ചിത്രം : ജല്‍സാഘര്‍ (1959)
സംവിധായകന്‍ : സത്യജിത് റായ്
രുവശത്തും വലിയ വിശറികള്‍ വീശി സദസ്സിനു കാറ്റ് നല്‍കുന്ന പരിചാരകര്‍. ചാഞ്ഞും ചെരിഞ്ഞും ഇരിയ്ക്കുന്ന മെഹ്ഫില്‍ സദസ്സ്.ഗായിക പാടിത്തുടങ്ങുന്നു.
ഭര്‍ഭര്‍ ആയീ മോരീ ആഖിയാം ” …
മുള്ളുകൊണ്ടു കോറിയ ഹൃദയം പാടുന്ന പോലെ ഒരു തുമ്രി. ആദ്യ ആലാപില്‍ തന്നെ നോവിന്റെ നീര്‍ക്കാക്കകള്‍ പിടഞ്ഞു പറക്കുന്ന പീലു.
ആദ്യത്തെ ബീഗം അക്തര്‍ അനുഭവം അതാണ്‌. ഓരോ ആവൃത്തിയിലും ഒരു കുമ്പിള്‍ സങ്കടവുമായി ഇതള്‍വിരിയുന്ന ആ ഗാനം അവസാനിച്ചതോടെ സിനിമ തന്നെ മനസ്സില്‍ നിന്നു മാഞ്ഞു. സത്യജിത്ത് റേയെ ഓര്‍ക്കുമ്പോള്‍ ഇന്ന് ജല്‍സാഘര്‍ എന്ന സിനിമ ഓര്‍മ്മയിലില്ല. പക്ഷെ  അക്തരീ സാഹിബയുടെ സാന്ദ്രനാദം പിന്നെ എന്നേയ്ക്കുമായി കൂടെപ്പോന്നു. ‘ഗസലുകളുടെ രാജ്ഞി‘ യിലേയ്ക്കുള്ള പ്രവേശികയായിരുന്നു അത്. മഹാസങ്കടങ്ങളുടെ ഗസല്‍ ഭൂപടം ചുരുള്‍നിവരാന്‍ പോവുന്നതെ ഉണ്ടായിരുന്നുള്ളൂ.

 

നേരറിഞ്ഞാല്‍ നീ നീറി മരിക്കും.
സലിന്‍റെ  പൊതുവേയുള്ള ദുഃഖഭാവത്തിന് സ്വപ്നങ്ങളോടാണ് ചാര്‍ച്ച. എവിടെയോ നാം മറന്നുവച്ച സ്വപ്നങ്ങളെ മികച്ച ഗസലുകള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. കിനാവുകളുടെ ഫോസിലുകളില്‍ നിന്ന് നാം നമ്മെയന്വേഷിച്ചു യാത്ര പുറപ്പെടും. പ്രണയത്തിന്റെ ഛായാപടം അസ്സലുലകത്തെ വന്നു മൂടിക്കളയും. നിറംപോയ ദിനസരികളുടെ തനിയാവര്‍ത്തനങ്ങളില്‍ നിന്ന്, കലണ്ടര്‍ ജീവിതത്തിലെ മുള്ളു പാകിയ വഴിത്താരയില്‍ നിന്ന് അഭിലാഷങ്ങളുടെ അജ്ഞാതപാന്‍ജിയയിലേക്ക് നാടുകടത്തപ്പെടും. നമ്മുടെ ലോകമല്ലത്, നമുക്കുള്ളിലെ പരലോകമാണ്‌. പ്രണയിനിയുടെ  ലജ്ജാവിവശമായ കണ്ണുകളെപ്പറ്റി, അവള്‍ക്കായി മാത്രം പാടാന്‍ കൊതിച്ച ഗാനങ്ങളെപ്പറ്റി മെഹ്ദി ഹസന്‍ “പ്യാര്‍ ഭരെ ദോ ശര്‍മീലെ നയ്ന്‍, ജിനസേ മിലാ മേരെ ദില്‍കോ ചെയ്ന്‍ ” എന്നു പാടുമ്പോള്‍ ഒരുനാളും പാടാതെ പോയ പാട്ടിന്‍റെ തിരകള്‍ വന്ന് സ്വപ്നത്തിന്റെ തീരങ്ങളില്‍ ആര്‍ത്തലയ്ക്കും. അതെ , സ്വപ്നജാഗരണത്തിന്റെ ഗേയശില്‍പ്പമാണ് ഗസല്‍.

 

