“കടലിനടുത്താണ് താമസം, അതിനാൽ പരിചയമില്ല, സ്വരനിഷ്ഠയുള്ളൊരു സംഗീതം, മുള്ളുതട്ടാത്ത രുചികൾ” എന്ന് ഗോപീകൃഷ്ണൻ അയാളുടെ ആദ്യ കവിതാപുസ്തകത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. സ്വരം എപ്പോൾ വേണമെങ്കിലും മാറിക്കൊണ്ടേയിരിക്കുന്ന ഇക്കാലം പിടിച്ചെടുക്കാൻ, കവിതകൊണ്ടുള്ള ചൂണ്ട അയാൾ എപ്പോഴും കരുതി. സംസ്ക്കാരത്തിന്റെ ആഴക്കടലിൽ നിന്ന് അത് ചെറുമൽസ്യങ്ങളെയും പുറത്തെടുത്തു. സിനിമയെന്ന, പാട്ടുകളെന്ന, ക്രിക്കറ്റെന്ന മണ്ണിരകളെ കൊരുത്ത ചൂണ്ട. വേഗത (അശ്വഹൃദയം, മടിയരുടെ മാനിഫെസ്റ്റോ)യെക്കുറിച്ചും വിപണി (നദി, മിച്ചമൂല്യം, സാങ്കേതികഉപദേഷ്ടാവ്)യെക്കുറിച്ചും നഷ്ടകാല (ആധുനികാനന്തരലോകത്തിൽ)ങ്ങളെക്കുറിച്ചും ഭാവനയുടെ ഭീതിയെക്കുറിച്ചും വിവേകത്തോടെ സംസാരിച്ചു. ഏറെക്കുറെ സാമാന്യവൽക്കരിക്കപ്പെട്ട രാഷ്ട്രീയ അബോധത്തോടു ചേർന്നു നിൽക്കുന്നതരം കവിതകൾ തന്നെയായിരുന്നു അവ. എങ്കിലും അത്തരം ഇക്കിളിപ്പെടാത്ത, മുഷിയാത്ത ഭാഷ, കല്പനകൾ വേറിട്ടൊരു ഭാവുകത്വത്തെ ഉണർത്തിയെടുത്തിരുന്നു. അനുശീലനം, അനുനയം – രണ്ടുമിണങ്ങിയ രീതിയിലാണതു പ്രവർത്തിച്ചത്. അതൃപ്തികൾക്കൊപ്പം പ്രത്യാശയെ മറക്കാതെ കൊളുത്തിവെച്ചു.
‘മുഴുവൻ ശരീരവും
പരിഹാസ്യമായി കീഴടങ്ങുമ്പോൾ
അത് വെളിയിൽ ചുരുണ്ടുമുറുകി
ഒരു പുതിയ തലച്ചോറാകും’ – എന്നു മനുഷ്യന്റെ കൈകളെ പകർത്തിയെഴുതി. ഉണങ്ങിയ കായക്കുള്ളിൽ നിന്ന് വിത്ത് പൊട്ടിപ്പിളർന്നു ഇലനാമ്പ് തലനീട്ടി വരുന്നതുപോലെയുള്ള അനുഭവം പതുക്കെപ്പതുക്കെ രാഷ്ട്രീയമായി ഇതളിടുന്നത് ആഖ്യാനക്രമത്തിൽ കാണാം. പുരുഷൻ എന്ന കവിതയിൽ നിന്ന്:
‘……..
കാരണം
ഞാൻ പുരുഷൻ
എന്റെ പ്രശ്നം
അനശ്വരത
ഒരു പിടക്കോഴി പോലും
വെറുമൊരു മുട്ടയിട്ട്
കൊത്തിവിരിയിച്ച്
അതിജീവിക്കുന്ന പ്രശ്നം’
മടിയരുടെ മാനിഫെസ്റ്റോയിൽ നിന്ന്:
‘…………….
