ങ്ങളപ്പനും മക്കളും സ്‌ഥിരമായി സെമിത്തേരീലേക്കുള്ള കലുങ്കേലിരിക്കും. സെമിത്തേരീലേക്കു വഴി ചോദിച്ചുവരാന്‍ ആരാരിരിക്കുന്നു?. പോകുന്നവര്‍ വഴി ചോദിച്ചുപോകുന്ന സ്‌ഥലമല്ല അത്‌. കൊണ്ടുപോകുന്നവര്‍ക്കു വഴി അറിയാവുന്നതുമാണ്‌. ആരോടും ചോദിക്കേണ്ട ആവശ്യവും വരുന്നില്ല. എങ്കിലും ഞങ്ങളപ്പനും മക്കളും സ്‌ഥിരമായി സെമിത്തേരീലേക്കുള്ള കലുങ്കേലിരിക്കും. ഏറ്റവും മൂത്ത ജോസച്ചായനും പിന്നങ്ങോട്ടു പാപ്പച്ചായനും വറീച്ചായനും പിന്നെ ഏറ്റവും ഇളയ ഞാനും. അപ്പന്‍ ഓരോരോ വീരസ്യങ്ങളൊക്കെ പറയും. കവലച്ചട്ടമ്പി പാപ്പിയെ ഒറ്റക്കുത്തിനു കോട്ടയത്തിനു വണ്ടി കയറ്റിയതും ഒരു രാത്രി അഞ്ചെട്ടു മല്ലന്മാര്‍ വന്ന്‌ അപ്പന്റെ വഴി തടഞ്ഞതും. എട്ടും പിറ്റേന്നു രാവിലെ എല്ലെല്ലാം എട്ടുനിലയില്‍ പൊട്ടി മര്‍മ്മവൈദ്യര്‌ കുട്ടന്നായരുടെ വീട്ടിലെത്തിയതും. ഓരോന്നൊക്കെ പറേമ്പം അപ്പന്റെ മട്ടും മാതിരിയുമൊക്കെ കാണണം. ഇളയതായതു കൊണ്ടാവണം ഞാനതെല്ലാം മനസില്‍ അങ്ങനെ ചിത്രങ്ങളായി കണ്ടുകൊണ്ടിരിക്കും. ഉറക്കം തൂങ്ങല്ലേടാ പോത്തേ എന്നും പറഞ്ഞ്‌ അപ്പന്‍ ചെവിക്കു നല്ല കിഴുക്കു വച്ചു തരും. ജോസച്ചായനു പിന്നെ എല്ലാം തമാശയാ. ` പോട്ടെ അപ്പാ, മൊലകുടി മാറാത്ത ചെക്കനല്ലേ‘. പറഞ്ഞുവരുമ്പം ഞാനും ജോസച്ചായനും തമ്മില്‍ പ്രായത്തില്‍ തന്നെ പത്തുപതിനഞ്ചാണ്ടിന്റെ വ്യത്യാസമുണ്ട്‌. 
`
അവനങ്ങനെ എല്ലായ്‌പ്പോഴും സ്വപ്‌നം കണ്ടുകൊണ്ടിരുന്നാലെങ്ങനാ. അവനും തണ്ടും തടീ മൊക്കയായില്ലേഎന്ന്‌ അപ്പന്‍. ` അവനോരോന്നിങ്ങനെ കിനാക്കാണുന്നതു കുറച്ചധികമാണേ. ഇവനെങ്ങനെ നമ്മടപ്പന്റെ വയറ്റീ വന്നു പിറന്നൂന്നാ സംശയംഎന്നു പാപ്പച്ചായന്റെ വക. ഞാനും പാപ്പച്ചായനും തമ്മിലും കാണും ഒരു പത്തുപന്ത്രണ്ടു വയസിന്റെ വ്യത്യാസം.
`
പോട്ടെ, നമ്മുടെ കൂട്ടത്തീ ഒരുത്തനെങ്കിലും വേണോല്ലോ ഓരോന്നൊക്കെ കല്‍പ്പിച്ചുകൂട്ടാന്‍. അപ്പന്‍ വടിയെടുക്കാന്‍ പറേമ്പം വടിയും വടിവാള്‌ വീശാന്‍ അതും ചെയ്യാന്‍ മാത്രം അറിഞ്ഞാല്‍ പോരല്ലോ‘, വറീച്ചായനും കൂടെക്കൂടും. 
`
അല്ലേലും ഈ വറീച്ചനും പൊടിക്കുഞ്ഞും പണ്ടേ വല്യ കൂട്ടാ, മതി അവനെ പറഞ്ഞു മുനിപ്പിക്കേണ്ട‘. അപ്പന്‍ എല്ലാം കോംപ്ലിമെന്റ്‌സാക്കും. 
അങ്ങാടിയിലൊക്കെ പോയി വെറുതേ നടന്നു കടയിലൊക്കെ വായനോക്കി വരുന്ന വല്ല പ്രേതമെങ്ങാനും വന്നു വഴി ചോദിച്ചാലായി അല്ലെങ്കിലായി. ഓരോ കാഴ്‌ചകള്‍ കണ്ടുകണ്ടു വഴി മറന്നുപോകുന്നതാണേ. വഴി തെറ്റിയലഞ്ഞു വരുമ്പോള്‍ കലുങ്കേലിരിക്കുന്നു നാലഞ്ച്‌ മനുഷ്യന്മാര്‌. അവരോടു വഴിയും ചോദിക്കാം ഒന്നു വിരട്ടുകേം ചെയ്യാം എന്ന ഉത്സാഹത്തിലാണേ വരവ്‌. അപ്പനല്ലേ ആള്‌. മീശ പിരിച്ചുകയറ്റി ആ പാവം പ്രേതത്തെ വിരട്ടും. നീയാരുടെ പ്രേതമാാടാ, കൊച്ചുകഴുവേറി പാപ്പീടെ മറ്റോമാണോ. നീയെങ്ങനാ ചത്തത്‌. നീ വരത്തനാണോ അതോ നാടനാണോ എന്നൊക്കെ ചോദിച്ചുംകൊണ്ട്‌. അയ്യോ എന്നോ മറ്റോ കരഞ്ഞും വെറുതേ തക്കത്തിനു പാവമഭിനയിച്ചും പ്രേതം കല്ലറയിലേക്കു പറക്കും. വഴി ചോദിച്ചതൊക്കെ വെറുതേയാണേ. കല്ലറയിലേക്കു പറക്കുന്ന പ്രേതത്തെ അപ്പന്‍ ഇക്കിളിയിടും. 