എന്നാല്‍ അക്തരീ സാഹിബയുടെ ഗസലുകള്‍ കേള്‍ക്കുക. വിദൂരങ്ങളില്‍ നിന്ന് ഏകശ്രുതിയില്‍ കേള്‍ക്കുന്ന ജലപാതം പോലെ ശോകസാന്ദ്രമാകുന്ന അക്തരീനാദം അടുത്തു വരുന്തോറും മനുഷ്യസങ്കടങ്ങളുടെ കലുഷക്കടലായി പരിണമിക്കുന്നത് അനുഭവിക്കുക. ഗസലെന്ന ഗേയരൂപത്തിന്റെ സ്ഥായീഭാവമായ ശോകസാന്ദ്രത ഏതു തീവ്രപ്രണയത്തിന്റെ തുമ്രികളിലും ബീഗത്തിന് ഇടമുറിയാതെ പ്രവഹിക്കുന്നു.Begum-Akhtar-Actress-from-kolkata ശ്ലഥജീവിതത്തില്‍ നിന്ന് ഒരു പാനപാത്രവുമായി സ്വപ്നങ്ങളുടെ ദൂരസാഗരയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഒപ്പം കൂട്ടാനൊരു ഗസല്‍ തേടുന്നവരേ, ബീഗം അക്തര്‍ നിങ്ങള്‍ക്കുള്ളതല്ല. അതിതീവ്രമായ അനുഭവങ്ങളുടെ പൊള്ളലേറ്റ ശാരീരമാണിത് എന്ന് ഓരോ സംഗതിയിലും സാഹിബ നിങ്ങളോടു വിളിച്ചു പറയും . ഖേദകാലുഷ്യങ്ങളുടെ പിരിമുറുകിയ ജീവിതത്തിലേയ്ക്ക് വീണ്ടും വീണ്ടും ആ മൂര്‍ച്ചയുള്ള ശബ്ദം നിങ്ങളെ ഇറക്കി നിര്‍ത്തി വിചാരണ ചെയ്യും. സങ്കടങ്ങളുടെ പെരുങ്കടല്‍ മുഴുവന്‍ മുന്നില്‍ ചുരുള്‍ നിവര്‍ന്നു തെളിയും. വേദനകളും രോഗപീഡകളും തിരസ്കാരങ്ങളും നിറഞ്ഞ നേരുലകത്തിന്റെ നിശിഥമായ ചൂഴ്നിലയില്‍ അക്തരീ സാഹിബ നമ്മെ കൊണ്ടുവന്നു നിര്‍ത്തും. നാം സമഗ്രവും സൂക്ഷ്മവുമായി ജീവിതപ്പെട്ടുപോവുന്ന ഗസലനുഭവമാണ് ബീഗം അക്തര്‍.


അക്തരീ സാഹിബയുടെ ഗസലുകളിലൂടെ സഞ്ചരിച്ചവരെല്ലാം പങ്കുവയ്ക്കുന്ന പൊതുവികാരമാണ് നേരനുഭവങ്ങളുടെ മുറിവേറ്റ ഈ ദുഃഖസൗന്ദര്യം. ശാസ്ത്രീയസംഗീതത്തിന്റെ ബലിഷ്ഠമായ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട ആ സംഗീതബോധം ഇത്രമേല്‍ ആഴമേറിയ ദുഃഖാനുഭവങ്ങളുടെ സൂചീഭാവശില്‍പ്പമായി ഉരുവപ്പെടാനുള്ള കാരണമെന്താണ് ? ഏതനുഭവങ്ങളുടെ ഉലയുരുക്കത്തില്‍ നിന്നാണ് ബീഗം അക്തര്‍ രൂപമാര്‍ന്നത്‌ ? ബീഗത്തിന്റെ ശിഷ്യയായ റീത്താ ഗാംഗുലി രചിച്ച ജീവചരിത്രം ആ കനലൊടുങ്ങാത്ത തീച്ചൂളയുടെ ജീവിതം നമുക്കു തുറന്നു തരുന്നു.

