റിവോണിയ വിചാരണയിൽ പ്രതിസ്ഥാനത്തുനിന്നുകൊണ്ട്  1964 ഏപ്രിൽ 20-ന് ദക്ഷിണാഫ്രിക്കൻ സുപ്രീം കോടതിയിൽ  നെൽസൺ മണ്ടേല നടത്തിയ ഐതിഹാസികമായ പ്രസംഗത്തിന്റെ മലയാളം. മണ്ടേലയുടെ  നൂറാമത് ജന്മദിനത്തിൽ  ആ സമരജീവിതത്തിനും  ആഫ്രിക്കൻ സ്വാതന്ത്ര്യപോരാട്ടങ്ങൾക്കും നവമലയാളിയുടെ ആദരം.
————————–

ഞാനാണു ഒന്നാം പ്രതി. 

ഒരു കലാശാലാബിരുദധാരിയായ ഞാൻ  ജൊഹാന്നസ്ബർഗിൽ ഒലിവർ റ്റാംബോയോടൊപ്പം അഭിഭാഷകനായി പ്രാക്സ്റ്റീസ് ചെയ്തിട്ടുണ്ട്. അനുവാദമില്ലാതെ രാജ്യം വിട്ടതിനും 1961 മേയ് അവസാനം ജനങ്ങളെ സമരത്തിനു പ്രേരിപ്പിച്ചതിനുമായി കുറ്റം ചുമത്തപ്പെട്ട് അഞ്ച് വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയാണു.

ആദ്യം തന്നെ പറയട്ടെ,  ദക്ഷിണാഫ്രിക്കയിലെ സമരങ്ങൾ വിദേശികളുടേയോ കമ്മ്യൂണിസ്റ്റുകളുടെയോ സ്വാധീനം കൊണ്ടുള്ളവയാണെന്ന് സർക്കാർ ഇവിടെ തുടക്കത്തിൽ ഉയർത്തിയ അഭിപ്രായം മുഴുവനായും പിശകാണു. ഒരു വ്യക്തി എന്ന നിലയ്ക്കും എന്റെ ജനങ്ങളുടെ നേതാവെന്ന നിലയ്ക്കും ഞാൻ ചെയ്തതൊക്കെയും ദക്ഷിണാഫ്രിക്കയിലെ എന്റെ അനുഭവങ്ങൾ കൊണ്ടും ഞാൻ അഭിമാനം കൊള്ളുന്ന എന്റെ ആഫ്രിക്കൻ പശ്ചാത്തലം കൊണ്ടുമാണു; പുറത്തു നിന്നു വന്ന ആരെങ്കിലും  എന്തെങ്കിലും പറഞ്ഞതുകൊണ്ടല്ല.

ട്രാൻസ്കെയിലെ എന്റെ ബാല്യത്തിൽ എന്റെ ഗോത്രത്തിലെ മുതിർന്നവർ പറഞ്ഞിരുന്ന കഥകൾ ഞാൻ കേൾക്കുമായിരുന്നു. ആ കഥകളിൽ ചിലത് പിതൃഭൂമിക്കു വേണ്ടി പോരാടിയ ഞങ്ങളുടെ പൂർവ്വികരെക്കുറിച്ചുള്ളവയായിരുന്നു. മുഴുവൻ ആഫ്രിക്കയുടേയും യശസ്സുയർത്തിയ ഡിൻഗാനെയുടേയും ബാംബട്ടയുടേയും,ഹിന്റ്സയുടേയ്യും മക്കാനയുടേയും, സ്കുൻ ഗെത്തിയുടേയും ദലാസിലെയുടേയ്യും മൊസ് ഹിസോയുടേയും സെഖുഖുനിയുടേയും സ്തുത്യർഹമായ പേരുകൾ. എന്റെ ജനങ്ങളെ സേവിക്കുന്നതിനും അവരുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ എന്റെ വിനീതമായ പങ്ക് വഹിക്കുവാനും ഞാൻ അന്നേ ആഗ്രഹിച്ചതാണു. അതാണു ഈ കേസ് സംബന്ധിയായി ഞാൻ ചെയ്തവയ്ക്കെല്ലാം എനിക്കുണ്ടായിരുന്ന പ്രചോദനം.

ഇത്രയും പറഞ്ഞു കഴിയുമ്പോൾ അക്രമത്തെക്കുറിച്ചുള്ള ചോദ്യത്തെ സംബന്ധിച്ച് എനിക്കൽപ്പം ദീർഘമായിത്തന്നെ വിശദീകരീക്കുവാനുണ്ട്.കോടതിയിൽ ബോധിപ്പിക്കപ്പെട്ട കാര്യങ്ങളിൽ ചിലവ സത്യവും ചിലവ സത്യവിരുദ്ധവുമാണു. എന്നാൽ അട്ടിമറി ആസൂത്രണം ചെയ്തു എന്നത് ഞാൻ നിഷേധിക്കുന്നില്ല. വീണ്ടുവിചാരമില്ലാതെയോ അക്രമമാർഗ്ഗത്തോടുള്ള താല്പര്യം കൊണ്ടോ അല്ല ഞാൻ അതിനു പദ്ധതിയിട്ടത്. വെള്ളക്കാർ വർഷങ്ങളായി എന്റെ ജനങ്ങളുടെ മേൽ  അടിച്ചേൽപ്പിക്കുന്ന ദുർഭരണത്തിൽ നിന്നും ചൂഷണത്തിൽ നിന്നും പീഡനത്തിൽ നിന്നും ഉയർന്നുവന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ശാന്തവും ഗൗരവപൂർവ്വവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു അത് ചെയ്തത്.

Umkhonto we Sizwe രൂപീകരിക്കുന്നതിൽ സഹായിച്ചവരിൽ ഒരാൾ ഞാനായിരുന്നു എന്നതും 1962 ആഗസ്റ്റിൽ അറസ്റ്റിലാവുന്നതു വരെ അതിന്റെ പ്രവർത്തനങ്ങളിൽ പ്രധാനപങ്ക് വഹിച്ചിരുന്നു എന്നതും ഞാൻ സമ്മതിക്കുന്നു.

ഞാൻ ഇപ്പോൾ നൽകാൻ പോകുന്ന മൊഴിയിലൂടെ  ഗവണ്മെന്റ് ഭാഗത്തുള്ള സാക്ഷികൾ സൃഷ്ടിച്ച ചില തെറ്റായ ധാരണകൾ ഞാൻ തിരുത്തുന്നതാണു. തെളിവുകളായി നിരത്തിയ പല കാര്യങ്ങളുംUmkhonto ചെയ്തവയോ ചെയ്യാൻ കഴിയുന്നവയോ ആയിരുന്നില്ലെന്ന് എനിക്ക് ബോധ്യപ്പെടുത്തുവാൻ കഴിയും. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സും ഉംഖൊണ്ടോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഈ രണ്ട് സംഘടനകളിലും ഞാൻ വഹിച്ച പങ്കിനെക്കുറിച്ചും ഒപ്പം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്കിനെക്കുറിച്ചും ഞാൻ വിശദീകരിക്കുന്നതാണു. എന്നാൽ ഇവയെല്ലാം കൃത്യമായി വിശദീകരിക്കുന്നതിനു  ഉംഖോണ്ടോയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളിലേക്കുള്ള മാർഗ്ഗങ്ങളെക്കുറിച്ചും എന്തുകൊണ്ടാണു ആ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും ഈ സംഘടനകളിൽ ഞാൻ എങ്ങനെയായിരുന്നു പങ്കെടുത്തിരുന്നതെന്നുമുള്ളത് വിശദമാക്കേണ്ടതുണ്ട്.

ഒരു സംഘടനയെന്ന നിലയിൽ ഉംഖോണ്ടോയുടെ നയങ്ങൾക്ക് വിരുദ്ധമായതായ, ഞങ്ങൾക്കു മേൽ ആരോപിക്കപ്പെട്ട  എല്ലാ കൃത്യങ്ങളും ഞാൻ നിഷേധിക്കുന്നു. അത്തരം പ്രവൃത്തികൾക്ക് എന്ത് ന്യായീകരണമാണുള്ളതെന്ന് എനിക്കറിയില്ല. എന്നാൽ അവയൊന്നും ഉംഖോണ്ടോ പദ്ധതിയിട്ടിരുന്നവയല്ല എന്ന് തെളിയിക്കുവാൻ സംഘടനയുടെ ഉത്ഭവവും നയപരിപാടിയും  ചുരുക്കത്തിൽ വിവരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഉംഖോണ്ടോ സ്ഥാപിക്കുന്നതിനു സഹായിച്ചവരിൽ ഒരാൾ ഞാനായിരുന്നു എന്നത് ഞാൻ പറഞ്ഞുകഴിഞ്ഞതാണു. ഞാനും മറ്റുള്ളവരും സംഘടന സ്ഥാപിച്ചതിനു രണ്ട് കാരണങ്ങളുണ്ട്.ഒന്നാമതായി, ഞങ്ങൾ കരുതിയത് ഗവണ്മെന്റ് നയങ്ങളുടെ ഫലമായി ആഫ്രിക്കൻ ജനത അക്രമത്തിലേക്ക് തിരിയുക എന്നത് തടഞ്ഞു നിർത്തുവാൻ കഴിയാത്ത ഒരു പ്രതിഭാസമായി മാറുമെന്നും ജനങ്ങളുടെ വികാരങ്ങളെ കൃത്യമായി നയിക്കുന്നതിനു ഉത്തരവാദിത്തമുള്ള ഒരു നേതൃത്വത്തിന്റെ  അഭാവം അവരെ തീവ്രവാദത്തിലേക്കും യുദ്ധം കൊണ്ട് പോലും സൃഷ്ടമാവാത്ത രീതിയിൽ ഈ രാജ്യത്തെ പല വർഗ്ഗക്കാർ തമ്മിലുള്ള ദ്വേഷത്തിലേക്കും  നയിക്കുമെന്നുമായിരുന്നു. രണ്ടാമതായി,വെള്ളക്കാരന്റെ  അധീശ്വത്തത്തിനെതിരെയുള്ള ആഫ്രിക്കൻ ജനതയുടെ പോരാട്ടങ്ങളിൽ അക്രമം ഇല്ലാതെയുള്ള പാതകൾ ഫലപ്രദമാകുകയില്ലെന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഈ അധിപത്യത്തിനെതിരെ നിയമപരമായി പ്രതിഷേധിക്കുവാനുള്ള സാധ്യതകളെല്ലാം നിയമം മൂലം തന്നെ അടച്ചിരുന്നതിനാൽ ഒന്നുകിൽ സ്ഥിരമായി കീഴ്പ്പെട്ട് ജീവിക്കുവാൻ തയ്യാറാവുക, അല്ലെങ്കിൽ ഗവണ്മെന്റിനെ എതിർക്കുക എന്ന  സാഹചര്യത്തിലേക്ക് ഞങ്ങൾ എത്തിപ്പെടുകയാണുണ്ടായത്. നിയമത്തെ എതിർക്കുക എന്ന വഴി ഞങ്ങൾ തെരഞ്ഞെടുത്തു. ഞങ്ങൾ ആദ്യം നിയമലംഘനം നടത്തിയത് അക്രമത്തിലേക്ക് ഏതെങ്കിലും വിധത്തിലുള്ള മടങ്ങിപ്പോക്ക് ഒഴിവാക്കിക്കൊണ്ടായിരുന്നു. എന്നാൽ അവരുടെ നയങ്ങൾക്കെതിരെയുള്ള  പ്രതിഷേധത്തിന്റെ ഈ മാർഗ്ഗം സ്വീകരിച്ചതിനു ഗവണ്മെന്റ് തിരിച്ചടിച്ചത് ബലം പ്രയോഗിച്ചുള്ള അടിച്ചമർത്തലുകൾ കൊണ്ടാണു. അപ്പോൾ മാത്രമാണു അക്രമത്തിനു അക്രമം കൊണ്ട് മറുപടി പറയുവാൻ ഞങ്ങൾ തീരുമാനിച്ചത്.

എന്നാൽ ഞങ്ങൾ തെരഞ്ഞെടുത്ത അക്രമമാർഗ്ഗം ഒരിക്കലും തീവ്രവാദപരമായിരുന്നില്ല. ഉംഖൊണ്ടോ രൂപീകരിച്ച ഞങ്ങളെല്ലാവരും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് അംഗങ്ങളായിരുന്നതിനാൽ തന്നെ രാഷ്ട്രീയ തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിൽ അഹിംസയുടെയും ചർച്ചകളുടേയും വഴികൾ പിന്തുടർന്ന് ശീലിച്ചവരായിരുന്നു.  ദക്ഷിണാഫ്രിക്കയെന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമല്ല, മറിച്ച്,കറുത്തവനാകട്ടെ വെളുത്തവനാകട്ടെ, ഇവിടെ ജീവിക്കുന്ന എല്ലാവരുടേതുമാണു എന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.ഞങ്ങളൊരിക്കലും ഒരു വംശീയയുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്ന് മാത്രമല്ല, അവസാനം നിമിഷം പോലും അങ്ങനെയൊന്ന് ഒഴിവാക്കുവാനാണു എന്നും ആഗ്രഹിച്ചിരുന്നത്. കോടതിക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉംഖോണ്ടോയുടെ തന്ത്രങ്ങളെക്കുറിച്ച് ഞാൻ വഴിയേ വിശദീകരിക്കുമ്പോൾ സംഘടനയുടെ ആകെയിതുവരെയുള്ള ചരിത്രം അതിനു നിവൃത്തി വരുത്തുന്നതാണു. അതിനാൽ തന്നെ, എനിക്ക് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനെക്കുറിച്ച് ചിലത് പറയുവാനുണ്ട്.

ദക്ഷിണാഫ്രിക്കാ ആക്റ്റ് പ്രകാരം തീവ്രമായി വെട്ടിക്ക്കുറയ്ക്കപ്പെട്ട്,ദേശീയ ഭൂമി ആക്റ്റ്  വഴി ഭീഷണി നേരിട്ടുകൊണ്ടിരുന്ന  ആഫ്രിക്കൻ ജനതയുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനാണു 1912ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് രൂപീകരിക്കപ്പെട്ടത്. മുപ്പത്തിയേഴ് വർഷങ്ങൾ- അതായത് 1949 വരെ– അത് കണിശമായും ഭരണഘടനാനുസൃതമായ പോരാട്ടങ്ങളിലാണു ഏർപ്പെട്ടത്. ആഫ്രിക്കൻ താല്പര്യങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുകയും അതു വഴി ആഫ്രിക്കക്കാർ പതിയെ രാഷ്ട്രീയ അവകാശങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യും എന്ന വിശ്വാസത്തിൽ  ആവശ്യങ്ങളും പ്രമേയങ്ങളും അവതരിപ്പിക്കുക എന്ന വഴി അത് സ്വീകരിച്ചു. പക്ഷേ വെള്ളക്കാരുടെ ഗവണ്മെന്റ് അനങ്ങാപ്പാറനയം സ്വീകരിക്കുകയും അതിന്റെ ഫലമായി ആഫ്രിക്കക്കാരുടെ അവകാശങ്ങൾ കൂടുന്നതിനു പകരം കുറയുകയുമാണു ഉണ്ടായത്. 1952ൽ ANCയുടെ അദ്ധ്യക്ഷനായ എന്റെ നേതാവ് ചീഫ് ലുറ്റുലിയുടെ വാക്കുകളിൽ “ജീവിതത്തിന്റെ മുപ്പതുവർഷങ്ങൾ ക്ഷമയോടെ, ശാന്തതയോടെ, വിനയത്തോടെ അടച്ച് കുറ്റിയിട്ട ഒരു വാതിലിലാണു ഞാൻ വ്യർത്ഥമായി മുട്ടിക്കൊണ്ടിരുന്നത് എന്നു പറഞ്ഞാൽ ആരാണു നിഷേധിക്കുക?എന്തായിരുന്നു ആ മിതത്വത്തിന്റെ ഫലം? ഞങ്ങളുടെ അവകാശങ്ങളും പുരോഗതിയും തടയുന്ന രീതിയിലുള്ള അനേകം നിയമങ്ങളാണു കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ ഉണ്ടായത്.ഇന്നിപ്പോൾ അവകാശങ്ങളേ ഇല്ല എന്ന ഒരു സാഹചര്യത്തിലേക്കാണു ഞങ്ങൾ എത്തിച്ചേർന്നിട്ടുള്ളത്.”

1949നു ശേഷം പോലും ഹിംസയുടെ മാർഗ്ഗങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതിൽ ANC  പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാൽ കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിയമാനുസൃതമായ പ്രതിഷേധങ്ങളിൽ ഒതുങ്ങി നിൽക്കുക എന്ന സ്ഥിതിയിൽ മാറ്റം വന്നു. വർണ്ണവിവേചനചട്ടങ്ങളുടെ ഭാഗമായ ചില നിയമങ്ങൾക്കെതിരെ സമാധാനപരമായ, എന്നാൽ നിയമലംഘനസ്വഭാവമുള്ള പ്രകടനങ്ങൾ നടത്തുക ഒരു തീരുമാനത്തിൽ നിന്നുമാണു ഈ മാറ്റം സംഭവിച്ചത്.  ഈ നയത്തിന്റെ ഭാഗമായാണു  ANC  പ്രതിരോധ പ്രചരണം ആരംഭിക്കുന്നതും സന്നദ്ധപ്രവർത്തകരുടെ മേൽനോട്ടചുമതല എന്നിൽ വന്നു ചേരുന്നതും.  സഹനസമരം എന്ന തത്ത്വത്തിലായിരുന്നു ഈ പ്രചാരണം ഊന്നിയിരുന്നത്. 8,500ൽ അധികം ജനങ്ങൾ വർണ്ണവിവേചന നിയമത്തിനെതിരെ രംഗത്തു വരികയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.  എന്നിട്ടും ഈ പ്രതിഷേധപ്രചാരണത്തിലുടനീളം ഒരാളുടെ ഭാഗത്തു നിന്നും ഒരൊറ്റ അക്രമസംഭവം പോലും ഉണ്ടായില്ല. അങ്ങേയറ്റം അച്ചടക്കവും അഹിംസയും പുലർത്തി എന്ന കാരണം കണ്ടതിനാലാണു ഈ പ്രചാരണം സംഘടിപ്പിച്ചത് വഴി പ്രതി ചേർക്കപ്പെട്ടിട്ടും എന്നെയും മറ്റ്  പത്തൊൻപത് സഹപ്രവർത്തകരെയും ജഡ്ജി വെറുതേ വിട്ടത്.ഈ സമയത്താണു ANC യുടെ സന്നദ്ധസംഘടനാവിഭാഗം രൂപീകരിക്കപ്പെട്ടതും ‘മരണപ്രതിജ്ഞ’ (‘Amadelakufa’ ) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടതും  ചില തത്ത്വങ്ങളിൽ ഉറച്ചു നിൽക്കുന്നതിനുള്ള ആ പ്രതിജ്ഞ കൈക്കൊള്ളാൻ സന്നദ്ധപ്രവർത്തകരോട് ആവശ്യപ്പെട്ടതും.  സന്നദ്ധപ്രവർത്തകരെയും അവരുടെ പ്രതിജ്ഞയെയും സംബന്ധിച്ച് ഈ കേസിൽ പ്രസ്താവിച്ചിരിക്കുന്നുണ്ട്. എന്നാൽ അത് തെറ്റായ രീതിയിലാണു വ്യാഖ്യാനിച്ചിരിക്കുന്നത്. വെള്ളക്കാർക്കെതിരെ ഒരു ആഭ്യന്തരയുദ്ധത്തിനായി നിർമ്മിച്ച  ഒരു കറുത്തസേനയുടെ പടയാളികളായിരുന്നില്ല അന്നും ഇന്നും ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ. സമരങ്ങൾ സംഘടിപ്പിക്കുകയോ  ലഘുലേഖകൾ വിതരണം ചെയ്യുകയോ മുതലായി, പ്രചരണത്തിനു ആവശ്യമായ എന്തിനും സമർപ്പിതരായ പ്രവർത്തകർ മാത്രമാണു അന്നും ഇന്നും ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ.  അത്തരം പ്രവർത്തനങ്ങൾക്ക്  നിയമപ്രകാരം ലഭിക്കാവുന്ന തടവും  ദണ്ഡനകളും ഏറ്റുവാങ്ങുവാൻ തയ്യാറായി മുന്നോട്ട് വന്നു എന്നതാണു അവരെ സന്നദ്ധപ്രവർത്തകരാക്കുന്നത്.

