‘വികസനവിരുദ്ധർ’ എന്നോ ‘പിന്നാക്കക്കാർ’ എന്നോ മുദ്രകുത്തുന്നത് അവരുടെ രാഷ്ട്രീയത്തിന്റെ ഭൗതിക (material) അടിത്തറയെ മറച്ചുവെക്കലാണ്.
കാട്, വനസംരക്ഷണം, ഭൂമി, കുടിയൊഴിപ്പിക്കൽ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശകലനം പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാണ്. കൊളോണിയൽ ഭരണകൂടം കാർഷിക ഭൂമിയെയും വനത്തെയും കൃത്യമായി വേർതിരിച്ച് പുതിയ വർഗ്ഗീകരണം ഉണ്ടാക്കി. ‘വനസംരക്ഷണം’ എന്ന ആശയം നിയമപരമായ ശക്തിയോടെ നടപ്പിലാക്കി. എന്നാൽ സംരക്ഷണത്തിന്റെ പേരിൽ പരമ്പരാഗതമായി വനത്തെ ആശ്രയിച്ചു ജീവിച്ചിരുന്ന ആദിവാസികളുടെ പ്രവേശനം തടയപ്പെട്ടു.
കാട് ‘സംരക്ഷിക്കപ്പെടേണ്ട പ്രകൃതി’യായപ്പോൾ, വനവാസികളായ മനുഷ്യർ അന്യവൽക്കരിക്കപ്പെട്ടു. ഇവിടെ സംരക്ഷണം (conservation) എന്നത് കുടിയൊഴിപ്പിക്കലിന്റെ (dispossession) ഉപകരണം കൂടിയായി മാറി. എന്നാൽ ഈ വിഭവനിയന്ത്രണങ്ങൾക്കെതിരെ വനത്തിന് തീയിടുന്നതുപോലുള്ള പുതിയ പ്രതിരോധമാർഗ്ഗങ്ങൾ ആദിവാസികൾ സ്വീകരിച്ചതായി ഖാലിദ് ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തിൽ, പരിസ്ഥിതി രാഷ്ട്രീയവും ഭൂമിയുടെ രാഷ്ട്രീയവും വർഗ്ഗബന്ധങ്ങളും പരസ്പരം വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു.
ആദിവാസി സമൂഹത്തെ ആന്തരിക വൈരുധ്യങ്ങളില്ലാത്ത, ഏകീകൃതമായ ഒരു വിഭാഗമായി കാണുന്നില്ല എന്നതാണ് ഖാലിദിന്റെ രീതിശാസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. അധികാരവും അസമത്വവും സമൂഹത്തിനുള്ളിലും നിലനിൽക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥത, പ്രാദേശിക അധികാരസ്ഥാനങ്ങൾ, വരുമാനശേഖരണം, സാമൂഹിക പദവികൾ എന്നിവ സമൂഹത്തിനുള്ളിൽത്തന്നെ വ്യത്യാസങ്ങളും വൈരുധ്യങ്ങളും സൃഷ്ടിക്കുന്നു. അതിനാൽ ആദിവാസി രാഷ്ട്രീയത്തെ കേവലം ഒരു ‘സ്വത്വ രാഷ്ട്രീയം’ (identity politics) ആയി മാത്രം കാണാനാവില്ല. അത് വർഗ്ഗം, ഭൂമി, തൊഴിൽ, വിഭവങ്ങൾ, അധികാരം, ജാതിസമാനമായ പദവി വ്യവസ്ഥകൾ എന്നിവയുമായി പിണഞ്ഞുകിടക്കുന്ന സങ്കീർണ്ണമായൊരു പ്രക്രിയയാണ്.
ആദിവാസി രാഷ്ട്രീയത്തെ കൊളോണിയൽ കാലഘട്ടത്തിൽ മാത്രം തളച്ചിടാതെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലേക്കും വർത്തമാനകാലത്തെ ബി.ജെ.പി രാഷ്ട്രീയത്തിലേക്കും കൊണ്ടുവരുന്നു എന്നതാണ് പുസ്തകത്തിന്റെ മറ്റൊരു പ്രധാന സംഭാവന. കൊളോണിയൽ ഭരണകൂടം പ്രാദേശിക അധികാര ഘടനകളെ ഉപയോഗപ്പെടുത്തിയതുപോലെ തന്നെ, സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങളും ഈ ഘടനകളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിച്ചു. ആദിവാസി സമൂഹങ്ങളെ ഏകീകൃതമായൊരു ‘വോട്ട് ബാങ്ക്’ ആയി കാണാൻ കഴിയില്ല. അവരുടെ ആന്തരിക സാമൂഹിക ഘടനകളും പ്രാദേശിക അധികാരബന്ധങ്ങളും സാമ്പത്തിക താല്പര്യങ്ങളും മനസ്സിലാക്കാതെ സമകാലിക രാഷ്ട്രീയത്തെ വിലയിരുത്താനാവില്ല.
ഉമർ ഖാലിദിലേക്കുള്ള തിരിച്ചുവരവ്
Fractured Communities നൽകുന്ന ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന: ആദിവാസികളെ ചരിത്രത്തിന്റെ നിഷ്ക്രിയ വസ്തുക്കളായി (objects) കാണുന്നതിന് പകരം, ചരിത്രത്തെ നിർമ്മിച്ച സജീവ കർത്താക്കളായി (subjects) പ്രതിഷ്ഠിക്കുന്നു. ഇവിടെയാണ് പുസ്തകത്തിന്റെ പ്രമേയവും ഉമർ ഖാലിദിന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയും വീണ്ടും കണ്ടുമുട്ടുന്നത്. ഒരു സമൂഹത്തിന്റെ രാഷ്ട്രീയ ശേഷിയെ (political agency) ഭരണകൂടം എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് Fractured Communities ചോദിക്കുമ്പോൾ, വ്യക്തിയുടെ തലത്തിൽ അതേ ചോദ്യമാണ് ഖാലിദിന്റെ തടങ്കലും മുന്നോട്ടുവെക്കുന്നത്. ഒരു ജനാധിപത്യ ഭരണകൂടം സ്വന്തം പൗരന്റെ രാഷ്ട്രീയ ഏജൻസിയെ എത്രത്തോളം അംഗീകരിക്കുന്നു?
ഒരു ആദിവാസി സമൂഹം പ്രകൃതിവിഭവങ്ങൾക്ക് മേൽ അവകാശം ഉന്നയിക്കുമ്പോൾ അതിനെ ‘വികസനവിരുദ്ധത’ എന്ന് ലേബൽ ചെയ്യാം; ഒരു പൗരൻ ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിക്കുമ്പോൾ അതിനെ ‘ഗൂഢാലോചന’യായി ചിത്രീകരിക്കാം; ഒരു വിദ്യാർത്ഥി വിമർശനമുന്നയിക്കുമ്പോൾ അതിനെ ‘ദേശവിരുദ്ധത’യായി മുദ്രകുത്താം. ഇവ വ്യത്യസ്ത സംഭവങ്ങളാണെങ്കിലും, ഉയർത്തുന്ന ചോദ്യം ഒന്നാണ്: ആരുടെ ശബ്ദമാണ് സാധുവായ രാഷ്ട്രീയ ശബ്ദം (legitimate political speech) എന്ന് തീരുമാനിക്കുന്നത് ആരാണ്?
—–
നവീൻ പ്രസാദ് അലക്സ്







Be the first to write a comment.