കെ ജയകുമാറുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖം.
1. മലയാള സാഹിത്യം ,കേരള രാഷ്ട്രീയത്തേക്കാൾ ജാതി വിമുക്തമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട്. വിശദീകരിക്കാമോ ?
@ ജാതി നമ്മുടെ സമൂഹ ചിന്തയിൽ നേരത്തേ ഉണ്ടായിരുന്നതാണ്.ഒരു കാലത്ത് നമ്മുടെ സാമൂഹ്യ അവബോധത്തിൽ ജാതിക്ക് വലിയ സ്ഥാനമുണ്ടായിരുന്നു . നവോത്ഥാനത്തിനു ശേഷം പുതിയ കേരളത്തിൽ ജാതി അത്രമാത്രം പ്രസക്തമായ ഒരു വിഷയമായി തോന്നിയിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിൽ തീർച്ചയായും ജാതി ഒരു വലിയ ഘടകമായി മാറിയിട്ടുണ്ട് എന്നത് വാസ്തവമാണ്. അതിനെപ്പറ്റി ഞാൻ അഭിപ്രായമൊന്നും പറയുന്നില്ല. പക്ഷേ സാഹിത്യത്തിൽ, കലയിൽ കേരളം ഇപ്പോഴും പ്രബുദ്ധമാണ് എന്നു തന്നെയാണ് എന്റെ വിശ്വാസം.ഒരു പ്രത്യേക ജാതിയിൽ ജനിച്ച എഴുത്തുകാരനെ കൂടുതൽ പ്രോൽസാഹിപ്പിക്കുകയോ അല്ലെങ്കിൽ വേറൊരു ജാതിയിൽ ജനിച്ച എഴുത്തുകാരനെ നിരുൽസാഹപ്പെടുത്തുകയോ തമസ്കരിക്കുകയോ ഒക്കെ ചെയ്യുന്ന പ്രവണതയൊന്നും കേരളത്തിലില്ല.തമിഴ്നാട്ടിൽ ഇതൊക്കെ വളരെ ഭീകരമായിട്ട് നിലവിലുണ്ട് എന്ന് തമിഴെഴുത്തുകാർ എന്നോട് പറഞ്ഞൊരു സാഹചര്യത്തിൽ കൂടിയാണ് ഞാനീ പരാമർശം നടത്തിയത്. കേരളം എന്തായാലും അക്കാര്യത്തിൽ വളരെ പുരോഗമനം നേടിയ സംസ്ഥാനമാണ് എന്ന കാര്യത്തിൽ അന്നുമിന്നും എനിക്ക് സംശയമില്ല.ജാതി ഒരു ഘടകമായിരിക്കാം. പക്ഷെ എഴുത്തുകാർക്കിടയിൽ ജാതി ഒരു വിഷയമല്ല. ജനങ്ങളുമായും മാധ്യമങ്ങളുമായും ഇടപഴകുന്നതിനൊന്നും അവർക്കിടയിൽ ജാതി ഒരു ഘടകമേ അല്ല എന്ന അഭിപ്രായം വളരെ ആലോചിച്ചു തന്നെയാണ് പറഞ്ഞത്. അക്കാര്യത്തിൽ കേരളം വളരെ പ്രബുദ്ധമാണ് എന്നുതന്നെയാണ് ഇന്നും എന്റെ അഭിപ്രായം.
2. ‘കലാകാരന്റെ ശബ്ദത്തിന് കാതോർക്കാത്ത ഒരു സമൂഹം പിന്നെ കലാപങ്ങൾക്കാണ് കാതോർക്കുക’. സമകാലിക സമൂഹത്തിൽ കലാപങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതു സംഭവിക്കുന്നത് കലാകാരന്റെ ശബ്ദത്തിന് മുഴക്കം പോരാഞ്ഞിട്ടാണോ അതോ, സമൂഹം അതു കേൾക്കാത്ത വിധത്തിൽ ബധിരമായിപ്പോകുന്നതു കൊണ്ടാണോ?
