ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ കൊലപാതകം

(ഹിന്ദുത്വ ഭീകരതയുടെ കഥ: അദ്ധ്യായം 18)

 

1968 ഫെബ്രുവരി 10ന് ജനസംഘിന്റെ നേതാവായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ, സിയാല്‍ദാ എക്‌സ്പ്രസ്സില്‍ ലക്‌നൗവിലേക്ക് പോകാനായി കയറി. അദ്ദേഹം, പക്ഷെ ലക്‌നൗവില്‍ എത്തിയില്ല. കിഴക്കന്‍ യു.പിയിലെ മുഗള്‍സരായ് സ്റ്റേഷന് സമീപം പിറ്റേദിവസം അദ്ദേഹത്തിന്റെ മൃതദേഹം കണ്ടുകിട്ടി. 1968 ഫെബ്രുവരി 11ന് വെളുപ്പിന് രണ്ടു മണിക്കാണ് ഈ സംഭവം വെളിപ്പെട്ടത്. അദ്ദേഹത്തിന്റെ ഒരു കാല്‍മുട്ട് ഒടിഞ്ഞിരുന്നു. തലയ്ക്ക് പരിക്കേറ്റിരുന്നു. വലതു കൈയില്‍ രക്തം പുരണ്ടിരുന്നു. ചുരുട്ടിയ മുഷ്ടിക്കുള്ളില്‍ 5 രൂപ നോട്ട് മുറുകെയിരുന്നിരുന്നു. കൂടുതല്‍ പരിശോധനയില്‍ ശരീരത്തില്‍നിന്ന് 26 രൂപയും ഒരു വാച്ചും കണ്ടു കിട്ടി. വിവരമറിഞ്ഞ് ആര്‍.എസ്.എസിന്റേയും ജനസംഘിന്റേയും നേതാക്കള്‍ മുഗള്‍സരായിലേക്ക് ഓടിയെത്തി. ആര്‍.എസ്.എസ്. സര്‍ സംഘ് ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കര്‍ ആ സമയത്ത് അലഹാബാദില്‍ നടന്നുകൊണ്ടിരുന്ന ആര്‍.എസ്.എസ്. ശിബിരത്തില്‍ ആയിരുന്നു. അദ്ദേഹം നേരെ മുഗള്‍സരായിലേക്ക് പുറപ്പെട്ടു. ബല്‍രാജ് മേധാക്ക്, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ ജനസംഘ് നേതാക്കളും അവിടെയെത്തി. പല ഊഹാപോഹങ്ങളും ആ മരണത്തെപ്പറ്റി, ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണത്തിലെന്നപോലെ, പ്രചരിക്കപ്പെട്ടു.

ജനസംഘ് പ്രചരിപ്പിച്ച കഥയിലെ വില്ലന്മാര്‍ മുസ്ലീം സംഘടനകളും കമ്യൂണിസ്റ്റുകാരുമായിരുന്നു. മുസ്ലീം മജ്‌ലിസ് എന്ന സംഘടനയുടെ നേതാവായിരുന്ന ഡോ. എ.ജെ. ഫാരിദിയും മേജര്‍ സുരേന്ദ്ര മോഹന്‍ ശര്‍മ്മയെയുമാണ് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരായി അവര്‍ ചൂണ്ടിക്കാട്ടിയത്. സുരേന്ദ്ര മോഹന്‍ ശര്‍മ്മയുടെ ഭാര്യാപിതാവായ വി.എന്‍. ശര്‍മ്മ, സിപ്ല എന്ന മരുന്നുകമ്പനിയുടെ ശാഖാ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഡോക്ടറും മുസ്ലീം മജ്‌ലിസിന്റെ സ്ഥാപക അദ്ധ്യക്ഷനുമായ ഡോ. ഫാരിദിയുമായി ബന്ധമുണ്ടെന്ന കഥയാണ് അവര്‍ മെനഞ്ഞെടുത്തത്. മേജര്‍ സുരേന്ദ്ര മോഹന്‍ ശര്‍മ്മ, ദീന്‍ ദയാല്‍ ഉപാദ്ധ്യായ സഞ്ചരിച്ചിരുന്ന അതേ ബോഗിയില്‍ യാത്ര ചെയ്തിരുന്നു എന്നതായിരുന്നു, ആ കഥ മെനഞ്ഞെടുക്കാന്‍ അവരെ സഹായിച്ചത്.

ദീൻ ദയാൽ ഉപാദ്ധ്യായ

ആ കഥയനുസരിച്ച്, ‘രാത്രി 12.41ന് സിയാല്‍ദാ എക്‌സ്പ്രസ്സ്, സഫറാബാദ് സ്റ്റേഷന്‍ വിട്ടു. മേജര്‍ സുരേന്ദ്ര മോഹന്‍ ശര്‍മ്മ ശരിയായ മുഹൂര്‍ത്തത്തിനായി തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതേസമയം തന്നെ മുഗള്‍ സരായ് സ്റ്റേഷനില്‍ കമ്യൂണിസ്റ്റുകാരും ഗൂഢാലോചനയില്‍ പങ്കാളികളായി കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍വെച്ചാണ് കൊലപാതകം നടത്തിയത്. തീവണ്ടിയുടെ ഇടനാഴിയില്‍വെച്ച് ഉപാദ്ധ്യായ ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു. ശവശരീരം ബെര്‍ത്തില്‍ കിടത്തിയ ശേഷം ഒരാള്‍ ശരീരത്തിന്റെ നെഞ്ചിലും മറ്റൊരാള്‍ കാലിലും കയറിയിരുന്നു. മുഗള്‍സരായ് എത്തിയപ്പോള്‍ ഒരു അപകടത്തിന്റെ പ്രതീതി ജനിപ്പിക്കാനായി മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു.’

