യു എൻ മാനുഷിക വികസന റിപ്പോർട്ട് ഇന്ത്യയോട് പറയുന്ന ചില അപ്രിയ സത്യങ്ങൾ അഥവാ മാനുഷിക വികസനത്തിൽ ഇന്ത്യ വരുത്തിയ അലംഭാവത്തിനു കൊടുക്കുന്ന വലിയ വില:
2019-ലെ യുഎൻഡിപി ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് (എച്ച് ഡി ആർ 2019) (Human Development Report 2019) ലോകത്തിനു മുൻപിൽ ചില താക്കീതുകൾ വയ്ക്കുന്നു. രാജ്യങ്ങളിലെ നികത്താനാവാത്ത സാമ്പത്തിക അസമത്വം രാജ്യങ്ങളുടെ രാഷ്ട്രീയ നിലനിൽപിന് തന്നെ ഭീഷിണിയാകുകയാണെന്ന ആശങ്കയാണ് അതിൽ പ്രധാനം. പല രാജ്യങ്ങളിൽ, പ്രത്യേകിച്ചും അവികസിത, വികസ്വര രാജ്യങ്ങളിൽ, മാനുഷിക സൂചികകളുടെ വികസന വളർച്ച പല തട്ടിൽ ആണ്. യുഎന്നിന്റെ ഭാഷയിൽ തന്നെ പറയുകയാണെങ്കിൽ ഒരു രാജ്യത്തിലെ തന്നെ പല ദേശങ്ങളും സമൂഹങ്ങളും വികസനത്തിന്റെ കാര്യത്തിൽ തുല്യതയില്ലാത്ത തരത്തിൽ എത്തിയിരിക്കുന്നു. അവിടങ്ങളിലെ സാമ്പത്തിക വിടവും പറഞ്ഞറിയിക്കാൻ പറ്റാത്തതരത്തിലാണ്.
ഈ സാമ്പത്തിക-സാമൂഹിക വിടവിനെ എളുപ്പത്തിൽ ഉപയോഗിക്കാൻ ഛിദ്രശക്തികൾക്ക് കഴിയും. അത് രാജ്യങ്ങളെ ആഭ്യന്തര കലാപത്തിലേക്ക് നയിക്കുമെന്നും അടിവരയിട്ട് പറഞ്ഞു വയ്ക്കുകയാണ് ഈ റിപ്പോർട്ട്. സാമ്പത്തിക അസമത്വം കൊണ്ട് സാമൂഹിക വളർച്ച മുരടിച്ച പല രാജ്യങ്ങളിലും ആഭ്യന്തര കലാപങ്ങളും അടിച്ചമർത്തലുകളും കൊണ്ട് വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും അത് ലോകത്തിന്റെ സാമൂഹിക മാനവിക അടിത്തറയെ തകർത്ത് നിലനിൽപ്പിനെ അസ്ഥിരപ്പെടുത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആശങ്ക യുഎൻ ആദ്യമായാണ് ഇത്ര യുക്തിയുക്തമായി പറയുന്നത്.
സമകാലീന ഇന്ത്യയെ സംബന്ധിച്ച് ഈ റിപ്പോർട്ടിനു വളരെ പ്രസക്തിയുണ്ട്, കാരണം പല മാനുഷിക വികസന സൂചികകളുടെ വളർച്ചയുടെ ചർച്ചകളിൽ ഇന്ത്യയിലെ വികസന അസമത്വം എടുത്തു പറയുന്നു, ഈ റിപ്പോർട്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളുടെ, പ്രത്യേകിച്ച് ഉത്തർ പ്രദേശ്, ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും താഴെയുള്ള രാജ്യങ്ങളുടെ നിലവാരത്തിൽ ആണ്. ഈ വികസന വിടവും ഇവിടങ്ങളിലെ സാമ്പത്തിക അന്തരവും കാലാകാലങ്ങളായി വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാതെ പോകുന്നത് ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന് ഭീഷിണിയാകുമെന്ന് പല ഉദാഹരണങ്ങളിലൂടെ യുക്തിസഹമായി മനസിലാക്കാൻ ഈ റിപ്പോർട്ട് സഹായിക്കുന്നുണ്ട്. എന്നിരുന്നാലും ഈ ആശങ്കകൾ ഇന്ത്യൻ സാഹചര്യത്തിൽ എത്രമാത്രം ശരിയാണെന്ന് അവലോകനം ചെയ്യേണ്ടതുമുണ്ട്.
