കുഞ്ഞി വെളുപ്പാന്‍ കാലത്ത് രോമങ്ങളെല്ലാം നൃത്തം വെക്കുന്ന തണുപ്പില്‍ നാലു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിപ്പോയി മില്‍മാ ബൂത്തില്‍ നിന്നു പത്തുമുപ്പത് ലിറ്റര്‍ പാലും ചുമന്നു വരുന്നതിന്റെ ഈറ അബു രോഹിണിയോട് ഇങ്ങനെ പറഞ്ഞു തീര്‍ത്തു.
“ഇത്തവണത്തെ ചന്ത കഴിയുമ്പോള്‍ ഒരു പുള്ളിപ്പശൂനെ നമുക്കും വാങ്ങണം രോണ്യേ”
എല്ലാ പ്രാവശ്യവും കണിയാംകുളത്തെ ചന്തക്ക് പോകുമ്പോള്‍ അവനിങ്ങനെ ആത്മഗതപ്പെടാറുള്ളതാണ്. എന്നാല്‍ പശുവിനെ വാങ്ങാനുള്ള പണമൊന്നും അവരുടെ കയ്യിലുണ്ടായിരുന്നില്ല.
“അതിനെല്ലാം മുമ്പേ എനിക്കു ഒരു ഗ്യാസ് സ്റ്റവ് വാങ്ങിച്ചു താ അബുച്ചേട്ടാ, തീയൂതിത്തീയൂതി മനുഷ്യന്‍ ചാവാറായി”. ആവലാതിപ്പെടുന്നതിനിടെ രോഹിണി അടുപ്പിലേക്ക് ഒരു തടിയന്‍ ഒരു വിറകു കൊള്ളി കൂടി തള്ളിവെച്ചു.
“എല്ലാം വാങ്ങാടീ രോണ്യേ, പശൂനെ ഒന്നു വാങ്ങിച്ചോട്ടെ, അതിന്റെ പാല് വിറ്റ് നിനക്കു സ്വര്‍ണ്ണം കൊണ്ടുള്ള ഗ്യാസ് സ്റ്റവ്വ് ഞാന്‍ വാങ്ങിത്തരും”. തിളച്ചു പൊന്തിയ പാലിന് മീതെ ചായപ്പൊടി വിതറുന്നതിനിടെ ഇടം കണ്ണിട്ട് നോക്കി രോഹിണി ചിരിച്ചു .”സ്വര്‍ണ്ണത്തിന്റെ ഒരു പാദസരോം കൂടെ”

അവള്‍ തയ്യാറാക്കിക്കൊടുത്ത ഏലക്ക മണം പൊന്തുന്ന ചൂടുചായ നിറച്ച സ്റ്റീല്‍ ഡ്രം ഒരെണ്ണം ക്യാരിയറിലും ഒരെണ്ണം ഹാന്‍ഡിലിലും വെച്ച് അബു സൈക്കിള്‍ പറത്തി വിട്ടു, നേരം അഞ്ചരയാകാറായിരുന്നു. വെളുക്കുമ്മുന്നേ കണിയാംകുളത്തെത്തണം. ആദ്യത്തെ ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ നല്ലോണം പുലര്‍ന്നിട്ടെ വണ്ടി കിട്ടുകയുള്ളൂ. കണിയാംകുളത്തെ കന്നാലിച്ചന്ത രാജഭരണകാലത്ത് തന്നെ കേളികേട്ടതാണ് . നാടായ നാട്ടില്‍ നിന്നെല്ലാം ഉരുക്കളും കച്ചവടക്കാരുമെത്തും. നേരം പുലരും മുന്നേ ചെന്നാല്‍ അബുവിനും നല്ല കോള് കിട്ടും. കച്ചവടം തുടങ്ങിയാല്‍പ്പിന്നെ ചായകുടിക്കാനൊന്നും ആര്‍ക്കും നേരം ഉണ്ടാവില്ല..

