അന്‍വര്‍ ഷെയ്ഖിനെ ഓര്‍ക്കുമ്പോള്‍

 

അന്‍വര്‍ ഷെയ്ഖിന്റെ (22 ഒക്ടോബര്‍ 1945 – 7 ഒക്ടോബര്‍ 2026) പെട്ടെന്നുള്ള വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ആഴമുള്ള ഒരു നഷ്ടബോധമാണ് മനസ്സിലുണ്ടായത്. നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രധാന മാര്‍ക്‌സിസ്റ്റ് ചിന്തകനാണ് വിടപറഞ്ഞിരിക്കുന്നത് എന്നതിനപ്പുറം, അലക്‌സ് കലിനിക്കോസ് സൂചിപ്പിച്ചതുപോലെ സര്‍ഗ്ഗാത്മകമായ മാര്‍ക്‌സിസത്തിന്റെ കരുത്തനായ വക്താവായിരുന്നു അദ്ദേഹം. മാര്‍ക്‌സിയന്‍ പൊളിറ്റിക്കല്‍ ഇക്കോണമിയിലൂടെ മുതലാളിത്തത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വളര്‍ത്തിയെടുത്ത എന്റെ തലമുറയിലുള്ളവര്‍ക്ക്, അദ്ദേഹത്തിന്റെ മാര്‍ക്‌സിസ്റ്റ് രചനകള്‍ പ്രചോദനവും ഉള്‍ക്കാഴ്ചകളും നല്‍കുന്ന വലിയ ബൗദ്ധിക സ്രോതസ്സായിരുന്നു. 1980-കളുടെ അവസാനത്തിലാണ് ഞാന്‍ അദ്ദേഹത്തിന്റെ രചനകള്‍ ആദ്യമായി വായിക്കുന്നത്. ഈ മേഖലയിലെ എന്റെ ആദ്യകാല വായനകളില്‍ ഒന്നായിരുന്നു അത്. സമ്പത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുകയും കൈവശപ്പെടുത്തുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന സാമൂഹികബന്ധങ്ങളെക്കുറിച്ചും അതില്‍ അന്തര്‍ലീനമായിരിക്കുന്ന പോരാട്ടങ്ങളെക്കുറിച്ചുമുള്ള അറിവാണ് സാമ്പത്തിക ശാസ്ത്രം എന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാട്, സമകാലിക മുതലാളിത്തത്തെ മനസ്സിലാക്കുന്നതില്‍ വിശകലനാത്മകമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രീതിശാസ്ത്രം അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല.

അലക്സ് കലിനിക്കോസ്

അദ്ദേഹത്തിന്റെ കൃതികള്‍ പരിചയപ്പെട്ട ആദ്യകാല ഓര്‍മ്മകളെ പിന്തുടര്‍ന്ന് ഞാന്‍ എന്റെ പഴയ ചില നോട്ടുപുസ്തകങ്ങള്‍ എടുത്തുനോക്കി. അതില്‍, ‘സയന്‍സ് & സൊസൈറ്റി’യുടെ 43 (1979), 44 (1980) വോള്യങ്ങളില്‍ പ്രസിദ്ധീകരിച്ച ”വിദേശ വ്യാപാരവും മൂല്യ നിയമവും” (Foreign Trade and the Law of Value) എന്ന അദ്ദേഹത്തിന്റെ രണ്ടു ഭാഗങ്ങളുള്ള ഉപന്യാസത്തെക്കുറിച്ചുള്ള പരാമര്‍ശം ഞാന്‍ കണ്ടെത്തി. എന്റെ കൈപ്പടയില്‍ എഴുതിയെടുത്ത ആ റഫറന്‍സ്, മുതലാളിത്തത്തെ മനസ്സിലാക്കാനും അതിനെ ചോദ്യംചെയ്യാനുമുള്ള പുതിയ സാധ്യതകള്‍ തുറന്നുതന്ന ഒരു പ്രധാന സമീപനം കണ്ടെത്തിയപ്പോഴുള്ള അന്നത്തെ ആവേശം വീണ്ടും മനസ്സിലെത്തിച്ചു. വായനയിലൂടെ ഒരാള്‍ കണ്ടുമുട്ടുന്ന ഒരു എഴുത്തുകാരന് ഒരു വ്യക്തിയുടെ ബൗദ്ധിക ജീവിതത്തില്‍ എത്രത്തോളം ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്നും അതെന്നെ ഓര്‍മ്മിപ്പിക്കുന്നു.

