അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യൻഎന്ന് ഇടശ്ശേരി ഒരു സൂചന കൊടുത്തപ്പോൾ തന്നെ അരിവാളെടുത്ത് എളിയിൽ തിരുകി മനസ്സുകൊണ്ടെങ്കിലും മുദ്രാവാക്യം വിളിച്ചവരായിരിക്കണം പൊന്നാനിയടക്കമുള്ള മലബാറിലെ കർഷകത്തൊഴിലാളികൾ. പാട്ടബാക്കിയും നമ്മളൊന്നും കളിച്ച കൊയ്തൊഴിഞ്ഞ പാടങ്ങളിൽ കമ്യൂണിസ്റ്റാക്കിനാടകം കൊയ്തെടുത്തതെന്താണെന്നത് ചരിത്രമാണ്. ഇടശ്ശേരി പരാമർശിച്ച വിത്തിനം തവളക്കണ്ണനും ചിറ്റേനിയ്ക്കുമൊപ്പം അപൂർവ്വമായിത്തീർന്നു. പിന്നീടു വന്ന ജയ, ഐയാറെട്ട്, എച്ഫോർ തുടങ്ങിയ പരിഷ്കാരികളായ വിത്തിനങ്ങൾക്കൊപ്പം കൃഷ്ണപുരം ബ്ലോക്കിൽ അത്തവണയും ഒന്നാം സമ്മാനം വാങ്ങിയ വേലായുധൻ മൂന്നാം ക്ലാസ് മലയാളം കേരളപാഠാവലിയിൽ ട്രാക്ടറോടിച്ചുവെങ്കിലും നട്ടതെല്ലാം എട്ടാം ക്ലാസ് ബോട്ടണിക്കു മുമ്പേ കരിഞ്ഞുണങ്ങി.  അധികാരം കൊയ്യാൻ പോയ പൊന്നരിവാളമ്പിളിയിൽ കേപ്പീയേസി ദമ്പതികൾ പാടവരമ്പിലും പഞ്ചായത്ത് റോഡിലും ജാഥകളിലും പ്രകടനത്തിലും പങ്കെടുത്ത്  കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായിക്കിട്ടിയ സ്വപ്നങ്ങളെല്ലാം മുണ്ടിന്റെ കോന്തലയിൽ കെട്ടി സംതൃപ്തരായി മടങ്ങി. അധികാരത്തിന്റെ കൂട്ടുകൃഷിക്കളങ്ങളിൽ പങ്കാളികളായ ചുരുക്കം പേരാകട്ടെ തിരിച്ച് പാടത്തേക്കൊട്ട് ഇറങ്ങിവന്നതുമില്ല. 

അപ്പോഴേക്കും കുടുംബാസൂത്രണപ്രക്രിയ എന്നത് നെഹ്രൂവിയൻ സോഷ്യലിസത്തിന്റെ തുടർച്ചയെന്നവണ്ണം പുരോഗമനപരമായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. നാം രണ്ട് നമുക്ക് രണ്ടിലെ രണ്ടും ടൈപ് റൈറ്റിങ്ങ് ഷോർട് ഹാൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലോ ടീടീസിയ്ക്കോ ബീയെഡ്ഡിനോ ബാങ്ക് ടെസ്റ്റിനോ പോയതോടെ കാർഷികവൃത്തിയിൽ ഏർപ്പെട്ട യുവജനങ്ങളുടെ എണ്ണം കുറഞ്ഞു. ഇനിയും പലരും നാലഞ്ചു നേന്ത്രപ്പഴം വരെ പച്ചവെള്ളത്തോടൊപ്പം അകത്താക്കി ഭാരം ക്രമീകരിച്ച് പട്ടാളത്തിൽ ചേരുകയോ ഇഡ്ഡലികളും തൈർസാദവും പൊതിഞ്ഞെടുത്ത് തീവണ്ടികയറി വാളയാർ ചുരം കടന്ന് മഹാനഗരങ്ങളിലേക്ക് ചേക്കേറുകയോ ചെയ്തു. ഇതിനും പുറമെയാണ് കാഫ് മല കണ്ട പൂങ്കാറ്റ് കേരളക്കരയാകെ വീശിയടിച്ചത്. മറ്റൊരിക്കലുമില്ലാത്ത വിധം പ്രവാസജീവിതത്തിലേക്കുള്ള ഒരു കുത്തൊഴുക്കാണ് പിന്നീട് നടന്നത്. ഹരിതകേരളത്തിന്റെ നടവരമ്പുകളിൽ മുണ്ടുമടക്കിക്കുത്തി നടന്നിരുന്ന യൗവനത്തിന്റെ നല്ലൊരു ശതമാനം കാരയ്ക്ക കായ്ക്കുന്ന നാട്ടിലേക്ക് പാന്റിട്ടുപറന്നു. നൊസ്റ്റാൾജിണികളായ പാടങ്ങൾ പച്ചപ്പാവാട മാറ്റി ബ്രൗൺ നൈറ്റിയിട്ട് പോസ്റ്റ്മാനെ കാത്തിരുന്നു. ഒരു ഗൾഫ് വധുവിനെപ്പോലെത്തന്നെ മധുവിധുരാവുകളുടെ മദനക്കിനാവുകാലംകഴിഞ്ഞപ്പോൾ കേരളത്തിന്റെ മണിയോർഡർ സമ്പദ് വ്യവസ്ഥയും വിരഹിണിയും വിഷാദരോഗിയുമായി.  