മീററ്റില്‍ ആയിടെയുണ്ടായ വര്‍ഗ്ഗീയ കലാപത്തിന് പിന്നില്‍ ഉപാദ്ധ്യായയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന മുസ്ലീം സംഘടനകളുടെ ആരോപണമാണ് ഈ കഥയെ വിശ്വസനീയമാക്കാന്‍ ജനസംഘ് ഉപയോഗിച്ചത്. ജനസംഘിന്റെ ഖജാന്‍ജി ആയിരുന്ന നാനാ ദേശ്മുഖ് ചെയര്‍മാനായി ഒരു കമ്മറ്റിയെ കൊലപാതകത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ അവര്‍ നിയോഗിച്ചിരുന്നു. ആ കമ്മറ്റിയാണ് ഈ കഥ മെനഞ്ഞെടുത്തത്. പക്ഷെ, കേസ് അന്വേഷിച്ച സി.ബി.ഐ. കണ്ടെത്തിയത് ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കവര്‍ച്ചക്കാരാണെന്നാണ്. പാതിരാത്രിക്ക് ശേഷം ദീന്‍ ദയാല്‍ ഉപാദ്ധ്യായയെ കണ്ടതായുള്ള സാക്ഷിമൊഴിയില്‍ പറയുന്നത്, അത് ജാന്‍പൂരില്‍വെച്ചാണെന്നാണ്. അതേ ബോഗിയില്‍ തൊട്ടടുത്ത ക്യാബിനില്‍ യാത്ര ചെയ്തിരുന്ന ഒരു എം.പി. സിംഗ്, ഒരാള്‍ മുഗള്‍സരായില്‍വെച്ച് ഉപാദ്ധ്യായയുടെ ക്യാബിനിലേക്ക് പ്രവേശിക്കുന്നതായും അവിടെനിന്ന് അദ്ദേഹത്തിന്റെ കിടപ്പു സാമഗ്രികളും കടലാസുകളുമായി പുറത്തുകടക്കുന്നത് കണ്ടതായും മൊഴി നല്‍കുകയുണ്ടായി. പിന്നീട് ആ അജ്ഞാതന്‍ ഭരത് ലാല്‍ എന്ന കവര്‍ച്ചക്കാരനാണെന്ന് കണ്ടെത്തി. അയാള്‍ക്ക് കൂട്ടാളിയായി രാം അവധ് എന്ന മറ്റൊരാളുമുണ്ടെന്നും. ഇവര്‍ രണ്ടുപേരുമാണ് ഉപാദ്ധ്യായയെ കവര്‍ച്ച ചെയ്യാനുള്ള ഉദ്ദേശത്തില്‍ കൊല ചെയ്തത് എന്നും സി.ബി.ഐ. കണ്ടെത്തി.

ജനസംഘ് ഈ കണ്ടെത്തലിനെതിരെ ആഞ്ഞടിച്ചു. സി.ബി.ഐയെ നേരിട്ടാക്രമിച്ചുകൊണ്ട് ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചുനിന്നു. ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായി സര്‍ക്കാര്‍, ബോംബെ ഹൈക്കോര്‍ട്ട് ജഡ്ജിയായിരുന്ന ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡി നെ ചെയര്‍മാനാക്കി ഈ കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചു. 50-ല്‍പ്പരം സാക്ഷികളെ കമ്മീഷന്‍ വിസ്തരിച്ചു. ചന്ദ്രചൂഡ് കമ്മിറ്റി റിപ്പോര്‍ട്ടും സി.ബി.ഐയുടെ കണ്ടെത്തലിന് അനുകൂലമായിരുന്നു, ‘എഫ്.സി.ടി. ബോഗിയിലെ ഫസ്റ്റ് ക്ലാസ്സ് കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സമയത്ത് ഉപാദ്ധ്യായയെ ഓടുന്ന തീവണ്ടിയില്‍നിന്നും തള്ളിയിടുകയായിരുന്നു. അദ്ദേഹത്തിന്റെ തല പുറത്തെ തൂണിലിടിക്കുകയും അദ്ദേഹം അപ്പോള്‍തന്നെ മരണമടയുകയും ചെയ്തു.’

കോടതി ജനസംഘിന്റെ ആരോപണങ്ങള്‍ ഒന്നൊഴിയാതെ തള്ളിക്കളഞ്ഞു. മേജര്‍ സുരേന്ദ്ര മോഹന്‍ ശര്‍മ്മ വിവാഹിതനായത് കൊലപാതകത്തിന് വെറും മൂന്ന് ആഴ്ചകള്‍ മുമ്പു മാത്രമാണെന്ന് കോടതി കണ്ടെത്തി. ഗാമോ വരെ അദ്ദേഹം അതേ ട്രെയിനില്‍ ഉണ്ടായിരുന്നെങ്കിലും ഫെബ്രുവരി 11ന് രാത്രിതന്നെ അദ്ദേഹം തന്റെ റെജിമെന്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നെന്നും ബോധ്യപ്പെട്ടു.

ഡോ. ഫാരിദിയും വി.എന്‍. ശര്‍മ്മയും തമ്മില്‍ ജനസംഘ് ആരോപിച്ച ബന്ധവും തെറ്റാണെന്ന് കോടതി കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ അവര്‍ തമ്മില്‍ ശത്രുതയിലായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. താന്‍ മാനേജരായിരിക്കുന്ന സിപ്ല കമ്പനിയുടെ അകത്തളത്തില്‍ ഡോ. ഫാരിദി അതിക്രമിച്ചു കടന്നതായി ശര്‍മ്മ കേസ് കൊടുത്തിരുന്നു. ഡോ. ഫാരിദിയായിരുന്നു, ആ ശാഖ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥന്‍. 1966 നവംബര്‍ മുതല്‍ 1970 വരെ അവര്‍ വാടക അടയ്ക്കാത്തതായും കോടതി കണ്ടെത്തി.

ഇതെല്ലാം കണക്കിലെടുത്ത് കോടതിവിധിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം. ‘എന്റെ (ജഡ്ജിയുടെ) അഭിപ്രായത്തില്‍ ഉപാദ്ധ്യായയുടെ മരണവുമായി ബന്ധമുണ്ടെന്ന തരത്തില്‍ ഡോ. ഫാരിദിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണ്.’ ഡി.വൈ. ചന്ദ്രചൂഡ് കമ്മീഷന്റെ കണ്ടെത്തലും ജനസംഘിന്റെ ആരോപണങ്ങളെ നിരാകരിക്കുന്നതായിരുന്നു. ‘ശ്രീ ഉപാദ്ധ്യായയുടെ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ പെട്ടിയിലെ സാധനങ്ങളും സംഘട്ടനത്തിന്റേതായ യാതൊരു സൂചനയും തരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വസ്ത്രത്തില്‍ യാതൊരു ചുളുക്കും ഉണ്ടായിരുന്നില്ല. മുഖത്ത് യാതൊരു മുറിവും ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഉപാദ്ധ്യായയുടെ മൃതശരീരത്തില്‍ വലിയ മുറിവുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.’

