എഡിറ്റോറിയൽ – ടി ടി ശ്രീകുമാര്‍
പ്രൊഫ. എം. ലീലാവതി ഒരത്ഭുതമാണ്. ഒരു നിരൂപക എന്ന നിലയില്‍ ആശയങ്ങളുടെ ഒരു വിശാലമായ ലോകം സൃഷ്ടിക്കുകയും അതിലെ സംഘര്‍ഷങ്ങളെ ഭയപ്പെടാതിരിക്കുകയും ചെയ്തുഎന്നതാണ് ഈ എഴുത്തുകാരിയെ ശ്രദ്ധേയയാക്കുന്നത്. 1940-കളില്‍എം. ലീലാവതി എന്ന യുവനിരൂപക, കുട്ടികൃഷ്ണമാരാരുടെ ശങ്കരക്കുറുപ്പുവിമര്‍ശനത്തെ ഖണ്ഡിച്ചെഴുതിയപ്പോള്‍ അത് ഒരു സ്ത്രീയാണു എഴുതിയതെന്നു വിശ്വസിക്കാൻ മാരാർ വിസമ്മതിച്ചു (1) . ഒന്നുകില്‍ കവിതന്നെ സ്ത്രീനാമത്തില്‍ എഴുതിയതോ അല്ലെങ്കില്‍ മറ്റു പുരുഷന്മാര്‍ ആരെയെങ്കിലും കൊണ്ട് എഴുതിച്ചതോ ആണെന്ന് മാരാര്‍ വിചാരിച്ചുവത്രേ. ഒരു സ്ത്രീ തന്നെ ഒരിക്കലും എതിര്‍ക്കാനിടയില്ലെന്ന പുരുഷവ്യാമോഹം ആയിരുന്നു മാരാരെ അസ്വസ്ഥനാക്കിയത്.
ഏതാണ്ട് അര നൂറ്റാണ്ട് കാലമായി നിരൂപണത്തില്‍ ഇവിടെ മുഴങ്ങുന്ന ഉറച്ച സ്ത്രീശബ്ദം ലീലാവതിയുടെതാണ്. അനര്‍ഗ്ഗളമായ പ്രഭാഷണശൈലി ആണു ലീലാവതിയുടേത്. ആ പ്രസംഗങ്ങള്‍ കേട്ടിരിക്കാന്‍ പോന്നവയാണ്. കവിതകളും ചൊല്ലുകളും സൂത്രവാക്യങ്ങളും സര്‍വോപരി ‘യുങ്ങും’ ചേര്‍ന്ന്‍ ആ പ്രഭാഷണങ്ങളെ സാരഗംഭീരമാക്കുന്നു. സി.ആര്‍.പരമേശ്വരന്‍റെ ‘പ്രകൃതിനിയമം’ പ്രസിദ്ധീകരിച്ചപ്പോള്‍ മുന്‍നിര നിരൂപകന്മാര്‍ ഒരുനിമിഷം അതിന്‍റെ രാഷ്ട്രീയമോര്‍ത്ത് പരുങ്ങി നിന്നപ്പോള്‍, ദീര്‍ഘമായ പഠനത്തിലൂടെ അതിന്‍റെ ആത്മവിലേക്കിറങ്ങാൻ തയ്യാറായത് ലീലാവതിയായിരുന്നു.