വികസനമെന്നത് സാമ്പത്തികം മാത്രമോ ? ഒരു ചരിത്രാന്വേഷണം:
സമ്പത്തിന്റെ ഒപ്പം, ഒരുപക്ഷെ അതിലും മേലെയാണ് ബൗദ്ധികതയുടെ സ്ഥാനം. അതുകൊണ്ടുതന്നെയാണ് പലപ്പോഴും വലിയ സാമ്രാജ്യങ്ങളുടെ അധിപൻമാർ വിജ്ഞാനികളെയും, വിവേകികളെയും, കലാകാരന്മാരെയും സാഹിത്യകാരന്മാരെയും തങ്ങളുടെ രാജ്യത്തിൻറെ പ്രശസ്തി വർധിപ്പിക്കുന്ന രത്നങ്ങളായി, സദസ്സിൽ അംഗങ്ങൾ ആക്കിയിരുന്നത്. അതിർത്തി വിസ്തൃതമാക്കാനുള്ള നിരന്തര പോരാട്ടങ്ങൾ നടന്നിരുന്ന കാലത്തു പോലും, പട്ടാളത്തെയും പട്ടാള മേധാവികളെയും പലപ്പോഴും ബൗദ്ധിക-വൈജ്ഞാനിക സദസ്യരിലും താഴെയുള്ള സ്ഥാനത്തു മാത്രമേ ഉൾക്കാഴ്ചയുള്ള ഭരണാധികാരികൾ നിർത്തിയിരുന്നുള്ളൂ. ആയുധധാരികളായ കാവൽക്കാരെ അനാവശ്യമായി ഭരണനിർവഹണത്തിന്റെ അകത്തളങ്ങളിലേക്ക് കയറ്റിയാൽ അത് വടി കൊടുത്ത് അടി വാങ്ങുന്നതിന് തുല്യമാണെന്ന് അവർക്കറിയാമായിരുന്നു. ചരിത്രത്തിൽ നിന്ന് പഠിക്കേണ്ട ഒരു വലിയ പാഠം അതാണ്.
സമ്പത്തു കുമിഞ്ഞുകൂടലിനും രാജ്യാതിർത്തികളുടെ വിസ്തൃതിയ്ക്കും ഒപ്പം തന്നെ, ആ രാജ്യത്തിലെ ജനം എങ്ങനെ ജീവിച്ചിരുന്നു എന്നതും ഒരു ഭരണത്തിന്റെ മഹിമയായാണ് കണ്ടിരുന്നത് എന്നതാണ് രണ്ടാം പാഠം. ഉദാഹരണം, കേരളത്തിന്റെ ഇതിഹാസരാജാവയ മഹാബലി തന്നെ. രാജാവിന്റെ സാമ്പത്തിക വലിപ്പത്തേക്കാളും, ജനത്തിന്ന് സമൃദ്ധിയോടെയും, തുല്യതയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരം നൽകിയ ഭരണാധികാരി എന്നതിനാലാണ് ജനം തങ്ങളുടെ ഐതിഹ്യത്തിലെ രാജാവിനെ ഇത്രകണ്ട് സ്നേഹിക്കുന്നതും ആ മാതൃക രാജ്യം എന്നെങ്കിലും ഇവിടെ ഇനിയും ഉണ്ടാകണമെന്നും ഒരു സാധാരണ കേരളീയൻ ആഗ്രഹിക്കുന്നതും.
