ഇതെഴുതുന്നത് നവംബര്‍ ഒന്നിനാണ്. 2016 നവംബർ ഒന്നിന്. കഴിഞ്ഞ ഒക്ടോബര്‍ മാസം പതിനഞ്ചിനാണ് നജീബ് അഹ്മദ് എന്ന ഇരുപത്തിയേഴു വയസ്സുകാരനെ കാണാതാകുന്നത്. രാജ്യത്ത് ദിനം പ്രതി അപ്രത്യക്ഷരാകുന്നവരില്‍ ബഹുഭൂരിപക്ഷവും ഉടനെ മടങ്ങിയെത്തുകയോ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ബന്ധപ്പെടുകയോ ചെയ്യുമെന്നാണ് പോലീസ് ഭാഷ്യം. പക്ഷേ പതിനഞ്ച് ദിവസത്തിന് ശേഷവും മടങ്ങിയെത്താത്ത നജീബിനെ കാത്തിരിക്കുന്നവര്‍ക്ക് കടന്നുപോകുന്ന ഓരോ നിമിഷവും ഭീതിയുടെയും നിരാശയുടേയും അവസാനിക്കാത്ത വേദനയുടെതുമാണ്. കാരണം നജീബിനെ കാണാതായ സാഹചര്യം ഭയപ്പെടുത്തുന്നതാണ്. നജീബിനെ കണ്ടെത്തേണ്ട ഭരണകൂടവും നജീബ് വിദ്യാര്‍ത്ഥിയായിരിക്കുന്ന സര്‍വ്വകലാശാലയും നിരുത്തവാദിത്തപരമായ അലസതയോടെയാണ് ഈ കേസിനെ സമീപിക്കുന്നത്.najeeb3

ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് നജീബ്. ഉത്തര്‍പ്രദേശിലെ ബദ്‌വാന്‍ സ്വദേശി.ജെ.എന്‍.യു കാമ്പസിലെ മാഹി മാണ്ഡവി ഹോസ്റ്റല്‍ നൂറ്റിയാറാം നമ്പര്‍ മുറിയിയിലെ അന്തേവാസി. തലേ ദിവസം ഹോസ്റ്റലില്‍ നടന്ന വാക്കു തര്‍ക്കവും തുടര്‍ന്നുണ്ടായ ക്രൂരമായ മര്‍ദ്ദനങ്ങളും ഏറ്റു വാങ്ങേണ്ടി വന്ന ഒരു വിദ്യാര്‍ത്ഥിയെയാണ് അടുത്ത ദിവസം കാണാതെയാവുന്നതു എന്നത് ഒരു യാദൃശ്ചികതയല്ല. അത്  കേവല ബുദ്ധിയുടെ പോലും ആവശ്യമില്ലാത്ത ഒരു മനസിലാക്കല്‍ ആണ്. എന്ത് കൊണ്ടാണ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദില്ലി പോലീസിന്റെ അന്വേഷണം എങ്ങും എത്താതെ പോകുന്നത്? എന്ത് കൊണ്ടാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഒക്ടോബര്‍ പതിനാലിന് രാത്രിയുണ്ടായ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സംരക്ഷകരായി മാറുന്നത്?

എങ്ങിനെയാണ് ഇത്തരം നിസംഗതകള്‍ ഒരു രാഷ്ട്രീയ കാലാവസ്ഥയുടെ അടയാളമായി മാറുന്നത്? ഊഹാപോഹങ്ങളുടെ പുകമറയിലൂടെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ മുന്‍പോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രം എന്താണ്? ചരിത്രത്തിലെ കേട്ട് മറക്കാന്‍ സാധിക്കാത്ത ചില അധ്യായങ്ങള്‍ അത് നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് എന്ത് കൊണ്ടാവും?

നജീബിന് എന്താണ് സംഭവിച്ചത്?

കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി പലതരം വിവരങ്ങളും വാര്‍ത്തകളും കഥകളും ആണ് ക്യാമ്പസ്സിന് അകത്തും പുറത്തുമായി പ്രചരിക്കുന്നത്. ഒന്നാം സെമസ്റ്റർ വിദ്യാര്‍ത്ഥിയായ നജീബിന് പുതിയ കൂട്ടുകാരെ സമ്പാദിക്കാനുള്ള നേരം ആയി വരുന്നേ ഉണ്ടായിരുന്നുള്ളു. ഏറ്റവും അടുത്ത കൂട്ടുകാരോട് ചോദിച്ചു കാര്യങ്ങള്‍ മനസിലാക്കാം എന്നുള്ള സാധ്യത അതില്ലാതാക്കുന്നു. ഹോസ്റ്റലില്‍ അവന്‍ എത്തിയിട്ട് പതിനഞ്ചു ദിവസം ആണ്   അവനെ കാണാതാവുന്നതോ തട്ടിക്കൊണ്ടു പോകുന്നതോ ആയ സംഭവം നടക്കുന്നത്.

ഒക്ടോബര്‍ പതിനാലിന് രാത്രി  മാഹി മാണ്ഡവി ഹോസ്റ്റലില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കു ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഹോസ്റ്റല്‍ അധികൃതരും ജെ എന്‍ യു സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും ദൃക്‌സാക്ഷികള്‍ ആണ് (അക്രമികള്‍ അവരെയും വെറുതെ വിട്ടിരുന്നില്ല). അവര്‍ പറയുന്നത് നജീബ് അതി ക്രൂരമാംവണ്ണം ദേഹോപദ്രവം ഏറ്റു വാങ്ങിയിട്ടുണ്ട്  എന്നാണ്. രാത്രി തന്നെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടിയും വന്നു. എന്നാല്‍ പോലീസിന്റെയോ യൂണിവേഴ്‌സിറ്റി അധികൃതരുടെയോ ഭാഷ്യത്തില്‍ ഇതൊക്കെയും മായ്ച്ചു കളയപ്പെടുന്നു എന്നത് കേവല യാദൃശ്ചികത അല്ല, കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളോടെയുള്ള ഇടപെടലുകള്‍ ആണ്.

നജീബിന്റെ ഉമ്മ ഫാത്തിമ ഉറപ്പിച്ചു പറയുന്നു, തന്റെ മകന്‍ എവിടെയും പോകില്ല, അവനെ തട്ടിക്കൊണ്ടു പോയതാണ് എന്ന്. അവനെ കാണാതാവുന്നതിനു അര മണിക്കൂര്‍ മുന്‍പ് ഉമ്മ അവനോടു ഫോണില്‍ സംസാരിച്ചിട്ടുണ്ട്, അവര്‍ അവന്‍ വിളിച്ചു വരുത്തിയത് പ്രകാരം, (അവന്‍ ആപത്തിലാണ് എന്ന് പറഞ്ഞത് കൊണ്ട്) മകന്റെ അടുത്തേക്ക് വരുന്ന വഴിയില്‍ ആയിരുന്നു. അര മണിക്കൂറിനുള്ളില്‍ തന്റെ അടുത്ത് എത്തുമായിരുന്ന ഉമ്മയെ കാത്ത് നില്‍ക്കാതെ നജീബ് എവിടേക്കാണ് അപ്രത്യക്ഷമായത്?

ആരാണ് നജീബിനെ ഉപദ്രവിച്ചത്? എന്തിനായിരുന്നു അത്?

ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പരിചിതമായ വിവരങ്ങള്‍ പ്രകാരം, ഒരു കൂട്ടം അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ് (എ ബി വി പി) പ്രവര്‍ത്തകര്‍ ആണ് നജീബിനെ തല്ലിയത്.  മെസ് സെക്രട്ടറി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  മുറിയില്‍ എത്തിയ എബിവിപി പ്രവര്‍ത്തകനോട്  നജീബ് മര്യാദയില്ലാതെ പെരുമാറി, കയ്യേറ്റം ചെയ്തു എന്ന കാരണം പറഞ്ഞാണ് തിരിച്ചു കൂട്ടമായി എത്തി  ക്രൂരമായി മര്‍ദ്ദിക്കുന്നതും കുളിമുറിയിൽ പൂട്ടിയിടുന്നതും. ഏതു തരം അക്രമത്തെയും ജനാധിപത്യ ബോധമുള്ളവര്‍ എതിര്‍ക്കേണ്ടതാണ്. എന്നാല്‍ എന്ത് കൊണ്ടാവും നജീബ് അങ്ങിനെ പെരുമാറിയിട്ടുണ്ടാവുക? പ്രശ്‌നങ്ങളുടെ തുടക്കം നജീബിന്റെ

