ൽവദോർ ദലിയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ വരുന്ന ചില കാഴ്ചകളുണ്ട്‌. എലിവാലു പോലെ പിരിച്ചു നീട്ടിവെച്ച മീശയും പിന്നെ ഉരുകിയൊലിക്കുന്ന ഘടികാരങ്ങളും. അതായത്, ദലിയുടെ ഏറ്റവും പ്രശസ്ത ചിത്രത്തിന്‍റെ വിളിപ്പേര്- നിരന്തരസ്മരണ- ഇങ്ങനേയും അന്വർത്ഥമാകുന്നു എന്ന്.

ചെറുപ്പം മുതലേ അസാമാന്യ ചിത്രരചനാവൈഭവം കാണിച്ചിരുന്നു ഇദ്ദേഹം. പിക്കാസോയേയും അക്കാലത്തെ മറ്റു പല പ്രശസ്തരേയും പോലെ പാരീസിലേക്ക് ദലിയും ആകർഷിക്കപ്പെട്ടു. പാരീസിൽ വെച്ച് പിക്കാസോയും, ഹുവാൻ മിറോയും മഗ്രീറ്റുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിനെ നയിച്ചത് ചിത്രകലയിലെ സർറിയലിസത്തിലേക്കാണ്. വിഭ്രമാത്മകവും സ്വപ്നസന്നിഭവുമായ ചിത്രാവിഷ്കാരങ്ങൾ അക്കാലത്തുണ്ടായിരുന്നില്ല. 1930കൾ മുതലുള്ള അത്തരത്തിലുള്ള ദലിച്ചിത്രങ്ങൾ ലോകകലാചരിത്രത്തിൽ പുതിയൊരു പന്ഥാവാണ് വെട്ടിത്തുറന്നത്. മനുഷ്യലോകവും അവന്‍റെ സംവേദനങ്ങളും പിന്നെ രതിബിംബങ്ങളും പ്രതീകാത്മകതയുമൊക്കെ ദലിയുടെ ചിത്രങ്ങളിൽ നിറഞ്ഞുനിന്നു.

മഡ്രീഡിലെ സാൻ ഫെർനാന്ദോ അക്കാദമിയിൽ ചിത്രകലാ പഠനത്തിനു ചേർന്നതു മുതലേ ദലി വേറിട്ട ചിന്തകളും അല്പം തലതിരിഞ്ഞ കൂസലില്ലായ്മകളും പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. മുടിയും കൃതാവും നീട്ടി വളർത്തി, വേഷവിധാനത്തിലും മറ്റും ശ്രദ്ധ പിടിച്ചുപറ്റിയായിരുന്നു ദലി അക്കാദമിക് പഠനം ആരംഭിച്ചത്‌. തന്‍റെ അധ്യാപകരെ വിമർശിച്ചതിനും മറ്റു വിദ്യാർത്ഥികളുമായി ചേർന്ന് കുഴപ്പങ്ങളുണ്ടാക്കിയതിനുമായി പുറത്താക്കൽ വരെ നേരിടേണ്ടി വന്നു ഈ വിപഥഗാമിക്ക്. മാത്രവുമല്ല, തന്‍റെ അവസാനപരീക്ഷ നടത്താൻ കെല്പും വിവരവുമുള്ള അധ്യാപകർ അക്കാദമിയിലില്ലെന്ന ഈ അരക്കിറുക്കന്‍റെ പ്രസ്താവനയോടെ പരീക്ഷയെഴുതാതെ സ്ഥലവും വിടേണ്ടി വന്നു.

1929ൽ എഴുത്തുകാരൻ പോൾ എല്വാർദിന്‍റെ ഭാര്യയായിരുന്ന യെലേന ദ്മിത്രിയേവ്ന ദയകനോവ അഥവാ ഗാല എന്ന  റഷ്യൻ യുവതിയുമായി ദലി അടുപ്പമാവുകയും അത് വിവാഹത്തിൽ അവസാനിക്കുകയും ചെയ്തു. വന്യാവിഷ്കാരങ്ങളാലും വിചിത്രകല്പനകളാലും നിറഞ്ഞ ദലിയുടെ ചിത്രലോകത്തെ സാമ്പത്തികമായി ഉറപ്പിച്ചു നിർത്തിയതിൽ ദയകനോവയ്ക്ക് വലിയ പങ്കുണ്ട്.