“ടാ അബൂ “. ടൌണ്‍ ജുമാ മസ്ജിദിന്റെ അടുത്തുള്ള ഷോപ്പിങ് കോംപ്ലെക്സ് പെറ്റിട്ട ഇരുളില്‍ നിന്നിറങ്ങിവന്ന മജീദ് മരങ്ങാട്ടംപള്ളി വിളിച്ചു. “വന്നു രണ്ടു റകഅത്ത് സുബഹി നിസ്കരിച്ചിട്ടു പോടാ”
“ഞാനില്ല, എനിക്കു വണ്ടി കിട്ടത്തില്ല”
“നിനക്കു മരിക്കണ്ടേ? ദുനിയാവ് മാത്രം മതിയാ ?”
“അള്ളോ, വണ്ടി ഇപ്പോ വിട്ടു കാണും”. അബു സൈക്കിള്‍ എഴുന്നേറ്റ് നിന്നു പായിച്ചു.
“ങാ, പോയ്ക്കോടാ, കീഴ് ജാതിയെ കെട്ടി നടക്കണ നിനക്കൊക്കെ എന്തു ഈമാനും ഇസ്ലാമും?” മജീദ് പിറകില്‍ നിന്നു വിളിച്ച് പറഞ്ഞു .
“പിന്നേ, നീ നമ്പൂരിച്ചിയെ അല്ലേ കെട്ടിയിരിക്കുന്നത്?”അബു പിറുപിറുത്തു.

കണിയാംകുളത്ത് എത്തുമ്പോള്‍ ചന്ത തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.
“ര്‍‌ര്‍‌ര്‍റാപ്പ്ച്ചുപ്പ്”… “ട്ടടട്ടട്ടട്ടട്ടേ”.. നടക്കാന്‍ മടിച്ച ഉരുക്കളെ അതിന്റെ ഉടമസ്ഥര്‍ അവറ്റയ്ക്ക് മാത്രമര്‍ത്ഥമറിയാവുന്ന വാക്കുകളുരുവിട്ടു തെളിച്ചുകൊണ്ട് വന്നു. വേഗം കൂട്ടാനായി അവര്‍ ഇടക്കിടെ ചാട്ട മുകളിലേക്കെറിഞ്ഞു പടക്കം പൊട്ടുന്ന ശബ്ദമുണ്ടാക്കി. മൈതാനത്ത് സൂചി കുത്താന്‍ ഇടയില്ലാത്ത വിധം നൂറുകണക്കിനു ഇരുകാലികള്‍ ക്ഷമയോടെ തങ്ങളുടെ പുതിയ ഉടമസ്ഥരെ കാത്ത്നിന്നു. അവിടമാകെ അവയുടെ മ്പേ ശബ്ദം കൊണ്ട് മുഖരിതമായി. മൃഗച്ചൂരും ചാണകഗന്ധവും പരിസരമെല്ലാം നിറഞ്ഞു. തങ്ങളുടെ ഉരുക്കളുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നവരുടെയും, ഇടപാടുകാരുടെയും ഇടയിലൂടെ ചായ ചായ എന്നു വിളിച്ച് അബു നടന്നു. ഏറെ താമസിയാതെ അവന്റെ ഡ്രം രണ്ടും ഏതാണ്ട് കാലിയായി.
ഇനി നാട്ടിലേക്കു വൈകുന്നേരമേ ബസ്സുള്ളൂ. അതുകൊണ്ട് അബു വെറുതെ ചന്തയില്‍ ചുറ്റി നടന്നു. നല്ല ലക്ഷണമൊത്ത പശുക്കളെ കാണുന്നത് തന്നെ അവനൊരു സുഖമാണ്. ചില പശുക്കളുടെ താട അവന്‍ തടകിക്കൊടുത്തു .ചിലതിന്റെ വാലിന്റെ നീളം നോക്കി .ഒന്നിന്റെയും വില അന്വേഷിക്കാനവന് ധൈര്യമുണ്ടായിരുന്നില്ല.