ചരിത്രവും ഐതിഹ്യവും രണ്ടും രണ്ടാണെങ്കിലും ഇവ നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട് – എന്താണ് ഒരു ഭരണാധികാരിയെ സംബന്ധിച്ചു പ്രധാനം എന്നതാണത്. സമ്പത്ത് കുമിഞ്ഞു കൂടുന്ന രാജ്യത്തിനല്ല, മറിച്ച് സമ്പത്തിന്റെ അസമത്വം കുറഞ്ഞതും, ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും വലിയ കുറവുകളില്ലാതെ പങ്കുവയ്ക്കാൻ കഴിയുന്ന ഒരു രാജ്യത്തിനാണ് നിലനിൽക്കാൻ കഴിയുക. ഒപ്പം ഒരു രാജ്യത്തിന്റെ പ്രശസ്തി നിർണയിക്കുന്നത് അതിന്റെ അതിർത്തിയുടെ വിസ്തൃതിയേക്കാളും ആ രാജ്യം പ്രോത്സാഹിപ്പിച്ചു വളർത്തിയ ബൗദ്ധിക- വൈജ്ഞാനിക ദർശനങ്ങളുടെ പേരിലാണ്. യുദ്ധങ്ങളുടെ വിജയത്തെ മാത്രം ചരിത്രമായി പഠിക്കുന്നവർക്ക് ഇത് മനസിലാകണമെന്നില്ല.
ഒപ്പം ചരിത്രം നമ്മോട് പറയുന്ന മറ്റൊരു കാര്യം, സമ്പത്തിന്റെ അസമത്വം അനിയന്ത്രിതമായാൽ അത് രാജ്യങ്ങളെ ആഭ്യന്തര കലഹങ്ങളുടെ അടികാണാത്ത കൊക്കകളിലേക്ക് തള്ളിയിടുമെന്നും കൂടിയാണ്. രാജ്യം ശിഥിലമാകാൻ അധിക സമയം വേണ്ട.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകം കടന്നു പോയതും ഇത്തരം ഒരു സാഹചര്യത്തിലൂടെ ആയിരുന്നു. വ്യവസായ വിപ്ലവത്തെ തുടർന്ന് മൂലധനം ഒരു വശത്തു അനിയന്ത്രിതമായി കുമിഞ്ഞുകൂടിയപ്പോൾ, മറുവശത്ത് ബഹുഭൂരിപക്ഷം ജനം അടിസ്ഥാന സൗകര്യങ്ങളോ, ഭക്ഷണമോ, വസ്ത്രമോ, വിദ്യാഭ്യാസമോ, ആരോഗ്യ സേവന സൗകര്യങ്ങളോ ഒന്നുമില്ലാതെ പുഴുക്കളെ പോലെ ജീവിക്കുകയായിരുന്നു. തങ്ങളുടെ കടമ മറന്ന ഭരണാധികാരികൾക്ക് അന്ന് നിലനിൽക്കാൻ ഒരു ശത്രുവിനെ വേണമായിരുന്നു. തീവ്ര ദേശീയതയും, മത-വർഗ മൗലികതയും ഉയർത്തി അവർ ജനങ്ങളെ കബളിപ്പിച്ചു. നാല് ദശാബ്ദക്കാലമാണ് യുദ്ധങ്ങളുടെയും, സാമ്പത്തിക മാന്ദ്യത്തിന്റെയും പട്ടിണിയുടെയും വേദനകളുടെയും നടുവിലൂടെ ലോകം കടന്നു പോയത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നവനിർമാണ കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിനു ലോകത്തിന്റെ പലഭാഗങ്ങളിൽ ലഭിച്ച അംഗീകാരത്തിനു ഒരു കാരണം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം പഠിപ്പിച്ച പാഠങ്ങൾ തന്നെയാണ്. ഇന്ത്യയടക്കമുള്ള പല സ്വതന്ത്ര രാജ്യങ്ങൾക്ക് വേറൊരു മാർഗവും ഇല്ലായിരുന്നു. കൊളോണിയൽ ഭരണാധികാരികൾ സമ്പത്തിന്റെ അവസാനതരിയും പെറുക്കി കൊണ്ട് പോയിരുന്നു. അന്ന് നിക്ഷേപം നടത്താൻ തക്കവിധത്തിൽ മൂലധനം