പിന്നീടാണ്, ലോക ക്ലാസ്സിക് ആയ ‘നിരന്തരസ്മരണ’ പിറന്നത്.  ആ ചിത്രത്തിലെ മൃദുഘടികാരങ്ങൾ സർറിയലിസത്തിന്‍റേയും ദലിയുടേയുമൊക്കെ പ്രതീകങ്ങളായി മാറിയതൊക്കെ ഒരു ജൈത്രയാത്രയുടെ ഭാഗമായിരുന്നു. ഒരുപാട് അർത്ഥതലങ്ങളുള്ള ചിത്രമാണ് നിരന്തരസ്മരണ. സമയം ഒരിക്കലും ദൃഢമല്ലെന്നും അവിനാശിയായി ഒന്നുമീ ലോകത്തിലില്ലെന്നുമുള്ള വിശാലദർശനങ്ങളാണ് ചിത്രം സൂചിപ്പിക്കുന്നത്.

ലോകം, രണ്ടാം മഹായുദ്ധത്തിന് തയ്യാറായിക്കൊണ്ടിരുന്നപ്പോൾ, സ്പാനിഷ് ഏകാധിപതി ജനറൽ ഫ്രാങ്കോയെ തള്ളിപ്പറയാതിരുന്നത് ദലിയെ ചിത്രലോകത്ത് ഒറ്റപ്പെട്ടവനാക്കി. ഹിറ്റ്ലറുടെ ഫാസിസത്തെപ്പോലും ആഘോഷിക്കാൻ ദലി മടി കാണിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ എതിരാളികൾ പറഞ്ഞിരുന്നത്.

1937ൽ വരച്ച ‘നാർസിസ്സസിന്‍റെ രൂപാന്തരം’ എന്ന ചിത്രം പരിശോധിക്കാം. ഗ്രീക്ക് പുരാണത്തിലെ അതിസുന്ദരനായിരുന്നു നാർസിസ്സസ്. തന്നെക്കുറിച്ചുള്ള സൗന്ദര്യചിന്തയുടെ പാരമ്യത്തിൽ അയാളൊരിക്കൽ, വെള്ളത്തിലെ തന്‍റെ തന്നെ പ്രതിബിംബം കണ്ടു മയങ്ങി, അതിൽ അനുരക്തനാവുന്നു. ആ സ്വയാനുരാഗത്തിന്‍റെ മൂർദ്ധന്യത്തിൽ നാർസിസ്സസ് അപ്രത്യക്ഷനാവുകയാണ്. പകരം അവിടെ ഒരു സുവർണ്ണധവളപുഷ്പം ബാക്കിയാവുന്നു. ദലിയുടെ ചിത്രത്തിൽ ഈ ഗ്രീക്കു നായകൻ ഒരു തടാകക്കരയിൽ വെള്ളത്തിലേക്കു ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് ദലിതന്നെ  ഒരു കവിത എഴുതിയിട്ടുണ്ട്. അതിൽ ചലനമറ്റുപോയ ആത്മാനുരാഗിയെ സസ്യങ്ങൾ പതിയെ വിഴുങ്ങുന്നു എന്നു പറയുന്നു. ബാക്കിയാവുന്നതോ, അയാളുടെ വെളുത്ത ശിരസ്സു മാത്രവും. കവിതയിൽ, ആ ശിരസ്സിന്‍റെ  അതിവിചിത്രമായ രൂപാന്തരത്തെക്കുറിച്ച് വിശദമായി വർണ്ണന കാണാം. മനുഷ്യശീർഷം പിളർന്നും ചിതറിയും വിടർന്നും പൂവായി പരിണമിക്കുന്ന ദലിയുടെ ഭാവന അസാമാന്യം തന്നെ എന്നേ പറയാനാവൂ.

