പ്രശസ്ത റഷ്യൻ ചലച്ചിത്രകാരൻ സെർജി ഐസൻസ്റ്റീൻ മാർക്‌സിന്റെ ‘മൂലധനം’ എന്ന കൃതിയെ സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നു. ഇതെങ്ങിനെ സാധ്യമാകും എന്നാരും അമ്പരന്നുപോകും. മൂലധനത്തിൽ എന്ത് സിനിമ! ഉപയോഗമൂല്യവും വിനിമയമൂല്യവും മിച്ചമൂല്യവുമൊക്കെ ഉരുക്കിനോക്കുന്നിടത്ത് സിനിമക്കെന്ത് കാര്യം ! ഐസൻസ്റ്റീനെ സംബന്ധിച്ചിടത്തോളം മൂലധനം സാമ്പത്തികശാസ്ത്രത്തിന്റെ ഒരു കണക്കുപുസ്തകമല്ല. അതിന്റെ താളുകളിൽ ആധുനിക മനുഷ്യ ജീവിതത്തിന്റെ ദാരുണമായ ചരിത്രം മുഴുവനുമുണ്ട്. ഒരു തൊഴിലാളിയുടെ ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിവസത്തിലെ സംഭവങ്ങളെ അതിസൂക്ഷമമായ വിശദാംശങ്ങളിൽ പിന്തുടർന്നാൽ, അവയെ തന്റേതായ ദൃശ്യപരിചരണ സങ്കേതങ്ങൾകൊണ്ട് കൂട്ടിയിണക്കിയാൽ മൂലധനത്തിന്റെ രാഷ്ട്രീയം പുനരാവിഷ്‌കരിക്കാനാവുമെന്ന് ഐസൻസ്റ്റീൻ കരുതി. മൂലധനവ്യവസ്ഥ മനുഷ്യജീവിതത്തിൽ സൃഷ്ടിച്ച ദൈന്യങ്ങളും വിക്ഷോഭങ്ങളും ആ ഒരു ദിവസത്തിൽ ഉണ്ടാവും. സിനിമയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡയറിക്കുറിപ്പിൽ ഇത്തരമൊരു ആവിഷ്‌കാരസാധ്യതയുടെ സൂചനകൾ അദ്ദേഹം നൽകുന്നുണ്ട്. അതവിടെ നിൽക്കട്ടെ. വാസ്തവത്തിൽ ‘മൂലധനം’ ചെയ്യുന്നതെന്താണ്? തൊഴിലാളിയുടെ ഒരു ദിവസത്തിലെ ജീവിതത്തെ ചരിത്രത്തിന്റെ വലിയ കാൻവാസിലേക്ക് പ്രക്ഷേപിക്കുകയല്ലേ മാർക്‌സ് ചെയ്തത്? ഒരു ശരാശരി പ്രവൃത്തിദിവസത്തിലെ സംഭവങ്ങളുടെ സ്വാഭാവികതയും യുക്തിയും എത്ര അസ്വാഭാവികവും ആയുക്തികവുമാണെന്ന് ചൂണ്ടിക്കാണിക്കാനല്ലേ അദ്ദേഹം തുനിഞ്ഞത്?
പ്രവൃത്തിദിവസം എന്നാലെന്ത് എന്ന ചോദ്യത്തെ മുൻനിർത്തിയുള്ള ദീർഘമായ വിശകലനം തന്നെയുണ്ട്, മൂലധനത്തിന്റെ ഒന്നാം വാള്യത്തിൽ. പത്താമത്തെ അധ്യായത്തിന്റെ തലക്കെട്ടുതന്നെ പ്രവൃത്തിദിവസം എന്നതാണ്. ഈ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയാണോ ഐസൻസ്റ്റീൻ തന്റെ സിനിമയുടെ ആഖ്യാനഘടന രൂപപ്പെടുത്താൻ ആഗ്രഹിച്ചത് എന്ന കാര്യം വ്യക്തമല്ല. ഒരു പക്ഷേ, ‘ലക്ഷണമൊത്ത’ ഒരു സാമ്പത്തിക ശാസ്ത്രഗ്രന്ഥത്തിലും ഇത്തരമൊരു തലക്കെട്ടോ വിശകലനമോ കണ്ടെന്ന് വരില്ല. പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന് ഇതാണെന്ന് ഞാൻ കരുതുന്നു. എന്താണ് പ്രവൃത്തിദിവസം? തൊഴിലാളിയുടെ ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിവസം മാത്രമാണത്. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽ മാർക്‌സിന്റെ നോട്ടത്തിൽ, അതിന്റെ സ്വാഭാവികതതന്നെ ചരിത്രപരമായ സംഘർഷങ്ങളിലൂടെ ഊറിക്കൂടി ഉറഞ്ഞുണ്ടായതാണ്. ഒരു തൊഴിൽദിനത്തിലെ പ്രവൃത്തിക്ക് രണ്ടുവശങ്ങളുണ്ട്. തൊഴിലാളി സ്വന്തം ജീവിതം നിലനിർത്താനായി ചെയ്യുന്ന അധ്വാനം അതിന്റെ ഒരു വശമാണെങ്കിൽ ഉൽപന്നത്തിന് അധികമൂല്യം ഉണ്ടാക്കാൻവേണ്ടി അയാൾ വിനിയോഗിക്കുന്ന അധ്വാനം അതിന്റെ മറ്റൊരുവശമാണ്. ഇവയ്ക്കുപിന്നിലെ താൽപര്യങ്ങൾ വ്യത്യസ്തമാണെന്നുമാത്രമല്ല പരസ്പരവിരുദ്ധവുമാണ്. മൂലധനവ്യവസ്ഥയുടെതന്നെ അഭ്യന്തരവൈരുധ്യമാണ് ഇതിൽ സൂചിതമാവുന്നത്. ഇതിന്റെ ഉൽപന്നമാണ് ഓരോ പ്രവൃത്തിദിവസവും. ഇപ്പറഞ്ഞ താൽപര്യസംഘർഷങ്ങളിലൂടെയുള്ള ചരിത്രത്തിന്റെ ഒഴുക്കാണ് കലണ്ടറിലെ ഒരു ചതുരക്കളത്തിൽ തളംകെട്ടിക്കിടക്കുന്നത്.
പ്രവൃത്തികളെക്കുറിച്ചുള്ള മാർക്‌സിന്റെ മുൻകാലരചനകളുടെ കാഴ്ചപ്പാടിൽ നോക്കിയാൽ വസ്തുക്കളേയും അതിലൂടെ അവരവരെത്തന്നെയും ആവിഷ്‌കരിക്കുകയും പുനരാവിഷ്‌കരിക്കുകയുമൊക്കെ ചെയ്യുന്ന ജീവികളാണ് മനുഷ്യർ. ഈ പ്രവൃത്തികളിൽനിന്ന് വേറിട്ട് മനുഷ്യജീവിക്ക് ഉൺമയില്ല. ഉൺമയെത്തന്നെ ക്രിയയായിക്കാണുന്ന ഒരു ചിന്തനരീതിയും അതിന് അനുഗുണമായിനിൽക്കുന്ന ഒരു ചരിത്ര-കാലസങ്കൽപനവും ഈ കാഴ്ചപ്പാടിൽനിന്ന് വായിച്ചെടുക്കാം. പ്രവൃത്തിദിവസത്തെപ്പറ്റിയുള്ള മൂലധനത്തിലെ അധ്യായത്തിലും മറ്റും ഉൽപാദനപരമായ അധ്വാനത്തെ മാത്രമേ മാർക്‌സ് പരിഗണിക്കുന്നുള്ളു എന്നത് ശരിയാണ്. പ്രവൃത്തിയും (work) അധ്വാനവും (labour) തമ്മിലെ വേർതിരിവ് സങ്കൽപനപരമായി അടയാളപ്പെടുത്താൻ മാർക്‌സിനായില്ല എന്ന വിമർശനം ഹന്ന ആറെന്റും (Hannah Arendt) മറ്റും മുന്നോട്ടുവെച്ചിട്ടുണ്ട്. ചരക്കുൽപാദനവുമായി നേരിട്ട് ബന്ധപ്പെടാത്ത സേവനമേഖലയിലേയും മറ്റും പ്രവൃത്തികള്‍ മാർക്‌സിന്റെ പരിഗണനയിൽ വന്നില്ല. എല്ലാ പ്രവൃത്തികളുടേയും അടിസാഥാനമാതൃകയായി അധ്വാനത്തെക്കാണുന്ന സമീപനം മാർക്‌സിന്റെ കൃതികളിൽ ഉണ്ടെന്നും അത് മാർക്‌സിന്റെ നോട്ടത്തെ ആന്തരികമായി പരിമിതപ്പെടുത്തുന്നുണ്ടെന്നും പല സ്ത്രീപക്ഷചിന്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യവസായാനന്തര കാലഘട്ടത്തിൽ ഉൽപാദനംതന്നെ വലിയതോതിൽ ‘അഭൗതിക’ (immaterial) മായി മാറിയെന്നും അതുകൊണ്ടുന്നെ അധ്വാനത്തേയും മൂല്യത്തേയും കുറിച്ചുള്ള മാർക്‌സിന്റെ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതേണ്ടതുണ്ടെന്നും ഹാർട്ടും നെഗ്രിയും (Michael Hart & Antonio Negri) മറ്റും വാദിക്കുന്നുണ്ട്. ഈ വാദങ്ങളും വിമർശനങ്ങളും പലനിലകളിൽ പ്രസക്തം തന്നെ. എന്നാൽ ഈ കുറിപ്പിന്റെ വിഷയപരിധിക്ക് പുറത്തായതിനാൽ അക്കാര്യങ്ങളിലേക്ക് കടക്കുന്നില്ല. മാർക്‌സിനെ സംബന്ധിച്ചിടത്തോളം അക്കാലത്തെ മൂലധനവ്യവസ്ഥയ്ക്കുള്ളിൽ പ്രവൃത്തി എന്നത് ചരക്കുൽപാദനവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. പ്രവൃത്തിദിവസമെന്നത് ചരക്കുൽപാദനത്തിന്റെ സമയക്രമവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. പ്രവൃത്തിദിവസങ്ങളിലൂടെ തുടരുന്നകാലം ഉൽപാദനപ്രക്രിയയുടെതന്നെ ‘വികസ്വരമാവുന്ന’ കാലമാകുന്നു. അതായത്, പ്രവൃത്തിദിവസത്തെ അടിസ്ഥാനയൂണിറ്റായി കണക്കിലെടുത്തുകൊണ്ട് മൂലധനവ്യവസ്ഥ അതിന്റെ കാലത്തെ നിർവചിക്കുന്നു. പണിയെടുക്കുന്ന ഉടലുകളുടെ ശേഷി ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ എത്രമാത്രം ചലനാത്മകമാകുന്നുവോ, അത്രയും ഊർജ്ജസ്വലമായിത്തീരുന്നു മൂലധനത്തിന്റെ വാഴ്ച. ഉടലുകളുടെ ഉർവരതയിൽ നിന്ന് ദയാരഹിതമായി ഊറ്റിയെടുക്കപ്പെടുന്ന മൂല്യങ്ങളിന്മേലാണ് അതിന്റെ വ്യവസ്ഥകൾ നിലനിന്നുപോരുന്നത്. വാസ്തവത്തിൽ അവിരാമം തുടരുന്ന ഈ നിലനിൽപിന്റെ അസംബന്ധങ്ങളിലേക്കല്ലേ മാർക്‌സിന്റെ മൂലധനവിമർശം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്?
