കേരളത്തിലെ ദലിത് സമൂഹം  അയ്യൻകാളിയുടെ 155-ആം ജന്മദിനം ആഘോഷിക്കുമ്പോഴും ജാതികളെ അന്യോന്യം വേർതിരിക്കുന്ന ഒരു വലിയ വിടവിന് വ്യാപ്തി ഏറിക്കൊണ്ടിരിക്കുന്നു എന്നതാണു ദുഃഖകരമായ യാഥാർത്ഥ്യം. രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്കിടയിൽ ഉള്ളതിനെക്കാളും ഏറെക്കുറേ ആഴമേറിയ വിടവാണത്. ജാതി, നിറം, സാമൂഹിക പശ്ചാത്തലം, സാമ്പത്തിക-സാമ്പത്തികേതര മൂലധനങ്ങൾ തുടങ്ങിയവയെല്ലാംകൂടി ഉൾക്കൊള്ളുന്നതാണ് ആ വിടവ്. അതിന്റെ ആഴമെന്നാൽ പൊതു ഇടങ്ങളിൽ നിന്നുള്ള പുറന്തള്ളലുകളോ, രാഷ്ട്രീയമായ ഒഴിവാക്കലുകളോ ആവാം. ഇത്തരം രാഷ്ട്രീയ ഒഴിവാക്കലുകളാണ് കഴിഞ്ഞു പോയ ദിവസങ്ങളിൽ അയ്യങ്കാളി ജയന്തി പ്രമാണിച്ചുള്ള പൊതു അവധി നിർത്തലാക്കിയെന്ന രീതിയിൽ വന്ന വാർത്തകളിൽ കണ്ടത്. പ്രതിഷേധങ്ങളുണ്ടായതിനെ തുടർന്ന് ഒടുവിൽ അത് തിരികെ കൊണ്ടുവന്നു എന്നത് ശരി തന്നെ.

” കൊല്ലുകിൽ കൊല്ലുമാറു
വിൽക്കുകിൽ വിൽക്കുമാറു”  എന്നെഴുതിയ വരികൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒരു കാലത്തെ അടിമ ജീവിതങ്ങളുടെ ഭീകരത തന്നെയായിരുന്നു. അത്തരം ഒരു ഇടത്തിൽ ചവിട്ടി നിന്നുകൊണ്ടാണു ശ്രീ അയ്യൻകാളി തന്റെ ആദ്യ പോരാട്ടത്തിനായി ഇറങ്ങുന്നത്. അക്കാലത്ത് പൊതുനിരത്തിലൂടെ സഞ്ചരിക്കാൻ അധഃസ്ഥിതർക്ക് അവകാശമില്ലായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം കുറച്ചു ദലിത് യുവാക്കളെ വിളിച്ചു കൂട്ടി അവർക്ക് കായികപരിശീലനം നൽകി. 1898-ൽ ശ്രീ അയ്യൻകാളിയും അനുയായികളും ആറാലുംമുട് ചന്തയിലേക്ക് പൊതുവഴിയിലൂടെ യാത്ര നടത്തി. യാത്ര തടയാൻ സവർണ്ണ പ്രമാണിമാരും അനുചരരും തയ്യാറായി നിന്നു. ഇതിനു മുൻപ് ചന്തയിൽ എത്തണമെങ്കിൽ കാട്ടിലും  പള്ളയിലൂടെയുമായിരുന്നു പോകേണ്ടിയിരുന്നത്. അയ്യൻകാളിയുടെ യാത്ര ബാലരാമപുരം ചാലിയതെരുവിൽ എത്തിയപ്പോൾ സവർണ്ണർ അവരെ തടയുകയും അത് രൂക്ഷമായ കൈയ്യാങ്കളിയിലെത്തുകയും ചെയ്തങ്കിലും അദ്ദേഹം പിന്നോട്ട് പോയില്ല. ഈ പ്രക്ഷോഭത്തിന്റെ  ആവേശം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും, നാഞ്ചിനാട് പ്രദേശത്ത് ദലിതുകൾ 19-ആം നൂറ്റാണ്ടിൽ തന്നെ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്തു. വിവിധ ജാതി സമൂഹങ്ങളിൽ നടന്ന ആധുനികവൽക്കരണത്തെ വളരെ നിർണായകമായാണു സഞ്ചാരസ്വാതന്ത്ര്യ പോരാട്ടത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ അയ്യങ്കാളി കണ്ടത്. തുടർന്ന് ജാതി സമൂഹങ്ങളുടെ ഏകീകരണത്തിലേക്കുള്ള പാതയെന്ന നിലയിൽ വിവിധ കീഴാള ജാതി സമൂഹങ്ങളുമായി കൂടി ചേർന്നാണ് സാധുജന പരിപാലന സംഘം ഉണ്ടാകുന്നത്. ഇത്തരം അവകാശ സമരങ്ങളുടെ ഭാഗമായി നാമ്പെടുത്ത ഉണർവ്വുകൾ കീഴ്തട്ടിൽ നിന്നും മുകളിലേക്ക് എന്ന രീതിയിൽ ആയിരുന്നു ഉയർന്നുവന്നത്.

അറിവു നേടാനുള്ള സമരം, പണിമുടക്ക് സമരം, വഴിനടക്കൽ സമരം, ഭൂമിക്കായുള്ള സമരം, സംഘടിക്കാനുള്ള സമരം എന്നിങ്ങനെ പൗരബോധത്തിലൂന്നിയ പോരാട്ടങ്ങൾ  എഴുതപ്പെടാത്ത ചരിത്രത്തിൽ  ആദ്യം രേഖപ്പെടുത്തിയ ആൾ മഹാത്മ അയ്യൻകാളിയായിരുന്നു. ഇത്തരം ചുവടുവെയ്പ്പുകൾ നടന്നത്  വിദ്യഭ്യാസമെന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു എന്നു വേണം നമ്മുക്ക് അനുമാനിക്കാൻ. പിന്നീടുള്ള അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രയാണം  അതാണു സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ പണിമുടക്കു സമരം എന്ന് ചരിത്രം പറയുന്ന സമരത്തിനായി  “തങ്ങൾടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭാസം ചെയ്യുവാനും, സംഘടനപരമായ ശക്തിക്കും അവകാശത്തിനും വേണ്ടി” തന്റെ കൂട്ടരോട് സാമൂഹിക പുരോഗതിക്കു വേണ്ടി പടപൊരുതുവാൻ അദ്ദേഹം  ആവശ്യപ്പെട്ടു. ആ പ്രക്ഷോഭം കേവലമൊരു പണിമുടക്ക് സമരം മാത്രമായിരുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ അദ്ദേഹം ആലോചിച്ചെടുത്ത ഏറ്റവും രാഷ്ട്രീയപരമായ തീരുമാനമായിരുന്നു  പണിമുടക്ക് സമരം എന്നത്. ജോലിസമയത്തിന്റെ ക്ലിപ്തത, ന്യായമായ കൂലി, മനുഷ്യത്വപരമായ പെരുമാറ്റം എനിവയായിരുന്നു സമരത്തിന്റെ മറ്റു ചില പ്രധാന ആവശ്യങ്ങൾ.

തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ “കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കു”മെന്ന പ്രഖ്യാപനത്തോടെ ആരും പാടത്ത് ഇനി  പണിക്കിറങ്ങണ്ട എന്ന് തീരുമാനമായി. നിസ്സാര കുറ്റങ്ങൾക്ക് അയിത്തജാതിക്കാരെ ക്രൂരമായി ശിക്ഷിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, കർഷക തൊഴിലാളികളെ വെറും അടിമകളായി കണക്കാക്കുന്ന രീതി ഉപേക്ഷിക്കുക തുടങ്ങി മറ്റു ചില ആവശ്യങ്ങളും അവരുടേതായി ഉണ്ടായിരുന്നു. പാടത്ത് പണികൾ മുടങ്ങിയപ്പോൾ ജൻമിമാർ പലതരത്തിലും അതിനെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും സംഘടിതമായ ചെറുത്തുനിൽപ്പിനെ തുടർന്ന്  ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കർഷക തൊഴിലാളികൾ മുഴുവനും പട്ടിണിയിലായപ്പോൾ അയ്യൻകാളി അതിനും പ്രതിവിധികൾ കണ്ടെത്തി. തീരദേശത്തെ മത്സ്യതൊഴിലാളികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവർ മത്സ്യബന്ധനത്തിൽ പങ്കാളികളാക്കി. നാൾക്കുനാൾ സങ്കീർണ്ണമായിക്കൊണ്ടിരുന്ന പ്രശ്നം പരിഹരിക്കാനായി  ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റായിരുന്ന കണ്ടല നാഗൻപിള്ളയേ  മധ്യസ്ഥനാക്കി കൊണ്ട് ദിവാൻ നടത്തിയ ചർച്ചകൾക്കൊടുവിൽ അയ്യൻകാളിയുടെയും കൂട്ടരുടെയും ആവശ്യം ന്യായമാണന്ന് കണ്ടെത്തുകയും അവയെല്ലാം അനുവദിക്കേണ്ടതാണന്ന് വിധിക്കുകയും ചെയ്തു. എന്നാൽ ഈ വിധിയിലൂടെ വന്ന അവകാശങ്ങൾ നടപ്പിലാക്കാൻ അധികാരികൾ തയ്യാറകാതെ വന്നതിനാൽ അദ്ദേഹം വെങ്ങാനൂരിൽ ഒരു സ്കൂൾ  സ്ഥാപിക്കുകയും അവിടെ അധ്യാപകനായി ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള എന്നയാളെ ഏർപ്പാടാക്കുകയും ചെയ്തു. ഇതിൽ രോഷം പൂണ്ട  സവർണ്ണർ  രാത്രി ആ സ്കൂൾ തീവെച്ച് നശിപ്പിച്ചുകളഞ്ഞു.  എന്നാൽ പുലരുന്നതിന് മുൻപ് സ്കൂൾ പഴയ രീതിയിലാക്കിയും  അധ്യാപകനെ തിരികെ കൊണ്ടുവന്നും അയ്യങ്കാളി തന്റെ നിശ്ചയധാർഡ്യം പ്രദർശമാക്കി. അയ്യൻകാളിയുടെ പ്രതിജ്ഞബദ്ധമായ പ്രവർത്തനങ്ങളുടെ ഫലമായി 1907-ൽ അയിത്തജാതിക്കാർക്കായി സ്കൂൾ പ്രവേശനം അനുവദിച്ചു കൊണ്ട് തീരുമാനമായി.

തന്റെ സമുദായത്തിന് ആവശ്യം കേവലം ക്ഷേത്രപ്രവേശനമായിരുന്നില്ലായെന്ന് അയ്യൻകാളിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കൃഷി ചെയ്യാനുളള ഭൂമിയും വിദ്യാഭ്യാസവും അതിലൂടെയുള്ള സ്വാഭിമാനത്തോടെയുള്ള സ്വാതന്ത്ര്യവുമായിരുന്നു ലക്ഷ്യങ്ങൾ. ഇങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എഴുതപ്പെടാത്ത ഒരു സുവർണ്ണ കാലഘട്ടം തന്റെ പോരാട്ടങ്ങൾ കൊണ്ടും അവകാശബോധങ്ങൾ കൊണ്ടും എഴുതി ചേർത്ത മഹനായ അദ്ദേഹത്തെ മഹാത്മ അയ്യൻകാളി എന്നു തന്നെ നൂറുവട്ടം വിളിച്ചാലും കുറഞ്ഞുപോകില്ല. തന്റെ സമുദായത്തിന് 10 ബി.എ ക്കാരെ ആഗ്രഹിച്ച അദ്ദേഹത്തിന് ഇന്ന് തന്റെ സമുദായത്തിലെ കുട്ടികളുടെ ബൗദ്ധികവും വിദ്യഭ്യാസപരവുമായ വളർച്ചയിൽ നിശ്ചയമായും നിർണ്ണായകമായ സ്വാധീനമാണുള്ളത്.

ഇന്ന് ദലിത് സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമുദായികപരമായ രാഷ്ട്രീയ ഐക്യമില്ലായ്മയാണ്. വഴി നടക്കാനുള്ള അവകാശമില്ലാതിരുന്ന ആ കാലഘട്ടത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത കെട്ടിയുറപ്പിച്ച അദ്ദേഹത്തിന്റെ ആ നിശ്ചയദാർഢ്യം ഇന്ന് ദലിത് സമുഹത്തിന് ഇല്ലാത്തതിന്റെ ഫലമാണു ദലിത് സമൂഹത്തിന്റെ രാഷ്ട്രീയ ഐക്യമില്ലായ്മയും ഉണ്ടായിരുന്ന ഐക്യത്തിന്റെ ശിഥിലകരണവും. സമുദായത്തിൽ പത്ത് ബി.എ-ക്കാർക്ക് പകരം ആയിരക്കണക്കിനു ഡോക്ടർമാരും എൻജിനീയർമാരും അക്കാദമിഷ്യന്മാരുമുള്ള ദലിത് സമുദായം ഇന്ന് നേരിടുന്നത് സമുദായ ശിഥിലികരണം തന്നെയാണ്. ആശയങ്ങൾ കൊണ്ടും അറിവുകൾ കൊണ്ടും ഉയർച്ചയിൽ നിൽക്കുന്ന ദലിത് സമുദായത്തെ ഭിന്നിപ്പിച്ച് ഭരിക്കുക, മുന്നോട്ട് പോവുക എന്ന നയത്തിന്റെ പ്രയോഗത്തിൽ സമുദായം തന്നെ  പങ്കെടുക്കുന്നുണ്ട്. ആശയങ്ങളിലൂടെയും അറിവുകളിലൂടെയും മറ്റേതൊരു ബൗദ്ധികതയേയും ചോദ്യം ചെയ്യുമ്പോഴും സമുദായപരമായ ഒത്തൊരുമയില്ലായ്മയിൽ  പതറി വിഴേണ്ടി വരുന്നു ദലിത് ബൗദ്ധികതയ്ക്ക്. ജാതിക്കുള്ളിലെ ഉപജാതി ബന്ധങ്ങൾക്കതീതമായി ചവിട്ടി നിൽക്കാനും, പൊരുതാനും ഇനിയും ദലിത് സമുദായം മഹാത്മ അയ്യൻകാളിയിലൂടെ തന്നെ ഏറെ മുന്നോട്ട്‌ പോകണ്ടിയിരിക്കുന്നു. അദ്ദേഹത്തെ, അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ഓർമ്മകളെയും സ്വാർത്ഥതാല്പര്യങ്ങൾക്കായി ഐക്കണുകളാക്കി മാറ്റാൻ ഒരു ഫോട്ടോയിലൂടെയോ ഫോട്ടോ ഷോപ്പിലുടെയോ ശ്രമിക്കുന്ന ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികൾ  ദലിത് സമുദായത്തേയും കേവലമൊരു ഫോട്ടോഷോപ്പ് രാഷ്ട്രീയമായി മാറ്റുവാൻ തുടങ്ങിയിരിക്കുന്നുവെന്നത്  തിരിച്ചറിയേണ്ടതാണ്. ആ തിരിച്ചറിവുകൾക്കിടയിലാണ് മഹാത്മ അയ്യൻകാളി ഉയർത്തിയ അവകാശ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ അന്തസത്ത പ്രവർത്തിച്ചു തുടങ്ങേണ്ടത്.

Comments

comments