റുപതുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും കലയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.ഭാവിയെക്കുറിച്ചുള്ള വ്യക്തിയുടെ ആകാംക്ഷയും അന്യതാബോധവും ആശങ്കകളും ഇക്കാലത്തെ സാഹിത്യത്തിലും കുറഞ്ഞ തോതിലെങ്കിലും ചലച്ചിത്രങ്ങളിലും പ്രതിഫലിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരവും എം ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ പുറത്തുവന്ന ഓളവും തീരവും നാഗരിക – കാര്‍ഷിക പരിണാമഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തികളുടെ ആത്മ സംഘര്‍ഷങ്ങളെയാണ് ആഖ്യാനം ചെയ്യുന്നത്.

മലയാള സിനിമാ ചരിത്രത്തില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നതും ഇതേ കാലത്താണ്. ഭക്ത – പുരാണ സിനിമകളും വടക്കന്‍പാട്ട് വീരചരിതങ്ങളും സമാന്തരമായി പടയോട്ടം നടത്തിയ കാലം. 1961ല്‍ ഉണ്ണിയാര്‍ച്ചയോടെയാണ് വടക്കന്‍പാട്ട് സിനിമകള്‍ ആരംഭിക്കുന്നത്. മുപ്പത് വര്‍ഷം പതിനൊട്ടോളം സിനിമകള്‍. ഒരു വടക്കന്‍ വീരഗാഥയും (1989) കടത്തനാടന്‍ അമ്പാടിയും (1990), പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയുമാണ് (2002) അവസാനമായി പുറത്തുവന്ന ചിത്രങ്ങള്‍. പ്രഹ്‌ളാദ (1941), ഹരിശ്ചന്ദ്ര (1955) തുടങ്ങിയ ഭക്ത സിനിമകളിലൂടെ ഇതര ഇന്ത്യന്‍ ഭാഷാ സിനിമകളുടെപു രാണാഖ്യാനങ്ങളോട് മലയാളവും കണ്ണി ചേരുന്നുണ്ട്. എന്നാല്‍ പുരാണ സിനിമകളുടെ ഭക്തിപ്രസരം സജീവമാകുന്നത് അറുപതുകളിലാണ്. സീത (1960), ഭക്തകുചേല (1961), കൃഷ്ണകുചേല (1961), ശ്രീരാമ പട്ടാഭിഷേകം (1962), ശകുന്തള (1965) എന്നിങ്ങനെ പുരാണ സിനിമകളും തുടര്‍ച്ചയായി പുറത്തു വന്നു. മറ്റ് ഇന്ത്യന്‍ പ്രദേശിക ഭാഷാ ചിത്രങ്ങളില്‍ നിന്ന് ഭിന്നമായി മലയാള സിനിമ അതിന്റെ തുടക്കമായ വിഗതകുമാരന്‍ മുതല്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത് സാമൂഹ്യ വിഷയങ്ങളായിരുന്നു. ചരിത്രവും സാമൂഹ്യ ജീവിത പരിസരങ്ങളുമാണ് വെള്ളിത്തിരയെ പ്രചോദിപ്പിച്ചത്. ഇതില്‍ നിന്ന് ഭിന്നമായ അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെ ജനപ്രിയ ചലച്ചിത്രങ്ങള്‍ വടക്കന്‍ പാട്ടിന്റെ വീരസാഹസിക ലോകത്തും പുരാണ ഭക്ത കഥനങ്ങളിലും അഭിരമിക്കുന്നതു കാണാം. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളായിരുന്ന മെരിലാന്റില്‍ നിന്നും ഉദയയില്‍ നിന്നും അടിക്കടി  വടക്കന്‍പാട്ട്, പുരാണ സിനിമകള്‍ പുറത്തു വന്നു.

ഭരണകൂടത്തിന്റെ അശ്ലീലമായ സമഗ്രാധികാരത്തെ മറച്ചുപിടിക്കുന്ന, കാലത്തിന്റെ തീവ്രാനുഭവങ്ങളെ ഒഴിഞ്ഞു കടക്കുന്ന കാഴ്ചകളാണ് പുരാണ-വീര കഥാഖ്യാനങ്ങള്‍ സാധ്യമാക്കിയത്. വര്‍ത്തമാന സാമൂഹ്യാനുഭവങ്ങള്‍ക്ക് പകരമായി അതീത ഭൂതകാലത്തെ സങ്കല്‍പിക്കുന്നു. ഈ അതീത മൂല്യബോധം സമകാലിക സമൂഹത്തിന്റെ അടിയന്തിര സദാചാര മൂല്യമായി പ്രക്ഷേപണം ചെയ്യുന്നു. ഭക്തിയും ആത്മീയതയും ആദേശം ചെയ്ത വീരചരിതങ്ങളിലേക്കുള്ള മതാത്മകമായ ചരിവായിരുന്നു പുരാണ-വടക്കന്‍പാട്ട് സിനിമകള്‍.