പക്കലുണ്ടായിരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. അവർക്ക് പരവതാനി ഒരുക്കുന്ന രീതിയിലെ സമ്പദ് ഘടന ആയിരുന്നുവെങ്കിൽ, കുറച്ചു കോർപറേറ്റുകൾ അന്നേ ഇന്ത്യാമഹാരാജ്യത്തിന്റെ കാര്യം ഒരു തീരുമാനം ആക്കിയേനേ. അങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാനാണ് നെഹ്റു പൊതുമേഖലയിൽ ഊന്നിയ ഒരു സമ്പദ്വ്യവസ്ഥ വിഭാവനം ചെയ്തത്. അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, ആരോഗ്യ, വിദ്യാഭ്യാസ, ഗവേഷണ വികസന മേഖലകളൊക്കെ ഈ രാജ്യത്തിലെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന രീതിയിൽ പൊതു മേഖലയിലാണ് പ്രധാനമായും വിഭാവനം ചെയ്തതും നിലനിർത്തിയതും. അതുകൊണ്ടുതന്നെയാണ്, തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച ഡോക്ടർ ശിവന് ഐഎസ്ആർഓ ചെയർമാൻ സ്ഥാനത്ത് എത്താൻ അവസരം കിട്ടിയത്. ഡോക്ടർ ശിവനെപോലെ സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബങ്ങളിൽ ജനിച്ച ഒരുപാട് പേർക്ക് ബൗദ്ധിക, വൈജ്ഞാനിക, ഔദ്യോഗിക, കലാ-സാംസ്കാരിക മേഖലകളിൽ വിജയം വരിക്കാൻ കഴിഞ്ഞത് ഇന്ത്യ തുടർന്ന് പോന്ന പൊതു ക്ഷേമത്തിലൂന്നിയ സമ്പത്തിന്റെ സൃഷ്ടിപരമായ വിതരണം കൊണ്ട് മാത്രമാണ്.
ഇന്ത്യൻ ജനത: ഇന്ത്യൻ ഭരണകർത്താക്കളുടെ പ്രധാന വെല്ലുവിളിയും ആശ്രയവും
ഇന്ത്യ മാനുഷിക വികസനത്തിനായി മാറ്റിവയ്ക്കുന്ന തുക വളരെ തുച്ഛമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നുവരെ ജിഡിപിയുടെ അഞ്ചു ശതമാനം പോലും വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനുമായി മാറ്റി വച്ചിട്ടില്ല. പൊതു വിതരണം അടക്കമുള്ള സാമൂഹിക ക്ഷേമ പരിപാടികൾക്കുള്ള നീക്കിയിരുപ്പ് അടക്കം മൊത്തം സാമൂഹിക വികസനത്തിനായി ഇന്ത്യ നൽകിയത് ജിഡിപിയുടെ 10 ശതമാനത്തിലും താഴെ മാത്രമാണ്. ഇതിന്റെ അപകടം എന്താണെന്ന് ഭരണകർത്താക്കൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല, ഉപദേശകർ ഭരണകർത്താക്കളുടെ മനമറിഞ്ഞു പ്രവർത്തിക്കുന്നവരായതിനാൽ ഇതൊരിക്കലും ഒരു പ്രാധാന്യമുള്ള കാര്യവും ആകുന്നില്ല. കാരണം, ഇരുപതാം നൂറ്റാണ്ടിൽ അഭൂതമായ സാമ്പത്തിക-സാമൂഹിക മേഖലകളിൽ വളർച്ച നേടിയ രാജ്യങ്ങൾ ജിഡിപിയുടെ 8 മുതൽ 12 ശതമാനം വരെ വിദ്യാഭ്യാസത്തിനും 3 മുതൽ 5 ശതമാനം വരെ ആരോഗ്യത്തിനുമായി കണ്ണുമടച്ച് ഒരു സമയത്ത് ചിലവഴിച്ചിരുന്നു. ഇതിനു പുറത്താണ് പൊതു വിതരണവും, വാർദ്ധക്യകാല