1945-ല്‍ കറാച്ചിയില്‍ ജനിച്ച ഷെയ്ഖ്, പ്രിന്‍സ്റ്റണില്‍ പഠനം നടത്തുകയും കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1972-ല്‍ ന്യൂ സ്‌കൂള്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചില്‍ ചേര്‍ന്ന അദ്ദേഹം, അവിടുത്തെ ക്രിട്ടിക്കല്‍ പൊളിറ്റിക്കല്‍ ഇക്കോണമി പാരമ്പര്യത്തിലെ പ്രമുഖ പഠിതാവായി മാറി. അന്താരാഷ്ട്ര വ്യാപാരം, ലാഭക്ഷമത, സാമ്പത്തിക വളര്‍ച്ച, തൊഴിലില്ലായ്മ, അസമത്വം, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ വ്യാപിച്ചു. സംഘര്‍ഷങ്ങളിലൂടെയും അസ്ഥിരതകളിലൂടെയും രൂപപ്പെടുന്ന, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യവസ്ഥയായി മുതലാളിത്തത്തെ വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമമാണ് ഈ സമഗ്രതയില്‍ പ്രതിഫലിച്ചത്.

റോബർട്ട് സോളോ

നിയോക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തിനെതിരെയുള്ള, പ്രത്യേകിച്ച് സോളോയുടെ ‘അഗ്രിഗേറ്റ് പ്രൊഡക്ഷന്‍ ഫംഗ്ഷനെ’ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധീരമായ വിമര്‍ശനം സാമ്പത്തികശാസ്ത്രത്തോടുള്ള എന്റെയും വിമര്‍ശനാത്മക നിലപാടിനെ രൂപപ്പെടുത്താന്‍ സഹായിച്ചതാണ്. 1974-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ ”ഹംബഗ്” (Humbug) പ്രബന്ധത്തില്‍, വിജയകരമായ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ ഫിറ്റ് (Statistical fit) കൊണ്ടുമാത്രം ഉല്‍പ്പാദന സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കാനാകില്ലെന്ന് അദ്ദേഹം വാദിച്ചു. നിയോക്ലാസിക്കല്‍ വിശദീകരണങ്ങള്‍ക്കുള്ള തെളിവുകളായി കരുതപ്പെടുന്ന ബന്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിംഗ് ഐഡന്റിറ്റികളില്‍നിന്ന് ഉയര്‍ന്നുവരുന്നതാണ്. ഈ ഇടപെടല്‍, മുഖ്യധാര സാമ്പത്തികശാസ്ത്രത്തിലെ അന്നത്തെ പ്രമുഖനും പിന്നീട് നോബല്‍ സമ്മാനജേതാവായി മാറുകയും ചെയ്ത പ്രശസ്ത ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞ്ജന്‍ റോബര്‍ട്ട് സോളോയുടെ രൂക്ഷമായ പ്രതികരണത്തിന് കാരണമായി. സോളോയുടെ കര്‍ശനമായ ഇടെപെടലായത് അതിന്റെ മെറിറ്റ് കൊണ്ടെന്നതിനെക്കാളുപരി ഷെയ്ഖിന്റെ വിമര്‍ശനം വന്ന അതേ ലക്കത്തില്‍ അതിന്റെ തുടര്‍ച്ചയായി സോളോയുടെ മറുപടിയും വന്നു എന്നതിനാലാണ് (The Review of Economics and Statistics Vol. 56, No. 1, Feb., 1974). അക്കാദമിക് മാസികകളില്‍ സാധാരണ അങ്ങനെയല്ല സംഭവിക്കുക. അടുത്ത ലക്കത്തിലോ അതിനുശേഷമോ ആവും മറുപടി വരിക. നിയോക്ലാസിക്കല്‍ ധനശാസ്ത്രത്തെ രക്ഷിക്കാന്‍ സോളോ ഇത്തരത്തില്‍ ഒരു ‘കളികളിച്ച്’ നേരിട്ട് യുദ്ധത്തിന് ഇറങ്ങണമെങ്കില്‍ അന്നത്തെ ഈ യുവമാര്‍ക്‌സിസ്റ്റിന്റെ പ്രഹരവീര്യം എത്രയായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഈ തര്‍ക്കം അടിസ്ഥാനപരമായ ഒരു ചോദ്യം മുന്നോട്ടുവെച്ചു: ഒരു സാമ്പത്തിക മാതൃക ഡേറ്റയുമായി ഒത്തുപോകുന്നു എന്നതുകൊണ്ടുമാത്രം അത് കൃത്യമായി എന്താണ് അങ്ങേയറ്റം സ്ഥാപിച്ചെടുക്കുന്നത്? നിയോക്ലാസിക്കല്‍ ധനശാസ്ത്രം വിദ്യാര്‍ത്ഥികളില്‍നിന്ന് മറച്ചുവെക്കുന്ന അതിന്റെ പൊള്ളത്തരമാണ് ഷെയ്ഖ് ‘പൊളിച്ചടുക്കിയത്.’