`
എടാ ജോസേ, ഇതൊരു പെണ്ണിന്റെ പ്രേതമാണെന്നാ തോന്നുന്നെടാ‘.
`
അതെങ്ങനെ അപ്പനറിയാം. പെണ്ണിന്റെ പ്രേതമാന്നുവെച്ചു തലേം മൊലേം ഒന്നുമില്ലല്ലോ‘.
`
തലേം മൊലേമാണോടോ ഒന്നിനെ പെണ്ണാക്കുന്നത്‌ ജോസേ?’.
`
ഈയപ്പന്റെ ഒരു കാര്യം. പിന്നെന്തുവാ?’.
`
എടാ ജോസേ, പാപ്പേ, വറിച്ചേ നിങ്ങടെ കുഞ്ഞനിയന്‍ കേക്കണ്ടാ. വാ, ചെവീപ്പറയാം‘..
അപ്പന്റെ മറുപടി കേട്ടു ജോസച്ചായനും പാപ്പച്ചായനും വറീച്ചായനും കൂടി കുലുങ്ങിക്കറങ്ങിയൊരു അട്ടഹാസോം അലര്‍ച്ചേം പൊട്ടിച്ചിരിയുമുണ്ട്‌. ഇതെല്ലാം കേട്ടു ശവക്കുഴിയിലേക്കോടുന്ന മരണത്തിന്റെ ആ പരവേശമൊന്നു കാണണം. പാപ്പച്ചായന്‍ പിന്നേം പൊട്ടിപ്പൊട്ടിച്ചിരിക്കും. എന്നിട്ട്‌ അപ്പന്റെ എളീലൊരു കുഞ്ഞുകുത്തു കൊടുക്കും. ` ഈയപ്പന്റെ ഒരു കാര്യം. മക്കളേയും കൊണ്ടുനടന്ന്‌ ഓരോന്നു പഠിപ്പിച്ചോളും. എങ്ങനാ ഒത്ത മുന്നാലു സൈസ്‌ മക്കള്‌ അപ്പന്റെ വയറ്റീ വന്നു പെറന്നത്‌. അത്ഭുതങ്ങള്‌ ഇപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്‌ എങ്ങനെയാ എന്റെ പ്ലാക്കാംപള്ളി മാതാവേ. പൊടിക്കുഞ്ഞേ, നീ ഞങ്ങളെപ്പോലുമൊന്നും ആവാതെ. ഈയപ്പന്റെ കൂട്ട്‌ നിനക്കധികം വേണ്ട, കേട്ടോ‘.
അപ്പോള്‍, അപ്പന്‍ എന്നെ ചേര്‍ത്തുപിടിച്ചിട്ടുണ്ടാവും. ` കേട്ടോ പൊടിയേ. ഈ പാപ്പ ഇങ്ങനെ ഓരോന്നു പറയും. ഞങ്ങള്‌ പണ്ടേ അങ്ങനാരുന്നേ. ഇപ്പം വന്നുവന്ന്‌ ഓരോ ശീലങ്ങള്‌ മക്കള്‌ അപ്പന്റടുത്തൂന്ന്‌ പഠിച്ചതാണോ അല്ല അപ്പന്‍ മക്കടടുത്തൂന്ന്‌ പഠിച്ചതാണോ എന്നാ ഇപ്പഴത്തെ ഓരോ സംശയങ്ങള്‌. അപ്പന്‌ നിങ്ങളെല്ലാരും വേണോട്ടോ. അപ്പന്‌ നിങ്ങളേയുള്ളൂ ഇക്കരേല്‌ ആകെ സൊത്തായിട്ടും പൊറുതിയായിട്ടും‘.
`
കണ്ടോ കണ്ടോ, പാപ്പ വെറുതേ അപ്പനെ സെന്റിയാക്കി. എടാ പാപ്പേ, നീയീ കൂട്ടത്തീ നിന്ന്‌ അപ്പനിട്ടു പണിയല്ലേ. അപ്പാ, അപ്പന്റെ കൂടെ എല്ലാരുംണ്ട്‌ അപ്പാ. അപ്പന്‍ സെന്റിയാകാതെ, ഇനീം കിടക്കുന്നു നേരമെത്രയോ‘, ജോസച്ചായന്‍ അതേറ്റു പിടിച്ചെന്നിരിക്കും. 
`
പിന്നെ പിന്നെ. അപ്പന്‍ സെന്റിയായിട്ടും മറ്റുമില്ല. ഞാന്‍ പൊടിക്കുഞ്ഞ്‌ കൂടി അറിയാനായിട്ടു പറഞ്ഞതാ. ഞാനില്ലെങ്കിലും നിങ്ങള്‌ പൊടിയെ സ്വന്തം മോനെ നോക്കിക്കോളണേടാ മക്കളേ?’.