പല മന:ശാസ്ത്രജ്ഞന്മാരും ചികിത്സിച്ചിട്ടും വിഖ്യാതമായ കേരളാ മോഡൽ അസുഖത്തിന് ശമനമൊന്നുമുണ്ടായില്ല. ഉള്ള കൃഷിയും വ്യവസായവൽക്കരണമുതലാളിക്ക് പണയത്തിനു കൊടുത്തത് മിച്ചം. എന്തായാലും കൃഷിഭൂമിയുടെ വിസ്തൃതിയും കൃഷിയിലേർപ്പെട്ടവരുടെ എണ്ണവും ക്രമേണ കുറഞ്ഞുവന്നു. കർഷക-കർഷകത്തൊഴിലാളി അനുപാതം എന്നത് പിടിച്ചാൽ കിട്ടാതായി. കാർഷികപുരോഗതി എന്നത് ബോർഡോ മിശ്രിതം പോലെ ഒന്ന് ഈസ്റ്റു ഒന്ന് എന്ന മട്ടിൽ നൂറുമടങ്ങ് വെള്ളത്തിൽ കലക്കി കണക്കിൽ ബോധിപ്പിച്ച് കൃഷി ആപ്പീസർമാർക്ക് ഹരിതവിപ്ലവത്തിന്റെ തുടർച്ചകളുടെ മാനം കാക്കേണ്ടിവന്നു.