where is Najeeb?
where is Najeeb?

പെരുമാറ്റത്തില്‍  നിന്നല്ല; മറിച്ചു  കഴിഞ്ഞ കുറച്ചു കാലമായി ക്യാമ്പസ്സിലും പ്രത്യേകിച്ച് മാഹി മാണ്ഡവി ഹോസ്റ്റലിലും എബിവിപി പ്രവര്‍ത്തകര്‍ നടത്തുന്ന വര്‍ഗീയ വിഷം കലര്‍ന്ന ഇടപെടലുകളില്‍ നിന്നുമാണു എന്നാണു നമുക്ക് മനസിലാവുക. രാജ്യത്തും ക്യാമ്പസുകളിലും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ദൈനം ദിനം എന്നോണം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ തുടര്‍ച്ച കൂടിയാണത്. ഹോസ്റ്റല്‍ മെസ്സിലെ മേശമേല്‍ മുസ്‌ലിങ്ങള്‍ എല്ലാം ഭീകരവാദികള്‍ ആണ് എന്നെഴുതി വച്ചിരിക്കുന്നു, പല ഹോസ്റ്റലുകളിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന രീതി മാറി മുസ്ലിം വിദ്യാര്‍ഥികള്‍ ചില തീന്‍ മേശകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് അലിഖിത നിയമം വരുന്നു. ദേശീയത ഒരു  ചോദ്യമാക്കി എബിവിപി ഉയര്‍ത്തുമ്പോള്‍ കാശ്മീരില്‍ നിന്നും മണിപ്പൂര്‍, മിസോറാം, അസ്സാം, മേഘാലയ, അരുണാചല്‍ പ്രദേശ്, നാഗാലാണ്ട്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതമല്ലാത്ത ഒരിടമായി ക്യാമ്പസ് അനുഭവപ്പെട്ടു തുടങ്ങിട്ടു കുറച്ചു നാളുകൾ ആയി.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചിന്തിക്കുന്ന വിദ്യാര്‍ഥികള്‍ ഒരു ഭരണകൂടത്തിന് തലവേദന ആയി മാറുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടൊന്നുമല്ല. സമീപകാലത്തു സമരങ്ങളാല്‍ ജ്വലിച്ചു നില്‍ക്കുന്ന കാമ്പസുകള്‍ ആണ് രാജ്യത്തെ ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയത്. സാമൂഹിക  നീതിയുടെ ചോദ്യം ഇന്ത്യയുടെ കാമ്പുസുകളില്‍ കൂടുതല്‍ ശക്തമായി ഉയരുമ്പോള്‍ അത് വിരല്‍ ചൂണ്ടുന്നത് ബ്രാഹ്മണിക്കല്‍ ജാതി ബോധത്തിന്റെ വേരുകളിലേക്കാണ്; ഹൈന്ദവ രാഷ്ട്രീയ പ്രത്യശാസ്ത്രത്തിനു നേര്‍ക്കാണ്. അതവരെ തെല്ലുന്നുമല്ല അസ്വസ്ഥമാക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദിയായ ഹ്യൂമന്‍ റിസോഴ്സ്സ് ഡെവലപ്‌മെന്റ്  മിനിസ്റ്ററെ മാറ്റേണ്ടുന്ന സ്ഥിതിവരെയുണ്ടായി.

