ടലാമകൾ കൂട്ടത്തോടെ തീരത്തേക്ക് നീന്തിവന്നുകൊണ്ടിരുന്ന രാത്രിയിലാണ് സ്റ്റെല്ലാമേരി ആത്മഹത്യചെയ്യാനായി ആ കടൽത്തീരം ലക്ഷ്യമാക്കി നടന്നത്. ഭൂതകാലത്തിന്റെ ഒരു ഇടുങ്ങിയ പൊന്തക്കാട്ടിൽ നിന്നും പതിമൂന്നു വയസ്സുള്ള തന്റെ അർദ്ധനഗ്നതയിലേക്ക് അത്ഭുതത്തോടെ നോക്കിനിന്ന നിഷ്കളങ്കമായ രണ്ടു കണ്ണുകൾ സ്വപ്നത്തിൽ നിന്നിറങ്ങി വന്നു മുന്നിൽ നില്ക്കുന്നത് കണ്ടപ്പോൾ സ്റ്റെല്ലാമേരി നടത്തം നിർത്തി.
നീയ്  മരിക്കാൻ പോവാണോ?”
നിന്റടുത്തെക്ക് വരുവാണ് ജോസപ്പേ “
എന്നാത്തിനാണ് ഇപ്പ ഇങ്ങനെ?”
ജീവിക്കണത് എന്തിനാണ് ജോസപ്പേ..ആകെ ഒള്ളത് ഒന്ന് പോയില്ലേ..ന്റെ കുഞ്ഞുമോള്..”
സ്റ്റെല്ലാമേരി കിതച്ചുകൊണ്ട് താഴോട്ടു ചാഞ്ഞു വളർന്ന ആ തെങ്ങിൻ ചോട്ടിലിരുന്നു. കുഞ്ഞു മോളെക്കുറിച്ചു ഒരു വിവരവുമില്ല. പോലീസ് സ്റ്റേഷൻ കയറിയിറങ്ങിട്ടൊന്നും ഒരു ഫലവുമില്ല…തല തെറിച്ച പെണ്ണല്ലേ ആരെങ്കിലും കൊന്നുകളഞ്ഞിട്ടുണ്ടാവും എന്നുതന്നെയാണ് ചിലര്  പറയുന്നത്. ജോലിസ്ഥലത്ത് ദിവസവും ഭീഷണി ഫോൺ വിളികൾ വരാറുണ്ട് എന്ന് പറയുന്ന കേട്ടു. കുഞ്ഞുമോൾ തിരിച്ചു വരില്ലെന്നുറപ്പിച്ചു ചാവാനിറങ്ങിയ ഈ പാതിരാത്രി ജോസപ്പെന്തിനാണ് ഈ തെങ്ങിന്റെ ചോട്ടിൽ തന്നെയും കാത്തിരുന്നത്? മനസ്സിൽ കുഞ്ഞുമോൾ മാത്രമായതിനാൽ ജോസപ്പിനോട് ഇത്രയും കാലം എവിടെയായിരുന്നെന്ന് ചോദിക്കാൻ പോലും പറ്റുന്നില്ല.
 തീരത്ത്‌ വന്നടിഞ്ഞ ചപ്പുചവറുകൾക്കിടയിലൂടെ ഒരു പറ്റം കടലാമകൾ മണൽതിട്ട ലക്ഷ്യമാക്കി വരുന്നുണ്ട്. കുറച്ചു നേരം കൂടി ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നപ്പോൾ മനസ്സിന് അൽപ്പം സമാധാനം കൈവന്നു.ഓര്‍മകളുടെ ചിതലരിച്ച അസ്ഥിക്കൂടം പോലെ ആ പഴയ ലൈറ്റ് ഹൗസ് ഇപ്പോഴും അകലെ ഒരു നിഴലുപോലെ നിൽക്കുന്നു. തന്നെത്തന്നെ നോക്കിയിരിക്കുകയാണ്  ജോസപ്പ്ആ കണ്ണുകളിലേക്ക് തന്നെ നോക്കിയപ്പോൾ മേരിക്ക് പഴയ പതിനാറു വയസ്സുള്ള രാമചന്ദ്രനെ ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കണം എന്ന് തോന്നി.
എന്നതിനാ രാമേന്ദ്രാ നീയ്  എന്നെ ഇട്ടിട്ട് പോയേ..? ?
എന്നെ രാമചന്ദ്രൻ എന്ന് വിളിക്കരുത് ലതപ്പെണ്ണേ..ഞാൻ ജോസപ്പാണ് നെനക്ക് അറിഞ്ഞൂടാ എന്നുണ്ടോ?
തെങ്ങോലയ്ക്കിടയിലൂടെ അരിച്ചു വരുന്ന നിലാവിൽ ജോസപ്പിന്റെ മുഖം കറുക്കുന്നത് സ്റ്റെല്ലാമേരി കണ്ടു. പുല്ലാഞ്ഞി മൂർഖൻ ഇഴഞ്ഞു പോയ ഇടവഴിയിൽ ചോര ശർദ്ദിച്ചു കിടന്ന പുലയൻ ചെക്കനെ തോണ്ടിയെടുത്ത് കടലിൽ കൊണ്ടിടാൻ ആക്രോശിക്കുന്ന അരയനെ ഓർമ വന്നുകാണണം. കൈതപ്പൂമണത്ത വൈകുന്നേരം ഐരാണിക്കാടിന്റെ ഉള്ളിലുവച്ച് ചുണ്ടടക്കം കിട്ടിയ ആദ്യ ചുംബനത്തിന്റെ ഓർമയിൽ തെല്ലിട കണ്ണുകളിരുക്കെ ചിമ്മി സ്റ്റെല്ലാമേരി വീണ്ടുമാ പതിമൂന്നുകാരി കനകലതയായി.