മൂലധനത്തെ ആർക്കാണ് പേടി?
1867 സെപ്തംബർ 14 നാണ് മൂലധനത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിക്കപ്പെട്ടത്. നീണ്ട നൂറ്റിയമ്പത് വർഷങ്ങൾക്ക് ശേഷവും മൂലധനം പ്രസക്തമാവുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം തിരയേണ്ടത് സാമ്പത്തികശാസ്ത്രവ്യവഹാരത്തിനകത്തല്ല എന്നു ഞാൻ കരുതുന്നു. മൂലധനവ്യവസ്ഥയുടെ ‘ആരോഗ്യ’ത്തെ സംബന്ധിച്ചിടത്തോളം ഇത് അത്യന്തം ഹാനികരമായ പുസ്തകമായി തിരിച്ചറിയപ്പെടുന്നതും അതിന്റെ തത്ത്വചിന്താപരമായ മാനങ്ങൾ കൊണ്ടാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഹ്യൂമൻ ഇവന്റ്‌സ് (Human Events) എന്ന അമേരിക്കൻ വെബ്‌സൈറ്റ് പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ഏറ്റവും അപകടകരമായ പത്ത് പുസ്തകങ്ങൾ തിരഞ്ഞെടുത്തതിൽ ആറാം സ്ഥാനം ‘മൂലധന’ത്തിനായിരുന്നു. ഒന്നാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. രണ്ടാം സ്ഥാനത്ത് വന്നത് ഹിറ്റ്‌ലറുടെ ആത്മകഥയാണെന്നും ഓർക്കണം. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായ ഇരുപത് പുസ്തകങ്ങളിൽ ആദ്യത്തേത് ഡാർവിന്റെ ‘ജീവിവർഗങ്ങളുടെ ഉത്ഭവം’ !
യാഥാസ്ഥിതിക പക്ഷത്തുള്ള ഒരു അമേരിക്കൻ വാർത്താമാധ്യമം നടത്തിയ ഈ തിരഞ്ഞെടുപ്പിൽ വലിയ അത്ഭുതമൊന്നുമില്ല. വ്യവസ്ഥാപിതമായ ഘടനകൾ തൽസ്ഥിതിയിൽ തുടരണമെന്ന് താൽപര്യപ്പെടുന്നവർ മാർക്‌സിന്റെ ‘മൂലധന’ത്തിൽ പതിയിരിക്കുന്ന അപകടം പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം മൂലധനത്തിന്റെ ആയിരം കോപ്പികൾ വിറ്റഴിയാൻ അഞ്ച് വർഷങ്ങൾ വേണ്ടിവന്നു. രണ്ട് ദശകങ്ങൾക്ക് ശേഷമാണ് അതിന്റെ ആംഗലപരിഭാഷ പുറത്തുവന്നത്. മാർക്‌സിന്റെ ഭാഷയിൽപ്പറഞ്ഞാൽ ബൂർഷ്വാസി ആദ്യം മൗനം കൊണ്ട് അതിനെ നേരിട്ടു. പിന്നീട് വിലക്ഷണമായ തത്വചിന്തനം കൊണ്ട് സാമ്പത്തിക വിശകലനത്തിന്റെ ശാസ്ത്രീയതയെ തൊട്ടശുദ്ധമാക്കിയ പുസ്തകമായി അത് അപഹസിക്കപ്പെട്ടു. വാസ്തവത്തിൽ സമ്പദ്ശാസ്ത്രവ്യവഹാരത്തിന്റെ മുൻധാരണകളെത്തന്നെ പ്രശ്‌നവൽക്കരിക്കുന്ന മാർക്‌സിന്റെ വിമർശന രീതിയാണ് വിലക്ഷണമെന്ന് മുദ്രകുത്തപ്പെട്ടത്. എന്തായാലും മൂലധനവിമർശം തുറന്നുവിട്ട ഭൂതത്തിന്റെ ‘ശല്യം’ ഇന്നും ഒഴിഞ്ഞിട്ടില്ല. തന്റെ ചർമരോഗം ബൂർഷ്വാസി അതിന്റെ ശിഷ്ടജീവിതം മുഴുവനും ഓർക്കും എന്ന് മാർക്‌സ് എംഗൽസിനയച്ച ഒരു കത്തിൽ പ്രത്യാശിക്കുന്നുണ്ട്. ‘മൂലധന’ത്തിന്റെ പണിപ്പുരയിൽ മാർക്‌സിനെ അലട്ടിയ ചർമരോഗത്തെക്കുറിച്ചാണ് കത്തിലെ സൂചന. ബ്രിട്ടീഷ് മ്യൂസിയത്തിലെ പഠനമുറിയിൽ ഇരുപത്തഞ്ചോളം വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ അപൂർണമായ ഉൽപന്നം എന്ന നിലയിൽ മൂലധനത്തിന്റെ ഒന്നാംവാള്യം പ്രസിദ്ധീകരിക്കുമ്പോൾ മാർക്‌സിന്റെ ചർമരോഗം മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു. മരണംവരെ അത് അദ്ദേഹത്തെ പിന്തുടർന്നു.