“എടാ അബുവേ, ചൂടോടെ ഒരു ചായ താ”. മണ്‍കലങ്ങളും ചട്ടികളും ഒക്കെ വില്‍ക്കുന്ന കാര്‍ത്തുവമ്മയാണ്. മൈതാനത്തിന്റെ അതിരില്‍ വളര്‍ന്ന് പന്തലിച്ച മരത്തണലില്‍ ചട്ടിയും കലങ്ങളും കൂട്ടിയിട്ടിരുന്നതിനടുത്ത് കാലും നീട്ടിയിരിക്കുകയായിരുന്നു അവര്‍.
“ഉം, ചന്തയില്‍ തിരക്ക് കുറവാ അല്ലേ അമ്മച്ചീ ?” അവന്‍ ശേഷിച്ച ചായയില്‍ നിന്നൊരെണ്ണം അവര്‍ക്കായി പകര്‍ന്നു.
“ഓഹ്, എന്തു പറയാനാ..നോക്കിക്കേ, ഒരൊറ്റച്ചട്ടി പോലും കച്ചവടമായിട്ടില്ല”. അബുവിന് കഷ്ടം തോന്നി.”അല്ലെങ്കിലും ഇന്നത്തെക്കാലത്ത് ആര്‍ക്ക് വേണം മണ്‍ചട്ടിയും കലവുമൊക്കെ?”
“ഉരുക്കളുടെ കച്ചവടം ഒന്നു ഉഷാറാവട്ടെ അമ്മച്ചീ. ഇടപാടുകാര്‍ക്ക് കൈ നിറയെ പൈസ വന്നാലേ നമുക്കെന്തെങ്കിലും നേട്ടമുള്ളൂ”. അബു അവരോടൊപ്പമിരുന്ന് ചട്ടീ, കലം എന്നൊക്കെ ആര്‍പ്പിട്ടു. ചിലരൊക്കെ അത് കേട്ടു വന്നു ചട്ടിയും കലവുമൊക്കെ തട്ടി മുട്ടിയും കൊട്ടിയും പരിശോധിച്ചു. ഒന്നു രണ്ടു പേര്‍ വാങ്ങുകയും ചെയ്തു.

വെയില്‍ തിളച്ചു. ഒരു ഇലയുടെ തണല്‍ പോലും കിട്ടാതെ എല്ലാവരും വിയര്‍ത്തും ദാഹിച്ചും അവശരായി. കാലികൾ ഇടമുറിയാതെ നിലവിളിച്ചു കൊണ്ടിരുന്നു. ചിലത് ചുറ്റും പൊടി പരത്തിക്കൊണ്ട് ചുരമാന്തി. അതിലൊരു കറുത്ത് മിനുത്ത കരിമ്പോത്ത് തല വെട്ടിക്കുകയും കൊമ്പു കുലുക്കുകയും ചെയ്തു .
“അവനിത്തിരി മുറ്റനാ. അവന്റെ തിമിര് കണ്ടാ!”
“ഓ, ഇപ്പോഴത്തെ പോത്തിനൊന്നും ഒരു ഉസിറില്ലടാ അബൂ, കെട്ടിയിട്ട് വളര്‍ത്തുന്നതല്ലേ, പണ്ടെല്ലാം കന്നുകുട്ടി പോലും ആനയുടെ അത്രയും കാണും, തിന്നു മദിച്ചു കായലിലെയും കണ്ടത്തിലേയും ചെളിയില്‍ ആറാടി അതുങ്ങടെ ഒരു വരവുണ്ട്, ഉല്‍സവത്തിന് ആനയെ എഴുന്നെള്ളിക്കും പോലെ..”
ഉരുക്ക് പോലും ഉരുകുന്ന ചൂട് സഹിക്കാതെ പോത്തിന് കുറുമ്പിളകി. അത് കയറു പൊട്ടിച്ച് തലങ്ങും വിലങ്ങുമോടി. കണ്ടവരെ കണ്ടവരെ കുത്തി മലര്‍ത്തി. കാര്‍ത്തുവമ്മയുടെ ചട്ടിയും കലവും ഒക്കെ അത് ചവിട്ടിപ്പൊട്ടിച്ചിട്ടും അരിശം തീരാതെ കാര്‍ത്തുവമ്മയുടെ നേര്‍ക്ക് തിരിഞ്ഞു.