ജാതിപ്പേര് തൂത്തുകളയാൻ അകലത്തു പോയി മതം മാറിയ രാമചന്ദ്രൻ ഒരു ദിവസം രാവിലെ ജോസപ്പായി കരയിൽ അവതരിച്ചു. പത്തൊമ്പത്  തികഞ്ഞു നിന്ന കനകലതയോട് യേശുവിൽ ചേരാൻ അഭ്യർഥിച്ചു തിരിച്ചു പോയന്ന് രാത്രിയിൽ അരയാൽ ചോട്ടിലെ ഭഗവതി വിഗ്രഹത്തിനു കീഴിൽ ജോസപ്പിന്റെ ചോര പിന്നെയും വീണു. നസ്രാണികൾ കൂട്ടം കൂടി വന്നു തൊണ്ടയില് വെള്ള മൊഴിച്ചുകൊടുക്കുന്നതൊഴിവാക്കാൻ മല്ലന്മാർ നാലുപേര് ചേർന്ന് തൂക്കിയെടുത്ത് ആളനക്കം കുറഞ്ഞ ഇടവഴിയിൽ കൊണ്ടുവന്നിട്ടതാണ്…
“അവനെ കാണാൻ ഞാൻ പോണ്,ഇനിയും  ജീവു ബാക്കിയുന്ടെങ്കിൽ അതങ്ങെടുക്കാൻ ആ പിച്ചാത്തി കൂടി ഇങ്ങ് തന്നേക്ക്‌”
എന്ന് അച്ഛൻ കര മുഴുവൻ കേൾക്കെ അലറിയത് തനിക്കുള്ള മുന്നറിയിപ്പാണെന്നറിഞ്ഞിട്ടും കനകലത ചാകാൻ കിടന്ന ജോസപ്പിനെ പോയി കണ്ടു.
ജോസപ്പിനെ കരയിൽ നിന്നും കാണാതായ ഏഴാം നാൾ കനകലത യേശുവിൽ ചേർന്ന് സ്റെല്ലാ മേരിയായി.
ജോസപ്പേ ഇരുപത്തഞ്ച് കൊല്ലം മുന്പ് ഞാനാ പള്ളിത്തിണ്ണയില് വന്ന് കെടന്നപ്പോ നീയ് എവടെയായിരുന്നു ജോസപ്പേ..നീയ് മരിച്ചു പോയി എന്ന് വിചാരിച്ചല്ലേ ഞാന്  ..?”
 തന്നത്തന്നെ സാകൂതം നോക്കി തെങ്ങും ചുവട്ടിൽ ധ്യാനത്തിലെന്ന പോലെയിരിക്കുന്ന പൂർവകാമുകന്റെ വികാരരഹിതമായ മുഖത്തേക്ക് നോക്കി മേരി ചോദിച്ചു…കടലാമകൾ പതുക്കെ കയറിവരുന്നുണ്ട്. ഒരെണ്ണം മേരിയുടെ കാലിനടുത്തു കൂടെ പതിയെ ഇഴഞ്ഞുപോയി, മുട്ടയിട്ടു കടലിലേക്ക്‌ തിരിച്ചു പോകുന്നതാണ്. ഒരു പക്ഷേ കടലിൽ നിന്നും ഇനിയുമൊരുപാടെണ്ണം കര തേടി വരുന്നുണ്ടാവും. ജീവിതത്തിനും മരണത്തിനു മിടയിൽ വംശവർദ്ധനവിനായി കരയിലേക്ക് സധൈര്യം നീന്തിയടുക്കുന്ന ആയിരക്കണക്കിന് കടലാമകൾ. സൃഷ്ടിയുടെ മഹാകർമം നിർവഹിക്കാൻ അവ നിശബ്ദം ഇഴഞ്ഞു വരുകയാണ്. ശബ്ദ കോലാഹലങ്ങളുടെ മഹാനഗരത്തിൽ തങ്ങളുടെ കുഞ്ഞുങ്ങളെ തനിച്ചാക്കി തിരിച്ചു കടലിലേക്ക്‌ പോകുന്നു..അകലെ മണൽത്തിട്ടയിൽ ഒരുപാട് നിഴലുകൾ കാണുന്നു. ആമ മുട്ടകൾ മാന്തിയെടുക്കുന്ന ഒരു പറ്റം കുറുക്കൻമാർ..കയ്യിലൊരു കൊച്ചു വടിയുമായി ഒട്ടും പേടിയില്ലാതെ അവയ്ക്ക് പിറകേ ഓടുന്ന ഒരു മെലിഞ്ഞ പെൺകുട്ടിയുടെ നിഴൽ രൂപം അവ്യക്തമായി കണ്ടു. കണ്ടത് തന്റെ കുഞ്ഞുമോളെ തന്നെയാണല്ലോ എന്നു തിരിച്ചറിഞ്ഞ് സ്റ്റെല്ലാമേരി ഒരു നിമിഷം വര്ത്തമാനകാലത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കണ്ണും തുറന്ന് തിരിച്ചു വന്നു.