ഇതോടെ വിവാദങ്ങള്‍ അവസാനിച്ചില്ല. ഇത്തവണ വിവാദങ്ങള്‍ ഉണ്ടായത് ജനസംഘിനുള്ളില്‍ തന്നെയാണ്. ജനസംഘിനുള്ളില്‍ ആര്‍.എസ്.എസിന്റെ ഇടപെടല്‍ തീവ്രമാകുന്നു എന്ന ആക്ഷേപമുയര്‍ത്തി നിന്നിരുന്ന ബല്‍രാജ് മധോക്ക് ആണ് ഇത്തവണ വെടി പൊട്ടിച്ചത്. ദീന്‍ ദയാല്‍ ഉപാദ്ധ്യായ മരണമടഞ്ഞ ദിവസം സായാഹ്നത്തിലാണ് മധോക്ക് അവിടെയെത്തുന്നത്. ഉപാദ്ധ്യായ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, കമ്പിളി മേല്‍വസ്ത്രം അടക്കം പരിശോധിച്ചിട്ടും, അതിലൊന്നും രക്തം പുരണ്ടു കണ്ടില്ല. ഉപാദ്ധ്യായയുടെ ശവശരീരം വാരണാസിയിലേക്കാണ് കൊണ്ടുപോയത്. ഗോള്‍വാള്‍ക്കര്‍ അടക്കമുള്ള ആളുകള്‍ അതിനെ അനുഗമിക്കുകയുണ്ടായി. അവിടെവെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. വാരണാസിയില്‍വെച്ച് താന്‍ ശവശരീരം പരിശോധിച്ചെന്നും കഴുത്തിന് പിറകില്‍ സൂചികൊണ്ട് കുത്തിയപോലെ ഒരു ബിന്ദുവില്‍ രക്തം കട്ടപിടിച്ചിരിക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടെന്നും പിന്നീട് അദ്ദേഹം പറയുകയുണ്ടായി. അതില്‍നിന്നും അദ്ദേഹം എത്തിയ നിഗമനം, ആരോ ഒരു വിഷസൂചി ഉപയോഗിച്ച് ഉപാദ്ധ്യായയെ വകവരുത്തി എന്നാണ്. പത്രസമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചശേഷം അദ്ദേഹം ഇത് ഒരു രക്തമുറഞ്ഞു പോകുന്ന കൊലപാതകമാണെന്നും രാഷ്ട്രീയ പ്രേരിതമായ ഒന്നാണെന്നും ആരോപിക്കുകയുണ്ടായി. തന്നെ, അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്നും തടയാന്‍ വാജ്‌പേയി ശ്രമിച്ചു എന്നും ബല്‍രാജ് മധോക്ക് കുറിക്കുന്നു. എന്തായാലും ജനസംഘിന്റെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ വാജ്‌പേയിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ബല്‍രാജ് മധോക്ക് ആരോപിച്ചു.

ബല്‍രാജ് മധോക്ക്

ബല്‍രാജ് മധോക്ക്, ആര്‍.എസ്.എസില്‍ വാജ്‌പേയിക്ക് മുമ്പേ സജീവമായ ആളായിരുന്നു. ഭാരതീയ ജനസംഘ് എന്ന രാഷട്രീയ പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍, ഗോള്‍വാള്‍ക്കര്‍, ആര്‍.എസ്.എസില്‍നിന്നും ജനസംഘിന് ‘സംഭാവന’ നല്‍കിയവരില്‍ പ്രമുഖനുമായിരുന്നു. 1966-ല്‍ പാര്‍ട്ടി പ്രസിഡന്റുമായി. പക്ഷെ, പില്‍ക്കാലത്ത് ജനസംഘില്‍, ആര്‍.എസ്.എസ്. പിടിമുറുക്കിയപ്പോള്‍ മൗലി ചന്ദ്ര ശര്‍മ്മയെപ്പോലെതന്നെ, ബല്‍രാജ് മധോക്കും പ്രതിഷേധിച്ചു തുടങ്ങി. അത് ആര്‍.എസ്.എസും അദ്ദേഹവും തമ്മിലുള്ള അസുഖകരമായ അകലത്തിലേക്ക് വഴി തെളിച്ചു. വാജ്‌പേയ് ആകട്ടെ പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ കൊലപാതകം നടക്കുന്നത്.