പ്രതിഷേധപ്രചരണത്തിനിടയ്ക്ക് പൊതുസുരക്ഷാ ആക്റ്റും ക്രിമിനൽ നിയമ ഭേദഗതി ആക്റ്റും പാസ്സാക്കപ്പെട്ടു. ഇതു വഴി ചട്ടങ്ങൾക്കെതിരെയുള്ള പ്രതിഷേധസമരങ്ങൾക്ക് മുൻപത്തെക്കാളും കഠിനമായ ശിക്ഷകൾ ലഭിക്കും എന്ന സ്ഥിതിയായി. എന്നിട്ടും ANCഅഹിംസയിൽ ഉറച്ചു നിന്നുകൊണ്ടുള്ള പ്രതിഷേധസമരങ്ങളാണു തുടർന്നത്. 1956ൽ കമ്മ്യൂണിസം അടിച്ചമർത്തൽ ആക്റ്റിന്റെ കീഴിൽ  വലിയ രീതിയിലുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തി ഞാനുൾപ്പടെ കോൺഗ്രസ്സ് മുന്നണിയുടെ 156 പ്രധാനനേതാക്കളെ  അറസ്റ്റ് ചെയ്തു. അക്രമമാണു ANCയുടെ നയം എന്നായിരുന്നു ഭരണകൂടത്തിന്റെ  ആരോപണമെങ്കിലും ഏതാണ്ട് അഞ്ച് വർഷത്തിനു ശേഷം വന്ന വിധിപ്രകാരം കോടതി അത് തള്ളിക്കളയുകയും ANCയുടേത് അക്രമരഹിതനയങ്ങളാണെന്ന്  കണ്ടെത്തുകയും ചെയ്തു. നിലവിലെ ഭരണക്രമത്തിനു പകരം ഒരു കമ്മ്യൂണിസ്റ്റ് സംവിധാനം സ്ഥാപിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം എന്ന് മുതൽക്ക് എല്ലാ വിധത്തിലും ഗവണ്മെന്റ് ഞങ്ങളെ പ്രതിചേർത്തു. എതിർക്കുന്നവരെയെല്ലാം കമ്മ്യൂണിസ്റ്റുകൾ എന്ന് മുദ്രകുത്തുക എന്ന വഴിയായിരുന്നു ഗവണ്മെന്റ് എന്നും സ്വീകരിച്ചിരുന്നത്. ആ രീതിയിലുള്ള ആരോപണം ഈ കേസിലും ആവർത്തിച്ചിരിക്കുകയാണു.  എന്നാൽ ANC ഒരു കമ്മ്യൂണിസ്റ്റ് സംഘടനയല്ലെന്നും ഒരിക്കലും ആയിരുന്നില്ലെന്നും ഞാൻ ഇവിടെ കാട്ടിത്തരുന്നതാണു.

1960ൽ ഷാർപ്പ് വില്ലെയിൽ ഒരു വെടിവെയ്പ്പുണ്ടാകുകയും അതേത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ANCയെ നിയമവിരുദ്ധപ്രസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രദ്ധയോടെയും കരുതലോടെയും ഇതിനെ വിലയിരുത്തിയതിനു ശേഷം ഈ ഉത്തരവ് പാലിക്കപ്പെടാനുള്ളതല്ല എന്ന തീരുമാനത്തിലേക്ക് ഞാനും എന്റെ സഹപ്രവർത്തകരും എത്തിച്ചേർന്നു. ആഫ്രിക്കൻ ജനത ഒരിക്കലും ഗവണ്മെന്റിന്റെയോ  അവരെ ഭരിച്ചിരുന്ന നിയമങ്ങളുടെ നിർമ്മാണത്തിലോ പങ്കാളികളായിരുന്നില്ല. “ജനഹിതമായിരിക്കണം ഭരണകൂടത്തിന്റെ  അവകാശങ്ങളുടെ അടിസ്ഥാനം”  എന്ന സാർവ്വദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ വാക്കുകളായിരുന്നു ഞങ്ങൾ വിശ്വസിച്ചിരുന്നത്. നിരോധനം സ്വീകരിക്കുകയെന്നാൽ  ആഫ്രിക്കൻ ജനത എന്നേയ്ക്കും നിശ്ശബ്ദത പാലിക്കുക എന്നാണു അർത്ഥമെന്നും ഞങ്ങൾ വിശ്വസിച്ചു. സംഘടന പിരിച്ചുവിടുക എന്ന ഉത്തരവ് ANCതള്ളിക്കളയുകയും ഒളിവിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു.  അൻപതുവർഷത്തെ സുദൃഢമായ പ്രവർത്തനങ്ങളും  യാതനകളും വഴി കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കർത്തവ്യമാണെന്ന് ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. തങ്ങളുടെ അഭിപ്രായങ്ങൾക്ക്  ഒരു വിലയും കൽപ്പിക്കാത്ത ഏതെങ്കിലും ഗവണ്മെന്റിന്റെ നിരോധനാജ്ഞ ശിരസാവഹിച്ച് ആത്മാഭിമാനമുള്ള ഒരു വെള്ളക്കാരുടെ സംഘടനയും സ്വയം പിരിച്ചുവിടില്ല എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല.

ജനാധിപത്യഭരണസ്ഥാപനത്തിനായി 1960ൽ ഗവണ്മെന്റ് ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തി. ദക്ഷിണാഫ്രിക്കൻ ജനസംഖ്യയുടെ 70ശതമാനത്തോളം വരുന്ന ആഫ്രിക്കൻ ജനതയ്ക്ക് വോട്ട് ചെയ്യുവാൻ അവകാശമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല മുന്നോട്ട് വയ്ക്കപ്പെട്ട ഭരണഘടനാഭേദഗതിയെ സംബന്ധിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ ആരും അന്വേഷിച്ചതുമില്ല. മുന്നോട്ടു വയ്ക്കപ്പെട്ട വെളുത്തവരുടെ ജനാധിപത്യസംവിധാനത്തിൽ ഞങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമായിരുന്നതിനാൽ ഒരു ദേശീയ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നതിനായി ഒരു സർവ്വ ആഫ്രിക്കൻ സമ്മേളനം വിളിച്ചു ചേർക്കുകയും  അത് ഗവണ്മെന്റിനു സമ്മതമല്ലായെങ്കിൽ ഞങ്ങൾക്കു വേണ്ടാത്ത ആ ജനാധിപത്യപ്രഖ്യാപനത്തിനു മുൻപേ വൻ ജനകീയ പ്രകടനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. എല്ലാ രാഷ്ട്രീയധാരകളിൽ നിന്നുമുള്ള ആഫ്രിക്കക്കാർ ആ സമ്മേളനത്തിൽ പങ്കുകൊണ്ടു. ഈ ജനാധിപത്യപ്രഖ്യാപനദിനത്തോട് അനുബന്ധിച്ച് ഞങ്ങൾ അനുഷ്ഠിക്കാനിരുന്ന വീട്ടിലിരിപ്പ് നിസ്സഹകരണസമരത്തിന്റെ സംഘാടനച്ചുമതല സമ്മേളനത്തിന്റെ സെക്രട്ടറിയായിരുന്ന ഞാൻ ഏറ്റെടുത്തു. ആഫ്രിക്കക്കാർ നടത്തുന്ന എല്ലാ സമരങ്ങളും നിയമവിരുദ്ധമായിരുന്നതിനാൽ അത്തരം  ഒരു സമരം സംഘടിപ്പിക്കുന്ന ആൾ അറസ്റ്റ് ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു. ഞാനാണു ഇതിനു തെരഞ്ഞെടുക്കപ്പെട്ടത് എന്നതിനാൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി അഭിഭാഷകവൃത്തിയും വീടും കുടുംബവും  വിട്ട് ഞാൻ ഒളിവിൽ പോകേണ്ടതായി വന്നുചേർന്നു.

വീട്ടിലിരിപ്പ് നിസ്സഹകരണസമരം  ANCയുടെ നയങ്ങൾക്കനുസരിച്ച് സാമാധാനപരമായ ഒരു സമരമാകേണ്ടിയിരുന്നു. അക്രമത്തിലേക്ക് ഏതെങ്കിലും രീതിയിൽ തിരിയുന്നത് തടയുവാൻ ശ്രദ്ധാപൂർവ്വമുള്ള നിർദ്ദേശങ്ങൾ സംഘാടകർക്ക് നൽകിയിരുന്നു. ആവാസകേന്ദ്രങ്ങളിലെല്ലാം വലിയ രിതിയിലുള്ള സൈനികസന്നാഹ-ബല പ്രദർശനങ്ങൾ വഴി ജനങ്ങളെ ഭയപ്പെടുത്തുക,മുൻപത്തെക്കാളും നിർദ്ദയമായ നിയമങ്ങൾ കൊണ്ടുവരിക എന്നും മറ്റുമുള്ള രീതിയിലായിരുന്നു ഗവണ്മെന്റ് ഇതിനോട് പ്രതികരിച്ചത്.ബലപ്രയോഗത്തിലൂടെയായിരിക്കുംഭരണം എന്നുള്ളതിന്റെ സൂചനായിരുന്ന ഗവണ്മെന്റിന്റെ ഈ തീരുമാനങ്ങളെല്ലാം ഉംഖൊണ്ടോയുടെ രൂപീകരണം സംബന്ധിച്ചുള്ള പ്രധാന നാഴികക്കല്ലുകളായി മാറി.

ഞാൻ പറയുന്നവയിൽ ചിലതെല്ലാം ഈ  വിചാരണയെ സംബന്ധിച്ച് അപ്രസക്തമായി തോന്നാം. എന്നാൽ ഞാൻ കരുതുന്നത് ഇതെല്ലാം തന്നെ പ്രാധാന്യമുള്ളവയാണെന്നും വ്യക്തികളും സംഘടനകളും ദേശീയ വിമോചന സമരവുമായി ബന്ധപ്പെടുത്ത് എടുത്ത നിലപാടുകളെ ശ്ലാഘിക്കുന്നതിനു  ഇവയെല്ലാം വഴിയേ കോടതിയെ പ്രേരിപ്പിക്കുമെന്നുമാണു.

1961ലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അന്ന് ഞങ്ങൾ, ഞങ്ങളുടെ ജനങ്ങളുടെ നേതാക്കളെന്ന നിലയ്ക്ക് എന്ത് ചെയ്യണമായിരുന്നു?വലിയ രീതിയിലുള്ള ബലപ്രയോഗങ്ങൾക്കും  ഞങ്ങളുടെ ഭാവിപ്രവർത്തനങ്ങൾക്കെതിരെയുള്ള ഭീഷണികൾക്കും വഴങ്ങണമായിരുന്നോ  അതോ അവയ്ക്കെതിരെ പൊരുതണമായിരുന്നോ ? പൊരുതണമായിരുന്നുവെങ്കിൽ എങ്കിൽ എങ്ങനെ പൊരുതണമായിരുന്നു?

പോരാട്ടം തുടരണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. അല്ലാത്തതെന്തും കീഴടങ്ങലാകുമായിരുന്നു.പൊരുതണമോ എന്നതായിരുന്നില്ല ഞങ്ങളുടെ പ്രശ്നം. എങ്ങനെ അത് തുടരണം എന്നുള്ളതായിരുന്നു. ANCയും ഞങ്ങളും എന്നും നിലകൊണ്ടിരുന്നത് ഒരു വംശീയേതര ജനാധിപത്യത്തിനു വേണ്ടിയായിരുന്നു, നിലവിലിരുന്ന വംശീയചേരിതിരിവുകളെ വീണ്ടും വലുതാക്കുന്ന ഏത് തരം നിലപാടുകളും ഞങ്ങൾ ഒരിക്കലും സ്വീകരിച്ചിരുന്നില്ല. എന്നാൽ വേദനാജനകമായ കാര്യമെന്തെന്നാൽ അൻപതു വർഷത്തെ അഹിംസ ആഫ്രിക്കൻ ജനതയ്ക്ക് നൽകിയത് കൂടിക്കൂടി വന്ന അടിച്ചമർത്തലുകളും കുറഞ്ഞ് കുറഞ്ഞ് വന്ന അവകാശങ്ങളുമാണു.  വെള്ളക്കാരുമായി യുദ്ധം തന്നെ ചെയ്ത് തങ്ങളുടെ നാടിനെ വീണ്ടെടുക്കുന്ന ദിവസത്തെക്കുറിച്ച്  നീണ്ട നാളുകളായി ഈ ജനത അഭിപ്രായപ്പെട്ടിരുന്നു എന്നതും എന്നാൽANCയുടെ നേതാക്കളെന്ന നിലയ്ക്ക് ഞങ്ങൾ എന്നും അവരെ അക്രമമാർഗ്ഗത്തിൽ നിന്നും പിന്തിരിപ്പിക്കുകയും സമാധാനപരമായ സമരരീതികൾ കൈക്കൊള്ളുവാൻ ആഹ്വാനം ചെയ്തിരുന്നു എന്നതും കോടതി വിശ്വസിച്ചില്ലെങ്കിലും ഒരു വസ്തുതയാണു. 1961 മേയിലും ജൂണിലും ഞങ്ങളിൽ ചിലർ ഇത് ചർച്ച ചെയ്തപ്പോൾ  അഹിംസാസമരത്തിലൂടെ ഒരു വംശീയേതരജനാധിപത്യ സംവിധാനം  നേടിയെടുക്കുക എന്ന ഞങ്ങളുടെ നയം ഒന്നും നേടിത്തന്നില്ല എന്നതും അങ്ങനെ ഈ നയങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ ഞങ്ങളുടെ അനുയായികൾ തീവ്രവാദ ആശയങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി എന്നതും ഞങ്ങൾക്ക് നിഷേധിക്കാനായില്ല.

ഇക്കാലമായപ്പോഴേക്കും അക്രമം എന്നത് വസ്തുതാപരമായിത്തന്നെ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിന്റെ ഒരു സാമാന്യലക്ഷണമായിക്കഴിഞ്ഞിരുന്നു എന്നത് മറന്നുകൂടാ. സീറസ്റ്റിലെ(Zeerust)  സ്ത്രീജനങ്ങൾ പാസ്സുകൾ കൊണ്ടു നടക്കണം എന്ന ഉത്തരവിനെ തുടർന്ന് 1957ൽ ,  1958ൽ കന്നുകാലിവധത്തിനെതിരെ സെഖുഖുനിലാൻഡിൽ(Sekhukhuniland ), പാസ്സുകൾ പിടിച്ചെടുക്കുന്നതിനെതിരെ 1959ൽ കാറ്റോ മാനറിൽ (Cato Manor), 1960ൽ ബന്റു അതോറിറ്റീസ് ആക്റ്റിനെതിരെ പോണ്ടോലാൻഡിൽ –ഇവിടെയെല്ലാം അക്രമസമരങ്ങളുണ്ടായി. മുപ്പത്തിയൊൻപത് ആഫ്രിക്കക്കാരാണു ഇതേ തുടർന്ന് കൊല്ലപ്പെട്ടത്. 1961 വാംബാത്തിൽ ലഹളകളുണ്ടായി,  ട്രാൻസ്കീയാകട്ടെ ഈ സമയമെല്ലാം വലിയ രീതിയിലുള്ള പ്രതിഷേധസമരങ്ങൾ കൊണ്ട് അശാന്തമായിരുന്നു.ഓരോ ചലനങ്ങളും കൃത്യമായും വിരൽ ചൂണ്ടിയത് ആഫ്രിക്കക്കാരുടെ ഇടയിൽ തടഞ്ഞു നിർത്താനാകാത്ത രീതിയിൽ വളർന്നു വന്നുകൊണ്ടിരുന്ന അക്രമസമരപാതയിലുള്ള വിശ്വാസത്തിനു നേർക്കായിരുന്നു. ബലപ്രയോഗത്തിലൂടെ  ഭരണം നിലനിർത്തുക എന്ന വഴി സ്വീകരിച്ച ഭരണകൂടം ഒരു തരത്തിൽ അടിച്ചമർത്തപ്പെട്ടവർക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത് ബലപ്രയോഗത്തെ എതിർക്കുവാൻ തിരികെ ബലം പ്രയോഗിക്കുക എന്ന പാഠമായിരുന്നു.  ചടുലമായ രീതിയിൽ ഹിംസാത്മകമായ രാഷ്ട്രീയ പോരാട്ടങ്ങൾ ആസൂത്രണം ചെയ്യുന്ന സംഘങ്ങൾ ഇതിനോടകം നഗരപ്രദേശങ്ങളിൽ ഉയർന്ന് വന്നിരുന്നു. വേണ്ട വിധത്തിൽ നിയന്ത്രിക്കപ്പെട്ടില്ലായെങ്കിൽ ആഫ്രിക്കക്കാർക്കും വെള്ളക്കാർക്കുമെതിരെ ഒന്നു പോലെ തീവ്രവാദ ആക്രമങ്ങൾ ഇവർ സംഘടിപ്പിച്ചേക്കാം എന്ന അപകടകരമായ സ്ഥിതിവിശേഷം സംജാതമായി. പ്രത്യേകിച്ചും അസ്വസ്ഥതാജനകമായിരുന്നത് സീറസ്റ്റിലും സെഖുഖുനിലാൻഡിലും പോണ്ടോലാൻഡിലും മറ്റും ദൃശ്യമായ രീതിയിൽ ആഫ്രിക്കക്കാരുടെ ഇടയിൽത്തന്നെ ഉണ്ടായ അക്രമങ്ങളാണു. ഗവണ്മെന്റിനെതിരെ എന്നതായിരുന്നു ലക്ഷ്യമെങ്കിലും അതിനും അപ്പുറം അനേകജീവനുകൾ നഷ്ടപ്പെടുക എന്ന രീതിയിൽ തങ്ങൾക്കിടയിൽ തന്നെയുള്ള  ഒരു ആഭ്യന്തരകലഹത്തിന്റെ രൂപത്തിലേക്ക് ഇവയെല്ലാം നാൾക്കുനാൾ വളർന്നു വരും എന്ന സാഹചര്യമുണ്ടായി.

1961 ജൂണിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള  നീണ്ടതും, ഉത്കണ്ഠാപൂർവ്വവുമായ ഒരു വിലയിരുത്തലിനു ശേഷം, ഈ രാജ്യത്ത് അക്രമസമരങ്ങൾ തടഞ്ഞു നിർത്താനാകുകയില്ലായെന്നും സമാധാനപരമായ ആവശ്യങ്ങൾക്ക് നേരെ ബലപ്രയോഗം സ്വീകരിക്കുന്ന ഗവണ്മെന്റിനെതിരെ വീണ്ടും സമാധാനവും അഹിംസയും മുന്നോട്ട് വയ്ക്കുന്ന ആഫ്രിക്കൻ നേതാക്കളുടെ നിലപാടുകൾ യാഥാർത്ഥ്യബോധത്തോടെയുള്ളവയെല്ലെന്നും തിരുത്തേണ്ടതാണെന്നുമുള്ള  തീരുമാനത്തിലേക്ക് ഞാനും ചില സഹപ്രവർത്തകരും എത്തിച്ചേർന്നു.

