കാഴ്ചയുള്ളവരേ,
നിങ്ങൾ എന്നെ ചൊല്ലി സഹതപിയ്ക്കാതിരിക്കുവിൻ .
ഞാൻ നിങ്ങളുടെ കൂട്ടക്കാരിയല്ല .

വർണ്ണാഭമായ പൂ വിരിയിച്ച
ചെടിയ്ക്കില്ല കണ്ണ് .
മധുരം നൽകുന്ന  മാവിനില്ല കണ്ണ് .
കുഞ്ഞിക്കണ്ണുകൾ കൊണ്ട്
മൃഗപക്ഷികൾ അളക്കാൻ ശ്രമിക്കുന്ന
കാടിനുമില്ല കണ്ണ് .

ഞാൻ അവരുടെ കൂട്ടക്കാരി.
നിങ്ങളുടെയല്ല .

എന്റെ കൂടെ ഒരു ഇരുണ്ട കാട് സഞ്ചരിയ്ക്കുന്നു .
അങ്ങനെയാണ്
നിങ്ങളുടെ ബൈനോക്കുലറുകളെ ,
മൈക്രോസ്കോപ്പുകളെ ,ടെലസ്കോപ്പുകളെ ,
സർവൈലൻസ് ക്യാമറകളെ
മാത്രമല്ല
വെറും നോട്ടത്തെയും ഞാൻ
അതിജീവിച്ചത് .
പിടികിട്ടാപ്പുള്ളി ആയത് .

നിങ്ങൾ നോക്കിയിരിക്കേ
നിശ്ചലമായിരുന്ന് ഞാൻ വലുതാകുന്നു .
പടരുന്നു ,ഒഴുകുന്നു ,അലയുന്നു .
അതിനാൽ
നിങ്ങളുടെ വംശത്തിൽ നിന്ന്
കാലിടറിവീണ ഒരാൾ എന്ന്
എന്നെ കരുതേണ്ട .
സഹതാപത്തിന്റെ മോതിരം
എന്റെ വിരലിലണിയിക്കാൻ
കഷ്ടപ്പെടേണ്ട .

വേണ്ട .
കാരണം
ഞാൻ വേറെ ഒരു വംശം .
സസ്യം പരിണമിച്ചുണ്ടായത് .
അന്നന്നത്തെ അപ്പം
സ്വയം പാകം ചെയ്യാൻ
കെൽപ്പുള്ളത് .
അത് ലോകവുമായി പങ്കുവെയ്ക്കാൻ
മനസ്സുള്ളത്

Comments

comments