മണിപ്രവാളസാഹിത്യത്തെ ലീലാവതി നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശനത്തിലെ വാക്കുകളിലെ ഒരു വരി പോലും ഞാന്‍ യോജിക്കുന്നതല്ല. പക്ഷെ ആ വിചാരലോകവുമായി എതിരിടാതെ എനിക്ക് മണിപ്രവാളവായന ഇല്ല. ഇക്കാര്യത്തില്‍ ഏറെ എഴുതിയിട്ടുള്ള ഡോ. ചമ്പക്കുളം അപ്പുക്കുട്ടന്‍പിള്ളയെയും ഡോ. പി. വി. വേലായുധന്‍പിള്ളയെയും ഒക്കെക്കാള്‍ ഞാന്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നത് ലീലാവതിയുടെ വാക്കുകളുമായാണ്. കാരണം എനിക്ക് യോജിക്കാവുന്നതല്ലെങ്കിലും അതൊരു നിലപാടാണ്. മണിപ്രവാളത്തെ ‘ഗണികാസാഹിത്യം’എന്ന് വിളിച്ച് ലീലാവതി ആക്ഷേപിച്ചു. അതിന്‍റെ കൂടിപേരിൽ ‘മൂല്യസങ്കല്പങ്ങള്‍’ എന്നൊരു കൃതി തന്നെ എഴുതി. പക്ഷെ ഇപ്പോള്‍ പ്രധാനം നിലപാട് ശരിയോ തെറ്റോ എന്നത് മാത്രമല്ല. ഒരു ലോക വീക്ഷണത്തോടെ നിരൂപണരംഗത്ത് നില്‍ക്കുന്നവർ വിരളമാണ്. അശിക്ഷിതമായ ഒരു യാഥാസ്ഥിതിക മാർക്സിസം പലർക്കും സുരക്ഷിതമായ ഒരു നിലപാട് തറയാണ് കേരളത്തില്‍. അതിനപ്പുറത്ത് ദാര്‍ശനികവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ കൈക്കൊള്ളുക, അവയില്‍ ഉറച്ചുനില്‍ക്കുക, അവ വികസിപ്പിക്കുക അങ്ങനെ ആശയപരമായി നിരന്തരം സമരം ചെയ്യുക എന്നത് നിസ്സാരമല്ല. ഈ രാഷ്ട്രീയബോധമാണ് ലീലാവതിയുടെ രചനകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. മന:ശാസ്ത്രസമീപനത്തില്‍ നിരൂപണം ചെയ്യുമ്പോഴും ഒരു രാഷ്ട്രീയമായ തെരഞ്ഞെടുപ്പിന്‍റെ ജാഗ്രത ലീലാവതി കാത്തു സൂക്ഷിക്കുന്നുണ്ട്. രീതിശാസ്ത്രപരമായി എക്ക്ലക്ട്ടിക് (eclectic) ആയിരിക്കുമ്പോഴും രാഷ്ട്രീയമായ ഒരു ദിശാബോധം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ് എന്ന് ലീലാവതിയുടെ രചനകള്‍ ഓർമ്മിപ്പിക്കുന്നുണ്ട്.
‘നഭസ്സില്‍ നിന്ന് നീഡത്തിലേക്ക് പോയി മലയാളസാഹിത്യം’ എന്ന് അപഗ്രഥിക്കാനും അത് സമർത്ഥിക്കാനും ലീലാവതി തയ്യാറായി. ഇത് വെറും വിമര്‍ശനമായിരുന്നില്ല. എന്താണ് നീഡം , എന്താണ് നഭസ്സു എന്ന് തിരിച്ചറിഞ്ഞു രണ്ടിനെയും വിശകലനം ചെയ്യാന്‍ കെല്‍പ്പുള്ള ഒരു നിരൂപകയുടെ കണ്ടെത്തലായിരുന്നു. നഭസ്സു മാത്രമല്ല നീഡവും ജീവിതസത്യമാണ് എന്ന് തിരിച്ചറിയാനും അങ്ങനെ എഴുതാനും ആർജ്ജവമുള്ള എഴുത്തുകാരി ആയിരുന്നു ലീലാവതി. നഭസ്സിനെയും നീഡത്തെയും അവയുടെ വൈരുധ്യങ്ങളില്‍ വിശേഷിപ്പിക്കാന്‍ ലീലാവതിക്ക്കഴിഞ്ഞു. നീഡത്തിലേക്കൊതുങ്ങന്നത് നഭസ്സിന്‍റെ നിത്യമായ വികസ്വരതയോടുള്ള കലഹമായി ആ നിരൂപക മനസ്സിലാക്കുന്നു. ഇരുവശങ്ങളും അറിയുകയും എന്നാല്‍ നിലപാടുകളെ വളച്ചൊടിച്ചു ഏതെങ്കിലും പ്രോക്രൂസ്ട്ടസ് കട്ടിലുകളില്‍ സ്വയം കിടക്കാന്‍ തയ്യാറാവതിരിക്കുകയും ചെയ്തു ലീലാവതി എന്നത് ചെറിയ കാര്യമല്ല.
