നിലാവിന്റെ നേർത്ത തന്ത്രികളിൽ മഞ്ഞു നീർക്കണങ്ങൾ ഇറ്റിറ്റു വീഴുമ്പോൾ ഉതിരുന്ന സംഗീതം ഭാവന ചെയ്യാമോ? ഒരു ചെറു സൂര്യൻ മഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു എന്ന് തോന്നിക്കുമോ അത്! എങ്കിൽ നിങ്ങളിപ്പോൾ പണ്ഡിറ്റ് ശിവകുമാർ ശർമ സന്തൂർ വായിക്കാൻ തുടങ്ങിയപ്പോൾ വീണ് മയക്കം ആരംഭിച്ചു. ഇനി ഉറങ്ങാം, ക്ഷണിക്കുക മൗനത്തെ, ഉള്ളുണർവിനെ.ശതതന്ത്രി വീണ നിങ്ങളെ സായംസന്ധ്യയിലെ പൊയ്കയിലേക്ക് കൂടെ ഒഴുകാൻ ക്ഷണിക്കുന്നു.
പണ്ഡിറ്റ് ശിവകുമാർ ശർമയുടെ മാന്ത്രിക വിരലുകൾ സന്തൂറിൽ പാരസ്പര്യപ്പെടുമ്പോൾ ചേർന്നിരിക്കുക. വ്യർത്ഥജീവിതത്തിലെ ചില സായാഹ്നങ്ങൾ നമ്മൾ ഹൃദയത്തോട് ചേർത്ത് വെക്കാറില്ലേ? അത്തരം രണ്ട് സായാഹ്നങ്ങൾ 2008 ൽ കോഴിക്കോടുണ്ടായിരുന്നു. അതിന്റെ ഓർമ്മയ്ക്കാണ് ഈ എഴുത്ത്.
മുഗൾ ഭരണകാലത്ത് പേർഷ്യൻ സംഗീതധാര ഭാരതീയസംഗീത ധാരയുമായി സംയോഗപ്പെട്ടതിന്റെ വസന്തസൗഭാഗ്യമാണ് ഹിന്ദുസ്ഥാനി.അതിൽ നിന്നു പൊഴിഞ്ഞ സൂഫിയാനയുടെ ഗണത്തിൽ പെടും സന്തൂർ. പുരാതന കാശ്മീരി സംഗീത ഉപകരണമായ ശതതന്ത്രിവീണ പരിഷ്കരിച്ചാണ് ശിവകുമാർ ശർമ സന്തൂർ രൂപപ്പെടുത്തിയത്.കശ്മീർ താഴ്വരയിലെ സൂഫി സംഗീതത്തിന്റെ നേർത്ത ധാരകളാണ് നൂപുരധ്വനികൾ പോലെ സന്തൂറിൽ നിന്നും മഞ്ഞായ് പൊഴിയുന്നത്. ഒരു വശം വീതി കൂടിയതും മറുവശം വീതി കുറഞ്ഞതുമായ തടിപ്പെട്ടിയുടെ ആകൃതിയിലുള്ള സന്തൂർ എന്ന സംഗീതോപകരണത്തിൽ 15നിരകളിലായി 60 നേർത്ത കമ്പികൾ ക്രമീകരിച്ചിട്ടുണ്ട്.അഗ്രം അൽപ്പം വളഞ്ഞ കലാം എന്ന പേരുള്ള രണ്ട് കമ്പുകളുപയോഗിച്ച് സന്തൂർ മീട്ടുന്നു. ഒരു പിരിയൻ ഗോവണി പോലെ ആത്മാവിന്റെ പച്ച മരങ്ങളിലേക്ക് അത് ഊർന്ന് കയറുന്നു. കാട്ടരുവിയുടെ നിർമലശാന്തമായ ഒഴുക്കിന്റെ നിതാന്ത വിസ്മയത്തിലേക്ക് പകർന്ന് പോവുന്നു.പുരാതന ജനപഥത്തിലെ ഓർമകൾ അരുണജ്വാല പടർത്തുന്ന നദീതടത്തിലേക്കാണ് നമ്മൾ ആനയിക്കപ്പെടുന്നത് എന്ന് തോന്നിപ്പോവും ചിലപ്പോൾ.അകമ്പടിയായി ധിമി ധിമിക്കുന്ന തബലയുടെ താളവുമുണ്ട്. ചിരബന്ധിതമായ ഏതോ ഓർമപ്പെരുക്കങ്ങളിൽ സന്തൂറിന്റെ വീണാനാദവും തബലയുടെ മാന്ത്രികാനുഭവവും നമ്മളും ഒന്നായി ഇഴുകിച്ചേർന്ന് എല്ലാം ഇല്ലാതാക്കിയ ശിശിരഗാനലായനി. പണ്ഡിറ്റിനൊപ്പം തബല വായിച്ച രാംകുമാർ മിശ്ര അതൊരു ജുഗൽബന്ധിയാക്കി മാറ്റിക്കളഞ്ഞു. ഫോക് മ്യൂസികിന്റെ തിരയൊടുങ്ങാത്ത ആവേശം ഉള്ളിലാവാഹിച്ച് അത് ഉതിർന്നുവീണു കൊണ്ടേയിരുന്നു.