ഗണിതശാസ്ത്രത്തിലുള്ള ഷെയ്ഖിന്റെ അഗാധമായ അറിവ് ഇത്തരം ഇടപെടലുകള്‍ക്ക് വലിയ കരുത്ത് നല്‍കി. മാര്‍ക്‌സ്തന്നെയും ഗണിതശാസ്ത്രം വളരെ ജാഗ്രതയോടെ ഉപയോഗിക്കുന്നുണ്ട് ‘മൂലധന’ത്തില്‍. അദ്ദേഹത്തിന്റെ ‘Mathematical Notebooks’ പ്രസിദ്ധമാണല്ലോ. കാഴ്ചയില്‍ നിഷ്പക്ഷമെന്ന് തോന്നുന്ന സാങ്കേതികരീതിവിദ്യകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തെറ്റായ അനുമാനങ്ങളെ പരിശോധിക്കാന്‍ മാര്‍ക്‌സിനെപ്പോലെ ഷെയ്ഖും ഗണിതശാസ്ത്രപരമായ ചിന്തകളെ ഉപയോഗിച്ചു. അദ്ധ്വാനമൂല്യത്തേയും വിലയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ മാര്‍ക്‌സിയന്‍ സങ്കല്‍പ്പങ്ങളെ നിരന്തരമായ സൈദ്ധാന്തിക-പ്രായോഗിക ഗവേഷണവിഷയങ്ങളാക്കി മാറ്റി. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍, മാര്‍ക്‌സിയന്‍ സാമ്പത്തികശാസ്ത്രത്തിനുള്ളില്‍തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും, അത് മാര്‍ക്‌സിസത്തിന്റെ അവസാനിക്കാത്ത ബൗദ്ധിക ഊര്‍ജ്ജത്തിന്റെ ഭാഗമായിരുന്നു. ആ സംവാദങ്ങളിലൂടെ, ആശയപരമായ വ്യക്തത, ചരിത്രപരമായ വിശദീകരണം, പ്രായോഗിക തെളിവുകള്‍ എന്നീ ചോദ്യങ്ങളെ നേരിടാന്‍ മാര്‍ക്‌സിസം കൂടുതല്‍ സജ്ജമായി.