ജോസപ്പ് അവിടില്ലായിരുന്നു.

അവൾ ഉച്ചത്തിൽ കരഞ്ഞു വിളിച്ചു. “ജോസപ്പേ നീയെവിടെ പോയി..” ആരും വിളികേട്ടില്ല.. ആത്മഹത്യ ചെയ്യും മുൻപ് ആരോടെങ്കിലും പറഞ്ഞു തീർക്കാൻ വച്ച നോവുകൾ പടുകൂറ്റൻ ഞണ്ടുകളായി വന്ന് കടലാമക്കുഞ്ഞുങ്ങളെ ഒന്നൊന്നായി തിന്നു തീർത്തു.
അമ്മച്ചീനോട് ചോദിക്കണം എന്ന് പറഞ്ഞ്‌ സാറ്.. !”

 കുഞ്ഞുമോൾക്കന്നു പത്തുവയസ്സാണ് ..അപ്പനാരാണ് എന്ന മോളുടെ ചോദ്യത്തിനു മുന്നിൽ ഒരു ദിവസം പകച്ചു നില്ക്കേണ്ടി വരും എന്നുറപ്പിച്ചിരുന്നെങ്കിൽ പോലും പള്ളിക്കൂടത്തിലെ മാഷ്‌ തന്നെ കുഞ്ഞിൻറെ മനസ്സിൽ വിഷം കുത്തിവയ്ക്കും എന്ന് മേരി ഒരിക്കലും നിനച്ചിരുന്നില്ല. ഇടക്കാലത്ത് പള്ളിവിട്ടോടിയ വികാരിയാച്ചന്റെ നീല നിറത്തിലുള്ള കണ്ണുകൾ കുഞ്ഞിമോളുടെ വിളർത്ത മുഖത്തു പ്രതിഫലിക്കുന്നുണ്ടെങ്കിലും,കരക്കാരുടെ കുത്തുവാക്കുകളെ കേട്ടില്ല എന്ന് തന്നെ നടിച്ചു. കനകലതയെ  സ്റ്റെല്ലാ മേരിയാക്കിയ അതേ കടപ്പുറത്തു കൂടി തലയയുർത്തിപ്പിടിച്ചു തന്നെ മോളുടെ കയ്യും പിടിച്ച് അവൾ നടന്നു. അവശക്രിസ്ത്യാനിയുടെ മടിക്കുത്ത് പിടിച്ച മേലാളത്തത്തിന്റെ മുഖത്ത് മൂര്ച്ചയേറിയ നഖങ്ങൾ ആഴ്ത്തിയിറക്കിയ ഓർമ്മകൾ മറക്കാൻ ശ്രമിച്ചെങ്കിലും ചില ദിവസങ്ങളിൽ ദുസ്വപ്നങ്ങൾ ആവർത്തിച്ചാവർത്തിച്ചു കടന്നു വന്നു. കുഞ്ഞു കാലിൽ തിണർത്ത പാടുകളുമായി മകൾ സ്കൂളിൽ നിന്നും ഓടിക്കിതച്ചു വന്ന ഒരു വൈകുന്നേരമാണ് സ്റ്റെല്ലാ മേരി കുഞ്ഞുമോൾക്ക് പതിയിരുന്ന് ഇറുക്കുന്ന ഞണ്ടുകളെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെ എന്ന് പഠിപ്പിച്ചു കൊടുത്തത്.