അത്ര എളുപ്പത്തിലല്ല ഞങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. എല്ലാം പരാജയപ്പെട്ടപ്പോൾ, സമാധാനപരമായ പ്രതിഷേധങ്ങൾക്കായുള്ള എല്ലാ വഴികളും ഞങ്ങൾക്ക് നേരെ കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ മാത്രമാണു അക്രമത്തിലൂന്നിയ രാഷ്ട്രീയ സമരങ്ങൾ നയിക്കുവാനും ഉംഖൊണ്ടോ വീ സിസ്വേ (Umkhonto we Sizwe)  രൂപീകരിക്കുവാനും ഞങ്ങൾ തീരുമാനിച്ചത്.
ആഗ്രഹിച്ചതുകൊണ്ടല്ല, മറ്റു വഴികളെല്ലാം ഗവണ്മെന്റ് ഞങ്ങൾക്ക് നിഷേധിച്ചതിനാലാണു ഇങ്ങനെ ചെയ്യേണ്ടി വന്നത്. 1961 ഡിസംബർ16നു പ്രസിദ്ധീകരിച്ചു പരസ്യപ്പെടുത്തിയ ഉംഖൊണ്ടോയുടെ മാനിഫെസ്റ്റോയിൽ ഞങ്ങൾ ഇങ്ങനെ പറഞ്ഞു :

“ഏതൊരു നാടിന്റെയും ജീവചരിത്രത്തിൽ രണ്ട് വഴികൾ മാത്രം മുന്നിലുണ്ടാവുന്ന ഒരു സമയം വരും – കീഴ്പ്പെടുക അല്ലെങ്കിൽ പോരാടുക. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇപ്പോൾ ആ സമയം വന്നു ചേർന്നിരിക്കുകയാണു. ഞങ്ങൾ കീഴടങ്ങുകയില്ല. ഞങ്ങളുടെ മുന്നിൽ മറ്റ് വഴികളൊന്നും തന്നെയില്ല. എല്ലാ വിധത്തിലും ഞങ്ങൾ തിരിച്ചടിക്കുക തന്നെ ചെയ്യും; ഞങ്ങളുടെ ജനതയുടെ സംരക്ഷണയ്ക്കു വേണ്ടി, ഞങ്ങളുടെ ഭാവിക്കു വേണ്ടി, ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി”

ഇതായിരുന്നു 1961 ജൂണിൽ ദേശീയ വിമോചന സമരത്തിന്റെ നയങ്ങളിൽ ഒരു മാറ്റം നിർദ്ദേശിക്കുന്നതിനായി സമ്മർദ്ദം ചെലുത്തുവാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന വികാരം.ഞാൻ ചെയ്തത് എന്റെ ധാർമ്മികമായ ബാധ്യതയായാണു ഞാൻ കരുതിയത്.

ഈ തീരുമാനമെടുത്ത ഞങ്ങൾ പല സംഘടനകളുടേയും നേതാക്കളുമായി ബന്ധപ്പെടാൻ തുടങ്ങി.  ആരൊക്കെയുമായാണോ ഞങ്ങൾ സംസാരിച്ചതെന്നോ എന്തൊക്കെയാണു അവർ പറഞ്ഞതെന്നോ അല്ലാ, മറിച്ച്, പോരാട്ടത്തിന്റെ ഈ ഘട്ടത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് വഹിച്ച പങ്കിനെക്കുറിച്ചും ഉംഖൊണ്ടോ വീ സിസ്വെയുടെ നയങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചാണു ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത്.

ANCയെ സംബന്ധിച്ചിടത്തോളം ഇതേക്കുറിച്ച്  ഒരു കൃത്യമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. അത് ഇങ്ങനെ ചുരുക്കിപ്പറയാം:

  • അത് ഒരു രാഷ്ട്രീയകർത്തവ്യം ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള ഒരു ജനകീയ രാഷ്ട്രീയ സംഘടനായായിരുന്നു. അഹിംസ എന്ന തത്ത്വത്തിൽ അധിഷ്ഠിതമായാണു അതിലേക്ക് അംഗങ്ങൾ ചേർന്നിരുന്നത്.
  • ഇക്കാരണങ്ങൾ കൊണ്ട് അതിനൊരിക്കലും അക്രമസമരങ്ങളിലേക്ക് തിരിയുവാൻ കഴിഞ്ഞിരുന്നില്ല; കഴിയുകയുമില്ലായിരുന്നു. ഇത് അടിവരയിട്ട് പറയേണ്ടതാണു. അങ്ങനെയൊരു സംവിധാനത്തെ അട്ടിമറിക്ക് വേണ്ടുന്ന തരത്തിൽ അങ്ങേയറ്റം ഇഴയടുപ്പമുള്ള ഒരു ചെറു സംഘമായി മാറ്റിയെടുക്കുവാൻ ആരാലും സാധ്യമാവുകയില്ലായിരുന്നു. സംഘടനയും അതിന്റെ സിദ്ധാന്തവും പ്രയോഗവും തമ്മിലുണ്ടാകുന്നതായുള്ള വൈരുദ്ധ്യം നിമിത്തം അംഗങ്ങൾ ഇച്ഛിക്കുന്ന വിധമുള്ള ഒരു രാഷ്ട്രീയപ്രവർത്തനം ഒരിക്കലും സാധ്യമാവുകയില്ല എന്ന് മാത്രമല്ല മറിച്ചൊരു സാഹചര്യത്തിലേക്ക് അവരെ നയിക്കുക എന്നത് രാഷ്ട്രീയമായി ശരിയല്ലാ എന്ന് വരികയും ചെയ്യുമായിരുന്നു.
  • ഇതേ സമയം ഈ സാഹചര്യങ്ങൾ നിമിത്തം അതിന്റെ അൻപതു വർഷം നീണ്ട അഹിംസാപാതയിൽ നിന്ന് മാറി നിന്ന്, വേണ്ട വിധം നിയന്ത്രിക്കപ്പെട്ട അക്രമസമരങ്ങളെ എതിർക്കില്ല എന്ന നിലപാടിലേക്ക് മാറാൻ ANC ഒരുക്കമായിരുന്നു. അതിനാൽ അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്ന അംഗങ്ങൾക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളുകയില്ല എന്ന നില വന്നു ചേർന്നു.

ആ സംഘടന ഞാൻ രൂപികരിക്കുമെങ്കിൽ എല്ലാ സമയവുംANCയുടെ ഉപദേശങ്ങൾ അനുസരിച്ചുകൊണ്ടാവും ഞാൻ പ്രവർത്തിക്കുകയെന്നും അനുമതി ഇല്ലാതെ ആശയാനുസൃതമല്ലാത്ത ഏതെങ്കിലും സമരപ്രവൃത്തിയിൽ ഏർപ്പെടുകയില്ല എന്നുമാണു‘വേണ്ട വിധം നിയന്ത്രിക്കപ്പെട്ട അക്രമസമരങ്ങൾ’ എന്നു ഞാൻ പറയുന്നതിനു കാരണം. എങ്ങനെയാണു അക്രമസമരങ്ങളുടെ രൂപം തീരുമാനിച്ചിരുന്നത് എന്ന് ഞാൻ  വിവരിക്കാം.

ഈ തീരുമാനം അനുസരിച്ച് നവംബർ 1961ൽ ഉംഖൊണ്ടോ രൂപീകൃതമായി. ഈ തീരുമാനം എടുത്തപ്പോഴും പിന്നീട് അതിന്റെ പദ്ധതികൾ ആസൂത്രണം ചെയ്തപ്പോഴും ANC പിന്തുടർന്നിരുന്ന അഹിംസയുടെയും വംശീയസൗഹാർദ്ദനയങ്ങളുടേയും പാരമ്പര്യം ഞങ്ങളിലുണ്ടായിരുന്നു. കറുത്തവരും വെളുത്തവരും തമ്മിലുള്ള ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് രാജ്യം നീങ്ങുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. അങ്ങേയറ്റം ഞെട്ടലോടെയാണു ഞങ്ങൾ ഈ സാഹചര്യത്തെ കണ്ടത്. ANC  എന്തിനു വേണ്ടി നിലകൊണ്ടുവോ അതിന്റെയെല്ലാം തകർച്ചയായിരിക്കും ഒരു വംശീയപ്പോരാട്ടത്തിന്റെ ഫലശ്രുതി എന്ന് ഞങ്ങൾക്ക് തീർച്ചയായിരുന്നു. ലക്ഷ്യം വയ്ക്കുന്ന വംശീയസമാധാനം എന്നത് ഒരിക്കലും എത്തിപ്പിടിക്കാനാവാതെ പോകും.  ദക്ഷിണാഫ്രിക്കൻ ചരിത്രത്തിൽ തന്നെ യുദ്ധത്തിന്റെ ദുഷ്ഫലങ്ങളെക്കുറിച്ച്  വേണ്ടതിലധികം ഉദാഹരണം ഞങ്ങൾക്കുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ യുദ്ധത്തിന്റെ മുറിപ്പാടുകൾ അപ്രത്യക്ഷമാകാൻ അൻപത് വർഷത്തിലധികമാണെടുത്തത്. രണ്ട് വശത്തും അത്യധികം ജീവൻ നഷ്ടമാകുന്ന ഒരു ആഭ്യന്തര-വംശീയ യുദ്ധത്തിന്റെ മുറിവുകൾ അപ്രത്യക്ഷമാകുവാൻ എത്ര നാളുകളായിരിക്കും വേണ്ടി വരിക?

അനേകം വർഷങ്ങളായി  ആഭ്യന്തരയുദ്ധം ഒഴിവാക്കുക എന്ന സംഗതി ഞങ്ങളുടെ ചിന്തകളിൽ മുന്നിട്ട് നിന്നിരുന്നു. എന്നാൽ അക്രമസമരപാത ഞങ്ങളുടെ നയങ്ങളുടെ ഭാഗമാക്കുവാൻ തീരുമാനിച്ചപ്പോൾ ഒരു ദിവസം അത്തരം ഒരു യുദ്ധസാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളെടുക്കുവാൻ കഴിയുന്ന രീതിയിൽ, ഭാവിയിൽ മാത്രം തീരുമാനം എടുക്കേണ്ടുന്ന, ഏറ്റവും അവസാനത്തെ വഴിയായി മാത്രം ആഭ്യന്തരയുദ്ധത്തെ കണക്കാക്കുന്ന, ബഹുമുഖമായ ഒരു പദ്ധതി  ഞങ്ങൾക്ക് വേണ്ടിയിരുന്നു.ഞങ്ങളൊരിക്കലും ആഭ്യന്തരയുദ്ധത്തെ അനുകൂലിച്ചിരുന്നില്ല, എന്നാൽ ഒഴിവാക്കാനാവാത്ത  ഒരു സാഹചര്യത്തിൽ അതിനു തയ്യാറുമായിരുന്നു.

നാലു വിധത്തിലുള്ള അക്രമമാർഗ്ഗങ്ങളായിരുന്നു സാധ്യമായിരുന്നത്.അട്ടിമറി, ഒളിപ്പോരു, തീവ്രവാദം, തുറന്ന വിപ്ലവപ്പോരാട്ടം.മറ്റേതെങ്കിലും വഴി തിരഞ്ഞെടുക്കന്നതിനു മുൻപ് ആദ്യ വഴി തെരഞ്ഞെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഞങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ വെളിച്ചത്തിൽ ആ തെരഞ്ഞെടുപ്പ് യുക്തിസഹമായ ഒന്നായിരുന്നു. അട്ടിമറി എന്നത് ജീവനഷ്ടങ്ങളുണ്ടാവുകയില്ലാത്ത ഒന്നാണെന്ന് മാത്രമല്ല ഭാവിയിലെ വംശീയസമാധാനത്തിനു അത് കോട്ടം വരുത്താനുള്ള സാഹചര്യവും കുറവായിരുന്നു. പരസ്പരവിദ്വേഷസാദ്ധ്യത ഏറ്റവും കുറഞ്ഞിരിക്കുമ്പോൾ തന്നെ അത് വിജയിച്ചാൽ ഒരു ജനാധിപത്യ ഗവണ്മെന്റ് എന്നത് ഒരു യാത്ഥാർഥ്യമാകുകയും ചെയ്യും.ഇങ്ങനെയിരുന്നു അന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അതു തന്നെയാണു ഞങ്ങൾ ഞങ്ങളുടെ മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നതും.

“ഉംഖൊണ്ടോയിൽ പ്രവർത്തിക്കുന്ന ഞങ്ങൾ എക്കാലവും നിലകൊണ്ടത് രക്തച്ചൊരിച്ചിലോ ആഭ്യന്തരകലാപങ്ങളോ ഇല്ലാതെ സ്വാതന്ത്ര്യം നേടുക എന്നതിനു വേണ്ടിയാണു. ഈ വൈകിയ വേളയിലും ഞങ്ങൾ പ്രതീക്ഷിക്കുന്നത് ദേശീയ നയങ്ങൾ ഈ രാജ്യത്തെ നയിക്കുന്ന വിനാശകരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ഞങ്ങളുടെ ആദ്യ ചുവടുകൾ എല്ലാവരെയും ബോധ്യപ്പെടുത്തും എന്നാണു. കാര്യങ്ങൾ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് ചെന്നെത്തും മുൻപ് സർക്കാരിനെയും അതിനെ പിന്താങ്ങുന്നരെയും തിരിച്ചറിവിലേക്ക് നയിക്കുവാനും ഗവണ്മെന്റിനെക്കൊണ്ട്  അത്  പിന്തുടരുന്ന നയങ്ങൾ തിരുത്തിക്കുവാനും ഞങ്ങൾക്ക് കഴിയുമെന്നാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”

ആദ്യ പദ്ധതി തയ്യാറാക്കിയത് ഞങ്ങളുടെ രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ശ്രദ്ധാപൂർവ്വമായ വിലയിരുത്തലുകൾക്ക് ശേഷമായിരുന്നു. വിദേശമൂലധനത്തെയും വിദേശവ്യാപരത്തെയും ദക്ഷിണാഫ്രിക്ക വലിയ രീതിയിൽ ആശ്രയിച്ചിരുന്നു എന്നാണു ഞങ്ങൾ കണ്ടെത്തിയത്.വൈദ്ദ്യുതോല്പാദനപ്ലാന്റുകളും ട്രെയിൻ, ടെലഫോൺ എന്നീ ഗതാഗത- ആശയവിനിമയ സംവിധാനങ്ങളും  ആസൂത്രിതമായ രീതിയിൽ തകർത്താൽ മൂലധനനിക്ഷേപത്തെ ഭയപ്പെടുത്തി അകറ്റി നിർത്തുന്നതിനും വ്യവസായ മേഖലകളിൽ നിന്ന് കയറ്റുമതിയ്ക്കായി തുറമുഖത്തേക്ക് ചരക്കുകൾ എത്തിക്കുക എന്നത് ദുഷ്കരമാക്കുക വഴി രാജ്യത്തിന്റെ സാമ്പത്തിക ഘടനയ്ക്ക് മേൽ അങ്ങേയറ്റം കടുത്ത പ്രഹരങ്ങൾ ഏൽപ്പിച്ച് രാജ്യത്തെ സമ്മതിദാതാക്കളെക്കൊണ്ട് അവരുടെ നിലപാടുകൾ പുനർചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതിനു കഴിയുമെന്നും ഞങ്ങൾ വിശ്വസിച്ചു.

രാജ്യത്തിന്റെ സാമ്പത്തികജീവരേഖയിന്മേലുള്ള ആക്രമണങ്ങൾ ഗവണ്മെന്റ് കെട്ടിടങ്ങളുടേയും വർണ്ണവിവേചനത്തിന്റെ മറ്റ് ചിഹ്നങ്ങളുടേയും അട്ടിമറിയുമായി ബന്ധിപ്പിച്ചു നിർത്തേണ്ടതുണ്ടായിരുന്നു.  ഈ ആക്രമണങ്ങൾ ഞങ്ങളുടെ ജനങ്ങൾക്ക് പ്രചോദനമായിരിക്കുമായിരുന്നു. മറ്റ് രീതിയിലുള്ള അക്രമമാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്ന ജനങ്ങൾക്കു മുൻപിൽ ഇത് വേറിട്ട ഒരു വഴി തുറന്നു കൊടുക്കുകയും ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുമുള്ള അക്രമങ്ങൾക്കെതിരെ ഞങ്ങൾ ശക്തമായ നിലപാടുകളെടുത്തിരിക്കുന്നുവെന്നും ശക്തമായി തിരിച്ചിടിക്കുന്നുണ്ടെന്നും ഞങ്ങളുടെ അനുനായികൾക്ക് തെളിവ് സഹിതം ബോധ്യപ്പെടുവാൻ ഇത് കാരണമാകുകയും ചെയ്യുമായിരുന്നു.

മാത്രവുമല്ല  വൻ ജനകീയ പ്രതിഷേധങ്ങളും വലിയ രീതിയിലുള്ള തിരിച്ചടികളും  സംഘടിപ്പിക്കുക വഴി മറ്റു രാജ്യങ്ങളിൽ ഞങ്ങൾക്ക് അനുകൂലമായ വികാരം സൃഷ്ടിക്കപ്പെടുമെന്നും അത് വലിയ രീതിയിലുള്ള സമ്മർദ്ദം ദക്ഷിണാഫ്രിക്കൻ ഗവണ്മെന്റിന്റെ മേൽ വന്ന് ഭവിക്കുവാൻ കാരണമാകുമെന്നും ഞങ്ങൾ കരുതി.

ഇതായിരുന്നു അന്ന് കൈക്കൊണ്ട പദ്ധതി. തുടക്കം മുതൽ അവസാനം വരെ ഒരാൾക്കും പരിക്കേൽപ്പിക്കാതെയും ജീവഹാനിവരുത്താതെയും പ്രവർത്തിക്കുന്നതിനുള്ള കർശനമായ നിർദ്ദേശം എല്ലാ അംഗങ്ങൾക്കും നൽകപ്പെട്ടു. ഉംഖൊണ്ടോ അട്ടിമറി പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ പദ്ധതിയിട്ടു.

ഉംഖൊണ്ടോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതും ഏകോപിപ്പിച്ചിരുന്നതും പ്രാദേശിക നേതൃത്വങ്ങളെ നിയോഗിക്കുന്നതിനും തീരുമാനിക്കുന്നതിനും അവകാശമുണ്ടായിരുന്ന ഒരു ദേശീയ ഹൈക്കമാൻഡാണു. അടവുപരിപാടികളും ലക്ഷ്യങ്ങളും തീരുമാനിച്ചിരുന്നതും പരിശീലനത്തിന്റെയും സാമ്പത്തികസഹായത്തിന്റെയും ചുമതലകൾ വഹിച്ചിരുന്നതും ഈ ഹൈക്കമാൻഡാണു. ഹൈക്കമാൻഡിനു കീഴിൽ പ്രാദേശിക അട്ടിമറി സംഘങ്ങളെ നിയന്ത്രിക്കുന്നതിനായി പ്രാദേശിക കമാൻഡുകൾ.ദേശീയ ഹൈക്കമാൻഡ് രൂപീകരിക്കുന്ന ചട്ടക്കൂടിനു അകത്ത് നിന്നു കൊണ്ട് എവിടെയൊക്കെയാണു അട്ടിമറി നടത്തേണ്ടത് എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശങ്ങൾ പ്രാദേശിക കമാൻഡുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ആരുടെയെങ്കിലും ജീവനു ഭീഷണിയാവുന്ന തരത്തിലോ പൊതുവിൽ അട്ടിമറികളെ സംബന്ധിച്ച് ഹൈക്കമാൻഡ് നിർദേശിക്കുന്ന ചട്ടക്കൂടുകൾ ഭേദിക്കുന്ന തരത്തിലോ പെരുമാറാൻ അവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ഉദാഹരണത്തിനു,ആയുധധാരികളായി ഒരു ഓപ്പറേഷനു പോകുന്നതിൽ എല്ലാ ഉംഖൊണ്ടോ അംഗങ്ങൾക്കു മേലും വിലക്കുണ്ടായിരുന്നു.സന്ദർഭവശാൽ ദേശീയ ഹൈക്കമാൻഡ് എന്നും പ്രാദേശിക കമാൻഡ് എന്നുമുള്ള സംജ്ഞകൾ ജൂതരുടെ ദേശീയ ഒളിപ്പോർ സംഘടനായി1944 മുതൽ 1948 വരെ ഇസ്രായേലിൽ പ്രവർത്തിച്ചിരുന്ന ഇർഗുൻ സ്വായി ലൂമിയിൽ (Irgun Zvai Leumi) നിന്നും കടം കൊണ്ടവയായിരുന്നു.

