ശാസ്ത്രാധിഷ്ഠിത രൂപങ്ങൾ സൃഷ്ടിക്കുന്ന അസാധാരണങ്ങളായ അർത്ഥതലങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ സാധിച്ചത് ലീലാവതി ടീച്ചറിന്റെ പഠനങ്ങൾ വഴിയാണ്. ധവളപ്രകാശം ഒരു ത്രികോണിയ ഗ്ലാസ്സ് സ്ഫടികത്തിലൂടെ കടന്ന് പുറത്തുവരുമ്പോൾ കണ്ണഞ്ചിക്കുന്ന വർണ്ണരാജിയായി മാറുന്നത് ഐസക് ന്യൂട്ടൻ തെളിയിച്ചത് ഇന്ന് ശാസ്ത്ര പഠനത്തിന്റെ ആദ്യപാഠമാണല്ലോ. ഇപ്രകാരമാണ് ടീച്ചറിന്റെ ശാസ്ത്ര മനസ്സിൽ കൂടി  സഞ്ചരിക്കുന്ന സാഹിത്യകൃതികളിൽ അടങ്ങിയിരിക്കുന്ന വിവിധ അർത്ഥതലങ്ങളുടെ വർണരാജികൾ സൃഷ്ടിക്കപ്പെടുന്നത്. ചിലപ്പോൾ ഗ്രന്ഥകർത്താക്കൾ വിമർശകരുടെ പഠനങ്ങളെക്കുറിച്ച് പറയാറുണ്ട്; “അങ്ങനെയുള്ള അർത്ഥം ഞാൻ സ്വപ്നത്തിൽപോലും ചിന്തിക്കാത്തതാണ്” എന്ന്. ഗ്രന്ഥകർത്താക്കൾ പോലും അറിയാതെ അവരുടെ വിവിധ ബോധതലങ്ങളിൽ നിന്ന് കടലാസിൽ പരക്കുന്ന ആശയങ്ങളും ചിത്രങ്ങളും തിരിച്ചറിയാൻ വേറൊരു സർഗാത്മക മനസ്സിന് കഴിയും എന്നതിന്റെ തെളിവുകൂടിയാണ് ടീച്ചറിന്റെ സാഹിത്യപഠനങ്ങൾ. ധവളപ്രകാശം, ത്രികോണീയസ്ഫടികത്തിൽക്കൂടിയല്ലാതെ ഒരു ചതുരക്കട്ട രൂപത്തിലുള്ള സ്ഫടികത്തിൽക്കൂടി കടന്ന് പുറത്തു വന്നാൽ വർണരാജി സൃഷ്ടിക്കപ്പെടുകയില്ല. സ്ഫടികത്തിന്റെ ജ്യോമതീയരൂപം ഈ പ്രതിഭാസം ഉളവാക്കാൻ പ്രധാനമായ ഘടകമാണ്. ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽഎന്ന കൃതിയിൽ അടങ്ങിയിരിക്കുന്ന ആശയങ്ങളും, അവയുടെ ആവിഷ്‌കാരവും പോലെ വേറിട്ടൊന്ന് ഭാരതീയ ഭാഷാകൃതികളിൽ ലഭ്യമല്ല. ഈ ഒരു ഗ്രന്ഥം മാത്രം മതി ശാസ്ത്രവും സാഹിത്യവും തമ്മിൽ കൂട്ടിയിണക്കി വേറിട്ടൊരു മൗലിക കൃതി സൃഷ്ടിക്കാനുള്ള ടീച്ചറിന്റെ കഴിവ് തെളിയിക്കാൻ.