“പറ്റിച്ചെടാ അബൂ, ദേ അതെന്നെ കുത്താന്‍ വരുന്നു, എന്റെ ദൈവമേ.. പോ പോത്തേ”
അവര്‍ ഓടിപ്പിടിച്ച് എഴുന്നേല്‍ക്കാൻ ശ്രമിച്ചെങ്കിലും വീണു പോയി. പോത്തിന്റെ ഉടമസ്ഥന്‍ അതിനെ ഒതുക്കാന്‍ എന്തെല്ലാമോ ശകാരവാക്കുകള്‍ ഉരുവിട്ട് കൊണ്ട് ഞൊണ്ടി ഞൊണ്ടി അതിനു പിറകെ നടന്നു. പോത്തിന്റെ പാച്ചിലില്‍ അയാള്‍ക്കും സാരമായ പരിക്ക് പറ്റിയിരുന്നു.
അബു ചാടിയെഴുന്നേറ്റ് പോത്തിന്റെ കൊമ്പില്‍ പിടിച്ചു. അതിന്റെ മുഴുവന്‍ കലിപ്പും അബുവിനോടായി.
“അമ്മച്ചീ, മാറിക്കൊ”എന്നലറിക്കൊണ്ട് അവന്‍ അതിനെ പിടിച്ച് നിര്‍ത്താൻ ശ്രമിച്ചു. അതിന്നതിന് വെറിയും വിറളിയും പൂണ്ടത് അബുവിനെ കൊമ്പില്‍ കോര്‍ക്കാന്‍ വാശി പൂണ്ടു. പക്ഷേ അബു വിചാരിച്ചതിനെക്കാളൊക്കെ ശൌര്യവും വീറും ഉണ്ടായിരുന്നു അതിന്. എങ്ങനെയോ അബു ആ കൂറ്റന്റെ പുറത്തു കയറിപ്പറ്റി. അതോടെ മദം പൂണ്ടത് ഓടാന്‍ തുടങ്ങി.
മൈതാനവും കടന്നു, നഗരത്തിരക്കില്‍, വഴിവാണിഭക്കാര്‍ക്കിടയിലൂടെ, വണ്ടി കാത്തു നില്‍ക്കുന്നവര്‍ക്കിടയിലൂടെ…. പോത്ത് പായുമ്പോള്‍ അതിന്‍റെ കൊമ്പില്‍ തൂങ്ങിപ്പിടിച്ച് കിടക്കുകയായിരുന്നു അബു. അവനെ കുലുക്കി താഴത്തിടാന്‍ അത് കഴിയും വിധം ശ്രമിച്ചു കൊണ്ടിരുന്നു. വീറുള്ള ഒരു കൂറ്റനെ നേരിടുന്നത് കുട്ടിക്കളിയല്ല എന്ന് അബുവിനു ഓരോ നിമിഷവും ബോധ്യമായിത്തീര്‍ന്നു. അവനും വിട്ടു കൊടുത്തില്ല. വീഴാതിരിക്കാന്‍ പണിപ്പെടുന്നതിനിടെ ഒരു ചെറിയ ഒഴിവു കിട്ടിയപ്പോള്‍ അബു അതിന്റെ മൂക്കുകയറില്‍ പിടുത്തമിട്ടു.
