ണ്‌ഡോവി നദിയോരത്തെ നെടുംപാത വെളിച്ചത്തില്‍ കുളിച്ചു തന്നെ നിന്നിരുന്നു. ഐനോക്‌സ്‌ സമുച്ചയത്തിലെ ബീര്‍ വീഴ്‌ത്തു കേന്ദ്രമാകട്ടെ പതിവു പോലെ സദാസമയം പ്രവര്‍ത്തനനിരതവുമായിരുന്നു. സുരക്ഷാ പരിശോധനകള്‍, അതിലടങ്ങിയിരിക്കുന്ന അപഹാസ്യകരമായ അപമാനത്തോടെ പൂര്‍വാധികം ശക്തിയായി പ്രയോഗിക്കപ്പെട്ടപ്പോള്‍ കാത്തുനില്‍പ്പിന്റെ വിരസതകള്‍ ആട്ടിയകറ്റപ്പെട്ടു. എത്തിയ ദിവസം, പ്രതിനിധി കാര്‍ഡ്‌ ശേഖരിച്ച ഉടനെ തന്നെ കലാ അക്കാദമിയിലെ ബുക്കിംഗ്‌ കേന്ദ്രത്തിലെത്തി തെരഞ്ഞെടുത്തു നല്‍കിയ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും സീറ്റ്‌ ലഭിച്ചപ്പോഴാണ്‌ ഇതെന്തോ പന്തികേടിന്റെ ലക്ഷണമാണല്ലോ എന്നാലോചിച്ചത്‌. പുറകെ, പത്രം നോക്കിയപ്പോഴാണ്‌ ഉദ്‌ഘാടനച്ചടങ്ങിനിടെ, പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിക്കാണിച്ച രണ്ടു പേരെ പോലീസ്‌ വലിച്ചിഴച്ച്‌ കസ്റ്റഡിയിലെടുക്കുകയും തടങ്കലിലാക്കുകയും ചെയ്‌തു വെന്ന വാര്‍ത്ത കണ്ടത്‌. പൂനെ ഫിലിം ആന്റ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വവിദ്യാര്‍ത്ഥികളും സമരക്കാരുമായിരുന്നു അവര്‍. ശുഭം വര്‍ധന്‍, കിസ്ലേ തിവാരി എന്നായിരുന്നു അവരുടെ പേരുകള്‍. കിസ്ലേ, എഫ്‌ ടി ഐ ഐ വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. അവരുടെ ഐ ഫോണും വാലറ്റുമെല്ലാം പോലീസ്‌ പിടിച്ചു വെച്ചു. പിറ്റേന്ന്‌ കോടതി നടപടിപ്രകാരം ലഭിച്ച സോപാധിക ജാമ്യത്തിന്മേലാണ്‌ അവര്‍ പുറത്തിറങ്ങിയത്‌. മേള നടക്കുന്ന സ്ഥലത്തോ പരിസരത്തോ പ്രവേശിക്കരുത്‌ എന്ന ഉപാധിയോടെയാണ്‌ അവര്‍ക്ക്‌ ജാമ്യം ലഭിച്ചത്‌. മറ്റു വിദ്യാര്‍ത്ഥികളെയും നിശിതവും നിഷ്‌ഠൂരവുമായ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും വിധേയരാക്കി. 

        എല്ലാ വര്‍ഷത്തെയും മേളകളില്‍ നിര്‍ബന്ധമായും ഉണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു സ്റ്റുഡന്റ്‌സ്‌ സിനിമകളുടെ പാക്കേജ്‌. പുനെ എഫ്‌ ടി ഐ ഐ, കൊല്‍ക്കത്തയിലെ സത്യജിത്‌റായ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ചെന്നൈ അഡയാറിലെ എം ജി ആര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌, ദില്ലി ജാമിയ മിലിയ ഇസ്ലാമിയയിലെ എ ജെ കിദ്വായ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍ എന്നീ നാലു സുപ്രധാന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അതാതു വര്‍ഷത്തെ സൃഷ്‌ടികളില്‍ നിന്ന്‌ തെരഞ്ഞെടുത്തവയായിരുന്നു മേളയിലുള്‍പ്പെടുത്തിയിരുന്നത്‌. ഇക്കുറി അതാണ്‌ അധികൃതരുടെ ജനാധിപത്യ വിരുദ്ധ ചിന്താഗതിയുടെ ഭാഗമായി വേണ്ടെന്നു വെച്ചത്‌. പ്രതിഷേധ സൂചകമായി, മേളസ്ഥലത്തു നിന്ന്‌ അല്‍പം മാറി നോസ്സ സെനോറ ദെ പീയെദാദേ ഇന്‍സ്റ്റിറ്റിയൂട്ടിലെ, സാമൂഹിക നീതിക്കും സമാധാനത്തിനുമുള്ള കേന്ദ്രത്തില്‍ ഒരു സമാന്തരമേള തന്നെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചു. സയിദ്‌ മിര്‍സയും ശ്യാം ബെനഗലുമടക്കമുള്ളവര്‍ ഈ സമാന്തരപ്രദര്‍ശനവേദിയിലെത്തി അഭിവാദ്യങ്ങളര്‍പ്പിച്ചു. 

രാജ്യത്ത്‌ പടര്‍ന്നു വരുന്ന അസഹിഷ്‌ണുതയുടെ ജനപ്രിയത സൃഷ്‌ടിച്ച ഇരുണ്ട പശ്ചാത്തലം പടര്‍ത്തിയ ഭീതി കാരണമാണ്‌ ഇന്ത്യയുടെ നാല്‍പത്തിയാറാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പ്രതിനിധികളുടെ എണ്ണം സാരമായി കുറഞ്ഞതെന്നു വേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം 13000 പേരാണ്‌ രജിസ്റ്റര്‍ ചെയ്‌തതെങ്കില്‍ ഇക്കുറി അത്‌ തന്നെ 7000 ആയി കുറഞ്ഞു. അതില്‍ തന്നെ 4000ത്തില്‍ താഴെ പേര്‍ മാത്രമാണ്‌ ഡെലിഗേറ്റ്‌ കാര്‍ഡ്‌ മേടിക്കാനെത്തിയത്‌. പ്രദര്‍ശനഗൃഹങ്ങളിലെല്ലാം തിരക്ക്‌ നന്നെ കുറവായിരുന്നു. എന്നാലും വരി നിര്‍ത്തിയുള്ള വെറുപ്പിക്കലും പ്രദര്‍ശനം തുടങ്ങുന്നതിന്‌ തൊട്ടു മുമ്പ്‌ മാത്രം ബുക്കിംഗുള്ളവരെപ്പോലും പ്രവേശിപ്പിക്കുകയും അല്ലാത്തവരെ ചിത്രം തുടങ്ങി അഞ്ചോ പത്തോ മിനുറ്റ്‌ വൈകി കടത്തിവിടുകയും ചെയ്യുന്ന പീഡനവും തുടര്‍ന്നു കൊണ്ടേ ഇരുന്നു. അതെന്തായാലും അന്നന്ന്‌ സ്‌ക്രീന്‍ ചെയ്‌തവയില്‍ ഭേദം എന്നും മികച്ചത്‌ എന്നും പൊതുസംസാരം ഉണ്ടായതും സ്വയം കരുതിയതും ആയ സിനിമകള്‍ പറയപ്പെടുന്ന തിരക്കും ബഹളവുമില്ലാതെ ആസ്വദിക്കാന്‍ കഴിഞ്ഞു എന്നത്‌ ഒരു ആശ്വാസമായിരുന്നു. അസഹിഷ്‌ണുതക്കും ഭീതിക്കുമിടയില്‍ ലോകസിനിമയുടെ നേര്‍ക്കാഴ്‌ചകള്‍ മേളയുടെ പ്രസക്തി തികച്ചും നഷ്‌ടപ്പെടുന്നതില്‍ നിന്ന്‌ കാണികളെയെങ്കിലും കര കയറ്റി.