ദുരന്തസ്നാപ്പുകള്‍ കൊണ്ടൊരു ജന്മത്തിന്റെ ആല്‍ബം:
പ്രശസ്ത കവി കൈഫി ആസ്മി ഒരിക്കല്‍ പറഞ്ഞു ” ബീഗത്തിന്റെ ജീവിതം അനുസ്യൂതമായ വേദനകളുടെ പ്രാര്‍ത്ഥനയാണ്. കാരണം കണ്ണീരാണ് ബീഗത്തിനൊപ്പമുള്ള മറ്റൊരനുസ്യൂതപ്രവാഹം ” ദുരന്തങ്ങളുടെ തോരാപ്പെയ്ത്തില്‍ നിലനിന്ന് മരണം വരെ പാടിയ ബീഗത്തിന്റെ ജീവിതം ഒരു ദുരന്തനാടകമെന്നോണം വിസ്മയാവഹമാണ്.
ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ അസ്ഹര്‍ ഹുസൈന്‍ എന്ന അഭിഭാഷകന് രണ്ടാം ഭാര്യയായ മുഷ്തരിയില്‍ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളായിരുന്നു അക്തരീബായ് ഫൈസാബാദി എന്ന നാമിന്നറിയുന്ന ബീഗം അക്തര്‍.
തീവ്രമായ പുരുഷാധിപത്യം നിലനിന്ന ഉത്തരേന്ത്യന്‍ സമൂഹത്തില്‍ ഭാര്യയെ ഉപേക്ഷിച്ചു പോവുന്നതൊന്നും അന്നൊരു സംഭവമേയല്ല. അസ്ഹര്‍ ഹുസൈന്‍ മുഷ്തരിയെ ഉപേക്ഷിച്ചു പോവുമ്പോള്‍ ‘ ബിബ്ബി ‘ എന്ന ഓമനപ്പേരുള്ള ബീഗം അക്തറിനും ഇരട്ട സഹോദരി സൊഹറയ്ക്കും പ്രായം നാല് വയസ്സ്. ജീവിക്കാന്‍ വഴിയില്ലാതെ ഒറ്റപ്പെട്ടുപോയ മുഷ്തരി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. വിഷം പുരട്ടിയ മിഠായി കുഞ്ഞുങ്ങള്‍ക്ക് നല്‍കി നടത്തിയ കൂട്ടആത്മഹത്യാശ്രമം പക്ഷെ പാളിപ്പോയി. മുഷ്തരിയും ബിബ്ബിയും ജീവനോടെ രക്ഷപ്പെട്ടു. സഹോദരി സൊഹറയെ മരണം കവര്‍ന്നെടുത്തു. ബീഗം അക്തറിന്റെ ഏകാന്തജീവിതവ്യഥകള്‍ അവിടെത്തുടങ്ങുന്നു. തന്റെ കൊച്ചു സഹോദരിയെപ്പറ്റിയുള്ള അവ്യക്ത സ്മരണകള്‍ ബീഗം പലതവണ പിന്നീട് പങ്കുവച്ചിട്ടുണ്ട്.
അക്തരിയുടെ ചെറുപ്പത്തില്‍ ഫൈസാബാദില്‍ എത്തിച്ചേര്‍ന്ന ഒരു സഞ്ചരിക്കുന്ന നാടകക്കമ്പനിയിലെ ഗായികയുടെ പാട്ടുകള്‍ ആരാധനയോടെ നോക്കി നിന്ന ബിബ്ബി എന്ന കൊച്ചുപെണ്‍കിടാവിനെപ്പറ്റി ബീഗം പറഞ്ഞിട്ടുണ്ട്.അവരെപ്പോലെ പാടാനാവുക എന്നതായിരുന്നു ബിബ്ബിയുടെ മോഹം. ചെറിയ പ്രായത്തിലെ മനോഹരമായി പാടുന്ന മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മ ലക്നൌവിലെ മുതിര്‍ന്ന ഉസ്താദിനു കീഴില്‍ മകളെ സംഗീത പഠനത്തിനു ചേര്‍ത്തു. എല്ലാവരെയും വിസ്മയിപ്പിക്കുന്ന വേഗത്തില്‍ ബിബ്ബിയുടെ പഠനം മുന്നേറി. എന്നാല്‍ ആദ്യത്തെ ലൈംഗിക പീഡനം ഗുരുനാഥനില്‍ നിന്നു തന്നെ ബീഗത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. അമ്മയെ വിവരമറിയിച്ചതോടെ അവിടുത്തെ പഠനം തീര്‍ന്നു. പിന്നീട് നിരവധി ഗുരുക്കന്മാര്‍. ഉസ്താദ് അത്താ അഹമ്മദ് ഖാന്‍, അബ്ദുള്‍ വഹീദ് ഖാന്‍, ഇംദാദ്  ഖാന്‍,എന്നിങ്ങനെ ശാസ്ത്രീയ സംഗീതാഭ്യസനത്തിന്റെ ഖനഗൌരവത്തിലൂടെ ബീഗം അക്തര്‍ കടന്നുപോയി.
തികച്ചും വ്യവസ്ഥാപിത ശാസ്ത്രീയസംഗീതത്തിന്റെ വക്താവായ ഉസ്താദ് അത്താമുഹമ്മദ്‌ ഖാനെപ്പോലെയുള്ള ഗുരുനാഥന്‍മാരിലൂടെ കടന്നു പോന്നതിനാലാണ് ബീഗം അക്തറിന്റെ മെഹഫിലുകളില്‍ കേട്ട തുമ്രികളിലും ദാദ്രകളിലും ശാസ്ത്രീയാടിത്തറയുള്ള ആലാപനവിശേഷം തിളങ്ങിനിന്നത് . ഗുരുവിന്റെ ആഗ്രഹത്തിനു വിരുദ്ധമായി ലളിതശാസ്ത്രീയഗാനങ്ങളിലാണ് അക്തരീ ബായ് ശിക്ഷണകാലത്തിലേ ശ്രദ്ധയൂന്നിയത്. പന്ത്രണ്ടാം വയസ്സില്‍ മെഗാഫോണ്‍ കമ്പനി പുറത്തിറക്കിയ ” വോ അസീരി ദാനേ ബലാഹും മേം ” എന്ന ഗസലിലൂടെ ആദ്യ ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌ അക്തരീബായിയുടേതായി പുറത്തിറങ്ങി. മൂന്നു വര്‍ഷം കൂടി കഴിഞ്ഞ് വെറും പതിനഞ്ചാം വയസ്സില്‍ ആദ്യ സംഗീതകച്ചേരിയും നടന്നു. 1938 – ഇല്‍ കല്‍ക്കത്തയില്‍ നടന്ന ഗസലാണ് അക്തരീബായ് എന്ന ഓമനത്തമുള്ള പെണ്‍കുട്ടിയുടെ ബീഗം അക്തറിലേയ്ക്കുള്ള വളര്‍ച്ചയുടെ പ്രാരംഭം.
സൗന്ദര്യാസ്വാദനനത്തിന്റെയും സംഗീതബോധത്തിന്റെയും സുവര്‍ണ്ണകാലമെന്ന് നിരൂപകര്‍ വ്യവഹരിക്കുന്ന അക്കാലത്തെ വടക്കേയിന്ത്യന്‍ സംഗീതപശ്ചാത്തലം എത്രമേല്‍ പുരുഷാധിപത്യപരവും ഹിംസാത്മകവുമായിരുന്നു എന്ന് അക്തരിയുടെ ജീവിതചിത്രം നമ്മോടു പറയുന്നു. കഷ്ടിച്ചു പന്ത്രണ്ടു വയസ്സുപ്പോളാണ് ബീഹാറിലെ ഒരു നാട്ടുരാജാവില്‍ നിന്ന് ബിബ്ബി ബലാത്സംഗത്തിനിരയാവുന്നതും ഗര്‍ഭിണിയാവുന്നതും. പതിമൂന്നാം വയസ്സില്‍ അവള്‍ പ്രസവിച്ചു. മകളെ സമൂഹം അവിവാഹിതയായ അമ്മയായി കാണുന്നത് സഹിക്കാനാവാത്ത മുഷ്തരിയെടുത്ത തീരുമാനം വിചിത്രമായിരുന്നു. ബിബ്ബി പ്രസവിച്ച കുഞ്ഞിനെ മുഷ്തരി സ്വന്തം മകളായി വളര്‍ത്തി. അങ്ങനെ, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ താന്‍ ജന്മം നല്‍കിയ കുഞ്ഞിനെ ജീവിതകാലം മുഴുവന്‍ സഹോദരിയായി കാണേണ്ടി വരിക എന്ന വിചിത്രദുര്യോഗവും അക്തരീബായിക്കുണ്ടായി. ഷമീമ എന്ന ആ കുട്ടി ബീഗം അക്തറിന്റെ മകളാണ് എന്ന് ബീഗത്തിന്റെ മരണം വരേ അധികമാരും അറിഞ്ഞിട്ടില്ല.