നാർസിസ്സസിന്‍റെ രൂപാന്തരം എന്ന ഈ ദലിച്ചിത്രത്തിൽ തീർത്തും വന്യമായ ഭാവനകൾ നിറഞ്ഞിരിക്കുന്നു. കരയിൽ നിന്നും ഉയർന്നു വരുന്ന കൈകളിൽ ഒരു അണ്ഡമാണ്. അതിൽ വിരിഞ്ഞുയരുന്നതോ ഒരു ധവളപുഷ്പവും. നാർസിസ്സസിന്‍റെ രണ്ടാം ജന്മമാണത്. ഇവിടെ അണ്ഡത്തിലെ വിള്ളലുകളും പൂവിൻ നിഴലുകളും ചേർന്നു നിൽക്കുന്നു. ഏതേതെന്നു വ്യക്തമാക്കാതെ. തവിട്ടു നിറത്തിലുള്ള മറ്റൊരു കൈ കൂടി ചിത്രത്തിൽ കാണാം. ജലാശയത്തിൽ നിന്നാണത് ഉയർച്ച തേടുന്നത്. അതിന്‍റെ വിരലുകളിലുമുണ്ട് അണ്ഡാകൃതിയിലൊരു പിണ്ഡം. ഒരു ഉരുളൻ കല്ലോ, ശിലാസമാനമായ ഒരു ഫലമോ മറ്റോ ആയിരിക്കാമത്. അതിലുമുണ്ടൊരു വിള്ളൽ. ആ വിള്ളലിൽ നിന്നുയരുന്നതാകട്ടെ ഒരു ജ്വാലാമുഖിയെന്നു തോന്നും. കറുത്ത പുകയും അഗ്നിവർണ്ണവുമൊക്കെച്ചേർന്ന് ആകപ്പാടെ ഒരു സ്ഫോടനാന്തരീക്ഷം. ഇനിയൊന്നു കൂടി  സൂക്ഷിച്ചു നോക്കിയാൽ അതൊരു കൈയ്യേ അല്ലെന്നും, മറിച്ച് നാർസിസ്സസിന്‍റെ ശരീരം തന്നെയാണെന്നും നമുക്ക് തോന്നാവുന്നതാണ്. അങ്ങനെ വരുമ്പോൾ ആ അണ്ഡരൂപം ശിരസ്സായി മാറും. തുടർന്ന്, കൈകളും കാൽമുട്ടുകളുമൊക്കെ നമുക്കു മുന്നിൽ തെളിയാൻ പ്രയാസമില്ല.

ഇത്തരത്തിൽ, ഒരേ സമയം ഒരു ബിംബത്തെ പലതായി കാണിപ്പിക്കുന്നതാണ് ദലിയുടെ മാസ്റ്റർ സ്ട്രോക്ക്. ഇതിനെയാണ് പണ്ഡിതർ പിന്നീട് പാരനോയിക്-ക്രിട്ടിക്കൽ ആക്ടിവിറ്റി എന്നൊക്കെ വിളിച്ച് ഉദാത്തമാക്കിയത്. സിഗ്മണ്ട് ഫോയ്ഡിന്‍റെ മന:ശാസ്ത്രചിന്തകളിൽ അഭിരമിച്ചിരുന്ന ദലി ഇങ്ങനെയൊക്കെ വരച്ചില്ലെങ്കിലായിരുന്നു അത്ഭുതം. ഒരു പക്ഷെ, ബോധവും ഉപബോധവുമായ തലങ്ങളെ ഒരേ സമയം കാഴ്ചക്കാരനു മുന്നിൽ കൊണ്ടുവരികയാണിവിടെ. അല്ലെങ്കിൽ, മനുഷ്യന്‍റെ യുക്തവും അയുക്തവുമായ വശങ്ങളെച്ചേർത്തു വെയ്ക്കുന്ന ഒരു പാരനോയ്ഡ് അവസ്ഥയെ കാണിച്ചു തരികയാണ് ഈ പ്രതിഭാധനൻ. ഈ അബോധനിർമ്മിതിയിലൂടെ സർഗ്ഗാത്മകതയുടെ പാരമ്യം ആസ്വദിക്കാമെന്ന് ചില സർറിയലിസ്റ്റുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ബോധമനസ്സിന്‍റെ വ്യാഖ്യാനത്തിൽ ഒതുങ്ങുന്നതല്ല ഈ ചിത്രീകരണം. തനിക്കു പോലും മനസ്സിലാവാറില്ല താൻ വരയ്ക്കുന്നതെന്തെന്നു ഒരിക്കൽ അല്പം തമാശയായി ദലി പറഞ്ഞത് വെറുതെയാവില്ല.

ഫ്രോയ്ഡിയൻ ഓർമ്മകൾ എപ്പോഴും സ്വപ്നവൈചിത്ര്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നു. ഫ്രോയ്ഡിന് ഏറ്റവും ചേരുന്ന ചിത്രകാരൻ സൽവാദൊർ ദലിയാണെന്ന് തോന്നിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഇതുപോലെ മനോവൃത്തികളെ വിഭ്രമാത്മകമായും ചിന്തോദ്ദീപ്തമായും കാൻവാസിൽ അവതരിപ്പിച്ചിട്ടുള്ള മറ്റൊരാളുണ്ടെന്ന് തോന്നാത്തതു കൊണ്ടുതന്നെ.