സുപ്രസിദ്ധ ചിലിയന്‍ ഡോക്കുമെന്ററി സംവിധായകനായ പട്രീഷ്യോ ഗുസ്‌മാന്റെ പുതിയ സിനിമ, പവിഴ ക്കുടുക്ക്‌ (പേള്‍ ബട്ടന്‍) ആണ്‌ ഈ മേളയിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. ഇതിവൃത്തത്തിലെന്നതു പോലെ ആവിഷ്‌ക്കാരത്തിലും, നൂതനത്വവും രാഷ്‌ട്രീയമായ ജാഗ്രതയും പുലര്‍ത്തുന്ന ഗുസ്‌മാന്റെ ശൈലി ഈ ചിത്രത്തെയും അവിസ്‌മരണീയമാക്കി. കടലിലും കടല്‍ത്തീരത്തുമായി മനുഷ്യ വംശത്തിന്റെ പ്രസക്തിയും അപ്രസക്തിയും അന്വേഷിക്കുന്ന ആഖ്യാനം, വെള്ളമാണ്‌ ജീവന്റെ തുടക്കം എന്ന ശാസ്‌ത്രീയമായ വസ്‌തുതയില്‍ നിന്നാണ്‌ ആരംഭിക്കുന്നത്‌. വെള്ളവും പ്രകാശവും ചേര്‍ന്ന്‌ രൂപീകരിക്കുന്ന ജീവന്‍ എന്ന അതിസങ്കീര്‍ണ പ്രതിഭാസത്തെ അമിതാധികാര വാഴ്‌ചയിലൂടെ ലോകത്തിന്റെ തന്നെ ശത്രുവായി മാറിയ പിനോച്ചെയുടെ ദുര്‍ഭരണകാലത്ത്‌ തകര്‍ക്കുന്നതിന്റെ രാഷ്‌ട്രീയ ചരിത്രമാണ്‌ ചിത്രത്തെ അതീവ പ്രസക്തമാക്കുന്നത്‌. ചിലിയുടെ ഭൂമിശാസ്‌ത്രം ദൃശ്യവത്‌ക്കരിക്കുന്നതിനു വേണ്ടി, നിലത്തു വിരിച്ച ഒരു പടുകൂറ്റന്‍ പേപ്പര്‍ മാപ്പില്‍ നിന്ന്‌ ക്യാമറ സഞ്ചരിക്കുന്നതു പോലുള്ള സമയത്ത്‌, ചലച്ചിത്ര ഭാഷയിലുള്ള കൈയടക്കവും അതിന്റെ രാഷ്‌ട്രീയ സൗന്ദര്യാത്മകതയും ഒരേ സമയം അനുഭവവേദ്യമാകുന്നു. യൂറോപ്യന്‍ അധിനിവേശക്കാര്‍, ആദിമനിവാസികളെ വംശഹത്യ ചെയ്‌തതാണ്‌ യഥാര്‍ത്ഥ പ്രമേയം. ആദിമനിവാസികള്‍ എന്ന ജീവന്റെ പ്രതിഭാസത്തെ പരിചയപ്പെടുത്തുന്നതിലെ കണിശതയും ശാസ്‌ത്രീയതയുമാണ്‌ വിസ്‌മയാവഹം. ഇന്ത്യന്‍ വേട്ട എന്നറിയപ്പെട്ടിരുന്ന മനുഷ്യവേട്ട ഒരു കായികാഭ്യാസമായിപ്പോലും അധിനിവേശ കാലത്ത്‌ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ആദിമനിവാസികളുടെ സംസ്‌ക്കാരമെന്നതു പോലെ കടലുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന അവരുടെ ജീവിതാടിസ്‌ഥാനങ്ങളും യൂറോപ്യന്‍ അധിനിവേശകര്‍ മുഴുവനായി തുടച്ചു നീക്കി. 1973ല്‍ സാല്‍വദോര്‍ അലന്‍ഡെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്‌ സര്‍ക്കാരിനെയാണ്‌ അമേരിക്കന്‍ പിന്തുണയോടെ പിനോച്ചെ തൂത്തെറിഞ്ഞത്‌. പിന്നീടുണ്ടായ അമിതാധികാര- മനുഷ്യ വിരുദ്ധ തേര്‍വാഴ്‌ച ഇതിനു മുമ്പും പല സിനിമകളിലും നോവലുകളിലും അനുഭവവിവരണങ്ങളിലും വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും; നരവംശശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ചരിത്രം, ഊര്‍ജതന്ത്രം, ജീവശാസ്‌ത്രം എന്നിവയുമായി എല്ലാം ബന്ധപ്പെടുത്തി അതിനെ ആലോചിക്കുന്നത്‌ നൂതനമെന്നതു പോലെ ആത്മാര്‍ത്ഥവുമായ ഒരു വികാസമാണ്‌.