@ ആ പ്രസ്താവംവളരെ ശരിയാണ്.വളരെ profound ആയ ഒരു സ്റ്റേറ്റ്മെന്റ് ആണത്. കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും അതുതന്നെയാണ് സ്ഥിതി. എഴുത്ത്, സാഹിത്യം, കല, എന്നിവയുടെ പ്രാധാന്യവും, അതിന്റെ സ്പേസും കുറഞ്ഞുവരുന്നുണ്ട്. ആ മേഖലയിലുള്ളവർ നമ്മുടെ ശ്രദ്ധ എത്രമാത്രം പിടിച്ചു പറ്റുന്നു എന്നത് കുറയുന്നുണ്ട്. ഞാനൊരു ചരിത്ര പണ്ഡിതനല്ല. പക്ഷേ നമ്മൾ ഒന്നു തിരിഞ്ഞു നോക്കിയാൽ കലാപങ്ങളുണ്ടായിട്ടുള്ള സ്ഥലങ്ങളിൽ കലയുടെ ശബ്ദം പ്രായേണ കുറവു തന്നെയായിരുന്നു. നമ്മളെപ്പോലുള്ളൊരു സമൂഹത്തിൽ സാഹിത്യം ഒരു വിസിൽ ബ്ലോവറുടെ ജോലി ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് കലയ്ക്കു കാതോർക്കുന്ന ഒരു സമൂഹം തന്നെയാണ് ഇന്ത്യ. ഇവിടെ എഴുത്തുകാരന്റെ ശബ്ദത്തിന് ഇന്നുമൊരു വിലയുണ്ട്. എന്നാൽ എല്ലാ സമൂഹങ്ങളിലും അങ്ങനെയല്ല. ആ അർത്ഥത്തിൽ സാഹിത്യത്തിനും കലയ്ക്കുമൊക്കെ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് സമൂഹത്തിന്റെ ഭദ്രമായ നിലനിൽപ്പിന് ആവശ്യമാണ് എന്നെനിക്കു തോന്നുന്നു. അപ്പോൾ ഭാഷയിൽ നിന്നൊക്കെ സമൂഹം മാറുമ്പോൾ സ്വാഭാവികമായിട്ടും നമ്മുടേതായിട്ടുള്ള സാഹിത്യത്തിന്റെ ശബ്ദത്തിൽ നിന്ന് നമ്മൾ പതുക്കെ മാറുകയാണ് എന്നുള്ളതും കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. തീർച്ചയായിട്ടും അവനവന്റെ സാഹിത്യം വിളിച്ചു പറയുന്ന മഹാസത്യങ്ങൾ അല്ലെങ്കിൽ prophetic ആയുള്ള സത്യങ്ങൾ ഒരു സമൂഹത്തിന്റെ നല്ല നിലനിൽപ്പിന് അനുപേക്ഷണീയമാണ് എന്നു തന്നെയാണ് എന്റെ അഭിപ്രായം.
3. ഒരു സമൂഹത്തിന്റെ സ്വത്വബോധം രൂപപ്പെടുത്തിയെടുക്കുന്നതിന് കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വളരെയധികം പങ്കു വഹിക്കാനുണ്ടല്ലോ. ഒരു കവി എന്ന നിലയിൽ നോക്കുമ്പോൾ ഇന്നത്തെ കവിതകളിലെ പുതുവഴികൾ അത്തരമൊരു സ്വത്വബോധം രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നുണ്ടോ?
@ സങ്കീർണ്ണമായൊരു ചോദ്യമാണ്. അതിന് പെട്ടെന്ന് ഉത്തരം പറഞ്ഞുതീർക്കാൻ സാദ്ധ്യമല്ല. മലയാളത്തിന്റെ സ്വത്വബോധരൂപീകരണത്തിൽ ഒരു കാലത്ത് കവിത വളരെ വലിയ പങ്കു വഹിച്ചു. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ് തുടങ്ങിയ മഹാരഥന്മാരുടെ ഗദ്യസാഹിത്യവും അത്രതന്നെ പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ സ്വത്വബോധരൂപീകരണത്തിലും, നമ്മൾ അപകടങ്ങളിൽ ചെന്നു ചാടാതിരിക്കുന്നതിനും, വളരെ മോശമായിട്ടുള്ള മൂല്യ ബോധത്തിൽ പെട്ടുപോകാതിരിക്കുന്നതിനും അവിടെ നിന്നു പുറത്തുവരുന്നതിനുമൊക്കെ ഗദ്യസാഹിത്യവും അതോടൊപ്പം പദ്യസാഹിത്യവും വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. ഇന്നത്തെ കവിതയെപ്പറ്റി പഴയ മാനദണ്ഡങ്ങൾ വെച്ച് നമ്മൾ അളന്നു നോക്കിയാൽ തീർച്ചയായും കവിതയുടെ ധർമ്മമിതാണോ എന്നും പണ്ട് കവിത അനുഷ്ഠിച്ച ധർമ്മം ഇപ്പോൾ എവിടെ എന്നുമൊക്കെ നമുക്കു തോന്നും.
പിന്നൊന്ന് പുതിയ കവിത ഒരു ന്യൂനപക്ഷത്തോടു മാത്രം സംസാരിക്കുന്നു എന്ന തോന്നലാണ്. ഓരോ കവികളും അവരുടേതായിട്ടുള്ള, തികച്ചും വൈയക്തികമായിട്ടുള്ള ഏതോ ചില അനുഭവങ്ങളേയോ അല്ലെങ്കിൽ വൈയക്തികമായിട്ടുള്ള രീതിയിൽ ചില പൊതു അനുഭവങ്ങളേയോ സംവേദനം ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും കവിതയുടെ റീച്ച് എന്നു പറയുന്നത് കുറഞ്ഞു പോയി. അതൊരു വാസ്തവമാണ്.അത് കവികൾ തന്നെ ചെന്നുപെട്ട ഒരു അവസ്ഥയാണെന്ന് എനിക്കു തോന്നുന്നു. ഇപ്പോൾ വൃത്തത്തിൽ കവിതയെഴുതുക എന്നത് നമുക്ക് ചിന്തിക്കാൻ സാദ്ധ്യമല്ലാത്ത വിധം അന്യമായിപ്പോയി. ഞാനും വൃത്തത്തിൽ കവിതയെഴുതാത്ത ആളാണ്. വേണമെങ്കിൽ എഴുതാം.
