ഇത് ഒരു കാവ്യാനുഭവത്തിന്റെ വിസ്താരമാണെന്നു തോന്നുന്നു. 2019 ജൂലായ് 26ന് ആറ്റൂർ രവിവർമ്മ കാവ്യാവശേഷനായി ഒരാഴ്ച കഴിഞ്ഞ് ഒരോർമ്മക്കുറി എഴുതാനിരുന്നതാണ്. പക്ഷേ മനസ്സ്, ആറ്റൂർത്തിരയെഴുത്തിനായി ഞാനലഞ്ഞ വഴികളിലൂടെയും വഴിവരമ്പുകളിൽ പൊടുന്നനേ നിരനിരയായി വിളക്കുമരങ്ങൾ പൂത്തുലയും പോലെ വെളിച്ചപ്പെട്ട ആറ്റൂർമൊഴിയുടെ നിരവധി പൊരുളടരുകളിലൂടെയും സഞ്ചരിക്കാൻ തുടങ്ങി. വലിയ കവികളും കവിതകളും വായനയെ പുതിയൊരു ഭാഷയിൽ എഴുത്തിനിരുത്തും. അങ്ങനെ ഇരുത്തപ്പെട്ടതുപോലുണ്ട്. എഴുത്ത് നീണ്ടുനീണ്ടുപോയേക്കാം. നിരവധി അദ്ധ്യായങ്ങളുള്ള വഴിവായനക്കെട്ടായി മാറാം. ഒരുപക്ഷേ വഴി, മറന്നോ പിഴച്ചോ അവസാനിച്ചെന്നുമിരിക്കും.
ഉറപ്പില്ല. ആദ്യാക്ഷരം പോലെ ആദ്യ അദ്ധ്യായം പോലെ ഒന്ന് ഇവിടെ ഇപ്പോൾ….
അൻവർ അലി

*****

ആറ്റൂർകവിതകളിൽ നിന്ന് ആറ്റൂർ മാഷിലൂടെ ആറ്റൂർ ഗ്രാമത്തിൽ എത്തിപ്പെട്ട ഒരു പകലാണ് മറുവിളി എന്ന സിനിമ യഥാർത്ഥത്തിൽ ആരംഭിക്കുന്നത്. അതായത്, അന്നാണ് ആ സിനിമാപ്പണി തുടങ്ങാനുള്ള വഴി തുറന്നുകിട്ടിയത് എന്നർത്ഥം.  അത് 2013-ലോ 2012-ലോ ആയിരിക്കണം. കൃത്യമായി ഓർമ്മയില്ല. ആ യാത്രയ്ക്കു ശേഷമാണ് ഒരു കഥാചിത്രത്തിനെന്ന പോലെ ഞാൻ തിരക്കഥയെഴുതാൻ തുടങ്ങുന്നത്. 

സിനിമാസംരംഭത്തിന് മാഷിന്റെ സമ്മതം കിട്ടിയ ശേഷമുള്ള രണ്ടു വർഷത്തോളം  ആറ്റൂർകവിതകൾ വീണ്ടും വീണ്ടും വായിക്കൽ മാത്രമേ നടന്നുള്ളൂ. ഇടയ്ക്ക്  രാഗമാലികാപുരത്തെ വീട്ടിൽ പോവും. സിനിമ മനസ്സിൽ വച്ചുകൊണ്ട് പലതും ചോദിക്കും. മാഷ് പക്ഷേ കൂടുതലും സംസാരിക്കുക ഞങ്ങളെ ചേർത്തുനിർത്തുന്ന  പൊതുവിടമായ കവിത എന്ന അറിവിനെക്കുറിച്ച്. സ്വന്തം രചനകളുടെയും ജീവിതത്തിന്റെയും വിശദാംശങ്ങൾ പറയാൻ മിക്കപ്പോഴും മടിയാണ്. ഏറ്റവും ഉത്സാഹത്തോടെ ചോദിക്കുക നമ്മുടെ എഴുത്തിനെക്കുറിച്ചാണ്. എന്റെ മാത്രമല്ല, അടുത്ത സുഹൃത്തുക്കളായ മറ്റു കവികളെക്കുറിച്ചും ചോദിക്കും. ഇന്നയാൾ ഇപ്പോൾ എവിടെയാണ്? അയാളുടെ കവിതയൊന്നും കാണുന്നില്ലല്ലോ…. എന്നിങ്ങനെ. 

ഞാനാകട്ടെ വഴിമുട്ടി നിൽപ്പാണ്. ധനസഹായം ഏറ്റ ദില്ലി സാഹിത്യ അക്കാദമിക്ക് വിശദതിരക്കഥ കൊടുക്കണം. അവരുടെ റിമൈന്റർ മെയിൽ രണ്ടെണ്ണം വന്നു കഴിഞ്ഞു. വായന മാത്രമേ നടക്കുന്നുള്ളൂ. വായിച്ചു വായിച്ച് കവിതയിലെ ആറ്റൂരുലകം ഓരോ രാവിലും ഓരോരോ ആകാശം എന്ന കണക്ക് തെളിയുന്നുണ്ട്. ചില നേരത്ത് അതുവരെ കാണാത്ത ഒരൂ രൂക്ഷനക്ഷത്രം. മറ്റു ചിലപ്പോൾ അമ്പരപ്പിക്കുന്ന ചില പുതിയ താരാപഥങ്ങൾ…. പക്ഷേ, ഞാനെടുക്കേണ്ട ജീവചരിത്രസിനിമയ്ക്കു വേണ്ട ഒരു ചിന്തു പോലും ഉള്ളിൽ തെളിയുന്നില്ല. 