“ങും, നമ്മളോടാ ഹിമാറെ നിന്റെ കളി”
ആരെല്ലാമോ ഒച്ചയും ബഹളവുമായി പിറകെ പായുന്നത് അബു അറിയുന്നുണ്ടായിരുന്നു. അതൊന്നും ഗൌനിക്കാന്‍ അവന് നേരമുണ്ടായിരുന്നില്ല. ശക്തി മുഴുവന്‍ സംഭരിച്ച് മല്ലിട്ടും പോരാടിയും അവന്‍ ആ ഇടഞ്ഞ മൃഗത്തെ കൊമ്പു കുത്തിച്ചു. എന്നിട്ടും എവിടെ നിന്നോ കിട്ടിയ അപ്രതീക്ഷിതമായ ഒരടിയേറ്റ് അബു തെറിച്ച് താഴെ വീണു. ദേഹത്തെ പൊടിയും രക്തവും ഒക്കെ തുടച്ചു എഴുന്നേല്‍ക്കാൻ ശ്രമിക്കേ അബു തനിക്ക് ചുറ്റും രൂപപ്പെട്ട ആള്‍ക്കാരുടെ വലയം കണ്ടമ്പരന്നു. ആ മുഖങ്ങളിലെല്ലാം രോഷം ചെന്തീയായി ആളിക്കത്തി.
“കാര്‍ത്തുവമ്മയെ കുത്താന്‍ വന്ന പോത്താ. ഞാന്‍ ഇല്ലായിരുന്നെങ്കി കാണാരുന്നു കളി” അഭിമാനത്തോടെ അബു പറഞ്ഞു .
“മോഷ്ടിച്ച് കടന്നു കളയാം എന്നു വിചാരിച്ചല്ലേടാ തെണ്ടീ”
“അവന് അതിനെ ഇവിടെയിട്ട് തന്നെ കശാപ്പു ചെയ്യണം , അതിനാ” നെറ്റിയില്‍ നീളത്തില്‍ സിന്ദൂരക്കുറി തൊട്ട ഒരാള്‍ പറഞ്ഞു.
“നിങ്ങളൊക്കെ ആരാ.. എന്താ ?”
ഉത്തരമായി തെറിവാക്കുകളുടെ പെരുമഴ അവന്റെ മേലെ പെയ്തു.
“ഞാന്‍ പറയുന്നതു കേള്‍ക്ക്”. അബുവിന്റെ വാക്കുകള്‍ മുറിഞ്ഞു.
“എന്തിനാ എന്നെ തല്ലുന്നത്?” അബുവിന്റെ ചോദ്യത്തിന് ചീറിയ കുറുവടികളും ശീല്‍ക്കാരമുയര്‍ത്തുന്ന വാളുകളും മറുപടി പറഞ്ഞു. തടുക്കാന്‍ പോലുമാകാതെ അബു ഒരു തേരട്ടയുടെ രൂപം പ്രാപിച്ചു. വായിൽ നിന്നു ചോരയും നുരയുമൊഴുകി. കശാപ്പിന് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു കന്നിനെപ്പോലെ അബു ആയാസപ്പെട്ട് ഊര്‍ദ്ധ്വശ്വാസം വലിച്ചു. അവന്റെ ദേഹമെല്ലാം കൊയ്തെടുത്ത കറ്റ പോലെ ചവിട്ടി മെതിക്കപ്പെട്ടു .
അബുവിന്റെ കാഴ്ചകള്‍ പൊടുന്നനെ കീഴ്മേല്‍ മറിഞ്ഞു.