മൂലധനവ്യവസ്ഥ അതിന്റെ അഭ്യന്തരസംഘർഷങ്ങളിൽപ്പെട്ട് ഉലഞ്ഞുപോയ പലഘട്ടങ്ങളുമുണ്ടായി ഇക്കഴിഞ്ഞ നൂറ്റിയമ്പതുവർഷങ്ങളുടെ ചരിത്രത്തിൽ. ഗുരുതരമായ അനേകം പുണ്ണുകളും വ്രണങ്ങളുമായി ഈ സംഘർഷങ്ങൾ വ്യവസ്ഥയുടെ സ്വാസ്ഥ്യം കെടുത്തി. എന്നാൽ മാർക്‌സ് ആഗ്രഹിച്ചപോലെ അവ മൂലധനവ്യവസ്ഥയെ മൃതപ്രായമാക്കിയില്ല. പല വഴികളിലൂടെ അത് മരണത്തെ നിരന്തരം അതിജീവിക്കുന്നു. മൂലധനത്തിന്റെ ജീവനകലയിൽത്തന്നെ മരണത്തിന്റെ വിചിത്രമായ ഒരു ഒളിച്ചുകളിയുണ്ട്. ഒരർത്ഥത്തിൽ, അത് മരിക്കുന്നില്ല. കാരണം ജന്മനാൽത്തന്നെ അത് മൃതമാണ്. മൃതമായ അധ്വാനമാണ് മൂലധനം; ജീവനുള്ള അധ്വാനത്തിന്റെ രക്തം കുടിച്ചാണ് അത് ജീവിക്കുന്നത് എന്ന് മാർക്‌സ്. മുൻപ് സൂചിപ്പിച്ചപോലെ തൊഴിലാളിയുടെ ജീവിതത്തിലെ ‘പ്രവൃത്തിദിവസങ്ങൾ’ മരിച്ച അധ്വാനം ജീവനുള്ള അധ്വാനത്തെ ഊറ്റിക്കുടിച്ച് സ്വയം ശ്വാസംനിലനിർത്തുന്ന വേളകളാണ്. മാർക്‌സ് ജീവിച്ചിരുന്ന കാലത്ത് മൂലധനത്തെ സംബന്ധിച്ചിടത്തോളം തൊഴിലാളിയുടെ പ്രവൃത്തിദിവസങ്ങൾ മാത്രമാണ് പ്രസക്തമായിട്ടുള്ളത്. പ്രവൃത്തി ഇവിടെ അധ്വാനം തന്നെ. പ്രവൃത്തിക്കുശേഷമുള്ള വിശ്രമവേളകൾ തൊഴിൽശേഷിയുടെ പുനരുൽപാദനത്തിനുള്ള ഇടവേളകൾ മാത്രം. എന്നാൽ ഇന്ന് അവ ഇടവേളകളല്ല. മൂലധനത്തെ സംബന്ധിച്ചിടത്തോളം വിശ്രമത്തിന്റെ വിനോദത്തിന്റേയും വേളകൾ തൊഴിൽ സമയത്തെപ്പോലെയോ അതിലേറെയോ പ്രസക്തമായ വേളകളാണ്. തൊഴിൽ സമയത്തിലൂടെയും ഒഴിവുസമയത്തിലൂടെയും പ്രയുക്തമാകുന്നുണ്ട്, അതിന്റെ ഉന്മത്തമായ അതിജീവനതന്ത്രങ്ങൾ. ഈ വിഷയത്തിലേക്ക് ഇവിടെ കടക്കുന്നില്ല. മാർക്‌സിന്റെ മൂലധനവിമർശത്തെ സാമ്പത്തികശാസ്ത്രചിന്തയുടെ ചിട്ടവട്ടങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങൾ പരിശോധിക്കാം. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ഒന്ന്, മാർക്‌സ് വസ്തുതകളെ നോക്കുന്നതെങ്ങിനെ എന്നത്. രണ്ട്, അധ്വാനശക്തി, അധ്വാനസമയം, മിച്ചമൂല്യം, ചരക്ക്, മൂലധനം എന്നീ സംവർഗങ്ങളെ വിശകലനം ചെയ്യുന്നതിൽ ഈ രീതി എങ്ങിനെ പ്രയുക്തമാവുന്നു എന്നത്. മൂലധനത്തിന്റെ ഒന്നാംവാള്യം നൂറ്റിയമ്പത് വർഷങ്ങൾക്കുശേഷം ഇന്ന് വായിക്കുമ്പോൾ ഈ ഘടകങ്ങളാണ് കൂടുതൽ പ്രസക്തമായി മാറുന്നത്.
രീതിയും രൂപകങ്ങളും
സയൻസിന്റെ മണ്ഡലത്തിൽ നിന്ന് ധാരാളം രൂപകങ്ങൾ മാർക്‌സ് തന്റെ കൃതികളിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വിശേഷിച്ചും മൂലധനത്തിന്റെ ഒന്നാം വാള്യത്തിൽ ഭൗതികശാസ്ത്രത്തിന്റേയും ജീവശാസ്ത്രത്തിന്റേയും മേഖലകളിൽ നിന്നുള്ള രൂപകങ്ങളാണ് അധികവും. മാത്രവുമല്ല വസ്തുതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും അവയുടെ നിയമങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സയൻസിന്റെ രീതിയോടുള്ള ആഭിമുഖ്യം അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ മാർക്‌സ് വസ്തുതകളെ നോക്കുന്ന രീതിയാണ് വ്യത്യസ്തമാവുന്നത്. വസ്തുതകൾ ശുദ്ധമായ ദത്തങ്ങള(data)ല്ല; അവ മൂല്യങ്ങളാൽ അന്തർരേഖിതമാണ്. വിശകലനത്തിനെടുക്കുമ്പോൾ അവയുടെ സ്വാഭാവികതയെത്തന്നെ പ്രശ്‌നവൽക്കരിക്കേണ്ടതുണ്ട്. അഥവാ, അവയുടെ നൽകപ്പെട്ട സ്വഭാവത്തെ മുറിച്ചു കടക്കേണ്ടതുണ്ട് (penetrating the giveness of the facts). വസ്തുതകളിന്മേലുള്ള മാർക്‌സിന്റെ നോട്ടം ഇത്തരത്തിൽ ‘മുറിച്ചുകടക്കുന്ന’ നോട്ടമാണ്. ഈ നോട്ടത്തിന്റെ സവിശേഷതകൾ സയൻസിന്റെ രീതിയെക്കുറിച്ച് മാർക്‌സ് നടത്തിയ ചില പരാമർശങ്ങളിലും കണ്ടെത്താവുന്നതാണ്. ഉദാഹരണത്തിന് ‘മൂലധനം’ തയ്യാറാക്കുന്ന സമയത്ത് എംഗൽസിനയച്ച കത്തിൽ ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് മാർക്‌സ് ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ഡാർവിൻ ജീവികളിലും സസ്യങ്ങളിലും കണ്ടത് തന്റെ ഇംഗ്ലീഷ് സമൂഹത്തിലെ തൊഴിൽ വിഭജനങ്ങളും മാൽസര്യങ്ങളും പുതുകമ്പോളങ്ങളുടെ ഉദയവും മാൽത്തൂസ് പറയുന്ന തരത്തിലുള്ള നിലനിൽപ്പിനായുള്ള സമരവും ഒക്കെയാണ് എന്നതാണ് അത്. മാർക്‌സിന്റെ ഈ നിരീക്ഷണത്തോട് വിയോജിക്കുന്നവരുണ്ടാവാം. ജനസംഖ്യയുടെ വർദ്ധന ഗുണോത്തരക്രമത്തിലും (geometric progression) ഭക്ഷ്യവിഭവങ്ങളുടെ വർദ്ധന സമാന്തരക്രമത്തിലും (arithmetic progression) ആയതിനാൽ വിഭവ ദാരിദ്ര്യവും പ്രതിസന്ധികളും ഉടലെടുക്കുമെന്നതും അതുകൊണ്ടുതന്നെ ആളുകൾ നിലനിൽപിനായുള്ള മാൽസര്യങ്ങളിൽ സ്വാഭാവികമായിത്തന്നെ ഏർപ്പെടുമെന്നുമുള്ള മാൽത്തൂസിന്റെ (Robert Malthus) നിഗമനങ്ങളെ ഉപജീവിച്ചുകൊണ്ട് പ്രകൃതിയിലെ പ്രതിഭാസങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കുമ്പോൾ ഡാർവിൻ സാമൂഹികമായ ഒരു രൂപകത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയതാവാം. സങ്കീർണമായ ദത്തങ്ങളെ വ്യാഖ്യാനിക്കാൻ രൂപകങ്ങളെ പ്രയോജനപ്പെടുത്തി എന്നതിൽക്കവിഞ്ഞ പ്രാധാന്യം അതിന് കൊടുക്കേണ്ടതുമില്ല എന്നും വാദിക്കാം. എന്നാൽ മാർക്‌സിന്റെ നോട്ടം അതിനപ്പുറത്തേക്ക് നീളുന്നുണ്ടോ? താൻ ജീവിക്കുന്ന സമൂഹത്തിലെ സംഘർഷങ്ങളെ തികച്ചും സ്വാഭാവികമായ വസ്തുതകളായി എണ്ണി അത്രതന്നെ സ്വാഭാവികമായി അവ ജീവജാലങ്ങളിൽ നിലനിൽക്കുന്നതായി ഡാർവിൻ സിദ്ധാന്തിച്ചുവെന്നാണോ മാർക്‌സിന്റെ പരമാർശത്തിലെ ധ്വനി? ഒരു ശാസ്ത്രഗവേഷണപദ്ധതി അതിന്റെ സങ്കൽപനചട്ടക്കൂടുകളെ സാധ്യമാക്കുന്ന മൂന്നുപാധികളോട് (ഇക്കാര്യത്തിൽ, മൂലധനത്തിന്റെ സൂക്ഷ്മബലതന്ത്രങ്ങളോട്) അനിവാര്യമായും പുലർത്തുന്ന ആന്ധ്യത്തിലേക്ക് ചൂണ്ടുന്നുണ്ടോ മാർക്‌സിന്റെ പരാമർശം? ഈ ചോദ്യങ്ങൾ അവിടെ നിൽക്കട്ടെ. പിൽക്കാലത്ത് സാമൂഹ്യസൈദ്ധാന്തികർ മേൽപ്പറഞ്ഞ രൂപകത്തിന്റെ യുക്തിയെ നേരെ എതിർദിശയിൽ തിരിച്ചിട്ടതിന്റെ വിരോധാഭാസം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഡാർവിൻ പറഞ്ഞ പരിണാമപ്രക്രിയയോട് സമാനസ്വഭാവം പുലർത്തുന്നുവെന്നതിനാൽ മൂലധനത്തിന്റെ രൂപവൽക്കരണം തന്നെ തികച്ചും സ്വാഭാവികമായ ഒന്നാണ് എന്നും മറ്റും വാദിക്കുന്നതുവരെയെത്തി കാര്യങ്ങൾ ! സാമൂഹികമായ ഒരു രൂപകം ജീവശാസ്ത്രത്തിലേക്കും പിന്നീടത് തിരിച്ചും സഞ്ചരിക്കുമ്പോൾ സംഭവിക്കുന്നതെന്ത് എന്നതാണ് ഇവിടെ കൗതുകകരമായിത്തീരുന്നത്.