               യഥാർത്ഥത്തിൽ സാഹിത്യവും, കലയും, ശാസ്ത്രവും മറ്റ് വൈജ്ഞാനിക മേഖലകളും കൈയാളുന്നവർ തേടുന്ന പ്രപഞ്ചത്തിന്റെ ആത്യന്തിക സത്യം അഥവാ ഉണ്മയാണ്. ഓരോ ശാഖയ്ക്കും അതിന്റേതായ അന്വേഷണ വഴികൾ ഉണ്ടെങ്കിലും സത്യത്തോട് അടുക്കുംതോറും അവ തമ്മിലുള്ള അന്തരം കുറഞ്ഞ് അവസാനം ഉണ്മയുടെ കേന്ദ്രത്തിൽ എത്തുന്നു എന്ന് പറയാം. ആധുനികശാസ്ത്രത്തിന്റെ ഉറവിടമായി കണക്കാക്കുന്ന (ഉദാ: ടാഗോർ.ജെ.സി. ബോസിന് അയച്ച കത്ത്) പാശ്ചാത്യദേശങ്ങളിൽ വിജ്ഞാനം പ്രധാനമായും മൂന്ന് വ്യത്യസ്ത ശാഖകളായി പിരിഞ്ഞിരുന്നു – ദർശനം, ശാസ്ത്രം, സാഹിത്യാദി കലകൾ എന്നിങ്ങനെ.  പിൽക്കാലത്ത് ശാസ്ത്രവും ദർശനവും സംയോജിച്ച് അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ശാസ്ത്രത്തിന്റെയും ദർശനങ്ങളുടെയും പുരോഗതിക്ക് കാരണമായി. സാഹിത്യാദി കലകൾ ഇപ്പോഴും വേറിട്ട് നിലകൊള്ളുകയാണ്. എന്നാൽ ശാസ്ത്രവും സാഹിത്യവും കലയും തമ്മിലുള്ള അഭേദ്യബന്ധം സൂചിപ്പിക്കുന്ന ചില തെളിവുകൾ അടുത്ത കാലത്തായി ലഭ്യമായിട്ടുണ്ട്.  സാഹിത്യം, കല, ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങി വ്യത്യസ്ത മേഖലകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ലീലാവതി ടീച്ചറിന്റെ സാഹിത്യ പഠനങ്ങളുടെ പശ്ചാത്തലത്തിൽ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ശാസ്ത്രവും മാനവികസ വിഷയങ്ങളും

          ചിത്രകലയിലെ ഇംപ്രഷനിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രശസ്ത ചിത്രകാരനായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നെതർലണ്ടിൽ ജീവിച്ചിരുന്ന വിൻസന്റ് വാൻഗോഗ്. അദ്ദേഹം തന്റെ ഇഷ്ടവിഷയമായിരുന്ന നക്ഷത്രങ്ങളെ അധികരിച്ച് നിരവധി ചിത്രങ്ങൾ രചിച്ചിട്ടുണ്ട്. നക്ഷത്രങ്ങളുള്ള രാത്രിഎന്ന വാൻഗോഗ് ചിത്രത്തിലുള്ള ഒരു നക്ഷത്രകൂട്ടത്തിന് അത്ഭുത സാദൃശ്യമുള്ള ഒരു നക്ഷത്രവ്യൂഹം 2003ൽ ഹബിൾ എന്ന ശൂന്യാകാശ ടെലസ്‌കോപ്പ് കണ്ടെത്തി. വാൻഗോഗ് നക്ഷത്രം എന്നാണ് ഈ നക്ഷത്രവ്യൂഹത്തിന് നാസ നാമകരണം ചെയ്തിരുന്നത്. ജീവിതത്തിന്റെ അവസാന നാളുകളിൽ വാൻഗോഗ് രചിച്ച മൂന്ന് ചിത്രങ്ങളാണ് നക്ഷത്രങ്ങളുള്ള രാത്രി‘, ‘സൈപ്രസ്‘, ‘ഗോതമ്പുവയലും പറക്കുന്ന കാക്കകളുംഎന്നിവ. ഇവയിൽ ആദ്യത്തെ രണ്ട് ചിത്രങ്ങളിലെ  വർണക്കൂട്ടും,  രേഖകളുടെ അവ്യവസ്ഥാപരമായ രൂപങ്ങളും ശാസ്ത്രരംഗത്ത് ചർച്ചാവിഷയങ്ങളാണ്. ചുഴലിദീനക്കാരനായിരുന്ന വാൻഗോഗ്  ആ ചിത്രങ്ങൾ വരച്ചത് അസുഖത്തിന്റെ മൂർദ്ധന്യദശയിലായിരുന്നു. ചിത്രകാരന്റെ മനസ്സിൽ ഓളം വെട്ടിയ പ്രക്ഷുബ്ധതയുടെ പകർപ്പായിരുന്നു ആ ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെ വർണവിന്യാസവും, രേഖകളും ശാസ്ത്രീയ പഠനങ്ങൾക്ക്  വിധേയമാക്കിയപ്പോൾ, പ്രക്ഷുബ്ധമായി ഒഴുകുന്ന നദിയുടെ പ്രക്ഷോഭസ്വഭാവം വിവരിക്കുന്ന ഗണിതീയ സൂത്രങ്ങൾക്ക് അനുസൃതമായാണ് എന്ന് കണ്ടെത്തുകയുണ്ടായി.  മനുഷ്യമനസ്സിന്റെ പ്രക്ഷുബ്ധതയും അതിന്റെ ശാസ്ത്രീയ സ്വഭാവവും ക്യാൻവാസിൽ പകർത്തുകയായിരുന്നു വാൻഗോഗ്. മൂന്നാമത്തെ ചിത്രത്തിൽ പൊടുന്നനെ അവസാനിക്കുന്ന ഒരു വഴിയിലൂടെ സാന്നിദ്ധ്യം നമ്മുടെ മനസ്സിൽ ഒരു അസ്വസ്ഥത സൃഷ്ടിക്കുന്നു. ചിത്രത്തിലുള്ള ആകാശത്ത് പറന്നകലുന്ന കറുത്ത പക്ഷികളുടെ സാന്നിദ്ധ്യം അസ്വസ്ഥതകൾക്ക് ആക്കം കൂട്ടുന്നു. ഈ ചിത്രം പൂർത്തിയാക്കിയ പിറ്റേദിവസം വാൻഗോഗ് സ്വന്തം ജീവിതം അവസാനിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്. അവ്യവസ്ഥാശാസ്ത്രത്തിന്റെ അഥവാ കയോസിന്റെ സാന്നിധ്യം അമേരിക്കൻ ചിത്രകാരനായ ജാക്‌സൺ പൊളോക്കിന്റെ ബ്രുഹത് ചിത്രങ്ങളിൽ ദർശിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങൾ ശാസ്ത്ര മാസികകളുടെ മുഖചിത്രങ്ങളായി ഉപയോഗിച്ചിട്ടുമുണ്ട്.