ദേശീയത ഉയര്‍ത്തിപ്പിടിച്ചു  ഭരണകൂട ഭീകരതയെ ചോദ്യം ചെയ്ത വിദ്യാര്‍ഥികളെയും അതിലൂടെ പുരോഗമന ആശയങ്ങള്‍ക്ക് വേരോട്ടമുള്ള ഒരു സര്‍വ്വകലാശാലയെയും തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പരിഹാസ്യമായ പ്രതികരണം ആണു   പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചത്.  ആശയ സമരങ്ങളിലെ പുരോഗമന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഏകോപനത്തിനു അത് സഹായിക്കുകയും ചെയ്തു. ഇടതുപക്ഷ – ദളിത് ഏകോപനം പരിമിതമായ അര്‍ഥത്തില്‍ എങ്കിലും സാധ്യമാക്കിയ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ എബിവിപി യെ കാമ്പുസുകളില്‍ വീണ്ടും ദുര്‍ബലമാക്കി. രാഷ്ട്രീയ അധികാരത്തിന്റെ ഹുങ്ക് ഒരു വശത്തും മറു വശത്തു ദുര്‍ബലമാകുന്ന സാന്നിധ്യവും കൂടി അവരെ കുറച്ചൊന്നുമല്ല വിളറി പിടിപ്പിക്കുന്നത്. അക്രമ രാഷ്ട്രീയത്തിലേക്കും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളിലേക്കും ആണ് അത് അവരെ നയിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇര മാത്രമാണ് നജീബ്.

അനാസ്ഥയുടെ രാഷ്ട്രീയം:
പല തട്ടിലുള്ള അനാസ്ഥകള്‍ ആണ് ഈ കേസില്‍ നമ്മള്‍ കാണുന്നത്.

1 . ദില്ലി പോലീസ് ന്റെ മുഖം തിരിഞ്ഞ സമീപനം

നിരവധി കാണാതകൽ കേസുകള്‍ നമ്മുടെ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്; അവയിലൊക്കെ അന്വേഷണം പലപ്പോഴും കാണാത്തയാളുടെ വീട്ടുകാരുടെ സാമ്പത്തിക അവസ്ഥ പോലെയിരിക്കും. ഇതിപ്പോള്‍ കാണാതായതോ അതോ തട്ടി കൊണ്ട് പോയതോ എന്നറിയാത്ത ഈ കേസില്‍ (എഫ് ഐ ആര്‍ നമ്പര്‍ 5 23 / 1 6 ) വസന്തകുഞ്ച് പോലീസ്, ഒക്ടോബര്‍ 16- നു രജിസ്റ്റര്‍ ചെയ്തത് വിദ്യാര്‍ഥികളുടെ  കടുത്ത പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്. ജെ എന്‍ യു അധ്യാപക യൂണിയനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നു. കേസെടുത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ആകെ പതിച്ചിട്ടുള്ളത് ക്യാമ്പസ്സിനുള്ളില്‍ മാത്രമാണ്. മെട്രോ സ്‌റ്റേഷനുകളിലോ റെയില്‍വേ /ബസ് സ്‌റ്റേഷനുകളിലോ ഒരു പോസ്റ്റര്‍ പോലും വന്നിട്ടില്ല. എന്തിനു, തൊട്ടു പുറത്തുള്ള ജെ എന്‍ യു മതിലില്‍ പോലും ഇല്ല. എന്നാല്‍ പാതിയിലേറെയും കാട് ഉള്ള ഈ ക്യാമ്പസ്സില്‍ വിശാലമായ ഒരു തിരച്ചില്‍ നടത്താനും അവര്‍ ശ്രമിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിലവില്‍ വന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. കേസുമായി ബന്ധപ്പെട്ടു ഒരു ബുള്ളറ്റിന്‍ പോലും അല്ലെങ്കില്‍ ഒരു പ്രാഥമിക വെളിപ്പെടുത്തല്‍ പോലും ഇതുവരെ ഉണ്ടായിട്ടില്ല. കാണാതായത് രാജ്യത്തിന്റെ തലസ്ഥാനത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു വിദ്യാര്‍ത്ഥിയാണ്. അവന്റെ പേര് നജീബ് ആണ് എന്നത് കൊണ്ടാണോ അര്‍ഹിക്കുന്ന ഗൗരവം കേസിനു കൊടുക്കാതിരിക്കുന്നത്? അവനെ കണ്ടെത്തിയാല്‍ നിയമത്തിന്റെ പിടിയില്‍ ആകാൻ പോകുന്നത് ഭരണ കക്ഷിയുടെ പ്രിയങ്കരര്‍ ആവും എന്നതിലാണോ ഈ അനാസ്ഥ? ആലോചിക്കേണ്ടതുണ്ട്.