മാർക്‌സിന്റെ നോട്ടത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. നോട്ടത്തിൽ കണ്ടെത്തിയത് ശരിയോ തെറ്റോ എന്നത് മറ്റൊരു വിഷയമാണ്. സാമ്പ്രദായികമായ അർത്ഥത്തിലുള്ള ഒരു ശാസ്ത്രപദ്ധതിയ്ക്കകത്ത് സാധ്യമാവുന്ന നോട്ടമല്ല മാർക്‌സിന്റേത്. ഏതൊരു ശാസ്ത്രപദ്ധതിയും ദത്തങ്ങളെന്ന നിലയിൽ വിശകലനത്തിനെടുക്കുന്ന വസ്തുതകളുടെ സ്വാഭാവികതയെ മുൻകൂറായി വിശ്വാസത്തിലെടുക്കുന്നുണ്ടാവാം. മാർക്‌സ് ആകട്ടെ ഈ ‘സ്വാഭാവികത’യെത്തന്നെ പിടികൂടുന്നു. നോട്ടം വസ്തുതകളെ നെടുകെ പിളർന്ന് സഞ്ചരിക്കുന്നു. ക്രിട്ടീക്ക് (critique) എന്ന പദം ഈ നോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. തത്ത്വചിന്താപരമായ മാനങ്ങളുള്ള ക്രിട്ടീക്ക് എന്ന പദം മാർക്‌സ് ‘മൂലധന’ത്തിന്റെ തലക്കെട്ടിൽത്തന്നെ ഉപയോഗിച്ചതിന്റെ സാംഗത്യവും ഇവിടെ ശ്രദ്ധേയമാകുന്നു. ക്ലാസിക്കൽ പൊളിറ്റിക്കൽ ഇക്കോണമിയുടെ ക്രിട്ടീക്ക് ആയാണ് മാർക്‌സ് തന്റെ മൂലധനവിമർശത്തെ കണ്ടത്. പൊളിറ്റിക്കൽ ഇക്കോണമി എന്നത് ഒരു വിശകലന പദ്ധതിയാണ്. വസ്തുതകൾ ഒരു പ്രത്യേകരീതിയിൽ വിശകലനം ചെയ്യപ്പെടുകയാണ് ഈ പദ്ധതിക്കുള്ളിൽ. അതായത് ഈ വിശകലനപദ്ധതിക്കുള്ളിൽത്തന്നെ ഒരു പ്രത്യേകതരം നോട്ടമുണ്ട്. മാർക്‌സിന്റെ അഭിപ്രായത്തിൽ മൂലധനവ്യവസ്ഥയാൽ ആവിഷ്ടമാണ് ഈ നോട്ടം. എന്നുവെച്ചാൽ മാർക്‌സ് നോക്കുന്നത് മറ്റൊരു നോട്ടത്തെയാണ്. അതിനെ സാധ്യമാക്കുന്ന ഉപാധികളെയാണ്. ഇതാണ് ക്രിട്ടീക്ക്. പൊളിറ്റിക്കൽ ഇക്കോണമിയെ ക്രിട്ടീക്കിന് വിധേയമാക്കുക എന്നാൽ അതിന്റെ കണ്ടെത്തലുകളെ വിമർശിക്കുക എന്നതല്ല, മറിച്ച് അതിന്റെ നോട്ടത്തെത്തന്നെ പ്രശ്‌നവൽക്കരിക്കുക എന്നതാണ്.
സാമൂഹിക മണ്ഡലത്തിലുള്ള ഒരു വസ്തുതയെ കേവലമായ ദത്തമെന്ന നിലയിൽ നോക്കുന്ന വിശകലന പരിപ്രേക്ഷ്യത്തിനുള്ളിൽ ആ വസ്തുത പ്രകൃതിദത്തമായ എന്തോ ഒന്നായി പ്രത്യക്ഷപ്പെട്ടേക്കാം. ക്ലാസിക്കൽ പൊളിറ്റിക്കൽ ഇക്കോണമി ഇത്തരമൊരു വിഭ്രാന്തിയിൽപ്പെട്ടുപോകുന്നുണ്ട്. സാമൂഹ്യശാസ്ത്രത്തെ പ്രകൃതിശാസ്ത്രവുമായി ഏകോപിപ്പിക്കുന്നതിനായി പിൽക്കാലത്ത് നടന്ന പോസറ്റിവിസ്റ്റ് പരിശ്രമങ്ങളിലും ഇത്തരമൊരു വിഭ്രാന്തിയുണ്ട്. മാർക്‌സ് ശ്രമിച്ചത് അതിന്റെ പ്രത്യയശാസ്ത്രപരമായ വിവക്ഷകളെ പുറത്തെടുക്കാനാണ്. ‘മൂലധനം’ എഴുതുന്നതിന്റെ മുന്നൊരുക്കമായി നടത്തിയ പഠനങ്ങളിൽ (ഗ്രുന്ത്രിസെ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്) മാർക്‌സ് ഈ പ്രശ്‌നം ചർച്ചചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, പൊളിറ്റിക്കൽ ഇക്കോണമി വ്യക്തികളെ നോക്കുന്നത് പ്രകൃത്യാ ഉള്ള ജീവികൾ എന്ന നിലയിലാണെന്ന് മാർക്‌സ് ചൂണ്ടിക്കാട്ടുന്നു. വാസ്തവത്തിൽ മൂലധനവ്യവസ്ഥയുടെ സവിശേഷമായ സാമൂഹ്യപരിത:സ്ഥിതിയിൽ മാത്രം കണ്ടുവരുന്ന ജീവികളാണ് ഈ വ്യക്തികൾ. അതായത് ആധുനിക വ്യക്തികളുടേതായ ഒരു പ്രാകൃതസമൂഹം സങ്കൽപ്പിച്ചുകൊണ്ടാണ് ക്ലാസിക്കൽ പൊളിറ്റിക്കൽ ഇക്കോണമി അതിന്റെ വിശകലനപദ്ധതിയെ ചിട്ടപ്പെടുത്തിയെടുക്കുന്നത്. പ്രകൃതിശാസ്ത്രത്തിലേതിന് സമാനമായ വസ്തുനിഷ്ഠത അവകാശപ്പെടുന്ന ഏത് സാമൂഹ്യവിശകലനപദ്ധതിയിലും ഇതുണ്ടാവാം. വിശകലനത്തിനായി തെരഞ്ഞെടുക്കുന്ന വസ്തുതകളുടെ ‘സ്വാഭാവികത’ പലമട്ടിലുള്ള ബന്ധങ്ങളിലൂടെയും പ്രക്രിയകളിലൂടെയും ഊറിക്കൂടി ഉറഞ്ഞുണ്ടായതാണ് എന്ന് തിരിച്ചറിയുന്നതിൽനിന്നും അവ വിലക്കപ്പെട്ടിരിക്കുന്നു. ഈ രീതിശാസ്ത്രപരമായ അന്ധതയെ തുറന്നുകാണിക്കൽ കൂടിയാണ് മാർക്‌സിന് ക്രിട്ടീക്ക് എന്നത്.