“ശക്തിരാഷ്ട്രീയത്തിന്‍റെ നിലവറകളില്‍ സൂക്ഷിക്കുന്നത് ഉപ്പുമാങ്ങഭരണികള്‍” അല്ലെന്നും, “രാക്ഷസക്കൂണുകളെ വിരിയിക്കാന്‍ തയ്യാറാക്കിയ മെഗാടണ്ണുകള്‍” ആണെന്നും കുറിച്ചിടാന്‍ പോന്ന വിചാരദാര്‍ഢ്യവും ചങ്കുറപ്പും ലീലാവതിക്കുണ്ട്. അതുകൊണ്ട് തന്നെ എഴുത്തുകാരുടെ സ്വാതന്ത്ര്യം എന്ന പ്രശ്നം അതിന്‍റെ എല്ലാവശങ്ങളിലും ചർച്ച ചെയ്യാന്‍ ലീലാവതി തയ്യാറായി. സാഹിത്യകാരന്‍ ജീവിതമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നൊക്കെയുള്ളത് “ശരാശരി ശുദ്ധാത്മാവിന്‍റെ വാചകമടി” മാത്രമാണെന്ന് യാഥാസ്ഥിതികരെ നോക്കി ലീലാവതി വിളിച്ചുപറഞ്ഞിട്ടുണ്ട്. ലിബറല്‍ ഹ്യുമനിസ്റ്റുകളും, മാർക്സിസ്റ്റ്-ലെനിനിസ്റ്റുകളും ഇതൊന്നുമല്ലാതെ ഭരണകൂടത്തിന്‍റെ ‘ഇഷ്ടു’കള്‍ മാത്രമായി അവരുടെ ആശയവിഴുപ്പു അലക്കിക്കൊടുക്കുന്ന ബുദ്ധിജീവികളും ചിലപ്പോള്‍ ഒരേ മൂല്യവിചാരത്തിന്‍റെ വക്താക്കളാവുന്നു എന്ന് ലീലാവതി ധീരമായി വിളിച്ചുപറഞ്ഞു. വിദ്ധ്വംസകമായി ചിന്തിക്കുക, എഴുതുക എന്ന് വച്ചാൽ യാന്ത്രികമാതൃകകളെ അസമീക്ഷ്യമായി പിന്തുടരുക എന്നതല്ല എന്ന വിവേചനയുക്തി ലീലാവതിയുടെ എഴുത്തിന്‍റെ അടിസ്ഥാനമാവുന്നുണ്ട് എന്ന്ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നവയാണ് ഇത്തരം രാഷ്ട്രീയപ്രഖ്യാപനങ്ങള്‍ എന്ന് തോന്നിയിട്ടുണ്ട്.
സ്വന്തം വിചാരലോകത്തെ നവീകരിക്കുക എന്നത് പാശ്ചാത്യമാർക്സിസത്തിലെ പുതിയ പ്രവണതകള്‍ ഉരുവിട്ടു പഠിക്കുന്ന അനുഷ്ഠാനമായി മാത്രം കാണുന്ന ഒരു സമീപനമായിരുന്നില്ല ലീലാവതിയുടെത്. അതുകൊണ്ട് തന്നെ സജീവമായി മലയാളസാഹിത്യവുമായി ലീലാവതി സൈദ്ധാന്തിക സംവാദങ്ങളില്‍ ഏർപ്പെട്ടു. എഴുത്തിന്‍റെ നിര്‍ബന്ധങ്ങൾ നിലവാരമുള്ള ഗവേഷണപ്രബന്ധങ്ങളുടെ അച്ചടക്കത്തില്‍ തന്നെ സ്വീകരിക്കുമ്പോഴും അവയെ സ്വന്തം നിലപാടുകളുടെ വിശദീകരണത്തിനുള്ള ഉപാധി കൂടിയാക്കാൻ ശ്രമിക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
നിരൂപകര്‍ എടുക്കുന്ന നിലപാടുകള്‍ ആത്യന്തികമായി ശരിയോ തെറ്റോ എന്നതല്ല, അത് സാഹിത്യസംവാദങ്ങളെ എത്രത്തോളം സജീവവും അര്‍ത്ഥപൂര്‍ണ്ണവുമാക്കുന്നു എന്നതാണ് അവയുടെ സ്വാധീനത്തിന്‍റെ മാനദണ്ഡം എന്ന് തോന്നിയിട്ടുണ്ട്. മാത്രമല്ല, അത് പലപ്പോഴും ആഴമുള്ള ചിന്തകള്‍ക്കും അനുകരണീയമായ രചനാമാതൃകകളുടെ സംസ്ഥാപനത്തിനും കാരണമാകാറുണ്ട്. അത്തരത്തിലുള്ളതാണ് മനഃശാസ്ത്രജ്ഞനായിരുന്ന കാള്‍ ഗുസ്താവ് യുങ് അവതരിപ്പിച്ച ആദിപ്രരൂപം എന്ന സങ്കല്‍പ്പനത്തെ ഉപജീവിച്ചുള്ള ലീലാവതിയുടെ “ആദിപ്രരൂപങ്ങള്‍ മലയാളത്തില്‍” എന്ന വിഖ്യാതമായ പഠനം (2).
