ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകവിദ്യാർഥിയായ രോഹിത് വിമുലെയുടെ മരണം ഒരു ദേശീയ പ്രശ്നമായി മാറിയിരിക്കുകയാണു. ആദ്യമായി ഞാൻ കരുതുന്നത് രോഹിത്തിന്റെ മരണത്തെക്കാൾ ഇന്ത്യ അന്വേഷിക്കേണ്ടത് രോഹിത്തിന്റെ ജീവിതമാണു എന്നാണു. അത്രമാത്രം കഷ്ടതകൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു അത്. അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ വളരെ കഷ്ടപ്പെട്ട് അദ്ദേഹത്തെ വളർത്തിക്കൊണ്ടുവന്നത് അദ്ദേഹത്തിന്റെ അമ്മയാണു. അത്തരത്തിൽ സാമ്പത്തികമായും സാമൂഹികമായും വളരെ വൈഷമ്യങ്ങൾ നേരിട്ടിരുന്ന ഒരു പശ്ചാത്തലത്തിൽ നിന്നും വന്നതായിട്ടുകൂടി ജെ ആർ എഫ് അടക്കമുള്ള സ്കോളർഷിപ്പുകൾ നേടിയെടുത്ത് മുന്നോട്ട് വന്ന വളരെ പ്രതിഭാശാലിയായിരുന്ന ഒരു വിദ്യാർഥിയായിരുന്നു രോഹിത്. ആ പ്രതിഭയ്ക്ക് തെളിവ് ആ ജീവിതമായിരുന്നു എന്നതിനാലാണു നാം ആ ജീവിതം അന്വേഷിക്കണം എന്ന് ഞാൻ പറയുന്നത്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ശേഷം അദ്ദേഹം ഒരു ദളിത് എന്ന നിലയ്ക്ക് തന്നെ അവിടുത്തെ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ഭാഗമായി പ്രവർത്തിച്ചു. പിന്നീട് രണ്ടാം വർഷ ഗവേഷകവിദ്യാർഥിയായിരിക്കെയാണു ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ച്, അംബേദ്കറിന്റെ പേരുള്ള ഒരു ദളിത് സംഘടന ഭരണാധികാരത്തിലേക്ക് വന്നിട്ടുള്ള ഒരേയൊരു സ്ഥാപനമാണു ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി. അംബേദ്കർ എന്ന പേരു ഉപയോഗിക്കുന്ന തരം പ്രസ്ഥാനങ്ങളൊന്നും തന്നെ അത്തരത്തിൽ ഒരു അധികാരം മറ്റെവിടെയും നേടിയെടുത്തിട്ടില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അംബേദ്കർ എന്ന പേരു ആ അർത്ഥത്തിൽ വളരെ പ്രധാനമാണു. പാർശ്വവൽകൃത ജനതയെ മുന്നിൽ നിർത്തിക്കൊണ്ട് ഇന്ത്യയിലെ മുഴുവൻ ജനതയെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധമുള്ള ബൃഹത്തായ ഒരു സൈദ്ധാന്തികലോകത്തെ ഇന്ത്യയ്ക്ക് സംഭാവന ചെയ്തയാളാണു അംബേദ്കർ. അതിന്റെ സൂക്ഷ്മതലത്തിലുള്ള ഒരു പ്രയോഗമാണു അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ അവിടെ പ്രാവർത്തികമാക്കി തെളിയിച്ചുകാണിച്ചത്. 2009-ൽ അംബേദ്കർ ജന്മവാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ക്ഷണം സ്വീകരിച്ച് ഞാനവിടെ പോയിട്ടുണ്ട്. അംബേദ്കർ സമം ദളിത് എന്ന് നാം സാധാരണഗതിയിൽ കരുതുന്ന സമവാക്യത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ഒരു സംഘാടനത്തിന്റെ മികവാണു എനിക്കവിടെ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ നിലയ്ക്ക് രോഹിത് അതിൽ അംഗമായിരിക്കുകയും അതിൽ പ്രവർത്തിച്ച് വരികയും ചെയ്തു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കവും ദുർബലവുമായ ഒരു ചുറ്റുപാടിൽ നിന്നും അവിടേയ്ക്ക് എത്തിച്ചേരുക, അവിടെ എത്തിച്ചേരുമ്പോൾ താൻ എവിടെയാണു നിൽക്കേണ്ടത് എന്ന് തിരിച്ചറിയുക – ഈ രണ്ട് കാര്യങ്ങളും നിമിത്തം അദ്ദേഹം അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ഭാഗമായി മാറുകയും പ്രവർത്തിക്കുകയും ചെയ്തുവന്നു.