കാരണം എന്തു തന്നെ ആയാലും ധാന്യലഭ്യതയുടെ കാര്യത്തിൽ കേരളം എന്നും ഒരു കമ്മിസംസ്ഥാനം തന്നെ ആയിരുന്നു. ജനസംഖ്യാനുപാതത്തിൽ സ്ത്രീകളുടെ കാര്യത്തിൽ എന്നും ഒരു മിച്ച സംസ്ഥാനമായതുകൊണ്ട് ടി കക്ഷികൾ ആതിരക്കുളിരിന്റെ അകമ്പടിയോടെ നടത്തുന്ന കുമ്മിയെന്ന നേരമ്പോക്ക് മാത്രമാണ് അദ്ധ്വാനശീലരും അതിലുപരി രസികന്മാരും കാല്പനികരുമായ കേരളത്തിലെ കർഷകപുരുഷശ്രേഷ്ഠർക്ക് പ്രസ്തുത കമ്മിയിലുള്ള ആകുലതകളെ മറികടക്കാനായി ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. ഉണ്ണുക എന്ന ക്രിയാപദം അരിഭക്ഷണവുമായി ബന്ധപ്പെട്ടതാണെങ്കിലും മലയാളഭാഷയ്ക്ക് പൊതുവേയുള്ള സ്വീകരണക്ഷമതയാലും പിടിവാശിയില്ലായ്മയാലും അന്യഭാഷാധാന്യങ്ങൾ കൊണ്ടും വിശപ്പടക്കാവുന്നതാണെന്ന് ആധുനികതയുടെ മുമ്പു തന്നെ മലയാളികൾ അംഗീകരിച്ചു. ക്ഷാമകാലത്ത് ആന്ധ്രാ അരിയോ ഗോതമ്പോ പയർവർഗ്ഗങ്ങളോ മാത്രമല്ല ഗോതമ്പിൽ നിന്നുണ്ടാക്കുന്ന മക്രോണി എന്ന വിചിത്രമായ ഇറ്റാലിയൻവസ്തു വരെ പൊതുവിതരണശൃംഖലയിലൂടെ ലഭിച്ചപ്പോഴും മലയാളികൾ സംതൃപ്തരായി വിശപ്പടക്കി. ഭാവിയിൽ വരാൻ പോകുന്ന ഇറ്റാലിയൻ കണക്ഷനെപ്പറ്റി ഒരു സങ്കല്പവുമില്ലാതിരുന്ന കോൺഗ്രസ്സുകാർ മക്രോണിയെങ്കിലും ഭക്ഷിക്കാൻ കൊണ്ടുതന്ന ഈയെമ്മസ് സർക്കാരിനെ ഒട്ടും നന്ദിയില്ലാതെ തള്ളിമറിച്ചിട്ടു എന്നത് മറ്റൊരു വശം. അമേരിക്കൻ ഗോതമ്പിന്റെ സ്കൂളുപ്പുമാവുപോലും മലയാളി ഗൃഹാതുരതയുടെ ഭാഗമാണ് എന്ന വസ്തുത ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്.

          ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കാലം വരെ ചോറുണ്ണുന്നതിനോളം മാന്യമായ ഒരു ആനന്ദം പരദേശികളായ ധാന്യോല്പന്നങ്ങൾ ഭക്ഷിക്കുന്നതിൽ മലയാളി കണ്ടെത്തിയിട്ടില്ല എന്നു വേണം കരുതാൻ. ഗോതമ്പെന്നത് ക്ഷാമകാലത്തെ ചപ്പാത്തിയേയും ഗോതമ്പുല്പന്നമായ മൈദ എന്നത് ഇടപ്പള്ളിയിലെ മോഡേൺ ബ്രഡ് ഫാക്ടറി ഉല്പാദിപ്പിച്ചിരുന്ന ആസ്പത്രിറൊട്ടിയേയും ആണ് ഓർമ്മിപ്പിച്ചിരുന്നത്. മാറിമാറിവരുന്ന സർക്കാറുകളോട് അരിയെവിടെ എന്നു തന്നെയാണ് മലയാളിവോട്ടർമാർ ചോദിച്ചിരുന്നതും. ഇതിനിടയിൽ എപ്പോഴാണ് മലയാളിഭാവുകത്വത്തേയും സ്വത്വത്തേയും അടയാളപ്പെടുത്തുന്ന ഒരു ഭക്ഷണപദാർത്ഥമായി പൊറോട്ട മാറിയത് എന്നത് ചരിത്രവിദ്യാർത്ഥികൾ പഠനവിഷയമാക്കേണ്ടതാണ്. ചുരിദാർ കേരളീയമായ ഒരു വസ്ത്രവിധാനമായി മാറിയത് എപ്പോഴെന്നപോലെത്തന്നെ കൃത്യമായി അടയാളപ്പെടുത്താനുള്ള കാരണങ്ങൾ പൊറോട്ടയുടെ കാര്യത്തിലും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. 