ഉംഖൊണ്ടോ അതിന്റെ ആദ്യ ഓപ്പറേഷൻ നിർവഹിച്ചത് 1961ഡിസംബർ 16-നായിരുന്നു. ജോഹന്നാസ്ബർഗ്ഗ്, പോർട്ട് എലിസബത്ത്,ഡർബൻ എന്നിവിടങ്ങളിലുള്ള ഗവണ്മെന്റ് കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു. ഈ രീതിയിലുള്ള ലക്ഷ്യസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഞാനിവിടെ പ്രസ്താവിച്ച നയങ്ങൾ സത്യമെന്നുള്ളതിനു നിദാനമാണു. ആളുകളുടെ ജീവനു നേരെ ആക്രമണം അഴിച്ചു വിടണം എന്നുണ്ടായിരുന്നുവെങ്കിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളും  വൈദ്ദ്യുതോല്പാദനകേന്ദ്രങ്ങളും ആക്രമിക്കുന്നതിനു പകരം ജനങ്ങൾ  ഒത്തു ചേരുന്ന ഇടങ്ങൾ ഞങ്ങൾ തെരഞ്ഞെടുത്തേനെ. 1961 ഡിസംബർ 16നു മുൻപു നടന്ന അട്ടിമറികളെല്ലാം തന്നെ ഒറ്റപ്പെട്ട സംഘങ്ങളുടെ പ്രവൃത്തികളായിരുന്നു. ഇവയുമായി ഉംഖൊണ്ടോയ്ക്ക് ഒരുതരത്തിലുമുള്ള ബന്ധവും ഉണ്ടായിരുന്നില്ല. വസ്തുത എന്തെന്നാൽ ഇവയുടെയും പിന്നീട് നടന്ന ഇത്തരം പല സംഭവങ്ങളുടേയും ഉത്തരവാദിത്തം അതിനു ശേഷം മറ്റു പല സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്.

ഓപ്പറേഷനുകൾ തുടങ്ങിയ ദിനം തന്നെ ഉംഖൊണ്ടോയുടെ മാനിഫെസ്റ്റോ പരസ്യപ്പെടുത്തിയിരുന്നു. ഞങ്ങളുടെ പ്രവൃത്തികൾക്കും മാനിഫെസ്റ്റോയ്ക്കും നേരെയുള്ള വെള്ളക്കാരായ ജനങ്ങളുടെ പ്രതികരണം സവിശേഷമായ അക്രമസ്വഭാവമുള്ളതായിരുന്നു.അനുയായികളോട് ഉറച്ച നിലപാടുകളെടുക്കുവാൻ ആഹ്വാനം ചെയ്യുകയും ആഫ്രിക്കക്കാരുടെ ആവശ്യങ്ങൾ  അവഗണിക്കുകയും ചെയ്ത ഗവണ്മെന്റ് ശക്തമായ നടപടികൾ ഇതിനെതിരെ സ്വീകരിക്കുമെന്ന ഭീഷണിയും മുഴക്കുകയുണ്ടായി. ഒരു മാറ്റം നിർദ്ദേശിക്കുന്നതിൽ വെള്ളക്കാരായ ജനത അമ്പേ പരാജയപ്പെടുകയും അടിച്ചമർത്തലാണു പോംവഴി എന്ന രീതിയിൽ പ്രതികരിക്കുകയും ചെയ്തു.

ഇതിനു വിരുദ്ധമായി, ആഫ്രിക്കൻ ജനതയുടെ പ്രതികരണം പ്രോൽസാഹനപൂർവ്വമുള്ളതായിരുന്നു. പൊടുന്നനെ വീണ്ടും പ്രതീക്ഷകൾ പൊട്ടിവിരിഞ്ഞു. പലതും സംഭവിക്കുന്നുണ്ടായിരുന്നു.നഗരങ്ങളിലെ ജനത രാഷ്ട്രീയ വാർത്തകൾക്ക് കാതോർത്തു.ആദ്യഘട്ടത്തിലെ വിജയം വഴി വലിയ രീതിയിലുള്ള ആവേശം ജനങ്ങളിൽ ജനിക്കുകയും എത്ര വേഗത്തിലായിരിക്കാം സ്വാതന്ത്ര്യം ലഭിക്കുക എന്നും മറ്റുമുള്ള ഊഹാപോഹങ്ങൾ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുവാൻ തുടങ്ങുകയും ചെയ്തു.

എന്നാൽ ഉംഖൊണ്ടോയിൽ ഞങ്ങൾ വളരെ ഉത്കണ്ഠാപൂർവ്വമാണു വെളുത്തവരുടെ പ്രതികരണത്തെ വിലയിരുത്തിയത്.അതിർത്തിരേഖകൾ വരയ്ക്കപ്പെടുന്നുണ്ടായിരുന്നു. വെളുത്തവരും കറുത്തവരും പ്രത്യേകം പ്രത്യേകം മേഖലകളിൽ അണി ചേരുകയായിരുന്നു. ഒരു ആഭ്യന്തരയുദ്ധം ഒഴിവാക്കുക എന്നതിന്റെ സാധ്യത കുറഞ്ഞു കുറഞ്ഞു വന്നു. അട്ടിമറിക്ക് മരണശിക്ഷ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണു വെള്ളക്കാരുടെ പത്രങ്ങൾ പുറത്ത് വന്നത്.ഇങ്ങനെയായിരുന്നു കാര്യങ്ങളെന്നിരിക്കെ ആഫ്രിക്കക്കാരെ തീവ്രവാദത്തിൽ നിന്നും അകറ്റി നിർത്തുവാൻ ഞങ്ങൾക്ക് എങ്ങനെ കഴിയുമായിരുന്നു?

അതിനോടകം തന്നെ അനേകം ആഫ്രിക്കക്കാർ വംശീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. 1920ൽ പോർട്ട് എലിസബത്ത് ജയിലിൽ കഴിഞ്ഞിരുന്ന  മസാബല എന്ന പ്രസിദ്ധനായ നേതാവിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ഒരുമിച്ചുകൂടിയ24 ആഫ്രിക്കക്കാരെയാണു പൊലീസും വെളുത്തവർഗ്ഗക്കാരായ പൗരന്മാരും ചേർന്ന് കൊലപ്പെടുത്തിയത്. 1921ലെ ബുൾഹൊക്ക് സംഭവത്തിൽ നൂറിലധികം ആഫ്രിക്കക്കാരാണു  കൊല്ലപ്പെട്ടത്.വളർത്തുനായകളുടെ മേലുള്ള നികുതിക്കെതിരെ പ്രതിഷേധിച്ചതിനു ദക്ഷിണ-പശ്ചിമ ദക്ഷിണാഫ്രിക്കയുടെ അധികാരി കൊന്നൊടുക്കിയത് ഇരുന്നൂറിലധികം ആഫ്രിക്കക്കാരെയാണു. 1950 മേയ് 1-നു നടന്ന സമരത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിൽ പതിനെട്ട് ആഫ്രിക്കക്കാരാണു കൊല്ലപ്പെട്ടത്. 1960 മാർച്ച് 21-നു അറുപത്തിയൊൻപത് ആഫ്രിക്കക്കാരാണു ഷാർപ് വില്ലെയിൽ കൊല്ലപ്പെട്ടത്.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഇനി എത്ര ഷാർപ് വില്ലെകൾ ഉണ്ടാവാം? അക്രമവും ഭീതിയും വ്യവസ്ഥയാകാതെ എത്ര ഷാർപ് വില്ലെകൾ ഈ രാജ്യത്തിനു സഹിക്കാനാകും? അത്തരം ഒരു അവസ്ഥ സംജാതമായാൽ ഞങ്ങളുടെ ജനങ്ങളുടെ സ്ഥിതി എന്താകുമായിരിക്കാം? ദീർഘകാലാടിസ്ഥാനത്തിൽ ഞങ്ങൾ വിജയിക്കുമായിരിക്കും. പക്ഷേ രാജ്യത്തിനും ഞങ്ങൾക്ക് തന്നെയും എന്തെല്ലാം വില നൽകേണ്ടി വരും? ഇനി ഇങ്ങനെയൊക്കെ നടന്നു എന്നു വന്നാൽ കറുത്തവർക്കും വെളുത്തവർക്കും സമാധാനത്തിലും സഹവർത്തിത്ത്വത്തിലും എന്നെങ്കിലും കഴിയുക സാധ്യമാണോ?

വകതിരിവില്ലാതെ ഞങ്ങളുടെ ജനങ്ങളെ കശാപ്പ് ചെയ്യുവാനുള്ള അനന്തമായ അവസരങ്ങളായിരിക്കും കലാപങ്ങൾ ഗവണ്മെന്റിനു നൽകുക എന്ന് അനുഭവം ഞങ്ങളെ പഠിപ്പിച്ചു. എന്നാൽ ഇതിനോടകം തന്നെ നിഷ്കളങ്കരായ ആഫ്രിക്കക്കാരുടെ ചോരയാൽ നനഞ്ഞ് കുതിർന്ന ദക്ഷിണാഫ്രിക്കൻ മണ്ണാണു അക്രമത്തിനെതിരെ അക്രമം എന്ന നിലയിൽ  ഒരു ദീർഘകാലയളവിലേക്ക് പ്രതിരോധനടപടികൾ കൈക്കൊള്ളുന്നതിനു ഞങ്ങളെ പ്രേരിപ്പിച്ചത്.ഒരു യുദ്ധം അനിവാര്യമാകുന്ന സാഹചര്യത്തിൽ ഞങ്ങളുടെ ജനങ്ങൾക്ക് ഏറ്റവും അധികം ഉപകാരപ്രദമാകുന്ന നിലയ്ക്കു വേണം അത് പൊരുതുവാൻ എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. രണ്ട് വശങ്ങളിലുമുള്ള ജീവനാശം ഏറ്റവും കുറച്ചു നിർത്തുന്നതിനും ഞങ്ങളുടെ നിലപാടുകളോട് ചേർന്ന് നിൽക്കുന്ന നിലയിൽ ആ പട പൊരുതാനും ഏറ്റവും യോജിച്ചത് ഒളിപ്പോരാണെന്ന് ഞങ്ങൾ കണ്ടെത്തി. അതുകൊണ്ട് ഒളിപ്പോരിലേക്ക് തിരിയുന്നത് ഒരു സാധ്യതയായി കണക്കാക്കി ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ ഞങ്ങൾ തീരുമാനിച്ചു.

എല്ലാ വെള്ളക്കാരും നിർബന്ധിത സൈനിക സേവനത്തിലൂടെ കടന്ന് പോയിരുന്നു. എന്നാൽ അത്തരം ഒരു പരിശീലനം ആഫ്രിക്കക്കാർക്ക് ഒരിക്കലും കിട്ടിയിരുന്നില്ല.  ഒളിപ്പോരു തുടങ്ങുക എന്ന സാഹചര്യം വന്നു ചേർന്നാൽ അതിനു നേതൃത്വം കൊടുക്കുന്നതിനായി പരിശീലനം സിദ്ധിച്ച ആളുകളുടെ ഒരു കേന്ദ്രസംഘത്തെ രൂപീകരിക്കേണ്ടത് ഞങ്ങളുടെ കണ്ണുകളിൽ അത്യന്താപേക്ഷിതമാണു എന്നു വന്നു. വളരെ വൈകുന്നതിനു മുന്നേ തന്നെ അത്തരം ഒരു സാഹചര്യത്തിനായി ഞങ്ങൾക്ക് ഒരുങ്ങി ഇരിക്കേണ്ടായിത്തീർന്നു.അതിനോടൊപ്പം തന്നെ ഈ രാജ്യത്തിന്റെ ഭരണത്തിൽ പങ്കാളികളാകുവാൻ ഞങ്ങളെ അനുവദിക്കും എന്ന സ്ഥിതി വന്നാൽ,ഭരണനിർവ്വഹണത്തിലും മറ്റ് മേഖലകളിലും പരിശീലനം സിദ്ധിച്ച ആളുകളുടെ ഒരു കേന്ദ്രസംഘത്തെയും തയ്യാറാക്കി നിർത്തേണ്ടിയിരുന്നു.

ഈ അവസരത്തിലായിരുന്നു  1962ൽ  അഡിസ് അബാബയിൽ സംഘടിക്കപ്പെട്ട മദ്ധ്യ, കിഴക്കൻ, ദക്ഷിണ ആഫ്രിക്കകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിശാല ആഫ്രിക്കൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കണം എന്ന തീരുമാനം ഉണ്ടായത്. സമ്മേളനത്തിനു ശേഷം സൈനിക പരിശീലനത്തിനും വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കുമായുള്ള സഹായങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ ഞാൻ ഒരു പര്യടനം നടത്തണമെന്നും തീരുമാനിക്കപ്പെട്ടു.സമാധാനപരമായ വഴിയിലൂടെ മാറ്റങ്ങളുണ്ടാകും എന്നു വന്നാലുംഒരു വംശീയേതര ഗവണ്മെന്റിന്റെ ഭരണക്രമങ്ങളിൽ പങ്കെടുക്കുന്നതിനും അത്തരം ഒരു ഗവണ്മെന്റിന്റെ സൈന്യത്തെയും പൊലീസ് സംവിധാനത്തെയും നിയന്ത്രിക്കുന്നതിനും രണ്ട് രംഗങ്ങളിലുമുള്ള പരിശീലനങ്ങൾ അവശ്യമായവയായിരുന്നു.

ഈ നിർദ്ദേശങ്ങൾക്കനുസൃതമായാണു ANC പ്രതിനിധി എന്ന നിലയിൽ ഞാൻ അഡിസ് അബാബയിലേക്ക് പുറപ്പെടുന്നത്. എന്റെ പര്യടനം വിജയകരമായിരുന്നു. ഞാൻ പോയവിടങ്ങളിലെല്ലാം ഞങ്ങളുടെ ആവശ്യങ്ങൾക്കു നേരെ സഹാനുഭൂതിയോടെയുള്ള സഹായങ്ങളും സഹായവാഗ്ദാനങ്ങളുമാണു ലഭിച്ചത്. മുഴുവൻ ആഫ്രിക്കയും വെള്ളക്കാരുടെ ദക്ഷിണാഫ്രിക്കയെ എതിർക്കുന്നതിൽ ഒറ്റസ്വരത്തിലായിരുന്നു എന്ന് മാത്രമല്ല ലണ്ടനിൽ പോലും എനിക്ക്  ഗൈറ്റ്സ്കെൽ, ഗ്രിമൊണ്ട് മുതലായ രാഷ്ട്രീയ നേതാക്കളുടേതുൾപ്പടെയുള്ള അനുകൂലപ്രതികരണങ്ങളാണു ലഭിച്ചത്.ആഫ്രിക്കയിലാകട്ടെ നിലവിൽ റ്റാംഗനിക്കയുടെ പ്രസിഡന്റായ ജൂലിയസ്  നെയ്റർ, അവിടുത്തെ പ്രധാനമന്ത്രിയായ കവാവ,എത്യോപ്യയുടെ ചക്രവർത്തിയായ ഹെയിൽ സെലാസ്സി, സുഡാന്റെ പ്രസിഡന്റായ ജെനറൽ അബ്ബൗദ്, ടുണീഷ്യയുടെ പ്രസിഡന്റായ ഹബീബ് ബൗർഗ്വിബ, അൾജീരിയയുടെ പ്രസിഡന്റായ ബെൻ ബെല്ലാ, മാലിയിലെ പ്രസിഡന്റായ മൊഡിബോ കെയ്റ്റ,പ്രസിഡന്റായ ലിയോപോൾഡ് സെൻഘൊർ,  ഗിനിയയുടെ പ്രസിഡന്റായ സെക്കൗ റ്റൂറി, ലൈബീരിയയുടെ പ്രസിഡന്റ് റ്റബ്മാൻ, ഉഗാണ്ടയുടെ പ്രധാനമന്ത്രി മിൽട്ടൺ ഒബോട്ടെ എന്നിവർ വളരെയധികം അനുകൂല നിലപാടോടെയാണു എന്നെ സ്വീകരിച്ചത്.ബെൻ  ബെല്ലയായിരുന്നു  ഇവിടെ സമർപ്പിച്ച തെളിവായ എന്റെ ഡയറിയിൽ കുറിപ്പിൽ എഴുതിയിരിക്കുന്നതുപോലെ അൾജീരിയൻ ദേശീയ മോചന സേനയുടെ ഔജ്ദയിലുള്ള മുഖ്യകാര്യാലയത്തിലേക്ക് എന്നെ ക്ഷണിച്ചത്.

വിദേശത്തായിരിക്കെ ഞാൻ യുദ്ധതന്ത്രങ്ങളെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും പഠിക്കുകയും സൈനിക പരിശീലനത്തിൽ ഒരു കോഴ്സിൽ പങ്കെടുക്കുകയും ചെയ്തു. ഒളിപ്പോരാട്ടമുണ്ടാകുന്ന ഒരു സാഹചര്യത്തിൽ എനിക്കെന്റെ ജനങ്ങളോടൊപ്പം നിന്ന് പൊരുതുകയും അവരോടൊപ്പം തന്നെ യുദ്ധത്തിന്റെ കെടുതികൾ ഏറ്റു വാങ്ങുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അൾജീരിയയിൽ എനിക്ക് ലഭിച്ച പഠനക്കുറിപ്പുകൾ ഇവിടെ തെളിവുകളുടെ കൂട്ടത്തിൽ 16-ആം നമ്പർ രേഖയായി ഹാജരാക്കിയിട്ടുണ്ട്. ഒളിപ്പോരു സംബന്ധിച്ചും സൈനികതന്ത്രങ്ങളെ സംബന്ധിച്ചുമുള്ള പുസ്തകങ്ങളുടെ ചുരുക്കിയ കുറിപ്പുകളും ഹാജരാക്കിയിട്ടുണ്ട്.ഇവയെല്ലാം എന്റെ കൈപ്പടയിലുള്ളവയാണെന്നും ഒളിപ്പോരിലേക്ക് നീങ്ങുന്ന പക്ഷം ഞാൻ വഹിക്കേണ്ടി വരുന്ന പങ്കിലേക്ക് എന്നെ സജ്ജനാക്കുന്നതിനായാണു ഇവ തയ്യാറാക്കിയതെന്നും ഞാൻ മുൻപേ തന്നെ സമ്മതിച്ചിട്ടുള്ളതാണു. ഏതൊരു ആഫ്രിക്കൻ ദേശീയവാദിയും അനുവർത്തിക്കേണ്ടുന്ന രീതിയിലാണു ഞാൻ ഇവയെ സമീപിച്ചിട്ടുള്ളത്. എന്റെ സമീപനം വസ്തുനിഷ്ഠമായിരുന്നു. എല്ലാ വിഷയങ്ങളിലും കിഴക്കു മുതൽ പടിഞ്ഞാറു വരെ,ക്ലോസ്വിറ്റ്സിന്റെ ക്ലാസ്സിക്ക് രചനകൾ മുതൽ മാവോ ത്സെ തുങ് മുതൽ ചെഗവേര മുതലുള്ളവരുടെ വരെ, ആംഗ്ലോ ബോവർ യുദ്ധത്തെക്കുറിച്ചുള്ളവ വരെ, ആധികാരികമായുള്ള രചനകളാണു ഞാൻ പഠിക്കുവാൻ ശ്രമിച്ചതെന്ന് കോടതി കാണേണ്ടതാണു.തീർച്ചയായും ആ കുറിപ്പുകളെല്ലാം ആ പുസ്തകങ്ങളുടെ സംക്ഷിപ്തരൂപങ്ങൾ മാത്രമാണെന്നും എന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാടുകളല്ലായെന്നും കാണേണ്ടതാണു.