1944 – ലാണ് അതിസമ്പന്നനും വിദേശവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവനുമായ ബാരിസ്റ്റര്‍ ഇഷ്തിയാഖ് അഹമ്മദ് അബ്ബാസിയെ ബീഗം അക്തര്‍ വിവാഹം ചെയ്യുന്നത് . അപ്പോഴേക്കും ഗസല്‍ സംഗീതത്തിന്റെ ആകാശത്തില്‍ തിളങ്ങുന്ന ശുക്രനക്ഷത്രമായിത്തീര്‍ന്നിരുന്നു അക്തര്‍. പ്രണയാഭ്യര്‍ത്ഥനകളും പ്രലോഭനങ്ങളുമായി രാജാക്കന്മാരടക്കം ബീഗത്തിനു പിന്നാലെയുണ്ടായിരുന്നു. അന്നത്തെ ഇന്ത്യന്‍ സമൂഹത്തിലെ പുരോഗമനജീവിതത്തിന്റെ വക്താവും റൂമി കവിതകളുടെ കടുത്ത ആരാധകനുമൊക്കെയായിരുന്നു അബ്ബാസി എങ്കിലും സ്വന്തം കുടുംബകാര്യത്തില്‍ അദ്ദേഹം യാഥാസ്ഥിതികനായിരുന്നു. തന്റെ ഭാര്യ മെഹഫിലുകളിലോ റെക്കോര്‍ഡിംഗ്  സ്റ്റുഡിയോകളിലോ പാടിക്കൂടെന്നായിരുന്നു അബ്ബാസിയുടെ  നിലപാട്. സ്വന്തം ഭാര്യയുടെ സംഗീതം സ്വകാര്യ അഹങ്കാരവും അലങ്കാരവുമായി അബ്ബാസി കരുതി. നിരാശയോടെ ഏകാന്തതയിലേയ്ക്കും മൌനത്തിലെയ്ക്കും ഉള്‍വലിഞ്ഞു ബീഗം അക്തര്‍ പരാതികളില്ലാതെ ജീവിച്ചു. ഉസ്താദ് വഹീദ് ഖാന്റെ കീഴില്‍ അപ്പോഴും സംഗീതാഭ്യസനം തുടരാന്‍ മാത്രം അവര്‍ക്കായി.
അഞ്ചു വര്‍ഷത്തെ കടുത്ത ഏകാന്തതയും ആവിഷ്കരണ നൈരാശ്യവും ബീഗത്തിന്റെ മാനസികനില തന്നെ താളം തെറ്റിച്ചു. ബീഗത്തിനെ പോലെ വികാരജീവിയായൊരു കലാകാരിക്ക് അത്തരമൊരു ജീവിതാവസ്ഥ  ഭ്രാന്തിന്റെ വക്കിലെത്തിച്ചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. ഒടുവില്‍ ഡോക്ടര്‍മാരുടെ കര്‍ശനമായ ഉപദേശപ്രകാരം 1949- ഇല്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ തന്നെ ബീഗം സംഗീതത്തിലേക്ക് തിരിച്ചെത്തി. ലക്നൌ റേഡിയോ സ്റ്റേഷനില്‍  തിരിച്ചുവരവിനു ശേഷമുള്ള ആദ്യ റെക്കോര്‍ഡിംഗിന്  ശേഷം പൊട്ടിക്കരയുന്ന ബീഗം അക്തറിനെ വികാരനിര്‍ഭരമായി റീത്ത ഗാംഗുലി വിവരിക്കുന്നുണ്ട്.
ബീഗം അക്തറിന്റെ ഏറ്റവും മികച്ച ഗസലുകള്‍ പിറക്കുന്നത്‌ ഈ തിരിച്ചുവരവിനു ശേഷമാണ്. 1950 മുതല്‍ 1970 വരെയുള്ള കാലം ഗായിക എന്ന  നിലയില്‍ ബീഗത്തിന്‍റെ സുവര്‍ണ്ണകാലമായിരുന്നു. ഇന്ത്യന്‍ സിനിമ നിശ്ശബ്ദതയില്‍ നിന്നു ശബ്ദത്തിലേക്ക് പരിണമിച്ചു തുടങ്ങിയ കാലത്ത് പാട്ടുകാരികള്‍ അഭിനേത്രികള്‍ ആവുക സ്വാഭാവികമായിരുന്നു. വിവാഹത്തിനു മുന്‍പ് തന്നെ ബീഗം അക്തര്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു പാടിയിട്ടുണ്ട്. നസീബ് ക ചക്കര്‍, നളദമയന്തി, ജവാനി കി നഷാ, മുംതാസ് ബീഗം തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങളില്‍ ബീഗം അക്തറിന്റെ അഭിനയിച്ചുകൊണ്ടുള്ള ആലാപനം കാണാം.
മിര്‍സാ ഗാലിബ് മുതല്‍ കാഫി ആസ്മിയെപ്പോലുള്ള സമകാലികര്‍ വരെ നിരവധി കവികളുടെ മനോഹരമായ ഗസലുകള്‍ അക്തരീനാദത്തിലൂടെ പുറത്തു വന്നു. ഏതു പ്രണയാര്‍ദ്രഗീതകത്തിലും ജീവിതത്തിന്റെ കടുംനോവ്‌ ബീഗത്തിന്റെ ശബ്ദം ഉള്‍ച്ചേര്‍ത്തു. ‘രഹ്നെ ലഗാ ഹെ ദില്‍ മേം അന്ധേര …”,” അമേ യാദ് സതാനെ ലഗീ .. “, “ഇഷ്ക്  മുജ്ജെ ഓര്‍ കുച്ച് തൊ യാദ് നഹീ …” ഗസലുകളില്‍ നിന്ന്  ഗസലുകളിലേയ്ക്ക് പക രുകയായിരുന്നു അക്തരിയുടെ ശബ്ദം. അറുപതുകളിലെയും എഴുപതുകളിലെയും ഗസല്‍ കാമുക ലോകം അക്തരിയ്ക്ക് പിന്നാലെ നടന്നു. സരോജിനി നായിഡുിവിനെപ്പോലുള്ള പ്രശസ്തര്‍ക്ക്  ബീഗത്തിന്‍റെ ഗസലുകള്‍ ്രിആരാധകര്‍ ബീഗത്തെ ആദരപൂര്‍വ്വം ” മലിക എ ഗസല്‍ “(ഗസലുകളുടെ രാജ്ഞി)  എന്നുവിളിച്ചു.  വിവാഹശേഷമുള്ള അഞ്ചു വര്‍ഷം  ബീഗത്തിന് ഏകാന്തതയുടെ തടവറക്കാലം വിധിച്ച അബ്ബാസിയുടെ ജീവിത മദ്ധ്യാഹ്നം ഏതാണ്ട് സമാനമായ ഏകാന്തതയിലും തീവ്രദുഖത്തിലും കലാശിച്ചത്  ജീവിതത്തിന്റെ കാവ്യനീതിയാവം. മെഹഫിലുകളില്‍ നിന്ന് റെകോര്‍ഡിംഗ് സ്റ്റുഡിയോകളിലേയ്ക്കും തിരിച്ചും പറന്നു ജീവിച്ച ബീഗം ഭര്‍ത്താവിനെ തനിക്കൊപ്പം വരാനനുവാദിച്ചിരുന്നില്ല. തങ്ങള്‍ക്കു മക്കള്‍ ഇല്ലാതെ പോയതും അബ്ബാസിയുടെ നിത്യ ദുഖമായിരുന്നു. ഷമീമ എന്ന അക്തരീബായിയുടെ രക്തമാകട്ടെ സഹോദരിയെന്നോണം ആജന്മം മറ്റൊരു ജീവിതം നയിക്കുകയും ചെയ്തു.
ഏഴു ഗര്‍ഭച്ഛിദ്രങ്ങള്‍, പലവട്ടം ആത്മഹത്യാ ശ്രമങ്ങള്‍, നിരവധി ലൈംഗിക പീഡനാനുഭവങ്ങള്‍, ആവിഷ്കരണനിരോധനത്തിന്റെ കയ്പ്പുകള്‍ , അപവാദപ്രചരണങ്ങള്‍ എന്നിങ്ങനെ ജീവിതാമൊന്നാകെ ക്രൂരപരീക്ഷണങ്ങളിലൂടെ കടന്നുപോന്ന ബീഗം ലഹരി പദാര്‍ത്ഥങ്ങളുടെ നിത്യോപാസകയായിരുന്നു. ആകാശവാണി കെട്ടിടത്തിലെ നിരോധനം പോലും മാറ്റി വയ്ക്കേണ്ടി വരുന്ന തുടര്‍ച്ചയായ പുകവലി, നിത്യശീലമായിത്തീര്‍ന്ന  മദ്യം എന്നിങ്ങനെ കൊക്കേയ്ന്‍ വരെ ബീഗത്തിനൊപ്പമുണ്ടായിരുന്നു. വിസ്മയകരമായ കാര്യം ഈ അഡിക്ഷനുകള്‍ക്കൊന്നും  ആ ശബ്ദത്തിന്റെ ചേതോഹാരിയായ ഭാവസാന്ദ്രതയ്ക്ക് പോറലേല്‍പ്പിക്കാനായില്ല എന്നതാണ്. ” എല്ലാ അഡിക്ഷനുകള്‍ക്കും മീതെ എനിക്ക് സംഗീതത്തോട്‌ അഫെക്ഷനാണ് ” എന്ന് ബീഗം വ്യക്തമാക്കിയിരുന്നു.
പാട്ടുകാര്‍ കൊതിക്കുന്ന മരണമാണ് ബീഗത്തെ തേടിയെത്തിയത്. 1974 ഒക്ടോബര്‍ 30 ന്  അഹമ്മദാബാദില്‍ നടന്ന ഒരു കച്ചേരിക്കിടെ പക്കമേളക്കാരിലൊരാളുടെ മടിയിലേക്ക്‌ ചാഞ്ഞ് ബീഗം അക്തര്‍ അവസാനിച്ചു. വിസ്മയവും ദുരൂഹതയും പീഡാനുഭവങ്ങളും ക്രൂരതയും ഏകാന്തതയും കണ്ണീരും ചേര്‍ന്ന ബീഗം സാഹിബയുടെ അന്ത്യവും അങ്ങനെ നാടകീയമായി.
മരണാന്തര ബഹുമതിയായാണ് രാജ്യം പത്മഭൂഷന്‍ നല്‍കി ബീഗം അക്തറിനെ ആദരിച്ചത്. ജീവിതത്തെ കടുംനോവിന്റെ ഏക്‌താരയില്‍ പാടിത്തീര്‍ത്ത ബീഗത്തിന്റെ ജീവിതത്തിന് പുരസ്കാരങ്ങളുടെ ഔചിത്യാനൌചിത്യങ്ങള്‍ പ്രസക്തമേയല്ല.ഇന്ത്യാ -പാക് യുദ്ധത്തില്‍ അനാഥരാക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനു വേണ്ടിപ്പോലും പാടിയ ആ കണ്ഠം രാജ്യത്തിന്‍റെ ആചാരവെടിവെയ്പ്പുകളിലും അന്തിമോപചാരങ്ങളിലും പരിമിതപ്പെടുന്നില്ല .
ആകുലിളെ പാടിടും വീണയും അനുഭവനഷ്ടവും 