സംരക്ഷണവും മറ്റ് ക്ഷേമ പദ്ധതികൾക്കായും നൽകുന്ന തുകകൾ. മാർക്കറ്റ് ഇക്കണോമിയിലൂന്നിയ പല പാശ്ചാത്യരാജ്യങ്ങളും ഈ മാതൃക അവരുടെ സമ്പദ് വ്യവസ്ഥയുടെ “ടേക്ക് ഓഫ്” കാലഘട്ടത്തിൽ പിന്തുടർന്നിരുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയെ സംബന്ധിച്ചു ജനസംഖ്യ നൽകുന്ന വെല്ലുവിളി പലതരത്തിലാണ്. പൗരന്മാരെ പട്ടിണിക്കിടാതിരിക്കുക, തൊഴിൽ നൽകുക, വീട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുക, സാമ്പത്തിക ഉന്നതിക്കായി വേണ്ട വൻകിട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവയായിരുന്നു ആദ്യത്തെ മൂന്ന് പതിറ്റാണ്ടു കാലത്തെ പരമപ്രധാനമായ ലക്ഷ്യങ്ങൾ. മാനുഷിക വികസന അജണ്ട ഇന്ത്യൻ പ്ലാനിങ്ങിൽ വരുന്ന കാലത്ത് തന്നെയാണ് ഇന്ത്യ വിപണി സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങിയതും.
കാർഷിക വിപ്ലവത്തിലൂടെ ഭക്ഷണ ലഭ്യത ഉറപ്പാക്കിയതും പൊതു മേഖലയിൽ ഊന്നിയ വൻകിട അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കിയതും വലിയൊരു നേട്ടം തന്നെയാണ്. ഇന്ത്യയുടെ വികസന “ടേക്ക് ഓഫ്” ഇങ്ങനെയാണ് നടന്നത്. എന്നാൽ പൊതു ആരോഗ്യത്തിന്റെ കാര്യത്തിൽ വിജയങ്ങൾ ഉണ്ടായെങ്കിലും പോഷകാഹാര കുറവ് മൂലമുള്ള പ്രശ്നങ്ങൾ ഇന്നു വരെ പരിഹരിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ കുറച്ചു കാലമായി, ഇന്ത്യയുടെ പല നേട്ടങ്ങളും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് പൊതു ആരോഗ്യ പ്രവർത്തനങ്ങൾ പല സംസ്ഥാനങ്ങളിലും നടക്കുന്നത്. അത് പോലെ തന്നെയാണ്, വിദ്യാഭ്യാസരംഗത്തെ കാര്യവും. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് എണ്ണപ്പെട്ട വളർച്ച നേടിയപ്പോൾ, അതിനു മുകളിലേയ്ക്ക് ചെല്ലുമ്പോൾ അവസരങ്ങൾ നിഷേധിക്കുന്ന രീതിയിൽ, വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കാതെ അർദ്ധസാക്ഷരരുടെ രാജ്യമായി ഇന്ത്യയെ മാറ്റി. ഇന്ത്യയിലെ 60 ശതമാനത്തോളം സാക്ഷരത നേടിയവരും യാതൊരു വിധ തൊഴിൽ നൈപുണ്യവും ഇല്ലാത്തവരാണ്. ചുരുക്കത്തിൽ പോഷകാഹാരക്കുറവും, ഗുണനിലവാരമില്ലാത്തതും ഒരുവിധത്തിലുമുള്ള തൊഴിൽ-ജീവിത നൈപുണ്യങ്ങൾ പ്രധാനം ചെയ്യാത്തതുമായ വിദ്യാഭ്യാസനയവും കൊണ്ട് ഇന്ത്യയുടെ 1.35 ബില്യൺ വരുന്ന ജനത ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ഒരു മൂലധനം ആകുന്നതിനു പകരം ബാധ്യത ആയാണ് നിൽക്കുന്നത്.