താന്‍ കൂടി പങ്കാളിയായ ഒരു ഭൂതകാല – കുറ്റകൃത്യത്തിന്റെ ഒഴിയാ ബാധയില്‍ നിന്ന്‌ പുറത്തു കടക്കാനുള്ള ഹാര്‍വെ മഗലാനസ്‌ എന്ന ഡ്രൈവറുടെ പരിശ്രമങ്ങളാണ്‌ മഗലാനസ്‌(പെറു) എന്ന സിനിമയെ സവിശേഷമാക്കുന്നത്‌. സാല്‍വദോര്‍ ദെല്‍ സോളാര്‍ ആണ്‌ സംവിധായകന്‍. മഗലാനസ്‌ മുമ്പ്‌ പട്ടാളത്തിലെ ഒരു കേണലിന്റെ ഡ്രൈവറായി പണിയെടുത്തിരുന്നപ്പോള്‍, പെണ്‍വേട്ടക്കാരനായ ആ കേണല്‍ പ്രായപൂര്‍ത്തിയെത്താത്ത സെലീനെ ഒരു വര്‍ഷത്തോളം കാലം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച്‌ തന്റെ ലൈംഗിക ദാഹം തീര്‍ത്തുവരികയായിരുന്നു. ഈ പ്രവൃത്തി തെളിയിക്കുന്നതും ഇക്കാലത്തെടുത്തതുമായ ഒരു ഫോട്ടോ മഗലാനസിന്റെ പക്കലുണ്ട്‌. യാദൃഛികമായി അയാള്‍ സെലീനെ കണ്ടുമുട്ടുന്നു. ക്ലോഡിയ ലോസ സംവിധാനം ചെയ്‌ത പ്രസിദ്ധമായ മില്‍ക്ക്‌ ഓഫ്‌ സോറോവിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഗാലി സോളെയര്‍ തന്നെയാണ്‌ സെലീനായി അഭിനയിക്കുന്നത്‌. ലൈംഗിക പീഡനം തടയാനായി യോനിയില്‍ ഉരുളക്കിഴങ്ങ്‌ കയറ്റിവെച്ചവളായിരുന്നു മില്‍ക്ക്‌ ഓഫ്‌ സോറോവിലെ നായിക. സെലീനെ സഹായിക്കാനും അവള്‍ക്ക്‌ കുട്ടിയെ വളര്‍ത്താനും മികച്ച ജീവിതം പുതുതായി കെട്ടിപ്പടുക്കാനും ഉതകുന്നതിനായി കേണലിന്റെ അതിധനികനായ മകന്റെ പക്കല്‍ നിന്ന്‌ കുറെ പണം തട്ടിയെടുക്കാനുള്ള മഗലാനസിന്റെ പദ്ധതികള്‍, ചിത്രത്തിന്‌ ഒരു ക്രൈം ത്രില്ലര്‍ സ്വഭാവം നല്‍കുന്നുണ്ട്‌. എന്നാല്‍, കാര്യങ്ങള്‍ പുരോഗമിക്കവെ, അയാളുടെ കഥാപാത്രം കേവലം സഹാനുഭൂതി പ്രകടിപ്പിക്കുന്നതിലൂടെ മാന്യനായി രക്ഷപ്പെടാവുന്ന ഒരാള്‍ മാത്രമല്ലെന്ന കാര്യം തെളിഞ്ഞു വരുന്നത്‌ ഞടുക്കത്തോടെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. പട്ടാളം, പുരുഷന്‍ എന്നീ രണ്ടു മര്‍ദനാധികാരങ്ങള്‍ സ്‌ത്രീയെ ഇരയാക്കുന്നതിന്റെ ആഹ്ലാദപദ്ധതികളാണ്‌ വാസ്‌തവത്തില്‍ പൊളിച്ചെഴുതപ്പെടുന്നത്‌.

ഫലസ്‌തീനില്‍ ഇസ്രയേല്‍ വളഞ്ഞിട്ടിരിക്കുന്ന ഗാസ ചീന്തില്‍ നിന്നുള്ള സംവിധായകരും സഹോദരന്മാരുമായ ടാര്‍സനും അറബ്‌ നാസറും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഡിഗ്രേഡ്‌, ഗാസയിലെ ദുരിത ജീവിതത്തെ ചലച്ചിത്ര ഭാഷയിലേക്ക്‌ സംക്രമിപ്പിക്കുന്ന മികച്ച സിനിമയാണ്‌. ഡിഗ്രേഡ്‌ എന്ന പദത്തിന്‌ അവമതിപ്പ്‌ എന്ന്‌ ഇംഗ്ലീഷില്‍ നിന്ന്‌ പരിഭാഷപ്പെടുത്താമെങ്കിലും, മുടിവെട്ടലിനെ സൂചിപ്പിക്കുന്ന ഒരു ഫ്രഞ്ച്‌ പദവുമാണത്‌. ഏതര്‍ത്ഥത്തിലുമെടുക്കാമെന്നു ചുരുക്കം. ഗാസയില്‍ കഴിഞ്ഞ മുപ്പതിലധികം വര്‍ഷമായി ചലച്ചിത്രപ്രദര്‍ശനങ്ങളോ നിര്‍മാണങ്ങളോ നടക്കുന്നില്ല. ബോംബു വര്‍ഷങ്ങളും തുടര്‍ച്ചയായ കൂട്ടക്കൊലകളും രോഗങ്ങളും മുറിവുകളും അവശ്യവസ്‌തുക്കളുടെ കുറവും എല്ലാം ചേര്‍ന്ന്‌ സൃഷ്‌ടിച്ച മനുഷ്യ ലോകത്തിനകത്തെ ഈ നരകത്തില്‍, പക്ഷെ വിവാഹവും കുശുമ്പും ശരീര ഭംഗി പരിചരണവും എല്ലാം നടക്കുന്നുണ്ട്‌. ഇതെല്ലാം വേണ്ടെന്നു വെച്ച്‌ ഏതു മാറ്റത്തിനു വേണ്ടിയാണ്‌ മനുഷ്യര്‍ക്ക്‌ കാത്തിരിക്കാനാവുക. ജോര്‍ദാനില്‍ കൃത്രിമമായി സെറ്റ്‌ ചെയ്‌ത ഒരു ബ്യൂട്ടി സലൂണിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. എല്ലായിടത്തും നമുക്ക്‌ കണ്ടുമുട്ടാനാവുന്ന പതിമൂന്ന്‌ സ്‌ത്രീ കഥാപാത്രങ്ങളാണ്‌ ഈ സലൂണിനകത്തുള്ളത്‌ അഥവാ കുടുങ്ങിപ്പോവുന്നത്‌. പുറത്ത്‌ വെടിവെപ്പും മരണവും കൊടുമ്പിരിക്കൊള്ളുന്നു. അകത്ത്‌ ആകാംക്ഷയും മരണഭീതിയും. ഫലസ്‌തീനിയെ വിവാഹം ചെയ്‌ത്‌ ഗസയിലെത്തിയ റഷ്യക്കാരിയായ ക്രിസ്‌തീനയാണ്‌ സലൂണിന്റെ ഉടമസ്ഥ. ക്രിസ്റ്റീനയുടെ മകള്‍ നതാലിയും അസിസ്റ്റന്റായ വെദാദും കൂടാതെ പത്ത്‌ കസ്റ്റമേഴ്‌സുമാണ്‌ സലൂണിനകത്തുള്ളത്‌. വെദാദിന്റെ കാമുകന്‍, അഹ്‌മദ്‌ സലൂണിന്‌ പുറത്ത്‌ തെരുവില്‍ തോക്കും പിടിച്ച്‌ കാവലെന്നോണം ഇരിപ്പുണ്ട്‌. ഭരണത്തിലുള്ള ഹമാസുമായി സംഘര്‍ഷത്തിലാണയാള്‍. അയാളാണെങ്കില്‍ ഒരു സിംഹത്തെ കൂടെ കൂട്ടിയിട്ടുമുണ്ട്‌. വിവാഹത്തിന്‌ തയ്യാറെടുക്കുന്ന സല്‍മ, അവളുടെ അമ്മയും ഭാവി അമ്മായിയമ്മയും; രോഗിയായ സഫിയ, ഹിജാബ്‌ ധരിച്ച സെയ്‌നാബ്‌, വിവാഹ മോചനം നേടിയ സസ്വാന്‍, പൂര്‍ണ ഗര്‍ഭിണിയായ ഫാത്തിമയും സഹോദരിയും എന്നിവരൊക്കെയാണ്‌ സലൂണിനകത്ത്‌ കുടുങ്ങുന്നത്‌. ഗസയിലെ ജീവിതത്തെ യാഥാര്‍ത്ഥ്യഛായക്കുള്ളില്‍ രൂപീകരിക്കുന്ന ഒരു അന്യാപദേശ കഥയിലൂടെ ആവിഷ്‌ക്കരിക്കുന്ന ഡിഗ്രേഡ്‌ ശ്രദ്ധേയമായ സിനിമയാണ്‌.