അതിനിടെ ഉണ്ടായ എ ബി വി പി – എ എസ് എ സംഘർഷം എന്നത് മറ്റെല്ലാ കാമ്പസുകളിൽ ഉണ്ടാകാറുള്ളതുപോലെ സാധാരണമായ ഒരു കാര്യം മാത്രമായിരുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അനുനയത്തിലൂടെയും മറ്റും പരിഹരിക്കപ്പെടുക എന്ന സാധാരണതയാണു അത്തരം സംഭവങ്ങൾക്ക് പൊതുവിലുള്ളത്. ആ സംഘർഷം പക്ഷെ അങ്ങനെ അവസാനിച്ചില്ല. എന്തായിരിക്കാം അത്തരത്തിൽ അത് പരിഹരിക്കപ്പെടാതെ പോയത് എന്നതിന്റെ കാരണമാണു നാം അന്വേഷിക്കേണ്ടത്. എന്തുകൊണ്ടായിരിക്കാം അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനിലെ അഞ്ച് വിദ്യാർഥികളെ പുറത്താക്കുന്നിടത്തേക്ക് കാര്യങ്ങളെത്തിയത് എന്നതാണു പരിശോധിക്കേണ്ടത്. ഇന്ത്യയിലെ ദളിതരുടെ വിദ്യാഭ്യാസചരിത്രം എന്നത് നൂറ്റിയിരുപത്തിയഞ്ചിൽ പരം വർഷങ്ങളിലൂടെ വ്യക്തികളും കുടുംബങ്ങളും സമുദായങ്ങളുമെല്ലാം നടത്തിയ അതിസാഹസികമായ ത്യാഗങ്ങളുടെയും സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്രം കൂടിയാണു. തീർച്ചയായും അതിനു പ്രധാന കാരണം വിദ്യാഭ്യാസം എന്നത് അവർക്ക് നിഷിദ്ധമായിരുന്നു എന്നതാണു. അത്തരത്തിൽ വിദ്യ നിഷേധിക്കപ്പെട്ട ഒരു ജനത കേവലം നൂറിൽ പരം വർഷങ്ങൾ കൊണ്ട് ആയിരത്തിയഞ്ഞൂറും അതിലേറെയും കൊല്ലങ്ങളായി വിദ്യ കൈവശം വച്ചിരുന്നവരോടൊപ്പം ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നു എന്നതുതന്നെയാണു ആ സമൂഹത്തിന്റെ മെറിറ്റിന്റെ അളവ്. ആയിരത്തിയഞ്ഞൂറു കൊല്ലത്തെ അനുഭവങ്ങൾ ഉള്ളവർ നിൽക്കുന്നിടത്തേയ്ക്ക് കേവലം നൂറോ നൂറ്റിയൻപതോ കൊല്ലങ്ങൾ കൊണ്ട് ആ സമൂഹത്തിന്റെ ഒരു തലമുറ നടന്നുകയറിച്ചെല്ലുന്നു എന്നതാണു അവരുടെ മെറിറ്റിന്റെ തെളിവ്. എന്നാൽ അങ്ങനെ നടന്നു കയറിച്ചെല്ലുന്നവരെ ആ സ്പെസുകളിൽ നിന്ന് മാത്രമല്ല ആ ലോകങ്ങളിൽ നിന്നുതന്നെ ടെർമിനേറ്റ് ചെയ്തുകളയുന്ന, ഇല്ലായ്മ ചെയ്തുകളയുന്ന ഒരു സംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണു നാം അറിയേണ്ടത്. ഇതിനെ ഒരു സാമൂഹിക കുറ്റകൃത്യം (Social crime) എന്നാണു നാം പേരിട്ട് വിളിക്കേണ്ടത്. ഈ സാമൂഹിക കുറ്റകൃത്യത്തിന്റെ വേരുകൾ കിടക്കുന്നത് ഇന്ത്യയിലെ മനുവാദജീവിതബോധത്തിലാണു. ആ അർത്ഥത്തിൽ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട ധാർമ്മികബോധത്തിൽ ജീവിക്കുന്ന ഇന്ത്യൻ സമൂഹമാണു രോഹിത്തിന്റെ മരണത്തിലെ പ്രതി. ആ വിധത്തിലുള്ള ധാർമ്മികബോധങ്ങളാൽ കീറിമുറിഞ്ഞ, വൈരുദ്ധ്യപ്പെട്ട ഇന്ത്യയിലെ ദളിത് സമൂഹത്തെ അഭിസംബോധന ചെയ്യാനും അവരോട് സംസാരിക്കുവാനും കഴിവുള്ള ഒരു ആശയലോകത്തെയാണു രോഹിത് പിന്തുടർന്നത്. അത് അംബേദ്കറാണു. അത്തരത്തിൽ അവരോട് സംസാരിച്ച, ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഉപജ്ഞാതാവായ അംബേദ്കറെയാണു അദ്ദേഹം പിന്തുടർന്നത്.