മിടുക്കർ കൈ രണ്ടും ചേർത്തു കൊട്ടിയാൽ
നഗരങ്ങൾ തകർന്നേക്കും. പക്ഷേ
മടിയർ മടിയരോടു കൈകോർക്കുമ്പോൾ
കാലം അട്ടിമറിയും.’
ഗോപീകൃഷ്ണന്റെ ആദ്യകാലകവിതകൾ വായിക്കുന്നകാലം 2000 – ങ്ങൾ ഞാൻ ഓർക്കുന്നു. 2002-ൽ ഒരു രാവിലെ സെബാസ്റ്റിയന്റെ കവിയുത്തരത്തിന്റെ പ്രകാശനത്തിന് ഒരു സ്ക്കൂട്ടറിൽ പോകുന്ന അയാളെ ആദ്യമായി കണ്ടു. പിന്നെപ്പിന്നെ നാസുവെന്ന കവി പി.എ.നാസിമുദ്ദീനിലൂടെ, വാടാനപ്പള്ളി വൈകുന്നേരങ്ങളിലൂടെ, ചലച്ചിത്രമേളകളിലൂടെ, മറ്റു പൊതുവിടങ്ങളിലൂടെ, കവിതാസംഗമത്തിലും സമകാലീന കവിതയിലൂടെയുമൊക്കെ കൂടുതൽ കൂടുതലായി അറിഞ്ഞു. ഇടിക്കാലൂരി പനമ്പട്ടടി എന്ന രണ്ടാമത്തെ പുസ്തകത്തിലേക്കെത്തുമ്പോൾ ഞങ്ങൾ കൂടുതൽ സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. ആവേശകരമായ എഴുത്തിന്റെയും വായനയുടെയും പുതിയ അഭിരുചികളുടേതുമായ അക്കാലം തെളിച്ചത്തോടെ മനസ്സിലുണ്ട്. എഴുതുന്ന പലതും ഞങ്ങൾ പലപ്പോഴും സ്വകാര്യമായി പങ്കുവെച്ചിരുന്നു. തുറന്നഭിപ്രായം പറഞ്ഞിരുന്നു. ഞാൻ ഇക്കാലത്തു വായിച്ച നല്ല ഗദ്യകാരന്മാരിൽ ഒരാളായിരുന്നു,ഗോപീകൃഷ്ണൻ. അനുഭവത്തിന്റെ പച്ചയും ഭാഷയിലെ മിതവൈകാരികതയും രാഷ്ട്രീയസൂക്ഷ്മതയും ചേർന്ന് അനാർഭാടമായ ഗദ്യം. കവിതയ്ക്കൊപ്പം വിവർത്തനവും നിരൂപണവുമായി എഴുത്തിൽ ഗോപീകൃഷ്ണൻ ഏറെ മുന്നോട്ടുപോയ സമീപകാലങ്ങളിൽ അയാൾക്ക് അർഹിക്കുന്ന വലിയ ബഹുമതികൾ കിട്ടിയതായി തോന്നിയില്ലെന്നു പലരും പറയാറുണ്ട്. എന്നാൽ സാഹിത്യഅക്കാദമി വാർത്തയിൽ അവർ സന്തോഷത്തിൽ നനഞ്ഞുകുതിരുന്നു.