മധോക്ക് തന്നോട് പറഞ്ഞ കാര്യങ്ങള്‍ പ്രഫുല്‍ ഗൊറാഡിയ ഓര്‍ത്തെടുത്തത് ജുഗല്‍ബന്ദി: ദി ബി.ജെ.പി. ബിഫോര്‍ മോഡി എന്ന പുസ്തകത്തില്‍ വിനയ് സീതാപതി വിവരിക്കുന്നുണ്ട്. ‘വാജ്‌പേയിയും ബാലാസാഹേബ് ദേവരസും ചേര്‍ന്നാണ് ഇത് ചെയ്തത്.’ പാറ്റ്‌നയില്‍ വെച്ച് തന്നോട് മധോക്ക് വെളിവാക്കിയത് ഗോവിന്ദാചാര്യയും ഓര്‍ക്കുന്നു. ‘നേപ്പാളില്‍വെച്ച് ഒരു കൂടിക്കാഴ്ചയുണ്ടായിരുന്നു. വാജ്‌പേയിയെ പാര്‍ട്ടി പ്രസിഡന്റാക്കാനുള്ള കൊലപാതക പദ്ധതി അവിടെവെച്ചാണ് ആസൂത്രണം ചെയ്തത്.’ ആര്‍.എസ്.എസിന്റെ കേഡര്‍ എന്ന നിലയില്‍ ഗോവിന്ദാചാര്യ അത് നിഷേധിച്ചപ്പോള്‍ മധോക്ക് പറഞ്ഞ വാചകവും ഗോവിന്ദാചാര്യ ഓര്‍മ്മിക്കുന്നുണ്ട്. ‘നീ നാഗ്പൂരില്‍ (ആര്‍.എസ്.എസിന്റെ കേന്ദ്രകാര്യാലയം) പോകുമ്പോള്‍, അവര്‍ നിന്റെ തലച്ചോറില്‍നിന്നും താക്കോലെടുത്ത് നാഗാനദിയില്‍ എറിഞ്ഞു കളയും’ എന്നാണ് മധോക്ക് പ്രവചിച്ചത്. ആര്‍.എസ്.എസ്. എങ്ങനെയാണ് അതിന്റെതന്നെ അംഗങ്ങളുടെ മാനവികതയെയും സത്യം കാണാനുള്ള കഴിവിനെയും ചോര്‍ത്തിക്കളയുന്നത് എന്നതിനെ ഒരു ആര്‍.എസ്.എസുകാരനല്ലാതെ മറ്റാര്‍ക്കും ഇത്ര ഭംഗിയായി വിവരിക്കാനാവില്ല എന്നു തോന്നിപ്പിക്കുന്ന ഒരു വാചകമായിരുന്നു അത്.

നിജസ്ഥിതി എന്തു തന്നെയായാലും മധോക്ക് ചൂണ്ടിക്കാട്ടിയപോലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാജ്‌പേയ്, ജനസംഘിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു.

ആര്‍.എസ്.എസും മറ്റ് പരിവാര്‍ സംഘടനകളും ഭരണഘടനയ്ക്ക് പുറത്തുനിന്ന് രാജ്യത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുക, അതില്‍നിന്നുള്ള താത്കാലിക നേട്ടങ്ങള്‍ ജനസംഘ് രാഷ്ട്രീയമായി കൊയ്‌തെടുക്കുക. ഇതായിരുന്നു, ഹിന്ദു വംശീയതയുടെ പ്രവര്‍ത്തന രീതി. ആദ്യ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ അവര്‍, ഈ തന്ത്രത്തിന്റെ ഫലമായി വരും തെരഞ്ഞെടുപ്പുകളില്‍ നില മെച്ചപ്പെടുത്തിയെടുക്കാന്‍ തുടങ്ങി. ആര്‍.എസ്.എസില്‍നിന്നും ജനസംഘില്‍ വന്ന വാജ്‌പേയ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 1954ലാണ്. വിജയലക്ഷ്മി പണ്ഡിറ്റ്, യു.എന്നില്‍ ഇന്ത്യയുടെ പ്രതിനിധിയായി തീര്‍ന്നപ്പോള്‍ എം.പി. സ്ഥാനം രാജിവെക്കുകയുണ്ടായി. ലക്‌നൗ നിയോജക മണ്ഡലത്തെയായിരുന്നു അവര്‍ പ്രതിനിധീകരിച്ചിരുന്നത്. ജനസംഘില്‍ അപ്പോഴേക്കും ആര്‍.എസ്.എസിന്റെ പിടി തീവ്രമായി കഴിഞ്ഞിരുന്നു. ലക്‌നൗ ഉപതെരഞ്ഞെടുപ്പിലെ ജനസംഘിന്റെ സ്ഥാനാര്‍ത്ഥിയായി 29കാരനായ വാജ്‌പേയിയെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ രംഗത്തിറക്കി. മൂന്നാംസ്ഥാനത്താണ് എത്തിയതെങ്കിലും അത് വാജ്‌പേയി എന്ന ഹിന്ദുത്വവാദി രാഷ്ട്രീയക്കാരന്റെ രംഗപ്രവേശമായിരുന്നു.

വാജ്പേയ്

1957ലാണ് ഇന്ത്യയില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടത്തുന്നത്. ജനസംഘിനുമേല്‍ ആര്‍.എസ്.എസിന്റെ സ്വാധീനം കൂടിക്കൂടി വരുന്നത് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥികളെ നോക്കിയാല്‍ മനസ്സിലാക്കാം. വാജ്‌പേയ് മൂന്ന് മണ്ഡലങ്ങളില്‍നിന്നാണ് മത്സരിച്ചത്. മദ്ധ്യപ്രദേശിലെ ബല്‍റാംപൂര്‍, യു.പിയിലെ ലക്‌നൗ, മഥുര എന്നിവയായിരുന്നു ആ മണ്ഡലങ്ങള്‍. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ബല്‍റാംപൂരില്‍നിന്നും അദ്ദേഹം ജയിച്ചു. ബാക്കി രണ്ടിടത്തും പരാജയപ്പെട്ടു. ജനസംഘ് അതിന്റെ സീറ്റുനില മുന്‍ പാര്‍ലമെന്റിനേക്കാള്‍ ഒന്ന് കൂട്ടി ആകെ സംഖ്യ നാലാക്കി. എന്നാല്‍ ഹിന്ദുമഹാസഭയ്ക്ക് ഒരു സീറ്റു മാത്രമേ ലഭിച്ചുള്ളൂ. രാമരാജ്യ പരിഷത്തിനാകട്ടെ ഒറ്റ സീറ്റും ലഭിച്ചില്ല. ഏക ഹിന്ദു വംശീയ പാര്‍ട്ടിയായി ഭാരതീയ ജനസംഘ് മാറുന്ന സൂചന അതില്‍നിന്നും നമുക്ക് മനസ്സിലാക്കാം. അതോടൊപ്പം വോട്ടു വിഹിതവും വര്‍ദ്ധിച്ച് 5.97% ആയി. 1962ലെ തെരഞ്ഞെടുപ്പില്‍ ജനസംഘിന്റെ സീറ്റുകളുടെ എണ്ണം 14 ആയി ഉയര്‍ന്നുവെങ്കിലും ബല്‍റാംപൂരില്‍, അടല്‍ ബിഹാരി വാജ്‌പേയ് പരാജയപ്പെട്ടു. അവരുടെ വോട്ടുവിഹിതം 16.73% ആയി ഉയരുകയുണ്ടായി. ആ തെരഞ്ഞെടുപ്പില്‍ ഹിന്ദു മഹാസഭ ഒരു സീറ്റിലും രാമരാജ്യ പരിഷത്ത് രണ്ടു സീറ്റുകളിലും വിജയിച്ചു.