അദ്ദേഹത്തിന്റെ പില്‍ക്കാല കൃതികള്‍ ഈ വിശകലന സമീപനത്തെ കൂടുതല്‍ വികസിപ്പിച്ചു. ഇ. അഹമ്മദ് ടോണാക്കുമായി ചേര്‍ന്ന് എഴുതിയ ‘മെഷറിംഗ് ദി വെല്‍ത്ത് ഓഫ് നേഷന്‍സ്: ദി പൊളിറ്റിക്കല്‍ ഇക്കോണമി ഓഫ് നാഷണല്‍ അക്കൗണ്ട്‌സ്’ (Measuring the Wealth of Nations: The Political Economy of National Accounts – with E. Ahmet Tonak, 1994), എന്ന പുസ്തകം മാര്‍ക്‌സിയന്‍ സൈദ്ധാന്തിക വര്‍ഗ്ഗീകരണങ്ങളെ പരമ്പരാഗത ബൂര്‍ഷ്വാ സാമ്പത്തിക സാംഖ്യിക സംവര്‍ഗ്ഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള രീതികള്‍ വിശദമാക്കുന്നതായിരുന്നു. ഉല്‍പ്പാദനക്ഷമമായ അദ്ധ്വാനവും ഉല്‍പ്പാദനക്ഷമമല്ലാത്ത അദ്ധ്വാനവും തമ്മിലുള്ള ബൂര്‍ഷ്വാ സമ്പദ്ശാസ്ത്രത്തിന്റെ വേര്‍തിരിവുകള്‍, മുതലാളിത്ത ഉല്‍പ്പാദനത്തില്‍ അദ്ധ്വാനത്തിന്റെ പങ്കിനെക്കുറിച്ചുള്ളതായിരുന്നു, അല്ലാതെ അതിന്റെ ധാര്‍മ്മിക മൂല്യത്തെയോ സാമൂഹിക ഉപകാരപ്രദതയെയോ കുറിച്ചുള്ളതായിരുന്നില്ല എന്ന് ഈ പുസ്തകം അടിവരയിട്ടു കാണിച്ചു. ദേശീയ അക്കൗണ്ടുകള്‍ (national accounts) അവതരിപ്പിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്, ഷെയ്ഖും റൊണാക്കും ചൂഷണത്തെയും മൂലധനസഞ്ചയത്തെയും പ്രായോഗിക പഠനത്തിന് വിധേയമാക്കുകയും, ഒരു സമ്പദ്വ്യവസ്ഥയെ അളക്കുന്നതില്‍തന്നെ ബൂര്‍ഷ്വാസി സ്വന്തമായ സൈദ്ധാന്തിക തിരഞ്ഞെടുപ്പുകള്‍ മുന്‍കൂര്‍ നടത്തുന്നുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. മാര്‍ക്‌സിന്റെ ക്ലാസിക്കല്‍ ധനശാസ്ത്ര വിമര്‍ശന പാരമ്പര്യത്തെ ആധുനിക ബൂര്‍ഷ്വാ ധനശാസ്ത്ര സമീപനങ്ങളുടെ കടുത്ത കാപട്യങ്ങളെ തുറന്നുകാട്ടാന്‍ ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്.