നൂറ്റമ്പതോളം കവിതകൾക്കുള്ളിൽ എവിടെയൊക്കെയോ തെളിഞ്ഞും മറഞ്ഞും കിടക്കുന്ന ഓർമ്മത്തരികൾ  കമ്പ്യൂട്ടറിലെ ആറ്റൂർ ഫയലിൽ നമ്പരിട്ട് കുറിച്ചുവച്ചിട്ടുണ്ട്. ആ ജീവിതത്തിന്റെ വിശദാംശങ്ങൾ കിട്ടാൻ ആധികാരികമായി പിന്നെയുള്ളത്, എന്നോട് നേരിട്ടും പ്രസിദ്ധീകരിച്ച അഭിമുഖങ്ങളിലൂടെയും കാര്യമാത്രപ്രസക്തമായി അദ്ദേഹം വെളിപ്പെടുത്തിയ പൂർവ്വകാലശകലങ്ങൾ, ശിഷ്യരും സുഹൃത്തുക്കളും പറഞ്ഞുതന്ന ചിലത് – അത്ര മാത്രം. സിനിമയെടുക്കാൻ സമ്മതിച്ചുവെന്നല്ലാതെ, അതിന്റെ ചുമതലക്കാരനായ എന്നോട് തന്റെ ബാല്യകൗമാരങ്ങളോ യൗവ്വനാപരാഹ്നങ്ങളോ വിവരിക്കാനുള്ള ഒരുത്സാഹവും ആറ്റൂരിനില്ലായിരുന്നു. അത്തരം ആത്മരതികൾക്കപ്പുറത്താണ് മാഷ് വ്യവഹരിക്കുന്നതെന്ന് നിരന്തരസമ്പർക്കത്തിലൂടെ ഞാൻ ഉറപ്പിച്ചിട്ടുമുണ്ടായിരുന്നു. 

സിനിമയെടുപ്പിലും പ്രായത്തിലും മുതിർന്നവരായ രാജീവ് വിജയരാഘവനോടും പി.ടി.രാമകൃഷ്ണനോടും ഞാൻ ഒരു ദിവസം എന്റെ ധർമ്മസങ്കടം തുറന്നു വച്ചു. മൂന്നു പേരും ഒന്നിച്ചിരുന്ന് ആലോചിക്കാൻ തീരുമാനമായി. അവർ തൃശൂർക്കു വരുന്നതിന്റെ തലേന്നാൾ എനിക്കൊരു വിവരം കിട്ടി. അടുത്ത ദിവസങ്ങളിൽ ആറ്റൂർഗ്രാമത്തിൽ ഒരു കുടുംബസംഗമം നടക്കുന്നുണ്ട്. ആറ്റൂർ മാഷും എത്താനിടയുണ്ട്. പിറ്റേന്നത്തെ ആലോചനയുടെ തുടർച്ചയായി ആ കുടുംബസംഗമം അങ്ങു ഷൂട്ടു ചെയ്താലോ? ഞാൻ മാഷെ വിളിച്ചു. സംഗമത്തിന്റെ സംഘാടകരെ വിളിച്ചു. ഡിജിറ്റൽ വീഡിയോഗ്രാഫിയിൽ ഉത്സാഹിയും പി.പി. രാമചന്ദ്രന്റെ സഹാദ്ധ്യാപകനുമായ പൊന്നാനിക്കാരൻ ജോഷിയെ വിളിച്ച് ഷൂട്ട് ചെയ്യാൻ ഏർപ്പാടാക്കി. 

പിറ്റേന്ന് പകൽ രാജീവും രാമകൃഷ്ണനുമൊത്ത് ഇരിക്കുമ്പോൾ അതുവരെയില്ലാത്ത  വ്യക്തത ഞങ്ങളെത്തേടി വന്നു. ആറ്റൂർഗ്രാമത്തിൽ നിന്ന് ആറ്റൂർ മാഷിലൂടെ ആറ്റൂർക്കവിതയിലേക്ക് തിരിച്ചു നടക്കാം.
****
ഒരു സോണി HX 400V ക്യാമറയും ചെറിയൊരു സ്വനയന്ത്രവുമായി  കുടുംബസംഗമം നടക്കുന്ന  പന്തലിലെത്തിയപ്പോൾ  ടിപ്പിക്കൽ  പദ്യപാരായണമട്ടിൽ  ഒരു പെൺകുട്ടി ‘മേഘരൂപൻ’ പാടുകയാണ്. മാഷും ഞാൻ അമ്മയെന്നു വിളിക്കുന്ന, മാഷിന്റെ പത്നി ശ്രീദേവി  വർമ്മയും സദസ്സിലുണ്ട്. കവിത രാഗത്തിൽ നീട്ടിപ്പാടൽ തീരെ ഇഷ്ടമില്ലാത്ത ആറ്റൂർ നിഷ്കളങ്കമായ ആ ചൊല്ലൽ സഹിച്ച് ശൂന്യമുഖനായി ഇരിക്കുകയാണ്. ആ ഇരിപ്പ് ജോഷി ഫ്രെയിമിലാക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് മൈക്ക് ഒളിപ്പിച്ചു നിന്ന എന്നോട് മാഷ് പറഞ്ഞു,
”എനിക്ക് ഇവിടൊക്കെ ഒന്ന് നടക്കണം”
“ഞങ്ങളും കൂടെ വരട്ടേ?” ഞാൻ ചോദിച്ചു. 
“അതിനെന്താ” മാഷ് എഴുന്നേറ്റു; അമ്മയും.