2 ജെ എന്‍ യു അധികൃതരുടെ പക്ഷപാതപരമായ നിലപാട്

പ്രോക്‌ടോറിയല്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വൈകിക്കുന്നതു മുതല്‍ ചര്‍ച്ചകളില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹി അല്ലാത്ത എബിവിപി നേതാവിനെ  വിളിച്ചിരുത്തി അഭിപ്രായം  ആരായുന്നത് വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. സര്‍വ്വകലാശാല ആദ്യം ഇറക്കിയ പത്രക്കുറിപ്പില്‍ നജീബിനെ ‘കുറ്റവാളി’ എന്നാണ് വിളിച്ചിരുന്നത്. ഒക്ടോബർ 14-നു ഹോസ്റ്റലില്‍ നടന്ന അക്രമത്തിനു നേതൃത്വം കൊടുത്ത പത്ത് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നേവരെ ഒരു നടപടിയും എടുത്തിട്ടില്ല. എബിവിപി – ജെ എന്‍ യു അധികൃത ബന്ധം തുറന്നു കാട്ടേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഊന്നി പറയുന്നു. ജെ എന്‍ യു അധികൃതരിൽ നിന്നും ഇന്നേ വരെ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു ഒരു പരാതിയും പോലീസില്‍ പോയിട്ടില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഉറപ്പു വരുത്തേണ്ട പ്രാഥമിക സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ യൂണിവേഴ്‌സിറ്റി പൂര്‍ണമായും പരാജയപ്പെട്ടു. നിയമത്തിനു മുന്‍പില്‍, വിദ്യാര്‍ത്ഥി സമൂഹത്തിനു മുന്‍പില്‍ അവര്‍ക്കു അതിനു ഉത്തരം നല്‍കേണ്ടി വരും.

ശക്തമാക്കേണ്ടുന്ന സമരമുഖങ്ങള്‍
ഇതൊരു വിദ്യാര്‍ത്ഥിയെ കാണാതായ വിഷയം അല്ല, ഭൂരിപക്ഷ വര്‍ഗീയത ഫാസിസത്തിന്റെ രൂപം ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിച്ച് ശക്തി പ്രാപിക്കുമ്പോള്‍, അതിനെതിരെയുള്ള പല ചെറുത്തു നില്‍പ്പുകളില്‍ ഒന്ന് മാത്രം ആണ്. ക്യാമ്പസ്സിനകത്തു വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. അന്തരീക്ഷത്തില്‍ ഭീതി പടരുന്നുണ്ട്. അതിനിടയിലാണ് ബ്രഹ്മപുത്ര ഹോസ്റ്റലില്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലെ പി എച് ഡി വിദ്യാര്‍ത്ഥി ഫിലിമോന്‍ ചിരുവിന്റെ അഴുകി തുടങ്ങിയ ശരീരം കണ്ടെടുക്കുന്നതും. നാളെ എന്ത് വാര്‍ത്തയാണ് തങ്ങളെ കാത്ത് നില്‍ക്കുന്നത് എന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.najeeb4