അദ്ദേഹത്തിന്റെ ‘കാപ്പിറ്റലിസം: കോംപറ്റീഷന്‍, കോണ്‍ഫ്‌ളിക്റ്റ്, ക്രൈസിസ്’ (2016) എന്ന ബൃഹത്തായ കൃതി, പതിറ്റാണ്ടുകളുടെ ഗവേഷണങ്ങളെ സമഗ്രമായ ഒരു ബദല്‍ വിചാരമാതൃക രൂപീകരിക്കുന്നതിലേക്കുള്ള ഉറച്ച കാല്‍വെപ്പായിരുന്നു. അതിലെ ‘യഥാര്‍ത്ഥ മത്സരത്തെക്കുറിച്ചുള്ള’ (Real competition) വിവരണം, ചെലവുകള്‍ കുറയ്ക്കാന്‍, വിപണികള്‍ കയ്യടക്കാന്‍, ലാഭക്ഷമത നിലനിര്‍ത്താന്‍ എന്തുംചെയ്യുന്ന സ്ഥാപനങ്ങളായാി കോര്‍പ്പറേറ്റുകളെ മനസ്സിലാക്കുന്നതായിരുന്നു. ബൂര്‍ഷ്വാ സമ്പദ്ശാസ്ത്ര മാതൃകകളില്‍ സങ്കല്‍പ്പിച്ചിരിക്കുന്ന തടസ്സങ്ങളില്ലാത്ത പാരസ്പര്യത്തിന്റെ മായാവ്യവസ്ഥയല്ല മുതലാളിത്തമെന്ന് അദ്ദേഹം വരച്ചുകാട്ടി. മത്സരംകൊണ്ട് പ്രക്ഷുബ്ധമായ ചലനങ്ങളാണ് മുതലാളിത്തത്തെ കേവലമായ ദുര്‍യുക്തികളുടെ സമുച്ചയാക്കുന്നത്. സമ്പൂര്‍ണ്ണ വിവരമുള്ള, ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യക്തികളെയോ മാതൃകാ മത്സരവിപണികളെയോ പരികല്പനാപരമായി ആശ്രയിക്കാതെ പ്രധാന സാമ്പത്തികരീതികളെ വിശദീകരിക്കാന്‍ ഷെയ്ഖ് ശ്രമിച്ചു. സാമ്പത്തിക പ്രതിസന്ധികളും അസമത്വ വികസനവും മുതലാളിത്തത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിനുള്ളില്‍നിന്നുതന്നെ വിശദീകരണം ആവശ്യമുള്ള ഫലങ്ങളായി അനാവരണം ചെയ്യപ്പെട്ടു. മുതലാളിത്തത്തെ അതിന്റെ സവിശേഷമായ ആന്തരിക യുക്തികളുടെ സമകാലിക രൂപങ്ങളില്‍നിന്ന് വേറിട്ട് ബൂര്‍ഷ്വാസിയുടെ ആദര്‍ശ മാതൃകകള്‍കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുതലാളിത്തം സ്വന്തം നിലയില്‍ നല്‍കുന്ന വിവരണങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ വിസമ്മതിക്കുന്നു എന്നതാണ് ഷെയ്ഖിന്റെ സമീപനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം. വിപണിയിലെ ഫലങ്ങള്‍ വ്യക്തിഗത മിടുക്കിനുള്ള പ്രതിഫലമാണെന്നോ, വിതരണം നിഷ്പക്ഷമായ സാങ്കേതിക നിയമങ്ങളെയാണ് പിന്തുടരുന്നതെന്നോ, അസ്ഥിരത ബാഹ്യമായ ഇടപെടലുകള്‍കൊണ്ട് മാത്രമാണ് ഉണ്ടാകുന്നതെന്നോ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന അവകാശവാദങ്ങളെ ചോദ്യംചെയ്യാന്‍ ഇത് വായനക്കാരെ പ്രാപ്തരാക്കുന്നു. ബൗദ്ധികാന്വേഷണത്തിലും രാഷ്ട്രീയപോരാട്ടത്തിലും ഏര്‍പ്പെട്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഈ വിമര്‍ശനാത്മക ശേഷി അത്യന്താപേക്ഷിതമാണ് എന്ന ഓര്‍മ്മക്കുറിപ്പ് കൂടിയാണ് ഷെയ്ഖിന്റെ സൈദ്ധാന്തിക ജിവിതം. മാര്‍ക്‌സിസത്തിനുള്ളില്‍ത്തന്നെ അദ്ദേഹം വിമര്‍ശിക്കപ്പെടിട്ടുണ്ട്, പക്ഷേ ആ വിമര്‍ശനങ്ങളും, അദ്ദേഹത്തിന്റെ ക്രിയാത്മകമായ മറുപടികളും മാര്‍ക്‌സിസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്തു എന്ന കാര്യത്തില്‍ സംശയത്തിന് അടിസ്ഥാനമില്ല.

വിശകലനപരമായ ധൈര്യവും പ്രായോഗിക ഗൗരവവും ആവശ്യപ്പെടുന്ന പ്രയാസമേറിയ ചോദ്യങ്ങളാണ് അദ്ദേഹം നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ, നിരന്തരമായ വൈജ്ഞാനിക പ്രതിബദ്ധതയുടെ രാഷ്ട്രീയ പാരമ്പര്യമാണ് ഷെയ്ഖ് നമുക്ക് മുന്നില്‍ അവശേഷിപ്പിച്ചുപോകുന്നത്. എന്റെ പഴയ കുറിപ്പുകളിലേക്ക് വീണ്ടും നോക്കുമ്പോള്‍, അദ്ദേഹത്തിന്റെ എഴുത്തുകള്‍ എന്റെ സ്വന്തം രാഷ്ട്രീയവിദ്യാഭ്യാസത്തെ എത്രത്തോളം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ പേജുകള്‍ അന്നത്തെ കണ്ടെത്തലിന്റെ ഒരു നിമിഷത്തെ കാത്തുസൂക്ഷിക്കുന്നു; അദ്ദേഹത്തിന്റെ പില്‍ക്കാല രചനകളാവട്ടെ, എന്റെ ആ ആത്മനിര്‍ണ്ണയം പുതുക്കുന്നതിനുള്ള പുതിയ സ്രോതസ്സുകള്‍ നല്‍കുന്നത് തുടരുകയായിരുന്നു.