പിറ്റേ ദിവസം സാമൂഹ്യപാഠം പഠിപ്പിക്കുന്ന മാഷിൻറെ കൈകൾ കടിച്ചു മുറിച്ച് കുഞ്ഞുമോൾ സ്കൂളിന് പുറത്തായി.
അന്ന് രാത്രി ആദ്യമായി മേരി മകൾക്ക് അവളുടെ അച്ഛന്റെ പേര് പറഞ്ഞു കൊടുത്തു.
“വാസ്കോഡഗാമ!.” ഇനി മുതല് അതാണ്‌ നിന്റെ അപ്പന്റെ പേര് !

ജീവിതത്തിന്റെ പരുത്ത പുറന്തോടിൽ സ്റ്റെല്ലാമേരി ചിത്രപ്പണികൾ ചെയ്യാൻ തുടങ്ങിയത് കുഞ്ഞുമോളുടെ നിഷ്കളങ്കമായ പുഞ്ചിരി നല്കിയ ഊർജത്തിലാണ്. ചിരട്ടശിൽപ്പങ്ങളിൽ ജീവിതം വിരിഞ്ഞുതുടങ്ങിയപ്പോൾ പഴയൊരു സൈക്കിളിൽ കുഞ്ഞുമോളെയും കയറ്റി മേരി കരകൌശലശാലകൾ തേടി യാത്ര തുടങ്ങി. വാസ്കോഡഗാമ വന്നിറങ്ങിയ തീരം കാണാൻ വല്ലപ്പോഴും വന്നെത്തുന്ന വിദേശികളും കരിമ്പാറക്കൂട്ടങ്ങൾ നിറഞ്ഞ തീരം തേടിയെത്തുന്ന ചില വിനോദസഞ്ചാരികളുമാണ് അവരുണ്ടാക്കിയ ചിരട്ടശിൽപ്പങ്ങളുടെ ആദ്യ ആസ്വാദകരായത്. പ്രണയത്തിന്റെ രക്തസാക്ഷിയായി മതം മാറി പെഴച്ചു പെറ്റ് കടപ്പുറത്ത് നിന്നും സമുദായത്തിൽ നിന്നും പുറത്താക്കപ്പെട്ട സ്റ്റെല്ലാ മേരിയുടെ കഥ അതിനിടയിലെപ്പോഴോ ഏതോ ഒരു സഞ്ചാരി തന്റെ യാത്രാവിവരണത്തിൽ എഴുതിയത് അധികമാരും വായിച്ചില്ല. ചാരിത്ര്യം നഷ്ടപ്പെട്ട് തന്റെടിയായി ജീവിക്കുന്ന പെണ്ണ് കരകൌശലവസ്തുക്കളുണ്ടാക്കി വിറ്റാണ് ജീവിതം പുലർത്തുന്നത് എന്ന് വിശ്വസിക്കാൻ കരയിലും അധികം ആളുണ്ടായില്ല. വാസ്കോഡഗാമയുടെ മകൾ എന്ന അടിക്കുറിപ്പിലാണ് കുഞ്ഞുമോളുടെ ചിത്രം വന്നത്. ഏതോ നാട്ടിൽ, ഏതോ മാഗസിനിൽ, ഏതോ ഭാഷയിൽ ഒരു പെൺകുട്ടി പറങ്കിത്തോപ്പിയും വച്ച് തലയുയർത്തി നിന്നു..

കടൽത്തീരത്തോട് ചേർന്ന് വാസ്കോഡഗാമയുടെ ഓർമയ്ക്കായി നിർമ്മിച്ച പ്ലാറ്റ്ഫോമിനോട് ചേർന്ന് ഒരുപാട് കാറ്റാടിമരങ്ങളുണ്ട്. നിർത്താതെ വീശുന്ന കടൽക്കാറ്റിൽ കിഴക്കോട്ട് ചാഞ്ഞ് വിളക്കുകാലുകൾ മറച്ച് തീരത്തിന് വന്യസൗന്ദര്യം നൽകുന്ന ചെറു മരങ്ങൾ. അതിനു കീഴിൽ പൊട്ടിയ മദ്യ കുപ്പികളും ഒഴിഞ്ഞ ബിയർ ബോട്ടിലുകളും കീറിയ പ്ലാസ്റ്റിക് കവറുകളും സിഗരറ്റു കുട്ടികളും ചേർന്ന് ഒരു ഇരുണ്ട ആവാസവ്യവസ്ഥ തീർത്തു. വെളിച്ചം കുറഞ്ഞ നേരങ്ങളിൽ കൊതുകുകളും കൂത്താടികളും മറ തേടിയെത്തി.. സന്ധ്യമയങ്ങുമ്പോൾ മുറിബീഡിത്തുമ്പുകൾ തീർക്കുന്ന വെളിച്ചത്തിൽ ഈയാം പാറ്റകൾ പൊള്ളിവീണു. 