1967ലെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത, അതില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ നെഹ്‌റു ഉണ്ടായിരുന്നില്ല എന്നതാണ്. മാത്രമല്ല, പശുവിനെ മുന്‍നിര്‍ത്തിയുള്ള അലയൊലികളെ വോട്ടായി സമാഹരിക്കാന്‍ ജനസംഘും ആര്‍.എസ്.എസും കിണഞ്ഞു പരിശ്രമിച്ചത് ഏറെക്കുറെ വിജയിക്കുകയുണ്ടായി. 35 സീറ്റിലേക്ക് അത് കുതിച്ചു കയറി, ശതമാനക്കണക്കില്‍ 9.31% എന്ന നിലയിലേക്ക് താഴ്ന്നുവെങ്കിലും. പശു പ്രക്ഷോഭത്തിന്റെ അരങ്ങായ ഡല്‍ഹിയില്‍നിന്ന് 5 സീറ്റുകളാണ് ആ തെരഞ്ഞെടുപ്പില്‍ ജനസംഘ് നേടിയത്.

സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും ശേഷവും രാഷ്ട്രത്തെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ഹിന്ദു രാഷ്ട്രസംസ്ഥാപനം സാധ്യമാക്കുക എന്നതായിരുന്നു, ഹിന്ദു വംശീയവാദികളുടെ ലക്ഷ്യം എന്ന് അനുമാനിക്കാനാകും. ബീഹാറിലും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും അക്കാലത്ത് അവര്‍ നടത്തിയ ഹിംസാത്മക താണ്ഡവങ്ങള്‍ നാം പരിശോധിച്ചു കഴിഞ്ഞു. അതോടൊപ്പംതന്നെ ഗാന്ധിവധം പോലുള്ള അങ്ങേയറ്റം അപലപിക്കേണ്ട ഭീകരവാദ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച ദര്‍ശനവും അതുതന്നെ. പക്ഷെ, അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യന്‍ ജനത അവര്‍ക്ക് തിരിച്ചുകൊടുത്തത്. സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പോലുള്ളവര്‍ സൃഷ്ടിക്കാന്‍ വെമ്പിയ ഹിംസാത്മകനായ, ആണത്ത ഹിന്ദുസ്വരൂപത്തെ ഇന്ത്യന്‍ ജനത വലിച്ചെറിഞ്ഞു. മുസ്ലീങ്ങളെ ചൂണ്ടിക്കാട്ടി ഒരു ആണത്തഹിന്ദുവിനെ സൃഷ്ടിക്കാനും അങ്ങനെയുണ്ടാകുന്ന ഹിന്ദു മണ്ഡലത്തെ സൈനികവല്‍ക്കരിക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത് എന്ന് നാം കണ്ടു.

അവിടെനിന്നും വ്യത്യസ്തമായ ഒരു രീതിയാണ് തങ്ങളുടെ ലക്ഷ്യം നേടാനായി അവര്‍ ഉപയോഗിച്ചത്. ഭരണഘടനയ്ക്ക് പുറത്തുനിന്നുകൊണ്ട് ഹിംസാത്മക രീതികളിലൂടെ ഒരു ആണത്ത ഹിന്ദുസ്വത്വത്തെ നിരന്തരം സൃഷ്ടിക്കുകയും ആ ആസ്തി ഉപയോഗിച്ച് ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തന നേട്ടം കൊയ്‌തെടുക്കുകയും ചെയ്യുക എന്നതായിരുന്നു, അത്. ബാബ്‌റി മസ്ജിദ് പിടിച്ചെടുക്കുക വഴിയാണ് അവര്‍ക്ക് ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞത് എന്ന് നാം കണ്ടു. പശു രാഷ്ട്രീയം വഴി 1967ലെ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും കഴിഞ്ഞു. അതോടൊപ്പം സംഘപരിവാര്‍ എന്ന പ്രത്യേകതരത്തിലുള്ള സംഘടനാ വിന്യാസത്തിലൂടെ ഹിന്ദുമണ്ഡലം എന്ന് അവര്‍ വിചാരിക്കുന്ന ഇടത്തിന്റെ മുക്കിലും മൂലയിലും സാംസ്‌കാരികമായി കടന്നുപ്രവര്‍ത്തിക്കാന്‍ കളമൊരുക്കുകയും ചെയ്തു. തങ്ങളുടെ നീരാളിക്കൈകളുടെ വലിപ്പം അങ്ങനെ വര്‍ദ്ധിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. തങ്ങളുടെ ചരിത്രത്തിന്റെ അടിസ്ഥാന ധാതുവായ ഹിംസയെ ഒരു കാലത്തും അവര്‍ കൈവെടിഞ്ഞില്ല. എന്നാല്‍ ജനാധിപത്യം എന്ന ആശയത്തോട് യോജിപ്പില്ലെങ്കില്‍തന്നെയും ഇന്ത്യയില്‍ ജനാധിപത്യത്തിനുള്ളില്‍ പൊയ്മുഖമണിഞ്ഞായാലും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു. തങ്ങളുടെ പിന്തുണയ്ക്കാവശ്യമായ ഹിന്ദുജനസഞ്ചയത്തെ അവര്‍ നേടിയെടുക്കുന്നത് വര്‍ഗ്ഗീയത ആളിക്കത്തിച്ചും ഹിംസാത്മകതയെ ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ നിരന്തരം പ്രയോഗിച്ചുമാണ്. എന്നാല്‍ ഭീകരപ്രവര്‍ത്തനം മൂലം കൊയ്‌തെടുക്കുന്ന ആ ആസ്തിയെ വിനിയോഗിക്കുന്നതോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുള്ളിലും.