ഈയിടെ എനിക്കൊരു മാനസാന്തരമുണ്ടാവുന്നതുപോലെ തോന്നുന്നത് , നമ്മളിപ്പോൾ പത്തുമുപ്പതു വർഷമായി കവിതയെഴുതിയിട്ട്, ഒരു വരിപോലും ആളുകൾക്ക് ചൊല്ലി നടക്കാനോ, പാടിനടക്കാനോ, ഓർമ്മയിൽ നിന്നെടുത്തു പറയാനോ ഗദ്യത്തിലെഴുതപ്പെട്ട ഒരു കവിതയ്ക്കു സാധിക്കുന്നില്ലല്ലൊ എന്ന വലിയൊരു ഉൾക്കാഴ്ച എനിക്കുണ്ടായി. കാരണം ഒരു പ്രസംഗത്തിനിടയ്ക്ക് ഉദ്ധരണിയായിട്ടു കൊടുക്കുന്നതിന് ഒരു ചങ്ങമ്പുഴയേയോ വൈലോപ്പിള്ളിയേയോ ഇടശ്ശേരിയേയോ മാത്രമേ ഇപ്പോഴും നമുക്കു പറയാനുള്ളൂ. അല്ലാതെ മീറ്ററില്ലാതെ എഴുതപ്പെട്ട സച്ചിതാനന്ദന്റെ പോലും ഒരു കവിതയെടുത്ത് ഉദ്ധരണിയായിട്ടു പറയാൻ എനിക്കു പോലും സാധിക്കുന്നില്ല. ഉദ്ധരണിയാവുകയാണോ ഒരു കവിതയുടെ ലക്ഷ്യം എന്നൊക്കെ ചോദിക്കാം. അതല്ല;അത് അതിന്റെ ഒരു ഇൻഡിക്കേറ്റർ മാത്രമാണ്. നമ്മുടെ ഓർമ്മയിൽ അത് എന്തുമാത്രം ഇടം നേടി എന്നതിന്റെ ഒരു ഇൻഡിക്കേറ്റർ.
താൽക്കാലികമായി നമ്മുടെ ക്ഷോഭത്തെയൊക്കെ ആവിഷ്കരിക്കാൻ ഇപ്പോഴത്തെ കവിതയ്ക്കു സാധിക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള സാഹിത്യ ധർമ്മം അതായത് സമൂഹത്തിന്റെ സ്വത്വബോധത്തിനേയും മനസ്സിനേയും മനസ്സാക്ഷിയേയുമൊക്കെ ഉണർത്തിനിർത്താൻ സാധിക്കുന്ന തരത്തിൽ കവിതയുടെ ഒരു സ്വാധീനം ഇന്നത്തെ സാഹചര്യത്തിൽ കുറഞ്ഞിരിക്കുന്നു. അതൊക്കെ കവിതയ്ക്ക് കാലാകാലങ്ങളിൽ സംഭവിക്കുന്ന അപചയങ്ങളാണെന്ന് എനിക്കു തോന്നുന്നു. കവിത ഒരു പക്ഷെ അതിന്റെ ശബ്ദം തിരിച്ചെടുക്കും. കാരണം കവിതയ്ക്കു മാത്രമായി സാധിക്കുന്ന ഒരു റീച്ച് ഉണ്ട്. അത് അതിനു നേടിയെടുത്തേ സാധിക്കുകയുള്ളൂ. ആ ഒരു പരീക്ഷണത്തിലായിരിക്കും മലയാള കവിത എന്നെനിക്കു തോന്നുന്നു. എത്രയോ നല്ല കവികളുണ്ട്. അവരൊക്കെ നല്ല കവിതകളുമെഴുതിയിട്ടുണ്ട്. പക്ഷേ കവിതകളൊന്നും തന്നെ തലമുറകളോളം ജീവിക്കുന്നില്ല. അത് ഞാൻ തന്നെ ആത്മ പരിശോധന ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ള കവിതകളെഴുതലാണോ നമ്മുടെ പണി? അത് കവികൾ തന്നെ ചിന്തിക്കേണ്ടതുണ്ട്. പിന്നെ കവിതയ്ക്കു നമ്മൾ കൊടുക്കുന്ന സമയം. പഴയതുപോലെ നമ്മുടെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട എലിമെന്റ് അല്ല കവിത ഇന്ന്. അതേസമയം പുതുമാധ്യമങ്ങൾ നോക്കിയാൽ നിറച്ചും കവിതകളാണു താനും. കവിതകൾക്കു വേണ്ടിയുള്ള വെബ്സൈറ്റുകളും ധാരാളം. അതിന്റെയർത്ഥം പോയറ്റിക് ഇംപൾസ് നശിച്ചിട്ടൊന്നുമില്ല. അതേ സമയത്ത് പുതുകവിതയ്ക്ക് മുഴുവനായിട്ടൊരു ലക്ഷ്യത്തിലേക്കോ അതിന്റെ കഴിവിലേക്കോ ഉണരാനായിട്ടില്ല എന്നുള്ളതും വാസ്തവം. അത് കവികൾ തന്നെ സ്വയം തിരുത്തും എന്നെനിക്കു തോന്നുന്നു.
4.അകം കവിതകൾ എഴുതിക്കൊണ്ടിരുന്ന അങ്ങ് ഇപ്പോൾ എഴുതുന്നത് കൂടുതലും പുറം കവിതകളാണ് . ഈയൊരു മാറ്റത്തെക്കുറിച്ച്?