നാസി ഭരണകാലത്ത്‌, ജര്‍മനിയിലെ ഓഷ്‌വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന പീഡനങ്ങള്‍ ചരിത്രത്തിലൊരിക്കലും മാപ്പര്‍ഹിക്കാത്തവയാണ്‌. നാസി പീഡനങ്ങള്‍ക്ക്‌ പൊതുമാപ്പ്‌ കൊടുത്തു എന്ന മറവില്‍ ഇത്തരം നൂറു കണക്കിന്‌ മാരകമര്‍ദനങ്ങള്‍ വിസ്‌മൃതിയിലേക്ക്‌ തള്ളിവിടപ്പെട്ടു. പുതിയ കാലത്തും പല ഭരണ കേന്ദ്രങ്ങളിലും സ്വാധീനമുണ്ടായിരുന്ന നാസി മേധാവികള്‍ തന്നെയാണ്‌ ഗൂഢമായി ഈ സാമൂഹ്യ മറവിയെ നിര്‍മിച്ചെടുത്തത്‌. ഗ്യൂല്യോ റിക്കെറല്ലി സംവിധാനം ചെയ്‌ത നുണകളുടെ ലാബിറിന്ത്‌(ലാബിറിന്ത്‌ ഓഫ്‌ ലൈസ്‌/ജര്‍മനി) ഈ വിസ്‌മൃതിയോടും അതിലൂടെയുള്ള പൊരുത്തപ്പെടലിനോടും ആദര്‍ശവാനായ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജോണ്‍ റാഡ്‌മാന്‍ നടത്തുന്ന പോരാട്ടമാണ്‌ ചലച്ചിത്രവത്‌ക്കരിക്കുന്നത്‌. ഒരേ സമയം ഡോക്കുമെന്ററിയുടെയും ത്രില്ലറിന്റെയും സ്വഭാവം പ്രകടിപ്പിക്കുന്ന ഈ സിനിമ, 1962ല്‍ ഫ്രാങ്ക്‌ഫര്‍ട്ടില്‍ നടന്ന ഓഷ്‌വിറ്റ്‌സ്‌ വിചാരണയിലേക്ക്‌ നയിച്ച അന്വേഷണങ്ങളും പരിശോധനകളും രാഷ്‌ട്രീയ-ചരിത്ര ബോധ്യങ്ങളും വിശദമാക്കുന്നു.

           വിസാര്‍ മൊറിനോ സംവിധാനം ചെയ്‌ത അഛന്‍(ബബായ്‌/ കൊസോവോ) ദാരിദ്ര്യത്തിന്റെയും ദേശ നഷ്‌ടത്തിന്റെയും അഭയാര്‍ത്ഥിത്വത്തിന്റെയും സ്‌നേഹ സാമീപ്യ നിരാസത്തിന്റെയും തേടിപ്പിടിക്കലിന്റെയും മറ്റും ഹൃദയദ്രവീകരണപരമായ അവതരണമാണ്‌. കാര്‍ലോവി വാരിയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബബായ്‌ എണ്‍പത്തിയെട്ടാമത്‌ അക്കാദമി(ഓസ്‌കാര്‍) പുരസ്‌കാരത്തിനുള്ള നോമിനേഷനും നേടുകയുണ്ടായി. അയല്‍ രാജ്യമായ സെര്‍ബിയയുമായി നടന്ന രക്തരൂഷിതമായ യുദ്ധത്തിനു തൊട്ടു മുമ്പ്‌
1990കളുടെ ആദ്യമാണ്‌ കഥ നടക്കുന്നത്‌. പത്തു വയസ്സുകാരനായ നോറിയും അവന്റെ അഛന്‍ ജെസീമുമാണ്‌ മുഖ്യ കഥാപാത്രങ്ങള്‍. നോറിയുടെ അമ്മ മുമ്പേ അവരെ വിട്ട്‌ പോയിരുന്നു. തെരുവില്‍ സിഗരറ്റ്‌ വില്‍ക്കുകയാണ്‌ അഛന്റെയും മകന്റെയും പണി. സ്വന്തമായി വീടില്ലാത്തതു കൊണ്ട്‌ അകന്ന ബന്ധുക്കളുടെ കൂട്ടത്തില്‍ തിങ്ങി ഞെരുങ്ങിയാണ്‌ അവര്‍ കഴിയുന്നത്‌. ജെസീമിന്‌ ജര്‍മനിയിലേക്ക്‌ കടക്കാന്‍ ഒരവസരം ലഭിക്കുമ്പോള്‍ അയാളത്‌ ഉപയോഗപ്പെടുത്തുന്നു. നോറി സൂക്ഷ്‌മമായ നിരീക്ഷണത്തിലൂടെയും ഉണര്‍ന്നിരിക്കലിലൂടെയും അഛനെ പിന്തുടരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണു വെട്ടിച്ച്‌ അയാള്‍ ഓടിപ്പോകുന്നു. മോഷണമടക്കമുള്ള ചെയ്‌തികളിലൂടെ കാശ്‌ ശേഖരിച്ച്‌ നോറിയും മനുഷ്യക്കടത്തുകാരുടെ സംഘത്തില്‍ ചേര്‍ന്ന്‌ ജര്‍മനിയിലെത്തുന്നു. അഛന്റെ അടുത്തെത്തുന്ന അവന്‍ തനിക്ക്‌ ഒരു ബാധ്യതയാണോ അതോ തന്റെ തന്നെ ജീവിതത്തിന്റെ ഭാഗമാണോ എന്നൊന്നും നിര്‍ണയിക്കാനോ അതനുസരിച്ച്‌ പെരുമാറാനോ ജെസീമിന്‌ സാധിക്കുന്നില്ല. നിസ്സഹായനായ ഒരു രാഷ്‌ട്രീയാഭയാര്‍ത്ഥിക്ക്‌ സ്‌നേഹവും കരുണയും സഹജീവിതവും ഒന്നും സ്വയം സങ്കല്‍പ്പിക്കാനോ അനുവര്‍ത്തിക്കാനോ സാധ്യമല്ല എന്ന വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണ്‌ ബബായ്‌ അവതരിപ്പിക്കുന്നത്‌. 
             