അമൂർത്തമായ പ്രകൃതി പ്രപഞ്ച വിസ്മയങ്ങളാണ് സന്തൂർ പൊഴിക്കുന്നത് എന്ന് തോന്നും ചിലപ്പോൾ.അനാദിയായ ഒഴുക്കുമായി ഒരു മഹാനദി.അങ്ങോട്ടെത്തിച്ചേരാൻ വെമ്പൽ കൊള്ളുന്ന ഒരു പുഴ. പാലൊളി ചന്ദ്രികയുടെ സ്വർണ ഞൊറികൾ അഴിഞ്ഞു വീണു നദിക്കര കടന്നു പോകുന്ന അപ്സരകന്യക പോലെ രാവ്. കലാം സന്തൂറിൽ തൊടുമ്പോൾ ദലമർമരങ്ങളുടെ മന്ത്രധ്വനികൾ ഉതിർന്നുകൊണ്ടേയിരുന്നു. ഇലപൊഴിഞ്ഞു പോയ ശിശിരകാലം പോലെ അവസാനിക്കും വരെ.
ശിവകുമാർ ശർമ സന്തൂർ മീട്ടുമ്പോൾ അയാൾ ഒരു തരം ധ്യാനത്തിലെന്ന പോലെ ഭൗതികസ്ഥലിയിൽ നിന്നും വേർപെട്ട് ഉയർന്നു പോവുന്നു. ചിത്രകാരനേയോ ശില്പിയേയോ പോലെ അയാൾ സന്തൂറിൽ കവിത വരയ്ക്കുന്നു. ശില്പം മെനയുന്നു. ബിസ്മില്ലാഖാനും ഷഹനായിയും പോലെ പന്നലാൽ ഘോഷും പുല്ലാങ്കുഴലും പോലെ സന്തൂറും ശിവകുമാർ ശർമയും പരസ്പര പൂരകങ്ങളോ പര്യായങ്ങളോ ആണ്.
ശിവകുമാർശർമ ജമ്മുവിലെ റേഡിയോ നിലയത്തിൽ വിഷാദ സാന്ദ്രമായ ഗുജ്റീ തോഡി രാഗം മീട്ടുകയാണ്.യഥാക്രമം റേഡിയോ കലാകാരിയും സാധാരണക്കാരിയുമായ ആയ രണ്ടു സ്ത്രീകൾ അരികത്തിരിപ്പുണ്ട്. കച്ചേരികഴിഞ്ഞപ്പോൾ കലാകാരി ശിവകുമാർ ശർമയെ ഭംഗിവാക്കുകൾ കൊണ്ട് അഭിനന്ദിച്ചു. മറ്റെ സ്ത്രീ ഒന്നും പറഞ്ഞില്ല. വിങ്ങി നിറഞ്ഞിരുന്ന ആ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി അടർന്ന് താഴെ വീണു. സന്തൂർ പൊഴിച്ച ശോകനിർഭരമായ രാഗത്തിന്റെ പ്രതിധ്വനിയായിരുന്നു പൊഴിഞ്ഞുപോയ ആ കണ്ണുനീർത്തുള്ളികൾ. കേൾക്കുന്നവരുടെ മനസ്സും ഹൃദയവും അന്നന്നത്തെ മാനസികാവസ്ഥയും അനുസരിച്ച് സംഗീതം വ്യത്യസ്ഥ പ്രതിഫലനമുണ്ടാക്കുമെന്ന് ഒരിക്കൽ ശിവകുമാർ ശർമ പതിയെ പറയുകയുണ്ടായി.
അതീതകാല ജീവിത മഹാസങ്കൽപ്പങ്ങളിൽ പെട്ട് ഉയന്നു പോയ ഈ ഒരു സായന്തനത്തിന്റെ വ്യാഖ്യാനം പോലെയാണ് ചുള്ളിക്കാടിന്റെ ഈ വരികൾ.
