യൂറോ കേന്ദ്രിതവും സവർണ-ബ്രാഹ്മണാധീശത്വപരവും ആണധികാരത്തെ ഉറപ്പിക്കുന്നതുമായ സൗന്ദര്യസങ്കൽപമാണ് ഇന്ത്യൻ ചലച്ചിത്രനായകത്വം എന്ന നിർമിതകൽപനയെ നിർണയിക്കുന്നത്. ഷമ്മികപൂറും ഋഷി കപൂറുമടക്കമുള്ള ചോക്കളേറ്റ് നായകന്മാരിൽ നിന്ന് പരിണമിച്ച് രോഷാകുലനായ യുവനായകന്റെ റിബലിസം പ്രകാശിപ്പിക്കാനും അമിതാബ് ബച്ചനെപ്പോലുള്ള സവർണശരീരമാണ് ഹിന്ദി സിനിമ പ്രയോജനപ്പെടുത്തിയത്. കറുപ്പ് തൊലി നിറം, പൊക്കക്കുറവ്, മിനുസമില്ലാത്ത മുഖം, പരുക്കൻ ശബ്ദചംക്രമണം, എന്നിവയെല്ലാം സാംസ്‌ക്കാരിക അപരപൗരത്വത്തിന്റെ ലക്ഷണങ്ങളായി പരിഗണിക്കപ്പെട്ടു. ഈ ലക്ഷണങ്ങളിൽ പലതും പ്രകടമായി പ്രത്യക്ഷമാക്കിക്കൊണ്ടുള്ള ശരീരപ്രകൃതവും ഭാഷയുമാണ് ഓംപുരി എന്ന അഭിനേതാവിനെ, വ്യത്യസ്തവും പരീക്ഷണാത്മകവും കൂടുതൽ നിത്യജീവിത സങ്കൽപങ്ങളോട് കൂറു പുലർത്തുന്നതുമായ സിനിമയുടെ മുഖമുദ്രയാക്കി മാറ്റിയത്.
വിനോദിപ്പിക്കുക, രസിപ്പിക്കുക, പ്രീണനപ്പെടുത്തുക, കാമോത്തേജിതരാക്കുക, പ്രതികാരപ്രതീതിയിലേക്ക് സമഭാവപ്പെടുത്തുക എന്നിങ്ങനെയുള്ള സ്ഥിരധർമങ്ങളാൽ വർണധാടിയോടെയും ശബളിമയാർന്നും വിരാജിച്ചു പോരുന്ന മുഖ്യധാരാ സിനിമയുടെ വാണിജ്യ/വ്യവസായ കുതന്ത്രങ്ങളുടെ മറുപുറമെന്നോണം, എഴുപതുകളിൽ സജീവമായ സൗന്ദര്യ-പരീക്ഷണാത്മകമായ നവസിനിമയെ ആർട് സിനിമ എന്ന് നാം സൗകര്യപൂർവം വിളിച്ചു പോന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകാഭിനയവും പൂനെ എഫ് ടി ഐ ഐയിൽ നിന്ന് ചലച്ചിത്രാഭിനയവും അഭ്യസിച്ച ഓംപുരി എന്ന നടൻ; സ്മിതാപാട്ടീൽ, നസീറുദ്ദീൻ ഷാ, ശബ്‌നാ ആസ്മി എന്നിവരോടൊപ്പം ഈ സിനിമയുടെ മുഖലക്ഷണമായി പ്രകടനപ്പെടുകയായിരുന്നു. ഇവർ നാലു പേരും അല്ലെങ്കിൽ അതിൽ ഒരാളോ അതിലധികമോ ഉണ്ടെങ്കിൽ ആ സിനിമ നല്ലതായിരിക്കും എന്ന ചേരുവാപരമായ ഒരു പരിഗണന പോലും അക്കാലത്ത് അലിഖിതമായി നിലവിൽ വന്നു. ശരീര ഭാഷയുടെ വ്യതിരിക്തത മാത്രമല്ല, ധൈര്യവും ആത്മാർത്ഥതയും മുറ്റിനിൽക്കുന്ന അഭിനയം കൊണ്ട് നവ്യോർജം പകർന്നു നൽകിയാണ് ആധുനിക സിനിമയെ ഓംപുരി പിന്തുണച്ചത്.