`
അതിനിപ്പ അപ്പനെവ്‌ടെ പോണയാണ്‌. ഞങ്ങളോടു പറയാതെ. അതു കള അപ്പാ. അപ്പനെവ്‌ട പോയാലും ഞങ്ങളു നാലും കൂടെ വരും‘. വറീച്ചായനാ പിരികേറ്റാന്‍ മിടുമിടുക്കന്‍. 
`
അപ്പനു നിങ്ങേക്കൂടെ കൂട്ടാന്‍ പറ്റാത്ത സ്‌ഥലങ്ങളൊക്കേണ്ട്‌. എല്ലായിടത്തും നിങ്ങള്‌ നാലു കാളക്കൂറ്റന്‍മാരെയും കൊണ്ടു പോവാന്‍ പറ്റില്ലല്ലോ‘.
`
അതു ഞങ്ങക്കറിയാം. അവ്‌ടെ ഞങ്ങള്‌ വരാറില്ലല്ല‘.
അതേതു സ്‌ഥലമെന്ന്‌ അത്ഭുതപ്പെട്ടുകൊണ്ടിരിക്കും ഞാന്‍. ഞങ്ങളില്ലാതെ അപ്പന്‍ എവിടേം പോവാറില്ലല്ലോ. വറീച്ചായന്‍ ഏതു സ്‌ഥലത്തെക്കുറിച്ചാണോ പറയുന്നത്‌ ആവോ. 
`
ദേ, വറീച്ചാ. നീയാ പൊടിക്കുഞ്ഞിന്റെ മുമ്പീവച്ച്‌ ഓരോന്ന്‌ എഴുന്നെള്ളിക്കല്ലേ. അതിന്റെ കണ്ണുകണ്ടാലറീം അതിനു ഒന്നു മനസിലാവുന്നില്ലെന്ന്‌. നീയൊന്നു വായടച്ചേ. കോളാമ്പി ഒന്ന്‌ അടച്ചുവച്ചേ‘. 
എന്നാല്‍ അപ്പന്‍ വിടുമോ?. `അതിനു വറീച്ചേ. അതിനിമ്മിണി പുളിക്കും. കൊത്തിക്കൊത്തി അപ്പന്റെ കണ്ടത്തീക്കേറി കൊത്തല്ലേടാ‘.
`
അപ്പന്റെ സെന്റി പോയേ. നമ്മളപ്പനെ തിരിച്ചുകിട്ടിയേ‘, പാപ്പ ആര്‍ത്തുവിളിച്ചു. കല്ലുകൊണ്ടുള്ള കലുങ്കാണേലും കുലുങ്ങാതിരിക്കുമോ?. അപ്പന്റേം മക്കടേം അര്‍മാദം കേട്ടു തെമ്മാടിക്കുഴീന്ന്‌ ഓരോ പ്രേതങ്ങളാവും തലയുയര്‍ത്തിനോക്കുന്നത്‌. 
`
അപ്പാ, ഒരു കുട്ടിപ്പിശാചതാ അപ്പനെ ഒളിച്ചുപോണ്‌‘, ജോസച്ചായന്‍ അപ്പനെ തോണ്ടുന്നുണ്ട്‌. 
`
എടാ, ഇവിടെ വാടാ. അന്തിമയങ്ങാന്‍ പോകുന്ന നേരത്ത്‌ എങ്ങോട്ടാടാ സര്‍ക്കീട്ടിനിറങ്ങുന്നത്‌. നീയെന്താ എന്നെക്കാണുമ്പോള്‍ പേടിച്ചുതൂറുന്നത്‌?. ഞാന്‍ നിന്നെ പിടിച്ചുതിന്നാനൊന്നും പോണില്ല. ഇനിയിപ്പോ ഈ വയസാംകാലത്ത്‌ പിശാചുതീനിയെന്ന സ്‌ഥാനപ്പേരൊന്നും വേണ്ടായെ. നീയിവിടെ വന്നു നൂറ്റൊന്ന്‌ ഏത്തമിട്ടിട്ടു പോടാ. ഇല്ലേ ഞാനങ്ങു വരുവേ. നിന്റെ പൊകച്ചുരുള്‍ച്ചെവി പൊന്നാക്കുമേ‘. അപ്പോള്‍ ആ കുട്ടിപ്പിശാചിന്റെ മുഖത്തെ പേടിയൊന്നു കാണണം. നേരേ ഏതെങ്കിലും മരക്കൊമ്പിലേക്കു പറന്നു തൂങ്ങിക്കസര്‍ത്തു കളിച്ചു പെട്ടെന്നങ്ങു മുങ്ങും.
`
അപ്പാ, അപ്പനീ കുട്ടിപ്പിശാചുക്കളോട്‌ എന്തായിത്ര കലി?’.
`
പൊടിയേ, നീയാളു കൊള്ളാമല്ലോ. അപ്പന്റെ ഓരോ കമ്പങ്ങള്‍ക്കും വിരോധത്തിനും അങ്ങനെ ഒരു കാരണമൊന്നുമില്ല. വിരോധം തോന്നിയാ തല്ലിക്കൊല്ലും കമ്പം തോന്നിയാ നക്കിക്കൊല്ലും. അല്ലാതെ ഇന്ന കാര്യത്തിന്‌ എന്നൊന്നുമില്ല‘. ജോസച്ചായന്‍ ആദ്യമേ കേറിയങ്ങു കൊത്തും.
`
അതല്ലെടാ പൊടിയേ. കുട്ടിപ്പിശാചുങ്ങളോടുള്ള കലിക്കു കാരണോണ്ട്‌. ഒരിക്ക നല്ല തണുപ്പാന്‍ കാലത്ത്‌ കുട്ടിപ്പിശാചുക്കള്‌ വന്ന്‌ കിടക്കപ്പായീന്ന്‌ അപ്പന്റെ തുണിയും പറിച്ച്‌ ഓടിക്കളഞ്ഞ്‌. അതാ…‘. പാപ്പച്ചായനും ഒട്ടും കുറയില്ല.