അവന് ഇപ്പോള്‍ ചുറ്റുമുള്ളവരുടെ കാലുകള്‍ മാത്രമേ കാണാനാവുന്നുള്ളൂ. പിന്നെ “പൊറോട്ട, ബീഫ്, ചിക്കന്‍, ചപ്പാത്തി, പൊരിച്ച കാട, ഊണ് തയ്യാര്‍”എന്നെഴുതിയ റോഡരികില്‍ ചരിച്ച് വെച്ച ഒരു ബോര്‍ഡും. നാടൻ തട്ടുകട എന്നു അതില്‍ അവസാനത്തെ വരി ആയി എഴുതി വെച്ചിരുന്നു. ആരെല്ലാമോ അവന്റെ അരികില്‍ക്കൂടി നടന്നു പോയി. എന്തെങ്കിലും പറയാനോ, അപേക്ഷിക്കാനോ കഴിയാതെ ഒരു വിളക്കുകാലില്‍, ഷോക്കേറ്റ് ചത്തു മലച്ച കാക്കയെപ്പോലെ അബു തൂങ്ങിക്കിടന്നു. അല്‍പ്പാല്‍പ്പമായി അവന്റെ കാഴ്ചയും മങ്ങിത്തുടങ്ങി.sf-v-23

കുറച്ച് നേരത്തേക്ക് ശബ്ദങ്ങളുടെ നൂലിലൂടെ അവന്‍റെ പ്രജ്ഞ തൂങ്ങിപ്പിടച്ചു. വാഹനങ്ങളുടെ ഹോണടികള്‍, എന്തിലോ ആരോ തട്ടുന്ന ശബ്ദം, ആരുടെയെല്ലാമോ പിറുപിറുക്കലുകള്‍, തട്ടുകടയിലേക്ക് ആരൊക്കെയോ കയറിപ്പോകുന്നത്, കുറച്ചു മുന്നേ തെറിവാക്കുകളുടെ അഴുക്ക് കൊണ്ടവന്റെ ചെവികളെ മുക്കിയ ശബ്ദങ്ങളിലൊന്ന് “ചേട്ടാ ഇവിടെ രണ്ടു പൊറോട്ടയും ഒരു പ്ലെയ്റ്റ് ബീഫും ” എന്നു വിളിച്ച് പറയുന്നത് (അതാ സിന്ദൂരക്കുറി തൊട്ടയാളാണ്), ഏതോ ലോട്ടറിക്കാരന്റെ വാഹനത്തില്‍ നിന്നുള്ള “നിങ്ങളെ ഭാഗ്യം മാടി മാടി വിളിക്കുന്നു “എന്ന അനൌണ്‍സ്മെന്‍റ്, ഒരു കുഞ്ഞിന്റെ കരച്ചില്‍, അതിനു മേലെ തൂവിയ ഏതോ സിനിമാഗാനത്തിന്റെ വരികള്‍… നേര്‍ത്ത് നേര്‍ത്ത് എല്ലാം ഇല്ലാതായി. രണ്ട് പോലീസുകാര്‍ അതിനിടെ ഒരു ബൈക്കില്‍ അവിടെയെത്തിച്ചേര്‍ന്നു. കയ്യാങ്കളി കണ്ടു നിന്ന ആരോ വിവരമറിയിച്ചതു കൊണ്ട് സ്റ്റേഷനില്‍ നിന്നെത്തിയതായിരുന്നു അവര്‍. ഏര്‍പ്പെട്ടിരുന്ന ഇഷ്ടമുള്ള കാര്യങ്ങള്‍ക്കിടെ ശല്യപ്പെടുത്തിയതിലുള്ള നീരസം അവരില്‍ പ്രകടമായിരുന്നു.
“ആരെങ്കിലും ഈ ശവത്തിനെ ഒന്നു താഴെയിറക്ക്”. മൊബൈലില്‍ അബു ഫ്രെയിമില്‍ വരത്തക്കവണ്ണം ആംഗിള്‍ ക്രമീകരിച്ച് ഒരു സെല്‍ഫി എടുക്കുന്നതിനിടെ അവരിൽ ചെറുപ്പക്കാരനായ പോലീസുകാരന്‍ ആവശ്യപ്പെട്ടു. പല തവണ ക്ലിക്ക് ചെയ്തിട്ടും താന്‍ എടുത്ത സെല്‍ഫിയിൽ തൃപ്തി വരാതെ അയാള്‍ കുറെക്കൂടി ഭംഗിയുള്ള ഒരു സ്നാപ്പിന്റെ സാധ്യത തേടിപ്പോയി. വരാന്തയില്‍ ഇറക്കിക്കിടത്തിയ അബുവിനെ അയാള്‍ ശ്രദ്ധിച്ചത് പോലുമില്ല.