            ഇസ്രായേലുമായുള്ള സഹനിര്‍മാണസംരംഭമായ ബള്‍ഗേറിയന്‍ റാപ്‌സഡി (അസംബന്ധ കാവ്യം)
, പേരു സൂചിപ്പിക്കുന്നതു പോലെ, ബള്‍ഗേറിയയില്‍ നിന്നുള്ള എന്‍ട്രിയാണ്‌. ഇവാന്‍ നിച്ചേവ്‌ ആണ്‌ സംവിധായകന്‍. 1943ലാണ്‌ കഥ നടക്കുന്നത്‌. വംശീയമായി അങ്ങേയറ്റത്തെ വെറുപ്പും സംശയവും ഭീതികളും നിലനിന്നിരുന്ന നാസി അധിനിവേശത്തിന്റെ കാലമാണത്‌. ഇതിനിടയില്‍ നടക്കുന്ന ഒരു ത്രികോണപ്രേമവും ജൂതവംശജരുടെ ദയനീയമായ അവസ്ഥയുമാണ്‌ ഇതിവൃത്തത്തെ സങ്കീര്‍ണമാക്കുന്നത്‌. ഗ്രീസിനോട്‌ അതിര്‍ത്തി പങ്കിടുന്ന കവാല എന്ന ചെറു പട്ടണത്തില്‍ ജീവിക്കുന്ന മോനി എന്ന പതിനേഴുകാരനായ ജൂതയുവാവും അയാളുടെ ആത്മാര്‍ത്ഥ സുഹൃത്തുമായ ജിയോജിയോയും മോനിയുടെ അകന്ന ബന്ധു കൂടിയായ ഷെല്ലിയെ ഇഷ്‌ടപ്പെടുന്നു. ഷെല്ലിക്ക്‌ രണ്ടു പേരോടും സൗഹൃദവും വിശ്വാസവും ഉണ്ടെങ്കിലും പ്രണയം തോന്നുന്നത്‌ ജിയോജിയോടാണ്‌. ജിയോജിയുടെ അഛനാണെങ്കില്‍ സോഫിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക്‌ അടിമപ്പണിക്കും വംശഹത്യക്കുമായി ജൂതവംശജരെ റിക്രൂട്ട്‌ ചെയ്‌തെടുത്ത്‌ കയറ്റിയയക്കുന്ന ചുമതലയുള്ള നാസി ഉദ്യോഗസ്ഥനുമാണ്‌. ക്രൂരാധികാരത്തിന്റെയും വംശഹത്യയുടെയും തടവുകളുടെയും മനുഷ്യത്വഹീനതയുടെയും മധ്യത്തില്‍ പ്രണയവും സൗഹൃദവും ഇടകലരുന്ന കൗമാരത്തിന്റെ വിഹ്വലതകളാണ്‌ ഇതിവൃത്തത്തെയെന്നതു പോലെ, പുതിയ കാലത്തിരുന്നുള്ള വ്യാഖ്യാനത്തെയും അസംബന്ധപൂര്‍ണമാക്കുന്നത്‌.

ലൊക്കാര്‍ണോ മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ കോസ്‌മോസ്‌, ഫ്രഞ്ച്‌-പോര്‍ച്ചുഗീസ്‌ സഹസംരംഭമാണ്‌. ആന്ദ്രേ സുലാവ്‌സ്‌കിയാണ്‌ സംവിധായകന്‍. നിയമ പരീക്ഷ തോറ്റ വിറ്റോള്‍ഡും പാരീസിലെ തൊഴില്‍ നഷ്‌ടത്തെത്തുടര്‍ന്ന്‌ ഒരു മാറ്റത്തിനു വേണ്ടി അലയാന്‍ തുടങ്ങിയ ഫാക്കും വിദൂര ഗ്രാമത്തിലുള്ള ഒരു കുടുംബ അതിഥിഗൃഹം പങ്കിടുന്നു. അവിടെ അവരെ കാത്തിരുന്നത്‌ പക്ഷെ, അസ്വസ്ഥജനകവും ഒട്ടൊക്കെ ഭീതിയുണ്ടാക്കുന്നതുമായ ചില കാഴ്‌ചകളാണ്‌. ഇടവഴിയില്‍ കൊന്ന്‌ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഒരു കുരുവി, അതിനു ശേഷം അതേ രീതിയില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു മരക്കഷണം, വേലക്കാരിയുടെ വികൃതമായ അധരം, കഥ പുരോഗമിക്കുമ്പോള്‍ വിറ്റോള്‍ഡ്‌ തന്നെ കെട്ടിത്തൂക്കുന്ന പൂച്ചയുടെ ഉടല്‍ എന്നിങ്ങനെ അസ്വാസ്ഥ്യങ്ങള്‍ പടരുന്നു. അടുത്തത്‌ ഏതെങ്കിലും മനുഷ്യജീവിയെത്തന്നെയായിരിക്കും കെട്ടിത്തൂക്കുക എന്ന തോന്നല്‍ കാണിയിലേക്കും പടരുന്നുണ്ടെങ്കിലും അപ്രകാരം സംഭവിക്കുന്നില്ല. ഈ അസംഭാവ്യതയുടെ സൂചനയാണ്‌ കോസ്‌മോസിനെ സവിശേഷമാക്കുന്നത്‌.