മൂലധനവും കാലവും
ഇനി മൂലധനത്തിലെ, വിശേഷിച്ചും അതിന്റെ ഒന്നാംവാള്യത്തിലെ കണ്ടെത്തലുകൾ എങ്ങനെയാണ് മാർക്‌സിന്റെ സവിശേഷമായ നോട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം. മൂലധനത്തിലെ കാതലായ കണ്ടെത്തലുകൾ എന്തൊക്കെയാണ്? മാർക്‌സ് ആവിഷ്‌കരിച്ച സിദ്ധാന്തം എന്താണ്? വാസ്തവത്തിൽ തീർത്തും മൗലികമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷണമൊത്ത മഹാസിദ്ധാന്തമെന്നും മാർക്‌സ് അവതരിപ്പിച്ചിട്ടില്ല. കണക്കൊപ്പിച്ച് പണിക്കുറ്റം തീർത്ത് മെനഞ്ഞെടുത്ത സിദ്ധാന്തം എന്ന നിലയിൽ കണ്ടാലും മാർക്‌സിന്റെ അധ്വാനമൂല്യസിദ്ധാന്തത്തിന്റെ ആഴം തിരിച്ചറിയാനായെന്ന് വരില്ല. സിദ്ധാന്തനിർമിതിയുടെ ലക്ഷണശാസ്ത്രം വെച്ച് അളന്നാൽ അതിന് അത്രയൊന്നും വിലമതിച്ചെന്നും വരില്ല. കണക്കും ക്രിയകളും മാറ്റിവെച്ചാൽ ഏതാനും താളുകളിൽ ഒതുക്കാവുന്ന ചില കണ്ടെത്തലുകൾ മാത്രമാവും ‘മൂലധന’ത്തിൽ നിന്ന് വാറ്റിയെടുക്കാവുന്ന സിദ്ധാന്തത്തിന്റെ ശേഷിപ്പ്. അതുകൊണ്ടുതന്നെ, മൂലധനം കമ്പോടുകമ്പ് വായിക്കുന്നതിന് അക്കാദമികമായ വ്യായാമം എന്നതിൽക്കവിഞ്ഞ ഒരു പ്രസക്തിയും ഉണ്ടായെന്ന് വരില്ല.
അധ്വാനമാണ് ചരക്കിന്റെ മൂല്യത്തെ നിർണയിക്കുന്നത് എന്ന കാഴ്ചപ്പാട് മാർക്‌സിനുമുമ്പേ ആഡംസ്മിത്തും ഡേവിഡ് റിക്കാഡോയുമൊക്കെ മുന്നോട്ടുവെച്ചിട്ടുള്ളതാണ്. മാർക്‌സ് അതിനോട് കൂട്ടിച്ചേർത്ത അധ്വാനശക്തി (Labour power) യെക്കുറിച്ചുള്ള കാഴ്ചപ്പാടും സാങ്കേതികമായി മാത്രം നോക്കിയാൽ സാമ്പത്തികശാസ്ത്രവ്യവഹാരത്തിനകത്ത് അത്രയൊന്നും വിലമതിക്കാവുന്ന ഒന്നല്ല. മൂലധനവ്യവസ്ഥയിൽ അധ്വാനത്തിന്റെ മൂല്യം അധ്വാനശക്തിയുടെ മൂല്യത്തേക്കാൾ കൂടുതലാണെന്നും അവതമ്മിലുള്ള വ്യത്യാസമാണ് മിച്ചമുല്യമാവുന്നതെന്നുമുള്ള മാർക്‌സിന്റെ വാദം ഒരു സൈദ്ധാന്തികൻ എത്തിച്ചേർന്ന നിഗമനം എന്നതിന്റെ പേരിലല്ല മറിച്ച് അതിലടങ്ങിയ സൂക്ഷ്മതലസ്പർശിയായ നോട്ടത്തിന്റെ വ്യതിരിക്തത കൊണ്ടാണ് സുപ്രധാനമാവുന്നത്. സമ്പദ്ശാസ്ത്രവ്യവഹാരത്തിന്റെ സങ്കൽപനോപാധികളെത്തന്നെ ഉലയ്ക്കുന്ന ഒന്നായി അത് മാറുന്നത് ഈ നോട്ടത്തിന്റെ വിസ്‌ഫോടകമായ സ്വഭാവം കൊണ്ടാണ്.
അധ്വാനശക്തിയെ അധ്വാനം എന്ന സംവർഗത്തിൽനിന്ന് വേർതിരിച്ച് കാണുന്നതിൽ മാർക്‌സ് പുലർത്തുന്ന ശ്രദ്ധയുടെ വിവക്ഷകളെ കുറെക്കൂടി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അധ്വാനം ഉരുപ്പടിയിലാണ് ഉള്ളത്. ചിലവഴിക്കപ്പെട്ട, ഉൽപന്നത്തിൽ നിക്ഷിപ്തമാവുന്ന ഒന്ന് എന്ന നിലയിൽ മാത്രമേ അതിനെ കാണാനാവൂ. വസ്തുവൽക്കരിക്കപ്പെട്ട അധ്വാനശക്തിയാണ് അത്. ക്ലാസിക്കൽ പൊളിറ്റിക്കൽ ഇക്കോണമി വിശകലനം ചെയ്തത് അധ്വാനത്തെയാണെങ്കിൽ മാർക്‌സിന്റെ നോട്ടം പതിഞ്ഞത് അധ്വാനശക്തിയിലാണ്. അധ്വാനശക്തിയിൽ ജീവൻ തുടിക്കുന്നുണ്ട്. അത് ചലനാത്മകമാണ്. ചലനത്തെ അളക്കുന്നത് സമയം കൊണ്ടാണ്. ഒരു പ്രത്യേക സാമൂഹ്യാവസ്ഥയിൽ നിലവിലുളള ശരാശരി സാങ്കേതികവിദ്യകളും മാർഗങ്ങളും ഉപയോഗിച്ച് ശരാശരി നൈപുണ്യമുള്ള ഒരാൾ അധ്വാനിക്കുമ്പോൾ ചരക്ക് ഉൽപാദിപ്പിക്കപ്പെടുന്നതിന് എത്ര സമയം ആവശ്യമായി വരുന്നുവോ അതാണ് ചരക്കിന്റെ മൂല്യത്തെ നിർണ്ണയിക്കുന്നത്. സാമൂഹ്യമായി അനിവാര്യമായിവരുന്ന അധ്വാനസമയം എന്ന് മാർക്‌സ് പറയും.
സമയത്തെക്കുറിച്ചുള്ള ഈ കാഴ്ച്ചപ്പാട് പ്രവൃത്തിദിവസത്തെക്കുറിച്ച് മുൻപേ സൂചിപ്പിച്ച മാർക്‌സിന്റെ നിരീക്ഷണങ്ങളുമായി ചേർത്തുവെക്കേണ്ടതുണ്ട്. അധ്വാനശക്തിയെ അളക്കാനുള്ള സമയമാണ് മൂലധന വ്യവസ്ഥയ്ക്കുള്ളിലെ ജീവീതത്തെ നിർണയിക്കുന്നത്. ഈ സമയമാണ് കലണ്ടറായി നമ്മുടെ ഭിത്തിയിൽ തൂങ്ങുന്നത്, ഘടികാരങ്ങളിൽ മിടിക്കുന്നത്. ഇതിലേക്കുള്ള മാര്ക്‌സിന്റെ നോട്ടം മിനുട്ടുകളുടേയും മണിക്കൂറുകളുടേയും ഋണധനഗണിതങ്ങളിൽപ്പെട്ടുപോയ മനുഷ്യജീവികളടെ ദാരുണമായ ഉൺമയിലേക്കുള്ള നോട്ടമാണ്. അക്കങ്ങലിലും മാത്രകളിലും അളന്ന് ഊറ്റിയെടുക്കുന്ന ജീവിതത്തിന്റെ ദൈന്യമാണ് മിച്ചമൂല്യമായി മാറുന്നത്. മാർക്‌സിന്റെ ഭാഷയിൽ പറഞ്ഞാൽ നിലനിന്നുപോകാൻ ആവശ്യമായി വരുന്ന ശരാശരി അധ്വാനസമയത്തേക്കാൾ കൂടുതൽ സമയം പണിയെടുക്കാൻ തൊഴിലാളികൾ നിർബന്ധിതരാവുന്നു; അധികമായി അധ്വാനിക്കുന്ന ഈ സമയം മിച്ചമൂല്യത്തെ സൃഷ്ടിക്കുന്നു. മറ്റൊരുതരത്തിൽപ്പറഞ്ഞാൽ ശരീരങ്ങളിൽ നിന്ന് ഊറ്റിയെടുക്കുന്ന മിച്ചസമയമാണ് മൂലധനവ്യവസ്ഥയുടെ ‘കാലം’.