ഇവിടെയാണ് 2019-ലെ യുഎൻഡിപി ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് (എച്ച് ഡി ആർ 2019) മുന്നോട്ടു വെയ്ക്കുന്ന താക്കീതുകൾ ഇന്ത്യയെ സംബന്ധിച്ചു അതി പ്രധാനം ആകുന്നത്.
ഇന്ത്യയും എച്ച് ഡി ആർ 2019-ഉം:
ലോകത്തിലെ ഏഴാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥ ആയിട്ട് പോലും, 2019-ലെ ലോക എച്ച്ഡിആർ റാങ്കിങ്ങിൽ ഇന്ത്യക്ക് 129-ആം സ്ഥാനം മാത്രമേ ഉള്ളൂ. ഇന്ത്യയുടെ പ്രധാന പ്രതിയോഗിയായ ചൈന ആകട്ടെ, 85-ആം സ്ഥാനത്താണ്. ജിഡിപി കണക്കിൽ ഇന്ത്യക്കു മുൻപിലുള്ള രാജ്യങ്ങളുമായി ഏതെങ്കിലും വിധത്തിലുള്ള ഒരു താരതമ്യം പോലും അസാധ്യമാണ്.
ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക വളർച്ചയുടെ അവസ്ഥ അനുസരിച്ച്, പല സൂചികകളും ഇനിയുള്ള നാളുകളിൽ പച്ചപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഒരു രാജ്യം എന്ന നിലയിൽ നാം നമ്മുടെ വികസന മുൻഗണകളിൽ നിന്നും 2012-13-നു ശേഷം ഒരു പിൻ വാങ്ങൽ നടത്തി. മാനുഷിക വികസനത്തിന് ആവശ്യമായ നിക്ഷേപത്തിൽ കാര്യമായ കുറവ് കേന്ദ്ര സർക്കാരും പല സംസ്ഥാന സർക്കാരുകളും വരുത്തി.
പോസ്റ്റ് മോഡേൺ സമൂഹത്തിൽ ഒരു ജനതയ്ക്കു മുന്നോട്ടുള്ള വളർച്ചക്ക് അത്യാവശ്യം വേണ്ട മൂലധനം, മാനസിക-ശാരീരിക ബൗദ്ധികതയാണ്. എന്ന് വച്ചാൽ ആരോഗ്യമുള്ള മനസും, ശരീരവും പിന്നെ വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും. പൊതു സ്ഥാപനങ്ങൾ ഈ സേവനങ്ങൾ നൽകിയാൽ മാത്രമേ ഇന്ത്യയെ പോലെ 20 ശതമാനം ജനം ദരിദ്രരും, അടുത്ത 60-70 ശതമാനം താഴ്ന്ന മധ്യവർഗ്ഗക്കാരും ഉള്ള ഒരു രാജ്യത്ത് പകുതി പേർക്കെങ്കിലും തങ്ങളുടെ ജീവിത നിലവാരം ഉയർത്താവുന്ന തരത്തിൽ എന്തെങ്കിലും ഉത്പാദന പ്രക്രിയയിൽ ഏർപ്പെടാൻ പറ്റു. ആരോഗ്യവും, വിദ്യാഭ്യാസവും സ്വകാര്യ വിപണിയിലോ അല്ലെങ്കിൽ സബ്സിഡി ഒന്നും ഇല്ലാതെ മാർക്കറ്റ് നിലവാരത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടേണ്ടുന്ന അവസ്ഥ വന്നാൽ മഹാഭൂരിപക്ഷത്തിനും അത് അപ്രാപ്യമാകും. നമ്മുടെ പൊതു ഇടങ്ങളും ഭരണ-ഭൗതിക-സാംസ്കാരിക മേഖലകളും മേൽത്തട്ടിലുള്ള വെറും 10-20 ശതമാനത്തിന്റെ കൈയിൽ മാത്രം ആകും. ഇന്ത്യ വേറൊരു ആഫ്രിക്കൻ – ലാറ്റിൻ അമേരിക്കൻ വ്യവസ്ഥിയിലേക്ക് നീങ്ങും. അല്ലെങ്കിൽ കൊളോണിയൽ-രാജവാഴ്ച്ച കാലഘട്ടത്തിലേക്ക്. അത് ഒരു സ്വതന്ത്ര മതേതര ജനാധിപത്യ രാജ്യമെന്ന നിലയിൽ നിന്നുമുള്ള ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അധഃപതനം ആകും.