ഇല്ലിവേലികൾ, വെട്ടുവഴികൾ, പ്രത്യേകിച്ച് ആരുമില്ലെന്നു തോന്നിക്കുന്ന പഴയ വീടുകളും നീണ്ട തൊടികളും…. ഇടയ്ക്കിടെ ഇരുമ്പുവേലികളോ പുതുവീടുകളോ കണ്ടാലായി. ബാസൽ മിഷന്റെ ഒരു നൂറ്റാണ്ടു മുമ്പത്തെ മലബാർ ഫോട്ടോ ആർക്കൈവിൽ കണ്ട ഏതോ ചിത്രത്തെ ഓർമ്മിപ്പിക്കുന്ന കാർത്ത്യായനി  ക്ഷേത്രം. നടയിലേക്കുള്ള ചെമ്മൺനിരത്തിന്റെ ഒത്ത നടുക്ക് മുദ്ര പിടിച്ച പച്ചവേഷം പോലെ ഒരരയാൽ…. മാഷ് മുണ്ടു മാടിക്കുത്തി വെയിൽ കൂസാതെ പിറന്ന ഊരിന്റെ അകഞരമ്പുകളിലൂടെ വേഗത്തിൽ  നടന്നു. കൂടെ എത്താതെയും എത്തിയും പിന്നിൽ അമ്മ. അമ്പലക്കുളം ചുറ്റിയും ഞങ്ങൾക്ക് മഠവും വാരിയവും ഷാരവും വായനശാലയും കാട്ടിത്തന്നുമാണ് നടപ്പ്. ജോഷിയുടെ ക്യാമറ പിന്നാലെയും വശത്തും ഇടയ്ക്കിടെ ഓടിക്കയറി മൂന്നാലെയും. എന്റെ തിരക്കഥക്കണ്ണും കുറേശ്ശെ തെളിഞ്ഞു തുടങ്ങി. അതിന്റെ ടെലി ലെൻസ് ആ എൺപത്തിമൂന്നുകാരന്റെ ഉള്ളിലേക്ക്  കടന്ന് അഞ്ചും പത്തും പതിനഞ്ചും വയസ്സുള്ള, ആലുക്കൽ അമ്മിണിയമ്മയുടെ മകൻ ആറ്റൂർ രവിയെ സങ്കൽപ്പിച്ചു കൊണ്ടിരിക്കെ, അതാ ഒരു  വെട്ടുവഴിവളവിൽ രണ്ട് ആൺ കുട്ടികളും ഒരു പെൺകുട്ടിയും. എന്തോ കളിയുടെ ഓളത്തിലാണവർ. ക്യാമറ കണ്ടാവണം വിടർന്ന ചിരിയോടെ മൂവരും അടുത്തുവന്നു. മുതിർന്ന ഒരാൺകുട്ടിയോട് മാഷ് ചോദിച്ചു:
“എവിടെയാ, ഇവിടത്തെ സ്കൂളിലാ പഠിക്കണെ?”
“ഞാൻ ഏഴുവരെ ഇവിടെ പഠിച്ചു”
” അതു കഴിഞ്ഞിട്ട്?”
” എച്ച് എസ് എം ടി ചേലക്കര”
“ചേലക്കര?”
 ക്യാമറയിൽ നോക്കി ലജ്ജയോടെ ചിരിച്ചു നിൽക്കുന്ന കുഞ്ഞനോടും കുഞ്ഞിയോടുമായി മാഷ്ടെ കുശലം:
“ഈ കുട്ടിയൊക്കെ ഇവിടെയാ?”
” ഇവിടെ ആറ്റൂർ സ്കൂളിൽ” രണ്ടു പേരും ഒന്നിച്ചു പറഞ്ഞു. 

ആറ്റൂരിനും കുട്ടികൾക്കുമിടയിൽ  നിൽക്കക്കള്ളിയില്ലാതെ ചലിക്കുന്ന ഹാൻ ഹെൽഡ് ഷോട്ടിലേക്ക് കൈയ്യെത്തി, ലെൻസിൽ കിള്ളിക്കൊണ്ട് ഉച്ചസൂര്യൻ ഗ്ലെയറുകൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. പല ആറ്റൂർകവിതകളിലേക്കും ആറ്റൂർച്ചൊല്ലുകളിലേക്കും ആ ഗ്ലെയറുകൾ തുരന്നു കയറുന്നത് ഞങ്ങൾ കണ്ടു. 