അന്ന് വൈകീട്ട് ആ തീരത്ത്‌ കൂടി കുഞ്ഞുമോളുടെ കൂടെ ചിപ്പി പെരുക്കാനിറങ്ങിയ സ്റെല്ലാമേരി അവശനിലയിൽ തീരത്തടിഞ്ഞ അധികം പ്രായമായിട്ടില്ലാത്ത ഒരു ഇടത്തരം കടലാമയെ കണ്ടു.കര തേടി നീന്തി വന്നതാവണം. മടിയിലെടുത്തു വച്ച് പരിക്കു പറ്റിയിട്ടുണ്ടോ എന്ന് നോക്കി. അതപ്പോഴും തല പുറത്തേക്കിടാൻ കൂട്ടാക്കാതെ ഉള്ളിലേക്ക് വലിച്ച് വച്ച് പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു.ഇടക്കൊന്നു കണ്ണുകൾ പുറത്തോട്ടു നീട്ടിയതും അപരിചിതരെ കണ്ടു പെട്ടെന്ന് തന്നെ അകത്തേക്കൊളിച്ചു. അവരതിനെ കുടിലേക്ക് കൊണ്ടു പോയി ശുശ്രൂഷിച്ചു. കൈകാലുകളിലും മുഖത്തും അടിവയറ്റിലും ഞണ്ടുകൾ ഇറുക്കിയ പാടുകളുണ്ട്. ദിവസങ്ങൾ നീണ്ട യാത്രയിലെന്ന പോലെ ക്ഷീണിച്ചിട്ടുണ്ട്.
പരിക്കുകൾ ഭേദമാവും വരെ അവരതിനെ അകലേക്ക്‌ വിടാതെ സംരക്ഷിച്ചു. 

 അന്ന് മുതലാണ്‌ സ്റ്റെല്ലാമേരിയും മകളും കടലാമകളെ സംരക്ഷിക്കാൻ തീരുമാനിച്ചത്.
ആദ്യം അവരൊരു കുഞ്ഞു വേലി തീർത്തു.ആമകൾ മുട്ടയിടാൻ വരുന്നത് രാത്രിയിലാണ്മുട്ടകൾ വിരിഞ്ഞു ആമക്കുഞ്ഞുങ്ങൾ കടലിലേക്ക്‌ ഇഴയാന് തുടങ്ങുന്ന സമയമാണ് ഏറ്റവും അപകടം പിടിച്ചത് .. കുറുക്കൻമാരും ഞണ്ടുകളും പാമ്പുകളും ഒക്കെ ഇരതേടി ഇറങ്ങുന്നത് അപ്പോഴാണ്‌..വേലികളൊക്കെ ദുർബലമാണ് ,തകർക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല..വിരിഞ്ഞു വരുന്ന ആമക്കുഞ്ഞുങ്ങളെ സുരക്ഷിതമായ ജീവിതതിലേക്ക് വിടണം..നീന്തി നീന്തി ഉറച്ചപുറം തോടുകൾ കൈവരുന്ന വരെ അവയെ കണ്ചിമ്മാതെ നോക്കണം..തെരുവു പട്ടികളും പരുന്തുകളും പ്രാപ്പിടിയൻമാരും ഒക്കെയുണ്ട്. മാംസത്തിനായി ആമകളെ കൂട്ടത്തോടെ വേട്ടയാടുന്നവരുമുണ്ട് .

മേരിയും കുഞ്ഞുമോളും ഒരുപാട് കഷ്ടപ്പെട്ടുവെങ്കിലും അവരുണ്ടാക്കിയ ചെറിയ വേലിക്കെട്ടുകൊണ്ട് കാര്യമില്ലെന്ന് വൈകാതെ മനസ്സിലായി. ആമ മുട്ടകൾ പതിവായി നഷ്ടപ്പെട്ടു. ആമക്കുഞ്ഞുങ്ങൾ നിത്യേന വേട്ടയാടപ്പെട്ടു. വലിയ കടലാമകളുടെ മാംസത്തിനായി പലരും ആ തീരം തേടിവന്നു.