ഒന്നുകൂടി വ്യക്തമാക്കിയാൽ ക്രെഡിറ്റ് സൂയസിന്റെ 2019-ലെ വാർഷിക ഗ്ലോബൽ സമ്പത്ത് റിപ്പോർട്ട് പ്രകാരമാണെങ്കിൽ ഇന്ത്യയിലെ 90 ശതമാനം ജനത്തിനും തങ്ങളുടെ കുട്ടികളെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനം ഇല്ലെങ്കിൽ അഞ്ചാം ക്ലാസ്സിനപ്പുറം പഠിപ്പിക്കാൻ ആവില്ല. രോഗം വന്നാൽ സർക്കാർ ആശുപത്രികളിൽ പോലും പോയി ചികിത്സിക്കാനും അവർക്കാവതില്ല. ഏകദേശം 8 ശതമാനം ഇന്ത്യക്കാർക്കേ വിപണി സമ്പദ് വ്യവസ്ഥയിൽ നിന്നും എന്തെങ്കിലും നേടാൻ ആവൂ.
സാമ്പത്തിക മാന്ദ്യം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്ന ഈ അവസ്ഥയിൽ തൊഴിൽ നഷ്ടം അഭൂതപൂർവ്വമായ രീതിയിൽ താഴെക്കിടയിൽ നിന്നും മുകളിലേക്ക് പടർന്നു കയറുമ്പോൾ അത്താഴത്തിനുള്ള വകയാവും കുടുംബങ്ങളുടെ പ്രധാന ഉത്കണ്ഠ. ഈ സാഹചര്യത്തിൽ ഇന്ന് വരെയുള്ള നേട്ടങ്ങളുടെ സൂചികകൾ താഴേക്ക് വരാൻ അധിക സമയം വേണ്ട. അതിന്റെ പരിണിത ഫലം എന്തെന്ന് ഭരണാധികാരികളോ അവരുടെ ഉപദേശകവൃന്ദമോ ചിന്തിക്കുന്നു പോലുമില്ല. ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ പരാജയപ്പെടുകയാണ്.
അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാകുന്നത് നല്ലത് തന്നെ, പക്ഷെ അത് അദാനിമാരുടെയും, അംബാനിമാരുടെയും വിപണി മൂല്യം കൊണ്ടാവരുത്; അത് നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചെറുകിട സംരംഭകരുടെയും മറ്റു തൊഴിലാളികളുടെയും കൃഷിക്കാരുടെയും വരുമാന വർദ്ധന കൊണ്ടുകൂടിയാകണം. നമ്മുടെ സർവകലാശാലകളിൽ നിന്നും, ശാസ്ത്ര-സാങ്കേതിക വിദ്യാലയങ്ങളിൽ നിന്നും പുറത്തു വരുന്നവർക്ക് തൊഴിൽ ഉണ്ടാകണം, അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവർക്കാകണം. എന്നാലെ ഈ അഞ്ചു ട്രില്യൺ കൊണ്ട് രാജ്യത്തിന് എന്തെങ്കിലും അടിസ്ഥാനപരമായ പ്രയോജനം ഉണ്ടാകൂ.