ഏങ്ങലടികളോടെ നജീബിന്റെ ഉമ്മയും ഉണങ്ങാത്ത കണ്ണീരോടെ നജീബിന്റെ സഹോദരിയും എല്ലാ സമരങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ട്. നജീബിന്റെ സഹോദരിയുടെ പ്രസംഗത്തില്‍ അവര്‍ ഓരോ തവണയും വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കും “അങ്ങേയറ്റം സൂക്ഷ്മതയോടെ നിങ്ങള്‍ ഇടപെടണം. നിങ്ങള്‍ പറയുന്ന വാചകത്തില്‍ നിന്നും വാക്കുകള്‍ അടര്‍ത്തിയെടുത്തു നിങ്ങള്‍ക്കെതിരായ ആയുധങ്ങളാക്കി മാറ്റാന്‍  കെല്‍പ്പുള്ള മാധ്യമങ്ങളും സര്‍ക്കാരും ആണ് പുറത്തുള്ളത്. ഓരോ വാക്കും ഓരോ ചുവടും ശ്രദ്ധിച്ചു മുന്നോട്ടു പോവുക”. ഇന്നേവരെ രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമല്ലാത്ത സാധാരണ മനുഷ്യര്‍ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ സംസാരിക്കുന്ന കാലം കൂടിയാണിത്.

ഫാത്തിമഉമ്മയുടെ ഏങ്ങലടികള്‍ ചരിത്രത്തിലെ കറുത്ത ഏടുകളില്‍  ഇതിനു മുന്‍പേ മക്കള്‍ നഷ്ടപെട്ട അച്ഛനമ്മമാരെ ഓര്‍മ്മിപ്പിക്കും. ഞരമ്പുകളില്‍ പേടി പടരുന്ന നാളുകളിലേക്കാണോ നാം തിരിച്ചു നടക്കുന്നത് എന്ന് അത് നമ്മോടു ചോദിക്കും. അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിതമാണ് അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥകള്‍. രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ ഭരണകൂടം വേട്ടയാടുന്നതിനേക്കാള്‍ എത്രയോ ഭീതിജനകമാണ് നിങ്ങളുടെ മതത്തിന്റെ, ജാതിയുടെ പേരില്‍ വേട്ടയാടുന്നത്. ഭൂരിപക്ഷമതം ദേശീയതയുടേയും അതിര്‍ത്തിയുടേയും ഭക്ഷണത്തിന്റെയും പേരില്‍ സൃഷ്ടിക്കുന്ന ഭീകരവാദങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടവും അതിന്റെ ഉപകരണമായ പോലീസും സര്‍വ്വകലാശാല അധികൃതരുമെല്ലാം ഒരുമിക്കുന്നത് കൂടുതല്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്.bhopal-encounter3

മധ്യപ്രദേശില്‍ വര്‍ഷങ്ങളോളും വിചാരണത്തടവില്‍ ഇട്ടിരുന്ന എട്ടുപേരെ, അവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യങ്ങളൊരുങ്ങിയ സമയത്ത്, ജയില്‍ ചാടിയെന്ന് പറഞ്ഞ് വെടിവെച്ച് കൊന്നത് മാധ്യങ്ങള്‍ക്കും രാജ്യത്തിനും മുന്നിലേയ്ക്ക് സ്വാഭാവികമായ ഒരുകാര്യമായി അവതരിപ്പിക്കുന്ന ഭരണകൂടത്തിനോടാണ് നാം നജീബിനെ അന്വേഷിച്ച് കണ്ടെത്തണം എന്ന് അഭ്യര്‍ത്ഥിക്കേണ്ടത്. ജീവിക്കാന്‍ വേണ്ടി പൊരുതേണ്ടി വരുന്ന ഒരു ജനതയാണ് നമ്മള്‍. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നൊരു വഴി മാത്രമേ മുന്നിലുള്ളൂ. ഇതൊരു സര്‍വ്വകലാശാലയ്ക്ക് അകത്തെ പ്രശ്‌നമായി മാത്രം മാറ്റാതെ, രാജ്യത്തെ, മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ ഈ വിഷയം ഏറ്റെടുക്കുകയും ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ ഐക്യങ്ങള്‍ കണ്ടെത്തുകയും ചെയ്യണം, ഒട്ടും വൈകിക്കാതെ.

Comments

comments