ഫ്രോയിഡിനു ശേഷം ഉണ്ടായ മന:ശാസ്ത്രപഠനങ്ങളിൽ നവമാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യം പൂര്‍ണ്ണമായി സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് യുങ്ങ് മുന്നോട്ടു വച്ച നിലപാടുകള്‍ എന്ന് നമുക്കറിയാം. വ്യക്തിമനസ്സുകളില്‍ സ്വപ്നമായി തെളിയുന്ന മനുഷ്യസ്വഭാവ സംബന്ധിയായ സാര്‍വലൌകിക പ്രതിരൂപങ്ങള്‍ സമൂഹമനസ്സ് എന്ന അമൂര്‍ത്തപ്രതിഭാസത്തിൽ നിന്ന് രൂപം കൊള്ളുന്നവയാണ് എന്ന് യുങ്ങ് നിഷ്കര്‍ഷിച്ചതിനെക്കുറിച്ച് ഏറെ ചര്‍ച്ചകൾ നടന്നിട്ടുണ്ട്. ഇതിനെ മുൻനിര്‍ത്തി ലീലാവതി നടത്തിയ പഠനം ധീരമായ ഒരു കാല്‍വയ്പ്പായിട്ടാണ് എനിക്ക് തോന്നുന്നത്. അത് അതിലെ വിശകലനപരമായ സമീപനത്തോടുള്ള സമ്പൂര്‍ണ്ണമായ എന്തെങ്കിലും യോജിപ്പു കൊണ്ടല്ല. മറിച്ചു ഫ്രോയ്ഡിയന്‍ സമീപനത്തെ ഒരു ജനപ്രിയ നിരൂപണരീതിയായി എം.എന്‍.വിജയനും മറ്റും വികസിപ്പിക്കുന്ന കാലത്ത് കടുത്ത ഫ്രോയ്ഡിയൻ വിമര്‍ശകനായ യുങ്ങിനെ മലയാളത്തില്‍ ശക്തമായി അവതരിപ്പിക്കാനുള്ള ലീലാവതിയുടെ ചുവടുവയ്പ്പില്‍ അടങ്ങിയിരുന്ന സൈദ്ധാന്തിക സംവാദോന്മുഖതയോടുള്ള വലിയ ആദരവു കൊണ്ടാണ്. ആശയലോകത്തെ ചലനാത്മകമാക്കാനുള്ള ഉത്തരവാദിത്തമാണ് നിരൂപണത്തിനുള്ളത്എന്ന് എഴുത്തുകാര്‍ തിരിച്ചറിയുമ്പോഴാണ് ഇത്തരം സുപ്രധാനരചനകള്‍ ഉണ്ടാവുന്നത്.
ലീലാവതിയുടെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായി എനിക്ക് തോന്നിയിട്ടുള്ളത് ബാലാമണിയമ്മയെ കുറിച്ചുള്ള ബൃഹത്തായ പഠനമാണ് –ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍ (3). കവിതയില്‍ നിന്ന്, സാഹിത്യത്തില്‍ നിന്ന് നിത്യജീവിതാവസ്ഥകള്‍ തങ്ങളെ അകറ്റുമോ എന്ന് ഓരോ എഴുത്തുകാരിയും ആശങ്കപ്പെടുന്നുണ്ടാവാം. പുരുഷലോകത്തിന്‍റെ സങ്കീര്‍ണ്ണമായ മുതലാളിത്ത/പിതൃ ആധിപത്യയുക്തികള്‍ കീഴടക്കുമ്പോഴും അതിനെതിരെ ഉള്ള പ്രതിരോധം കൂടിയാണ് എഴുത്ത് എന്നത് ലീലാവതി മനസ്സിലാക്കുന്നു എന്നതു കൊണ്ട് തന്നെ ആ പഠനം ആരംഭിക്കുന്നത് ‘കവനപീഠത്തില്‍’ (1937) എന്ന കവിതയിൽ നിന്നാണ്.
ഒരേസമയം ബഹുമുഖമായ ആശയസമരമാണ് പുസ്തകത്തിന്‍റെ ലക്ഷ്യമെന്നു അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നതാണ് പുസ്തകത്തിന്‍റെ തുടക്കം തന്നെ. ഈ കവിത കവി തനിക്കു 28 വയസ്സുള്ളപ്പോള്‍ എഴുതിയതാണ്. ലൌകികജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍, അതിന്‍റെ സന്തോഷങ്ങള്‍ കൈമാടിവിളിക്കുമ്പോള്‍ കവിത ഉപേക്ഷിക്കേണ്ടി വരുമോ എന്ന് പ്രതീകഭംഗിയോടെ ഈ കവിത അന്വേഷിക്കുന്നു. ഈ കവിതയില്‍ ബാലാമണിയമ്മ സ്വീകരിക്കുന്ന പ്രതീകവ്യവസ്ഥയെ തന്‍റെ രാഷ്ട്രീയത്തിന്‍റെ പ്രകടനപത്രികയുമായി കൂടി ചേര്‍ത്തു വയ്ക്കാന്‍ കഴിയുന്നു എന്ന തിരിച്ചറിവാണ് തന്‍റെ വലിയ പഠനം ഈ കവിതയെ കുറിച്ചുള്ള വിചാരത്തില്‍ നിന്ന് ആരംഭിക്കാന്‍ ലീലാവതിയെ പ്രേരിപ്പിക്കുന്നത് എന്നാണു എനിക്ക് തോന്നിയത്.
ഒന്നാമതായി കവിത ലൌകികജീവിതത്തിന്‍റെ പ്രലോഭനത്തെ കുറിച്ചുള്ളതാണ്. ആ ആശങ്ക ഒരു കവിയത്രിയുടെ ജീവിതവുമായി ചേര്‍ത്ത് വെച്ച് വായിക്കുക എന്നതിന് ഒരു സവിശേഷതയുണ്ട്. ഇവിടെ കവിതയിലെ വക്താവ് പക്ഷെ പുരുഷനാണ്. ശ്രോതാവ് സ്ത്രീയും. അപ്പോൾ ഇതെങ്ങനെ കവിയും കവിയെ കവിതയില്‍ നിന്ന് അകറ്റുന്ന പ്രലോഭനത്തെക്കുറിച്ചുമാവും എന്ന സംശയം ഇല്ലാതാക്കിക്കൊണ്ടാണ് വിചാരണ മുന്നോട്ടു പോകുന്നത്. ഇത് എന്തു കൊണ്ടാണ് എന്ന് വിശദീകരിച്ചു കൊണ്ടാണ് ലീലാവതി ആരംഭിക്കുന്നത്. അതൊരു നിര്‍ബന്ധമാണ്. രാഷ്ട്രീയമായ ഒരു പ്രസ്താവത്തിനുള്ള മുന്നൊരുക്കമാണത്. ബാലാമണിയമ്മയുടെ ഭര്‍ത്താവ് അവരെ എഴുത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയല്ല. മറിച്ച് അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യമാണ് കവിതയിലെ ആള്‍മാറാട്ടത്തെ നീതിമത്കരിക്കുന്നത് എന്ന് ലീലാവതി