കൃത്രിമങ്ങളുടെ ലോകത്ത് ഇനി കൃത്രിമ ജീവനും! ജീവൻ എന്ന മഹാവിസ്മയത്തിന്റെ രഹസ്യങ്ങൾ കൈപ്പിടിയിൽ ഒതുക്കി സ്രഷ്ടാവിന്റെ റോൾ സ്വയം ഏറ്റെടുക്കുകയാണ് സിന്തറ്റിക് ബയോളജി ഗവേഷകർ. കൃത്രിമ ജനിതക പദാർഥങ്ങളും കൃത്രിമ ജീവകോശങ്ങളും കൃത്രിമ ജീവരൂപങ്ങളുമൊക്കെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നൂതന ശാസ്ത്രശാഖയാണ് സിന്തറ്റിക് ബയോളജി. അമേരിക്കൻശാസ്ത്രജ്ഞനായ ക്രെയ്ഗ് വെന്റർ ആദ്യ കൃത്രിമ ബാക്റ്റീരിയാകോശത്തെ പരീക്ഷണശാലയിൽ സൃഷ്ടിച്ചത് 2010 ലാണ്. അതും നാലു കുപ്പി രാസവസ്തുക്കളും ഒരു കമ്പ്യൂട്ടറും കെമിക്കൽ സിന്തസൈസറും ഉപയോഗിച്ച്! വിസ്മയത്തിനും കൗതുകത്തിനും അനന്ത സാധ്യതകൾക്കും അപ്പുറം അറ്റമില്ലാത്ത ആശങ്കകൾ കൂടി ഉയർത്തുന്ന ഇത്തരം ഗവേഷണങ്ങൾ വിവാദങ്ങളുടെ കൊടുങ്കാറ്റ് കൂടിയാണ് അഴിച്ചു വിട്ടത്. ഒരുപക്ഷേ മനുഷ്യ ക്ലോണിങ്ങും ഭിന്ന ജീവിസങ്കരങ്ങളായ കിമേറകളുടെ സൃഷ്ടിയും ഉയർത്തുന്നതിനേക്കാൾ വലിയവിവാദങ്ങൾ.
സിന്തിയ. അതായിരുന്നു നാലു വർഷം മുൻപ് ജെ.ക്രെയ്ഗ് വെന്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ വെന്ററുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സൃഷ്ടിച്ച കൃത്രിമ ബാക്റ്റീരിയയുടെ പേരു. മൈക്കോപ്ലാസ്മ മൈക്കോയ്ഡ്സ് എന്ന ബാക്റ്റീരിയയുടെ ജീനോം (ജനിതകസാരം) കൃത്രിമമായി സൃഷ്ടിച്ച ശേഷം അത് ജനിതക പദാർഥങ്ങൾ നീക്കം ചെയ്ത മറ്റൊരു ബാക്റ്റീരിയയിലേക്ക്സന്നിവേശിപ്പിക്കുകയാണ് ചെയ്തത്. ചെറു ഡി.എൻ.എഖണ്ഡങ്ങൾ രാസവസ്തുക്കളിൽ നിന്നു നിർമ്മിച്ച ശേഷം അവയുടെ അനുക്രമം ശരിയാവും വിധം തുന്നിച്ചേർത്താണ് ബാക്റ്റീരിയാ ജീനോം കൃത്രിമമായി നിർമ്മിച്ചത്. അവിടെയും തീരുന്നില്ല അത്ഭുതം. ജീനോം സന്നിവേശിപ്പിക്കപ്പെട്ട ബാക്റ്റീരിയ പൂർണ്ണമായും മൈക്കോപ്ലാസ്മ മൈക്കോയ്ഡ്സിനെപ്പോലെ പെരുമാറുകയും വിഭജിച്ചു പെരുകുകയും ചെയ്തു! കൃത്രിമ ജീനോം മറ്റൊരു ബാക്റ്റീരിയയിലേക്ക് കടത്തി നിർമ്മിച്ച പുതിയ ബാക്റ്റീരിയ പൂർണ്ണമായും കൃത്രിമ ജീവിയല്ല എന്ന വിമർശനവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞർ രംഗത്തെത്തി. എന്നാൽ അജൈവ പദാർഥങ്ങളിൽ നിന്നു നിർമ്മിച്ച ജനിതക സാരം ഉൾക്കൊള്ളുകയും സ്വയം വിഭജിച്ചു പെരുകുകയും ചെയ്ത ബാക്റ്റീരിയ ലോകത്തിലെ ആദ്യ കൃത്രിമ ജീവരൂപമാണെന്ന അവകാശവാദത്തിൽ വെന്റർ ഉറച്ചു