സൈനികപരിശീലനത്തിനായി പുതിയവരെ ചേർക്കുന്നതിനുള്ള സഹായങ്ങളും ഞാൻ ചെയ്തിരുന്നു. പക്ഷേ  ആഫ്രിക്കയിലെമ്പാടുമുള്ള ANC ഓഫീസുകളുടെ സഹകരണത്തോടുകൂടിയല്ലാതെ ഇവിടെ അങ്ങനെയുള്ള പദ്ധതികൾ സംഘടിപ്പിക്കുക അസാധ്യമായിരുന്നു. തുടർച്ചയായി ദക്ഷിണാഫ്രിക്കയിലെ ANCയുടെ അനുവാദം ഇതിനായി എനിക്ക് ലഭിച്ചുപോന്നു. ഈയൊരളവ് വരെ അതിന്റെ യഥാർത്ഥ തീരുമാനത്തിൽ നിന്നും ANC വ്യതിചലിച്ചിരുന്നു. എന്നാൽ അവയെല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് സ്വീകരിച്ച നടപടികളായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കുള്ള എന്റെ മടക്കത്തിനിടെ റ്റാങ്കനിക്കയിലൂടെ ഞാൻ കടന്ന് പോകുന്ന സമയത്താണു ആദ്യത്തെ സംഘം പരിശീലനത്തിനായി അവിടെ എത്തിച്ചേർന്നത്.

ഞാൻ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുകയും പര്യടനം വഴി നേടിയെടുത്ത കാര്യങ്ങളുടെ വിശദാംശങ്ങൾ എന്റെ സഹപ്രവർത്തകരുമായി പങ്ക് വയ്ക്കുകയും ചെയ്തു. അട്ടിമറിക്ക് മരണ ശിക്ഷ എന്നത് ഒരു യാഥാർത്ഥ്യമായി എന്നതിൽ കൂടുതൽ ഒരു വ്യത്യാസങ്ങളും രാഷ്ട്രീയസാഹചര്യങ്ങളിൽ ഇതിനിടയ്ക്ക് ഉണ്ടായിട്ടില്ല എന്നാണു എനിക്ക് കാണുവാൻ കഴിഞ്ഞത്. അപ്പോഴും ഞാൻ പുറപ്പെടുമ്പോൾ ഉണ്ടായിരുന്ന അതേ നിലപാടുകളിലായിരുന്നു ഉംഖൊണ്ടോയിലെ എന്റെ സഹപ്രവർത്തകർ. അട്ടിമറിസമരങ്ങളുടെ വിജയസാധ്യത അടുത്ത കാലത്തൊന്നും ഇല്ലാതാവുകയില്ലെന്നുള്ള വിശ്വാസത്തിൽ അവർ ശ്രദ്ധാപൂർവ്വം നിശ്ചയിച്ച പരിപാടികൾ തുടരുകയായിരുന്നു.  വാസ്തവത്തിൽ അവരിൽ ചിലർ സൈനികസേവനത്തിനു അംഗങ്ങളെ അയച്ച നടപടി അപക്വമായിപ്പോയി എന്നു വരെ അഭിപ്രായപ്പെട്ടു. 14-ആം നമ്പരായി ഹാജരാക്കിയിരിക്കുന്ന തെളിവു രേഖയിൽ ഞാൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിശീലനം സിദ്ധിച്ച സൈനികരുടെ ഒരു കേന്ദ്രസംഘത്തെ രൂപീകരിക്കുന്നതിനു അനേകം വർഷങ്ങളെടുക്കും എന്നതിനാലും ഏത് സാഹചര്യത്തിലും മുതൽക്കൂട്ടായിരിക്കും അത്തരം ഒരു സംഘം എന്നതിനാലും സൈനികപരിശീലനവുമായി മുന്നോട്ട് പോകുവാനാണു സമഗ്രവും എല്ലാവരേയും ഉൾക്കൊള്ളിച്ചുള്ളതുമായ ഒരു ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചത്.

ഇനി ഈ കേസിൽ ഗവണ്മെന്റ് ഉന്നയിച്ച പൊതുവായ ചില ആരോപണങ്ങളിലേക്ക് കടക്കാം. എന്നാൽ അതിനു മുൻപ് പോർട്ട് എലിസബത്തിലും കിഴക്കൻ ലണ്ടനിലും നടന്നതായി  സാക്ഷിമൊഴികളുള്ള ചില സംഭവങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട്.ഞാൻ പരാമർശിക്കുന്നത് 1962 സെപ്റ്റംബർ, ഒക്റ്റോബർ, നവംബർ മാസങ്ങളിൽ ഗവണ്മെന്റിനെ പിന്തുണയ്ക്കുന്ന ആളുകളുടെ വീടുകളിലേക്ക് നടന്ന ബോംബാക്രമണങ്ങളെക്കുറിച്ചാണു. ഇതിനെല്ലാം എന്ത് ന്യായീകരണമാണു ഉള്ളതെന്നോ  എന്തായിരുന്നു ഇവയിലേക്ക് നയിച്ച പ്രകോപനമെന്നോ എനിക്കറിയില്ല. എന്നാൽ ഞാൻ മുൻപേ തന്നെ ഇവിടെ പറഞ്ഞതെല്ലാം സ്വീകാര്യമാണു എന്ന പക്ഷം ഈ സംഭവങ്ങൾക്കൊന്നും ഉംഖൊണ്ടോയുടെ നയപരിപാടികളുമായി ഒരു തരത്തിലുമുള്ള ബന്ധവും ഇല്ലെന്നുള്ളത് തീർച്ചയാണു.

ആരോപണങ്ങളുടെ കൂട്ടത്തിൽ പ്രധാനമായ ഒന്ന് ANC പൊതുവിൽ അട്ടിമറിക്കു വേണ്ടി ഗൂഢാലോചന നടത്തുന്ന ഒരു കക്ഷിയാണു എന്നതാണു. ഇത് എങ്ങനെയാണു വസ്തുതാവിരുദ്ധമാകുന്നതെന്ന് ഞാൻ വിശദീകരിച്ചു കഴിഞ്ഞതാണു; എങ്ങനെയാണു വിദേശത്ത് മാത്രം അതിന്റെ യഥാർത്ഥ നയങ്ങളിൽ നിന്ന് വ്യതിചലിച്ചിരുന്നതെന്നും. ഒരു കമ്മിറ്റി റൂമിൽ ഇരുന്ന് തീരുമാനിക്കപ്പെടുന്ന നയങ്ങളും പ്രായോഗികരംഗത്ത് അവ നടപ്പിലാക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പലവിധമായ ഉത്തരവാദിത്തങ്ങൾ ഒരേ സമയം രാജ്യത്തിനകത്ത് സംഘടനയ്ക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഒരു ഘട്ടത്തിൽ നിരോധനങ്ങൾ,വീട്ടുതടങ്കല്ലുകൾ, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി അംഗങ്ങൾ വിദേശത്ത് പോകുക എന്നീ കാരണങ്ങൾ സംഘടനയുടെ പ്രവർത്തനങ്ങളെ വീണ്ടും പ്രതികൂലമായി ബാധിച്ചിരുന്നു. അങ്ങനെ വ്യക്തികൾ ഒരേ സമയം പല ചുമതലകൾ വഹിക്കേണ്ടുന്ന സാഹചര്യമുണ്ടായി. ഇതെല്ലാം  ഉംഖൊണ്ടോയും ANCയും തമ്മിലുള്ള അതിർത്തി മങ്ങുവാൻ കാരണമായിട്ടുണ്ടെങ്കിലും ആ അതിർത്തി ഇല്ലാതായിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ രണ്ട് സംഘടനകളുടേയും പ്രവർത്തനങ്ങൾ വെവ്വേറെയായി നിൽക്കുന്നതിനു അങ്ങേയറ്റം ശ്രദ്ധ ചെലുത്തപ്പെട്ടിട്ടുണ്ട്. 1961നു മുൻപ് കൈക്കൊണ്ട അതേ നിലപാടുകളിന്മേൽ ആഫ്രിക്കക്കാരുടെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ സംഘടനയായി ANC പ്രവർത്തിച്ചുകൊണ്ടിരുന്നു.ഉംഖൊണ്ടോയാകട്ടെ പല വംശീയതകളിൽ നിന്നും സംഘടനകളിൽ നിന്നുമൊക്കെ അംഗങ്ങളെ ചേർത്തുകൊണ്ട് അതിന്റെ സ്വന്തം ലക്ഷ്യങ്ങൾക്കു പ്രവർത്തിക്കുന്ന ഒരു ചെറുസംഘടനയായി മുന്നോട്ട് പോയി. ഉംഖൊണ്ടോയിലെ ചില അംഗങ്ങൾ ANCയിൽ നിന്നുള്ളവരാണെന്നും സോളമൻ മബഞ്വയെപ്പോലുള്ള ചിലർ രണ്ട് സംഘടനകളിലും പ്രവർത്തിച്ചിരുന്നുമെന്നുമുള്ളതും ഞങ്ങളുടെ കാഴ്ച്ചപ്പാടിൽ ANCയുടെ സ്വഭാവം മാറ്റിത്തീർക്കുന്നതിനോ അതിന്റെ അഹിംസാമാർഗ്ഗങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനോ കാരണമായിട്ടില്ല.
രണ്ട് സംഘടനകളിലെയും ചുമതലകൾ ഒരാൾ വഹിക്കുക എന്നത് ഒരു പൊതുരീതിയായിരുന്നില്ല, അപൂർവ്വമായി സംഭവിക്കുന്നത്  മാത്രമായിരുന്നു. അതുകൊണ്ടാണു ഉംഖൊണ്ടോയുടെ പ്രാദേശിക നേതൃത്വത്തിലുള്ള ‘Mr. X’ ഉം Mr. Zഉം ANCയുടെ ഒരു കമ്മിറ്റികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാതിരുന്നിരുന്നതും ശ്രീ.ബെന്നെറ്റ് മഷിയാന, ശ്രീ. റെജിനാൾഡ് എൻഡുബി എന്നിവർ ANCമീറ്റിംഗുകളിൽ വെച്ച് അട്ടിമറി എന്നത് കേൾക്കുകയേ ചെയ്യാതിരുന്നിരുന്നതും.

ആരോപണങ്ങളിൽ മറ്റൊന്ന് ഉംഖൊണ്ടോയുടെ ആസ്ഥാനം റിവോണിയയിൽ ആയിരുന്നുവെന്നതാണു. ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ വരെ അങ്ങനെയായിരുന്നില്ല, അത് അസത്യമാണു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചില പ്രവർത്തനങ്ങൾ അവിടെ നടന്നിരുന്നു എന്നത് ഞാൻ കേട്ടിട്ടുള്ളതും എനിക്ക് അറിവുള്ളതുമായ സംഗതിയാണു. എന്നാൽ എനിക്ക് അവിടം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല എന്നതിനു അതല്ല കാരണം. അത് വ്യക്തമാക്കാം.

  • പറഞ്ഞുകഴിഞ്ഞത് പോലെ, മേയ് മാസത്തിലെ പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നതിനു 1961ഏപ്രിൽ ആദ്യത്തിൽ ഞാൻ ഒളിവിൽ പോയി.അത് സംബന്ധമായി എനിക്ക് രാജ്യം മുഴുക്കെ യാത്ര ചെയ്യേണ്ടിയിരുന്നു; പട്ടണങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്, തിരിച്ച് വീണ്ടും നഗരങ്ങളിലേക്ക്.
  • വർഷത്തിന്റെ രണ്ടാം പകുതിയിൽ എന്റെ കുടുംബവുമായി രഹസ്യമായി കാണുന്നതിനു ഞാൻ അർതർ ഗോൾഡ്റീഷിന്റെ പാർക്ക്റ്റൗണിലുള്ള വീട് സന്ദർശിക്കുവാൻ തുടങ്ങി. അദ്ദേഹവുമായി എനിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഒന്നും തന്നെയില്ലെങ്കിലും 1958 മുതൽ എനിക്ക് പരിചയമുള്ള ആളാണു അർതർ ഗോൾഡ്റീഷ്.
  • ഒക്റ്റോബറിൽ താൻ നഗരം തൽക്കാലത്തേക്ക് വിടുകയാണെന്നും ഒളിവിൽ പാർക്കുന്നതിനു അവിടം ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം എന്നെ  അറിയിച്ചു. അല്പ ദിവസങ്ങൾക്ക് ശേഷം എന്നെ റിവോണിയായിലേക്ക് കൊണ്ടുപോകുന്നതിനു മൈക്കൽ കാർമെലിനെ ഏർപ്പാടാക്കുകയും ചെയ്തു. ഒരു പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞുവന്നിരുന്ന എന്നെ സംബന്ധിച്ച് സ്വാഭാവികമായിത്തന്നെ റിവോണിയ ഒളിത്താവളമാക്കുന്നതിനു പറ്റിയ സ്ഥലമായിരുന്നു. അതുവരെ പകൽസമയത്ത് മുറികൾക്കുള്ളിൽ കഴിയുന്നതിനും ഇരുട്ടിന്റെ മറവിൽ മാത്രം പുറത്തിറങ്ങുന്നതിനും ഞാൻ നിർബന്ധിതനായിരുന്നു. എന്നാൽ ലില്ലീസ് ലീഫിൽ(റിവോണിയ ഫാമിലുള്ള) എനിക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനുതകുന്ന രീതിയിൽ മറ്റൊരു തരത്തിലുള്ള ജീവിതം സാധ്യമായിരുന്നു.
  • പ്രകടമായ കാരണങ്ങളാൽ എനിക്ക് വേഷവും രൂപവും മാറേണ്ടി വന്നു, ഞാൻ ഡേവിഡ് എന്ന പേരു സ്വീകരിച്ചു. ഡിസംബറിൽ അർതർ ഗോൾഡ്റീഷും കുടുംബവും തിരികെയെത്തി. 1962 ജനുവരി 11നു ഞാൻ വിദേശത്തേക്ക് പോകുന്നത് വരെ ഞാൻ അവിടെത്തന്നെ താമസിച്ചു. മുൻപ് സൂചിപ്പിച്ചതുപോലെ ജൂലൈ1962ൽ ഞാൻ തിരിച്ചു വരികയും ആഗസ്റ്റ് അഞ്ചാം തീയതി നറ്റാലിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
  • എന്റെ അറസ്റ്റിന്റെ കാലം വരെ ലില്ലീസ് ലീഫ് ഫാം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെയോ ഉംഖൊണ്ടോയുടേയോ ആസ്ഥാനമായിരുന്നിട്ടില്ല.ഞാനല്ലാതെ ഈ രണ്ട് സംഘടനകളുടേയും ഭാരവാഹികളോ അംഗങ്ങളോ ആരും തന്നെ അവിടെ താമസിക്കുകയുണ്ടായിട്ടില്ല. അവിടെ യോഗങ്ങൾ ചേരുകയോ അവിടെയിരുന്നുകൊണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുകയോ നിർദ്ദേശങ്ങൾ കൊടുക്കുകയോ ചെയ്തിട്ടില്ല.ലില്ലീസ് ലീഫിൽ ഞാൻ താമസിച്ചുകൊണ്ടിരുന്ന കാലത്ത് ANCയുടേയും NHCയുടേയും പ്രവർത്തക സമിതി അംഗങ്ങളെ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.എന്നാൽ അവയൊന്നും അവിടെ വെച്ചായിരുന്നില്ല.
  • ലില്ലീസ് ഫാമിൽ വസിക്കുന്ന കാലത്ത് ഞാൻ മിക്കപ്പോഴും അർതർ ഗോൾഡ്റീഷിനെ സന്ദർശിക്കുമായിരുന്നു. അദ്ദേഹം എന്റെ അടുക്കലേക്ക് വരികയും ചെയ്തിരുന്നു.വ്യത്യസ്ത വിഷയങ്ങളിൽ വളരെയധികം രാഷ്ട്രീയ ചർച്ചകൾ അന്നൊക്കെ ഉണ്ടായിട്ടുണ്ട്. സിദ്ധാന്തത്തെയും  പ്രയോഗത്തേയും കുറിച്ചുമുള്ള ചോദ്യങ്ങൾ, കോൺഗ്രസ്സ് മുന്നണി,ഉംഖൊണ്ടോയും അതിന്റെ പൊതുവിലുള്ള പ്രവർത്തനങ്ങളും,  ഹഗാനയുടെ സൈനികവിഭാഗമായിരുന്ന പാൽമാക്കിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളെക്കുറിച്ചുമൊക്കെയുമുള്ള ചർച്ചകൾ. പാലസ്തീനിലെ ജൂത ദേശീയ മുന്നേറ്റത്തിന്റെ രാഷ്ട്രീയതേതൃത്വമായിരുന്നു ഹഗാന.
  • ഗോൾഡ്റീഷിനെക്കുറിച്ച് അറിയാൻ കഴിഞ്ഞവയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഉംഖൊണ്ടോയിൽ ചേർക്കണമെന്ന് ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയ നേരം ഞാൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം നടപ്പിലായിട്ടുണ്ടോ എന്ന വിവരം എനിക്ക് അറിയില്ല.

സർക്കാർ ഉയർത്തിയ ആരോപണങ്ങളിൽ മറ്റൊന്ന് ANCയുടേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ലക്ഷ്യങ്ങൾ ഒന്ന് തന്നെയാണു എന്നതാണു. ഇവിടെ ഹാജരാക്കിയ ചില രേഖകളുടെ അടിസ്ഥാനത്തിലാകണം ഞാൻ ANCയിലേക്ക് മാർക്സിസ്റ്റ് ആശയങ്ങൾ കൊണ്ടുവരുവാൻ ശ്രമിച്ചു എന്ന് സർക്കാർ ആരോപിക്കുന്നത്. ANCയെ സംബന്ധിച്ചുള്ള ഈ ആരോപണം വാസ്തവവിരുദ്ധമാണു.പഴയ രാജ്യദ്രോഹക്കുറ്റവിചാരണകാലത്ത് തന്നെ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളാണു വീണ്ടും ഉയർത്തിക്കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ ആരോപണം വീണ്ടും ഉന്നയിക്കപ്പെട്ടതിനാൽ അതിനെക്കുറിച്ചും ANCയും കമ്മ്യൂണിസ്റ്റ് പാർട്ടിയും, ഉംഖൊണ്ടോയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ഞാൻ വിശദീകരിക്കാം.

ANCയുടെ തത്ത്വസംഹിത എന്നും ആഫ്രിക്കൻ ദേശീയതയായിരുന്നു. “വെള്ളക്കാരനെ കടലിൽ തള്ളുക” എന്ന നിലയ്ക്കുള്ള ഒരു ആഫ്രിക്കൻ ദേശീയതയല്ല അത്. ANCയെ സംബന്ധിച്ച് ആഫ്രിക്കൻ ദേശീയത എന്നതിനാൽ മുന്നോട്ട് വയ്ക്കപ്പെടുന്നത് ആഫ്രിക്കൻ ജനതയ്ക്ക് സ്വന്തം മണ്ണിൽ ലഭിക്കേണ്ടുന്ന സ്വാതന്ത്ര്യമാണു. ANC അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്ത രാഷ്ട്രീയ പ്രമാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘സ്വാതന്ത്ര്യാവകാശ പത്ര’മാണു (Freedom Charter). അത് ഒരിക്കലും ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കുള്ള ബ്ലൂപ്രിന്റ് ആയിരുന്നില്ല. ഭൂമിയുടെ ദേശസാൽകരണത്തെക്കുറിച്ചല്ല, പുനർവിതരണത്തെക്കുറിച്ചും ഖനികളുടെയും ബാങ്കുകളുടെയും കുത്തകാവകാശം ഒരു വംശത്തിനു മാത്രമായി നിലനിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നതിനാൽ വ്യവസായങ്ങളുടേയും മറ്റും ദേശസാൽകരണത്തെക്കുറിച്ചാണു അത് പറഞ്ഞത്. രാഷ്ട്രീയാധികാരം നിലവിൽ വന്നാലും ഇത്തരം കുത്തകാവകാശങ്ങൾ വംശീയമായ ആധിപത്യങ്ങൾ വീണ്ടും പടരുന്നതിനു കാരണമാകും എന്നത് സ്പഷ്ടമാണു. ഉദാഹരണത്തിനു എല്ലാ സ്വർണ്ണഖനികളും യൂറോപ്യൻ കമ്പനികളുടേതായിരിക്കെ ആഫ്രിക്കക്കാർക്കു മേലുള്ള സ്വർണ്ണനിരോധന നിയമങ്ങൾ റദ്ദാക്കുന്നത് പൊള്ളത്തരമായിരിക്കും. ഈ വിധത്തിൽ, സ്വർണ്ണഖനികളെ വിദേശമൂലധനം നിയന്ത്രിച്ചിരുന്ന കാലം മുതൽക്കു തന്നെസ്വർണ്ണഖനികളുടെ ദേശസാൽകരണം വർഷങ്ങളായി അതിന്റെ പരിപാടികളുടെ ഭാഗമാക്കിയ ഇന്നത്തെ നാഷണലിസ്റ്റ് പാർട്ടിയുടെ നയവുമായി ചേർന്നു നിൽക്കുന്നതാണു ANC-യുടെ നയവും. സ്വകാര്യ സംരഭങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തികവ്യവസ്ഥിതിയിൽ ദേശസാൽക്കരണം തനിയെ ഉണ്ടാവുന്ന ഒന്നാണെന്നാണു ‘സ്വാതന്ത്ര്യപ്രഖ്യാപനരേഖ’യിൽ പരാമർശിച്ചിരിക്കുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനരേഖയുടെ സാക്ഷാത്കാരം മധ്യവർഗ്ഗമുൾപ്പെടെയുള്ള എല്ലാ വർഗ്ഗങ്ങളുടെയും,മുഴുവൻ ആഫ്രിക്കൻ ജനതയുടെയും പുരോഗതിക്ക് കാരണമാകും.ANC അതിന്റെ ചരിത്രത്തിൽ ഒരിക്കലും രാജ്യത്തിന്റെ സമ്പദ് വ്യവസ്തയെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിനു വേണ്ടി നിലകൊണ്ടിട്ടില്ല. മുതലാളിത്ത വ്യവസ്ഥിതിയെ തള്ളിക്കളയുന്ന ഒരു നിലപാട് എന്നെങ്കിലും ANC-യ്ക്ക് ഉണ്ടായിരുന്നതായും എന്റെ ഓർമ്മയിൽ ഇല്ല.