@ കവികൾ എഴുതുന്നത് ബോധപൂർവ്വമല്ല. അയാൾക്ക് അതേ സാധിക്കൂ ആ സമയത്ത്. കവിയുടെ യൗവ്വനത്തിൽ അയാളുടെജീവിതത്തിന്റെ പച്ചപ്പുള്ള സമയത്ത് അയാളുടെ നൊമ്പരങ്ങളും, ആത്മസംഘർഷങ്ങളുമൊക്കെ ആവിഷ്കരിക്കാൻ അകം കവിതകളായിരിക്കും അയാളെഴുതുക. ജീവിതം ഒരു ഘട്ടം എത്തുമ്പോഴേക്കും ഈ ആത്മസംഘർഷങ്ങൾക്കൊന്നും വലിയ പ്രാധാന്യമില്ലാതെയാവും. 70-75 വർഷങ്ങൾ ജീവിച്ച ഒരാളുടെ ആത്മസംഘർഷങ്ങൾ കൊണ്ട് ഇവിടെ എന്തുകാര്യം? അതെല്ലാം എന്നോടൊപ്പം കല്ലറയിൽ പോയാലും ഇവിടെ ഒരു കുഴപ്പവുമില്ല. പക്ഷേ നമ്മുടെ വൈയക്തികമായ സംഘർഷങ്ങളിൽ നിന്ന് നല്ല കലാശിൽപ്പങ്ങൾ ഉണ്ടാവാം. ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതയിൽ സാമൂഹികമായ പ്രശ്നങ്ങളൊന്നും ഇല്ലായിരിക്കാം. പക്ഷേ വൈയക്തികമായിട്ടാണെങ്കിലും അപൂർവ്വ സുന്ദരമായ കാവ്യശിൽപ്പം ഉണ്ടാകും എന്നത് അതുവായിക്കുമ്പോൾ നമുക്കു മനസ്സിലാവുന്നു. ആദ്യകാലങ്ങളിലൊക്കെ നമ്മൾ പിറകേ പോയ വൈയക്തികമായ വിഷാദങ്ങൾക്കും പ്രശ്നങ്ങൾക്കുമെല്ലാം എന്തു പ്രസക്തി എന്നു പിന്നീട് നമ്മൾ ചിന്തിക്കും. സമൂഹത്തിൽ അതിനേക്കാൾ എത്രയോവലിയ പ്രശ്നങ്ങളിൽ കിടക്കുന്ന മനുഷ്യരുമായി താദാത്മ്യം പ്രാപിച്ചിരുന്നെങ്കിൽ എന്റെ കവിത വലിയൊരു ദൗത്യം നിർവ്വഹിക്കുകയില്ലേ എന്നൊക്കെ നമുക്കു തോന്നും. അതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഓരോ അവസ്ഥകളാണ്.
പുതിയ മലയാള കവിത അകത്തും പുറത്തുമായിട്ട് ജീവിക്കുകയാണിപ്പോഴും. ആത്യന്തികമായി എല്ലാ കവിതകളും അകം കവിതകൾ തന്നെയാണ്. പക്ഷേ അകത്തിന്റെ ഇംപൾസ് എവിടെ നിന്നു വരുന്നു, ശ്രോതസ്സ് എവിടെ നിന്നാണ് എന്നതാണ് പ്രധാനം. അധികാരത്തിന്റെ അകത്തളത്തിലിരുന്ന ഒരാൾ എന്ന നിലയ്ക്ക് എന്റെ കവിതകളിൽ കുറേയേറെ ധാർമ്മിക രോഷം വരുന്നുണ്ടെന്നത് സ്വാഭാവികം. കാരണം, പുറത്ത് നമുക്കു തെളിച്ചുപറയാൻ കഴിയാത്ത കാര്യങ്ങളൊക്കെ ഒരു രോഷമായിട്ട് അകത്തുകൂടെ വന്നേക്കാം. പിന്നെ സാമൂഹികമായ അനീതികളൊക്കെ കാണുമ്പോൾ വിഷമം വരും. അതൊക്കെ കണ്ടിട്ടും നമ്മളിങ്ങനെ ഇമ്പൊട്ടന്റ് ആയി,വന്ധ്യമായി ഇരിക്കുന്നതല്ലാതെ നമ്മളെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലൊ എന്ന അനുതാപം – അതും ഉണ്ട്. അത് നമ്മൾ ബോധപൂർവം ചെയ്യുന്നതല്ല. അങ്ങനെയേ സാധിക്കൂ. ഇപ്പോഴാണെങ്കിൽ അതു രണ്ടുമല്ലാത്ത അവസ്ഥയിലാണ് എന്റെ കവിത നിൽക്കുന്നത്.
5. മലയാള സിനിമാ ഗാനരംഗത്ത് പൊതുവെ ഒരു താളപ്പിഴവ് ദൃശ്യമാണല്ലോ.നമ്മുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന താളപ്പിഴകളുടെ പ്രതിഫലനമാണ് ആ രംഗത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന നിരീക്ഷണത്തോട് ഒരു ഗാനരചയിതാവെന്ന നിലയ്ക്ക് എങ്ങനെ പ്രതികരിക്കുന്നു?