“തൊണ്ടി എവിടെടാ, തൊണ്ടി ?” രണ്ടാമത്തെ പോലീസുകാരന്‍ കുഴഞ്ഞ സ്വരത്തിൽ ചോദിച്ചു. ഉച്ച തിരിയും മുൻപ് തന്നെ എവിടെനിന്നോ സംഘടിപ്പിച്ച നാടന്‍ ചാരായം അയാളുടെ നാവിന് സ്വാതന്ത്ര്യം നിഷേധിച്ചു. അയാളന്വേഷിച്ച തൊണ്ടി കശപിശക്കിടെ എങ്ങോട്ടോ വിരണ്ടോടിപ്പോയിരുന്നല്ലോ. ആരോ അത് പോയ ദിശയിലേക്ക് കൈ ചൂണ്ടി. പോലീസുകാരൻ ധൃതിയില്‍ അതിനെ കണ്ടെത്താനായി തന്റെ കൂട്ടുകാരനെയും കൂട്ടി അങ്ങോട്ട് ബൈക്ക് ഓടിച്ച് പോയി. കൂടി നിന്നിരുന്നവരെല്ലാം പിരിഞ്ഞു പോകുകയും ചെയ്തു. അബുവിന്റെ മുറിവുകളില്‍ നിന്നു കുതിച്ച ചോര പോലും തണുത്തു കട്ട കെട്ടി.

സമയം പിന്നേയും കടന്നു പോയി. വെളിച്ചം മങ്ങുകയും നിരത്തില്‍ തിരക്കൊഴിയുകയും ചെയ്തു. നിരത്തിന്റെ അറ്റത്തെവിടെ നിന്നോ വിശന്നു വലഞ്ഞ ഒരു ആട് നടന്നു വന്നു. പകലന്തിയോളം അലഞ്ഞിട്ടും അതിനു ഭക്ഷിക്കാന്‍ കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല. പാതയോരത്തെ പുല്ലും പോച്ചയും ആരോ വെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു. വൃത്തിയും വെടിപ്പുമുള്ള പാതയില്‍ അതിനു തിന്നാനുള്ള ഒന്നുമുണ്ടായിരുന്നില്ല. പ്രസവിച്ചിട്ട് അധികദിവസങ്ങള്‍ കഴിയാത്തത് കൊണ്ട് ആടിന്റെ അകിട് പാല്‍ നിറഞ്ഞു വീര്‍ത്ത് തൂങ്ങിക്കിടന്നു.

അബുവിനെ കിടത്തിയിരുന്ന കടത്തിണ്ണയില്‍ നിരത്തി ഒട്ടിച്ചിരുന്ന സിനിമ പോസ്റ്ററുകള്‍ കാണ്‍കെ ആ ആട് നിന്നു, പിന്നെ കൊതിയോടെ മുന്‍കാലുകൾ ഭിത്തിയില്‍ ഉയര്‍ത്തി വെച്ച് ആ പോസ്റ്ററുകള്‍ കടിച്ച് കീറിത്തിന്നാന്‍ തുടങ്ങി. അതിനിടെ ചുരന്നു വീങ്ങിയ അതിന്റെ മുലക്കാമ്പുകള്‍ അബുവിന്റെ ചുണ്ടില്‍മുട്ടി. മരുഭൂമിയോളം ദാഹം പൂണ്ടൊരു ജീവകണം ഒരിറ്റു ജലത്തിനായി പെരുത്ത ദാഹത്തോടെ കേണു. “വെള്ളം, വെള്ളം”. അവന്റെ ചുണ്ടിലേക്ക് ഒരു പാല്‍മുത്ത് ഇറ്റ് വീണു. അബു അപ്പോള്‍പ്പിറന്നൊരു ശിശുവിനെപ്പോലെ അത് ഞൊട്ടി നുണഞ്ഞു. അവനിലേക്ക് അനാദിയായൊരു വാല്‍സല്യത്തിന്റെ കടല്‍ ഒഴുകിത്തുടങ്ങി. അവന്‍ ആര്‍ത്തിയോടെ അത് മുഴുവന്‍ കുടിച്ച് തീര്‍ത്തു. അടുത്ത സിനിമപോസ്റ്റര്‍ തിന്നാനായി ആട് നീങ്ങുന്നേരം അബു വേദനയോടെ ഞരങ്ങി. “ഉമ്മാ, എന്‍റുമ്മായേ!”

Comments

comments