ഈ ചിത്രത്തിൽ കുറേ രേഖകൾ അനന്തതയിലേക്ക് നീളുന്നതുകാണാം. നമുക്ക് ഗോചരമല്ലാത്ത വിദൂരത്തിലേക്ക് നമ്മെ ആനയിക്കുകയാണവ. പക്ഷെ, ആ പോക്കിൽ നമ്മെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് ഒരു കണ്ണ്. അത് നമ്മുടെയോരോരുത്തരുടേയും മിഴി തന്നെയല്ലേയെന്നൊരു സന്ദേഹം. അപ്പോൾ വിദൂരഗമനം സത്യത്തിൽ നമ്മുടെ ഉൾക്കണ്ണിലൂടെ ഞാനെന്ന സ്വത്വത്തിലേക്ക് തന്നെ, എന്നു വരുമോ? അതോ, എല്ലാം കാണുന്ന ആ സർവ്വദൃക്ക് തന്നേയോ അത്. ഇവിടെ ഞാൻ ഈജിപ്ഷ്യൻ ദേവനായ ഹോറസിന്റെ വിശ്വജ്ഞാനപ്രതീകമായ ആ അത്ഭുതനേത്രത്തേയും സങ്കല്പിക്കുന്നു. സ്ഫടികം പോലത്തെ ആ കണ്ണ് അന്തരീക്ഷത്തിലങ്ങനെ തൂങ്ങി നിൽക്കുകയാണ്. ഒറ്റനോട്ടത്തിൽ ആകാശത്തിനേറ്റ ഒരു മുറിവു കണക്കെ. കൂടുതൽ വിശകലനം ചെയ്താൽ മനോതാളം തന്നെ തെറ്റിപ്പോവും.
സത്യത്തിൽ ദലി, ഒരു പക്ഷെ, ഹരംകൊണ്ടിരുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന ബിംബകല്പനയിലെ മിഥ്യയും യാഥാർത്ഥ്യവും ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ, പ്രേക്ഷകരായ നമ്മളനുഭവിക്കുന്ന ചിന്താക്കുഴപ്പത്തെക്കുറിച്ചാലോചിച്ചായിരിക്കും.
പക്ഷെ, ഒന്നോർക്കണം. ഒരു ദലിച്ചിത്രം എന്നും തുറസ്സായ ഇടമാണ്. ആർക്കും ഏതു രീതിയിലും ഇതിനെ വ്യാഖ്യാനിക്കാം. അത്രമാത്രം സാധ്യതകളാണ് സൽവാദോർ ദലി നമുക്ക് മുന്നിൽ തുറന്നിടുന്നത്. നിദ്രാരാഹിത്യമായും വിഷാദത്തിന്‍റെ മുനമ്പായും  വേണമെങ്കിൽ ഈ ചിത്രത്തെ സങ്കല്പിക്കാം. അതുമല്ലെങ്കിൽ മണ്ണിനും വിണ്ണിനുമിടയിൽപ്പെട്ടുപോയ ഒരു ചകിതനേത്രമായും കാണാം. അനന്തനിഗൂഢതമായ ചക്രവാളത്തിലേക്ക് രക്ഷപ്പെടാനുള്ള ഒരുവന്‍റെ വെമ്പലുമാവാം.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയിൽ ദലി വരച്ച ഒരു ഗംഭീരചിത്രമാണ് ‘കുരിശുയോഹന്നാന്‍റെ ക്രിസ്തു’

സ്പെയിനിലെ ആവിലയിൽ വെച്ച് കുരിശുയോഹന്നാൻ എന്ന പുണ്യാളന് ഒരു ദർശനമുണ്ടായത്രെ. കൈയ്യിൽ കിട്ടിയ കടലാസിൽ അദ്ദേഹമത് വരച്ചെടുത്തു. ക്രൂശിതനും പീഡിക്കപ്പെട്ടവനുമായ ദൈവപുത്രന്‍റെ രൂപം. അത് കാണുന്നതോ, അന്നു വരേയ്ക്കും ആരും ചിന്തിച്ചിട്ടുപോലുമില്ലാത്ത ഒരു കോണിൽ നിന്നും. അങ്ങു മുകളിൽ നിന്ന്. പിതാവ് മനുഷ്യമോചനത്തിനായി പറഞ്ഞയച്ച പുത്രനെ നോക്കുന്ന വിധം. അവന്‍റെ ശരീരം മുന്നോട്ടാഞ്ഞു മുറുകിയനിലയിൽ, ഏതു നിമിഷവും താഴേക്കു വീണേക്കാമെന്നപോലെ. കൈകളിൽ അടിച്ചു കയറ്റിയിരിക്കുന്ന ഭീമൻ ആണികളില്ലായിരുന്നെങ്കിൽ അതുതന്നെ സംഭവിച്ചേനേയെന്നു തോന്നും.