ക്തറിന്റെ ജീവിതവും സംഗീതവും നമുക്ക് വ്യവച്ഛേദിച്ചു വായിക്കാന്‍ കഴിയില്ല. അനുഭവങ്ങളുടെ സമഗ്രതയില്‍ നിന്നാണ് ആലാപനത്തിന്റെ സൗന്ദര്യദര്‍ശനം ബീഗം begumവ്യാവര്‍ത്തിപ്പിച്ചെടുത്തത്.സാഹിറിന്റെയോ, മൊറാദാബാദിയുടെയോ, കൈഫി ആസ്മിയുടെയോ മിര്‍സാ ഗാലിബിന്റെയോ കവിതയാവട്ടെ , അക്തരീ സാഹിബ പാടുമ്പോള്‍ അതിലൊരു ജീവിതം മുഴുവന്‍ ത്രസിച്ചു നിന്നു. ആ അനുഭവികതീവ്രതയാണ് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ബീഗത്തിനു പുതിയ ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഉപരിതലത്തെ താലോലിച്ചു ജീവിക്കുന്ന നമ്മുടെ ഭാവുകത്വത്തിന്റെ ക്യാന്‍വാസ് ബീഗത്തെ  ഏറ്റെടുക്കാന്‍ ഏറെ പ്രയാസപ്പെടെണ്ടി വരും.