@ ഗാനസാഹിത്യത്തെ അപേക്ഷിച്ചുനോക്കുമ്പോൾ കവിതയൊക്കെ എത്രയോ ശക്തമായി ഭദ്രമായി നിലനിൽക്കുന്നൊരു ശാഖയാണ്. കവിതയ്ക്കൊക്കെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിച്ചാൽ ഒന്നുമില്ല. അതൊക്കെ മാറ്റങ്ങളുടെ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ. എന്നാൽ ഗാനരചനയുടെ രംഗത്ത് മാറ്റങ്ങളേക്കാൾ കൂടുതൽ തളർച്ചയുടെ ഒരു പ്രവണത കാണാം. അതിന്റെ ഒന്നാമത്തെ കാരണം സാമ്പത്തികമാണ് എന്നാണെനിക്കു തോന്നുന്നത്. ഒരു കാലത്തൊക്കെ ആദ്യം തന്നെ പാട്ടുകളുടെ കാസറ്റ്/ സി ഡി റൈറ്റ് കൊടുത്തിട്ട് നിർമാതാവിന് നല്ലൊരു തുക കിട്ടുമായിരുന്നു. നല്ല പാട്ടുകളാണെങ്കിൽ നല്ല തുക തന്നെ കിട്ടും. ഇപ്പോൾ അതൊന്നും സാദ്ധ്യമല്ല. മ്യൂസിക് ഇൻഡസ്ട്രി തന്നെ പ്രതിസന്ധിയിലാണ്. ഓഡിയോ റൈറ്റ്സ് വിൽക്കലൊന്നും നടക്കില്ല. എല്ലാം അപ്പോൾ ത്തന്നെ വീഡിയോ കാണാം. അതിനൊരു എക്കണോമിക് മൂല്യമില്ലാതായി. ഒരു പടത്തിന്റെ നിർമ്മാണച്ചിലവാണെങ്കിൽ എത്രയോ വര്‍ദ്ധിച്ചു, കോടികളായി.പാട്ടിന്റെ വിൽപ്പന സാധ്യതയില്ല, പാട്ടിൽ നിന്ന് പത്തുപൈസപോലും പ്രൊഡ്യൂസർക്കു കിട്ടുന്നില്ല. പിന്നെ എന്തിനാണ് കേമമായുള്ള പാട്ടുകളുണ്ടാക്കാൻ താൻ കഷ്ടപ്പെടുന്നത് എന്നുള്ള ധാരണ സിനിമാ നിർമ്മാണത്തിൽ കടന്നു കൂടി. ഇതാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി, പുതിയ സംഗീത സംവിധായകർ, പുതിയ സാങ്കേതിക വിദ്യ ഇതെല്ലാം കൂടി മ്യൂസിക് മെയ്ക്കിങ് എന്നത് വളരെ യാന്ത്രികമായി മാറി. യേശുദാസിനെപ്പോലെയുള്ളവർ അല്ലെങ്കിൽ വലിയ മ്യൂസിക് ഡയറക്റ്റേഴ്സ് രംഗത്തു നിന്നു തിരോഭവിച്ചു. പുതിയ ആർക്കു വേണമെങ്കിലും മ്യൂസിക് ചെയ്യാമെന്ന സ്ഥിതിയായി. എം. ജയചന്ദ്രനെപ്പോലെയുള്ള, സംഗീതത്തോട് പ്രതിബദ്ധതയുള്ള, സംഗീതം പഠിച്ച ആളുകളുണ്ട്; ഇല്ലെന്നല്ല. പക്ഷേ പുതിയതു വന്ന പലരുടേയും മ്യൂസിക് ട്രഡീഷനെന്താണെന്നും, അവരുടെ മ്യൂസിക് സങ്കൽപ്പമെന്താണെന്നുമൊക്കെ എനിക്കു വലിയ സംശയമുണ്ട്. സംഗീതത്തെക്കുറിച്ചൊരു സങ്കൽപ്പമുണ്ടല്ലൊ, What is good music ? ആ സങ്കൽപ്പത്തെ ആകെ വികലമാക്കിക്കളഞ്ഞു എന്നാണെനിക്കു തോന്നുന്നത്. മ്യൂസിക് ഡയറക്റ്റേഴ്സിന്റെ ആ സമീപനത്തിൽ ഒരു ഗാനത്തിന് സാഹിത്യം ,അതിന്റെ ലിറിക്സ് തികച്ചും അപ്രധാനമായിട്ടുള്ള ഒരു ഘടകമായിട്ട് മാറി. അവർ ഇട്ടു തരുന്ന, മലയാളഭാഷയുമായി ഒരു ബന്ധവുമില്ലാത്ത ട്യൂൺ എന്നു പറയുന്ന ആ ഒരു സ്റ്റ്രക്ചറിനകത്ത് കുത്തിനിറക്കാനുള്ള പേപ്പർമാഷ് അഥവാ ഫില്ലേഴ്സ് മാത്രമായി മാറി വാക്കുകൾ. ഗാനത്തിന്റെ സാഹിത്യത്തിന് അങ്ങനെ രണ്ടാംകിട പ്രാധാന്യം മാത്രം കൊടുത്തു കൊണ്ട് ഒരു ഗാനശാഖയ്ക്ക് ഒരിക്കലും വളരാനോ തഴക്കാനോ സാധ്യമല്ല. കാരണം അത് എന്തോ കുറച്ചു ശബ്ദങ്ങൾ നമ്മളിലേക്ക് സന്നിവേശിപ്പിക്കാനുള്ള സംഗതി മാത്രമായിത്തീരുകയാണ്. അത് കേൾക്കുമ്പോൾ ഒരു സുഖം, ഒരു വാക്കുമില്ലെങ്കിലും ഒരു excitement ഉണ്ടാകും. ആ excitement കഴിഞ്ഞാൽ പിന്നെ വെള്ളം അരിച്ചെടുത്ത പോലെയാണ്, ഒന്നുമില്ല. ലിറിക്സിനു പ്രാധാന്യം കുറയുന്ന ഈയൊരു കാലഘട്ടം നല്ല സംഗീതത്തെ കൊന്നുകൊണ്ടേയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. അത് വളരെ ദയനീയമായിട്ടുള്ള സംഗതിയാണ്. ലിറിക്സിനും ലിറിക്സിസ്റ്റിനും പ്രാധാന്യം നഷ്ടപ്പെട്ട സിനിമാസംഗീതം അത്, നമ്മുടെ സംഗീതത്തിന്റെ തന്നെ മരണ മണിമുഴക്കമാണ് എന്നാണെനിക്കു തോന്നുന്നത്. മാറിവരും എന്നു ഞാൻ വിചാരിക്കുന്നു. സിനിമയിൽ എല്ലാം ട്രെൻഡുകളാണ്. ഏതെങ്കിലും രണ്ടു പടത്തിൽ ഗംഭീരമായി കുറച്ചു പാട്ടുകളുണ്ടാവുകയും അത് ആ പടങ്ങളുടെ വിജയത്തിനു കാരണമാവുകയും ചെയ്താൽ ഈ ട്രെൻഡ് മാറും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.