അധ്വാനവും ചരക്കും പരസ്പരം വിനിമയസാധ്യമാകുന്നതിന് കാരണം അവയെ തുല്യതയുള്ള ഘടകങ്ങളായി എണ്ണാനാവുന്നു എന്നതാണ്. ഇങ്ങനെ എണ്ണാനാവുന്നത് സമയത്തിന്റെ യൂണിറ്റുകൾക്ക് സമാനസ്വഭാവം കൽപിക്കപ്പെടുന്നതിലൂടെയാണ്. ആനുഭവികമായ അർത്ഥത്തിൽ ഒരാളുടെ ഒരു ദിവസം മറ്റൊരാളുടെ അതേ ദിവസത്തിൽനിന്ന് ഗുണപരമായി വ്യത്യസ്തമായിരിക്കുമ്പോഴും കലണ്ടറിൽ അവയ്ക്ക് ഒരേ സ്വഭാവമാകും. അതായത് കലണ്ടറിലെ സമയം നിർഗുണവും ഏകജാതീയവുമാണ്. കാലഗണനയുടെ ഇത്തരമൊരു ചട്ടക്കൂടിനുള്ളിൽ മാത്രമേ ചരക്കും അധ്വാനവും തമ്മിലെ ഏകോപനം സാധ്യമാവൂ. ചരക്കുവ്യവസ്ഥതന്നെ ഏകജാതീയവും ശൂന്യ (നിർഗുണം എന്ന അർത്ഥത്തിൽ) വുമായ കാല-സങ്കൽപന ആശ്രയിച്ചു നിൽക്കുന്നുവെന്ന വാൾട്ടർ ബെൻയാമിന്റെ (Walter Benjamin) നിരീക്ഷണം അധ്വാനസമയത്തെക്കുറിച്ചുള്ള മൂലധനത്തിലെ കാഴ്ചപ്പാടിനെ പിന്തുടർന്നുള്ളതാണ്. ചുരുക്കത്തിൽ, ചരക്കുകളുടെ വ്യവസ്ഥയിൽ ജീവിക്കുമ്പോൾ അതിന്റേതായ ഒരു കാലസങ്കൽപനത്തിനകത്താണ് നമ്മൾ ജീവിക്കുന്നത്. വ്യവസ്ഥയെ മാറ്റലാണല്ലോ മാർക്‌സിന് വിപ്ലവം. യഥാർത്ഥ വിപ്ലവത്തിന്റെ ദൗത്യം ലോകത്തെ മാറ്റുക എന്നതിനേക്കാൾ കാലത്തെ മാറ്റുക എന്നതാണെന്ന അഗംബെന്റെ (Giorgio Agamben) നിരീക്ഷണം ഇവിടെ പ്രസക്തമാവുന്നു. മൂലധനവ്യവസ്ഥയുടെ കാലസങ്കൽപനത്തെ മൗലികമായിത്തന്നെ ചോദ്യംചെയ്യുമ്പോഴും വിപ്ലവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുഗുണമായ വേറിട്ടൊരു കാലസങ്കൽപനം അവതരിപ്പിക്കാൻ മാർക്‌സിനായില്ല എന്ന വിമർശനവും അഗംബെൻ മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതെന്തായാലും, മാർക്‌സിന്റെ മൂലധനവിമർശത്തെ വിലയിരുത്തുമ്പോൾ അതിന്റെ തത്ത്വചിന്താപരമായ മാനങ്ങൾ പ്രധാനമാകുന്നു എന്ന തിരിച്ചറിവാണ് ഈ നിരീക്ഷണങ്ങളിലുള്ളത്. അധ്വാനശക്തിയേയും സമയത്തേയും കുറിച്ചുള്ള മാർക്‌സിന്റെ ചിന്ത ചരക്കുകളെ വിശകലനത്തിന്റെ അടിസ്ഥാനസംവർഗങ്ങളായി പരിഗണിക്കുന്ന പോസിറ്റിവിസ്റ്റ് വിചിന്തനസമ്പ്രദായങ്ങളെ എങ്ങിനെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് മനസിലാക്കാൻ ഈ തിരിച്ചറിവ് അനിവാര്യമാണ്. ഇങ്ങനെ വായിക്കുമ്പോൾ മാത്രമെ മൂലധനം സാമ്പത്തികശാസ്ത്രത്തിന്റെ ഒരു ശരാശരി കണക്കുപുസ്തകമല്ലാതാവൂ.
ചരക്ക് എന്ന സംവർഗം
ചരക്ക് എന്ന സംവർഗത്തെ മാർക്‌സ് എങ്ങനെ വിശകലനം ചെയ്യുന്നുവെന്ന് പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യം കൂടുതൽ വ്യക്തമാവും. മൂലധനത്തിന്റെ ഒന്നാംവാള്യം തുടങ്ങുന്നതുതന്നെ എന്താണ് ചരക്ക് എന്ന ചോദ്യത്തെ മുൻനിർത്തിയുള്ള ആലോചനകളിലൂടെയാണ്. ആദ്യനോട്ടത്തിൽ അത് സുവ്യക്തും സുഗ്രാഹ്യവുമായ ഒരു സംഗതിയായിത്തോന്നും. എന്നാൽ സൂക്ഷ്മ വിശകലനത്തിൽ അത്യന്തം നിഗൂഢമായ ഒന്നായി അത് മാറും. അതിഭൗതികവും ദൈവശാസ്ത്രപരവുമായ സങ്കീർണതകളും സൂക്ഷ്മാംശങ്ങളുമൊക്കെ അതിൽ കണ്ടെത്താനാവും (metaphysical subtleties and theological niceties എന്ന് മാർക്‌സ്). ഈ ഒരൊറ്റ നിരീക്ഷണം മതി മാർക്‌സിന്റെ നോട്ടത്തിന്റെ വ്യതിരിക്തത മനസ്സിലാക്കാൻ. ക്ലാസിക്കൽ പൊളിറ്റിക്കൽ ഇക്കോണമിയെ സംബന്ധിച്ചിടത്തോളം വിശകലനത്തിന് ലഭ്യമാവുന്ന തരത്തിൽ ചരക്ക് അവിടെ ഉണ്ട്. മാർക്‌സിന്റെ നോട്ടത്തിൽ ‘അവിടെ ഉണ്ട്’ എന്ന മട്ടിലെടുക്കാവുന്ന ചരക്കിന്റെ നിലനിൽപ് തന്നെ പ്രശ്‌നവത്താണ്. ചരക്ക് അത് രൂപപ്പെട്ടുവരുന്ന പ്രക്രിയകൾക്ക് പുറത്ത്, അവയെ മായ്ച്ചുകൊണ്ട്, തനതായ ഉൺമയും മൂല്യവും ആർജ്ജിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്. മാർക്‌സിന്റെ ഭാഷയിൽപ്പറഞ്ഞാൽ ഒരു ഫെറ്റിഷ് (Fetish) ആയി. ചരക്ക് എന്ന സംവർഗ്ഗത്തിന്റെ മായികതയിലേക്കുള്ള മാർക്‌സിന്റെ നോട്ടം സാമ്പത്തികശാസ്ത്രത്തിന്റെ ചിട്ടവട്ടങ്ങൾക്ക് അപരിചിതമാണെന്ന് മാത്രമല്ല അതിന്റെ അതിർത്തിബോധത്തെ സമ്മർദ്ദത്തിലാക്കുംവിധം ഭീഷണവുമാണ്.
ചരക്ക് ഒരു വ്യവസ്ഥയെമുഴുവൻ പ്രതിബിംബനം ചെയ്യുന്നുണ്ട്. പുൽക്കൊടിയിലെ മഞ്ഞുതുള്ളിയിൽ ചുറ്റുമുള്ള പ്രപഞ്ചത്തെ കാണാനാവുന്നപോലെ മൂലധനവ്യവസ്ഥയിലെ എല്ലാ ബന്ധങ്ങളേയും അസംബന്ധങ്ങളേയും അതിൽ കാണാം. ഉൾപ്പൊരുത്തമുള്ള ഏകകമല്ല ചരക്ക് എന്നത്. പൊരുത്തക്കേടുകളുടെ ഒരു പൊതിക്കെട്ടാണ്. മാർക്‌സിന്റെ നോട്ടം പതിയുമ്പോൾ ഈ പൊതിക്കെട്ട് അഴിയുകയും പൊരുത്തക്കേടുകൽ പുറത്തുവരുകയും ചെയ്യുന്നു. ഉൽപന്നമെന്ന നിലയിൽ ചരക്കിന് ഉപയുക്തതയുണ്ട്. എന്നാൽ ഈ ഉപയുക്തതയല്ല അതിന്റെ മൂല്യമായി മാറുന്നത്. ചരക്കാവുന്ന പ്രക്രിയയിൽത്തന്നെ, വിനിമയപരമായ അതിന്റെ നിലനിൽപിൽത്തന്നെ ഉൽപന്നത്തിന് മറ്റൊരു മൂല്യം കൈവരുന്നു: വിനിമയ മൂല്യം. ചരക്കിന്റെ മൂല്യം അതിന് കൈവരുന്നത് അതിൽ ചെലുത്തപ്പെട്ട അധ്വാനത്തിൽനിന്നാണെങ്കിലും വിനിമയമൂല്യത്തിലാണ് അത് പ്രകടമാവുക. അതായത് സ്വയം മായ്ച്ചുകൊണ്ടാണ് അത് നിലനിൽക്കുന്നത്. മൂലധനവ്യവസ്ഥതയ്ക്കുള്ളിൽ ഉടലെടുക്കുന്ന ഗുണം അതിന്റെ സ്വാഭാവികഗുണമായി പ്രകടമാവുന്നു. ആളുകൾ ചരക്കുകളുടെ വ്യവസ്ഥയിൽ ഇടപെടുന്നതും ഇതേ മട്ടിലാവുന്നു. മതത്തിന്റെ ലോകത്ത് ആളുകൾ സ്വന്തം മസ്തിഷ്‌കം സൃഷ്ടിച്ച സങ്കൽപനങ്ങൾ സ്വയം നിലനിൽക്കുന്നുവെന്ന് ധരിക്കുന്നതുപോലെ മൂലധനവ്യവസ്ഥയിൽ ആളുകൾ സ്വന്തം കൈകളാൽ നിർമ്മിച്ചവ സ്വയം നിലനിൽക്കുന്നുവെന്ന് കരുതുന്നു. ഇതിന് കാരണം കമ്പോളം അതിന്റെതന്നെ പ്രതിഛായയിൽ സൃഷ്ടിച്ച വ്യക്തികളാണ് അതിൽ ഇടപെടുന്നത് എന്നതുകൂടിയാണ്. ഈ അസംബന്ധങ്ങളെ കെട്ടിപ്പൊതിഞ്ഞാൽ അതാണ് ചരക്ക് എന്ന സംവർഗം. പൊളിറ്റിക്കൽ ഇക്കോണമിയുടെ നോട്ടവും മൂലധനവ്യവസ്ഥയാൽ ആവിഷ്ടമാണ് എന്നതിനാൽ അതും ഫെറ്റിഷിസ്റ്റിക് ആണ്. മൂലധനവിമർശം രാഷ്ട്രീയസമ്പദ്ശാസ്ത്രവിമർശം തന്നെയാവുന്നത് ഈ അർത്ഥത്തിലാണ്.