 

അനുഭവങ്ങളില്ലാത്ത  സമൂഹമായി നാം അനുദിനം മാറിക്കൊണ്ടിരിക്കുന്നുണ്ട്. അനുഭവത്തിന്റെ നിശിതമായ അനുധ്യാനമില്ലാതാവുമ്പോള്‍ ജീവിതത്തിന് അനിവാര്യമായ മൌനം പോലും ഇല്ലാതാവുന്നു. അനുഭവം പങ്കു വയ്ക്കാന്‍ കഴിയാത്ത സമൂഹം അനുഭവമില്ലാത്ത സമൂഹം തന്നെയാണ്. അനുഭവരഹിതമായ ആലാപനങ്ങളില്‍ അഭിരമിക്കാന്‍ നമുക്കാവുന്നത് നമ്മുടെ അനുഭവരാഹിത്യത്തിന്റെ തന്നെ സാക്ഷ്യപത്രമാവുന്നു. സ്ലൊവേനിയന്‍ ദാര്‍ശനികനായ സ്ലാവോജ് സിസെക് അന്യത്വ (otherness) ത്തിന്റെ പ്രശ്നങ്ങളുമായി ‘അനുഭവനഷ്ട’ത്തെ ബന്ധിപ്പിക്കുന്നുണ്ട്. ബഹുസാംസ്കാരികതയുടെ (multi -culturalism ) വ്യവഹാരം സൂക്ഷ്മതലത്തില്‍ അന്യങ്ങളെ അകറ്റി നിര്‍ത്തുന്ന, ആഗോളീയതയെ ന്യായീകരിക്കുന്ന പ്രത്യയശാസ്ത്രമാണ്. അമേരിക്കയിലും മറ്റും കാണപ്പെടുന്ന ‘cutter’ എന്ന പ്രതിഭാസത്തെ സിസെക് വിശദമാക്കുന്നുണ്ട്‌. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങള്‍ എന്ന് ആദ്യമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും ബ്ലേഡ് ഉപയോഗിച്ചു സ്വശരീരം കീറിമുറിക്കുന്ന ആ പ്രതിഭാസം പിന്നീട്  മറ്റൊന്നാണെന്ന് വിശദീകരിക്കപ്പെട്ടു. അഭിമുഖങ്ങളില്‍ അവര്‍ ആവര്‍ത്തിച്ചത്  “എനിക്ക് ഞാന്‍  അയഥാര്‍ത്ഥമായിത്തോന്നുന്നു, സ്വയം മുറിവേല്‍പ്പിക്കപ്പെടുമ്പോള്‍ ചൂടുള്ള ചോരയൊഴുകുമ്പോള്‍ ഞാനെന്റെ സ്വത്വത്തെ അനുഭവത്തിലൂടെ കണ്ടെത്തുന്നു, യാഥാര്‍ത്ഥ്യത്തില്‍ തിരിച്ചെത്തുന്നു “എന്നാണ്. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ വേണ്ടി മാത്രം സ്വയം അപായപ്പെടുത്തെണ്ടിവരുന്നത്രയും തീവ്രമായ അനുഭവനഷ്ടമാണ് ആഗോളവല്‍കൃത സമൂഹത്തിന്റെ ഭീഷണവാസ്തവം. “പല പല വേഷങ്ങള്‍ കെട്ടി ആത്മസ്വരൂപത്തെയോരാതെയായ ” പഴയ സ്വത്വ നഷ്ടമല്ല ഇത്. ഒരു വേഷവുമില്ലാതാവുന്ന, പൊള്ളയാക്കപ്പെടുന്ന മാനവികതയുടെ ദയനീയതയാണ്.  ഈ സാംസ്കാരികഘടനയുടെ കലാവിഷ്കരണങ്ങള്‍ക്കും സംഗീതത്തിനും പ്രിയങ്കരമാവുന്നത് സ്വാഭാവികമായും ‘സാങ്കേതിക വൈദഗ്ധ്യം ‘ മാത്രമാവുന്നത് സ്വാഭാവികമാണ്.