അടുത്ത വർഷം കടലാമകൾ മുട്ടയിടാൻ വരുന്ന സീസണിൽ സ്റ്റെല്ലാമെരി കുറച്ചു കൂടി മുന്കരുതലുകളെടുത്തു. കുടിലിനോട് ചേർന്ന് അവരൊരു ചെറിയ ഹാച്ചറിയൊരുക്കി. മുള്ളുകളുള്ള കമ്പിച്ചുരുൾ വാങ്ങിച്ചു കൊണ്ട് വന്നു അതിനു ചുറ്റും ഉറപ്പുള്ള ഒരു വേലി തീർത്തു. പാമ്പുകൾ കയറാതിരിക്കാൻ നിലത്തു മുട്ടുന്നിടത്ത് മരപ്പലകൾ പാകി. പിന്നെ വേലിയിറക്കം കഴിയുന്ന നേരങ്ങളിൽ അവരൊന്നിച്ചാ മണലിലൂടെ നടന്നു കടലാമമുട്ടകൾ ശേഖരിച്ചു. കടലാമകളുടെ കാര്യത്തിൽ കുഞ്ഞുമോൾ ഒരു വിദഗ്ദയാണെന്നു മേരിക്ക് വേഗം തന്നെ മനസ്സിലായി. മുട്ടയിട്ടതായി യാതൊരു സൂചനയും അവശേഷിപ്പിക്കാതെയാണ് കടലാമകൾ കടലിലേക്ക്‌ മടങ്ങുന്നത്. കുട്ടികൾ മണലിൽ കളിച്ച പോലത്തെ ചെറിയ പാടുകൾ കാണുമ്പോൾ കുഞ്ഞുമോൾ നടത്തം മതിയാക്കും.എന്നിട്ട് കണ്ണുകൾ ചരിച്ചു കുസൃതിയോടെ മേരിയെ നോക്കും. സൂക്ഷിച്ചു നോക്കിയാൽ  ആമ ഇഴഞ്ഞുപോയ പാട് കാണാം. ചെറിയൊരു ചുള്ളിക്കമ്പ് കൊണ്ട് സൂക്ഷമായാണ് കുഞ്ഞുമോൾ മുട്ടകൾക്കായി പരതുന്നത്. കമ്പു കൊണ്ട് പതുക്കെ മണ്ണിൽ കുഴിച്ച് മുട്ടകൾ ഓരോന്നായി ശ്രദ്ധയോടെ കയ്യിലെ പഴയ മൺപാത്രത്തിൽ നിക്ഷേപിക്കും. മുട്ടയ്ക്ക് മുകളിൽ പറ്റിയ കൊഴുത്ത ദ്രാവകം തുടച്ചുകളയാതെ വേണം മുട്ടകൾ മണ്ണിൽ നിന്നും തോണ്ടിയെടുക്കാൻ..കുഞ്ഞു ചെടികൾ പറിച്ച് എടുക്കുമ്പോൾ അതിന്റെ വേരുകൾക്ക് ചുറ്റും പറ്റിക്കിടക്കുന്ന മണ്ണുപോലെ തന്നെ പുനധിവാസത്തിനു പ്രാധാന്യമുള്ളതാണ് അതെന്നു അവർക്കറിയാം.

 ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞു വരുന്ന കാഴ്ച കുഞ്ഞുമോൾക്ക്  ഏറെ ആഹ്ലാദകരമായിരുന്നു. ഇത്തവണ അവർ രണ്ടുപേരും ഉറക്കമില്ലാതെ കാവലിരുന്ന ഒന്നരമാസം ഒറ്റ ആമക്കുഞ്ഞുപോലും ഉപദ്രവിക്കപ്പെട്ടില്ല..കാറ്റാടി മരങ്ങൾക്കിടയിൽ കടലാമകൾ  ഉപദ്രവിക്കപ്പെട്ടില്ല ഒന്ന് രണ്ടു തവണ മേരിയുടെ നീളം കൂടിയ കൊടുവാളിന്റെ മൂർച്ചയിൽ പ്രായപൂർത്തിയാവാത്ത ആമക്കുഞ്ഞുങ്ങൾ കുറുക്കൻമാരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. ആമമുട്ടകൾ വിരിഞ്ഞു വരുന്ന സമയത്ത് ആ കുടിലിൽ ഉത്സവമായിരുന്നു. ആഹ്ലാദത്തോടെ,ആഘോഷകരമായി അവർ വിരിഞ്ഞു പുറത്തു വന്ന കടലാമക്കുഞ്ഞുങ്ങളെ ഓരോന്നായി കടലിലേക്കാനയിച്ചു. ഓലചൂട്ടിന്റെ വെളിച്ചത്തിൽ ജീവിതത്തിലേക്കുള്ള വഴിയിൽ ഉച്ചത്തിൽ പാട്ടുപാടി അവർ മുൻപേ നടന്നു..
പട്ടണത്തിലെ സ്കൂളിലേക്ക് കുഞ്ഞുമോളെ ചേർക്കണമെന്നത് മേരിയുടെ ഏറെ നാളത്തെ ആശയായിരുന്നു. അവശക്രിസ്ത്യാനിക്കുള്ള അവസാനത്തെ സീറ്റിൽ അപ്പന്റെ പേര് വാസ്കോഡഗാമയെന്നുള്ള കുട്ടിയെ ചേർക്കാനാവില്ലെന്ന സ്കൂൾ അധികൃതരുടെ നിലപാട് മേരിയുടെ ഒറ്റ ഭീഷണിക്ക് മുന്നിൽ ഇല്ലാതായി.അപ്പന്റെ പേരെഴുതാൻ നിർബന്ധിച്ച  മദർസുപ്പീരിയരുമായി തർക്കിച്ചു കൊണ്ടിരുന്ന നേരത്ത് സ്റ്റെല്ലാ മേരി കേൾക്കാൻ അസുഖകരമായ ആ പരമരഹസ്യം മാതാവിന്റെ മുന്നിൽ തുറന്നടിച്ചു.
കൂടുതൽ ചികയേണ്ട മദറെ തിരുവസ്ത്രം ധരിച്ച ഒരു അയോഗ്യൻ തന്നെയാ ഇവളുടെ തന്ത.”
പിന്നീട് കുഞ്ഞുമോൾക്ക് സ്കൂൾ മാറേണ്ടി വന്നില്ല.