മൂലധനം ഉണ്ടാവുന്നത്
മാർക്‌സ് ‘മൂലധനം’ എന്ന പദം ഉപയോഗിക്കുമ്പോൾ നിലവിലുള്ള സിദ്ധാന്തപദകോശത്തിലെ ഒരു സംജ്ഞയെ അതേ മട്ടിൽ ഉപയോഗിക്കുകയല്ല ചെയ്യുന്നത്. പദകോശം തന്നെ മാറുകയാണ് ഈ ഉപയോഗത്തിലൂടെ. മുൻപ് പറഞ്ഞ നോട്ടത്തിന്റെ ബലതന്ത്രങ്ങളെ ഉദാഹരിക്കാൻ ഈ ഉപയോഗം ശ്രദ്ധിച്ചാൽ മതി. മൂലധനം എന്ന വാക്കിലൂടെ മാർക്‌സ് വിരൽചൂണ്ടുന്നത് ഒരു വസ്തുവിലേക്കോ ഉപകരണത്തിലേക്കോ അല്ല, മറിച്ച് ഒരു സാമൂഹ്യബന്ധത്തിലേക്കാണ്. ഒരു വസ്തുവോ ഉപകരണമോ സ്വയം മൂലധനമാകുന്നില്ല. അവയെ മൂലധനമാകാൻ പര്യാപ്തമാക്കുന്ന ഗുണം എന്താണ്? അവയുടെ പ്രകൃതമോ അവയിൽ ചെലുത്തപ്പെട്ട അധ്വാനമോ പോലുമല്ല. ഒരു പ്രത്യേക സാമൂഹ്യോൽപാദനബന്ധത്തിനകത്തുമാത്രമേ അവ മൂലധനമാകുന്നുള്ളു. നെയ്ത്തുയന്ത്രം എന്നത് നെയ്ത്തിനുള്ള ഒരു യന്ത്രംമാത്രമാണ്. ചില ഉപാധികൾക്കകത്തേ അത് മൂലധനമാക്കുന്നുള്ളൂ. ഈ ഉപാധികളിൽനിന്ന് അടര്‍ത്തിമാറ്റിയാലും അത് മൂലധനം തന്നെ എന്നു പറയുന്നത് പഞ്ചസാര എന്നാൽ പഞ്ചസാരയുടെ വില തന്നെ എന്ന് പറയുന്നതുപോലെയാണ്. ചുരുക്കത്തിൽ മൂലധനം എന്ന പദം സൂചിപ്പിക്കുന്നത് ഒരു സാമൂഹ്യ ഉൽപാദനബന്ധത്തെയാണ്.
ഈ ഉൽപാദനബന്ധത്തിന്റെ സ്വഭാവമെന്താണ്?
മാർക്‌സ് പറയുന്നതനുസരിച്ചാണെങ്കിൽ, ഉൽപാദനത്തിന്റെ ഉപാധികളിൽ ചെലുത്തപ്പെട്ട മുൻകാലത്തെ അധ്വാനത്തെ സക്രിയമാക്കി നിലനിർത്താൻ കഴിയുന്ന ഒരു ബന്ധത്തിനകത്തേ മൂലധനം ഉണ്ടാവുന്നുള്ളൂ. അതായത് മരിച്ച അധ്വാനം (കഴിഞ്ഞ കാലത്തെ അധ്വാനം) മരണത്തെ അതിജീവിക്കണം. ഈ അതിജീവനം സ്വാഭാവികമായ ഒന്നല്ല. ഇന്നത്തെ അധ്വാനം ഇന്നലത്തെ അധ്വാനത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നു. മരിച്ച അധ്വാനത്തിനുമേൽ സ്വകാര്യ ഉടമസ്ഥത നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ സ്വകാര്യഉടമസ്ഥർ ജീവിക്കുന്ന അധ്വാനത്തിനുമേൽ സ്വാധീനം ചെലുത്തുന്നു. ഇതിലൂടെ മൂലത്തിൽ ഉള്ളതിന് കൂടുതൽ മൂല്യമാർജ്ജിക്കാൻ കഴിയുന്നു. ഉൽപാദനത്തിനുള്ള ഉപാധി എന്ന നിലയിൽ പഴയ അധ്വാനം ജീവത്തായ അധ്വാനത്തിന് സഹായകമാകുന്നുവെന്നതല്ല, മറിച്ച് ഇന്നത്തെ അധ്വാനം മൂല്യവർധനക്കായുള്ള ഉപാധി എന്ന നിലയിൽ പഴയ അധ്വാനത്തെ ജീവത്താക്കി മാറ്റുന്നുവെന്നതാണ് മൂലധനത്തെ സാധ്യമാക്കുന്ന അടിസ്ഥാനം. എന്തും മൂലധനമാകുന്നത് ഇത്തരമൊരു സാമൂഹ്യ ഉൽപാദനനബന്ധത്തിനകത്തുമാത്രമാണ്.
ധനം മൂലധനമാകുന്നതെങ്ങിനെ എന്നന്വേഷിക്കുമ്പോഴും ഇക്കാര്യം വ്യക്തമാവും. ധനം അതിന്റെ തനതവസ്ഥയിൽ മൂലധനമാവില്ല. അത് മൂലമായി, അതായത് തുടക്കത്തിൽ വരുമ്പോഴും മൂലധനമാകുന്നില്ല. ഒരു വസ്തുവിറ്റ് പണം സമ്പാദിക്കുകയും അതുകൊണ്ട് മറ്റൊരു വസ്തു വാങ്ങുകയും ചെയ്യുമ്പോൾ ഈ പരിക്രമണവ്യവസ്ഥയിൽ പണം ഉണ്ട്. എന്നാൽ അത് മൂലധനമല്ല. പണംകൊണ്ട് ചരക്ക് വാങ്ങി സമമൂല്യമുള്ള പണത്തിന് വിൽക്കുന്ന ഒരു പരിക്രമണവ്യവസ്ഥ സങ്കൽപിച്ചാൽ അതിലും മൂലധനം ഇല്ല. മൂലത്തിൽ വരുന്ന ധനം പരിക്രമണത്തിലൂടെ മൂല്യവർദ്ധിതമായിത്തീരണം (മാർക്‌സിന്റെ ഫോർമുലപ്രകാരം ‘M-C-M’ എന്നതാണ് ഈ പരിക്രമണ രീതി. M എന്നത് പണത്തേയും C എന്നത് ചരക്കിനേയും M’ എന്നത് അധികമൂല്യമാർജിച്ച പണത്തേയും സൂചിപ്പിക്കുന്നു). അതായത് തുടക്കത്തിൽ എന്താണോ ഉള്ളത് അതിന്റെ മൂല്യത്തിനുപിന്നിലെ അധ്വാനത്തിന്റെ ഉടമകൾ ജീവത്തായ അധ്വാനത്തിനുമേൽ ആധിപത്യം ചെലുത്തുകയും അതിലൂടെ മൂല്യവർദ്ധന സാധ്യമാക്കുകയും ചെയ്യുന്ന ഒരു ബന്ധവ്യവസ്ഥയ്ക്കുള്ളിൽ ആണ് മൂലധനം ഉണ്ടാവുന്നത്. ചുരുക്കിപ്പറഞ്ഞാൽ മൂലധനം എന്ന പദം മിച്ചമൂല്യം എന്ന പദത്തെക്കൂടി ഉൾക്കൊള്ളുന്ന സിദ്ധാന്തപദകോശത്തിനുള്ളിൽ മാത്രമേ അർത്ഥവത്താവുന്നുള്ളൂ. ഒരു സംജ്ഞയുടെ സവിശേഷമായ ഉപയോഗത്തിലൂടെ സാമ്പത്തികശാസ്ത്രത്തിന്റെ പദകോശത്തെത്തന്നെ മാറ്റിത്തീർക്കുകയാണ് മാർക്‌സ് ചെയ്തത്. പദാവലിയുടെ വിപുലീകരണംപോലുമല്ല അത്. കാരണം, മിച്ചമൂല്യം എന്നത് ഒരു നോട്ടപ്പിശകുകൊണ്ട് സാമ്പത്തികശാസ്ത്രജ്ഞരുടെ സങ്കൽപനഭൂമികയിൽനിന്ന് ഒഴിവായിപ്പോയ പദമല്ല. അവരുടെ വായനയിൽ അനിവാര്യമായും മിച്ചം വന്ന വാക്കാണത്. ഒരു വ്യവഹാരപദ്ധതിയുടെ പദകോശത്തിനുള്ളിൽ പറയാൻ പറ്റാത്തവയിലേക്ക്, അതിന്റെ അനിവാര്യമായ ഒഴിവാക്കലുകളിലേക്ക് തിരിയുന്ന ശ്രദ്ധയാണ് ‘മൂലധന’ത്തിന്റെ രീതിവിദ്യയെ മൗലികമാക്കുന്നത്.