മാഷ് തളരും വരെ നടന്നു. മെമ്മറി കാർഡുകൾ കഴിയും വരെ ദൃശ്യങ്ങളും പകർന്നു. അന്ന് എന്റെ എഴുത്തു തുടങ്ങി.
*
പുഴ തൻ വക്കി-
ലെക്കുന്ന കളിമണ്ണടർ,
കുശവനെപ്പോലേറ്റിവന്നു
കോലായിലിരുട്ടാകും
വരെ, കുഴച്ചുരുട്ടി
ഉരുവങ്ങളുണ്ടാക്കി,
ചുട്ടെടുത്തകത്തും
പുറത്തുമുള്ള
ദുരിതങ്ങളൊക്കെയും
പോക്കുമച്ഛനെ-
പ്പോലെ തട്ടിനീട്ടിയും
കുറച്ചും പരത്തിയു-
മിരിക്കുന്നു കാണാ-
പ്പുഴവക്കിൽ ഞാനും

2012 ൽ പ്രസിദ്ധീകരിച്ച ആറ്റൂർകവിതകൾ എന്ന സമ്പൂർണ്ണ സമാഹാരത്തിലെ ഈ ആമുഖവരികളിൽ ആത്മകഥയുടെ ആദ്യ ചില ഏടുകളും കാവ്യകലയിലെ തൻവഴി തേടലും ഒന്നിച്ചു വ്യഞ്ജിക്കുന്നുണ്ട്. മാത്രമല്ല, തന്റെ വ്യക്തിജീവിതവും സർഗ്ഗാത്മകജീവിതവും പരസ്പരപൂരകമാണെന്നും എപ്രകാരം ഒന്ന് (കളിമണ്ണുരുവങ്ങൾ  ഉണ്ടാക്കി അകത്തെയും പുറത്തെയും ദുരിതങ്ങൾ പോക്കുന്ന അച്ചന്റെ ഓർമ്മ) മറ്റേതിനെ (തട്ടിനീട്ടിയും കുറച്ചും പരത്തിയും കാണാപ്പുഴവക്കിലിരിക്കുന്ന തന്റെ എഴുത്തുരീതി) പൂരിപ്പിക്കുന്നുവെന്നും ആ വരികൾ വ്യക്തമാക്കുന്നു.  

മേൽവരികൾ മാഷ് എന്ന് എഴുതിയതെന്നറിയില്ല. പക്ഷേ കവിതകൾ കാലഗണനാക്രമത്തിൽ നോക്കുമ്പോൾ, 90-കൾ വരെയുള്ള രചനകളിൽ തന്റെ ഗ്രാമമോ കുട്ടിക്കാലമോ കുടുംബമോ ഒന്നും സജീവ സാന്നിധ്യമല്ല. ‘പഠിപ്പിന്നു മുമ്പ് അച്ഛന്റെ കൂടെ പാർത്ത’തും (നേരങ്ങൾ – 1992) ‘മുത്തച്ഛന്റെ പനയോലക്കുടയും കൊണ്ടെന്റെ ചങ്ങാതി പരമേശ്വരൻ’ പള്ളിക്കൂടത്തിൽ വന്നതു (മഴനാട് -1992) മായ ഓർമ്മച്ചിത്രങ്ങൾ  തൊണ്ണൂറുകളിലേ കടന്നു വരുന്നുള്ളൂ. ആധുനികത കൂടുതലും അനുഭവങ്ങളുടെ സാമാന്യവൽക്കരണത്തിൽ മുഴുകിയ കാലത്ത്   ‘പിറന്നൊരൂരിൽ പോകേണം നീ വളർന്നൊരാളായാൽ’ (പിതൃഗമനം -1972) എന്ന, വിശേഷാഖ്യാനത്തിലേക്ക് വളരാവുന്ന വരിയൊക്കെ സാമാന്യാഖ്യാനത്തിന്റെ പടുതിയിലൊതുക്കിയ ആറ്റൂർ,  പിറന്നു വളർന്ന ഊരിന്റെയും തന്റെയും പരിണാമകഥ അപ്പാടെ ഒരു പഴമ്പാട്ടു ചിമിഴിലാക്കുന്ന ആദ്യ കവിത രചിച്ചത് 1994-ലാണ് – ‘മൊട്ട’. ‘കഴുകൻമലയിൽ നാം വേനലൊഴിവിൽ കയറും വെയിലറിയാതെ’ എന്ന് പതിഞ്ഞ കഥപറച്ചിൽ മട്ടിൽ ആരംഭിച്ച് ഗ്രാമത്തിലെ ആൺമ പട്ടണങ്ങളിലേക്ക് തീവണ്ടി കയറുന്ന അമ്പതുകളുടെ പ്രാരബ്ധങ്ങളിലൂടെ വികസിച്ച്, പിന്നീടെന്നോ, പോറ്റി വളർത്തിയവരിലൊരാളുടെ ചിത കത്തിക്കൊണ്ടിരിക്കെ വീട്ടിൽ തിരിച്ചെത്തി ‘മുടി പറ്റെ വെട്ടിയ മുത്തശ്ശി തൻ തല പോലെ കാണായ’ കഴുമലയുടെ വർത്തമാനകാല യാഥാർത്ഥ്യത്തിലേക്കു കണ്ണുനട്ട്, ‘വെടിവെച്ച് കുഴിവെട്ടിമൂടിയ കൊമ്പനെണീറ്റു നിൽക്കു’മ്പോലുള്ള ‘മിണ്ടാത്തിരുളി’ന്റെ വിശ്വാകാരബിംബം തോറ്റിയുണർത്തി,  ‘മൊട്ട’ അവസാനിക്കുമ്പോൾ പിറന്ന ഊരിന്റെയും ഊരിൽ പിറന്നവന്റെയും ആത്മകഥ കൂടി അതിൽ തിരശ്ശീലപ്പെടുന്നുണ്ട്.  