6. ജീവൽ ഭാഷയായ മലയാളത്തിന് സ്വയം ശാക്തീകരിക്കാനുള്ള കഴിവും അപചയങ്ങൾക്കെതിരെ ആന്തരിക പ്രതിരോധ ശേഷിയും ഉണ്ട്. ആ ശാക്തീകരണം / പ്രതിരോധം ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു?
@ ഇടയ്ക്ക് വളരെ ദുർബലമായിപ്പോയി നമ്മുടെ ഭാഷ. സ്വയം ദുർബലമായതല്ല. ഈ ഭാഷ പഠിച്ചതുകൊണ്ടൊന്നും പ്രയോജനമില്ല എന്നു തോന്നിയപ്പോൾ പരോന്മുഖരായ കുറച്ചാളുകൾ ഭാഷയിൽ നിന്നു മാറിപ്പോയി. എന്നാൽ ഇപ്പോൾ ഒരു പുതിയ തിരിച്ചറിവുണ്ടായിട്ടുണ്ട്. മലയാളഭാഷ നഷ്ടപ്ലെട്ട മലയാളി, കേമനായ ഒരു മലയാളിയല്ല എന്നൊരു തിരിച്ചറിവെങ്കിലും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് ഇംഗ്ലീഷിലൂടെ മാത്രമേ വിദ്യഭ്യാസം സാധിക്കൂ എന്നു വിചാരിച്ചിരുന്നിടത്ത് ഇന്ന് പല സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ട്. അപ്പോൾ നമുക്ക് ഇടയ്ക്കു വെച്ച് ഉണ്ടായിപ്പോയ സാമൂഹികമായ ചില ദുശ്ശീലങ്ങളാണ് ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. അല്ലാതെ ഭാഷയ്ക്കൊന്നും സംഭവിച്ചിട്ടില്ല. പിന്നെ മലയാളം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്, മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്, മലയാളം മിഷൻ രൂപീകരിച്ചത്,ഗവണ്മെന്റ് കൊണ്ടുവന്ന ചില നിയമ നടപടികൾ ഇതെല്ലാം കൂടി സൃഷ്ടിച്ചുവന്ന ഒരു മനശ്ശാസ്ത്രമുണ്ട്. നമ്മുടെ ഭാഷയ്ക്കു വേണ്ടി ചിന്തിക്കുന്ന ഒരു മനശ്ശാസ്ത്രമാണത്. അത് പതുക്കെപ്പതുക്കെ നമ്മുടെ സാമൂഹ്യ അവബോധത്തിലേക്ക് ഇറങ്ങിവരുന്നുണ്ട്.ആ അർത്ഥത്തിൽ ഭാഷ ഇന്ന് ഒരു ശാക്തീകരണത്തിന്റെ, ഒരു തിരിച്ചു പിടിക്കലിന്റെ വഴിയിലാണ് എന്നാണെനിക്കു തോന്നുന്നത്.