            പ്രകൃതിയും മനുഷ്യമനസ്സും ഒരേ തരംഗദൈർഘ്യത്തിലായാൽ പ്രകൃതിരഹസ്യം വേറിട്ടൊരു മാധ്യമസഹായമില്ലാതെ തന്നെ മനുഷ്യമനസ്സിലേക്ക് പ്രവഹിക്കുന്നു എന്ന് ഭാരതീയർ ചരിത്രാതീത കാലം മുതൽ അറിഞ്ഞിരുന്നു. ഈ കാഴ്ചപ്പാടിൽ അധിഷ്ഠിതമാണ് ഭാരത്തിന്റെ മനശ്ശാസ്ത്ര ദർശനം. ശങ്കരാചാര്യരുടെ ദക്ഷിണാമൂർത്തി സ്‌തോത്രത്തിൽ പരസ്പരം സംസാരിക്കാതെ തന്നെ അറിവ് പകരപ്പെടുന്ന ഗുരുശിഷ്യന്മാരുടെ ചിത്രമുണ്ട്. പതഞ്ജലിയുടെ യോഗസൂത്രത്തിൽ വിവക്ഷിച്ചിട്ടുള്ള ധ്യാനം ഇപ്രകാരം മനസ്സും പ്രകൃതിയും തമ്മിലുള്ള സംസക്തിക പ്രതിപ്രവർത്തനം വഴി ട്യൂൺ ചെയ്യപ്പെടലാണ്

          സാധാരണയായി ശാസ്ത്രം എന്ന പേരിൽ വിവക്ഷിക്കുന്നത് പടിഞ്ഞാറുനിന്ന് ഉത്ഭവിക്കുന്ന ജ്ഞാനമാണ്. അതിനാലാണ് മനശ്ശാസ്ത്രം എന്ന ശാഖ വിവരിക്കുന്നത് ഫ്രോയ്ഡിന്റെയും യുങ്ങിന്റെയും പഠനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ ഗവേഷണ ഫലങ്ങളാകുന്നത്. ഈ രണ്ട് കാഴ്ചപ്പാടുകളിൽ യുങ്ങിന്റേത് ഭാരതീയ ദർശനങ്ങളുമായി ഇണങ്ങിപ്പോരുന്നതാണ്. ലീലാവതി ടീച്ചറിന്റെ ശാസ്ത്രാധിഷ്ഠിത സാഹിത്യ പഠനങ്ങൾ ഏറെയും അവലംബിച്ചിരിക്കുന്നത് യുങ്ങിന്റെ മനശ്ശാസ്ത്രമാണ്.

Comments

comments