ആമുഖം
ശാസ്ത്രം, കല, സാഹിത്യം, ദർശനം മുതലായ വൈവിധ്യമായ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു അന്തർവൈജ്ഞാനിക മേഖലാധിഷ്ഠിതമായ സാഹിത്യപഠനങ്ങൾ മലയാളത്തിൽ മാത്രമല്ല അന്യഭാരതീയ ഭാഷകളിലും വിരളമാണ്. ടി.ആറിന്റെയും വിജയകുമാരൻ മേനോന്റെയും ചില കൃതികൾ ഒഴിച്ചാൽ. ഇതിന് അപവാദമാണ് ലീലാവതി ടീച്ചറും, എം.എൻ.വിജയനും നടത്തിയ സാഹിത്യപര്യടനവേളയിൽ ശാസ്ത്രവും, സാഹിത്യവും, ദർശനങ്ങളും തമ്മിലുള്ള ഗാഢബന്ധത്തെ നമുക്ക് പരിചയപ്പെടുത്താൻ രചിച്ച കൃതികൾ. ഈ പഠനങ്ങളിൽ ആഴവും പരപ്പും ഏറിനിൽക്കുന്നത് ടീച്ചറിന്റെ ശാസ്ത്ര മനസ്സിൽ നിന്ന് ഉരുത്തിരിഞ്ഞ സർഗാത്മക പ്രക്രിയകൾ വഴി ലഭ്യമായ കൃതികളാണ്. ഉന്നത വിദ്യാഭ്യാസത്തിന് രസതന്ത്രം പഠിക്കാനിച്ഛിച്ച ടീച്ചർ വഴിതെറ്റിയാണ് സാഹിത്യപഠനത്തിന് എത്തിയത്. ഒരു പ്രഗത്ഭ ശാസ്ത്രജ്ഞയാകുമായിരുന്ന ടീച്ചർ മികച്ച സാഹിത്യപഠിതാവായി പരിണമിക്കുക വഴി ശാസ്ത്രത്തിന്റെ നഷ്ടം മലയാള ഭാഷയുടെ ലാഭമായി മാറുകയായിരുന്നു. എന്നിരുന്നാലും ശാസ്ത്രത്തിന്റെ ദൃഷ്ടിയിലൂടെ പ്രതിഭാസങ്ങളും സംഭവങ്ങളും സാഹിത്യരൂപങ്ങളും നോക്കിക്കാണാനുള്ള കഴിവ് നഷ്ടപ്പെടാതിരുന്നതു മൂലമാണ് മലയാള സാഹിത്യ പഠനരംഗത്ത് ഒരു പുതിയ വഴി വെട്ടിത്തെളിക്കാൻ ടീച്ചറിന് സാധ്യമായത്.
ശാസ്ത്രാവബോധവും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം വഴി കാര്യങ്ങൾ മനസ്സിലാക്കാനും ശാസ്ത്രം ഔപചാരികമായി പഠിച്ചവർക്കുമാത്രമേ കഴിയൂ എന്നത് ഒരു മിഥ്യാധാരണയാണ്. ഉദാഹരണത്തിന് ഇന്ന് മിക്കവാറും എല്ലാ പഠനഗവേഷണ മേഖലകളിലും ഉപയോഗിക്കുന്ന പ്രയുക്ത സംഖ്യാശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഒരു ഗണിതശാസ്ത്രജ്ഞനല്ല. ക്രിമിയൻ യുദ്ധത്തിൽ ബ്രിട്ടീഷ് തടവുകാരെ ശുശ്രൂഷിച്ച ഫ്‌ളോറൻസ് നൈറ്റിംഗേലാണ്. യുദ്ധത്തിൽ പരുക്കേറ്റ ബ്രിട്ടീഷ് പടയാളികൾ യൂറോപ്യൻ പടയാളികളേക്കാൾ വളരെ കൂടുതൽ സംഖ്യയിൽ ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നു എന്ന് കണ്ടെത്തിയ പ്രശ്‌നം നൈറ്റിംഗേൽ ഗണിതീയ രൂപത്തിൽ വിശകലനം ചെയ്ത് ആവശ്യമായ ഗണിതക്രിയകൾ സ്വയം ആവിഷ്‌ക്കരിച്ച് കാരണവും പരിഹാരവും കണ്ടെത്തി. പ്രയുക്ത സംഖ്യാശാസ്ത്രത്തിൽ ഇന്നും നൈറ്റിംഗേൽ രൂപകൽപ്പന ചെയ്ത രീതിശാസ്ത്രം പിൻതുടരുന്നുണ്ട് (ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജീവചരിത്രം ടീച്ചർ രചിച്ചു എന്നത് ആകസ്മികമാകാം). ഏത് വൈജ്ഞാനിക ശാഖയായാലും സർഗാത്മകമനസ്സിന് മനനം ചെയ്യാൻ സാധിക്കും എന്നതിന് മികവുറ്റ ഉദാഹരണമാണ് ടീച്ചറിന്റെ സഹിത്യവിമർശനങ്ങൾ. വിമർശന സാഹിത്യം ഒരു മൗലികമായ സർഗ പ്രക്രിയയാണ് എന്ന് തെളിയിക്കുന്ന ‘കവിതയും ശാസ്ത്രവും‘, ‘വർണരാജി‘, ‘കവിതാരതി‘, ‘ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ‘ മുതലായ കൃതികൾ മൂലഗ്രന്ഥങ്ങളെ അസംസ്‌കൃത വസ്തുക്കളായി കണക്കാക്കി അവയിൽ നിന്ന് ഉരുത്തിരിയിച്ചെടുത്ത മൗലിക കൃതികളാണ്.