കുഞ്ഞുമോൾ നഗരത്തിൽ ജോലിക്ക് ചേർന്നതിന്റെ പിറ്റേന്നാണ് വലിയൊരു കടലാമയുടെ ജഡം കരയ്ക്കടിഞ്ഞത്‌. സ്റ്റെല്ലാമേരി വർഷങ്ങൾക്കു ശേഷം അന്ന്  ജോസപ്പിനെ ഓർത്തു. ജോസപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന് അത്രയും കാലം താൻ അന്വേഷിക്കാതിരുന്നതെന്തേ എന്നായിരുന്നു അവൾ അത്ഭുതപ്പെട്ടത്. അന്ന്,  കുഞ്ഞുമോൾ സേവനം നടത്തുന്ന ഓർഫനേജിലെ കുട്ടികളുടെ കൂടെ രാത്രി ഭക്ഷണം കഴിച്ചു തിരിച്ചു വരുന്നേരം തന്നോളം വളർന്ന മകളോട് അവളാദ്യമായി തന്റെ കഥ പറഞ്ഞു.

മകളുടെ സാമൂഹ്യപ്രവർത്തനത്തിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ അടിച്ചു വന്നത് വെട്ടി സൂക്ഷിച്ച ആല്ബം മരിച്ചു നോക്കുന്നതിനിടെ എവിടെയെന്നില്ലാതെ മാഞ്ഞു പോകുന്ന പെൺകുട്ടികളെ കുറിച്ച് കുഞ്ഞുമോൾ  പണ്ടൊരിക്കൽ എഴുതിയ ലേഖനം സ്റ്റെല്ലാമേരിയുടെ കണ്ണിൽ പെട്ടു. സ്റ്റാഫ് റൂമിന്റെ നേർത്ത ഇരുട്ടിൽ ഞണ്ടുകളെ പ്പോലെ ശരീരത്തിലൂടെ ഇഴഞ്ഞു വന്ന കൈകൾ കടിച്ചു മുറിച്ചോടിയ തന്റേടം അക്ഷരങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്തലയുയർത്തി വച്ച്, ആകാശം മുഴങ്ങുന്ന മുദ്രാവാക്യങ്ങൾ വിളിച്ച് കുഞ്ഞുമോൾ മുൻപേ നടക്കുന്നു. അവൾക്കു പിന്നാലെ പേരില്ലാത്ത ഒരുപാട് പെൺകുട്ടികളുടെ നിഴലുകൾ..മാസികയുടെ ഉൾപ്പേജിൽ ഇരുട്ടുമുറിയിലെ വരണ്ട ചുവരിനരികിലിരുന്ന് ഒരു കൊച്ചു പെൺകുട്ടി തേങ്ങിക്കരയുന്നു.. അടിക്കുറിപ്പില്ലാത്ത ആ ഫോട്ടോയിൽ ഏറെ നേരം മേരിയുടെ കണ്ണുകളുടക്കി.. മഴവെള്ളം വീണു നനഞ്ഞ  പള്ളിവരാന്തയിൽ നിന്നും ഭൂതകാലത്തിന്റെ കടുത്ത പുറന്തോട് പൊട്ടിച്ച് ഒരു പെണ്കുട്ടി കടലാമക്കുഞ്ഞിനെപ്പോലെ ഇഴഞ്ഞു വരുന്നു. നനഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ച് അവൾ ഉടൻ തന്നെ കുഞ്ഞുമോളെ ഫോണിൽ വിളിച്ചു..