ഞാൻ മനസ്സിലാക്കിയടത്തോളം, കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലകൊള്ളുന്നത് മാർക്സിസം അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥിതിയുടെ സ്ഥാപനത്തിനു വേണ്ടിയാണു. വെളുത്തവരുടെ അധീശത്ത്വം കൊണ്ടുള്ള പ്രശ്നങ്ങൾക്കുള്ള ഹ്രസ്വകാല പരിഹാരം എന്ന നിലയ്ക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി അവർ പോരാടുന്നുണ്ടെങ്കിലും അവരെ സംബന്ധിച്ച് സ്വാതന്ത്ര്യപ്രഖ്യാനം അവരുടെ പരിപാടിയുടെ ആത്യന്തികലക്ഷ്യവും അവസാനവുമല്ല, തുടക്കം മാത്രമാണു.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്തുടർന്നിരുന്നതിനു വിരുദ്ധമായി, ആഫ്രിക്കക്കാരെ മാത്രമാണു ANC അംഗങ്ങളാക്കിയിരുന്നത്. അന്നും ഇന്നും അതിന്റെ പ്രധാന ലക്ഷ്യം ആഫ്രിക്കൻ ജനതയുടെ ഐക്യവും അവരുടെ പൂർണ്ണമായ രാഷ്ട്രീയ അവകാശങ്ങളുമാണു. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാനലക്ഷ്യമാകട്ടെ മുതലാളിത്ത മേധാവിത്വത്തെ നീക്കി ഒരു അദ്ധ്വാനവർഗ്ഗ ഭരണകൂടം സ്ഥാപിക്കുക എന്നുള്ളതാണു. കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗവ്യത്യാസങ്ങളിൽ ഊന്നുമ്പോൾ ANC ശ്രമിക്കുന്നത് അവയെ ഏകീകരിക്കുവാനാണു. ഇതൊരു പ്രധാന വ്യത്യാസമാണു.

ANCയും കമ്മ്യൂണിസ്റ്റ് പാർട്ടിയും പലപ്പോഴും വളരെ അടുത്ത് സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വെള്ളക്കാരുടെ ആധിപത്യം അവസാനിപ്പിക്കുക എന്ന ഒരു പൊതു ആവശ്യത്തിനു വേണ്ടിയുള്ളതായിരുന്നു ആ സഹകരണങ്ങൾ. അല്ലാതെ എല്ലാവിധ താല്പര്യങ്ങൾക്കും വേണ്ടി ഉള്ളവയായിരുന്നില്ല.

ലോകചരിത്രം മുഴുവൻ സമാനമായ ഉദാഹരങ്ങളുണ്ട്. ഒരുവേള അതിൽ ഏറ്റവും മികച്ച ഒന്ന് ഹിറ്റ്ലർക്കെതിരെ ബ്രിട്ടനും യു എസ് എയും സോവിയറ്റ് യൂണിയനും ഒന്നിച്ച് നിന്നതായിരിക്കും.  ഈ സഹകരണം ചർച്ചിലിനെയും റൂസ്വെൽറ്റിനെയും കമ്മ്യൂണിസ്റ്റുകളോ കമ്മ്യൂണിസ്റ്റുകളുടെ ആയുധങ്ങളോ ആക്കിയെന്നോ ബ്രിട്ടനും അമേരിക്കയും ഒരു കമ്മ്യൂണിസ്റ്റ് ലോകം സൃഷ്ടിക്കാനാണു പരിശ്രമിക്കുന്നതെന്നോ ഹിറ്റ്ലർ പോലും പറഞ്ഞിട്ടുണ്ടാകില്ല.

അത്തരത്തിലുള്ള ഒരു സഹകരണമാണു ഉംഖൊണ്ടോയുമായി ബന്ധപെട്ടും ഉണ്ടായിരുന്നത്. ഉംഖൊണ്ടോയുടെ രൂപീകരണത്തിനു ശേഷം അൽപകാലത്തിനുള്ളിൽ തന്നെ ചില കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ എന്നെ അറിയിച്ചത്  കമ്മ്യൂണിസ്റ്റ് പാർട്ടി ഉംഖൊണ്ടോയെ പിന്തുണയ്ക്കും എന്നാണു. അത് നടക്കുകയും ചെയ്തു. പിന്നീടൊരു ഘട്ടത്തിൽ ആ പിന്തുണ തുറന്ന ഒന്നായി മാറി.

അവരുടെ ഹ്രസ്വകാല ലക്ഷ്യങ്ങൾ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളുമായി ചേർന്ന് നിൽക്കുന്നു എന്നതിനാൽ കോളനിവൽകൃത രാജ്യങ്ങളുടെ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകൾ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണു ഞാൻ കരുതുന്നത്. അങ്ങനെ മലേഷ്യ, അൾജീരിയ, ഇന്തോനേഷ്യ മുതലായ പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യപ്പോരാട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നിട്ടും ഇവയൊന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായില്ല. അതുപോലെ തന്നെ കഴിഞ്ഞ ലോകയുദ്ധത്തിനു ശേഷം പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉണ്ടായ രഹസ്യമായ പ്രതിരോധസമരങ്ങളിൽ കമ്മ്യൂണിസ്റ്റുകൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1930കളിൽ അധികാരമേൽക്കുന്നതിലേക്ക് നയിച്ച സമരങ്ങളിൽ ഇന്ന് കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാളായ ജെനറൽ ചിയാം കൈ ഷെക് പോലും അവരോടൊപ്പം ചേർന്ന് സമരം ചെയ്തിട്ടുണ്ട്.

കമ്മ്യൂണിസ്റ്റുകളും കമ്മ്യൂണിസ്റ്റ് ഇതര കക്ഷികളും തമ്മിലുള്ള ഈ രീതിയിലുള്ള സഹകരണമാണു ദക്ഷിണാഫ്രിക്കയിലെ ദേശീയ വിമോച മുന്നേറ്റങ്ങളിലും ആവർത്തിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനത്തിനു മുൻപ് വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പ്രസ്ഥാനങ്ങളും ചേർന്ന് നിന്നുകൊണ്ടുള്ള പ്രചരണങ്ങൾ വളരെ സ്വീകരിക്കപ്പെട്ടിരുന്നു. ആഫ്രിക്കൻ കമ്മ്യൂണിസ്റ്റുകൾ ANCയിൽ ചേർന്ന് പ്രവർത്തിക്കുകയും അവരിൽ ചിലർ ദേശീയ, പ്രാദേശിക,ലോക്കൽ കമ്മിറ്റികളിൽ അംഗങ്ങളാവുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മുൻ സെക്രട്ടറിയായിരുന്ന ആൽബർട്ട് എൻസുല, മറ്റൊരു മുൻ സെക്രട്ടറിയായിരുന്ന മോസസ് കൊട്ടാനെ, സെൻട്രൽ കമ്മിറ്റി മുൻ അംഗമായിരുന്ന ജെ ബി മാർകസ് എന്നിവർ ദേശീയ പ്രവർത്തകസമിതിയിലുണ്ടായിരുന്ന അത്തരം ചിലരാണു.

1944-ലാണു ഞാൻ ANCയിൽ ചേരുന്നത്. ANCയിൽ കമ്മ്യൂണിസ്റ്റുകളെ ചേർക്കുന്നതും തെരഞ്ഞെടുക്കപ്പെട്ട പ്രശ്നങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കുന്നതും ആഫ്രിക്കൻ ദേശീയത എന്ന സങ്കൽപ്പത്തിൽ വെള്ളം ചേർക്കുന്നതുപോലെയായിരിക്കും എന്നാണു ഞാൻ അന്നത്തെ  എന്റെ ചെറുപ്പകാലത്ത് കരുതിയിരുന്നത്. ആ കാലത്ത് ഞാൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് യൂത്ത് ലീഗിന്റെ അംഗമായിരുന്നു. കമ്മ്യൂണിസ്റ്റുകളെ ANCയിൽ നിന്ന് പുറത്താക്കണം എന്ന നിലപാടായിരുന്നു അതിനുണ്ടായിരുന്നത്. ഈ ആശയം ഭീമമായി എതിർക്കപ്പെട്ടു.ഞങ്ങളുടെ ആ ആശയത്തിനെതിരെ വോട്ട് ചെയ്തവരിൽ ആഫ്രിക്കൻ രാഷ്ട്രീയത്തിലെ യാഥാസ്ഥിതികപക്ഷക്കാർ പോലും ഉണ്ടായിരുന്നു. ഒരൊറ്റ രാഷ്ട്രീയധാരയെ മുന്നോട്ട് വയ്ക്കുന്ന നിലയിലല്ല, നാനാവിധത്തിലുള്ള രാഷ്ട്രീയം സൂക്ഷിക്കുന്നവരായ,സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന  മുഴുവൻ ആഫ്രിക്കൻ ജനതയെയും  ഉൾക്കൊള്ളുന്ന ഒരു പാർലമെന്റ് എന്ന നിലയിലാണു ANC എന്ന ആശയവും പ്രസ്ഥാനവും രൂപം കൊണ്ടത് എന്നതായിരുന്നു അവരുടെ നിലപാട്.ഞാൻ പതിയെ അത് ഉൾക്കൊള്ളുകയും അതിനു ശേഷം എന്നും ആ ആശയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

കമ്മ്യൂണിസത്തിനെതിര രൂഢമൂലമായ മുൻവിധികൾ കാത്ത് സൂക്ഷിക്കുന്ന വെളുത്തവരായ ദക്ഷിണാഫ്രിക്കക്കാർക്ക് ചിലപ്പോൾ ആഫ്രിക്കൻ രാഷ്ട്രീയക്കാർ കമ്മ്യൂണിസ്റ്റുകളുമായി സൗഹൃദം സ്ഥാപിക്കുന്നത് എന്തു കൊണ്ട് എന്ന് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടായിരിക്കും. അടിച്ചമർത്തലിനെതിരെ പൊരുതുന്നവരുടെ ഇടയിലുള്ള ആശയപരമായ വ്യത്യാസങ്ങളെ വലുതായി കാണുക എന്നത് ഈ ഘട്ടത്തിൽ ഞങ്ങൾക്ക് താങ്ങാനാകാത്ത ഒരു ആഢംബരമാണു. എന്തിനധികം, ദശവർഷങ്ങളായി ആഫ്രിക്കക്കാരെ മനുഷ്യരും തുല്യരുമായി കാണുവാനും, ഒപ്പം ആഹാരം കഴിക്കുന്നതിനും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും തയ്യാറായിരുന്ന  ദക്ഷിണാഫ്രിക്കയിലെ ഒരേ ഒരു രാഷ്ട്രീയവിഭാഗം കമ്മ്യൂണിസ്റ്റുകളായിരുന്നു. അതിനാൽ തന്നെ സ്വാതന്ത്ര്യം എന്നാൽ കമ്മ്യൂണിസമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ആഫ്രിക്കക്കാർ ഇന്നുണ്ട്. ജാനാധിപത്യ സർക്കാരിനു വേണ്ടിയും ആഫ്രിക്കൻ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ കമ്മ്യൂണിസം അടിച്ചമർത്തൽ നിയമത്തിനു കീഴിൽ കമ്മ്യൂണിസ്റ്റുകളെന്ന് മുദ്ര കുത്തുന്ന സർക്കാർ നയം അവരെ അങ്ങനെ ചിന്തിപ്പിക്കുന്നുപോലുമുണ്ട്. ഞാനൊരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായിരുന്നിട്ടില്ല.  എന്നിട്ടും പ്രതിരോധപ്രചരണങ്ങളിൽ  ഞാൻ വഹിച്ച പങ്കിന്റെ പേരിൽ എന്നെയും ആ മാരകമായ നിയമത്തിനു കീഴിൽ കൊണ്ടുവന്നു. ആ നിയമത്തിന്റെ പേരിലാണു എന്നെ ശിക്ഷിക്കുകയും തടവിലാക്കുകയും ചെയ്തത്.

കമ്മ്യൂണിസ്റ്റുകൾ ഞങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന്  ഞങ്ങൾ കണക്കാക്കുന്നത് ദേശീയ രാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കിയല്ല.സാർവ്വദേശീയ തലത്തിലും  കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഞങ്ങളുടെ സഹായത്തിനെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലും മറ്റു കൗൺസിലുകളിലും ചില പടിഞ്ഞാറൻ ശക്തികളെക്കാൾ കൂടുതലായി ഞങ്ങളോട് സഹാനുഭൂതി പ്രദർശിപ്പിക്കുകയും കോളോണിയലിസത്തിനെതിരായുള്ള ആഫ്രിക്കനേഷ്യൻ പോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ളത് കമ്മ്യൂണിസ്റ്റ് ബ്ലോക്കാണു.അപ്പാർത്തീഡിനെതിരെ ലോകവ്യാപകമായി പ്രതിഷേധം നിലവിലുണ്ടെങ്കിലും അതിനെതിരെ ഉറച്ച ശബ്ദത്തിൽ സംസാരിക്കുന്നത് മിക്കവാറും തന്നെയുള്ള വെള്ളക്കാരുടെ രാജ്യങ്ങളെക്കാൾ കൂടുതലായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളാണു.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, 1949ൽ ഞാൻ ആയിരുന്നത് പോലെ, എടുത്തുചാട്ടക്കാരായ യുവരാഷ്ട്രീയപ്രവർത്തകർ മാത്രമേ കമ്മ്യൂണിസ്റ്റുകൾ ഞങ്ങളുടെ ശത്രുക്കളാണു എന്ന് പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ.

ഇനി എന്റെ നിലപാട്.  ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ പിന്നെങ്ങനെയുള്ളതാണു എന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ എന്ന് വിവരിക്കാൻ ഞാൻ ബാധ്യസ്ഥനാണു.

എല്ലാറ്റിലും ആദ്യം ഒരു ആഫ്രിക്കൻ ദേശാഭിമാനിയാണു ഞാൻ എന്നതാണു എന്റെ വിശ്വാസം. എങ്ങനെ അങ്ങനെ ആകാതെയിരിക്കും, നാൽപ്പത്തിയാറു വർഷങ്ങൾക്ക് മുൻപെ ഉമാറ്റയിലാണു ഞാൻ ജനിക്കുന്നത്. റ്റെംബുലാൻഡിലെ തലവനായിരുന്നു എന്റെ പിതാവിന്റെ സഹോദരപുത്രനായിരുന്ന എന്റെ രക്ഷകർത്താവ്. റ്റെംബുലാൻഡിലെയും സബാറ്റ ഡാലിൻഡിബോയിലെയും  കൈസെർ മട്ടാൻസിമയിലെയും തലവന്മാരും ട്രാൻസ്കിയിലെ മുഖ്യമന്ത്രിയും എന്റെ ബന്ധുജനങ്ങളാണു.

ഒരു പാതി മാർക്സിയൻ വായനയിൽ നിന്നും മറുപാതി ഈ രാജ്യത്ത് നിലവിലിരുന്ന പുരാതന ആഫ്രിക്കൻ സമൂഹങ്ങളുടെ ഘടനയോടുള്ള മതിപ്പ് കൊണ്ടും ഇന്ന് ഞാൻ വർഗ്ഗരഹിതസമൂഹം എന്ന ആശയത്തോട് ആകർഷിക്കപ്പെട്ടിരിക്കുന്നു. ഉത്പാദനത്തിന്റെ പ്രധാന ഉപാധിയായ ഭൂമി അന്ന് ഗോത്രത്തിനു സ്വന്തമായിരുന്നു.പണക്കാരോ പാവപ്പെട്ടവരോ ഉണ്ടായിരുന്നില്ല. ചൂഷണം ഉണ്ടായിരുന്നില്ല.

പറഞ്ഞതു പോലെ, ഞാൻ മാർക്സിസ്റ്റ് ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ നേതാക്കളുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണു.ഗാന്ധി, നെഹ്രു, എൻക്രൂമ, നാസ്സർ എന്നിവരടക്കം നിരവധി പേർ ഇത് അംഗീകരിക്കുന്നുണ്ട്. കഠിനമായ ദാരിദ്ര്യത്തെ മറി കടന്ന് വികസിത  രാജ്യങ്ങളുടെ നിരയിലേക്ക് വരുവാൻ ഞങ്ങളുടെ ജനങ്ങളെ പ്രാപ്തരാക്കും എന്നതിനാൽ സോഷ്യലിസത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ഒരു രൂപം സ്ഥാപിതമാകണം എന്ന അഭിപ്രായക്കാരാണു  ഞങ്ങളെല്ലാം.  എന്നാൽ ഇതുകൊണ്ട് ഞങ്ങൾ മാർക്സിസ്റ്റുകളാണെന്ന് അർത്ഥമാകുന്നില്ല.

ഞങ്ങളുടെ രാഷ്ട്രീയപ്പോരാട്ടത്തിന്റെ ഈ പ്രത്യേകഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്തെങ്കിലും പ്രത്യേകമായ പങ്ക് വഹിക്കുവാനുണ്ടോ എന്നത് തുറന്ന ചർച്ചയ്ക്ക് വയ്ക്കാവുന്നതാണു.  വംശീയമായ വേർതിരിവുകൾ ഇല്ലാതെയാക്കുക എന്നതും സ്വാതന്ത്ര്യപ്രഖ്യാപനരേഖയുടെ അടിസ്ഥാനത്തിൽ ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കുക എന്നതുമാണു ഇപ്പോഴത്തെ അടിസ്ഥാനപരമായ ആവശ്യങ്ങൾ.ഇവയിൽ സഹായിക്കുന്നുണ്ട് എന്നതിനാൽ ഞാൻ പാർട്ടിയുടെ സഹകരണം സ്വാഗതം ചെയ്യുന്നു. എല്ലാ വംശക്കാരായ ജനങ്ങളെയും ഞങ്ങളുടെ സമരങ്ങളിലേക്ക് കൊണ്ടുവരുന്നതിനു ഇത് സഹായകരമാകും എന്ന് ഞാൻ തിരിച്ചറിയുന്നു.