പ്രധാനമായും, നടന്നിരിക്കുന്നത് ഒരു സോഷ്യൽ ക്രൈമാണു. ആ സോഷ്യൽ ക്രൈമിനെ പ്രോൽസാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടമാണു ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത്. അതുകൊണ്ടാണു ഒരു കേന്ദ്രമന്ത്രി അത് സ്ഥാപിക്കുന്നവിധം കത്തെഴുതുന്നതും രോഹിത് അടക്കമുള്ള അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തകരായ വിദ്യാർഥികൾ ദേശവിരുദ്ധരാണെന്നു പ്രഖ്യാപിക്കുന്നതും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല സമസ്തരംഗങ്ങളിലും നിലനിൽക്കുന്ന ദളിതർക്കു നേരെയുള്ള ജാതീയമായ വേർതിരിവിനെ സ്ഥാപിക്കുന്നതിനായി ബന്ദാരു ദത്താത്രേയ എന്ന കേന്ദ്രമന്ത്രി ഇടപെട്ടു എന്നത് ഒരു കുറ്റകൃത്യമാണു. ദളിതർക്കു നേരെ എന്തുമാകാം എന്ന സോഷ്യൽ ക്രൈമിനെ, മനുസ്മൃതിയിൽ അധിഷ്ഠിതമായ ആ സാമൂഹികമായ അവബോധത്തെ, തന്റെ രാഷ്ട്രീയമായ അധികാരം കൊണ്ട് സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു എന്നതാണു ആ മന്ത്രി നടത്തിയ കുറ്റകൃത്യം. അത് ഇന്ത്യൻ ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരായ ഒരു കുറ്റകൃത്യമാണു. കൂടാതെ പുറത്തു വന്ന തെളിവുകളനുസരിച്ച്, ഇതിൽ പങ്കില്ല എന്ന് രാജ്യത്തോട് കളവ് പറഞ്ഞ മറ്റൊരാളാണു കേന്ദ്ര മാനവിക വിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനി. ആദ്യഘട്ട അന്വേഷണത്തിൽ തെളിവുകളില്ല എന്നു കണ്ട് തള്ളിക്കളഞ്ഞ ഒരു കേസായിരുന്നു അത്. അതിനെയാണു ദത്താത്രേയയുടെ ശുപാർശപ്രകാരം മാനവശേഷിവകുപ്പ് അഞ്ചോ ആറോ കത്തുകളും, സ്വാഭാവികമായും മറ്റ് വഴികളിലൂടെയും, സമ്മർദ്ദം ചെലുത്തി, ദളിത് വിരുദ്ധ മനോഭാവത്തിന്റെ ചരിത്രം ആവശ്യത്തിലേറെയുണ്ട് എന്നതിനാൽ അവർ നിയോഗിച്ച വിസിയെക്കൊണ്ട് വിദ്യാർഥികൾക്കെതിരെ പ്രതികാരപരമായ നടപടിയെടുക്കുന്നതിലേക്ക് എത്തിച്ചത്. അങ്ങനെ ഇന്ത്യൻ ഭരണകൂടം നേരിട്ട് പങ്കുപറ്റിയ ഒരു കുറ്റകൃത്യമാണു രോഹിത്തിന്റെ മരണം. ആ മരണം ഒരു കൊലപാതകമാണു. അതിനുശേഷം രോഹിത്തിന്റെ ഭൗതികശരീരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാതെ രഹസ്യമായി സംസ്കരിച്ചു എന്ന സമാനതകളില്ലാത്ത ക്രൂരതയും കാട്ടി. അതിനാൽ ഇതിൽ ഉൾപ്പെട്ട മന്ത്രിമാരെയും വൈസ് ചാൻസലറെയും പുറത്താക്കുകയും പ്രധാനമന്ത്രി ഇന്ത്യയിലെ ദളിത് സമൂഹത്തോട് മാപ്പ് പറയുകയും വേണം. എന്നാലേ ഇതൊരു ജനാധിപത്യരാജ്യമാണെന്ന് നമുക്ക് കരുതാനാകൂ.