`
അതല്ല പൊടിയാ. ഒരു ദിവസം അപ്പന്‍ വീട്ടില്‌ വരുമ്പോ ഒരു കുട്ടിപ്പിശാചുണ്ട്‌ നമ്മടമ്മേടെ മൊല കുടിക്കുന്നു. ദാഹിച്ചിട്ടാണേ. അതുകണ്ടപ്പം അപ്പനു സഹിച്ചില്ല. എന്റെ കുഞ്ഞുങ്ങള്‌ കുടിക്കേണ്ട മുലപ്പാലാണേ ഇങ്ങനെ കുട്ടിപ്പിശാചു കുടിച്ചുവറ്റിക്കണത്‌. അന്നു മുതലാ അപ്പന്റെ കലി. നമ്മുടെ അപ്പന്‌ പണ്ടേ വെട്ടൊന്നു രണ്ടു മുറിയാ‘.
`
ഡാ മക്കളേ. കൊത്തിക്കൊത്തി അപ്പന്റെ കണ്ടത്തീക്കേറി കൊത്തല്ലേടാ. സ്വന്തം സ്വന്തം കണ്ടത്തീക്കേറിയാ മക്കടെ കൊക്കാണേലും മുറിച്ചുകളയുവേ. ടാ പൊടിയാ, നീ നിന്റെ മൂത്തതുങ്ങള്‌ പറേണതൊന്നും കേട്ടിട്ട്‌ ഓരോന്നും വലിച്ചുവാരിച്ചിന്തിക്കേം മറ്റും വേണ്ട. അപ്പനവറ്റയോടു കലിയൊന്നുമില്ല. പിന്നെ ഇതെല്ലാം ഒരു രസമല്ലേ. നമ്മക്ക്‌ ജീവിതത്തീ വേറെന്തിരിക്കുന്നു ഒന്നും ചിരിക്കാനും പരസ്‌പരം പള്ളയ്‌ക്കിട്ടു കുത്താനും‘.
`
കണ്ട, ഇതാണ്‌ നമ്മടെ അപ്പന്‍. ഇത്രേള്ളൂ. തണ്ടും തടീം ആ കപ്പടാ പിരിമീശേം കണ്ടാ ആരും ഉടുതുണീലൊന്ന്‌ മുള്ളിപ്പോവും. നമ്മക്കല്ലേ അറിയൂ. ഈയപ്പന്‍ വെറും പാവമാണെന്ന്‌‘.
`
എടാ, പൊടിയേ, നീയത്രടം പോയി ഒരു കിളിത്തൂവല്‌ പെറുക്കിക്കൊണ്ടുവാടാ. അപ്പന്റെ ചെവീല്‌ ഒരു കിരുകിരുപ്പ്‌, ഈ വറീച്ചന്റെ ഓരോ വഷളത്തരങ്ങള്‌ കേട്ടിട്ട്‌‘. അപ്പനു ചെവീ കിരുകിരുപ്പൊന്നുമല്ലെന്ന്‌ എനിക്കറിയാം. എന്നെ മാറ്റിനിര്‍ത്തി മൂത്തതുങ്ങളോട്‌ എന്തോ വേണ്ടാതീനം പറയാന്‍ തന്നെയാ. ഞാനിത്‌ ഇന്നും ഇന്നലെയുമല്ലല്ലോ കാണാന്‍ തുടങ്ങീട്ട്‌. കിളിത്തൂവല്‌ പെറുക്കാന്‍ തുടങ്ങീട്ട്‌. 
കിളിത്തൂവല്‌ പെറുക്കിവരുമ്പോഴേക്കു അപ്പനും മൂത്തതുങ്ങളും കൂടി തലയിട്ടാര്‍ത്തു ചിരിക്കുകയാണ്‌. എന്തോ പറഞ്ഞൊപ്പിച്ചിട്ടുണ്ട്‌ അപ്പനും മക്കളും കൂടി. ` എന്താ അപ്പാ. എന്താ ജോസച്ചായാ ഇത്രേം വല്യ രസം?’ എന്നു ചോദിച്ചതേയുള്ളൂ വീണ്ടും വലിയ വായിലേ ചിരി തുടങ്ങി. എനിക്ക്‌ ആകെയങ്ങ്‌ ചൊറിഞ്ഞുകയറിയതാ. എന്തു ചെയ്യാം?. അപ്പനും ഇച്ചായന്മാരുമായിപ്പോയില്ലേ?. 
`
ഒന്നുമില്ലെടാ പൊടിയാ. അപ്പന്റെ അപ്പൂപ്പന്‍ ഒരിക്കേ കിണറ്റീ വീണ കഥ പറയുകാ. കിണറ്റീ വീണപ്പോ വല്യപ്പൂപ്പന്റെ സെറ്റ്‌ പല്ലുണ്ടല്ലോ, അതു ഒരു പടിയില്‍ തങ്ങിപ്പോയി. അതാരും കണ്ടില്ല. വല്യപ്പൂപ്പനെ വലിച്ചുകയറ്റി മുകളിലെത്തീപ്പോ സെറ്റ്‌ പല്ലു കാണാനില്ല. ദേണ്ടെ എന്റെ പല്ല്‌ കിണറ്റുംപടിയേലിരിക്കുന്നു എന്നും പറഞ്ഞ്‌ വല്യപ്പൂപ്പന്‍ വീണ്ടും കിണറ്റിലേക്ക്‌ ഒരു ചാട്ടം. അതു പറഞ്ഞു ചിരിച്ചതാ. പൊടിയാ. ഈ അപ്പനെന്തു പറഞ്ഞാലും അതീക്കാണും രണ്ടുചാലു ചിരിക്കാനുള്ള വക. അപ്പാ ചിരിച്ചുചിരിച്ചു പണ്ടാരമടങ്ങി കേട്ടോ‘. ജോസച്ചായനുമുണ്ട്‌ അപ്പന്റേതുപോലെ നിന്ന നില്‍പ്പില്‍ കഥയുണ്ടാക്കിപ്പറയാനുള്ള ഒട്ടൊരു കഴിവൊക്കെ. 