അന്നാണ് അവസാനമായി സ്റെല്ലാമേരി മകളോട് സംസാരിക്കുന്നത്.
സങ്കടപ്പെടെണ്ട ലതപ്പെണ്ണെ…”
സ്റ്റെല്ലാ മേരി ഞെട്ടിയെഴുന്നേറ്റു മിഴിച്ചു നോക്കി.കടപ്പുറത്തെ തെങ്ങിൻ ചുവട്ടിലാണ് ഇപ്പോഴും. ജോസപ്പാണ്,അല്ലെങ്കിലും തന്നെ ലതേ എന്ന് വിളിക്കാൻ വേറാരാണ് ഉള്ളത്?
കണ്ണുതിരുമ്മി നോക്കുമ്പോൾ ജോസപ്പ് തൊട്ടടുത്ത മരത്തിന്റെ താഴത്തെ ചില്ലയിൽ തല കീഴായി തൂങ്ങിക്കിടക്കുന്നു!
ജോസപ്പേ നെനക്കെന്താണ് പറ്റിയത്? നെന്റെ കാലുകള് എവിടെപ്പോയി?”
എന്റെ കാലുകളല്ലേ പെണ്ണെ നെന്റെ അപ്പനും കരക്കാരും കൂടി അടിച്ചു മുറിച്ചു കളഞ്ഞത്..അന്നു രാത്രിയല്ലേ എന്നെ കൊന്ന് കടലില് കൊണ്ടിട്ടത്..?”
കാലുകളില്ലാത്ത ജോസപ്പ് മരത്തിൽ നിന്നുമിറങ്ങി ഒരു മുഴുത്ത കടലാമ ഇഴയുന്നത്‌ പോലെ ഇഴഞ്ഞ് വന്നു മേരിയുടെ അടുത്തിരുന്നു.
പൊലയന് ജാതി പറയാണ്ട് കേറാൻ പറ്റ്ന്ന സ്ഥലം ണ്ട് ലതപ്പെന്നെ..വാ ..മ്മക്ക് അങ്ങോട്ട് പോകാം”
സ്റ്റെല്ലാ മേരിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം അനുഭവിക്കുകയായിരുന്നു. ജോസപ്പിന്റെ യേശുക്രിസ്തുവിന്റെ പോലത്തെ കണ്ണുകളിലൂടെ അവൾ കുഞ്ഞുമോളെ കണ്ടു. മൃദുലമായ മുട്ടത്തോടുകൾ പൊട്ടിച്ചു പുറത്തേക്ക് വരുന്ന ആയിരക്കണക്കിന് കടലാമക്കുഞ്ഞുങ്ങൾ.. കടലിലേക്കുള്ള വഴിയേ മുന്നിൽ നടക്കുന്ന കുഞ്ഞുമോൾ. പരുന്തുകളും പ്രാപ്പിടിയൻമ്മാരും തെരുവുപട്ടികളും കുറുക്കൻമ്മാരും ഞണ്ടുകളും പതിയിരിക്കുന്ന വഴിയിലൂടെ ഭയമില്ലാതെ അവൾ നടക്കുകയാണ്. നിലാവിൽ കുളിച്ച് അവിടം കടലാമകൾ ഭീതിയില്ലാതെ രാത്രിയിൽ പുറത്തിറങ്ങുന്ന ഒരു നഗരമായി മാറി. ഒരുപാട് പെൺകുട്ടികൾ കുഞ്ഞുമോൾക്കൊപ്പം ചേർന്ന് നൃത്തം ചെയ്ത് രാത്രി പകലാക്കി.അവരുടെ എണ്ണം കൂടിക്കൂടി വന്നു. അടച്ചു പൂട്ടിയ വാതിലുകൾ വലിച്ചു തുറന്ന് ആയിരക്കണക്കിന് പെൺകുട്ടികൾ രാത്രിയിലേക്കിറങ്ങി. മതിവരുവോളം നിലാവ് കുടിച്ച് നഗരത്തിലൂടെ നടന്നു.
കണ്ണുചിമ്മാതെ നോക്കിനിന്ന സ്റ്റെല്ലാമേരിയുടെ മുഖത്ത് പ്രകാശം പരന്നു. എന്നിട്ട് നിഴലായ് മാഞ്ഞുപോകാൻ തുടങ്ങിയ ജോസപ്പിന്റെ കണ്ണുകളിലേക്ക് ഊളിയിട്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
കുഞ്ഞുമോളെ ഞാൻ കാണുന്നു ജോസപ്പേ ..അവള് ദാ കടലിലൂടെ അങ്ങ് ദൂരേക്ക് നീന്തിപ്പോകണ് ..”

Comments

comments