അതിനാല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയം വഴി അധികാരത്തിലേക്കുള്ള വഴി തെളിയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോന്നോരോന്നായി അവര്‍ ആവിഷ്‌കരിച്ചെടുക്കാന്‍ തുടങ്ങി. തെരഞ്ഞെടുപ്പു സഖ്യങ്ങളും ധാരണകളും പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കിയെടുക്കുകയും ചെയ്തു. 1948ലെ ഫൈസാബാദ് ഉപതെരഞ്ഞെടുപ്പിലൂടെ മതത്തെ, ജനാധിപത്യത്തിന്റെ സാങ്കേതികതകളിലൂടെ അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി എളുപ്പം ഉപയോഗിക്കാം എന്ന് കോണ്‍ഗ്രസ്സിലെ വലതുപക്ഷക്കാരനായിരുന്ന ജി.ബി. പാന്ത് കാണിച്ചുകൊടുത്തു. എങ്ങനെയാണ് ഹിന്ദുവംശീയവാദികള്‍ക്ക് ജനാധിപത്യത്തിനുള്ളില്‍ നിന്നുകൊണ്ട് അതിന്റെ മൂല്യങ്ങളെ അട്ടിമറിക്കാനാകുക എന്നതിന്റെ ഉത്തമമായ ഒരു പാഠപുസ്തകം ആയിരുന്നു അത്. ഹിന്ദു വംശീയവാദികള്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ വിജയകരമായി പ്രവര്‍ത്തിക്കേണ്ടത് എന്നതിന്റെ പരിശീലനമാണ് ജി.ബി. പാന്ത്, ഫൈസാബാദില്‍ കാണിച്ചുകൊടുത്തത്.

ജി.ബി. പാന്ത്

എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ, ഹിന്ദു വംശീയ രാഷ്ട്രീയകക്ഷിയായ ഭാരതീയ ജനസംഘുമായി ആദ്യം കൈകോര്‍ക്കുന്ന പാര്‍ട്ടി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. അത് ഒരു തെരഞ്ഞെടുപ്പു സഖ്യം ആയിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷമുള്ള ധാരണയായിരുന്നു. എല്‍.കെ. അദ്വാനി അദ്ദേഹത്തിന്റെ ആത്മകഥയായ മൈ കണ്‍ട്രി മൈ ലൈഫില്‍ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 1958-ല്‍ ആദ്യത്തെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ജനസംഘിന്റെ ഡല്‍ഹി യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്വാനി. 80 സീറ്റുകളുള്ള ഒരു സംവിധാനമായാണ് ഡല്‍ഹി കോര്‍പ്പറേഷനെ വിഭാവനം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ജനസംഘിന് 25 സീറ്റും കോണ്‍ഗ്രസ്സിന് 27 സീറ്റും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 8 സീറ്റും ഹിന്ദു മഹാസഭയ്ക്ക് 1 സീറ്റും ലഭിച്ചു. ബാക്കി സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്.

സവര്‍ക്കറുടെ ഹിന്ദു മഹാസഭ, ഏക ഹിന്ദു വംശീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന കാലത്തും അധികാരത്തിന് വേണ്ടി ഏതുതരം കൂട്ടുകെട്ടിലുമേര്‍പ്പെടാം എന്ന രീതി അവലംബിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ നിരന്തരം ശത്രുപക്ഷത്ത് നിര്‍ത്തുന്ന ബീഭത്സ രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സമയത്താണ് ജിന്നയുടെ മുസ്ലീംലീഗുമായി ചേര്‍ന്ന് സിന്ധും നോര്‍ത്ത് വെസ്റ്റേണ്‍ ഫ്രോണ്ടിയര്‍ പ്രോവിന്‍സും ഹിന്ദുമഹാസഭ ഭരിച്ചത്. വിഭജനത്തിനുവേണ്ടി വാദിച്ച ഫസ്‌ലുള്‍ ഹക്കുമായി ചേര്‍ന്ന് ബംഗാളും അവര്‍ ഭരിച്ചു. ഹിന്ദു മഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, ബംഗാളില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ശേഷം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി, ജനസംഘിനെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തുന്നതിനായി ആദ്യം കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കി. അരുണ ആസഫ് അലിയെ മേയര്‍ ആക്കണമെന്ന നിബന്ധനയ്ക്ക് പുറത്തായിരുന്നു പിന്തുണ എന്നാണ് എല്‍.കെ. അദ്വാനി പറഞ്ഞുവെക്കുന്നത്. 1959-ല്‍ കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭയെ യൂണിയന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ, ഡല്‍ഹി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്സിന് നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. രണ്ടാം ലോക യുദ്ധമുണ്ടാക്കിയ രാഷ്ട്രീയ സ്ഥിതി വിശേഷത്തില്‍ പ്രവിശ്യാ സര്‍ക്കാരുകളില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്മാറിയപ്പോള്‍ ഹിന്ദു മഹാസഭയും ജിന്നയുടെ മുസ്ലീംലീഗും ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ ഓടിയെത്തിയ പോലെ, ഇവിടെയും സംഭവിച്ചു. ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശത്തില്‍ അദ്വാനിയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുകയും രണ്ടുപേരും എഴുതി തയ്യാറാക്കിയ ഒരു സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. അതുപ്രകാരം അരുണ ആസഫ് അലി ആദ്യത്തെ തവണ ഡല്‍ഹി മേയറായി തുടരുകയും ജനസംഘിന്റെ കേദാര്‍നാഥ് സാഹ്നി ഡെപ്യൂട്ടി മേയറായി സ്ഥാനമേല്‍ക്കുകയും ചെയ്തു. അടുത്ത കൊല്ലം സാഹ്നി, മേയറാകുകയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി ഡെപ്യൂട്ടി മേയറാവുകയും ചെയ്യുക എന്നതായിരുന്നു സമ്മതപത്രത്തിന്റെ ഉള്ളടക്കം.