‘ഗ്ലോബലൈസേഷന്‍ ആന്‍ഡ് ദി മിത്ത്‌സ് ഓഫ് ഫ്രീ ട്രേഡ്: ഹിസ്റ്ററി, തിയറി ആന്‍ഡ് എംപിരിക്കല്‍ എവിഡന്‍സ്’ (Globalization and the Myths of Free Trade: History, Theory and Empirical Evidence – 2007) എന്ന എഡിറ്റ് ചെയ്ത പുസ്തകവും അദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ഒന്നാണ്. വ്യാപാര ഉദാരവല്‍ക്കരണം പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങള്‍ക്കും തീര്‍ച്ചയായും സമൃദ്ധി കൊണ്ടുവരുമെന്ന വാദത്തെ ഇത് ചോദ്യം ചെയ്യുന്നു. നിയോലിബറലിസത്തിനെതിരെയുള്ള സമരത്തില്‍ അദ്ദേഹത്തിന്റെ ഈ സംഭാവന നല്ലൊരു മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ ‘Valor, acumulación y crisis: Ensayos de economía política’ എന്ന പേരില്‍ സ്പാനിഷ് ഭാഷയിലും സമാഹരിക്കപ്പെട്ടിട്ടുണ്ട്. 1991-ല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുകയും 2024-ല്‍ പുനഃപ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത ഈ കൃതി, മൂല്യം, ധനസഞ്ചയം, മുതലാളിത്ത പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളെ കൂടുതല്‍ വായനക്കാരിലേക്ക് എത്തിച്ചു.

അദ്ദേഹത്തിന്റെ പില്‍ക്കാല ഗവേഷണങ്ങളും അടിസ്ഥാനപരമായ ചോദ്യങ്ങളെ സമകാലിക സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ‘പ്രോഫിറ്റബിലിറ്റി, സ്റ്റിമുലസ് പോളിസി, ആന്‍ഡ് ഫിനാന്‍സ്’ (Profitability, Stimulus Policy, and Finance – 2022) സാമ്പത്തിക ഉത്തേജനങ്ങളുടെ ഫലങ്ങളെ ലാഭക്ഷമത എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിശോധിച്ചു. ഒപ്പംതന്നെ, ‘ആന്‍ എംപിരിക്കലി സഫിഷ്യന്റ് ഫോം ഫോര്‍ സ്രാഫ പ്രൈസസ്’ (An Empirically Sufficient Form for Sraffa Prices – 2024) എന്ന കൃതിയില്‍ വിശദമായ പ്രായോഗിക പഠനത്തിലൂടെ അദ്ധ്വാന മൂല്യങ്ങളും ഉല്‍പ്പാദന വിലകളും തമ്മിലുള്ള ബന്ധത്തിലേക്ക്, മാര്‍ക്‌സിസത്തിന്റെ ഒരു കേന്ദ്ര പ്രമേയത്തിലേക്ക് ഷെയ്ഖ് തിരിച്ചുപോകുന്ന സമീപനം ദൃശ്യമാണ്. ക്ലാസിക്കല്‍ പൊളിറ്റിക്കല്‍ ഇക്കോണമിയെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് നിയോക്ലാസിക്കല്‍ മൂലധന സിദ്ധാന്തത്തെ (neoclassical capital theory) ചോദ്യം ചെയ്ത ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു പിയറോ സ്രാഫ (Piero Sraffa). മാര്‍ക്‌സിയന്‍ സാമ്പത്തികശാസ്ത്രത്തിനുള്ളിലെ സംവാദങ്ങളില്‍ കേന്ദ്രസ്ഥാനം നേടിയ വിചിന്തനങ്ങളാണ് നിയോ റിക്കാഡിയനായി (David Riccardo) അറിയപ്പെട്ടിരുന്ന സ്രാഫയുടേത്. ഉള്ളുറപ്പുള്ള മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ ഏറ്റവം ശക്തരായ വക്താക്കളില്‍ ഒരാളെയാണ് ഷെയ്ഖിന്റെ നിര്യാണത്തോടെ നമുക്ക് നഷ്ടമാവുന്നത്.

പിയറോ സ്രാഫ

അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുതലാളിത്തത്തെ ചോദ്യംചെയ്യാന്‍, മാര്‍ക്‌സിസ്റ്റ് അന്വേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍, അദ്ദേഹം നമുക്ക് തന്നിട്ടുപോയ വലിയ ചോദ്യങ്ങളും പരികല്പനകളും സജീവമായി ഇവിടെ വളരെക്കാലം നിലനില്‍ക്കും എന്നതുറപ്പാണ്.

Comments

comments