`
അതൊന്ന്വല്ല. അതിപ്പ ജോസച്ചായന്‍ ഇപ്പോഴുണ്ടാക്കിപ്പറഞ്ഞതാ. എന്തുവാ നിങ്ങളെല്ലാരും കൂടിപ്പറഞ്ഞുചിരിച്ചേ. പറഞ്ഞേ‘.
`
അതു പിന്നെ നിന്റെ അപ്പനെപ്പറ്റിയാ. പോടാ പൊടിയാ. നിന്നു ചിണുങ്ങാണ്ട്‌. ആരടാന്ന്‌ ചോദിച്ചാ ഞാനെടാന്ന്‌ പറയേണ്ടവനാ. എന്നിട്ടും ഇപ്പോഴും ഒരു കിന്നാരം‘. അപ്പനു ദേഷ്യം വന്നോന്നൊരു സംശയം. അതൊക്കെ ചുമ്മാതാ. ചിലപ്പോള്‍ ഭയങ്കര ഭാവാഭിനയമാ അപ്പന്‌. ദേഷ്യമാണോ സ്‌നേഹമാണോ എന്നു പെട്ടെന്നൊന്നും മനസിലായീന്ന്‌ വരില്ല. ചെലപ്പം വെറും വെരട്ടു മാത്രമായിരിക്കും.
`
വേണ്ടപ്പാ, അവന്‍ വളര്‍ന്നാല്‍ ചെലപ്പോ നമ്മളേക്കാളും പോക്കിരിയായിരിക്കും. പറയാന്‍ പറ്റില്ല. ഈ വറീച്ചനാ അവനെ ഇങ്ങനെ കൊണ്ടുനടന്ന്‌ ഒന്നും ചെയ്യിക്കാതിരിക്കുന്നത്‌ അപ്പാ. വറീച്ചനെ ഒന്നു ഗുണദോഷിച്ചേ‘. സംഗതി കുളം കലക്കാന്‍ പാപ്പച്ചായന്‍ കഴിഞ്ഞേ വേറെ ആളുള്ളൂ. 
`
അന്തിയാവാറായി. ഇനി ഗൊണദോഷവും ഗൊണഗോഷ്‌ടവും ഒന്നും ഇല്ല. ഇന്നത്തെ കലാപരിപാടി ഇവിടെ തീരുവാ. മണിയടിച്ചേടാ വറീച്ചാ‘.
സെമിത്തേരിയിലെ മരങ്ങളില്‍ കാക്കകള്‍ ചേക്കേറിത്തുടങ്ങി. ഇനിയപ്പനു കാല്‌ നിലത്ത്‌ അടങ്ങിനില്‍ക്കില്ല. ഞങ്ങളപ്പനും മക്കളും കുട്ടിപ്പിശാചുക്കള്‍ കൊത്തങ്കല്ല്‌ കളിക്കുന്ന തണുത്ത നാട്ടുവഴിയിലൂടെ ഷാപ്പിലേക്കു നടക്കും. അതാണു പതിവ്‌. എന്നത്തേയും പോലെ ഇന്നും അതിനു മാറ്റമുണ്ടാവാന്‍ വഴിയില്ല. തെമ്മാടിക്കുഴിയിലെ വിശേഷങ്ങള്‍ കേട്ടു കുട്ടിപ്പിശാചുക്കള്‍ തല ചെരിച്ചുനോക്കും. അപ്പോഴാണേ, അപ്പനു പണ്ടേ അരിശം. ഓരോ വിളിപ്പേരിട്ട്‌ അപ്പന്‍ അതുങ്ങളെ ചെവിപൊട്ടുമാറ്‌ തെറി വിളിക്കും. 
`
ഇന്നപ്പന്റെ പതിവു തെറികള്‍ വന്നില്ലല്ലോ. വൈകീട്ടു വൈകീട്ട്‌ അപ്പന്റെ ആ തെറിവിളി കേക്കാണ്ട്‌ ഇപ്പോ ഒറക്കോം വരുന്നില്ല. ഞങ്ങളെ വിളിക്കാതെ അപ്പന്‍ കാത്തുവച്ച തെറികളല്ലേ. ഈയപ്പന്‍…‘.
`
എടാ ജോസേ, അതാടാ ഞാനും ഇപ്പോ ആലോചിച്ചേ. നല്ലൊരു തെറിയും മനസിലേക്കു വരുന്നില്ല. എന്നാലും അവള്‌ അന്നങ്ങനെ പറഞ്ഞേപ്പിന്നെ ഞാനും ആലോചിക്കുവാ, വേണോന്ന്‌‘.
`
അതേതവളപ്പാ.. കരോട്ടെ ത്രേസ്യാമ്മയോ?’.
`
അതല്ലെടാ പാപ്പേ. രണ്ടുമൂന്നതുങ്ങളെയുമായി വെഷം കുടിച്ചു കെണറ്റീച്ചാടിച്ചത്ത ഒരുത്തീണ്ടല്ലോ. എന്താ അവള്‌ടെ പേര്‌?’.