1967-ല്‍ ജനസംഘ് ആദ്യമായി സംസ്ഥാനഭരണം നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ കക്ഷിയായതും രാഷ്ട്രീയ ധാര്‍മ്മികതയെ അട്ടിമറിച്ചു കൊണ്ടായിരുന്നു. ആദ്യം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയരാജ്യ സിന്ധ്യ 1967-ല്‍ കോണ്‍ഗ്രസ്സ് വിട്ടു പുറത്തുവന്ന് ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ മുന്നണി രൂപീകരിച്ചിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പിലും മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് തന്നെയാണ് ജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സിനുള്ളിലെ പടലപ്പിണക്കങ്ങളുടെ ഫലമായി ഗോവിന്ദ് നാരായണ്‍ സിംഗ് എന്ന കോണ്‍ഗ്രസ്സ് എം.എല്‍.എ. 30 സഹ എം.എല്‍.എമാരെയും കൊണ്ട് പുറത്തുവന്നു. വിജയരാജ സിന്ധ്യയുടേയും ജനസംഘിന്റേയും പിന്തുണയില്‍ ഗോവിന്ദ് നാരായണ്‍ സിംഗ് മുഖ്യമന്ത്രിയായി.

ഗോവിന്ദ് നാരായണ്‍ സിംഗ്

ഇതെല്ലാം കാണിക്കുന്നത് അധികാര പങ്കാളിത്തത്തിനായി ഏതു തരം കൂട്ടുകെട്ടിലേര്‍പ്പെടുന്നതും ജനസംഘിന് പ്രശ്‌നമായിരുന്നില്ല എന്നാണ്. പക്ഷെ, മറ്റു പാര്‍ട്ടികള്‍ പലപ്പോഴും ജനസംഘിന്റെ പിന്തുണ സ്വീകരിച്ച് ഭരണത്തിലേറാന്‍ തയ്യാറായി എന്നിടത്താണ്, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ജനസംഘിന്റെ ഭാഗ്യം തെളിയുന്നത്. അതായത്, അവര്‍ ഒരു ഭാഗത്തുകൂടി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി കരുണയറ്റ ആണത്ത ഹിന്ദുവിനെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മറുഭാഗത്ത് മറ്റ് രാഷ്ട്രീയ കക്ഷികള്‍ അവരുടെ ഫാസിസ്റ്റ് സ്വഭാവത്തോട് കണ്ണടയ്ക്കാന്‍ തുടങ്ങി.

അതോടൊപ്പം ഇന്ത്യന്‍ വ്യവസായികളുമായി ജനസംഘ് കൂടുതല്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങി. ഇന്ദിരാഗാന്ധി അധികാരിയെന്ന നിലയില്‍ ആദ്യനാളുകളില്‍ സോഷ്യലിസത്തോട് കാണിച്ച ചായ്‌വ്, വ്യവസായികളെ ജനസംഘിനോട് അടുപ്പിക്കാനുള്ള അന്തരീക്ഷത്തെ സൃഷ്ടിച്ചു. ജനസംഘിന്റെ ഖജാന്‍ജിയായി പ്രവര്‍ത്തിച്ച നാനാജി ദേശ്മുഖ് ആണ് ഈ അടുപ്പത്തെ ത്വരിതപ്പെടുത്തിയത്. നാനാജി ദേശ്മുഖ് അടുപ്പം സ്ഥാപിച്ച പ്രധാന വ്യവസായി നുസ്ലി വാഡിയ ആയിരുന്നു. ബോംബെ ഡൈയിങ്ങ് ടെക്സ്റ്റയില്‍സ് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു. പാകിസ്ഥാന്റെ സ്രഷ്ടാവായ മുഹമ്മദലി ജിന്നയുടെ മകള്‍ ഡിനയുടെ മകന്‍ ആയിരുന്നു നുസ്ലി വാഡിയ. ഒരു പാഴ്‌സിയെ വിവാഹം കഴിച്ച ഡിന തന്റെ പിതാവ് പാകിസ്ഥാന്‍ സൃഷ്ടിച്ച് അങ്ങോട്ട് പോയപ്പോഴും ഇന്ത്യക്കാരിയായി തുടര്‍ന്നു. 1960കളുടെ അവസാനം, ഹിന്ദുവല്ലെങ്കിലും, നുസ്ലി വാഡിയ, നാനാജി ദേശ്മുഖുമായി അടുപ്പത്തിലായി. നുസ്ലി വാഡിയ ആണ് നാനാജിയെ, മറ്റൊരു വ്യവസായ ഭീമനായ ജെ.ആര്‍.ഡി. ടാറ്റയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. നുസ്ലി വാഡിയ അങ്ങനെ ജനസംഘിന്റെ ഏറ്റവും വലിയ സമ്പദ്ദാതാവായി മാറി. അതോടൊപ്പം ടാറ്റയും മഫത്‌ലാലും ഒക്കെ ജനസംഘിനെ കൈയയച്ച് സഹായിക്കാന്‍ തുടങ്ങി.

നുസ്ലി വാഡിയ

ഇതോടൊപ്പംതന്നെ മാധ്യമ പ്രചരണവും പ്രചണ്ഡമായിത്തന്നെ ജനസംഘ് നടത്തി. ബ്രാഹ്‌മണിസത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ പത്രമാധ്യമങ്ങളെ സഫലമായി ഉപയോഗിച്ച പ്രത്യയശാസ്ത്രമായി അതിനെ വായിച്ചെടുക്കാനാകും. ആധുനിക ഘട്ടത്തിലേക്ക് ബ്രാഹ്‌മണിസത്തെ കരേറ്റിയ തിലക്, താന്‍ സ്ഥാപിച്ച കേസരി, മറാത്താ പത്രികകള്‍ വഴിയാണ് നവ ബ്രാഹ്‌മണിസത്തെ വളര്‍ത്തിയെടുത്തത്. ബോംബെ പ്രവിശ്യയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന, ശിവറാം പരാഞ്ജ്‌പേയുടെ പത്രാധിപത്യത്തിലുണ്ടായിരുന്ന കാല്‍ എന്ന പത്രിക തന്നെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ സവര്‍ക്കര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു വംശീയ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട ‘അഗ്രണി,’ ‘ഹിന്ദുരാഷ്ട്ര’ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സേ. അവയുടെ മാനേജിങ്ങ് എഡിറ്ററായിരുന്നു, ഗോഡ്‌സേയ്‌ക്കൊപ്പം തൂക്കിലേറിയ നാരായണ്‍ ആപ്‌തേ. ആര്‍.എസ്.എസ്. തന്നെ ഹിന്ദിയില്‍ ‘പാഞ്ചജന്യ’ എന്ന പത്രികയും മറാത്തിയില്‍ ‘തരുണ്‍ ഭാരതും’ ഇംഗ്ലീഷില്‍ ‘ഓര്‍ഗനൈസറും’ പ്രസിദ്ധീകരിച്ചിരുന്നു. നാനാജി ദേശ്മുഖിന്റെ ഉത്സാഹത്തില്‍ അക്കാലത്ത്, വ്യവസായ ഭീമന്മാരുടെ സഹായത്താല്‍ ജനസംഘ്, ‘മദര്‍ലാന്റ്’ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രവും ആരംഭിച്ചു.

