നീതിക്കും മാനുഷികമായ അന്തസ്സിനും വേണ്ടിയുള്ള കഴിഞ്ഞ ഏതാണ്ട് രണ്ട് നൂറ്റാണ്ടുകാലത്തെ പ്രയത്നത്തിൽ സ്ത്രീ ഒരു പ്രധാനകേന്ദ്രമായിരുന്നു. സതി, പെൺ ശിശുഹത്യ, ബാല്യവിവാഹം, വൈധവ്യജീവിതം, ദേവദാസിവൃത്തി, ഇങ്ങനെ പോകുന്നു അവരെ ബാധിക്കുന്ന വിഷയങ്ങൾ. പല നിയമങ്ങളും ഉണ്ടായി. എങ്കിലും പുരുഷാധിപത്യവും, വിവേചനവും, ശാരീരികമായ അക്രമം തന്നെയും പല രൂപങ്ങളിൽ തുടർന്നു. വി ടി ഭട്ടതിരിപ്പാടിന്റെ ജയിലിൽ നിന്ന് പരോളിലേയ്ക്കുള്ള പുരോഗമനം എന്ന നിരീക്ഷണം ഏറെക്കുറേ ശരിയാണെന്ന് തോന്നിക്കും വിധം. പൂജാരിമാരുടേയും, പാതിരിമാരുടേയും, തമ്പുരാക്കന്മാരുടേയും മുല്ലമാരുടേയും പിടി അയഞ്ഞിട്ടില്ലെന്നാണ് അനുഭവം. പിന്നീട് അവതരിച്ച തമ്പുരാക്കന്മാരുടെ തമ്പുരാക്കന്മാരായ രാഷ്ട്രീയക്കാരും ഇപ്പോൾ സ്വന്തം അജണ്ടകളുമായി അവരുടെ കൂടെ ചേർന്നിരിക്കുന്നു. സ്ത്രീകൾക്കെതിരെ സ്ത്രീകളെത്തന്നെ അണിനിരത്തുന്ന നീചമായ രീതിയാണ് അവരുടേത്.

തങ്ങളല്ലാത്ത ഏത് ദൈവങ്ങളുടെ താല്പര്യമാണ് ഇവരൊക്കെ സംരക്ഷിക്കുന്നതെന്ന ചോദ്യം ജനങ്ങൾ, വിശേഷിച്ചും സ്ത്രീകൾ ചോദിക്കേണ്ട അവസരം വന്നിരിക്കുന്നു. നിങ്ങൾ വിശ്വാസിയാണോ അല്ലയോ, അഥവാ ക്ഷേത്രത്തിൽ പോകുന്നുണ്ടോ എന്നതല്ല ഇവിടെ വിഷയം. നിങ്ങൾ തിരഞ്ഞെടുത്തതല്ലാത്ത നിങ്ങളുടെ അവസ്ഥയുടെ പേരിൽ നിങ്ങൾ വിവേചനം ചെയ്യപ്പെടുന്നുണ്ടോ, നിങ്ങളുടെ മാനുഷികമായ അന്തസ്സ് നഷ്ടപ്പെടുന്നുണ്ടോ എന്നതാണ്. അതുപോലുള്ള മറ്റൊരു അവസ്ഥ നേരിട്ടിരുന്ന അവർണ്ണർക്ക് ക്ഷേത്രങ്ങൾ തുറന്നുകൊടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇടമായിരുന്നു കേരളം – എട്ടു ദശാബ്ദങ്ങൾക്ക് മുമ്പ്. കല്ലും മുള്ളും ചവുട്ടി കടന്നുപോന്ന ഈ നീണ്ട വഴി തിരിഞ്ഞുനടക്കുവാനോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഈ ചോദ്യം ചോദിക്കേണ്ടിവന്നുവെന്നതുതന്നെ ലജ്ജയുണ്ടാക്കുന്നതാണ്.
– ആനന്ദ്

Comments

comments