           യുദ്ധത്തിനു ശേഷവും കൊസോവോയില്‍ താമസം തുടര്‍ന്ന സെര്‍ബിയന്‍ വംശജരുടെ ദുരിതവും ഒറ്റപ്പെടലുമാണ്‌, ഗോറാന്‍ റാഡോവനോവിക്‌ സംവിധാനം ചെയ്‌ത വളയപ്പെട്ട പ്രദേശം(എന്‍ക്ലേവ്‌/സെര്‍ബിയ) പ്രതിപാദിക്കുന്നത്‌. സെര്‍ബിയന്‍ വംശജനായ നെനാദ്‌ അവന്‍ പഠിക്കുന്ന സ്‌കൂളിലെ ഏക വിദ്യാര്‍ത്ഥിയാണ്‌. ആ സ്‌കൂളിലെ ഏക അധ്യാപികയും വിട്ടു പോകുന്നതോടെ അവന്റെ വിദ്യാഭ്യാസവും തടയപ്പെടുന്നു. മരണാസന്നനായ മുത്തഛന്‍ മാത്രമാണ്‌ പിന്നെയവന്‌ കൂട്ടുള്ളത്‌. സെര്‍ബിയന്‍ കൃസ്‌ത്യാനികളായ അവര്‍, അല്‍ബേനിയന്‍ മുസ്ലിങ്ങളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്താണ്‌ ജീവിക്കുന്നത്‌. അല്‍ബേനിയക്കാരുടെ വാസസ്ഥലങ്ങളിലൂടെ കടന്നു പോകുന്ന പട്ടാള ട്രക്കിലാണ്‌ നെനാദ്‌ സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നത്‌. പാതിരിയും ശുശ്രൂഷകള്‍ക്കായും മറ്റും ഇതേ ട്രക്കിലാണ്‌ വന്നും പോയും കൊണ്ടിരിക്കുന്നത്‌. മതവും വിശ്വാസവും വംശത്തനിമയും സംരക്ഷിക്കാന്‍ ആധുനിക മര്‍ദനോപകരണമായ പട്ടാളകവചം ഉപയോഗിക്കുന്നതിന്റെ അപഹാസ്യതയും ദയനീയതയുമാണ്‌ കാണികളെ സ്‌തബ്‌ധരാക്കുന്നത്‌. അല്‍ബേനിയന്‍ കുട്ടികളുമായി അടുക്കാനും കൂടെ കളിക്കാനും നെനാദ്‌ ശ്രമിക്കുന്നുണ്ട്‌. പക്ഷെ, ഏതൊരു യുദ്ധ-യുദ്ധാനന്തര കാലത്തുമെന്നതു പോലെ അവരുടെ കളികളും യുദ്ധോത്സുകതയാലും തോക്കിനാലും വെടിവെപ്പിനാലും മറ്റുമാണ്‌ തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്‌. അല്‍ബേനിയന്‍ മുസ്ലിം ഭൂരിപക്ഷത്തെ സംബന്ധിച്ചുള്ള ഭീതിയും അന്യഥാത്വവും കലര്‍ന്ന മനോഭാവം ചിത്രത്തെ ചൂഴ്‌ന്നു നില്‍ക്കുന്നുണ്ട്‌. ഇത്‌ വസ്‌തുനിഷ്‌ഠതക്ക്‌ ചേര്‍ന്നതല്ലല്ലോ എന്ന ചോദ്യത്തിന്‌, തനിക്ക്‌ നിര്‍മമനാവാന്‍ കഴിയില്ല എന്ന മറുപടിയാണ്‌ ഗോറാന്‍ റാഡോവനോവിക്‌ നല്‍കിയത്‌.

          ബിയാത്ത ഗാര്‍ദെലര്‍ സംവിധാനം ചെയ്‌ത കമ്പിളിക്കെട്ടിലെ (ഫ്‌ളോക്കിംഗ്‌/സ്വീഡന്‍) കഥ, വടക്കന്‍ സ്വീഡനിലുള്ള ഒരു കൊച്ചുഗ്രാമത്തിലാണ്‌ നടക്കുന്നത്‌. കൊച്ചു ഗ്രാമങ്ങളുടെ ഒരു കുഴപ്പം അവിടെ എല്ലാവര്‍ക്കും പരസ്‌പരം മുഴുവനായി അറിയാമെന്നതാണ്‌. അതിലൊരാളെ പറ്റി മറ്റൊരാളായ നിങ്ങള്‍ക്ക്‌ പരിപൂര്‍ണ വിശ്വാസമാണെങ്കില്‍ പിന്നെ അതിനോട്‌ പൊരുത്തപ്പെടാത്ത എന്തറിവും ആരോപണവും നിങ്ങള്‍ കണക്കിലെടുക്കില്ല എന്നു മാത്രമല്ല അതുന്നയിക്കുന്നവരെയാണ്‌ നിങ്ങള്‍ കുറ്റപ്പെടുത്തുക. ഇവിടെയും അപ്രകാരമാണ്‌ സംഭവിക്കുന്നത്‌. പതിനഞ്ചുകാരിയായ ജെന്നിഫര്‍ തന്നെ സഹപാഠി ബലാത്സംഗം ചെയ്‌തുവെന്ന്‌ ആരോപിക്കുന്നു. ആരോപിതനായ അലക്‌സാണ്ടര്‍ ശാന്തസ്വഭാവക്കാരനും എല്ലാവരുടെയും വാത്സല്യം പിടിച്ചു പറ്റിപ്പോന്ന ആളുമായതിനാല്‍, എല്ലാവരുടെയും സംശയം ജെന്നിഫറിനു നേരെയാണ്‌ തിരിയുന്നത്‌. അവള്‍ വെറുതെ കുറ്റം ആരോപിക്കുകയാണെന്നാണ്‌ സകലരും കരുതുന്നത്‌. ഇതിനെ തുടര്‍ന്ന്‌ അവളുടെ കുടുംബം സാമൂഹ്യ ബഹിഷ്‌ക്കരണത്തിനു വരെ വിധേയരാകുന്നു. ബെര്‍ലിന്‍ മേളയില്‍ ജെനറേഷന്‍ 14 പ്ലസ്‌ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോക്കിംഗിനാണ്‌ ലഭിച്ചത്‌.

എമിന്‍ ആല്‍പര്‍ സംവിധാനം ചെയ്‌ത ചിത്തഭ്രമം(ഫ്രെന്‍സി/തുര്‍ക്കി, ഫ്രാന്‍സ്‌, ഖത്തര്‍), ഭീകരരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ജീവിതം പിടിച്ചു നിര്‍ത്താനും ബന്ധവും സ്‌നേഹവും നിലനിര്‍ത്താനും പണിപ്പെടുന്ന രണ്ട്‌ സഹോദരന്മാരുടെ കഥയാണ്‌ പറയുന്നത്‌. ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്ന കാദിറിന്‌ പരോള്‍ അനുവദിക്കുന്നത്‌, പൊലീസിന്റെ ചാരനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉപാധിയോടെയാണ്‌. സഹോദരനായ അഹമ്മദിന്‌ നഗരസഭക്കു വേണ്ടി തെരുവു നായ്‌ക്കളെ വെടിവെച്ചു കൊല്ലുന്ന ജോലിയാണ്‌. ഇതിനിടയില്‍ പരിക്കു പറ്റി അര്‍ദ്ധപ്രാണനായ ഒരു തെരുവുപട്ടിയെ അയാള്‍ രഹസ്യമായി പരിചരിക്കുന്നു. ഈ പ്രവൃത്തി അയാളുടെ ജീവിതത്തെ തന്നെ സംശയത്തിന്റെയും നിരീക്ഷണത്തിന്റെയും നിഴലിലേക്കു തള്ളിവിടുന്നു. സംശയങ്ങളും ഭീതികളും വെറുപ്പും ആത്മാര്‍ത്ഥതാപരീക്ഷണങ്ങളും എല്ലാം ചേര്‍ന്ന്‌ മനുഷ്യരുടെ നിലനില്‍പ്‌ തന്നെ അസാധ്യമാക്കുന്ന ആധുനിക മത-രാഷ്‌ട്രീയ പശ്ചാത്തലം ഫ്രെന്‍സിയെ പ്രകോപനപരവും ചടുലവുമാക്കുന്നു.