`
അവളാണ്‌ രായമ്മ. നമ്മടെ പെരുവയറന്‍ വര്‍ക്കീടെ കെട്ട്യോള്‌. കെട്ട്‌താലീം വിറ്റുകുടിച്ചപ്പ അവളെന്താ ചെയ്യാനാണ്‌. അവള്‌ നമ്മടപ്പനോടെന്തു പറഞ്ഞ്‌ ?. തട്ടിക്കളയൂന്ന്‌ പറഞ്ഞാലും കുലുങ്ങാത്ത അപ്പനോടാ?’.
`
അതൊന്നുമല്ലെട വറീച്ചേ. ഒരാണൊരുത്തന്‍ മുമ്പീ വന്നു തട്ടുംന്ന്‌ പറഞ്ഞാ അവനെ എപ്പത്തട്ടീന്നു ചോദിച്ചാ മതി. ഇതൊരു പെണ്ണ്‌. അതും അവളുടെ പ്രേതം‘.
`
ഉം. പെണ്ണുവന്നു മുന്നീ നിന്നാ കുലുങ്ങണ ഒരപ്പന്‍. ഒന്നു പോ അപ്പാ. വെറുതേ ആളെ പറഞ്ഞുപേടിപ്പിക്കാതെ. മെരട്ടും തണ്ടും പഠിപ്പിച്ച അപ്പനാണ്‌. ആരടാന്ന്‌ ചോദിച്ചാല്‍ കൊച്ചുകുളത്തിങ്കരേല്‌ ഏബ്രാത്തിന്റെ മോനാണെന്ന്‌ പറയാന്‍ ഒരു ആള്‍ബലമാ. എന്നിട്ടങ്ങനേള്ള അപ്പനിപ്പ ഒരു ഫ്രേതത്തെ പേടീന്നാ. അല്ല ഫ്രേതം പറഞ്ഞോണ്ട്‌ എന്തേലും വേണ്ടെന്നു വെക്കാനാാ. സമ്മതിക്കില്ലപ്പ. സമ്മതിക്കൂല‘. ഒരു പെണ്‍പ്രേതം അപ്പനെ വിരട്ടിയെന്നും നേരത്തോടു നേരമാകുമ്പോള്‍ കാണിച്ചുതരാമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ്‌ സംസാരം. 
`
എന്നതാ പാപ്പേ നീ പറേണത്‌. നമ്മടപ്പനു പേടിയോ?’.
`
പേടിയായിട്ടല്ല ജോസേ. എന്തായാലും ഒരരുതായ്‌ക‘.
`
അപ്പന്‌ ഒരരുതായ്‌കയും തോന്നേണ്ട. അപ്പനോടവള്‍ക്കു വിരോധം വരേണ്ട ഒരു കാര്യവുമില്ല. കുട്ടിപ്പിശാചുക്കളെ തെറിവിളിക്കുന്നതു കേട്ടു മടുത്തിട്ടാവും. അതൊന്നു കൂടി വെരട്ടിയാ പ്രേതത്തിന്റെ വിളച്ചില്‌ മാറിക്കോളും, അപ്പാ‘. 
`
അപ്പന്‍ എന്തു പറഞ്ഞാലും ഈ ജോസ്‌ ചെയ്‌തിട്ടില്ലേ. ആ ജോസ്‌ പറേണതാണെന്നു വിചാരിച്ചിരുന്നാ മതി. നമ്മടമ്മേട കഴുത്തുവെട്ടാന്‍ അപ്പന്‍ പറഞ്ഞു. അപ്പോഴേ വെട്ടി ദൂരെക്കളഞ്ഞില്ലേ. എന്തിനാ ഏതിനാ എന്നു ചോദിച്ചോ ജോസ്‌. ഏഴുകൊല്ലം ജയിലീ കെടന്നില്ലേ. അതുംകഴിഞ്ഞ്‌ അഞ്ചാറുകൊല്ലം ഈ ഭൂമി മലയാളം മുഴുവനൊന്നു കറങ്ങീല്ലേ. അന്നുമില്ല ഇന്നുമില്ല ജോസിന്‌ നമ്മടമ്മോട്‌ എന്തെങ്കിലും പെണക്കോം സംശയോം. അതുകൂടി പറയാമല്ലോ അപ്പാ. അപ്പന്‍ പറഞ്ഞു ജോസ്‌ അനുസരിച്ചു. അത്രേള്ളൂ. അതോണ്ടു പറയുന്നതാ അപ്പാ‘.
`
എന്നാലും അപ്പന്‍ പറഞ്ഞയുടനെ നീ അമ്മേടെ കഴുത്തു കണ്ടിക്കാമോ. നിങ്ങളുടെയെല്ലാം അമ്മയല്ലേ അവള്‌. എനിക്ക്‌ അവള്‌ കെട്ട്യോള്‌ മാത്രം. എനിക്കു ചിലപ്പോഴ്‌ ഓരോന്നു തോന്നും . ഓരോന്നു പറയും. അതുകേട്ടാലുടനെ നീയെന്തിനാ ചങ്കു കണ്ടിച്ചത്‌. അവള്‌ നല്ലോളായിരുന്നു. പിന്നെയാ എന്റെ തെറ്റ്‌ മനസിലായത്‌. നീയപ്പോഴേക്കും കേട്ടതു പാതി കേള്‍ക്കാത്തതു പാതി തലയങ്ങു കളയുകേം ചെയ്‌തു. ജയിലിലും പോയി‘.