ഇടിക്കാലൂരി പനമ്പട്ടടിയും ശേഷം ആനുകാലികങ്ങളിൽ വന്ന കവിതകളും ഒരർത്ഥത്തിൽ ആദ്യകൃതിയുടെ ചില തുടർച്ചകളെ കാണിച്ചുതരുന്നുണ്ട്. എങ്കിലും അവയിൽ അതിലുമേറിയ അളവിലുള്ള വ്യതിയാനങ്ങൾ കാണുന്നു എന്നതാണ് വാസ്തവം. ഒരു ഇന്നിംഗ്സ് ദുരന്തത്തിലും ഹൈസ്ക്കൂൾ മൈതാനം, പനങ്ങാടിലും അന്തോണിടെറിക്കന്റെ തുടർച്ച കാണാം; വളർച്ചയും. നാടിന്റെ പ്രാദേശികമുദ്രകളെ വരയുന്നതോടൊപ്പം കൗമാരയൗവനങ്ങളുടെ കായികസ്മരണയും പറ്റസംസ്ക്കാരവും പ്രമേയരൂപമാർജ്ജിക്കുന്നത് ഈ കവിതകളിൽ കാണാം. കൈപ്പുണ്യമുള്ള ഒരു അമ്മൂമ്മയെപ്പോലെ ജനത പാചകം ചെയ്തെടുത്ത ആ മൈതാനം ഒരു പൊതുവിടം മാത്രമല്ല. കാലത്തിന്റെയും കളിമ്പങ്ങളുടെയും മുദ്രകൾ സാക്ഷാൽക്കരിക്കപ്പെട്ട ഇടം കൂടിയാണ്. ചോരയ്ക്കോ കൂലിക്കോ അല്ലാതെ വിളയാടിയ കളിയിടം. പ്രേതങ്ങൾ തലമുറതലമുറയായി സെവൻസും നയൻസും കളിച്ച ഇടം. സ്ക്കൂളിന്റെ ജനകീയവും ഗൃഹാതുരവുമായ സ്ഥലി ജി.എൽ.പി.സ്ക്കൂൾ പാപ്പിനിവട്ടത്തിലെന്നപോലെത്തന്നെ കുഴലൂത്തുകാരനിലും കാണാം. പുതിയ ആഗോളീകൃത വിദ്യാഭ്യാസവിപണിയിലെ ചരക്കുകളായി മാറുന്ന കുഞ്ഞുങ്ങളെക്കുറിച്ചുളള വിചാരങ്ങൾ കാണാം. ബാലമ്മാഷും ഹൃദയംമാഷും ഉടലിലെ സ്ക്കൂളും സമയംമാഷും ഒക്കെ പാഠശാലയുടെ പരന്ന അറിവുസംസ്ക്കാരത്തെ അപനിർമിക്കുന്ന, വളഞ്ഞിട്ടു മറികടക്കുന്ന കവിതകളാണ്.
അന്നന്നത്തെ മോക്ഷം, മിമിക്രി തുടങ്ങിയ കവിതകൾ പുതിയ വിനിമയ സംസ്ക്കാരത്തിന്റെ നേർവിമർശനങ്ങളായി കൺതുറക്കുന്നു. അനുകരണത്തിനും അനുകരണത്തിന്റെ അനുകരണത്തിനും കൈയടിച്ച് പിന്നെ കൈയടി അനുകരിച്ച് ചത്തുവീഴുന്ന ഈയൽ ജനങ്ങളെ, ഒരു കർത്താവിനെ കൊന്ന് നൂറ്റമ്പതു കർതൃത്വംനേടുന്ന എസ്.എം.എസ് അവതാരങ്ങളെ നാമിവിടെ കാണുന്നു. പോളാടാക്കീസ്, എസ്.എൻ.പുരം സിനിമയുടെ അപര/ജൈവജീവിതം പൗരനെ കൂടുതൽ മനുഷ്യനാക്കുന്നതു വിവരിക്കുന്നു. ഒപ്പം ആ നദീതടസംസ്ക്കാരത്തിൽ മനുഷ്യബന്ധങ്ങളിൽ ഉളവാകുന്ന ഈർപ്പവും പശിമയും കണ്ടറിയുന്നു.
അസലുവിന്റെ ഇത്തയും ദാസിന്റെ അമ്മയും കേവലമല്ലാത്ത സ്തീചേതനയെ തിരയുന്നു. ഒരറ്റം മണ്ണുമൂടിയ പൊക്കിൾക്കൊടിയുടെ മറ്റേ അറ്റത്ത് ആ അമ്മ പശുവിനെപ്പോലെ വട്ടം ചുറ്റിയുണ്ടാക്കിയ ചെറിയഭൂമി. വലിയ വലിയ കണ്ടുപിടുത്തങ്ങൾ ഇടിച്ചുപരത്തിയ ഭൂമിയെ തിരിച്ചു കുന്നുകൂട്ടാൻ അവരുടെ ചെറിയ പാദങ്ങൾ വേണമെന്നു കവി കരുതുന്നു.