ചലച്ചിത്രക്കരടിന് അവശ്യം വേണ്ട സ്ഥലകാലസങ്കൽപ്പനത്തെ ‘മൊട്ട’യുടെ അകവും പുറവും വല്ലാതെ പ്രചോദിപ്പിച്ചുവെങ്കിലും  എഴുത്തിന് സുഗമമായ വഴി തുറന്നുതന്നത് ‘ദേശത്തെപ്പറ്റി ഒരു ഉപന്യാസം – 1’ എന്ന പ്രബന്ധകവിതയായിരുന്നു. 1930-40 കളിലെ ആറ്റൂർഗ്രാമത്തിന്റെ സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ സൂക്ഷ്മചിത്രം നാട്ടുവാമൊഴിത്താളത്തിൽ  കൊത്തിയെടുത്ത ഗദ്യശിൽപ്പമാണ് ആ കവിത (ഭാഷാപോഷിണിയിലെ എഴുത്തുകാരുടെ ദേശം എന്ന പരമ്പരയിലേക്കുവേണ്ടി കെ.സി.നാരായണൻ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ, സ്വകാര്യങ്ങൾ “തന്നോടു തന്നെയും മുഴുവൻ പറയാത്ത”  ആറ്റൂരിൽ നിന്ന് അത്തരമൊരു ദേശമെഴുത്ത് ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ല). അതു കീറിയ ചാലിലൂടെ എന്റെ തിരയെഴുത്തുവഞ്ചിയും നീങ്ങി…

നിഴൽവെളിച്ചവിന്യാസത്തിലൂടെ ഇല്ലാത്ത ത്രിമാനദൃശ്യത ദ്വിമാനസ്ഥലത്തും രേഖീയ സമയത്തിലും തോന്നിപ്പിക്കലാണ് സിനിമ. അതു സങ്കൽപ്പിക്കൽ സിനിമയെഴുത്തും. എഴുതാനിരുന്ന എനിക്ക് പുതിയൊരു ത്രിമാനത തന്നു ദേശക്കവിത; പ്രബന്ധയുക്തിയുടെ മുനകൂർപ്പിച്ച മൊഴിയാൽ ഒരേ പ്രതലത്തിൽ ഒരേ സമയം വരഞ്ഞ വിവിധോദ്ദേശ്യഭൂപടങ്ങളുടെ ത്രിമാനത —

“കൊച്ചിശ്ശീമയിൽ തലപ്പിള്ളി താലൂക്കിന്റെ വക്കത്താണ് ആറ്റൂർ. മൂന്നു നാഴിക നടന്നാൽ ഭാരതപ്പുഴ. പിന്നെ ബ്രിട്ടീഷ് മലബാർ ആയി. അന്തിമാളന്റെ തട്ടകത്തിലാണ് ദൈവികമാപ്പിൽ. അഞ്ചലാപ്പീസ്, പള്ളിക്കൂടം, കള്ളുഷാപ്പ്, ഇറച്ചിക്കട ഒന്നും ഞങ്ങളുടെ നാട്ടിലില്ല. ആലുകളാണ് ദേശത്തെ വലിയ മരങ്ങൾ. നാലുദിക്കിലുമുണ്ട്. മാവും പിലാവും നിറയെ ഈച്ചയും. അതിനാൽ അവയോട് എനിക്ക് പ്രിയമുണ്ടായിരുന്നില്ല. ഉയർന്നുപോകുന്ന തെങ്ങുകളിൽ കായ കുറവ്. ഒരു വലിയ ആലായിരുന്നു എന്റെ വീട്ടിന്റെ വഴിയടയാളം. വെട്ടുവഴിക്കു വേണ്ടി അതു വെട്ടി. പാടത്തിന്റെ വക്കത്താണ് എന്റെ വീട്. മുകളിലെ മുറിയിലിരുന്നു നോക്കിയാൽ വേലിക്കപ്പുറത്ത് ഇളം പച്ചപ്പാടം. അതിന്നു നടുക്ക് ഒലിച്ചുകൊണ്ടിരിക്കുന്ന തോട്. വെള്ളത്തിന്റെ നേർത്ത ഒലി. പിന്നിൽ പച്ചമല, പവിഴമല..”

ജൈവഭൂപടം

ജൈവഭൂപടം സ്ഥാനപ്പെടുത്തിയ ശേഷം, കവിത ഊരിന്റെ അന്നത്തെ സവർണ്ണ സാമൂഹികഭൂപടം കിറുകൃത്യം അടയാളപ്പെടുത്തുന്നു —

