ഒരു സർവകലാശാലയുടെ മഹത്വം അതിന്റെ കെട്ടിടങ്ങളിലോ ഔദ്യോഗിക പ്രസ്താവനകളിലോ അല്ല. അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദിക്കാനും വിയോജിക്കാനും പ്രതിഷേധിക്കാനും കല സൃഷ്ടിക്കാനും എത്രത്തോളം സ്വാതന്ത്ര്യമുണ്ട് എന്നതിലാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ തിയേറ്റർ വിഭാഗം വിദ്യാർത്ഥികൾ ഉയർത്തുന്ന ചോദ്യം അതാണ്.
കാലാകാലങ്ങളായി അവിടത്തെ തിയേറ്റർ വിഭാഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആവശ്യത്തിന് പ്രവർത്തനക്ഷമമായ സ്റ്റേജ് ലൈറ്റുകളുടെ അഭാവം. ദേശീയ കലോത്സവത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട ‘പറച്ചി’ ചെന്നൈയിൽ അവതരിപ്പിക്കാൻ പോലും പുറത്ത് നിന്ന് ലൈറ്റുകൾ വാടകയ്ക്ക് എടുക്കേണ്ടിവന്നുവെന്നും, അതിന് ചെലവായ പതിനെട്ടായിരം രൂപ ഇന്നുവരെ സർവകലാശാലയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
തിയേറ്റർ പഠിക്കുന്നവർക്ക് ലൈറ്റ് ഒരു അലങ്കാരമല്ല. അത് അവരുടെ പഠനോപകരണമാണ്. അത്തരം അടിസ്ഥാന സൗകര്യം പോലും നിഷേധിക്കുന്ന അവസ്ഥയ്‌ക്കെതിരെയാണ് കലാവിദ്യാർത്ഥികൾ അവരുടെ ഏറ്റവും സ്വാഭാവികമായ ഭാഷയായ നാടകത്തിലൂടെ പ്രതിഷേധിച്ചത്.
അങ്ങനെയാണ് ‘ലൈറ്റ് മരിച്ചേ’ എന്ന പ്ളേ ജനിച്ചത്. രണ്ട് കേടായ ലൈറ്റ് കാനുകളാണ് നാടകത്തിന്റെ പ്രധാന പ്രോപ്പർട്ടി. മരിച്ചുപോയ ലൈറ്റുകൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഒത്തുചേരുന്ന നാടകപ്രവർത്തകർ; അധികാരത്തിന്റെ പ്രതിരൂപമായി പുരോഹിതവേഷത്തിലുള്ള കഥാപാത്രം; ഒടുവിൽ മരിച്ച ലൈറ്റിന് നൽകുന്ന അവസാന ചുംബനം. പണ്ഡിറ്റ് കറുപ്പന്റെ ശാന്തിഗീതവും ഒപ്പീസും ചേർത്തുകൊണ്ട് മതാതീതമായ ഒരു പ്രതീകഭാഷയിലായിരുന്നു അവതരണം.
മരിച്ചത് ഒരാളല്ല. മരിച്ചത് വെളിച്ചമാണ്.
എന്നാൽ പിന്നീട് ഈ നാടകത്തിന്റെ അർഥം തന്നെ മാറ്റിക്കൊണ്ടുള്ള പ്രചാരണം ശക്തമായി. കേടായ ലൈറ്റുകളെ പ്രതിനിധീകരിച്ചിരുന്ന ശവമഞ്ചം വൈസ് ചാൻസലറുടേതാണെന്ന രീതിയിലാണ് സംഭവം വ്യാഖ്യാനിക്കപ്പെട്ടത്. അതോടെ ഒരു സിംബോളിക് നാടകം പൊതുസമൂഹത്തിന് മുന്നിൽ മറ്റൊരു കഥയായി മാറി. മാറ്റിയെടുത്തു എന്നും പറയാം .
ഒരു കലാസൃഷ്ടിയെ അതിന്റെ പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ച്, അതിലെ പ്രതീകങ്ങൾക്ക് അധികാരത്തിന് സൗകര്യപ്രദമായ അർഥം നൽകുന്നത് ഒരു സാധാരണ തെറ്റിദ്ധാരണയല്ല. മനഃപൂർവ്വം അത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തന്നെ അപകീർത്തികരിക്കുന്ന അപായപ്പെടുത്തുന്ന നടപടിയായി മാറുന്നു.