7. ജൈവ വൈവിധ്യത്തിലൂടെയേ ഭാഷയ്ക്ക് നിലനിൽപ്പുള്ളൂ. ആ വൈവിധ്യം നിലനിർത്താനും പോഷിപ്പിക്കാനും മലയാള സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
@ ഭാഷയുടെ വൈവിദ്ധ്യം എന്നു പറയുന്നത് അതിന്റെ ആവിഷ്കാരവൈവിദ്ധ്യമാണ്. എത്ര മലയാളികളുണ്ടോ അത്രയും മലയാളമുണ്ട് എന്നു വേണമെങ്കിൽ പറയാം. ഓരോ ജില്ലയിലും ഓരോ മലയാളമാണ്. തിരുവനന്തപുരത്തെ മലയാളമല്ല കാസർക്കോടിലെ മലയാളം. മലപ്പുറത്തെ മലയാളമല്ല തൃശൂരിലെ മലയാളം. പക്ഷേ ഇതൊക്കെ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ മീഡിയകളും ടിവിയും മറ്റും വന്നിട്ട് ഇത്തരത്തിലുള്ള സവിശേഷതകളും അപൂർവ്വതകളുമൊക്കെ മാറി എല്ലാം ഏതാണ്ടൊരു standardized മലയാളം/ ഒരു മാനകീകരിക്കപ്പെട്ട മലയാളത്തിലേക്ക് നമ്മൾ വന്നുകൊണ്ടിരിക്കുന്നു. അത് നമുക്കാർക്കും പിടിച്ചു നിർത്താൻ സാദ്ധ്യമല്ല. മാറ്റം വരും. കുറച്ചു കഴിയുമ്പോൾ കേരളം മുഴുവൻ ഏതാണ്ട് ഒരേ പോലുള്ള മലയാളം സംസാരിക്കും.മലയാള സർവ്വകലാശാല ചെയ്തുകൊണ്ടിരിക്കുന്നത് കേരളമൊട്ടാകെ ഒരു ലിംഗ്വിസ്റ്റിക് സർവ്വെ ഏറ്റെടുത്തു എന്നുള്ളതാണ്. കേരളത്തിൽ മുഴുവനായിട്ടില്ല. മലപ്പുറമാണ് ഇപ്പോൾ ചെയ്തത്. അതിന്റെ പുസ്തകവും പുറത്തിറങ്ങി. അതിനിനി ഒരു audio archives ഉണ്ടാക്കണം. അടുത്തത് വയനാടാണ്. അവിടെ പോയി അവിടത്തെ ഭാഷാ വൈവിദ്ധ്യം മുഴുവൻ റെക്കോർഡ് ചെയ്തു. അങ്ങനെ പതിനാലു ജില്ലകളിലും പോകുകയും നമ്മുടെ ഭാഷയുടേതായിട്ടുള്ള ഒരു archives ഉണ്ടാക്കുകയും ഒരു ഭാഷാ മ്യൂസിയം ഉണ്ടാക്കുകയുമാണ് ലക്ഷ്യം. മാറ്റങ്ങൾ നമുക്ക് പ്രതിരോധിക്കാൻ പറ്റില്ല. പക്ഷെ പത്തിരുപതു വർഷം കഴിയുമ്പോൾ അല്ലെങ്കിൽ ഒരു തലമുറ കഴിയുമ്പോൾ ഇങ്ങനെയായിരുന്നു മലയാളം എന്ന് കാണിച്ചു കൊടുക്കാൻ കഴിയും. അതുമാത്രമല്ല ഭാഷ മാറുന്നതിനനുസരിച്ച് വാക്കുകൾ ഭാഷയിൽ നിന്നു പോകും. ഇപ്പോൾ നമ്മുടെ അച്ഛനമ്മമാർ അല്ലെങ്കിൽ മുത്തച്ഛന്മാർ ഉപയോഗിച്ചുകൊണ്ടിരുന്ന പല വാക്കുകളും ഇന്ന് ഭാഷയിലില്ല. കാരണം കൃഷി മാറി,സാമൂഹ്യസാഹചര്യങ്ങൾ മാറി. അപ്പോൾ അതിനോടനുബന്ധിച്ച വാക്കുകളും അങ്ങനെതന്നെ അപ്രത്യക്ഷമാവും. അതൊക്കെ ഭാഷയെ ഒരർത്ഥത്തിൽ ശുഷ്കിപ്പിക്കും.ഇതിൽ നിന്ന് ഒരു പ്രതിരോധം എന്നുള്ള നിലക്കാണ് ഈ archiving. ഇത്തരം വാക്കുകളൊക്കെ മലയാളത്തിൽ ഉണ്ടായിരുന്നു എന്ന് അത് നമ്മളെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. ആ ഒരു ദൗത്യം മലയാള സർവ്വകലാശാല ഏറ്റെടുത്തിട്ടുണ്ട്.മാറ്റങ്ങളെ നമുക്ക് പ്രതിരോധിക്കാൻ പറ്റില്ല. പക്ഷേ മാറ്റങ്ങൾ ഇല്ലാതാക്കിക്കളയുന്ന വൈവിധ്യങ്ങളെ വരും തലമുറക്കുവേണ്ടി സൂക്ഷിക്കാൻ ഞങ്ങൾ വിചാരിച്ചാൽ സാധിക്കും. അതാണിപ്പോൾ ഏറ്റെടുത്തു ചെയ്തുകൊണ്ടിരിക്കുന്നത്.
8. വിദേശ മലയാളികൾക്കായി ഒരു ഓൺ ലൈൻ മലയാളം കോഴ്സ് തയ്യാറാക്കുന്നുണ്ടായിരുന്നല്ലോ . അതിനെക്കുറിച്ച്?
@ ആ കോഴ്സിനെപ്പറ്റി ഞാൻ കുറെക്കാലമായിട്ട് പറയുന്നുണ്ട്. പക്ഷെ വിചാരിച്ചതിനേക്കാൾ സങ്കീർണ്ണമാണ് അതിന്റെ ഡിജിറ്റൽ ആർക്കിറ്റെക്ചർ. അതിന്റെ കണ്ടെന്റ്, കരിക്കുലം, ഒക്കെ തയ്യാറായിക്കഴിഞ്ഞു. കണ്ടെന്റ് ഷൂട്ടിംഗ്,& എഡിറ്റിംഗ് എന്നിവ ആരംഭിച്ചിട്ടുണ്ട്.ഇനി ചില ടെക്നിക്കൽ കാര്യങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. ഒന്നോ രണ്ടോ മാസങ്ങൾക്കകം അത് ഓൺലൈൻ ആയിട്ട് കിട്ടിത്തുടങ്ങും. ഞാൻ വിചാരിച്ചതിനേക്കാൾ അതിന് കൂടുതൽ സമയമെടുത്തു. എന്നാലും ഞാനതിൽ പിന്നോട്ടു പോയിട്ടില്ല. രണ്ടു മാസത്തിനകമെങ്കിലും അഡ്മിഷൻ ആരംഭിക്കാൻ കഴിയും എന്നാണെന്റെ വിശ്വാസം. നല്ലൊരു കോഴ്സ് ആയിരിക്കും അത്.