“അന്തരാളത്തിൽ നിന്നൊഴുകുമീ വൈഷാദിക വൈഖരി;
ശരന്നദി.നദിയിൽ ബിംബിക്കയാണാദിമ നിശാമുഖം,
ഉദയാസ്തമയങ്ങൾ ഷഡ്ജധൈവതങ്ങളാം ഗഗനമഹാരാഗം” ……..
ശിവകുമാർ ശർമ നിലത്ത് കാർപെറ്റിൽ ചമ്രം പടിഞ്ഞിരുന്നാണ് സന്തൂർ മീട്ടുന്നത്.മഞ്ഞ് ആലിപ്പഴമായി പൊഴിഞ്ഞ് സമൃദ്ധമായെന്നവണ്ണം മനോഹരമായ തലമുടി. കശ്മീരിലെ ദാൽ തടാകത്തിൽ നട്ടുച്ചക്ക് മുങ്ങി നിവർന്ന സൂഫിശാന്തമായ മുഖം. വാക്കുകൾ പിശുക്കി വല്ലതുമൊക്കെ മൊഴിഞ്ഞാലായി. പുഞ്ചിരി കൊണ്ട് തെളിനീർ തടാകമെന്ന പോലെ തോന്നിപ്പിക്കുന്ന വദനസാമീപ്യം. സദസ്സിൽ കസേരയിട്ടാണ് നിങ്ങൾ ഇരിക്കുന്നതെങ്കിൽ അയാൾ ശതതന്ത്രി വീണയിൽ പതിയെ ഒന്നു തൊടുമ്പോൾ കസേര അരികിലേക്കിട്ട് കാർപ്പറ്റിൽ ചമ്രം പടിഞ്ഞിരിക്കും. പ്രകൃതി സൗന്ദര്യത്തിന്റെ ആനന്ദലഹരിയിലേക്ക് നിങ്ങളുടെ ഹൃദയം കിഴിഞ്ഞിറങ്ങുകയാണ്.ശാന്തമായൊഴു
കശ്മീർ താഴ്വരയിൽ നാടോടിപ്പാട്ടിനു ഈണമിട്ടു പോന്ന ശതതന്ത്രി വീണ എന്ന സന്തൂർ ശാസ്ത്രീയ സംഗീത സദിരുകളിലേക്കും ‘വിദേശ സംഗീതസദസ്സുകളിലേക്കും ആനയിച്ചത് ശിവകുമാർ ശർമയാണ്. അതിനനുയോജ്യമാം വണ്ണം ശത തന്ത്രി വീണയിൽ നിന്നും ( നൂറു തന്ത്രികൾ ശത തന്ത്രി വീണക്കുണ്ടായിരുന്നെങ്കിൽ സന്തൂറിൽ അറുപത് എണ്ണമേയുള്ളൂ) സന്തൂർ രൂപപ്പെടുത്തുകയായിരുന്നു പണ്ഡിറ്റ്.
ഒരു മരപ്പെട്ടിയിൽ ഉറപ്പിച്ച അതിലോലമായ ഈ കമ്പികളിൽ രണ്ടുകൈകളിലുമുള്ള രണ്ട് കോലുകൾ കൊണ്ട് തട്ടിച്ചാണ് സംഗീതമുണ്ടാക്കുന്നത്.
സിത്താർ ,സരോദ് തുടങ്ങിയ ക്ളാസ്റ്റിക് സംഗീതധാരയിലേക്ക് സ്വപ്രയത്നം കൊണ്ട് ശിവകുമാർ ശർമ സന്തൂറിനെ എത്തിക്കുകയാണ് ചെയ്തത്. ശിവകുമാർ ശർമ്മയുടെ പിതാവ് ഉമാദത്ത് ശർമ്മ വിദഗ്ധനായ ഒരു സോളോ വാദ്യക്കാരനായിരുന്നു. അദ്ദേഹമാണ് സന്തൂർ രൂപപ്പെടുത്താനുള്ള ആദ്യ ശ്രമങ്ങളിൽ ഏർപ്പെട്ടത്.അദ്ദേഹത്തിൽ നിന്നും പണ്ഡിറ്റിനു ലഭിച്ച പരിശീലനവും പരീക്ഷണങ്ങൾക്കു വേണ്ട സ്ഥിരോത്സാഹവുമാണ് സന്തൂറിനെ ശാസ്ത്രീയ സാങ്കേതിക തലത്തിലേക്ക് ഉയർത്തി ഉത്കൃഷ്ടമായ ഉപകരണ സംഗീതമാക്കി മാറ്റിയത്.ഘടനയിൽ മാറ്റം വരുത്തിയും മെഡിറ്റേഷന്റെ തലത്തിലേക്കുയർത്തിയും സന്തൂർ ക്ളാസ്സിക് രൂപമാർജിച്ചപ്പോൾ പുതിയ ഒരു ഉപകരണവും സംഗീതവും രൂപപ്പെടുകയായിരുന്നു.