ഹൈദരാബാദിൽ മാത്രമല്ല എല്ലാ സർവ്വകലാശാലകളിലും ദളിത്, ആദിവാസി, പിന്നോക്കവിഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികളെ അകറ്റിനിർത്തുന്ന ഒരു സംവിധാനം വളരെ കൃത്യമായി പ്രയോഗത്തിലുണ്ട്. ഇന്ത്യൻ സർവ്വകലാശാലകൾ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നതു തന്നെ ഉപരിവർഗ്ഗ വിഭാഗങ്ങൾക്കു മാത്രം പഠിക്കാനുള്ള ഇടങ്ങളായിട്ടാണു. സ്കോളർഷിപ്പിന്റെയും മറ്റും ബലത്തിലാണു പിന്നോക്കവിദ്യാർഥികൾ അവിടങ്ങളിലേക്ക് ചെല്ലുന്നത്. അല്പകാലത്തേക്ക് അത്തരത്തിലുള്ള സഹായങ്ങൾ നിഷേധിക്കുകയാണെങ്കിൽ പിടിച്ചുനിൽക്കാനാകാതെ അവർ അവിടങ്ങൾ വിട്ടുപോകും. നാല്പതിനായിരം രൂപ ഒരു സുഹൃത്തിനു കടക്കാരനാണു താൻ എന്ന് രോഹിത് നമ്മെ അറിയിച്ചു. ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപ സർവ്വകലാശാലയിൽ നിന്നും ലഭിക്കാനുള്ളപ്പോഴാണു ഇതെന്ന് നാം ഓർക്കണം. ഇതെല്ലാം മനപ്പൂർവ്വം കൊടുക്കാതിരിക്കുന്നതാണു. കഴിഞ്ഞ ദിവസം ഐ ഐ ടിയിൽ പഠിക്കുന്ന ഒരു വിദ്യാർഥി പറഞ്ഞത് തങ്ങൾ അവിടെ പഠനം ആരംഭിച്ച് ആറാം മാസത്തിൽ അവരവിടെ പഠിക്കാൻ യോഗ്യരല്ലാത്തതിനാൽ അവിടം ഉപേക്ഷിക്കുവാൻ അധികൃതർ ആവശ്യപ്പെടുന്നു എന്നാണു. യോഗ്യത തെളിയിക്കാൻ പത്ത് മാസം കൂടി ബാക്കിയുള്ളപ്പോഴാണു രേഖാമൂലമല്ലാതെയുള്ള ഈ വിധമുള്ള സമ്മർദ്ദങ്ങൾ. രോഹിത്തിന്റെ മരണത്തിൽ പ്രതിഷേധിച്ച് എം ജി സർവ്വകലാശാലയിൽ നടന്ന പ്രതിഷേധയോഗത്തിൽ വെച്ച് പ്രസംഗിച്ച ഒരു വിദ്യാർഥി പറഞ്ഞത് ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾ തങ്ങളുടെ കൂട്ടത്തിലുണ്ട് എന്നത് എല്ലാവരും അറിയണം എന്നാണു. ലഭിക്കാനുള്ള ഫെല്ലോഷിപ്പ് അടക്കമുള്ള സഹായങ്ങൾ കിട്ടാതെ വരുന്നതിനാലാണു അത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. സാങ്കേതികകാരണങ്ങൾ പറഞ്ഞ് സഹായങ്ങൾ വൈകിപ്പിക്കുകയാണു. ആ വിദ്യാർഥികൾക്ക് തൽഫലമായി എന്തെങ്കിലും സംഭവിച്ചാൽ ആരതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും? പിന്നോക്കമായ ചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടികളുടെ അവകാശനഷ്ടങ്ങൾ നമ്മെ അലട്ടുന്നുണ്ടെങ്കിൽ അവരുടെ പരാതികൾ എല്ലായ്പ്പോഴും കേൾക്കുവാനും അവ അതിവേഗം പരിഹരിക്കാനും കഴിയുന്നവിധം നിരന്തരം പ്രവർത്തിക്കുന്ന ഒരു സംവിധാനം എല്ലാ സർവ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കണം എന്ന ഒരു ആവശ്യമുയർത്താൻ നാം തയ്യാറാകണം.