9. മലയാള ഭാഷയുടെ വളർച്ചയ്ക്ക് കേരള ഭരണ സംവിധാനത്തിൽ നിന്ന് കാര്യമായ സഹകരണം ലഭിക്കുന്നുണ്ടോ?
@ മലയാള സർവ്വകലാശാല തന്നെ ഒരു ഭരണകൂടത്തിന്റെ സൃഷ്ടിയാണ്. അതിന്റെ വളർച്ചക്ക് ഭരണകൂടം എല്ലാ ഒത്താശയും ചെയ്തു തന്നു. ചോദിക്കുന്ന കാശു തന്നു, ഏറ്റവും പ്രധാനമായിട്ട് അക്കാദമിക്കും ഭരണപരവുമായ സ്വാതന്ത്ര്യം തന്നു. പിന്നെ നിയമനിർമ്മാണത്തിന്റെ കാര്യത്തിലും ചില കാൽ വെയ്പ്പുകൾ നടത്തി. മലയാളഭാഷാ നിയമം കൊണ്ടു വന്നു. സർക്കാർ ജോലിക്ക് പിഎസ് സിക്ക് മലയാളം നിർബന്ധമാക്കി. അങ്ങനെ നിയമപരമായി ചെയ്യേണ്ട കുറേ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അതിനർത്ഥം എല്ലാം പൂർണ്ണമായി എന്നല്ല. ഇനിയും കുറച്ചുകൂടി യാഥാർത്ഥ്യമാവേണ്ടുന്ന നടപടികളുണ്ട്. എന്തായാലും ഒരുപാടു നടപടികൾ ഭാഷയ്ക്കു വേണ്ടി ഗവണ്മെന്റെന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
10. ജീവിതത്തിൽ ഔദ്യോഗിക തിരക്കുകൾ വളരെയധികം ഉണ്ടായിരുന്നിട്ടും റൂമി, സൂഫിസം, ടാഗോർ, ഒമർഖയ്യാം ഇവരെയൊക്കെ ഇഷ്ടപ്പെടുന്ന ഒരു ദാർശനിക മനസ്സ് കാത്തു സൂക്ഷിക്കുന്നതിനെപ്പറ്റി?
@ നമുക്ക് ആഹാരം കഴിക്കാൻ സമയമില്ലെങ്കിലും നമ്മൾ ഇടക്കിടക്കു പോയിട്ട് നമുക്കിഷ്ടമുള്ളതൊക്കെ കഴിക്കുമല്ലോ. അതുപോലെ എത്ര സമയമില്ലെന്നു പറഞ്ഞാലും നമ്മുടെ ആത്മാവിനു വേണ്ടതായ ഈ റൂമിയേയും, ജിബ്രാനേയും ,ടാഗോറിനേയുമൊക്കെ എത്ര തിരക്കിലും നമുക്ക് സ്വായത്തമാക്കാം. അത് അവനവന്റെ ആന്തരികമായ ഒരു വിളിയാണ്. ജീവിതം എത്ര തിരക്കു പിടിച്ചതായിരിക്കുമ്പോഴും എവിടെ നിന്നോ ചില രഹസ്യ ശ്രോതസ്സുകളിലൂടെ നമുക്ക് ചില സംതൃപ്തികളും സന്തോഷങ്ങളും വരും. എനിക്ക് അത് ഇതിലൂടെയെല്ലാമാണ്. അപ്പോൾ അതിനു വേണ്ടി സമയം ചിലവഴിക്കുക എന്നത് ഒരു നിയോഗമാണ്. അത് ഇപ്പോഴും ഞാൻ ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ റൂമിയുടെ ഒരു ബയോഗ്രഫി എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ നമ്മുടെ മനസ്സിനെ ബാലൻസ് ചെയ്തുകൊണ്ടു പോകാനുള്ള മാർഗ്ഗമാണ്. ഭൗതികമായ ജീവിതം വളരെ തിരക്കുള്ളതാവുമ്പോഴും അങ്ങനെ ഭൗതികമാകരുത് എന്നു വിചാരിച്ചിട്ട്, നമ്മുടെആത്മാവിനു വേണ്ടിയുള്ള നറിഷ്മെന്റ് എവിടെനിന്നെങ്കിലും എടുക്കാനുള്ള അബോധപൂർവ്വമായ ഒരു പ്രേരണയുടെ ഭാഗമാണത്. ഇപ്പോഴും അങ്ങനെതന്നെയാണു ഞാൻ ജീവിക്കുന്നത്. ഒരു പകുതി പ്രജ്ഞയിൽ ഭൗതികനും മറുപകുതി പ്രജ്ഞയിൽ കുറച്ച് ആത്മീയതയും. തികച്ചും വ്യക്തിപരമായിട്ടുള്ള ഒരു വാഴ്വിന്റെ അംശമായിട്ടാണ് ഞാനത് കൊണ്ടുനടക്കുന്നത്. അത്തരത്തിലുള്ള കവിതയൊക്കെ ആ വാഴ്വിനുള്ള എന്റെ പാഥേയങ്ങളാണ്.
Be the first to write a comment.