”പട്ടണത്തിൽ വളരെ നാൾ പാർത്തുവന്നപ്പോഴാണ് നാട്ടിലെ നിശബ്ദവിസ്താരത്തെ അറിയുന്നത്. ഓടക്കുഴൽ വിളിച്ചാൽ ഇങ്ങോളം കേൾക്കാം. എന്നാൽ ആളുകളെല്ലാം ഒച്ചവച്ചാണ് സംസാരിക്കുക. കൂട്ടുകുടുംബത്തിൽ ഉച്ചത്തിൽ പറഞ്ഞാലേ ആളുകൾ കേൾക്കുകയുള്ളൂ. വീടുകൾ തമ്മിൽ ദൂരമുണ്ട്. ജാതികളുടെ അകലമുണ്ട്. വിളിപ്പാട് അകലെയാണ്; അടുത്തല്ല. ആണുങ്ങളും പെണ്ണുങ്ങളും ഉറക്കെപ്പറയുന്നു. ചെണ്ട പ്രധാനവാദ്യമായത് ഇതുകൊണ്ടാകാം…. ധാരാളം ആളുകൾ വീട്ടിലും കുളക്കരയിലും അമ്പലത്തിലെ മതിൽക്കകത്തും. പായയിൽ കിടക്കുന്ന മുതുമുത്തശ്ശന്മാർ. മുറ്റത്തു പേരക്കുട്ടികൾ. ഇടയ്ക്കു പല പ്രായക്കാർ. ഇപ്പോൾ വലിയ ജന്തുക്കളുടെ തോടുകൾ പോലെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ…. …. വേലിപ്പൂക്കളെ പോലെ പെൺകുട്ടികൾ. എല്ലാവർക്കും ചൊടി. ചിലർക്കു ചന്തം. വെളുത്തവർ കുറവ്. വേഗം സ്വയംവരം നടക്കും. സംബന്ധമെന്നോ സ്വയംവരമെന്നോ ആണ് പറയുക. സവർണ്ണർ കുറച്ചു പേരേയുള്ളൂ. കുറച്ചു കൂടി ഭേദമായ വേഷം. ചില പൊൻ പണ്ടങ്ങൾ, സസ്യഭക്ഷണം, നിലംനോക്കി നടപ്പ്, ഓടിട്ട വീട്, പടിപ്പുര, വൈക്കോക്കുണ്ട എന്നിവ അടയാളങ്ങൾ….”

തുടർന്ന് സാംസ്ക്കാരികഭൂപടസംക്ഷേപമാണ് —

“കാർത്ത്യായനി അമ്പലമാണ് കേന്ദ്രം. ഉത്സവമുണ്ട്. നിലാവുള്ള രാത്രിയിൽ പൈങ്കുളം (വലിയ) രാമചാക്യാരുടെ ഒച്ച, ചിരി, ചാട്ടം മതിൽക്കകത്തു  മുഴങ്ങും. മൈക്കു വേണ്ട. മതിലിനു പുറത്തും അകത്തും നിറച്ചാളുകൾ. കൂട്ടച്ചിരി. അമ്പലത്തിന്റെ വടക്കേ ചുറ്റുവഴിയൂടെ പോയാൽ ‘ഷാരത്തെ‘ പത്തായപ്പുരയിൽ നിന്ന് ഗോപാലപ്പിഷാരടിയുടെ ശിഷ്യന്മാർ ഉരുവിടുന്നതു കേൾക്കാം ’വൃക്ഷാ വൃക്ഷൌ വൃക്ഷാ…’ തെക്കേവഴിയൂടെ പോയാൽ മാരാത്തു ശങ്കരൻകുട്ടി മാരാരുടെ ശിഷ്യന്മാർ തിമിലയിൽ ‘തോം തോം’ എന്നു മുഴക്കുന്നു. ശങ്കരൻകുട്ടി മാരാരോട് എല്ലാവർക്കും ആദരം. അങ്ങോർ തൃശൂർ പൂരത്തിന് തിരുവമ്പാടിയിൽ തിമിലയുള്ള ആളാണ്. മഹാരസികൻ. മാരാർ മാത്രമല്ല നാട്ടിൽനിന്നു പൂരത്തിനു ചേരുന്നത്. ഇന്നത്തെക്കാൾ നീണ്ട ശംഖുകളും കനത്ത ഇലത്താളങ്ങളുമായി പോകുന്നവരുമുണ്ട്. തൃശൂർ പൂരത്തിനു പോക്ക് ഒരു പ്രധാന സംഭവമാണ്. അലക്കി വെളുപ്പിച്ച മുണ്ടുഷർട്ടുകൾ, കരുതിയ പണം നിറച്ച മടിശ്ശീല. സംഘമായാണ് പോകുന്നത്. മേളവും വെടിക്കെട്ടും എക്സിബിഷനും ഹോട്ടൽശാപ്പാടും വഴിസംഭാരവുമായി വന്നാൽ നല്ല സന്തോഷം. നടന്നുപോകുന്നവർ തലേന്നു രാത്രി പുറപ്പെടും”. 

കാലാവസ്ഥാഭൂപടം; പരിസ്ഥിതിയുടെയും —
“മഴ തുടങ്ങിയാൽ നിൽക്കില്ല. ഊരിനിടയിലൂടെ പോകുന്ന തോട് നിറയുന്ന ഒരു ദിവസമുണ്ട്. അന്ന് തോടും പാടവുമൊന്നാകും. പിന്നെ അരികെയുള്ള തൊടികളിലേക്കു കേറും. ഞങ്ങൾക്കൊരു പുഴ കിട്ടും. അതു കാണാനൊന്നും ആരും പോവില്ല. പട്ടണത്തിൽ പോയി വന്ന ഞങ്ങളിൽ ചിലർ ഇറങ്ങിനോക്കും…. ….എന്നാൽ വേനലിൽ കണ്ണു പുകയും. വരണ്ട പാടം. ഉണങ്ങിയ കുന്ന്. പാടത്തിന്റെ നടുവരമ്പിലൂടെ നടന്നുപോകുന്ന ഒന്നോ രണ്ടോ പേർ. ഈയ്യിടെ പോയി നോക്കിയപ്പോൾ പച്ചപ്പാടമില്ല. കായ്കറിയോ വാഴയോ വച്ച കുഴികൾ, മുറിവുകൾ.”