1945 ലാണ് സൽവദോർ ദലി ഈ ചിത്രം ആദ്യമായി കാണുന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷം, ദലിയ്ക്കും ഇതേ ചിത്രത്തിന്‍റെ ഒരു   പ്രാപഞ്ചികസ്വപ്നം ഉണ്ടായത്രെ.

അതിനെക്കുറിച്ച് ദലി ഇപ്രകാരം പറയുകയുണ്ടായി:

“പ്രപഞ്ചത്തിന്‍റെ തന്നെ കേന്ദ്രമായ  ഒരു കണികാമർമ്മം പോലെ അതെന്നെ ആവേശിച്ചു. അവിടെ ഞാനെന്‍റെ ക്രിസ്തുവിനെ ദർശിക്കുകയായിരുന്നു. ഒരു ത്രികോണരൂപത്തിനുള്ളിലെ വൃത്തത്തിൽ മുകളിൽ നിന്നു കാണുന്ന ക്രിസ്തുരൂപം.” 

ആ ജ്യാമിതീയസങ്കല്പം അപാരമായ ശാന്തതയും നിശ്ചലതയുമാണ് ദലിച്ചിത്രത്തിന് നൽകിയത്. അനാദികാലം മുതലേ ചലിച്ചുകൊണ്ടേയിരിക്കുന്ന പ്രപഞ്ചം ഒരൊറ്റ നിമിഷത്തിൽ ഉറഞ്ഞുകൂടി നിശ്ചലമായതുപോലെ. അത്രയ്ക്കും സന്തുലിതമാണാ കാഴ്ച. ഒരു പക്ഷെ, അതിമാനുഷികമായ ഒന്നിനു മാത്രം സാധിക്കുന്നത്.

ക്രിസ്തുവിന്‍റെ ശിരസ്സാണിതിലെ മർമ്മവൃത്തം. മന:പൂർവ്വമായിരിക്കണം, അവിടെ മുൾക്കിരീടത്തെ ഒഴിവാക്കിയിരിക്കുന്നു. എന്തിന് കൈകാലുകളിൽ ആണികൾ പോലുമില്ല. ഇരുകൈകളും കാലുകൾ ചേരുന്നയിടവുമാണ് ത്രികോണത്തിന്‍റെ മൂന്നു കോണുകൾ. ത്രികോണം ദൈവികത്രയത്തിന്റെയും, വൃത്തം അനന്തതയുടേയും പ്രതീകമാവാം.

ഇവിടെ ക്രിസ്തു എല്ലാം ഉൾക്കൊള്ളുന്നു. ഒരു പക്ഷെ, പ്രപഞ്ചത്തെത്തന്നെ. അവനിൽ യാതനകളില്ല. പീഡാനുഭവത്തിന്‍റെ സൂചനകളെല്ലാം തന്നെ ദലി ഒഴിവാക്കിയിരിക്കുന്നു. ആ ശരീരം നോക്കൂ… യൗവ്വനയുക്തവും, ബലിഷ്ഠവും, ആകാരസുഭഗവും. കുരിശുയോഹന്നാന്‍റെ ചിത്രത്തിലെ തീവ്രവേദനകൾ ദലി പാടെ മായ്ച്ചുകളഞ്ഞിരിക്കുകയാണ്. പകരം ജീവന്‍റെ ആഘോഷവും, മരണത്തിനുമേലുള്ള വിജയവുമെല്ലാം ചിത്രകാരൻ ഇവിടെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. ആ സുന്ദരശരീരത്തിലേക്ക് വീഴുന്ന പ്രകാശമാകട്ടെ, സ്വർഗ്ഗത്തിൽ നിന്നുള്ളതു പോലെ. ആ ദിവ്യപ്രകാശത്തിൽ പരിലസിക്കുകയാണ് മിശിഹാ. ചുറ്റും നിറഞ്ഞുനിൽക്കുന്ന അന്ധകാരം ആ തിളക്കത്തിന് മാറ്റുകൂട്ടുന്നുമുണ്ട്. ആ സുവർണ്ണശോഭ സൃഷ്ടിക്കുന്ന ഛായാരൂപങ്ങൾ ശ്രദ്ധേയമാണ്. ക്രിസ്തുവിന്‍റെ ശിരസ്സും കൈകളും രൂപപ്പെടുത്തുന്ന നിഴലുകൾ പോലും ഗാംഭീര്യമാർന്നത്. കുരിശിലെ ലോഹപ്പലക പക്ഷെ, എങ്ങനെ അത്തരമൊരു നിഴൽ സൃഷ്ടിക്കുന്നു എന്നത് അല്പം അത്ഭുതമുണർത്തുന്നുമുണ്ട്.