ശാസ്ത്രജ്ഞരുടെയും സാഹിത്യകാരന്മാരുടെയും രണ്ട് വ്യത്യസ്ത സമഷ്ടിവ്യൂഹങ്ങളുടെ സ്വഭാവഗതികങ്ങൾ സി.പി.സ്‌നോ വിവരിക്കുന്നത് രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങൾ പരികല്പന ചെയ്തുകൊണ്ടാണ്. ഒരു ഗോളത്തിന്റെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിലകൊള്ളുന്ന ശാസ്ത്രജ്ഞരും, മാനവിക വിഷയങ്ങൾ കൈയാളുന്ന പണ്ഡിതരും തമ്മിലുള്ള സാംസ്‌കാരിക വിടവ് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. കേംബ്രിഡ്ജിൽ ഭൗതികശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം കുറച്ചുനാൾ പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ ബ്രാഗിന്റെ കൂടെ ഗവേഷണം ചെയ്തിരുന്നു. ആ കാലത്ത് ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരുമായി സുഹൃദ്ബന്ധം സ്ഥാപിച്ച സ്‌നോ നടത്തിയ നിരീക്ഷണങ്ങൾ വഴിയാണ് ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും പരസ്പരം മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത്. ഈ രണ്ടു വിഭാഗങ്ങൾക്കും അവരുടേതായ മാതൃകാപുരുഷന്മാരായി ടി.എസ്.എലിയട്ടും, റൂഥർഫോർഡും രണ്ട് ചേരിയിലായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. സമൂഹവുമായി കൂടുതൽ ഇടപഴകാതിരുന്നതിനാൽ ശാസ്ത്രജ്ഞരെ ‘ബുദ്ധിജീവികളുടെ‘ കൂട്ടത്തിൽ സാധാരണയായി ഉൾപ്പെടുത്തിയിരുന്നില്ല. ശ്രീനിവാസ രാമാനുജൻ എന്ന ഗണിതശാസ്ത്ര പ്രതിഭയെ കണ്ടെത്തിയ ജി.എച്ച്.ഹാർഡി ഒരിക്കൽ സി.പി. സ്‌നോയോട് പറയുകയുണ്ടായി. “നിങ്ങൾക്കറിയാമോ ‘ബുദ്ധിജീവി‘ എന്ന വാക്ക് ഈയിടെയായി ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന്? റൂഥർഫോർഡും, എഡിംഗ്ടണും, ഡിറാക്കും ഞാനും മറ്റും അടങ്ങുന്നവരെ ഉൾപ്പെടുത്താത്ത വിധത്തിൽ ആ വാക്കിന് പുതിയ നിർവചനം നിർമ്മിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം തികച്ചും ആശ്ചര്യകരമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലെ?”
സി.പി.സ്‌നോയുടെ രണ്ടു സംസ്‌കാരങ്ങൾ എന്ന പരാമർശം എത്രത്തോളം യാഥാർത്ഥ്യമാണെന്ന് നാല് ദശകങ്ങൾക്ക് ശേഷം പെട്രോസ്‌ക്കി അമേരിക്കൻ സയന്റിസ്റ്റ് എന്ന മാസികയിലെ ‘സാങ്കേതികശാസ്ത്രവും മാനവിക വിഷയങ്ങളും‘ എന്ന ലേഖനം വഴി വിവരിക്കുന്നുണ്ട്. സി.പി.സ്‌നോ വിവക്ഷിച്ച സാംസ്‌കാരിക വിടവ് നികത്തുന്നതിന് ഒരു ഭൗതിക നിയമവും എതിരല്ല എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്. സാമൂഹ്യപുരോഗതിക്ക് ഇത്തരം വിടവ് തടസ്സമാകും എന്ന് ശാസ്ത്രവും നഗരവും എന്ന പേരിൽ ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസ് സംഘടിപ്പിച്ച ‘രണ്ടു സംസ്‌കാരത്തിന്റെ അമ്പതുവർഷങ്ങൾ‘ എന്ന അന്താരാഷ്ട്ര സെമിനാറിൽ അഭിപ്രായമുയർന്നു. ശാസ്ത്രജ്ഞർ ശാസ്ത്രവിഷയങ്ങൾ സാമാന്യജനങ്ങൾക്കായി ലളിതമായ ഭാഷയിൽ എഴുതണമെന്നും ഈ സമ്മേളനത്തിൽ ആവശ്യമുയർന്നു. സി.പി. സ്‌നോ വിവക്ഷിച്ച സാംസ്‌കാരിക വിടവിന് കുറുകെ ഒരു പാലമിടാൻ വിദേശ രാജ്യത്ത് നിരവധി പണ്ഡിതർ തുനിഞ്ഞെങ്കിലും ഭാരതീയ ഭാഷകളില്‍ അതിന് ലീലാവതിടീച്ചറിനെപ്പോലെയുള്ള വളരെ ചുരുക്കം എഴുത്തുകാർക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരു മുക്തകം എന്ന ലേഖനത്തിലൂടെ തന്നെ (നവരാഗം, നവം 5, 1973) ഉൽപ്പത്തി, വികാസം, സങ്കോചം എന്നീ പ്രക്രിയകളിലൂടെ കടന്നുപോകുന്നു പ്രപഞ്ചപ്രതിഭാസം.
ശാസ്ത്രവും അതിന്റെ അനുബന്ധ ശാഖകളും കൂട്ടിയിണക്കി ലീലാവതിടീച്ചർ മൂലകൃതികളിൽ നിന്ന് ഉരുത്തിയിരിക്കുന്നത് അവയിൽ അന്തർധാരയായി അദൃശമായി വർത്തിക്കുന്ന നിരവധി ആസ്വാദനതലങ്ങളാണ്. ഉദാഹരണത്തിന് ജിയുടെ കവിതകളിൽ
Be the first to write a comment.