പരശുരാമൻ ത്രേതായുഗത്തിൽ മഴുവെറിഞ്ഞ് റീക്ലെയിം ചെയ്ത് മൊത്തമായും ദേവസ്വവും ബ്രഹ്മസ്വവുമായി റജിസ്റ്റർ ചെയ്ത കേരളസംസ്ഥാനം ധാതുലവണങ്ങളാൽ സമ്പുഷ്ടമാണ്. മോണോസൈറ്റ്, ഇൽമനൈറ്റ് തുടങ്ങി പിൽക്കാലത്ത് കലിയുഗത്തിൽ ഇന്ത്യൻ റെയർ എർത് ലിമിറ്റഡ് സ്ഥാപിക്കപ്പെടാൻ വരെ വിഭവശേഷികൾ ഉള്ള ഈ മനോഹരതീരത്ത് ജന്മങ്ങളായി ജനിച്ചുകൊണ്ടിരിക്കുന്ന മലയാളികൾക്ക് പൊതുവേയുള്ള രസതന്ത്രാഭിമുഖ്യം സ്വാഭാവികമാണ്. അമോണിയം ക്ലോറൈഡു മുതൽ യുറേനിയം 235 വരെ എന്തും അര ലിറ്റർ വെള്ളത്തെ ഒരു ക്വാർട്ടറിന്റെ പ്രഹരശേഷി ഉള്ളതാക്കി മാറ്റാൻ കെല്പുള്ളതാണെങ്കിൽ അത് ഗവേഷണം ചെയ്ത് കണ്ടുപിടിക്കാനും  കുന്നംകുളത്തുനിന്നെങ്കിലും സംഘടിപ്പിക്കാനും കാണിക്കുന്ന മലയാളിമിടുക്കിന് മൈദമാർദ്ദവത്തിലുള്ള ബെൻസോയിൽ പെറോക്സൈഡിനോടും ഒരു ആഭിമുഖ്യം തോന്നുന്നതിൽ അത്ഭുതമില്ല. മാത്രമല്ല, ഗോതമ്പിന്റെ എൻഡോസ്പേംആണ് മൈദ എന്ന രഹസ്യവിവരവും സാക്ഷരമലയാളി അതിനകം ചോർത്തിയെടുത്തു. കുന്നത്ത് ഫാർമസ്യൂട്ടിക്കൽ സ്ഥാപിതമാകുന്നതുവരെ ആ എക്സ്ട്രാ പവറിന് ശരാശരിമലയാളി പൊറോട്ടയെ ആശ്രയിച്ചുപോന്നു എന്നുകൂടി വേണമെങ്കിൽ കരുതാവുന്നതാണ്.

കേരളത്തിന്റെ രാഷ്ട്രീയസാംസ്കാരികരംഗങ്ങളിൽ ഇതിനകം തന്നെ കുറുക്കിയ മൈദമാവ് സവിശേഷമായ സ്വാധീനം കൈവരിച്ചിരുന്നു. നന്നായി നീറ്റിക്കലക്കിയ കുമ്മായം വീശിയടിച്ച് കഞ്ഞിപ്പശയുള്ള നീലം മുക്കിയെഴുതുക എന്ന പ്രചരണരീതി മൈദപ്പശയാലൊട്ടിച്ച കടലാസുപോസ്റ്ററുകൾക്ക് വഴിമാറി. ഐക്യകേരളം നിലവിൽ വന്നശേഷം പ്രതിവർഷം പശയാക്കപ്പെട്ട മൈദയുടെ ഒരു കണക്ക് ലഭ്യമായിരുന്നെങ്കിൽ കേരളത്തിന്റെ സാംസ്കാരികസജീവതയുടേയും സാമൂഹ്യപുരോഗതിയുടേയും ഒരു പഠനം സാദ്ധ്യമാവുമായിരുന്നു. അതോടൊപ്പം ഭക്ഷിക്കപ്പെട്ട മൈദയും ഒട്ടിക്കപ്പെട്ട മൈദയും പട്ടികതിരിക്കുന്നതും ഇത്തരത്തിലൊരു പഠനത്തെ കൂടുതൽ സഹായിക്കേണ്ടതുമായിരുന്നു. ഉദാഹരണത്തിന് കൃത്യമായ കണക്കുകളിലൂടെയല്ലെങ്കിലും 1978ലെ ഒരു ശരാശരി മലയാളിയുടെ പ്രതിശീർഷ പൊറോട്ട ഉപഭോഗത്തിലും എത്രയോ അധികമാണ് അതേ വർഷമിറങ്ങിയ രതിനിർവ്വേദത്തിന്റെ പ്രതിശീർഷജയഭാരതിവിസ്തീർണ്ണം ഉപയോഗപ്പെടുത്തിയ മൈദയുടെ കിലോഗ്രാം അളവ് എന്നുള്ളത് വ്യക്തമാണ്. അതേ സമയം 2011 ആവുമ്പോഴേക്കും പുനർനിർമ്മിച്ച രതിനിർവ്വേദത്തിന്റെ വർദ്ധിതമായി വിന്യസിക്കപ്പെട്ട ശ്വേതാമേനോൻപോസ്റ്ററുകളേയും മറികടന്ന് കേരളത്തിന്റെ പ്രതിശീർഷ പൊറോട്ട ഉപഭോഗം ഉയർന്നു എന്നുള്ളത് കേരളത്തിന്റെ സമഗ്രവികസനത്തിന് ദീർഘവീക്ഷണമുള്ള പദ്ധതികളാവിഷ്കരിച്ച ധിഷണാശാലികളായ മന്ത്രിമാർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. (ശ്രീമതി ജയഭാരതി, ശ്രീമതി ശ്വേതാ മേനോൻ എന്നിവരെ ഒരു പഠനവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങളായി ഉപയോഗിച്ചത് അവരോടുള്ള സ്നേഹാദരങ്ങളോടെയാണെന്നും ശ്രീനാരായണഗുരു, ഇ.എം.എസ്, അമൃതാനന്ദമയി എന്നൊക്കെ  കണക്കാക്കാനുപയോഗിക്കുന്നതിനേക്കാൾ സ്വാതന്ത്ര്യത്തോടെ തല്ലുകൊള്ളൽ ഭീഷണിയില്ലാതെ അവരെ പരാമർശിക്കാവുന്നതാണ് എന്ന ബോദ്ധ്യത്തോടെയും സൗകര്യത്തോടെയുമാണെന്നും വ്യക്തമാക്കട്ടെ)