പറയുന്നു. വക്താവിനെ പുരുഷരൂപത്തില്‍ അവതരിപ്പിക്കാന്‍ പ്രേരണ ആയത് ഈ പശ്ചാത്തലം ആണു എന്ന് പറയുന്നതിന് മുന്‍പായി അക്കാലത്തെ പൊതുപ്രവണത എഴുതുന്ന ഭാര്യയെ ഒരു ഭ്രാന്തി ആയി കാണുകയും ആ ഭ്രാന്തു ചികിത്സിച്ചോ ശാസിച്ചോ പീഡിപ്പിച്ചോ ഇല്ലാതാക്കി തന്‍റെ കുഞ്ഞുങ്ങളെ വളർത്തി എടുക്കുക മാത്രമാണ് കർത്തവ്യമെന്നു അവരെ ബോധവതികള്‍ ആക്കുകയും ചെയ്യുക എന്നതായിരുന്നു എന്ന് ലീലാവതി ആഞ്ഞടിക്കുന്നു. ആ കൂട്ടത്തില്‍ പെടുന്നില്ല തന്‍റെ ഭര്‍ത്താവ് എന്ന ആഹ്ലാദം ഈ കവിത ഒളിപ്പിച്ചു വയ്ക്കുന്നുണ്ട് എന്ന് ലീലാവതി പറയാതെ പറയുന്നു. അങ്ങനെ മലയാളത്തിലെ ഒരു വലിയ കവയത്രിയെ കുറിച്ചുള്ള പഠനം, സ്ത്രീരചനയുടെ കുടുംബ–സാമൂഹിക സാഹചര്യത്തിലെ ഏറ്റവും വൈയക്തികമായ എന്നാല്‍ സ്ത്രീസ്വാതന്ത്ര്യസംബന്ധിയുമായ ഒരംശത്തില്‍ ഗാഢമായി സ്പർശിച്ചുകൊണ്ട് ലീലാവതി തുടങ്ങിവയ്ക്കുന്നു.
എഴുത്തില്‍ ലീലാവതി കൊണ്ടുവന്നിട്ടുള്ള നിഷ്കര്‍ഷകൾ ഇത്തരത്തില്‍ പരിചിന്തിച്ചു കൂടി കണ്ടെടുക്കേണ്ടതാണ് എന്നതില്‍ വിയോജിപ്പുകള്‍ ഉണ്ടാവാന്‍ ഇടയില്ല. നിരൂപണം പോലെ സംഘര്‍ഷഭരിതമായ ഒരു മേഖല എഴുത്തിനായി തെരഞ്ഞെടുത്തു കൊണ്ട് ലീലാവതി സ്വയം ഒരു സൂചകം കൂടിയായി മാറുക ആയിരുന്നു. നിർഭയത്വം സ്വാതന്ത്ര്യത്തിന്‍റെ മുന്നുപാധി ആണെന്ന് പുരുഷലോകത്തിന്‍റെ കുത്തക ഏറ്റവും ശക്തമായി നിലകൊള്ളുന്ന ഒരു മേഖലയില്‍ അങ്ങേയറ്റം മൌലികമായും സ്വാഭാവികമായും പ്രവർത്തിച്ചുകൊണ്ട് ലീലാവതി ബോധ്യപ്പെടുത്തുന്നു.
നമ്മുടെ ഭാഷയെ സൈദ്ധാന്തികമായി നവീകരിക്കുന്നതില്‍, അതിലെ സാഹിത്യ–സാംസ്കാരിക സംവാദങ്ങളെ ആശയപരമായി വിപുലീകരിക്കുന്നതില്‍, കാവ്യപഠനത്തിന്‍റെ നൂതനമാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് ആധുനികതയുടെ സംവേദനത്തെ പരിവര്‍ത്തനോന്മുഖമാക്കുന്നതിൽ, രാഷ്ട്രീയമായ നിലപാടുകള്‍ നിരൂപണത്തെ കൂടുതല്‍ അര്‍ത്ഥസമ്പൂര്‍ണ്ണമാക്കുന്നു എന്നതിന്‍റെ നിദര്‍ശനങ്ങളായി സ്വന്തം കൃതികളെ വിഭാവനം ചെയ്തുകൊണ്ട്, ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമായി നിലകൊള്ളുകയാണ്. ഏറ്റവും ഒടുവില്‍ ഈ അടുത്തകാലത്ത് ആശാന്‍റെ ദുരവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചയിൽ താന്‍ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ എന്തുകൊണ്ട് ഇ. എം. എസ്സിനെ എതിര്‍ത്തു എന്നു കൂടി പറഞ്ഞുകൊണ്ട് തന്‍റെ തളരാത്ത സംവദോന്മുഖതയെ അടിവരയിട്ടു ലീലാവതി കാണിച്ചു തരുന്നുണ്ട് (4).