ഒരു രാഗം വിസ്തരിക്കുന്നത് രണ്ട് മണിക്കൂറൊക്കെ എടുത്ത് കൊണ്ടാണ്. ഇതിന് ശിവകുമാർ ശർമയുടെ ഉത്തരം താൻ ചെയ്യുന്നത് ഒരു ചിത്രകാരൻ ചിത്രം വരക്കുന്നതു പോലെയോ ശില്പി ശില്പങ്ങൾ ചെയ്യുന്നതു പോലെയോ ഉള്ള പണി തന്നെയാണ് എന്നാണ്. ഒരു പെയിന്റിംഗ് ഉണ്ടായി വരുന്ന പോലെ (ആദ്യം കണ്ണുകൾ, പിന്നെ ചുണ്ടുകൾ, മുടി…etc) ആണ് സംഗീതവും ഉണ്ടാവുന്നത് ഒരു പൂവിരിയുന്ന പോലെ, സൃഷ്ടിയുടെ വസന്തം സംഭവിക്കുന്ന പോലെയാണ് സംഗീതവും പൊഴിഞ്ഞ് വീഴേണ്ടത്.ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന ഭാവം അതാണ്. ഓരോ അംഗങ്ങളും വരച്ച് ചിത്രം പൂർണ്ണമാക്കുന്ന പോലെ മാത്രമേ സന്തൂർ അതിന്റെ പൂർണ്ണതയിലേക്കെത്തുകയുള്ളൂ.
ശിവകുമാർശർമയെ സംബന്ധിച്ച് സന്തൂർ മീട്ടുക എന്നാൽ ധ്യാനാത്മകമായ ആനന്ദാനുഭൂതി കൂടിയാണ്. സംഗീതം അവതരിപ്പിക്കുമ്പോൾ അദ്ദേഹം അത് കേൾക്കാൻ വന്നവരുടെ മുമ്പിലോ സ്റ്റേജിലോ ആണ് ഇരിക്കുന്നത് എന്ന് തോന്നുകയേ ഇല്ല. ഒരു തരം ആത്മീയ അനുഭൂതിയിൽ തന്റേതു മാത്രമായ ഉള്ളുണർവിന്റെ അഗാധ നീലിമയിൽ മുഴുകിയാണ് ആ ഇരിപ്പ്. സ്വയം നഷ്ടപ്പെട്ട് ഉള്ളിലെ മറ്റൊരാളെ തൊട്ടുണർത്തി സംഗീതം പൊഴിച്ച് നിർവൃതിയടയുന്ന യോഗാത്മകത കൂടിയാണത്. ആത്മാവിന് നൽകുന്ന സ്വാന്ത്വന ചികിത്സ പോലെ അത് കേൾവിയിലേക്കെത്തുന്നു. ഹൃദയത്തിനേറ്റ മുറിവിനെ സ്വാന്ത്വനപ്പെടുത്തുന്നു. ഹർഷോന്മാദങ്ങളെ തഴുകി ഉണർത്തുന്നു. വേദനകളെ വിമലീകരിക്കുന്നു. ശരീരത്തിലും ഹൃദയത്തിലും മഞ്ഞ് പൊഴിക്കുന്നു , നിലാവ് പരത്തുന്നു. വർഷമേഘം വന്നെത്തി നോക്കുന്നു . ഈർപ്പമായി വസന്തമാകുന്നു. ശിശിരം വന്ന് ഇലപൊഴിക്കുന്നു.
ഹരിപ്രസാദ് ചൗരസ്യയും ശിവകുമാർ ശർമയും ചേർന്ന് നടത്തിയ സോളോ ആണ് താഴ്വരയുടെ സംഗീതം എന്ന ആൽബം. സിൽസില എന്ന ചലച്ചിത്രത്തിലും സന്തൂർ-പുല്ലാ ങ്കുഴൽ ഇഴചേരൽ ഉണ്ട്.
പല ധ്യാനകേന്ദ്രങ്ങളിലും യോഗകേന്ദ്രങ്ങളിലും സംഗീത ചികിത്സാ കേന്ദ്രങ്ങളിലും മറ്റും ശിവകുമാർ ശർമയുടെ സംഗീതം ഉപയോഗിക്കുന്നുണ്ട്.
![](https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif)
Be the first to write a comment.