കല്‍പിത കഥകളെ പുതിയ കാലത്തിന്അനുരൂപമായി കൈയ്യടക്കുന്നതിനുള്ള ശ്രമമായിരുന്നു അത്. അതീതകാല സമൂഹത്തെയും അതിന്റെ തുടര്‍ച്ചയായ നവദേശ-രാഷ്ട്രത്തെയുമാണ് ആഖ്യാനങ്ങള്‍ ഭാവന ചെയ്തത്.പൊതുവായ ഭൂതകാലമുള്ള ഒരു സമൂഹമായിരുന്നു ആഖ്യാനങ്ങളില്‍ നിറഞ്ഞത്. പൊതുവായ ഭൂതകാലമുള്ള ഒരു ഹിന്ദുസമൂഹം പോലും കേരളത്തില്‍ ദൃശ്യമല്ലാതിരിക്കെ സിനിമകള്‍ ആഖ്യാനവല്‍ക്കരിച്ചത് യഥാര്‍ത്ഥത്തില്‍ വരേണ്യ ഹൈന്ദവഭൂതകാലത്തെയാണ്. വരേണ്യവര്‍ഗ്ഗത്തിന്റെ മൂല്യബോധവും ലോകവീക്ഷണവും സമൂഹത്തിലാകെ സ്വീകാര്യമാക്കുന്നതിലൂടെ ഒരാദര്‍ശ ഹിന്ദുദേശം സങ്കല്‍പ്പിക്കപ്പെട്ടു.
കേരളത്തെ പൊതുവില്‍ ഒറ്റ ദേശീയതയായി സങ്കല്‍പ്പിക്കുകയാണ് വടക്കന്‍പാട്ട് ചിത്രങ്ങള്‍. വടക്കന്‍ കേരളത്തിന്റെ തന്നെ പൊതുവായ ഭൂതകാലമായിരുന്നില്ല പാട്ടുകളുടെ ഭൂമിക. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ തച്ചോളി, പുത്തൂരംതറവാടുകളിലെ കളരി അഭ്യാസികളായ വീര-വീരാംഗനമാരുടെ അപദാനങ്ങളാണ് പാട്ടുകള്‍. പാട്ടിന്റെ ഭൂമിശാസ്ത്രവും സാംസ്‌കാരികവുമായ പ്രാദേശികാനുഭവത്തില്‍ നിന്ന് അടര്‍ത്തി മലയാളിയുടെ പൊതു ഭൂതകാലമാക്കി വടക്കന്‍ പാട്ടുകഥകളെ അനുഭവിപ്പിക്കാന്‍ സിനിമകള്‍ക്ക് കഴിഞ്ഞു. യൂറോപ്യന്‍ ദേശീയതകള്‍ ഗ്രീസിലെ ക്ലാസിക് പാരമ്പര്യത്തെ തങ്ങളുടെ അതീത ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതു പോലെ വടക്കന്‍ പാട്ടുകളെ കേരളത്തിന്റെ പൊതു പാരമ്പര്യമായി സങ്കല്‍പ്പിക്കുകയായിരുന്നു സിനിമകള്‍. ഇത്തരം ആഖ്യാനങ്ങളിലൂടെ പൗരാണികവും പാവനവുമായ ഒരു ബൃഹത്പാരമ്പര്യത്തിന്റെ അഭാവം നികത്തുകയാണ്. ഒപ്പം പ്രാദേശിക കഥാ-മിത്തുകളെ ഇന്ത്യന്‍ ബൃഹദ് പാരമ്പര്യവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ബഹുഭാഷീയതയും ഭാഷണ ഭേദങ്ങളും വംശ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളും സ്വാംശീകരിച്ച,  പ്രഹ്‌ളാദനും ഭക്തകുചേലനും രാമനും സീതാ ശകുന്തളമാരും മധ്യവര്‍ഗ്ഗ ആത്മീയതയെ ഉദ്ദീപിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന പൊതു ബിംബങ്ങളായി. ആരോമലുണ്ണി, കണ്ണപ്പനുണ്ണി, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, തച്ചോളി ചന്തു, അമ്പാടി, ഉണ്ണിയാര്‍ച്ച, തുമ്പോലാര്‍ച്ച, കടത്തനാട്ട് മാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ പ്രാദേശിക യോദ്ധാക്കള്‍ കേരളത്തിന്റെ പൊതു വീര/ലാവണ്യ ശരീരങ്ങളുമായി. കഥാപാത്രങ്ങളുടെ ഉടല്‍ നിലകള്‍, വസ്ത്രം, ആഭരണങ്ങള്‍, ഷൂട്ടിംഗ്സെറ്റുകള്‍, കോട്ട കൊത്തളങ്ങള്‍, കൊട്ടാരങ്ങള്‍ തുടങ്ങിയെ പൊതു ചിഹ്നങ്ങള്‍ പ്രാദേശിക അടയാളങ്ങളെ മായ്ച്ചു കളയുന്നുണ്ട്. പലതിനെയും ഒഴിവാക്കിയും ചില കാര്യങ്ങളെ പെരുപ്പിച്ച് കാട്ടിയുമാണ് ഇത്തരം ബൃഹത് പാരമ്പര്യങ്ങളെ നിര്‍മ്മിക്കുന്നത്.

Comments

comments