കൊല്ലം 1943. ജര്‍മനിയോട്‌ അതിര്‍ത്തി പങ്കിടുന്ന പോളണ്ടിലെ വനപ്രദേശം മാത്രമായി ഒരൊറ്റ ലൊക്കേഷനിലാണ്‌ പിയോത്രര്‍ ക്രിസാന്‍ സംവിധാനം ചെയ്‌ത ക്ലെസ്‌നര്‍(പോളണ്ട്‌) ചിത്രീകരിച്ചിരിക്കുന്നത്‌. ജൂതന്മാരെ ജീവനോടെയോ അല്ലാതെയോ പിടികൂടി കൊടുക്കുന്നതിന്‌ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ ആ പണി ഏറ്റെടുക്കുന്ന പോളണ്ടിലെ ദരിദ്രഗ്രാമീണരാണ്‌ ഇതിവൃത്തത്തിലുളളത്‌. 

അര്‍ജന്റീനക്കാരനായ ഗാസ്‌പര്‍ നോയുടെ പ്രണയം (ലവ്‌/ഫ്രാന്‍സ്‌), രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദൈര്‍ഘ്യത്തിലേറെ പങ്കും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തുറന്ന രതിരംഗങ്ങളാല്‍ മടുപ്പും ചെടിപ്പും ഉളവാക്കിയ ഒരു ത്രീഡി ചിത്രമാണ്‌. 
നബീല്‍ അയോച്ച്‌ സംവിധാനം ചെയ്‌ത ഏറെ സ്‌നേഹിക്കപ്പെട്ടവര്‍ (മച്ച്‌ ലവ്‌ഡ്‌/മൊറോക്കോ, ഫ്രാന്‍സ്‌), മൊറോക്കന്‍ തലസ്ഥാനമായ മരാക്കഷിലെ വ്യഭിചാര വ്യവസ്ഥയുടെ ഉള്ളുകള്ളികളിലേക്കാണ്‌ സഞ്ചരിക്കുന്നത്‌. ടൊറൊന്റോയിലും കാനിലും പ്രദര്‍ശിപ്പിച്ച ഈ ചിത്രം മൊറോക്കോയില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്‌. ചിത്രത്തിന്റെ ഏതാനും വീഡിയോ ക്ലിപ്പുകള്‍ പുറത്തായതിനെ തുടര്‍ന്ന്‌ മുഖ്യ വേഷത്തിലഭിനയിച്ച ലോബ്‌ന അബിദാറിന്‌ മതഭ്രാന്തന്മാരുടെ ഭീഷണി നേരിടേണ്ടി വരുകയും അവര്‍ക്ക്‌ രാജ്യം വിടേണ്ടി വരുകയും ചെയ്‌തു.

സ്‌ത്രീ ലൈംഗികതയെ പൈശാചികവത്‌ക്കരിക്കുന്ന ഗ്രാമീണരുടെയും മതമൗലികവാദികളുടെയും പരിശ്രമത്തെ മറികടക്കാനുള്ള സഹോദരികളും അര്‍ദ്ധ സഹോദരികളുമായ അഞ്ച്‌ പെണ്‍കുട്ടികളുടെ കഥയാണ്‌ മസ്‌താങ്ങ്‌ (തുര്‍ക്കി) എന്ന ചിത്രത്തിലുള്ളത്‌. കരിങ്കടലിന്റെ തീരത്തുള്ള വിദൂരഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്‌. ആണ്‍കുട്ടികളുടെ ഒപ്പം കടല്‍ത്തീരത്ത്‌ കളിച്ചതിനാണ്‌ അവരെ അമ്മാമന്‍ മര്‍ദിക്കുന്നതും മുത്തശ്ശി വീട്ടു തടങ്കലിലാക്കുന്നതും. എല്ലാവരുടെയും അഛനമ്മമാര്‍ നേരത്തെ മരിച്ചു പോയിരുന്നു. ദേഹം മുഴുവന്‍ മൂടാത്ത ഉടുപ്പുകളും സെല്‍ഫോണുകളും ലാപ്‌ടോപ്പുകളും മേക്ക്‌ അപ്പ്‌ സാമഗ്രികളും എല്ലാം നീക്കം ചെയ്യപ്പെടുന്നു. ചിരികളികള്‍ പോലും നിയന്ത്രിക്കപ്പെടുന്നു. അവരെ ഗൃഹജോലികളില്‍ പരിശീലിപ്പിക്കുമ്പോള്‍, അവരിലൊരാള്‍ പറയുന്നതു പോലെ അതൊരു ഭാര്യാനിര്‍മാണശാല (വൈഫ്‌ ഫാക്‌ടറി)യായി മാറുന്നു. ഓരോരുത്തരായി കല്യാണം കഴിച്ചു പോകുന്നു. എന്നാല്‍ എല്ലാം അങ്ങനെ ശുഭപര്യവസാനത്തിലേക്ക്‌ നീങ്ങുന്നുമില്ല. അവരിലൊരാള്‍ ആത്മഹത്യ ചെയ്യുകയും രണ്ടു പേര്‍ ഇസ്‌താന്‍ബുള്ളിലേക്ക്‌ പലായനം ചെയ്യുകയും ചെയ്യുന്നു. സാമ്പ്രദായിക മൂല്യങ്ങള്‍ രൂപീകരിക്കുന്ന സദാചാര പോലീസായി കുടുംബവും മതവും വിദ്യാഭ്യാസവും സമൂഹമാകെയും മാറുന്ന, പ്രത്യക്ഷത്തില്‍ സാധാരണവും ആഴത്തില്‍ അതിസങ്കീര്‍ണവുമായ സമകാല പരിതോവസ്ഥ തന്നെയാണ്‌ മസ്‌താങ്ങിനെ ഓര്‍മയില്‍ പിടിച്ചു നിര്‍ത്തുന്നത്‌. ഈ ചിത്രത്തിലെ അഭിനയത്തിന്‌ അഞ്ചു പെണ്‍കുട്ടികള്‍ക്കുമായി ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം വീതിച്ചു നല്‍കുകയും ചെയ്‌തു.

സാന്ദ്ര ഗുഗ്ലിയോട്ടയുടെ ഹര്‍ഷോന്മാദം(റാപ്‌ച്ചര്‍/അര്‍ജന്റീന), ഹോളിവുഡ്‌ ശൈലിയിലുള്ള ഒരു ക്രൈം ത്രില്ലറാണ്‌. കോളേജധ്യാപകനും കുറ്റാന്വേഷണ കഥയെഴുത്തുകാരനുമായ ലൂയിസ്‌ വേഗ, ആയിടെ നടന്ന ഒരു കൊലപാതകത്തിന്റെ ഉള്ളുകള്ളികള്‍ അന്വേഷിക്കുന്നതിനിടെ തന്റെ ഭാര്യയെ തന്നെ സംശയിക്കുകയും, ആ സംശയം അവളുടെ അപഥ സഞ്ചാരത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.