രാഷ്ട്രീയഭൂപടം —

‘പുതിയ പൊതുസ്ഥാപനമാണ് വായനശാല. അതിന് ഭഗവതീവിലാസം എന്നോ കമലാ നെഹ്റു സ്മാരകമെന്നോ പേർ വേണ്ടത് എന്നു തർക്കമുണ്ടായത്രേ. വായനശാലയിൽ ഞങ്ങൾ അവധിക്കാലത്ത് അന്തിവരെ ഇരിക്കും ആട്ടവും പാട്ടും നാടകവും ഒക്കെ പതിവുണ്ട്. പെൺകുട്ടികളും വരും. പകലെ കല്ലുവെട്ടി രാത്രി നാടകം പഠിക്കാൻ വരും കൃഷ്ണൻ. കല്ല്യാണി കൃഷ്ണൻ എന്നാണ് വിളിക്കുക – കല്ല്യാണിയുടെ വേഷം കെട്ടിയതുകൊണ്ട്. പൊറാട്ടുനാടത്തിൽ നിന്നു വന്നതാണ്. അക്കാലത്തു ഞങ്ങൾ സ്റ്റാലിൻ പാർട്ടിയിൽ ചേർന്നിരുന്നു. ഒരു കലാപരിപാടിയുടെ അന്ന് ഞങ്ങളെ ഇടിവണ്ടിയിൽ കയറ്റിക്കൊണ്ടുപോയി…. ….മറ്റൊരു ഭാഷയാണ് ആളുകൾ സംസാരിച്ചത്. കൃഷിക്കുതന്നെ ഒരു ഭാഷയുണ്ട്. സ്കൂളിൽ പോയപ്പോൾ അതൊന്നും പഠിച്ചില്ല. ഭൂമദ്ധ്യരേഖയും അക്ഷാംശവും പീഠഭൂമിയും പഠിച്ചു. റഷ്യൻ  പുസ്തകങ്ങളുടെ തർജ്ജമകളുടെ മൊഴി പഠിച്ചു. കിസാൻ, സഖാവ്, മുടക്കുമുതൽ, ചൂഷണം, ഇങ്കുലാബ്, ലാൽസലാം, മുഷ്ടി,  ബൂർഷ്വാ, മിച്ചമൂല്യം. ഒരു ചെടിയെയോ കിളിയെയോ അടുത്തറിഞ്ഞില്ല.”

മുകളിൽ വിശദമായി ഉദ്ധരിച്ച ദേശ ചിത്രണങ്ങളിലേറി എന്റെ കരടെഴുത്തിന് ആകെ പിന്നിടാൻ കഴിഞ്ഞത് ആറു സീനുകളടങ്ങിയ ആദ്യഖണ്ഡമാണ്. അതായത്, സിനിമയിലെ സമാനഭാഗത്തിന്റെ ആദ്യ 10 മിനിട്ടോളം മാത്രം . അതായത്, ജീവചരിത്രപരമായി നോക്കിയാൽ ആലുക്കൽ മഠത്തിലെ രവിവർമ്മയെന്ന ബാലന്റെ 15 വയസ്സുവരെ മാത്രം. അതായത്, പെരുംപാടങ്ങളിലേക്ക് മാറ്റി നടുംമുമ്പ് ഞാറായിരുന്നതിന്റെ ഓർമ്മഭൂപടം മാത്രം. ‘ദേശത്തെപ്പറ്റി ഒരു ഉപന്യാസം- 1’ ആരംഭിക്കുന്നതും അവസാനിക്കുന്നതും ആ ഭൂപടം തെളിയിച്ചെടുത്തുകൊണ്ടാണ്.

തുടക്കം ഇങ്ങനെ –
” ഞാൻ പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഊര് വിട്ടതാണ്. എന്റെ ഒപ്പമുള്ള മിക്കവരും അങ്ങനെയായിരുന്നു. പഠിക്കാനോ പണിക്കോ. ഇടത്തരക്കാർ ടൈപ്പ്റൈറ്റിങ് കഴിഞ്ഞ് ബോംബെയ്ക്ക്. അതിലും താഴെയുള്ളവർ ഹോട്ടൽ പണിക്ക് മദിരാശിക്ക്. ചൊടിയുള്ളവർ എല്ലാം നാടുവിടും. പിന്നെ മടക്കമില്ല. ഞാറ്റുകണ്ടം പോലെയാണ് ഞങ്ങളുടെ ദേശം.”

ഒടുക്കം ഇങ്ങനെയും –
“നാട്ടിലെ ഇടവഴിയിലെ ഓരോ ഒതുക്കും കൽപ്പടയും വളവും തിരിവും എനിക്കു മനപ്പാഠം. അപ്പോൾ ചെരിപ്പില്ലാതിരുന്ന എന്റെ ഉള്ളംകാലിൽ വഴി, വരമ്പ് പറ്റിപ്പിടിച്ചിരിക്കുന്നു. ഇപ്പോഴും. രാഗവും ദ്വേഷവും കൂടിയതാണ് നാടിനോടുള്ള ബന്ധം. അവധിക്കാലത്തിന്റെ അവസാന നാൾ നാടുവിടാൻ മടിയായിരുന്നു. ഇപ്പോൾ രണ്ടുനാൾ പാർക്കാനും.”