വൃത്തത്തിലും പെൺസൂചിയിലും സ്ത്രൈണതയെ ചില മൂല്യങ്ങളായി കവി കണ്ടെടുക്കുന്നു.
‘രണ്ടായി കീറുമ്പോൾ
എപ്പോഴും ഒരു ശൂന്യത
ഉദ്ഘാടനം ചെയ്യപ്പെടുന്നെങ്കിൽ,
ഞാനാണ് പിളർന്നുപോകാതെ
ലോകത്തെപിടിച്ചുനിർത്തുന്നത് ’(പെൺസൂചി)
‘കരയുന്നതിനു പകരം ആണുങ്ങൾ അട്ടഹസിക്കുന്നു’വിൽ പറയൂ പരിണാമമേ, പൗരുഷം തുടങ്ങിയ മുൻകാലകവിതകളുടെ തുടർച്ച കാണാം. ‘അലക്കി’ൽ ഗ്രാമീണസ്ത്രൈണതയുടെ ഹാബിറ്റാറ്റുകളെ പരിചരിക്കുന്നു.
“ഇത്തിരിസോപ്പും
പതിനൊന്നു മണിയുമുണ്ടെങ്കിൽ
എല്ലാ നാടും
അന്നൊക്കെ മേളത്തിന്റെ അരങ്ങ് ’
എങ്കിലും അതിൽ ഗാർഹികാധ്വാനത്തിന്റെ ലിംഗമാനങ്ങൾ മയപ്പെട്ടുകിടക്കുന്നു. (ഒരുപക്ഷേ മണ്ണാൻ തുടങ്ങിയ ജാതിമാനങ്ങളും)
മണ്ടൻ, കോങ്കണ്ണൻ, കള്ളൻ, നുണയൻ തുടങ്ങിയ കവിതകളുടെ പ്രാന്തവൽകൃതത്വം ഉന്നയിക്കുന്ന സാംസ്ക്കാരിക രാഷ്ട്രീയത്തിന്റെ വിധ്വംസകത മലയാളകവിതയെ ഇതുവരെ കാണാത്ത ഭാവനാലോകങ്ങളിലേക്കു നയിക്കുന്നു. എന്നാലവ പതിവു രാഷ്ട്രീയകവിതകളല്ല തന്നെ. നവോത്ഥാനത്തോട്, കേരളത്തിന്റെ സാംസ്കാരികഭൂമികയോട് കവിതയിൽ (ഗോപീകൃഷ്ണന്റെ തന്നെ കവിതകളിലും) തുടർന്നിരുന്ന ശരിവയ്ക്കലുകളെ അവ ഇളക്കി മാറ്റുന്നുണ്ട്. അതിലൂടെ പരിഷ്ക്കരണവാദിയായ പഴയ കേന്ദ്രീകൃതപുരുഷ/നായക കർതൃത്വത്തിൽനിന്നും കവി സ്വയം അതിരിട്ടു മാറിനിൽക്കുന്നുമുണ്ട്. സംസ്ക്കാരത്തിനുള്ളിലെ കേന്ദ്രീകൃതസ്ഥലികളെയും ബലങ്ങളെയും കേന്ദ്രീകൃതത്വത്തെത്തന്നെയും തിരിച്ചറിയാനും ചൂണ്ടിപ്പറയാനുമൊക്കെയായി മാത്രം കവി അല്പസ്വല്പം സ്വയം വെളിപ്പെടുന്നു. കവിതയ്ക്കകത്തും പുറത്തും പ്രവർത്തിക്കുന്ന പുതുഭാവനയായി ഇയാളുടെ കവിതകൾ മാറുന്നതങ്ങനെ…
Be the first to write a comment.