പടിഞ്ഞാറൻ പാർലമെന്ററി വ്യവസ്ഥയെ ജനാധിപത്യവിരുദ്ധവും പിന്തിരിപ്പനുമായാണു കമ്മ്യൂണിസ്റ്റുകൾ കണക്കാക്കുന്നത് എന്നാണു  മാർക്സിസ്റ്റ് സാഹിത്യങ്ങളിൽ നിന്നും മാർക്സിസ്റ്റുകളുമായുള്ള സംഭാഷണങ്ങളിൽ നിന്നും  എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചത്.എന്നാൽ അതിനു വിരുദ്ധമായി, അത്തരം ഒരു വ്യവസ്ഥിതിയെ ശ്ലാഘിക്കുന്ന ഒരാളാണു ഞാൻ.

മാഗ്നാ കാർട്ടാ, അവകാശനിവേദനപത്രം, അവകാശപ്രഖ്യാപനരേഖ എന്നിവ ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നവയാണു.

ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനത്തോടും അതിന്റെ നീതിനിർവ്വഹണ സംവിധാനത്തോടും എനിക്ക് വലിയ രീതിയിൽ ബഹുമാനമുണ്ട്.ബ്രിട്ടീഷ് പാർലമെന്ററി വ്യവസ്ഥയെ ലോകത്തെ ഏറ്റവും ജനാധിപത്യപരമായ സംവിധാനമായി കണക്കാക്കുന്ന എന്നിൽ  സ്വതന്ത്രവും നിഷ്പക്ഷവുമായ അതിന്റെ നീതിനിർവ്വഹണ സംവിധാനം എന്നും വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ട്.

അമേരിക്കൻ കോൺഗ്രസ്സും, ആ രാജ്യത്തെ ഭരണസംവിധാനങ്ങളുടെ വിതരണവും,  ജുഡീഷ്യറിയുടെ സ്വതന്ത്രനിലപാടുകളും അതേ നിലയ്ക്കുള്ള വികാരമാണു എന്നിൽ ഉണ്ടാക്കിയിട്ടുള്ളത്.

കിഴക്കും പടിഞ്ഞാറും ഒരേ പോലെ എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്.  രാഷ്ട്രീയ  പരിഹാരങ്ങൾക്കു വേണ്ടിയുള്ള എന്റെ അന്വേഷണങ്ങൾ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായിരിക്കണം എന്ന് ഇവ എന്നെ പഠിപ്പിച്ചിട്ടുണ്ട്.സോഷ്യലിസം അല്ലാതെ മറ്റൊരു വ്യവസ്ഥിതിയെയുമല്ല ഞാൻ പിന്തുണയ്ക്കുന്നത്.  കിഴക്കിന്റെയും പടിഞ്ഞാറിന്റേയും ഏറ്റവും മികച്ചവ കടം കൊള്ളുവാൻ ഞാനെന്റെ മനസ്സിനെ സ്വതന്ത്രമാക്കി നിർത്തേണ്ടതുണ്ട്…

ഞങ്ങൾ വിദേശത്തു നിന്നും സാമ്പത്തികസഹായം സ്വീകരിച്ചിട്ടുണ്ട് എന്ന് ഇവിടെ സമർപ്പിതമായ ചില രേഖകൾ ഉന്നയിക്കുന്നുണ്ട്. ആ വിഷയത്തെ പറ്റി അല്പം വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ സ്വന്തം ജനങ്ങളും ഞങ്ങളെ പിന്തുണയ്ക്കുന്നവരും ചേർന്ന് രൂപീകരിക്കുന്ന ഫണ്ടുകൾ  വഴിയുള്ള ആഭ്യന്തരമായ ശ്രോതസ്സുകളാണു ഞങ്ങളുടെ രാഷ്ട്രീയ സമരങ്ങളെ സാമ്പത്തികമായി സഹായിച്ചിരുന്നത്. പ്രത്യേക തരത്തിലുള്ള പ്രചരണപരിപാടികളോ മുൻപ് നടന്ന  രാജ്യദ്രോഹക്കുറ്റ വിചാരണ പോലെയുള്ള പ്രധാനപ്പെട്ട കേസുകളോ വരുമ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിലെ ഞങ്ങളോട് അനുഭാവം പുലർത്തുന്ന വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഞങ്ങൾക്ക് സഹായം  ലഭിക്കാറുണ്ട്.ഇതിനും അപ്പുറമായി എങ്ങനെയെങ്കിലും സാമ്പത്തികശ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ട് എന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നില്ല.

എന്നാൽ 1961ൽ ഉംഖൊണ്ടോ രൂപീകരിച്ച് പോരാട്ടത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിച്ചേർന്ന വേളയിൽ ഈ ചെറിയ സാമ്പത്തികശ്രോതസ്സുകൾ പുതിയ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് പോരാതെ വരും എന്നു ഞങ്ങൾ മനസ്സിലാക്കി. 1962 ജനുവരിയിൽ ഞാൻ വിദേശപര്യടനത്തിനു പോകുമ്പോൾ ഞാൻ വെച്ച നിർദ്ദേശങ്ങളിൽ ഒന്ന് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിച്ച് ഫണ്ട് രൂപീകരിക്കണം എന്നതായിരുന്നു.

എന്റെ വിദേശപര്യടനത്തിൽ മറ്റ് ആഫ്രിക്കൻ നേതാക്കളുമായി സംസാരിച്ചതിലൂടെ എനിക്ക് മനസ്സിലായത് സ്വാതന്ത്ര്യം ലഭിക്കാത്ത മേഖലകളിൽ അവരെല്ലാം തന്നെ സാമ്പത്തികസഹായങ്ങൾ ഉൾപ്പടെയെയുള്ള സഹകരണങ്ങൾ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ നിന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും സ്വീകരിക്കുന്നുണ്ട് എന്നായിരുന്നു.പ്രാധാനപ്പെട്ട പല കമ്യൂണിസ്റ്റ് ഇതര, കമ്മ്യൂണിസ്റ്റ് വിരുദ്ധ ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ സഹായങ്ങൾ സ്വീകരിച്ചിരുന്നുവെന്നും ഞാൻ കണ്ടെത്തി.

സഹായ ശ്രോതസ്സുകൾ ആഫ്രിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും മാത്രമായി ഒതുക്കി നിർത്തരുതെന്നും ഫണ്ടുകൾ അടിയന്തിരമായി ആവശ്യമുണ്ടായിരുന്നതിനാൽ സോഷ്യലിസ്റ്റ് രാജ്യങ്ങളിലേക്കും അതിനായി സംഘങ്ങളെ അയക്കണമെന്നുമുള്ള ശക്തമായ നിർദ്ദേശം മടങ്ങി വന്ന നേരം ഞാൻ ANCയിൽ ഉന്നയിച്ചു.

അത്തരം സംഘങ്ങളെ അയച്ചിട്ടുണ്ട് എന്നാണു കുറ്റാരോപിതനായ ശേഷം എനിക്ക് ലഭിച്ച വിവരം. എന്നാൽ സഹായം നൽകുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്ത സംഘടനകളുടെയുംരാജ്യങ്ങളുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് അതിനെനിക്ക് സ്വാതന്ത്ര്യമില്ലാത്തതിനാൽ പ്രയാസകരമാണു.

ഞാൻ മനസ്സിലാക്കുന്നത്, സർക്കാരും, പ്രത്യേകിച്ച് ‘മി: എക്സും’വാദിക്കുന്നത് ഉംഖൊണ്ടോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനയാണെന്നും ആഫ്രിക്കൻ സ്വാതന്ത്ര്യം എന്ന ആശയം മറയായി വെച്ചുകൊണ്ട്  വാസ്തവത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സംവിധാനത്തിനായി പ്രവർത്തിച്ചിരുന്നുവെന്നുമാണു. ഇതിൽ പരം വാസ്തവവിരുദ്ധമായതൊന്നുമില്ല. തികച്ചും സാമാന്യയുക്തിക്ക് നിരക്കാത്ത ആരോപണമാണിത്. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുന്നതിനു ആഫ്രിക്കക്കാർ സ്ഥാപിച്ച സംഘടനയാണു ഉംഖൊണ്ടോ. കമ്മ്യൂണിസ്റ്റുകളും മറ്റുള്ളവരും അതിനെ പിന്തുണയ്ക്കുകയാണു ഉണ്ടായത്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളും അതേപോലെ ഞങ്ങൾക്കൊപ്പം ചേരണമെന്നാണു ഞങ്ങളുടെ ആഗ്രഹം.

ഒരു യഥാർത്ഥ്യമായി  നിലനിൽക്കുന്ന കഷ്ടപ്പാടുകൾക്കെതിരെയാണു ഞങ്ങളുടെ പോരാട്ടം. സർക്കാർ അഭിഭാഷകൻ അഭിപ്രായപ്പെടുന്ന വിധം ‘ഉണ്ട് എന്ന് പറയപ്പെടുന്ന കഷ്ടപ്പാടുകൾ’ക്ക് നേരെയല്ല.നിരോധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്ന നിയമങ്ങൾ പ്രകാരം ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കക്കാർ ശക്തമായി നേരിടുന്ന സവിശേഷമായ രണ്ട് വെല്ലുവിളികൾക്കെതിരെയാണു അടിസ്ഥാനപരമായി ഞങ്ങളുടെ പോരാട്ടം. ദാരിദ്ര്യവും അന്തസ്സുമാണു അവ. ആ രണ്ട് കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുവാൻ ഞങ്ങൾക്ക് കമ്മ്യൂണിസ്റ്റുകളുടേയോ ‘പ്രക്ഷോഭകാരികൾ’ എന്ന് വിളിക്കപ്പെടുന്ന ആരുടെയെങ്കിലുമോ ആവശ്യമില്ല.

ദക്ഷിണാഫ്രിക്ക ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യമാണു.ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നും. എന്നാൽ അസാധാരണമാം വിധം വലിയ അന്തരങ്ങൾ നില നിൽക്കുന്ന ഒരു നാടാണത്. ഒരു പക്ഷേ ലോകത്തെ ഏറ്റവും മികച്ച ജീവിതസാഹചര്യങ്ങൾ ഇവിടെ വെള്ളക്കാർ അനുഭവിക്കുന്നു.ആഫ്രിക്കക്കാരാകട്ടെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ജീവിക്കുന്നു.ആശയ്ക്ക് വകയില്ലാത്ത വിധം അങ്ങേയറ്റം ഞെങ്ങി ഞെരുങ്ങി കഴിയേണ്ടുന്ന സ്ഥലങ്ങളിലാണു നാല്പത് ശതമാനത്തിലധികം ആഫ്രിക്കക്കാരും കഴിയുന്നത്. മറ്റ് ചിലപ്പോൾ മണ്ണൊലിപ്പും  മണ്ണിന്റെ അമിതമായ ഉപയോഗവും കൊണ്ട് ജീവിതം അസാധ്യമായ പ്രദേശങ്ങളിൽ. മുപ്പത് ശതമാനം വരുന്ന ആഫ്രിക്കക്കാർ കൂലിപ്പണിക്കാരായി, പാട്ടക്കാരായി, കുടിയാന്മാരായി മധ്യകാലങ്ങളിലെ അടിയാളന്മാരെ പോലെ വെള്ളക്കാരുടെ ഫാമുകളിലും മറ്റും പണിയെടുക്കുന്നു. നഗരങ്ങളിൽ കഴിയുന്ന മറ്റൊരു മുപ്പത് ശതമാനം അവിടങ്ങളിലെ സാമൂഹ്യജീവിതം ആവശ്യപ്പെടുന്ന വിധം ഏറെക്കുറെ വെള്ളക്കാരുടെ ജീവിതനിലവാരത്തോടടത്തുള്ള രീതികളിൽ കഴിയുന്നു.  ഇവരിൽ ഒട്ടുമുക്കാലും  തന്നെ താഴ്ന്ന വരുമാനവും ഉയർന്ന ജീവ്തച്ചിലവുകളും കൊണ്ട് വലയുന്നു.

ഏറ്റവുമധികം വരുമാനവും സമൃദ്ധിയുമുള്ള ആഫ്രിക്കൻ നാഗരിക ജീവിതം ജോഹന്നാസ്ബർഗ്ഗിലാണു. എങ്കിലും യഥാർത്ഥത്തിൽ അവരുടെ സ്ഥിതി കഷ്ടമാണു. 1964 മാർച്ച് 25നു ജോഹന്നാസ്ബർഗ്ഗ് നോൺ യൂറോപ്യൻ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ മാനേജരായ മി. കാർ നൽകിയതാണു ഏറ്റവും അവസാനം ലഭിച്ച ചില സ്ഥിതി വിവരക്കണക്കുകൾ. അദ്ദേഹത്തിന്റെ ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്  ഒരു  ശരാശരി ആഫ്രിക്കൻ കുടുംബത്തിന്റെ ദാരിദ്ര്യരേഖ ഒരു മാസം 42.84 റാൻഡാണു. അവിടെയുള്ള ആഫ്രിക്കൻ കുടുംബങ്ങളുടെ ശരാശരി മാസവരുമാനം 32.24 റാൻഡ് മാത്രമാണെന്നും 46 ശതമാനം കുടുംബങ്ങൾക്കും ആവശ്യത്തിനനുസരിച്ചുള്ള വരുമാനം ഇല്ലായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പോഷകാഹാരക്കുറവും രോഗങ്ങളും ദാരിദ്ര്യത്തിന്റെ കൂടപ്പിറപ്പുകളാണു. ആഫ്രിക്കക്കാരുടെ ഇടയിൽ പോഷകാഹരക്കുറവും ബന്ധപ്പെട്ട രോഗങ്ങളും വളരെ കൂടുതലാണു.റ്റ്യൂബർകുലോസിസ്, പെല്ലാഗ്ര, ക്വാർഷ്യോർക്കർ, ഗാസ്ട്രോ-എന്റെറിറ്റിസ്, സ്കർവി എന്നിവ ആരോഗ്യം തകർത്ത് മരണങ്ങൾക്ക് കാരണമാകുന്നു. ശിശുമരണ നിരക്ക് ലോകത്തിലെത്തന്നെ  ഏറ്റവും കൂടുതലായ രാജ്യങ്ങളിലൊന്നാണു ഇവിടം. പ്രിറ്റോറിയയിലെ ആരോഗ്യ വിഭാഗം ഓഫീസർ പറയുന്നത് റ്റ്യൂബർകുലോസിസ് കാരണം നാല്പത് ആളുകൾ, അവയിൽ ഭൂരിപക്ഷവും ആഫ്രിക്കക്കാർ, മരിക്കുന്നുണ്ടെന്നാണു. 1961ൽ മാത്രം 58,491 പുതിയ റ്റ്യൂബർകുലോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ രോഗങ്ങൾ ശരീരത്തെ മാത്രമല്ല, മനസ്സിനെയും ബുദ്ധിയേയും ബാധിക്കുക വഴി ഏകാഗ്രത ഇല്ലാതാക്കുന്നു, എന്തെങ്കിലും കാര്യത്തിനു മുൻകൈ എടുക്കുന്നതിനുള്ള കഴിവുകൾ ഇല്ലാതാക്കുന്നു. ഇവയെല്ലാം  ആഫ്രിക്കൻ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ നിലവാരത്തെയും ആഫ്രിക്കൻ സമൂഹത്തെയാകെയും പ്രതികൂലമായി ബാധിക്കുന്നു.

തങ്ങൾ ദാരിദ്ര്യത്തിലാണെന്നും വെള്ളക്കാർ സമ്പന്നതയിലാണെന്നും മാത്രമല്ല ആഫ്രിക്കക്കാരുടെ പരാതി – വെള്ളക്കാർ നിർമ്മിച്ചിട്ടുള്ള നിയമങ്ങൾ ആ അവസ്ഥയെ എന്നും നിലനിർത്തുവാൻ സഹായിക്കുന്നുവെന്നുമാണു. ദാരിദ്ര്യം ഇല്ലാതാക്കാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്. ആദ്യത്തെ മാർഗ്ഗം ഔപചാരികമായ വിദ്യാഭ്യാസത്തിന്റേതാണു. രണ്ടാമത്തേത് തൊഴില്പരമായ വൈദഗ്ദ്ധ്യം നേടിയെടുക്കലും അത് വഴി ഉയർന്ന വേതനങ്ങൾ നേടിയെടുക്കലുമാണു. ആഫ്രിക്കക്കാരെ സംബന്ധിച്ച് ഈ രണ്ട് വഴികളും പലവിധ നിയമങ്ങളാൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണു.

നിലവിലെ ഗവണ്മെന്റ് എന്നും ആഫ്രിക്കക്കാരുടെ വിദ്യാഭ്യാസാന്വേഷണങ്ങളെ തടസ്സപ്പെടുത്താനാണു ശ്രമിച്ചിട്ടുള്ളത്.അധികാരത്തിലേറിയ ശേഷം അവർ ആദ്യം ചെയ്ത ഒരു കാര്യം ആഫ്രിക്കക്കാരായ സ്കൂൾ വിദ്യാർത്ഥികളുടെ ഭക്ഷണസബ്സിഡികൾ നിർത്തലാക്കുക എന്നതാണു. സ്കൂളുകളിൽ പഠിക്കുന്ന നിരവധി ആഫ്രിക്കൻ കുട്ടികൾ ആഹാരത്തിനു ആശ്രയിച്ചിരുന്ന മാർഗ്ഗമാണു തടസ്സപ്പെട്ടത്. ഇത് വളരെ ക്രൂരമായ ഒരു നിയമമായിരുന്നു.

പണക്കാരാകട്ടെ പാവപ്പെട്ടവരാകട്ടെ, വെളുത്ത വർഗ്ഗക്കാരുടെ കുട്ടികൾക്ക് ഒട്ടും തന്നെ ചിലവില്ലാത്ത രീതിയിൽ നിർബന്ധിതവും സാർവത്രികവുമായ വിദ്യാഭ്യാസം ലഭ്യമാണു. ചിലർക്കൊക്കെ ലഭിക്കുന്നുണ്ട് എങ്കിലും പൊതുവിൽ ആഫ്രിക്കക്കാരുടെ കുട്ടികൾക്ക് ഈ സൗകര്യം ലഭ്യമല്ല. എന്തുതന്നെയായാലും ആഫ്രിക്കാർക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വെള്ളക്കാരെക്കാൾ കൂടുതൽ തുക ചിലവാക്കേണ്ടി വരുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ വംശീയ ബന്ധ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 1963ലെ കണക്കുകൾ പ്രകാരം ഏഴും പതിന്നാലും വയസ്സിനു ഇടയിലുള്ള നാല്പത് ശതമാനത്തോളം ആഫ്രിക്കൻ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. അത് ലഭ്യമായവർക്കാകട്ടെ, വെള്ളക്കാരുടെ കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെ വെച്ച് നോക്കുമ്പോൾ വളരെ നിലവാരം കുറഞ്ഞ വിദ്യാഭ്യാസമാണു ലഭ്യമാകുന്നത്. 1960-61ൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ആഫ്രിക്കൻ കുട്ടികൾക്കായി സർക്കാർ ചിലവിട്ടിരുന്നത് ആളൊന്നിനു 12.46 റാൻഡ് എന്ന നിലയ്ക്കായിരുന്നു. അതേ കാലയളവിൽ  എനിക്ക് ആകെ ലഭ്യമായ കേപ് പ്രവിശ്യയിലെ കണക്കനുസരിച്ച്, വെള്ളക്കാരുടെ കുട്ടികൾക്കായി ചിലവിട്ടിരുന്നത് 144.57 റാൻഡാണു. മറ്റ് കണക്കുകൾ ഇതേ സംബന്ധിച്ച് എനിക്ക് ലഭ്യമല്ലെങ്കിലും 144.57 റാൻഡ് ആളൊന്നിനു ലഭിക്കുന്ന വെള്ളക്കാരുടെ കുട്ടികൾ വരുന്നത് 12.46റാൻഡ് വീതം മാത്രം ചിലവിടപ്പെടുന്ന ആഫ്രിക്കൻ കുട്ടികളെക്കാൾ വളരെയധികം സാമ്പത്തികമായി മെച്ചപ്പെട്ട വീടുകളിൽ നിന്നുമാണെന്നത് തീർച്ചയാണു.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ബൻടു വിദ്യാഭ്യാസ ജേർണൽ പറയുന്നത് പ്രകാരം 1962 വിദ്യാഭ്യാസവർഷത്തിൽ ദക്ഷിണാഫ്രിക്കയിലാകെ 5,660ആഫ്രിക്കൻ കുട്ടികൾ മാത്രമാണു ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷ പാസ്സായിട്ടുള്ളൂ. അതേ വർഷം മെട്രിക് പരീക്ഷ പാസ്സായവരുടെ എണ്ണം 362 മാത്രമാണു. ബൻടു വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ബൻടു വിദ്യാഭ്യാസത്തിനായുള്ള നയങ്ങളെക്കുറിച്ച്1953ൽ  പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഇതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

“തദ്ദേശീയരുടെ വിദ്യാഭ്യാസത്തിന്മേൽ എനിക്ക് നിയന്ത്രണമുള്ളിടത്തോളം കാലം, അവരുടെ കുട്ടിക്കാലം മുതൽക്ക് തന്നെ, യൂറോപ്യന്മാരോട് തുല്യത പുലർത്തുക എന്നത് അവർക്ക് സാധ്യമാവുന്ന ഒന്നല്ല എന്ന് അവരെ പഠിപ്പിക്കുന്ന രീതിയിൽ ഞാൻ വിദ്യാഭ്യാസനയങ്ങളെ പരിഷ്കരിക്കുന്നതാണു…തുല്യതയിൽ വിശ്വസിക്കുന്ന അധ്യാപകർ തദ്ദേശീയർക്ക് ചേരുന്ന അധ്യാപകരല്ല.എന്റെ ഡിപ്പാർട്ട്മെന്റ് തദ്ദേശീയരുടെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നിടത്തോളം കാലം ഏത് തലത്തിലുള്ള വിദ്യാഭ്യാസത്തിനാണു തദ്ദേശീയർ അർഹരെന്നും അവർക്ക് ജീവിതത്തിൽ എന്നെങ്കിലും അവരുടെ  അറിവ് ഉപയോഗിക്കേണ്ടി വരുമോ എന്നുമുള്ള  കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കും വിധമായിരിക്കും.”