ഇനി താഴോട്ടു നോക്കുമ്പോഴാണ് ആ ക്രൂശിതരൂപം ആകാശത്തിലാണെന്നും മേഘക്കൂട്ടങ്ങൾ അതിനു കീഴെയാണെന്നും നാം ശ്രദ്ധിക്കുക. ഒരു പുതുദിവസം ഉണർന്നു വരികയാണവിടെ. പ്രതീക്ഷയുടെ നാമ്പുകൾ, മനോഹരപ്രകൃതിയിൽ സൃഷ്ടിച്ചുകൊണ്ടു മുകളിലെ ദിവ്യരൂപം അതിനെ പരിപാലിക്കുന്നു. അവിടെയൊരു പ്രശാന്തനീലിമയാർന്ന തടാകം. അരികിലൊരു കൊച്ചുനൗകയും ചില മുക്കുവരും.  ക്രിസ്തുശിഷ്യന്മാർ സാധാരണക്കാരായ മുക്കുവരായിരുന്നുവെന്നത് ഇവിടെ ഓർക്കുക. ഒരു പക്ഷെ, നാം വസിക്കുന്ന ഭൂമിയുടെ തന്നെ പ്രതീകമാവാം ഈ പ്രകൃതിദൃശ്യം.

ചിത്രം വരച്ചു കഴിഞ്ഞപ്പോൾ പലർക്കും അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടൊന്നുമില്ല. കാരണം ഈ ആധുനിക കാലത്ത് ദലിയെപ്പോലൊരു ചിത്രകാരൻ തികച്ചും മതപരമായ സന്ദേശം പകരുന്ന ഒരു ചിത്രം വരച്ചതിനാൽ പലരുടേയും നെറ്റി ചുളിഞ്ഞു. ഇന്നീ ചിത്രം സ്കോട്ലാൻഡിലെ ഗ്ലാസ്ഗോ മ്യൂസിയത്തെ അലങ്കരിക്കുന്നു. 80 മില്യൺ ഡോളറിന് സ്പാനിഷ് സർക്കാർ ഇത് വാങ്ങിക്കാൻ ശ്രമിച്ചെങ്കിലും. സ്കോട് ലാൻഡ് അധികാരികൾ വഴങ്ങിയില്ല.

പക്ഷെ, ഒരു സ്പാനിഷ് കാത്തലിക് ബിംബത്തെ, അതിനോടൊട്ടും ചേരാത്ത സ്കോട്ടിഷ് അന്തരീക്ഷത്തിലേക്കു പറിച്ചുനട്ടത് പലർക്കും ദഹിച്ചില്ല. മാത്രമോ, ചില തെമ്മാടികൾ ഈ ചിത്രത്തെ വലിച്ചുകീറുകയും ചെയ്തു.

എന്തായാലും, ലോകത്തിലെ ഏറ്റവും മികച്ച ക്രിസ്തീയാവിഷ്കാരങ്ങളിലൊന്നായി ഈ ദലിച്ചിത്രത്തെ കണക്കാക്കാം.

ചിത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍:

ചിത്രം നാർസിസ്സസിന്‍റെ

രൂപാന്തരം

കുരിശുയോഹന്നാന്‍റെ ക്രിസ്തു
വർഷം 1937 1951
മാധ്യമം കാൻവാസിലെ എണ്ണച്ചായം കാൻവാസിലെ

എണ്ണച്ചായം

വലിപ്പം 51 x 78 സെ.മീ 205 x 116 സെ.മീ
പ്രദർശിപ്പിച്ചിരിക്കുന്ന

സ്ഥലം

ടേറ്റ് മോഡേൺ,

ലണ്ടൻ

കെൽവിംഗ് ഗ്രോവ് ആർട്ട് ഗാലറി, ഗ്ലാസ്ഗോ

 


 

 

Comments

comments