ഇത്തരത്തിൽ ആലോചിക്കുമ്പോൾ ഒട്ടിക്കലും ഭക്ഷിക്കലും എന്നതിനെ പ്രചരണവും പ്രവർത്തനവും എന്ന വിശാലമായ അർത്ഥത്തിൽ പുനർനിർവ്വചിച്ചുകൊണ്ട് കേരളസമൂഹത്തിനെ രാഷ്ട്രീയമായി അളക്കാവുന്ന ഒരു KPI (Kerala Porotta Index) രൂപപ്പെടുത്തിയെടുക്കാമെന്നു തോന്നുന്നു. പ്രചരണപ്രവർത്തനങ്ങളിൽ മൈദമാവുപയോഗിച്ചില്ലെങ്കിലും കുതിരകൾ വലിക്കാത്ത കാലത്തും കുതിരശക്തി ഒരു യൂനിറ്റാവുന്നതുപോലെ ഫ്ലക്സുകൾക്കും ചാനലിന്റർവ്യൂവിനും പത്രപ്രസ്താവനയ്ക്കും തത്തുല്യമായ ഒരു മൈദാത്മകത കണക്കാക്കിയെടുക്കാവുന്നതേയുള്ളൂ. അതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ സത്യത്തിൽ ഉപയോഗയോഗ്യമായി ചിലവഴിക്കപ്പെടുന്ന ഊർജ്ജമോ സമ്പത്തോ നിലവിലുള്ള കലോറിഫിക് അല്ലെങ്കിൽ വിനിമയമൂല്യത്തെ  അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പൊറോട്ടകളുടെ എണ്ണമായി കണക്കാക്കി നേരത്തെ പറഞ്ഞ മൈദാത്മകത കൊണ്ട് ഹരിച്ചാണ് കെ.പി.ഐ കണക്കാക്കേണ്ടത്. അതാത് സാമുദായികസംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സർക്കാറാപ്പീസുകളും അവരവർക്ക് ഹരിച്ച്കിട്ടിയ പൊറോട്ടകളുടെ അടുക്കുമായി സ്വന്തം ചായപ്പീടികകളിൽ ഇരുന്നാൽ മതിയാവും. ബാക്കി കാര്യങ്ങൾ പ്രബുദ്ധരായ കേരളജനത എളുപ്പത്തിൽ നടത്തിക്കൊള്ളും.

Comments

comments