കഴിഞ്ഞ ദിവസം പങ്കെടുത്ത ചാനൽ ചർച്ചകളിൽ ബി ജെ പിയുടെ പ്രതിനിനിധികളുമുണ്ടായിരുന്നു. എ എസ് എ വിദ്യാർഥികൾ തീവ്രവാദികളും ഭീകരരും ദേശദ്രോഹികളുമാണെന്ന് പ്രഖ്യാപിക്കുകയും അവർ ജാതിവാദികളാണെന്ന് കുറ്റപ്പെടുത്തുകയുമാണു അവർ ചെയ്തത്. അത് ഭയാനകമാം വിധം മനുഷ്യത്വരഹിതമായ മനസ്സുകളിൽ നിന്നും വരുന്നതാണു. വിദ്യാർഥികൾ പാക്കിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി എന്ന്അടിസ്ഥന്നരഹിതമായ ആരോപണങ്ങളും അക്കൂട്ടർ ഉന്നയിക്കുന്നുണ്ടായിരുന്നു. കാവ്യാത്മകമായ തന്റെ അന്ത്യമൊഴിയിൽ ലോകത്തൊരു മനുഷ്യനെയും കുറ്റപ്പെടുത്താതെ, താൻ ജനിച്ചതാണു താൻ ചെയ്ത കുറ്റമെന്ന് പറയുന്ന വിധം എത്രയോ മാന്യവും എത്രയോ വിസ്തൃതവും എത്രയോ മാനവികവുമായ നിലപാടെടുത്ത രോഹിത്തിനെയുൾപ്പടെയാണു ഇങ്ങനെ മുദ്രകുത്തുന്നതെന്നത് നാം ഓർമ്മിപ്പിക്കണം. ഹിന്ദുക്കളല്ലാത്തവർ രാജ്യം വിടണമെന്ന് ആക്രോശിക്കുന്ന്ബി ജെ പിക്കും സംഘപരിവാറിനും ഹിന്ദുത്വരാഷ്ട്രീയക്കാരനും അവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്താൻ എന്താണവകാശം എന്നതാണു പ്രസക്തമായ ചോദ്യം. ഇന്ത്യ നമ്മുടേതാണെന്നാണു നാം പ്രഖ്യാപിക്കുന്നത്. എല്ലാ മതവിശ്വാസികൾക്കും അവിശ്വാസികൾക്കും ജീവിക്കാവുന്ന ഒരിടമാണു ഇന്ത്യയെന്ന് അംബേദ്കർ നമ്മുടെ ഭരണഘടനയിലൂടെ പറഞ്ഞിട്ടുണ്ട്. ആ അംബേദ്കറെ പിൻപറ്റുന്ന തലമുറ ദേശവിരുദ്ധരാണെന്ന് പറയുന്ന അപകടകരമായ യുക്തിയാണു ഹിന്ദുത്വരാഷ്ട്രീയക്കാർ സൃഷ്ടിക്കുന്നത്. അംബേദ്കറുടെ രാഷ്ട്രീയത്തിന്റെ സാധ്യതകളെ മികവുറ്റ രീതിയിൽ പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത ഒരു സംഘടനയെയാണു അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അതിനാൽ ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്ന എല്ലാവരും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനൊപ്പം നിൽക്കുകയും അവർ സൃഷ്ടിച്ച മാതൃക രാജ്യവ്യാപകമാക്കി മാറ്റുകയും ചെയ്യണമെന്നതാണു ഇതിൽ നിന്നുണ്ടാകേണ്ട രാഷ്ട്രീയമായ നിലപാട്.
Be the first to write a comment.