ഇക്കാലത്ത്, ഭരണഘടനയ്ക്ക് പുറത്തുനിന്നുകൊണ്ട് ഹിന്ദു വംശീയവാദികള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍നിന്നും വായിച്ചെടുക്കാം. ‘1954 മുതല്‍ 1960 വരെ (വര്‍ഗ്ഗീയ ലഹളയുടെ കാര്യത്തില്‍) വ്യക്തവും സുദൃഢവുമായ നിമ്‌ന പ്രവണത ദര്‍ശിക്കാവുന്നതാണ്. രാജ്യമാകെ എടുക്കുകയാണെങ്കില്‍ 26 വര്‍ഗ്ഗീയ ലഹളകള്‍ മാത്രം നടന്ന 1960, തീര്‍ച്ചയായും പ്രശ്നം കുറഞ്ഞൊരു വര്‍ഷമായി രേഖപ്പെടുത്താം. 1961-ല്‍ ഈ പ്രവണത കര്‍ക്കശമായി തിരിച്ചുപോയി. (വര്‍ഗ്ഗീയ ലഹളയുടെ കാര്യത്തില്‍) ആ വളര്‍ച്ച പ്രധാനമായും ബീഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആയിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ സ്ഥിതിഗതികളെ ബലപ്പെടുത്തും വിധം (വര്‍ഗ്ഗീയ ലഹളയുടെ കാര്യത്തില്‍) കാര്യമായ താഴ്ചയുണ്ടായി. 1964 ഒരു വ്യത്യസ്ത വര്‍ഷമായിരുന്നു. കിഴക്കന്‍ പാകിസ്ഥാനിലുണ്ടായ ഗുരുതരമായ വര്‍ഗ്ഗീയ ലഹളകളുടെ പ്രതികരണമെന്ന നിലയ്ക്ക് പശ്ചിമ ബംഗാളിലും ബീഹാറിലും ഒറീസ്സയിലും വലിയ അളവിലുള്ള വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടായി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ വര്‍ഗ്ഗീയ സംഘട്ടനങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ഉയര്‍ച്ച കാണിച്ചില്ല. പാകിസ്ഥാനുമായുണ്ടായ രണ്ട് സംഘര്‍ഷങ്ങളുടെ ഫലമായി 1965-ല്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ഭീതി ഉയര്‍ന്നെങ്കിലും രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങള്‍ ശാന്തമായി നിലനിന്നു. മഹാരാഷ്ട്രയില്‍, പ്രത്യേകിച്ചും പൂനെയിലും ചുറ്റുപാടുകളിലുമാണ് വലിയ അളവിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായത്. സ്വത്തുനാശമാണ് ഈ ലഹളകള്‍ പ്രധാനമായും സൃഷ്ടിച്ചത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് അവ പ്രധാനമായും ഉടലെടുത്തത്. ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ ഫലമായല്ല. 1966-ല്‍ സംഘര്‍ഷങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി. എങ്കിലും അവ താരതമ്യേന ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഉത്കണ്ഠാജനകവും.
1966ലെ സംഘര്‍ഷങ്ങളുടെ പ്രത്യേകത, താരതമ്യേന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍നിന്നും മുക്തമായ ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമാണ് (1965ലെ പൂനെ സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍) നിരന്തരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതെന്നതാണ്. 1966-ല്‍ കണ്ട സമുദായബന്ധങ്ങളില്‍ വന്ന ഇടിവ് 1967ലും തുടര്‍ന്നു. അതിലേറ്റവും പ്രധാനപ്പെട്ട പൊട്ടിപ്പുറപ്പെടല്‍ റാഞ്ചിയിലായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന അസ്വസ്ഥതകളില്‍ 155 ജീവനുകള്‍ നഷ്ടപ്പെടുകയുണ്ടായി. 1966 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ആന്ധ്രാപ്രദേശിലും ബീഹാറിലും ഉത്തര്‍പ്രദേശിലും സംഘര്‍ഷങ്ങളുടെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടായി. 1967ലെ അസ്വസ്ഥജനകമായ ഒരു വികാസം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ജമ്മു-കശ്മീരിലേക്ക് വ്യാപിച്ചു എന്നതാണ്.’

നാനാജി ദേശ്മുഖ്

ഇന്ത്യ ആസ് എ സെക്യുലര്‍ സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ സ്മിത്ത് ഇതിനെ ഇങ്ങനെ സംഗ്രഹിക്കുന്നു. ‘ജീവന്റേയും സ്വത്തിന്റേയും നഷ്ടത്തിന്റെ കാര്യത്തില്‍ മുസ്ലീങ്ങളാണ് താരതമ്യേന കൂടുതല്‍. 1961 ഫെബ്രുവരിയില്‍ ജബല്‍പൂരിലും മദ്ധ്യപ്രദേശിലെ മറ്റു നഗരങ്ങളിലും നടന്ന ഗുരുതരമായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അമ്പത്തഞ്ചു ജീവനെടുത്തു, മിക്കവാറും മുസ്ലീങ്ങളുടെ.’ ആര്‍.എസ്.എസ്. ആണ് ആ കലാപത്തില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് എ.ജി. നൂറാണി പറയുന്നു.

Comments

comments