ആഫ്രിക്കകാരുടെ സാമ്പത്തികപരമായ പുരോഗതിക്ക് മറ്റൊരു കടമ്പ വ്യവസായ മേഖലയിൽ മെച്ചപ്പെട്ട ജോലികൾ എല്ലാം തന്നെ വർണ്ണവിവേചനപരമായി വെള്ളക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണു. അവിദഗ്ദ്ധ, അർദ്ധവിദഗ്ദ്ധ മേഖലകളിൽ ജോലി ചെയ്യുന്ന ആഫ്രിക്കക്കാർക്ക് വ്യാവസായിക അനുരഞ്ജന നിയമത്തിനു കീഴിൽ അംഗീകൃത ട്രേഡ് യൂണിയനുകൾ രൂപീകരിക്കാൻ അവകാശമില്ല. വെള്ളക്കാരായ തൊഴിലാളികൾക്ക് ലഭ്യമായ രീതിയിൽ കൂട്ടായ വിലപേശലിനും സമരങ്ങൾ നടത്തുന്നതിനും ആഫ്രിക്കക്കാരായ തൊഴിലാളികൾക്ക് അവകാശമില്ല എന്നതാണു ഇതിനർത്ഥം.  ‘സിവിലൈസ്ഡ് തൊഴിൽ നയം’ എന്ന് പറയപ്പെടുന്ന നയപ്രകാരം മാറിമാറി വന്ന ദക്ഷിണാഫ്രിക്കൻ സർക്കാരുകൾ ആഫ്രിക്കക്കാരായ തൊഴിലാളികളോട് എടുത്ത് വന്ന നിലപാടുകൾ വ്യക്തമാണു. വ്യാവസായിക മേഖലകളിൽ കഴിവ് തെളിയിക്കാൻ കഴിയാത്ത വെള്ളക്കാർക്ക് അതേ മേഖലയിൽ പണിയെടുക്കുന്ന ആഫ്രിക്കക്കാരായ തൊഴിലാളികളെക്കാൾ വളരെയധികം കൂടിയ ശമ്പളത്തോടെ സർക്കാർ ജോലികൾ സൗകര്യപ്പെടുത്തിക്കൊടുക്കുന്നു.

മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ ആഫ്രിക്കക്കാരെക്കാൾ സാമ്പത്തികമായി മെച്ചപ്പെട്ടതാണു ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കക്കാരുടെ അവസ്ഥ എന്നാണു വിമർശകർക്ക് ഗവണ്മെന്റ് എന്നും നൽകുന്ന മറുപടി. ഇത് സത്യമാണൊ എന്ന് എനിക്കറിയില്ല.ജീവിതച്ചിലവ് സൂചിക അടിസ്ഥാനപ്പെടുത്തിയല്ലാതെ  ഇത്തരം താരതമ്യങ്ങൾ നടത്താനാകുമോ എന്നത് സംശയകരമാണു. ഇനി ഇത് സത്യമാണെങ്കിൽ തന്നെ ആഫ്രിക്കൻ ജനതയെ സംബന്ധിച്ചിടത്തോളം ഇത് അപ്രസക്തമാണു. മറ്റ് രാജ്യങ്ങളിലെ ആളുകളുമായി താരതമ്യേന ദരിദ്രരാണു എന്നതല്ല ഞങ്ങളുടെ പരാതി. ഞങ്ങൾ പറയുന്നത് ഞങ്ങളുടെ സ്വന്തം രാജ്യത്തെ വെള്ളക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ വളരെ ദരിദ്രരാണെന്നും ആ അസമത്വത്തെ മറികടക്കുവാനുള്ള ശ്രമങ്ങൾ നിയമം മൂലം തടസ്സപ്പെടുത്തിയിരിക്കുകയാണു എന്നുമാണു.

ആഫ്രിക്കക്കാർക്ക് അന്തസ്സുള്ള ജീവിതം ലഭിക്കുന്നില്ല എന്നത് വെള്ളക്കരുടെ മേൽക്കോയ്മയ്ക്കായി കൈക്കൊള്ളുന്ന നയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വെള്ളക്കാരന്റെ മേൽക്കോയ്മ എന്നാൽ അർത്ഥമാകുന്നത് കറുത്തവന്റെ അപകർഷത എന്നാണു.വെള്ളക്കാരന്റെ അധീശത്വം നിലനിർത്തുന്നതിനായുള്ള നിയമങ്ങൾ ഇതിനെ ബലപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കയിലെ എല്ലാ തരം വിടുപണികളും ചെയ്യിക്കുന്നത് ആഫ്രിക്കാരെക്കൊണ്ട് മാത്രമാണു.സ്വന്തം ജോലിക്കാരനാകട്ടെ അല്ലായിരിക്കട്ടെ, എവിടെയെങ്കിലും വൃത്തിയാക്കണമെന്നുണ്ടെങ്കിൽ, എന്തെങ്കിലും സാധനം എടുത്ത് മാറ്റണമെന്നുണ്ടെങ്കിൽ, വെള്ളക്കാരൻ ഉടൻ തിരയുന്നത് ഒരു കറുത്തവനെയായിരിക്കും. ഇത്തരം മനോഭാവം നിമിത്തം വെള്ളക്കാരനെ സംബന്ധിച്ച് കറുത്തവൻ എന്നത്  മറ്റൊരു ഇനം മനുഷ്യരാണു. കറുത്തവർ സ്വന്തം കുടുംബങ്ങളുള്ളവരാണു എന്ന് അവർ കരുതുന്നില്ല. വെള്ളക്കാരെപ്പോലെത്തന്നെ പ്രണയിക്കുന്നവരാണു അവരെന്നോ ഭാര്യമാരോടും കുട്ടികളോടുമൊപ്പം സമയം ചിലവിടാൻ ആഗ്രഹമുള്ളവരാണു അവരെന്നോ, സ്വന്തം കുടുംബങ്ങൾക്ക് വേണ്ടി പണം സമ്പാദിക്കുവാനും അവർക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നൽകുവാനും ആഗ്രഹമുള്ളവരാണു അവരെന്നോ വെള്ളക്കാർ കരുതുന്നില്ല. വീട്ടുപണിക്കാരനും തോട്ടംജോലിക്കാരനും എന്നെങ്കിലും ഇതൊക്കെ ആഗ്രഹിക്കാനാകുമോ?

ഏത് സമയവും ഒരു ആഫ്രിക്കക്കാരനെ നിരീക്ഷിക്കുവാൻ പൊലീസിനെ അധികാരപ്പെടുത്തുന്ന പാസ്സ് നിയമങ്ങളാണു ആഫ്രിക്കക്കാർ അങ്ങേയറ്റം വെറുക്കുന്ന നിയമങ്ങളിൽ ഒന്ന്. തന്റെ പാസ്സുമായി ബന്ധപ്പെട്ട് പൊലീസുമായി ഒരു തവണയെങ്കിലും പ്രശ്നത്തിൽ അകപ്പെടാത്ത ഒരൊറ്റ ദക്ഷിണാഫ്രിക്കൻ പുരുഷൻ പോലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. നൂറും ആയിരവും കണക്കിനു ആഫ്രിക്കക്കാരാണു പാസ്സ് നിയമങ്ങളുടെ പേരിൽ  ജയിലിലേക്ക് എറിയപ്പെടുന്നത്. ഈ പാസ്സ് നിയമങ്ങൾ കാരണം ഭാര്യാഭർത്താക്കന്മാർക്ക് വേർപെട്ട് ജീവിക്കേണ്ടി വരുന്നുവെന്നും അത് മൂലം കുടുംബജീവിതം തന്നെ തകരുന്ന സാഹചര്യമുണ്ടാകുന്നു എന്നതുമാണു ഏറ്റവും വിഷമകരമായ അവസ്ഥ.

ദാരിദ്ര്യവും കുടുംബജീവിതങ്ങളുടെ തകർച്ചയ്ക്കും മറ്റ് തുടർഫലങ്ങളുണ്ട്. ജീവിതം നിലനിർത്തുന്നതിനായി ജോലിയെടുക്കുവാൻ  മാതാപിതാക്കൾ രണ്ട് പേരും (രണ്ട് പേർ ഉണ്ട് എങ്കിൽ) എപ്പോഴും വീടിനു പുറത്താണെങ്കിൽ,വിദ്യാഭ്യാസത്തിനായി വേണ്ടത്ര പണം ഇല്ലായെങ്കിൽ, അവർക്ക് പോകാൻ കഴിയുന്ന സ്കൂളുകൾ ഇല്ലായെങ്കിൽ, കുട്ടികൾ തെരുവുകളിലൂടെ അലഞ്ഞു തിരിയുന്നു. ഇത് സദാചാരപരമായ മൂല്യച്ച്യുതികൾക്ക് കാരണമാകുന്നു. നിയമാനുസൃതമല്ലാത്ത കാര്യങ്ങൾ, രാഷ്ട്രീയേതരമായ സംഘർഷങ്ങളും അക്രമങ്ങളുമെല്ലാം സൃഷ്ടിക്കപ്പെടുന്നു. ചെറുപട്ടണങ്ങളിലെ ജീവിതം ശരിക്കും ആപൽക്കരമാണു. ആർക്കെങ്കിലും കുത്തേൽക്കുകയോ മർദ്ദനമേൽക്കുകയോ ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇരുട്ട് വീണു കഴിഞ്ഞാൽ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുവാൻ എല്ലാവർക്കും ഭയമാണു. അത്തരം കുറ്റകൃത്യങ്ങൾക്ക് ഇപ്പോൾ വധശിക്ഷ വരെ ലഭിച്ചേക്കാം എന്നുള്ളപ്പോഴും ഭവനഭേദനങ്ങളും കവർച്ചകളും വർദ്ധിച്ചു വർദ്ധിച്ചു വരുന്നു. പഴുത്തുകൊണ്ടിരിക്കുന്ന ഒരു വൃണം സുഖപ്പെടുത്താൻ വധശിക്ഷകൾ മതിയാകില്ല.

ആഫ്രിക്കാർക്ക് ജീവിക്കുന്നതിനാവശ്യമായ കൂലി വേണം.ഗവണ്മെന്റ് നിശ്ചയിക്കുന്ന വിധമല്ല, അവർക്ക് ചെയ്യുവാൻ പ്രാപ്തിയുണ്ടെന്ന് അവർ കരുതുന്ന ജോലികൾ ചെയ്യുവാൻ ആഫ്രിക്കാർക്ക് കഴിയണം. അവിടെ ജനിച്ചവരല്ല എന്ന കാരണത്താൽ താമസം നിഷേധിക്കാതെ, ജോലി ലഭിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുവാൻ അവർക്ക് കഴിയണം. ഒരിക്കലും സ്വന്തമെന്നു വിളിക്കുവാൻ കഴിയാത്ത വാടകവീടുകളിൽ എന്നും ഒടുങ്ങാതെ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ സ്വന്തമായി ഭൂമിയും വീടും ഉണ്ടാക്കുവാൻ അവർക്ക് കഴിയണം. ചേരികളിൽ ഒതുങ്ങിയല്ല, പൊതുജനങ്ങൾക്കൊപ്പം  അതിന്റെ ഭാഗമായി ജീവിക്കുവാൻ ആഫ്രിക്കാർക്ക് കഴിയണം. പുരുഷന്മാർക്ക് വേണ്ടിയുള്ള ഹോസ്റ്റലുകളിലല്ല, സ്വന്തം ഭാര്യമാരോടും കുട്ടികളോടുമൊപ്പം ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ജീവിക്കുവാൻ ആഫ്രിക്കാർക്ക് കഴിയണം.ആഫ്രിക്കൻ വനിതകൾക്ക് എന്നെന്നും അവരുടെ പുരുഷന്മാരിൽ നിന്ന് അകന്ന് ഏതെങ്കിലും റിസർവ് സ്ഥലങ്ങളിൽ വിധവകളെപ്പോലെ ജീവിക്കുന്നതിനു പകരം അവരവരുടെ പുരുഷന്മാർക്കൊപ്പം ജീവിക്കുവാൻ കഴിയണം. കൊച്ചുകുട്ടികളെ പോലെ എപ്പോഴും വീടിനകത്ത് കഴിയുവാനല്ല, രാത്രി പതിനൊന്ന് മണിക്ക് ശേഷവും വീടിനു പുറത്തിറങ്ങി നടക്കുവാൻ ആഫ്രിക്കാർക്ക് കഴിയണം. ലേബർ ബ്യൂറോ നിശ്ചയിക്കും വിധമല്ല,ജോലി അന്വേഷിച്ച് സ്വന്തം രാജ്യത്ത് എവിടേയ്ക്കു പോകുവാനും ആഫ്രിക്കാർക്ക് കഴിയണം. മുഴുവൻ ദക്ഷിണാഫ്രിക്കയുടെയും ഒരു പങ്കെങ്കിലും ആഫ്രിക്കാർക്ക് വേണം. സുരക്ഷ വേണം. സമൂഹത്തിൽ  സ്ഥാനം വേണം.

എല്ലാറ്റിനും മീതെ, ഞങ്ങൾക്ക് തുല്യമായ രാഷ്ട്രീയാവകാശങ്ങൾ വേണം. കാരണം, അവയില്ലാതെ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ശാശ്വതമായിരിക്കും. ഭൂരിപക്ഷം വോട്ടർമാരും കറുത്തവരാണു എന്നതിനാൽ ഈ രാജ്യത്തെ വെള്ളക്കാർക്ക് ഇത് വിപ്ലവകരമായി തോന്നാം. അത് കാരണം വെള്ളക്കാരൻ ജനാധിപത്യത്തെ ഭയപ്പെടുന്നു.

പക്ഷേ എല്ലാവർക്കും വംശീയമൈത്രിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായുള്ള ഒരേയൊരു വഴി ഈ ഭീതിയൊന്ന് കാരണം തടസ്സപ്പെടുവാൻ പാടില്ല. സാർവത്രിക വോട്ടവകാശം വംശീയാധിപത്യത്തിനു വഴി വയ്ക്കും എന്നത് സത്യമല്ല. വർണ്ണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ വ്യത്യാസങ്ങൾ കൃത്രിമമാണു.അത് ഇല്ലാതെയാകുമ്പോൾ ഒരു വർണ്ണം മറ്റൊന്നിനു മേൽ ആധിപത്യം സ്ഥാപിക്കുന്ന സ്ഥിതിയും ഇല്ലാതെയാകും.അരനൂറ്റാണ്ടായി ANC വർണ്ണവിവേചനത്തിരെ പോരാടുന്നു. വിജയിച്ച് കഴിഞ്ഞാലും ആ നയങ്ങൾ തന്നെ പിന്തുടരപ്പെടും.

ഇതിനു വേണ്ടിയാണു ANC പൊരുതുന്നത്. ശരിക്കും ദേശീയമാണു അവരുടെ പോരാട്ടം. സ്വന്തം അനുഭങ്ങളിൽ നിന്ന്, സ്വന്തം കഷ്ടപ്പാടുകളിൽ നിന്ന്, ഊർജ്ജം ഉൾക്കൊണ്ട ആഫ്രിക്കൻ ജനതയുടേതാണു ഈ  പോരാട്ടം. ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടിയാണു ഈ  പോരാട്ടം.

ആഫ്രിക്കൻ ജനതയുടെ ഈ സമരത്തിനായി എന്റെ ജീവിതകാലമിത്രയും ഞാൻ സമർപ്പിച്ചിട്ടുണ്ട്. വെളുത്തവരുടെ ആധിപത്യത്തിനെതിരെ ഞാൻ പൊരുതിയിട്ടുണ്ട്, കറുത്തവരുടെ ആധിപത്യത്തിനെതിരെയും പൊരുതിയിട്ടുണ്ട്. ജനങ്ങളെല്ലാം മൈത്രിയിലും തുല്യമായ അവസരങ്ങളോടും കൂടി ജീവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള  സങ്കല്പം ഞാനെന്നും താലോലിച്ചിട്ടുണ്ട്. ജീവിക്കുവാനും ജീവിച്ച് നേടുവാനും ഞാൻ ആഗ്രഹിക്കുന്ന ഒരു സങ്കല്പമാണത്.  എന്നാൽ വേണ്ടി വന്നാൽ മരിക്കാൻ വരെ ഞാൻ തയ്യാറായിക്കഴിഞ്ഞ ഒരു സങ്കല്പം.

നെൽസൺ മണ്ടേല – ഏപ്രിൽ 20, 1964.
———————————————————————
അനുബന്ധം: വിചാരണയ്ക്ക് ഒടുവിൽ 1964 ജൂൺ 11നു നാലു അട്ടിമറി കേസുകളിൽ മണ്ടേല കുറ്റക്കാരനാണെന്ന് തെളിയുകയും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. കേപ്റ്റൗൺ തീരത്തിനടുത്ത് കടുത്ത സുരക്ഷാസംവിധാനങ്ങളുള്ള കുപ്രസിദ്ധമായ റോബൻ ദ്വീപിലെ തടവറയിൽ അദ്ദേഹത്തിന്റെ ജയിൽവാസം ആരംഭിച്ചു. 1980കളിൽ മണ്ടേലയുടെ മോചനത്തിനു വേണ്ടി ലോകവ്യാപകമായി ആരംഭിച്ച പ്രചരണങ്ങളെ തുടർന്ന് 1990ഫെബ്രുവരി 11നു, 27 വർഷത്തെ തടവുജീവിതത്തിനു ശേഷം എഴുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം ജയിൽമോചിതനായി.ദക്ഷിണാഫ്രിക്കയിൽ വംശീയേതര ജനാധിപത്യം സ്ഥാപിക്കുന്നതിനായി നടത്തിയ സമാധാനപരമായ ശ്രമങ്ങളുടെ പേരിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്. ഡബ്ലിയു. ഡീ ക്ലാർക്കിനൊപ്പം മണ്ടേല 1993ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. ദക്ഷിണാഫ്രിക്കയിലെ കറുത്തവർക്ക് ആദ്യമായി വോട്ട് ചെയ്യുന്നതിനു അവകാശം ലഭിച്ച1991ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടു.
—–
വിവർത്തനം: സ്വാതി ജോർജ്ജ്

Comments

comments