രണ്ടു കൊല്ലത്തിലേറെ ആറ്റൂർക്കവിതകളുമായി കെട്ടിമറിഞ്ഞിട്ട് എങ്ങുമെത്താതെ ഒടുവിൽ, കവിയുമൊത്ത് പിറന്ന ഊരിൽ എത്തിയപ്പോഴാണ്, മുക്കാൽ നൂറ്റാണ്ട് മുമ്പ് രവി എന്ന കുട്ടിയുടെ കാലിൽ പറ്റിപ്പിടിച്ച വഴിവരമ്പുകളെ സങ്കൽപ്പിക്കാനായതും അങ്ങനെ എന്റെ തിരയെഴുത്തിന് വഴിതുറന്നതും. അത് അനുഭവസത്യം. പക്ഷേ, അതാണോ,അതു മാത്രമാണോ സംഭവിച്ചത് ? ആ യാത്രയോടെ ചില കവിതകൾക്കടിയിൽ ആവാഹിച്ചു കുഴിച്ചിട്ടിരുന്ന കവിയനുഭവങ്ങൾ പ്രതിപ്രവർത്തിച്ചുതുടങ്ങുകയായിരുന്നില്ലേ?

അതെ. പ്രബന്ധകവിതയുടെ ജീവചരിത്ര വായനയിൽ മുഴുകിയിരിക്കെ, പല തവണ മറിഞ്ഞ പുറങ്ങളിൽ നിന്ന് ‘ചെറുപ്പം’ എന്നൊരു ചെറുകവിത പെട്ടെന്ന് കണ്ണു തിരുമ്മി പുറത്തേക്കു നോക്കി.

നോക്കിയിരിക്കെ, ഇരുട്ടും വെളിച്ചവും നാടകമാടുന്ന ഒരന്തിമങ്ങൂഴത്തെ പല സ്ഥലകാലങ്ങളിലേക്കു പടർത്തുന്ന ദൃശ്യചാലകമായി അത് മാറി. ‘ചെറുപ്പ’ ത്തിന്റെ ആദ്യ വരികൾ തിരയെഴുത്തിന്റെയല്ല, മറുവിളി. സിനിമയുടെ തന്നെ ആദ്യ ദൃശ്യ മുഹൂർത്തമായി രൂപാന്തരപ്പെടുകയായിരുന്നു.

“ഞാൻ കോലായിലിരിക്കയായിരുന്നു
വൈദ്യുതി പോയി
ദിക്കു മുഴുവൻ കൂരിരുട്ട്
കാഴ്ചപ്പെട്ടികൾ, ഒലിപ്പെരുക്കികൾ
ഊമകളായി
മൗനം കീറുന്ന
ചീവീടുകളുടെ പഴയ പാട്ട്
കാതിലും കണ്ണിലും മെയ്യിലും
ഇരുട്ട് ഉരുമ്മുന്നു
°
പിന്നെ പിന്നെ കൺപിന്നിൽ
മരങ്ങൾ, ചില്ലകൾ, ഇലകൾ
തെളിഞ്ഞുവരുന്നു;
വെട്ടുവഴി പള്ളിക്കൂടം
തെളിഞ്ഞുവരുന്നു.”

ചെറുപ്പത്തിൽ മരിച്ചവർ ഓർമ്മയിൽ എക്കാലവും ചെറുപ്പമായി തറയുന്നത് സാമാന്യ മനുഷ്യാനുഭവമായിരിക്കെ ആറ്റൂരിലെ ഓർമ്മയും കാലവും വേറെ:

എനിക്കും കൂട്ടുജോലിക്കാർക്കും
അയൽക്കാർക്കും ബന്ധുക്കൾക്കും
നരയും ജരയും കുരയും
വരൾച്ചയും ബാധിച്ചെങ്കിലും
മരിച്ചോരെല്ലാം മായാതെ.
കോവിൽത്തൂണിൽ
എ ഡി ഒമ്പതാം നൂറ്റാണ്ടിലെ
സുന്ദരിയുടെ ചിരി
ഇന്നും മായാതെ.

കാലത്തിന്റെ  ദീർഘശിലാഖണ്ഡങ്ങളിൽ കൊത്തിയെടുത്ത ഓർമ്മയാണ് ആറ്റൂർക്കവിതയുടേത് എന്ന് സിനിമാക്കവി ആന്ദ്രേ താർക്കോവ്സ്കി എന്നോട് പിറുപിറുക്കാൻ തുടങ്ങി. പൊടുന്നനേ പല വാതിലുകൾ ജനാലകൾ വരികൾ ചൊല്ലുകൾ എന്റെ തിരയെഴുത്തിനു മുന്നിൽ തുറന്നു തുടങ്ങി….

ആറ്റൂർ രവിവർമ്മയെക്കുറിച്ച് അൻ വർ അലി സംവിധാനം ചെയ്ത മറുവിളി എന്ന സിനിമ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments