2002 മുതല്‍ ഗുജറാത്ത് ഭരിച്ച മോഡി ഇക്കുറിയും മുന്നോട്ടു വെക്കാന്‍ ശ്രമിച്ചത് തന്റെ പ്രതിച്ഛായയും ഗുജറാത്ത് മോഡല്‍ വികസനവുമാണ്. രണ്ടിനും തണുത്ത പ്രതികരണം. അപ്പുറത്ത് രാഹുലിന് ചുറ്റും വലിയ ആള്‍ക്കൂട്ടം കാതോര്‍ത്ത് നില്ക്കുന്നു. രാഹുലിനെ വ്യക്തിപരമായി കടന്നാക്രമിക്കാനും കുടുംബ വാഴ്ച്ചയെന്നു ആക്ഷേപിക്കാനുമാണ് ഇപ്പോള്‍ മോഡി – ഷാ ഏറെ സമയം ചെലവിടുന്നത്. എങ്കിലും എതിര് മുന്നണിയെ വിഘടിപ്പിക്കുക എന്ന ഇലക്ഷന് ഗുണകോഷ്ഠം നന്നായി അറിയാവുന്ന അമിത് ഷായുടെ ട്രബിള്‍ ഷൂട്ടിങ്ങില്‍ വിശ്വസിക്കുന്നുണ്ട് ബി ജെ പി ഇപ്പോഴും.
കോൺഗ്രസ്സിന്റെ തന്ത്രം വിശാലമായ മഴവില്‍ മുന്നണിയാണ്. ക്ഷത്രിയ -ഹരിജന്‍-, ആദിവാസി – മുസ്ലിം മുന്നണിയാണ് ഗുജറാത്തില്‍ പല പതിറ്റാണ്ട് കോൺഗ്രസ് നിലനിർത്തിയത് . 1970 / 80 / 90 കള്‍ വരെ കോൺഗ്രസ് ഒരു വെല്ലുവിളിയുമില്ലാതെ ഗുജറാത്ത് വാണു. പാട്ടീല്ധാര് അടക്കം സവര്‍ണ്ണരുടെ വലിയ പിന്തുണയും കോൺഗ്രസ്സിനു ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ പാതിയോടെ കോൺഗ്രസ്സിന്റെ കഥ മാറി. അവര്‍ ദളിത് ആദിവാസി മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയാണ് എന്ന സംഘി പ്രചാരണം പാട്ടീല്ധാര് അടക്കമുള്ളവരെയും ഓ ബി സി കളെയും കോൺഗ്രസ്സില്‍ നിന്നകറ്റി. അതോടെ ഗുജറാത്ത് ഒരു സര്‍ക്കസ് തമ്പായി. ശേഷം ബിജെപിയോട് ചേർന്നു നിന്നുവന്ന ധനിക വ്യാപാരി വ്യവസായികളെ – ഈ സംഘം ഈയിടെയായി തികഞ്ഞ അസംതൃപ്തിയില്‍ ആയിരുന്നു – മോഡിയുടെ ഡീമോയും ജി എസ്സ് ടി യും അകറ്റി. വ്യാപാരി / വ്യവസായി സംസ്ഥാന നേതാവ് കഴിഞ്ഞ ദിവസം കോൺഗ്രസ്സില്‍ ചേർന്നു. ദളിത് പ്രസ്ഥാനത്തിന്റെ നേതാവ് ജിഗ്നേഷ് മേവാനിയും പാട്ടീൽധാർ നേതാവ് ഹാർദിക് പട്ടേലും കോൺഗ്രസ് മുന്നണിയില്‍ ചേര്‍ന്നതോടെ അന്തരീക്ഷം ഒരു കുരുക്ഷേത്ര യുദ്ധത്തിന്റെ അവസ്ഥയിലായി. കാരണം ഗുജറാത്തിലെ വിജയം മോഡിയുടെ നിലനിൽപ്പിനു ആവശ്യമാണ്. ഗുജറാത്ത് തോറ്റാല്‍ പിന്നെ മോഡി എത്രനാള്‍ എന്ന ചോദ്യത്തിനു മാത്രമേ പ്രസക്തിയുള്ളൂ എന്ന അവസ്ഥ സംജാതമായത് പൊടുന്നനെയാണ്.
ജാതിമത സമവാക്യം
ഇന്ത്യയിലെ ഏതു തെരെഞ്ഞെടുപ്പിനെക്കുറിച്ചു എഴുതിയാലും ജാതിപറയാതെ പോകാനാവില്ല. ഗുജറാത്തില്‍ രണ്ടു പതിറ്റാണ്ട് ബി ജെ പി ഭരിച്ചു കഴിഞ്ഞപ്പോള്‍ അത് പൂര്‍ത്തിയായി. വിശാല മഴവില്‍ മുന്നണി എന്ന കോൺഗ്രസ് സങ്കല്പം നടക്കില്ലെന്നു ടീം ഷാ ഉറച്ചു വിശ്വസിക്കുന്നു. മുസ്ലിം ഹരിജന്‍ സംഘടനകള്‍ കോൺഗ്രസ്സിനൊപ്പമാണ് എങ്കില്‍ അവരോടു യോജിക്കാത്ത പാട്ടീല്ധാർമാർ അവസാന നിമിഷം ബി ജെ പി യില്‍ തിരിച്ചെത്തുമെന്ന് സംഘി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഗുജറാത്തില്‍ പതിനെട്ടു ശതമാനം വരും ഈ ധനിക വ്യവസായ വിഭാഗം. ആകെ അറുപതു ശതമാനത്തില്‍ ഏറെ വോട്ടുകള്‍ ആണ് മറ്റു ഓ ബി സി വിഭാഗങ്ങള്‍ക്ക് ചേര്‍ന്നുള്ളത്. കോൺഗ്രസ് മുന്നണികള്‍ക്ക് ഇക്കാലയളവിലത്രയും നാൽപ്പത് ശതമാനം വോട്ടേ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ആ സ്ഥിതിക്ക് ഒരു ചെറിയ മാറ്റമുണ്ടായപ്പോള്‍ ഗുജറാത്തും മോഡിയും ചൂടുപിടിച്ചു. ദളിത് നേതാവ് മേവാനിയും നാലപ്പതു ശതമാനം വരുന്ന ഓ ബി സി കളുടെ നേതാവ് തപറും ഹർദിക് പട്ടേലും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കാലനൂറ്റാണ്ടിന്റെ ഒരു പരിണാമ ചക്രം പൂര്‍ത്തിയാകുന്ന സൂചനകൾ നൽകുന്നു. വീണ്ടും കോണ്‍ഗ്രസ് ഒരു ശക്തിയായി മാറുകയാണ് എന്ന പ്രതീതിയാണ് ഇപ്പോള്‍. വിജയം പക്ഷെ അകലെയാണ്. ബി ജെ പി ക്ക് എത്ര സീറ്റ് കുറയ്ക്കാനാകുമോ അത്രയും നേട്ടമാണ് അവർക്ക്. ബി ജെ പിക്ക് നഷ്ട്ടപ്പെടാവുന്ന ഓരോ സീറ്റും അവർക്ക് – മോഡിക്ക് – കോട്ടമാണ്.
പാട്ടീല്ധാര്മാര്ക്കിടയില് ഒരു പിളര്‍പ്പുണ്ടാക്കിയാല്‍ നിലവിലെ സാഹചര്യം തരണം ചെയ്യാമെന്ന് അമിത് ഷാ കരുതുന്നു. മുസ്ലിം വോട്ടില്‍ പിളര്‍പ്പുണ്ടാക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് ഒരു പ്രത്യേക സംഘത്തെ ഇറക്കിയിട്ടുണ്ട്. അതായത് കോൺഗ്രസ് ഏകീകരണത്തിനും ബി ജെ പി ഓരോ ജാതി ഗ്രൂപ്പിലെയും ധ്രുവീകരണത്തിനും ശ്രമിക്കുന്നു എന്നർത്ഥം. അതാത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ തന്നെ പ്രതിഫലനം. അമിത് ഷായുടെ ഈ ഇലക്ഷന് സ്ട്രാറ്റജിയാണ് പരസ്യമായി ഗുജറാത്തില്‍ തെളിഞ്ഞതും അതിജീവനം നേരിടുന്നതും.
നിര്‍ണായകമായ ഒരു മാറ്റം ദളിതരും ഓ ബി സി വിഭാഗങ്ങളും ബി ജെ പി യുടെ ഹിംസാത്മക മേല്‍ക്കോയ്മ്മയെ വെല്ലുവിളിക്കുന്നു എന്നതാണ്. ഉന സമരത്തിന്റെ ദളിത് നേതാവായ മേവാനി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ദേശീയ തലത്തില്‍ തന്നെ പ്രാധാന്യമുള്ളതാകും. സവർണ്ണ / ബ്രാഹ്മണിക്കല്‍ വിഭാഗങ്ങളുടെയും സമ്പന്നരുടെയും പീഡനങ്ങള്‍ ദളിതര്‍ അത്രയേറെ സഹിച്ചു കഴിഞ്ഞു. അതിനു ബി ജെ പി ക്ക് ഊറ്റം നല്കിയ പാട്ടിൽധാർമാരുടെ അകൽച്ച മറ്റൊന്ന്. വ്യാപാരി വ്യവസായികള്‍ എതിരായത് രൂക്ഷമായ പ്രഹരം. അർബൻ പ്രദേശങ്ങളിലെ വോട്ടില്‍ കണ്ണ് വെച്ച് ഗ്രാമങ്ങളെയും കൃഷിയെയും മറന്നത് ബി ജെ പി ക്ക് എതിരായ ശക്തമായ മറ്റൊരു അന്തര്‍ധാരയാണ്. ഡീ മോണിടൈസെഷനും ജി എസ്സ് ടി യും ഉണ്ടാക്കിയ ആഘാതം തെളിയാനിരിക്കുന്നു. മോഡി പ്രഖ്യാപിച്ച ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികളിന്മേല് ഒരു സ്റ്റാർട്ട് അപ് പോലും തുടങ്ങാനായില്ല. ജാതിമതത്തോളം തന്നെ ജീവിത പ്രശ്നങ്ങളും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാം. അത് ബി ജെ പി ക്ക് എതിരാവാനെ ഇടയുള്ളൂ.
അമിത് ഷായുടെ മുന്നിലുള്ളത് യു പി മോഡല്‍ ആണ്. യു പി കൈവിടുന്നു എന്ന് തോന്നിയപ്പോള്‍ നാലുവർഷം മുൻപ് നടന്ന മുസാഫർപൂർ കലാപത്തിന്റെ തീ ഊതിക്കത്തിക്കുകയാണ് അമിത് ഷാ ചെയ്തത്. അതിനു വേണ്ടി ഇറക്കിയ ‘അധോലോക സംഘത്തിന്റെ’ നായകനാണ് ഇന്നത്തെ യു പി മുഖ്യമന്ത്രി ആദിത്യനാഥ്. ആ തന്ത്രത്തിനു വിജയം കൊയ്യാനായി. അതിനാല്‍ തന്നെ ഗുജറാത്തിലും അത് പരീക്ഷിക്കപ്പെടാനുള്ള സാധ്യത ഏറെയാണു.
ഏതായാലും കാല് നൂറ്റാണ്ടില്‍ ആദ്യമായി ഗുജറാത്തില്‍ ബിജെ പി പ്രതിരോധത്തില്‍ ആയിരിക്കുന്നു. അവിടെ ക്ഷീണം പറ്റിയാല്‍ മോഡിയുടെ അപ്രമാദിത്വം അസ്തമിക്കും. ഗുജറാത്ത് ഇന്ത്യയുടെ വഴിത്തിരിവാകും. ഈ ഘടകങ്ങളത്രയും സംയുക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍, ഒരു സാധാരണ തെരഞ്ഞെടുപ്പാണ് ഇതെങ്കില്‍, ബി ജെ പി ജയിച്ചേക്കാം. എന്നാൽ തീ പാറുന്ന പ്രചാരണം സൂചിപ്പിക്കുന്നത് അങ്ങനെയല്ല. അത്ഭുതങ്ങൾ അണിയറയിൽ പെരുമ്പറ മുഴക്കുന്നുണ്ട്.
Be the first to write a comment.