തുടർന്ന് ,വൈസ് ചാൻസലറുടെ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും, സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നു. സർവകലാശാലയിലെ അധ്യാപക സംഘടനയായ ASSUT ഇതിനെ സമരത്തെ ക്രിമിനൽവൽക്കരിക്കുന്ന നടപടിയായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു സർവകലാശാലയിൽ ഇതാണോ സംഭവിക്കേണ്ടത്? ഇതിനാണോ ഒരു വി സി ഇറങ്ങിപുറപ്പെടേണ്ടത് ?
വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകിയോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിനു പകരം, അവരുടെ പ്രതിഷേധരീതിയെ കുറ്റകൃത്യത്തിന്റെ ഭാഷയിൽ വായിക്കുന്നത് ഏറി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് ജനാധിപത്യപരമല്ല.
സർവകലാശാലകൾ അനുസരണയുള്ള മനുഷ്യരെ മാത്രം നിർമ്മിക്കുന്ന ഇടങ്ങളല്ല. ചോദ്യം ചെയ്യുന്നവരെയും സംശയിക്കുന്നവരെയും വിയോജിക്കുന്നവരെയും കൂടി സൃഷ്ടിക്കുന്ന ഇടങ്ങളാണ്. അവിടെ പ്രതിഷേധം കവിതയായേക്കാം, മുദ്രാവാക്യമായേക്കാം, കാർട്ടൂണായേക്കാം. തിയേറ്റർ വിദ്യാർത്ഥികളുടെ കൈകളിൽ എത്തിയാൽ അത് നാടകമാകും.
ആ നാടകം ഇഷ്ടപ്പെടാതിരിക്കാം. അതിനെ വിമർശിക്കാം. പക്ഷേ അതിന്റെ കലാഭാഷയെ ക്രിമിനൽ ഉദ്ദേശ്യമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ന് ഒരു നാടകത്തിലെ ശവമഞ്ചം ഭീഷണിയായി വായിക്കപ്പെടുന്നുവെങ്കിൽ, നാളെ ഒരു കവിതയിലെ തീയും ഒരു സിനിമയിലെ മരണവും ഒരു കാർട്ടൂണിലെ പരിഹാസവും കുറ്റാരോപണത്തിന്റെ തെളിവായി മാറാം.
അതിനാലാണ് ഈ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കേണ്ടത്. അവരുടെ എല്ലാ നിലപാടുകളോടും യോജിച്ചുകൊണ്ടും വിയോജിച്ചുകൊണ്ടും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കേണ്ടതുകൊണ്ടാണ്.
വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേൾക്കണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കണം തിയേറ്റർ വിഭാഗത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം. തെറ്റായ പ്രചാരണങ്ങൾ തിരുത്തണം. പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർത്ഥികളെ വേട്ടയാടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവരുത്. ഒപ്പം വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥികളും ഭരണകൂടവും തമ്മിലുള്ള തർക്കത്തിന്റെ ആദ്യ വേദി പോലീസ് സ്റ്റേഷനാകരുത്. അത് സംവാദത്തിന്റെ മേശയായിരിക്കണം.
‘ലൈറ്റ് മരിച്ചേ’ എന്ന നാടകം പറഞ്ഞത് വളരെ ലളിതമായൊരു കാര്യമാണ് — ഒരു തിയേറ്റർ വിഭാഗത്തിൽ വെളിച്ചമില്ല.
പക്ഷേ ഇന്ന് അതിനേക്കാൾ വലിയൊരു ചോദ്യം ഉയരുന്നു:
ആ ക്യാമ്പസിൽ ജനാധിപത്യത്തിന്റെ വെളിച്ചം കൂടി അണഞ്ഞുപോകുകയാണോ?
വിദ്യാർത്ഥികൾ ചോദിച്ചത് വെളിച്ചമാണ്.
അവർ ഉപയോഗിച്ചത് നാടകമാണ്.
അവർ ആവശ്യപ്പെട്ടത് അവകാശങ്ങളാണ്.
ഒരു ജനാധിപത്യ സമൂഹത്തിൽ അതിനു മറുപടി കൈവിലങ്ങാകരുത്.
—-
ജയൻ മാങ്ങാട്








Be the first to write a comment.