അല്ലെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വം കൊണ്ട്, വിഭവ വിഭജനത്തിൽ കുറവ് മൂലം അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ജനം പരസ്പരം വിശ്വാസം നഷ്ടപ്പെട്ട് ശത്രുക്കളാവും. അത് തീവ്രദേശീയതയ്ക്കും വർഗീയതയ്ക്കും വളർന്നു പന്തലിക്കാനുള്ള അവസരം നൽകും. അത് ഇന്ത്യ എന്ന ബഹുസ്വരതയിൽ ഊന്നിയ ആശയത്തെ സംവാദങ്ങളിലൂടേയും എഴുത്തുകളിലൂടെയും സാർത്ഥകമാക്കിയ ഗാന്ധിയും, നെഹ്റുവും, അംബേദ്കറും അടക്കമുള്ള നേതക്കളും ദേശീയപ്രസ്ഥാനവും നമുക്ക് കൈമാറിയ, മാനുഷിക നന്മയും മാനുഷിക വളർച്ചയും ലാക്കാക്കിയ ചില മൂല്യങ്ങളെ നമ്മിൽ നിന്ന് എടുത്ത് മാറ്റും. പിന്നെ നമ്മുടെ സമൂഹത്തിൽ നിന്നും. അങ്ങനെ വരുമ്പോൾ രാജ്യത്തെ ചേർത്ത് പിടിച്ചു നിർത്തുന്ന ബഹുസ്വരതയിൽ ഊന്നിയ ഭരണഘടനയിൽ നിന്നും കൂടി അത് ഇല്ലാതാകാൻ അധിക സമയം വേണ്ട. സമീപകാല ഇന്ത്യയിലെ ഓരോ സംഭവങ്ങളും മാനുഷിക വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ കാണിച്ച അശ്രദ്ധയുടെ പരിണിത ഫലങ്ങളാണ് എന്ന് പലപ്പോഴും തോന്നുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്.
നമ്മുടെ പൊതു സർവ്വകലാശാലകളെ സമരപൂരിതമാക്കുന്നതിന്റെ കാരണങ്ങളിൽ വർദ്ധിച്ചു വരുന്ന അസമത്വവും സാധാരണ പൗരന്റെ ജീവനും തൊഴിലിനും ഉണ്ടാവുന്ന പേടിപ്പെടുത്തുന്ന അസ്ഥിരതയും പ്രധാനമാണ്. തങ്ങൾക്ക് വളരാനും സമ്പത്തും അധികാരവും തങ്ങളിലേക്ക് ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനും പറ്റിയ അന്തരീക്ഷം ആണിത് എന്നതിനാൽ ആ കാരണങ്ങളിലേയ്ക്ക് നോക്കാനും അവയെ മനസ്സിലാക്കാനും വർഗീയവാദികളായ വലതുപക്ഷപാതികൾക്ക് താല്പര്യം ഉണ്ടാവില്ല. മാനസിക, ശാരീരിക, ബൗദ്ധിക ആരോഗ്യം നഷ്ടപ്പെട്ടു വളർച്ച മുരടിച്ചാൽ രാഷ്ട്രപിതാവിനെയും രാഷ്ട്രശില്പികളേയും വരെ വളരെ എളുപ്പത്തിൽ രാഷ്ട്രത്തിന്റെ ശത്രുക്കൾ ആക്കിമാറ്റാം. രാഷ്ട്രത്തിന്റെ ബഹുസ്വരതയ്ക്കായി വാദിക്കുന്നവരെ- അവർ വിദ്യാർഥികളോ അധ്യാപകരോ കർഷകരോ ആകട്ടെ – ദേശദ്രോഹികളെന്ന് മുദ്രകുത്താം. മാനുഷിക വികസനത്തിന്റെ കാര്യത്തിൽ കാണിച്ച അലംഭാവത്തിനു ഇന്ത്യ കൊടുക്കുന്ന വലിയ വിലയാണിത്.
Be the first to write a comment.