നിന്നു. പ്രകൃതി നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കൃത്രിമമായി പരീക്ഷണശാലയിൽ ജീവൻ സൃഷ്ടിക്കപ്പെടുന്നതിനെതിരെ ലോകമെങ്ങും എതിർപ്പുകളുയർന്നു. . സിന്തറ്റിക് ബയോളജിയിലെയും ജൈവസാങ്കേതികരംഗത്തെയും അതികായനാണ് വെന്റർ. കൃത്രിമ ബാക്റ്റീരിയാ ക്രോമസോം നിർമ്മിക്കുന്നതിൽ 2008 ൽതന്നെ അദ്ദേഹം വിജയിച്ചിരുന്നു. . മനുഷ്യന്റെ ജനിതക രഹസ്യങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന മഹാസംരംഭമായ ഹ്യൂമൻജീനോം പ്രോജക്റ്റിൽ ആദ്യം പങ്കാളിയായിരുന്ന ഇദ്ദേഹം പിന്നീട് ഇതിൽ നിന്നു തെറ്റിപ്പിരിഞ്ഞ് സ്വന്തമായി മനുഷ്യ ജീനോം മാപ്പ് പ്രസിദ്ധീകരിച്ച് ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു.
ഏതായാലും വെന്ററിൽ മാത്രം ഒതുങ്ങുന്നില്ല സിന്തറ്റിക് ബയോളജിയിലെ മുന്നേറ്റങ്ങൾ. കോശങ്ങളെ പ്രകൃതിയിൽ ഇതുവരെ കാണാത്ത പദാർഥങ്ങൾ നിർമ്മിക്കുന്ന ജൈവഫാക്ടറികളാക്കി മാറ്റുന്ന നേട്ടവുമായി ഒരുസംഘം അമേരിക്കൻ ശാസ്ത്രജ്ഞർ രംഗത്തെത്തിയത് ഈയിടെയാണ്. ന്യൂയോർക്ക് സർവ്വകലാശാലാ സ്കൂൾ ഓഫ് മെഡിസിനിലെ ഇൻസ്റ്റിറ്റ്യൂട്ട്ഫോർ സിസ്റ്റം ജനറ്റിക്സിലെയും ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻ സ്സർവ്വകലാശാലയിലെയും ഗവേഷകരാണ് വെന്ററെയും വെല്ലുന്ന നേട്ടം കൈവരിച്ചത്. സാധാരണ പുളിപ്പിക്കലിനു ഉപയോഗിക്കുന്ന നമുക്കു പരിചിതമായ സക്കാരോമൈസ സ്സെർവിസിയെ എന്ന യീസ്റ്റിലെ ക്രോമസോം111 ന്റെ കൃത്രിമ പതിപ്പാണ് ഇവർ യാഥാർഥ്യമാക്കിയത്. ജെഫ്ബോക്കെയുടെ നേതൃത്വത്തിൽ നടന്ന ഈ സങ്കീർണ്ണ കൃത്രിമ ക്രോമസോം സംശ്ലേഷണത്തിൽ ബിൽഡ് എ ജീനോം ക്ലാസ്സുകളിലൂടെ പരിശീലനം നേടിയ അറുപതോളം കോളെജ് വിദ്യാർഥികളും പങ്കാളികളായി എന്നതും ശ്രദ്ധേയം. ബാക്റ്റീരിയാ ജീനോമിനെക്കാൾ എത്രയോ സങ്കീർണ്ണമാണ് യീസ്റ്റ്ജീനോം. അഭിലഷണീയമായ ചില ജനിതക പരിഷ്ക്കരണങ്ങൾ കൂടി വരുത്തിയാണ് യീസ്റ്റിലെ ഡിസൈനർ ക്രോമസോം നിർമ്മിച്ചത്. ക്രോമസോം111 നീക്കം ചെയ്ത ഒരു യീസ്റ്റ് കോശത്തിലേക്ക് ഈ ഡിസൈനർ ക്രോമസോം സന്നിവേശിപ്പിച്ചപ്പോൾ അത് സാധാരണ യീസ്റ്റ് കോശങ്ങളുടെ സ്വഭാവങ്ങൾ തന്നെ പ്രദർശിപ്പിച്ചു. ജീൻ എഡിറ്റിങ്ങിലൂടെയും ജീൻ സ്വിച്ചിങ്ങിലൂടെയുമൊക്കെ കൃത്രിമ ജീനുകളെ നിയന്ത്രിച്ച് സവിശേഷ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന കാലമാണ് വരുന്നത്.
യീസ്റ്റിലൂടെ സങ്കീർണ്ണമായ യൂകാരിയോട്ടിക് കോശങ്ങളിലേക്ക് എത്തിക്കഴിഞ്ഞ സിന്തറ്റിക് ബയോളജി ഗവേഷണങ്ങളെ അത്യാകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ച് നാമിതുവരെ കാണാത്ത പ്രത്യേകതകൾ ഉള്ള കൃത്രിമ ജീവ രൂപങ്ങൾ ടച്ചുവിട്ടാൽ അത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകർക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ജീവജാലങ്ങളിൽ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ വർഷം കൊണ്ടുണ്ടാവുന്ന പരിണാമങ്ങൾ ചുരുങ്ങിയ കാലം കൊണ്ട്കൃത്രിമമായി സൃഷ്ടിക്കുമ്പോൾ സംഭവിക്കുന്ന പ്രത്യാഘാതങ്ങളും ചില്ലറയല്ല. പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കപ്പെടേണ്ട ഒന്നാണോ ജീവൻ എന്നതടക്കം കൃത്രിമ ജീവ ഗവേഷണങ്ങൾ ഉയർത്തുന്ന ധാർമ്മിക നൈതിക പ്രശ്നങ്ങളും ചെറുതൊന്നുമല്ല. പല മതവിശ്വാസികളും ഇത്തരം ഗവേഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. രസതന്ത്രവും ജൈവസാങ്കേതിക ശാസ്ത്രങ്ങളും സമർഥമായി കൂട്ടിയിണക്കുന്ന ഗവേഷണങ്ങൾ അതിവിനാശകാരികളായ ജൈവായുധങ്ങളുടെ നിർമ്മിതിക്കായി ദുരുപയോഗം ചെയ്യപ്പെട്ടുകൂടെന്നുമില്ല. ഒരു കൃത്രിമ മനുഷ്യൻ എന്നത് അതിവിദൂര സങ്കല്പമാണെങ്കിലും മേരി ഷെല്ലിയുടെ പ്രശസ്ത ശാസ്ത്രകല്പിത നോവലായ ഫ്രാങ്കൻസ്റ്റീനിലെ ഫ്രാങ്കസ്റ്റീന്റെ അവസ്ഥയാവും ഇത്തരം ഗവേഷണങ്ങൾ മനുഷ്യനു സമ്മാനിക്കുക എന്നു കരുതുന്നവരും കുറവല്ല. എന്നാൽ പരിസ്ഥിതിക്കോ മറ്റുജീവജാലങ്ങൾക്കോ ഭീഷണിയാവുന്ന കൃത്രിമ ജീവരൂപങ്ങൾ പടച്ചു വിടുകയല്ല തന്റെ ലക്ഷ്യമെന്ന് വെന്റർപറയുന്നു. കൃത്രിമ സൂക്ഷ്മജീവികളെ ഉപയോഗിച്ച് നൂതന പദാർഥങ്ങളും ഔഷധങ്ങളും നിർമ്മിക്കൽ, ആഗോളതാപനത്തിനു ഇടയാക്കുന്ന ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്തു നീക്കൽ, ഊർജ്ജ പ്രതിസന്ധിക്കു പരിഹാരമായി ഇന്ധനങ്ങളുടെ പുതു തലമുറ വികസിപ്പിച്ചെടുക്കൽ എന്നിവയൊക്കെ യാഥാർത്ഥ്യമാക്കാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏതായാലും ജീവരഹസ്യങ്ങളുടെ മാന്ത്രികദണ്ഡ് കൈക്കലാക്കാനുള്ള പടയോട്ടം എവിടെ വരെ എത്തുമെന്ന് കാത്തിരുന്നു തന്നെ കാണാം.
(ശാസ്‌ത്ര അധ്യാപികയാണ് ലേഖിക. കേരള സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര പത്രപ്രവർത്തന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്)
Be the first to write a comment.