ഫ്യൂഷന്‍ സംഗീതജ്ഞനായ തന്‍വീന്‍ സിംഗ് താനുള്‍പ്പെടുന്ന സംഗീതശൈലിയെ സമീപകാലത്ത് വിശേഷിപ്പിച്ചത് “ഒഴുകുന്ന ലോകത്തുണ്ടാവുന്ന താല്‍ക്കാലിക സംഗീതം ” എന്നായിരുന്നു. ആനുഭവികതലത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക വഴി ‘പച്ചയും’  ‘പാകം ചെയ്തതും’ തമ്മിലുള്ള സംഘര്‍ഷം കുറഞ്ഞു വരികയും സാമാന്യബോധത്തിനു മുന്നില്‍ അപ്രസക്തമാവുകയും ചെയ്ത ചരിത്രമാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിനുള്ളത്. പ്രകൃതിദത്തമെന്നോ, Begum-Akhtar-by-naresh‘നൈസര്‍ഗ്ഗിക’ മെന്നോ വ്യവഹരിക്കുന്നവയെ ‘പച്ച’യെന്നും സംസ്ക്കരിച്ചെടുക്കപ്പെട്ട ഘടനയെ ‘പാകം ചെയ്യപ്പെട്ടത് ‘ എന്നും ലെവിസ്ട്രോസ് വിശേഷിപ്പിക്കുന്നു. എല്ലാം ‘പാകം ചെയ്തു’ പാക്കറ്റിലാക്കി മുന്നിലെത്തുമ്പോള്‍ മറ്റൊരു കാലാതീതമായ ലോകത്തെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ നമുക്കില്ലാതാവുന്നു. സംഗീതമേഖലയില്‍ ഈ പുതിയ സംവര്‍ഗം മറ്റൊരുതരം വ്യാജപ്രതിനിധാനമായിത്തീരുന്നുണ്ട്. വീറ്റ്മാന്‍   പരാമര്‍ശിക്കുന്നതുപോലെ, ” ചരിത്രപരമായി വ്യാജമായ ഭൂതകാലശബ്ദമാണ് സംഗീതത്തിന്റെ സിംഹഭാഗവും “.  ‘ഹൈപ്പര്‍ മ്യൂസിക് ‘ എന്ന് വ്യവഹരിക്കപ്പെടുന്ന  സാങ്കേതികത്തികവിലേയ്ക്ക് ചേര്‍ന്നു നില്‍ക്കുന്ന ശബ്ദവും ശില്‍പ്പവുമാണ് പുതിയ സംഗീതത്തെ നിര്‍ണ്ണയിക്കുന്നത്. ഗസലും അതില്‍നിന്നു മുക്തമല്ല. ജഗ്ജിത് സിങ്ങിനു ശേഷമുള്ള ഗസല്‍ സഞ്ചരിച്ച മാര്‍ഗ്ഗം ഭൌതികതയുടെ ‘തികവി’ലേയ്ക്ക് അപ്രത്യക്ഷമാക്കപ്പെടുന്ന ഗസല്‍ ഹൃദയത്തിന്റെ കൂടി ചരിത്രമാണ്.
അനുഭവനിരാസത്തിന്റെ ഇക്കാലത്ത് ബീഗം സാഹിബ ഓരോര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു. ‘ആകുലികളെപ്പാടുന്ന വീണ’യായി മരണനിമിഷം വരെ പാടിത്തീര്‍ന്ന ബീഗത്തിന് അനുദിനം ശൂന്യവല്‍ക്കരിക്കപ്പെടുന്ന നമ്മുടെ ജീവിതത്തിലേയ്ക്ക് നല്‍കാനുള്ള ഏറ്റവും നിഷ്കളങ്കവും സത്യസന്ധവും ആഴമേറിയതുമായ പാഠവും അതാണ്‌.