പ്രസിദ്ധ ജാപ്പനീസ്‌ സംവിധായകനായ തകേഷി കിത്താനോയുടെ റിയോസോ ആന്റ്‌ ദ സെവന്‍ ഹെഞ്ച്‌മെന്‍, വിരമിച്ച യക്കൂസോ ഗുണ്ടയായ റിയോസോയുടെ കഥയാണ്‌ പറയുന്നത്‌. കൈത്തരിപ്പ്‌ തീരാത്തതിനെ തുടര്‍ന്ന്‌ തന്റെ പഴയ സഹപ്രവര്‍ത്തകരെ വിളിച്ചു വരുത്തി കായിക മുറകള്‍ ആവര്‍ത്തിച്ചു പരിശീലിക്കുന്ന റിയോസോവിന്റേത്‌ ഒരു കോമാളിക്കു സമാനമായ കഥാപാത്രവത്‌ക്കരണമാണ്‌. ലോകം തങ്ങളെക്കൂടാതെ ഏറെ മുന്നേറിക്കഴിഞ്ഞുവെന്നും പുതിയ ലോകത്തിന്‌ തങ്ങളെ ആവശ്യമേ ഇല്ല എന്നതും അവര്‍ക്ക്‌ മനസ്സിലാകുന്നതേ ഇല്ല.

റിട്രോസ്‌പക്‌ടീവുകളില്‍ ഏറ്റവും ശ്രദ്ധേയമായത്‌, ഇസ്രയേലില്‍ നിന്നുള്ള അമോസ്‌ ഗിതായിയുടേത്‌ തന്നെയായിരുന്നു. ടെല്‍ അവീവിലെ ജനങ്ങളുടെ ഛിന്നഭിന്നമാക്കപ്പെട്ട ജീവചരിത്രമാണ്‌ അദ്ദേഹത്തിന്റെ ദേവാരിം എന്ന ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെടുന്നത്‌. സ്വത്വ പ്രതിസന്ധി, സംസ്‌ക്കാരത്തനിമയില്‍ നിന്നുള്ള അന്യവത്‌ക്കരണം, അമേരിക്കയുടെ സാംസ്‌ക്കാരികവും സാമ്രാജ്യത്വപരവുമായ അധിനിവേശം, ലൈംഗികമായ ആകുലതകള്‍ എന്നിങ്ങനെ ഒരുപാട്‌ അടിസ്ഥാന സംത്രാസങ്ങളിലൂടെയാണ്‌ ഇസ്രയേലിലെ പുതിയ തലമുറ കടന്നുപോകുന്നതെന്ന്‌ ഗിതായി വെളിപ്പെടുത്തുന്നു. ഇതിനു പുറമെയാണ്‌ ഫലസ്‌തീനുമായും മറ്റ്‌ അറബ്‌ രാജ്യങ്ങളുമായുമുള്ള ദൈനം ദിന സംഘര്‍ഷം. ഫാസിസം, നാസിസം, റേസിസം(വംശവെറി) എന്നിവയുടെ സമ്മര്‍ദങ്ങള്‍ കൊണ്ട്‌ പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി തള്ളിവിടപ്പെട്ട ജനങ്ങളാണ്‌ ഇസ്രയേലിലെത്തിയത്‌. ഈ തള്ളിവിടലും ജൂതമതം എന്ന ആശ്വാസവും അവര്‍ക്ക്‌ ജീവിക്കുന്നതിനുള്ള ഒരടിസ്ഥാന കാരണം ഉണ്ടാക്കിക്കൊടുത്തു. എന്നാല്‍, രണ്ടാമത്തെ തലമുറക്ക്‌ ഇത്തരത്തില്‍ ജീവിതത്തോട്‌ ബന്ധപ്പെടുത്താവുന്ന ഒരു കാരണം ഇല്ലാതായിരിക്കുന്നു. ഈ സ്വത്വപ്രതിസന്ധിയാണ്‌ അമോസ്‌ ഗിതായിയുടെ നിതാന്തമായ ഒഴിയാബാധ. തുടക്കം, വികാസം, അന്ത്യം എന്നിങ്ങനെ ഇതിവൃത്തപരമായ സന്തുലനം ഇല്ലാത്ത കഥനരീതിയാണ്‌ ദേവാരിമ്മില്‍ അദ്ദേഹം സ്വീകരിക്കുന്നത്‌. ഛായാഗ്രാഹകനോട്‌ അക്രമത്തെ അമിതസൗന്ദര്യവത്‌ക്കരിക്കരുതെന്ന്‌ താന്‍ നിര്‍ദേശിക്കുകയുണ്ടായെന്ന്‌ ഗിതായി അനുസ്‌മരിക്കുന്നു. വിവാഹം, ലൈംഗികത, മനുഷ്യബന്ധങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ പഴയ ധാരണകള്‍ വലിച്ചെറിഞ്ഞു. പുതുതായി ഒന്നും രൂപപ്പെടുത്താനുമായിട്ടില്ല എന്ന ഒരു തരം മാറ്റത്തിന്റെ കാലയളവ്‌ യൂറോപ്പിലെവിടെയുമെന്നതു പോലെ ടെല്‍ അവീവിലും യുവാക്കള്‍ അനുഭവിച്ചു തീര്‍ക്കുകയാണ്‌. ആധുനിക ഹീബ്രു സാഹിത്യത്തിലെ ശക്തമായ കൃതികളിലൊന്നായ പാസ്റ്റ്‌ കണ്ടിന്വസ്‌ എന്ന നോവലിനെ ആസ്‌പദമാക്കിയാണ്‌ ദേവാരിം രൂപപ്പെടുത്തിയത്‌. സംസ്‌ക്കാരം അതിനോട്‌ തന്നെ തര്‍ക്കിക്കുന്നത്‌, മറവു ചെയ്യപ്പെട്ട അഭിലാഷങ്ങളും വ്യസനങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്‌ എന്നിങ്ങനെയുള്ള രൂപരീതികള്‍കൊണ്ടാണ്‌ ഈ കൃതി അതിന്റെ സാഹിത്യ പരവും കലാപരവുമായ സ്ഥാനം നിര്‍ണയിക്കുന്നത്‌. ആധുനിക ജീവിത വ്യവസ്ഥ സംസ്ഥാപിക്കപ്പെട്ട ശക്തിസ്രോതസ്സുകളില്‍ നിന്നല്ല അവര്‍ പാരമ്പര്യ-ഊര്‍ജം സമാഹരിക്കുന്നത്‌. മറിച്ച്‌ ആത്മസഹതാപം കൊണ്ട്‌ അശ്രദ്ധമായ പുറം തിരിഞ്ഞു പോക്കുകളില്‍ നിന്നാണ്‌. തകര്‍ച്ചയുടെ കഥ പറയുന്ന എല്ലാ മിത്തുകളിലുമെന്നതു പോലെ മക്കള്‍ ദുര്‍ബലരായിരിക്കുന്നു. ബെര്‍ലിന്‍-ജെറുസലേം, എസ്‌തര്‍, ഗോലെം ദ സ്‌പിരിറ്റ്‌ ഓഫ്‌ എക്‌സൈല്‍, കദോഷ്‌ തുടങ്ങില അമോസ്‌ ഗിതായിയുടെ പ്രസിദ്ധ സിനിമകളെല്ലാം ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 

Comments

comments