വിജയ് ടെണ്ടുൽക്കറുടെ പ്രശസ്ത മറാഠി നാടകം, ഖാശിറാം കോട് വാളി(1976)നെ അവലംബിച്ചുള്ളതും മണികൗളും കെ ഹരിഹരനും ചേർന്ന് സംവിധാനം ചെയ്തതുമായ സിനിമയിലൂടെയാണ് ഓംപുരി ശ്രദ്ധിക്കപ്പെട്ടത്. ഗോവിന്ദ് നിഹലാനിയുടെ ആക്രോശി(1980)ലെ ലഹന്യ ബിക്കു എന്ന ദളിത് കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ദളിതരുടെയും മുസ്ലിങ്ങളുടെയും ഗ്രാമീണരുടെയും വേഷങ്ങളാണ് അധികവും ഓംപുരി അഭിനയിച്ചത്. ബഹിഷ്‌കൃതരും അവഗണിക്കപ്പെട്ടവരും അപരന്മാരുമായവരുടെ നിത്യപ്രതിനിധാനമായിരുന്നു അദ്ദേഹം. ഏറെ സാധാരണമായ കുടുംബ ചുറ്റുപാടിൽ ജനിച്ചു വളർന്ന, വസൂരിക്കലയും പരുക്കൻ ശബ്ദവും പ്രകടനമായുള്ള ഓംപുരിയെപ്പോലുള്ള ഒരഭിനേതാവിന് കഠിനാദ്ധ്വാനവും ക്ഷമയും ലക്ഷ്യബോധവും മാത്രമാണ് തുണയായത്. ആരും ഗോഡ്ഫാദർമാരായുണ്ടായിരുന്നില്ല. ഹരിയാനയിലെ അംബാലയിൽ, ആർമി ഓഫീസറുടെ ഏഴാമത്തെ മകനായാണ് ഓം പുരി ജനിച്ചത്. മൂന്നു സഹോദരങ്ങൾ ചെറുപ്പത്തിൽ തന്നെ നഷ്ടമായി. കോളേജിൽ പഠിക്കുമ്പോൾ പഞ്ചാബ് കലാമഞ്ചിൽ ചേർന്ന് നാടകാഭിനയമാരംഭിച്ചു. സാമൂഹ്യ നാടകങ്ങളിലക്കാലത്തഭിനയിക്കുമ്പോൾ, എന്റെ ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങൾക്ക് ദൃശ്യ/ശബ്ദ ഭാഷ്യം കൊടുക്കുന്നതായി തനിക്ക് അനുഭവപ്പെട്ടു എന്നദ്ദേഹം അനുസ്മരിക്കുന്നുണ്ട്. അതുകൊണ്ടാണ് തന്റെ കലാധർമം സാമൂഹ്യമായ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിക്കുന്നതിനെതിരെയുള്ള ഒരു സൂക്ഷ്മത അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചു പോന്നത്. സാമൂഹ്യമായ കാഴ്ചപ്പാട് പുലർത്തുന്ന ഏതു സിനിമയുമായും സഹകരിക്കാൻ അദ്ദേഹം താൽപര്യം പുലർത്തിപ്പോന്നു. പിൽക്കാലത്ത് കുറെ കച്ചവട സിനിമകളിലും അദ്ദേഹത്തിന് അഭിനയിക്കേണ്ടിവന്നു. നിത്യജീവിതം എന്ന ധർമസങ്കടവുമായി പൊരുത്തപ്പെടാൻ മറ്റു നിർവാഹമില്ലായിരുന്നു.
ആരോഹണി(1983)ലെ പീഡിപ്പിക്കപ്പെട്ട കൃഷിക്കാരന്റെ വേഷത്തിന് അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഗോവിന്ദ് നിഹലാനി തന്നെ സംവിധാനം ചെയ്ത അർദ്ധ് സത്യയിൽ, അഴിമതി നിറഞ്ഞ ഇന്ത്യൻ ഭരണവ്യവസ്ഥയോട് കലഹിക്കുന്ന പൊലീസുകാരനായാണ് ഓം പുരി അഭിനയിച്ചത്. ആ വേഷത്തിനും അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാർലോവി വാരി ഫെസ്റ്റിവലിലും അർദ്ധ് സത്യയിലെ അഭിനയത്തിന്റെ മികവിൽ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചു. ഹിന്ദി സിനിമക്കു പുറമെ മലയാളമടക്കമുള്ള പ്രാദേശികഭാഷാ സിനിമകളിലും ഹോളിവുഡ് സിനിമയിലും ബ്രിട്ടീഷ് സിനിമയിലും സാന്നിദ്ധ്യം അറിയിച്ചു. കേതൻ മേത്തയുടെ ഭവാനി ഭവായ്, മിർച്ച് മസാല എന്നീ സിനിമകളിലെ ഓം പുരിയുടെ പ്രകടനം അവിസ്മരണീയയമാണ്. മിർച്ച് മസാലയിലെ അബുമിയാൻ എന്ന വൃദ്ധമുസ്ലിം കാവൽക്കാരന്റെ കഥാപാത്രത്തിന് ശാശ്വതത്വം നൽകിയത് എല്ലാക്കാലത്തും ഓർമ്മിക്കാവുന്നതാണ്.
ഇടക്കാലത്ത്, ഹിന്ദുത്വവാദികൾക്കനുകൂലമെന്ന് കരുതാവുന്ന ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട ഓംപുരി അടുത്തകാലത്തായി ടെക്‌നോ മിലിറ്ററി കാപ്പിറ്റലിസത്തിന്റെ നോട്ടപ്പുള്ളിയായി മാറി. സൈനിക ആപ്പീസറുടെ മകനായ ഓംപുരി, അതിർത്തി സംരക്ഷണമെന്നത് സൈനികരുടെ ജോലിയാണെന്നും അതിനെ അമിതമായി മഹത്വവത്ക്കരിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടതിന്റെ ഭാഗമായി ക്രൂര വിചാരണക്ക് വിധേയനായി. പിന്നീട് മാപ്പു പറഞ്ഞാണ് രക്ഷപ്പെട്ടത്. പാക്കിസ്ഥാനി സിനിമയിൽ അഭിനയിച്ചിട്ടുള്ള ഓംപുരി, പാക്കിസ്ഥാനെതിരായ അമിതരാജ്യസ്‌നേഹപരമായ ഭ്രാന്തിനെയും തള്ളിപ്പറയുകയുണ്ടായി. സിനിമയെന്നത് ചോക്കളേറ്റ് നുണയലും പോപ്‌കോൺ തിന്നലും മാത്രമല്ലെന്ന് നിരന്തരം ഓർമ്മപ്പെടുത്തുകയും അതിനെ കല്ലും മുള്ളും നിറഞ്ഞ ജീവിതത്തിനോട് അടുപ്പിക്കുകയും ചെയ്തതിൽ ഓംപുരിയുടെ പങ്ക് മറക്കാൻ ആവുന്നതല്ല.
Be the first to write a comment.