 

പകര്‍പ്പില്ലാത്ത പരിമിതിലാവണ്യം
ബീഗം അക്തറിന്റെ  ശബ്ദത്തിന് സമകാലികരും പിന്‍ഗാമികളുമായ ഗസല്‍ ഗായകരുടെ താരള്യവും മൃദുലതയും കാണാനാവില്ല. ലളിതശാസ്ത്രീയസംഗീതത്തിനിണങ്ങുന്ന പതുപതുത്ത ശബ്ദമല്ല എന്ന വിമര്‍ശനം ആദ്യകാലത്ത് അക്തരീബായ് നേരിട്ടിട്ടുമുണ്ട് . മുനകൂര്‍ത്ത ആ കുപ്പിച്ചില്ലുനാദം തീര്‍ക്കുന്ന മനസ്സിലെ അലോസരങ്ങള്‍ ക്രമേണ വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കി. ശബ്ദത്തെ അതിഭൌതികപ്രതിഭാസമായി കാണുന്ന സാമാന്യതയുടെ ആസ്വാദനതലത്തോട് ബീഗത്തിന്റെ ശബ്ദം എന്നും ഇടഞ്ഞുനിന്നു . അവര്‍ക്കാവശ്യമായ ‘ചന്തം ചാര്‍ത്തലു’കള്‍ക്ക് ബീഗം നിന്നുകൊടുത്തതുമില്ല. സംഗീതത്തിലെ ശബ്ദം ചരിത്രപരമായ ഒരു സാംസ്കാരിക യാഥാര്‍ത്ഥ്യമാണ് എന്ന് ഇന്നു നമുക്കറിയാം. സവിശേഷമായ ഒരു ചരിത്രഘട്ടത്തിന്റെ പ്രണയവേദനകളെ ആവിഷ്കരിക്കാന്‍ ബീഗത്തിന്റെ ശബ്ദത്തോളം കഴിഞ്ഞ മറ്റുദാഹരണങ്ങള്‍ കുറയും. നഗരവല്‍ക്കരണത്തിലേയ്ക്ക് പദമൂന്നിയ ഇന്ത്യന്‍ യുവത്വത്തിന്റെ ഏകാന്തതയേയും വേദനകളേയും ആവാഹിക്കാന്‍ മാത്രം തീവ്രമായിരുന്നു ബീഗത്തിന്റെ ശബ്ദം. അതുകൊണ്ടുതന്നെ ഇന്നും അതിന്റെ മൂര്‍ച്ച ചോര്‍ന്നു പോയതായി നമുക്കനുഭവപ്പെടുകയില്ല. മേല്‍സ്ഥായിയില്‍ ചിതറിപ്പോവുന്ന ശബ്ദമാണെന്ന ദോഷം ബീഗം അക്തറിനെപ്പറ്റി നിരൂപകര്‍ ഉന്നയിക്കാറുള്ളതാണ്. തികഞ്ഞ പ്രൊഫഷണലിസത്തോടെയാണ് ബീഗം ഈ പ്രശ്നത്തെ നേരിട്ടത് എന്ന് ആ ആലാപനമാര്‍ഗ്ഗം വ്യക്തമാക്കുന്നു. സ്ഥായികളുടെ ‘ഗിമ്മിക്സ് ‘ അല്ല ഗസലിന്റെ പ്രാണന്‍ എന്ന് സാഹിബയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

സുവ്യക്തവും അതിവിദഗ്ദ്ധവുമായ പക്കഡിന്‍റെ (രാഗഛായ പ്രകടമാക്കുന്ന സ്വരവിശേഷം ) വിനിയോഗമാണ് ബീഗം സാഹിബയുടെ ആലാപനത്തിന്റെ Jalsaghar-with-border-672x372മുഖ്യസവിശേഷതകളിലൊന്ന്. ജല്‍സാഘറിലെ ഗാനത്തിന്റെ പ്രാരംഭത്തിലുള്ള പീലു തന്നെ മികച്ച ഉദാഹരണമാണ്.’ കണ ‘ പോലെ ശാസ്ത്രീയ ഹിന്ദുസ്ഥാനിയില്‍ വരുന്ന ഗമകവിശേഷങ്ങള്‍ നിരുപമമായ ലാവണ്യത്തോടെ ബീഗത്തിന്റെ ഗാനങ്ങളില്‍ കാണാം. ശാസ്ത്രീയാഭ്യസനത്തിന്റെ ധാതുവീര്യമേറ്റുവാങ്ങിയാണ് ബീഗം അക്തറിന്റെ ഗസലുകള്‍ പുഷ്പ്പിച്ചത് എന്ന് അക്തരിയുടെ ആലാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിവാചാലതയുടെ ഈ കാലത്ത് കണ്ഠമല്ല, ഹൃദയമാണ് പാടുന്നതെന്നും പാടേണ്ടതെന്നുമുള്ള നല്ല സംഗീതത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ബീഗം അക്തര്‍.ഹരിതകം നഷ്ടപ്പെട്ട ജീവശാഖിയിലേയ്ക്ക് വസന്തങ്ങളെ പ്രത്യാനയിക്കുന്ന അക്തരീനാദം ഈ ജന്മശതാബ്ധി വര്‍ഷത്തിലും ആരാധകരെ സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെ.

Comments

comments