എങ്കിലും ആ നിരൂപകയുടെ ധിഷണയെയും സാഹിത്യപ്രവര്‍ത്തനങ്ങളെയും സമഗ്രമായി വിലയിരുത്തുന്ന സംരംഭങ്ങള്‍ വിരളമാണ്. ഈ കുറവ് പരിഹരിച്ചുകൊണ്ട് ലീലാവതിയുടെ സംഭാവനകളെ കുറിച്ചുള്ള നിശിതമായ വിലയിരുത്തലുകൾ ഉണ്ടാവേണ്ടതുണ്ട്. അതിനുള്ള ഒരു ചെറിയ ശ്രമമാണ് നവമലയാളി ഈ ലക്കത്തില്‍ ചെയ്യുന്നത്. ലീലാവതിവിമര്‍ശനം ഇപ്പോഴും പ്രാന്തങ്ങളിൽ ഒതുങ്ങി നില്‍ക്കുന്നു. അതിനെ മറികടക്കാൻ ഉദ്ദേശിച്ചുകൊണ്ടു നവമലയാളി ഈ ലക്കത്തില്‍ ഒരു ലീലാവതി സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നു. ആഴമുള്ള പഠനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ. സച്ചിദാനന്ദന്‍, ജെ. ദേവിക, കെ. പി . ശങ്കരന്‍, ഷീബ കുര്യൻ, യാക്കൂബ് തോമസ്, പി. സോമനാഥന്‍, എം. ഹേമമാലിനി, വി.പി.എന്‍. നമ്പൂതിരി, രതി മേനോന്‍, എ. ഗോപിനാഥന്‍, സുപ്രിയ വി.സി, കെ. എന്‍ ജയം എന്നിവരുടെ ലീലാവതിയെ കുറിച്ചുള്ള വിലയിരുത്തലുകളും ജയശ്രീ തോട്ടക്കാടിന്‍റെ ഒരു പുസ്തകക്കുറിപ്പും ഈ ലക്കത്തിൽ വായിക്കാം.
നമ്മുടെ ഭാഷയിലെ ഒരു വലിയ എഴുത്തുകാരിയെ അവരുടെ ചിന്താലോകാത്തെ കൂടുതല്‍ ആഴത്തിലും പരപ്പിലും അറിയാനും അപഗ്രഥിക്കാനുമുള്ള ഈ ശ്രമം വായനക്കാര്‍ അംഗീകരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഭാഷയിലെ ഒരു കരുത്തുറ്റ സൂചകമായി ഞാന്‍ ഈ എഴുത്തുകാരിയെ മനസ്സിലാക്കുന്നു, വിലയിരുത്തുന്നു– അതിന്‍റെ സെമിയോട്ടിക് ഐറണികള്‍ മറക്കാതെ തന്നെ.
കുറിപ്പുകൾ:
1. എം. ലീലാവതി (2012) തെറ്റുകുറ്റങ്ങള്‍ കണ്ടു പിടിക്കുന്ന നിരൂപണത്തില്‍ താല്‍പ്പര്യമില്ല, അഭിമുഖം, ഏ. കെ. അബ്ദുല്‍ ഹക്കീം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബര്‍ 2-8
2. എം. ലീലാവതി (1992) ആദിപ്രൂരൂപങ്ങള്‍ മലയാളത്തില്‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
3. എം. ലീലാവതി (2009) ബാലാമണിയമ്മയുടെ കവിതാ ലോകങ്ങള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്
4. കുറിപ്പ് 1-ല്‍ സൂചിതമായ അഭിമുഖം
Be the first to write a comment.