`
അപ്പാ. അപ്പന്‍ പറഞ്ഞാല്‍ പിന്നെ അതിന്മേലൊരു അപ്പീല്‌ എനിക്കില്ല. അപ്പന്‍ വെട്ടാന്‍ പറഞ്ഞു. വെട്ടി. കോടതീല്‌ മാത്രം ഞാന്‍ മാറ്റിപ്പറഞ്ഞു. എനിക്കു എന്തോ ദേഷ്യം തോന്നി കൊല്ലണമെന്നുദ്ദേശമില്ലാതെ വെട്ടിയതാണെന്ന്‌. അതും അപ്പനെ രക്ഷിക്കാന്‍ ചെയ്‌തതാ. എനിക്കെന്തും എന്റെ അപ്പന്‍ കഴിഞ്ഞേയുള്ളൂ, പാപ്പ പറഞ്ഞതുപോലെ, അപ്പനാ മെരട്ടും തണ്ടും തന്നത്‌. അതുമതിയപ്പാ‘.
`
എന്നാലും എന്തിനാ അപ്പാ കഴുത്തുവെട്ടുന്നത്‌ എന്നു നിനക്കൊന്നു ചോദിക്കാമായിരുന്നു. നിങ്ങളെ പത്തുമാസം വയറ്റിലിട്ടു മുളപ്പിച്ചു പെറ്റു വളര്‍ത്തിയതല്ലേ‘.
`
ദാണ്ടെ കിടക്കുന്നു അപ്പന്‍. വീണ്ടും സെന്റിയായി. ഇന്നെന്തു പറ്റിയപ്പാ. എന്നാ വണ്ടി വിട്ടോ ഷാപ്പിലേക്ക്‌‘…
ഷാപ്പില്‍ ഞങ്ങളപ്പന്റെയും മക്കളുടെയും തലവെട്ടം കാണുമ്പോഴേ കത്രീനച്ചേടത്തിക്കു നാടന്‍ കൊഞ്ചുകറിയുടെ നാണമാണു വരിക. ` ദേ അപ്പനും മക്കളുമെത്തി. അന്തിയെന്തിയേടാ കൊച്ചുഗോവാലാ…എന്നൊരു നീട്ട്‌ അകമ്പടിക്ക്‌. 
`
ആ എളേതിനും അരങ്ങേറ്റം കുറിക്കാറായോ ജോസേ?’.
`
ഒന്നുരണ്ടാണ്ടു കുടിക്കഴിയട്ടേ ചേടത്തീ‘.
`
ഇന്നപ്പനേതാണ്ട്‌ ഉത്സാഹത്തിലാണല്ലോ വറീച്ചാ, കോളെന്നതാ?’.
`
ഇന്നു വരുന്ന വഴില്‌ ഒരു വരത്തനെ വിരട്ടി. അവന്റെ കുടലും പണ്ടോമെടുത്തു കത്രീനായ്‌ക്കു കൊടുത്തു ബോട്ടിക്കറിയുണ്ടാക്കുംന്ന്‌ പറഞ്ഞുകേട്ടപ്പം അവന്‍ മുട്ടുകാലിലിഴഞ്ഞാ പോയത്‌. അപ്പന്‍ അവന്റെ ചന്തിക്കിട്ട്‌ ഒരു ചവിട്ടും കൊടുത്തു‘.
`
അപ്പന്റെ മെരട്ടൊക്കെ ഈയിടെയായി അല്‍പ്പം കൂടുന്നുണ്ട്‌ ‘.. അതും പറഞ്ഞ്‌ കത്രീനാച്ചേടത്തി ആരും കാണാതെ അപ്പന്റെ തുടയില്‍ പതുക്കെ ഒന്നു നുള്ളി. കൊച്ചുഗോവാലന്‍ പലവട്ടം വരികയും പോവുകയും ചെയ്‌തുകഴിയുമ്പോഴേക്കും കുറെയേറെ താറാവും കൊഞ്ചും കോഴിയുമൊക്കെ നീന്തിയും പറന്നും പോയിട്ടുണ്ടായിക്കഴിഞ്ഞിരിക്കും. അപ്പോഴേക്കും അപ്പന്റെ പതിവു ചോദ്യമുയരും. ` മക്കഴേ.. കുഴിമാടത്തിനകം കറുത്തിട്ടോ വെളുത്തിട്ടോ?’.
നോക്കിയേച്ചുംവച്ചു വരാമെന്നും പറഞ്ഞു ഞങ്ങള്‍ മക്കള്‍ സെമിത്തേരിക്കകത്തേക്കു പോകും. അപ്പനടുക്കളയിലേക്കും. കൊച്ചുഗോവാലന്‍ പാത്രങ്ങള്‍ മോറുന്നതിന്റെയും അന്തി കുടത്തില്‍ പകരുന്നതിന്റെ തിരക്കിലായിരിക്കും. അടുക്കളയില്‍ അപ്പന്‍ കള്ളിന്‍കുടങ്ങളിലൊന്നു കയറിപ്പിടിച്ചു തുടങ്ങും. സെമിത്തേരിയിലൊക്കെ കറങ്ങി ഞങ്ങള്‍ വരുമ്പോഴേക്കും അപ്പന്‍ തോട്ടിറമ്പിലൊന്നു കുളിച്ചേച്ചും വന്ന്‌ അവസാനത്തെ കുടവും തീര്‍ത്തുകഴിഞ്ഞിരിക്കും. 
അതാണ്‌ അപ്പന്‍. ഞങ്ങളപ്പന്റെയും മക്കളുടെയും തലവെട്ടം കണ്ടപ്പോഴേക്കും കത്രീനാച്ചേടത്തി നാടന്‍ കൊഞ്ചുകറി പോലെ നാണിച്ചു. അന്തിയെന്തിയേടാ കൊച്ചുഗോവാലാ… എന്നു നീട്ടി. 
`
ജോസേ, അപ്പനെന്തിയേടാ ഇന്നൊരു വാട്ടം?’.