മാർക്‌സ് ഒരു പദകോശജീവിയല്ല
മൂലധനവാദം എന്നർത്ഥം വരുന്ന കാപ്പിറ്റലിസം എന്ന പദവും മൂലധനവ്യവസ്ഥ എന്ന പ്രയോഗവുമെല്ലാം ഉപേക്ഷിക്കേണ്ടതുണ്ടെന്ന അഭിപ്രായം ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്നു. ഈ ‘ചീത്ത’ വാക്കുകൾക്കുപകരമായി കമ്പോളവ്യവസ്ഥ, സ്വതന്ത്രസംരഭകവ്യവസ്ഥ എന്നിങ്ങനെയുള്ള നിഷ്പക്ഷ പ്രയോഗങ്ങൾ സമ്പന്നരാഷ്ട്രങ്ങളുടെ സാമ്പത്തിക വിദഗ്ധരുടെ സമ്മേളനങ്ങളിൽ നിർദ്ദേശിക്കപ്പെടുകയും ഒട്ടൊക്കെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. 2013 ൽ നടന്ന അമേരിക്കയിലെ റിസോർസ് ബാങ്ക് സമ്മേളനത്തിലെ ഉപസംഹാരപ്രഭാഷണം ഈ പദപരിഷ്‌കരണത്തിന്റെ അനിവാര്യതയെ മുൻനിർത്തിയുള്ളതായിരുന്നു. ടെക്‌സാസിലെ ബോർഡ് ഓഫ് എജുക്കേഷൻ കാപ്പിറ്റലിസം എന്ന പദത്തിന് പകരം സ്വതന്ത്രസംരംഭകവ്യവസഥ (Free-enterprise system) എന്ന പ്രയോഗം പാഠ്യപദ്ധതിയ്ക്കായി നിർദ്ദേശിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. വാസ്തവത്തിൽ ഇതിൽ വലിയ അത്ഭുതമൊന്നുമില്ല. സാമ്പത്തികശാസ്ത്രത്തിന്റെ പദകോശത്തെ സമ്മർദ്ദത്തിലാക്കും വിധം ഈ ‘അശുദ്ധപദങ്ങൾ’ ആവർത്തിച്ച് ഉപയോഗിച്ചുറപ്പിച്ചത് മാർക്‌സിന്റെ മൂലധനം എന്ന കൃതിയാണ്. ജീവസ്സുറ്റ അധ്വാനത്തിന്റെ ചോരയൂറ്റിക്കൊണ്ടുമാത്രം നിലനിൽക്കാനാവുന്ന മൃതസത്വത്തെ സൂചിപ്പിക്കുന്ന വിധത്തിൽ ‘മൂലധനം’ എന്ന പദംതന്നെ തന്റെ കൃതിയുടെ തലക്കെട്ടാക്കി മാറ്റിയതിൽ മാർക്‌സ് പുലർത്തിയ ജാഗ്രതയെ മേൽപ്പറഞ്ഞ ഒഴിവാക്കലുകളുടെ പശ്ചാത്തലത്തിൽ തിരിഞ്ഞുനോക്കുന്നത് കൗതുകകരമാണ്.
മാർക്‌സിന്റെ കൃതികൾക്കുമുൻപ് കാപ്പിറ്റലിസം എന്ന പദം ഒരു സാഹിത്യകൃതിയിലല്ലാതെ (അതും മാർക്‌സിന്റെ കാലത്ത് തന്നെ പുറത്തുവന്ന ഒരു കൃതിയിൽ) മറ്റൊരിടത്തും ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നോർക്കണം. കാപ്പിറ്റലിസത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഡംസ്മിത്തും ആ പദം ഉപയോഗിച്ചിട്ടില്ല. ഒരു ഉൽപാദനപ്രക്രിയയെ സൂചിപ്പിക്കുന്നമട്ടിൽ കാപ്പിറ്റലിസ്റ്റ് എന്ന വിശേഷണപദം ഒരു പക്ഷെ ആദ്യമായി പ്രത്യക്ഷപ്പെട്ടത് മാർക്‌സിന്റെ കൃതികളിലാണ്. പിൽക്കാലത്ത് മാർക്‌സിനെ സൂചിപ്പിക്കാതെത്തന്നെ ഉപയോഗിക്കാനാവുന്ന പദം എന്ന മട്ടിൽ അതിന് പ്രയോഗസാധുത കൈവന്നു. അതിന്റെ വിവക്ഷകളെ ഒഴിവാക്കുക എന്നാൽ മാർക്‌സിന്റെ ഭൂതത്തെ ഉച്ഛാടനം ചെയ്യുക എന്നാണർത്ഥം. ഒരു വ്യവഹാരത്തിന്റെ തട്ടകം ശുദ്ധമാക്കാൻ നടത്തുന്ന ഉച്ഛാടനക്രിയ ! എന്നാൽ മൂലധനവിമർശനത്തിന്റെ സ്‌ഫോടകശേഷിയെ നിർവീര്യമാക്കാൻ ഇതുകൊണ്ടായെന്ന് വരില്ല. വ്യവസ്ഥാപിതമായ ഒരു ചിന്താപദ്ധതിയുടെ പുറമ്പോക്കുകളിലാണ് അത് വീര്യമാർജ്ജിച്ചത്. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ, പുറമ്പോക്കുകൾ ഒരു ചിന്തയുടെ ഭൂപ്രദേശത്തിൽ പൊരുത്തവും പൊരുത്തക്കേടുകളുമുണ്ടാക്കുന്നതെങ്ങിനെ എന്നതാണ് ‘മൂലധന’ ത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യം. ഇത് വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യം തന്നെയാണ്. ഏത് വ്യവസ്ഥയെപ്പറ്റിയും ഉന്നയിക്കേണ്ടുന്ന ചോദ്യമായി ഇത് ഏറ്റെടുക്കുമ്പോഴാണ് മാർക്‌സിനെ മാറിയ സാമൂഹ്യാവസ്ഥകളോട് മുഖാമുഖം നിർത്താനാവുക. എല്ലാ സാമൂഹ്യാവസ്ഥകൾക്കും ബാധകമായ പദകോശം രൂപപ്പെടുത്തിയ ചിന്തകനായി മാർക്‌സിനെ കാണുന്നവരുണ്ടാവാം. വിചിത്രമായ ഒരുതരം പദരതിയിൽ (category fetishism!) അവർ അഭിരമിച്ചുകൊണ്ടിരിക്കും. എന്നാൽ മേൽപ്പറഞ്ഞ ചോദ്യത്തെ പല വഴികളിൽ പിന്തുടരുന്നവർക്ക് മാർക്‌സ് ഒരു പദകോശജീവി ആയിരിക്കില്ല.
സൂചിതകൃതികൾ
- Karl Marx, Capital: A critique of Political Economy, Vol.I, Progress Publishers, Moscow, 1954.
- Karl Marx, Grundrisse, Penguin, London, 1993.
- Marx and Engels, Selected Correspondence 1846 – 1895, Lawrence & Wishart, London, 1934.
- Walter Benjamin, On the Concept of History, Createspace Independent Publishing Platform, 2016.
- Giorgio Agamben, Infancy and History, Verso, London, 1993.
- Hannah Ardent, The Human Condition, University of Chicago Press, Chicago, 1958.
- Hart and Negri, Empire, Harward University Press, London, 2000; Multitude, Hamish Hamilton, London, 2005.
©www.navamalayali.com
Be the first to write a comment.