`
ഓ.. എന്നതാ. അറിയാമ്മേല ചേടത്തീ. ഇന്നപ്പനൊരുപാടു തവണ സെന്റിയായി‘.
`
അതെന്നതാടാ പാപ്പേ, ഈ സെന്റി?’.
`
എന്നു പറഞ്ഞാ ചേടത്തീ, ഈ കളീം ചിരിക്കുമിടയില്‌ എടയ്‌ക്കു വരുന്ന ഒരിതുണ്ടല്ലോ. ഒരു സങ്കടമോ ഒരോര്‍മയോ ഒക്കെ. അതാ സെന്റി‘.
`
നീ പോടാ പാപ്പേ, ആളെ ഒരു മാതിരി വടിയാക്കാതെ‘, അപ്പന്‍ മുരണ്ടു.
`
ശരിയാ പാപ്പേ, അപ്പന്‍ ഈയിടെ കുറച്ചു സെന്റിയാ‘, അതും പറഞ്ഞ്‌ കത്രീനാച്ചേടത്തി ആരും കാണാതെ അപ്പന്റെ തുടയില്‍ ഒരു ചെറിയ നുള്ളുവച്ചുകൊടുത്തു. കൊച്ചുഗോവാലന്‍ പലവട്ടം വരികയും പോവുകയും ചെയ്‌തുകഴിയുമ്പോഴേക്കും കുറെയേറെ താറാവും കൊഞ്ചും കോഴിയുമൊക്കെ നീന്തിയും പറന്നും പോയിക്കഴിഞ്ഞിരുന്നു. വയറ്റിലേക്കും പുറത്തേക്കും… അപ്പോഴേക്കും പതിവുചോദ്യത്തിനു പകരം,
`
മക്കഴേ.. ആ രായമ്മപ്രേതത്തോടു പറഞ്ഞേച്ചുംവാ, നമ്മക്ക്‌ സന്ധിയാകാമെന്ന്‌. അവള്‌ ശരിക്കും രായമ്മയല്ല. വേഷം മാറിയ വേറേ ഏതോ ഒരു പ്രേതമാ. അതേതു പ്രേതമായിരിക്കും കത്രീനേ?’.
`
അതിപ്പ, ഈ കത്രീനയെങ്ങനെ അറിയാനാ. നിങ്ങളപ്പനും മക്കക്കുമല്ലേ അവരൊക്കെയായിട്ടു കൂട്ടും പെണക്കോം‘.
നോക്കിയേച്ചുംവച്ചു വരാമെന്നും പറഞ്ഞു ഞങ്ങള്‍ മക്കള്‍ തെമ്മാടിക്കുഴികള്‍ തിരഞ്ഞു പോയി. അപ്പനടുക്കളയിലേക്കും. കൊച്ചുഗോവാലന്‍ പാത്രങ്ങള്‍ മോറുന്നതിന്റെയും അന്തി കുടത്തില്‍ പകരുന്നതിന്റെ തിരക്കിലായി. അടുക്കളയില്‍ അപ്പന്‍ കള്ളിന്‍കുടങ്ങളിലൊന്നു കയറിപ്പിടിച്ചു തുടങ്ങി. ഞങ്ങള്‌ കറങ്ങിവരുമ്പോഴേക്കും, അപ്പന്‍ തോട്ടിറമ്പിലൊന്നു കുളിച്ചേച്ചും വന്ന്‌ അവസാനത്തെ കുടവും തീര്‍ത്തുകഴിഞ്ഞിരിക്കേണ്ടതാണ്‌. എന്നാല്‍ അപ്പന്‍ വിയര്‍പ്പില്‍ കുളിച്ചു കിടക്കുകയായിരുന്നു. 
`
മക്കഴേ , മക്കളെത്തിയോടാ. വന്നേ പറയട്ടെ. ആ പ്രേതം പറഞ്ഞ പോലെ പണി പറ്റിച്ചെടാ മക്കളേ‘. അപ്പന്‍ കത്രീനച്ചേടത്തിയെ കണ്ണുവളച്ചൊന്നുനോക്കി. പിന്നെ ഒന്നും പറഞ്ഞില്ല. ചിറി ഒരു വശത്തേക്കു കോടി. അപ്പാ എന്നു ജോസച്ചായനും പാപ്പച്ചായനും വറീച്ചായനും വിളിക്കുന്നതു മാത്രമേ കേട്ടുള്ളൂ. വിളിച്ചുകൂവി പൊടിയന്‍കുഞ്ഞിനെ പേടിപ്പിക്കല്ലേ എന്ന്‌ അപ്പന്‍ പറയുമെന്നു കരുതി. എന്നാലതുണ്ടായില്ല. 

പിന്നെ, പിറ്റേന്നും അതിന്റെ പിറ്റേന്നും അങ്ങനെയെന്നും ഞങ്ങള്‍ മക്കള്‌ നാലുപേരും സെമിത്തേരീലേക്കുള്ള കലുങ്കേലിരുന്നു. വഴി ചോദിച്ചുവരാന്‍ ചോദ്യങ്ങളൊന്നുമില്ലെങ്കിലും. `പൊടിയാ, പോയി ഒരു കിളിത്തൂവല്‌ കൊണ്ടുവാടാ. ചെവീലെന്തോ ഒരു കിരുകിരുപ്പ്‌‘. അപ്പന്‍ പറയുന്നതു പോലെ തോന്നി. ഉണ്ടാവും ഞാനറിയാതെ അപ്പന്‌ മൂത്തതുങ്ങളോടെന്തെങ്കിലും കുശുകുശുക്കാന്‍. ആര്‍ത്തലച്ചുനിന്നു പൊട്ടിച്ചിരിയിലേക്കൂര്‍ന്നങ്ങനെ വീഴാന്‍….

Comments

comments