അടിയന്തിരാവസ്ഥയും ആത്മീയതയും
എഴുപതുകളുടെ മധ്യത്തില്‍ ദേശീയ അടിയന്തിരാവസ്ഥയുടെ കാലത്താണ് പി എ ബക്കറുടെകബനീനദിചുവന്നപ്പോള്‍ പുറത്തുവരുന്നത്. തുടര്‍ന്ന്, ‘ചുവന്ന വിത്തുകള്‍‘, ‘മണിമുഴക്കം‘, ‘സംഘഗാനംതുടങ്ങി തീവ്ര ഇടതുപക്ഷരാഷ്ട്രീയം പ്രമേയമാക്കിയ നിരവധി സിനിമകളുണ്ടായി. അരവിന്ദന്റെ ഉത്തരായനം‘, ജോണ്‍ എബ്രഹാമിന്റെചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍‘, ‘അഗ്രഹാരത്തില്‍ കഴുതൈ‘, ‘അമ്മഅറിയാന്‍,’ രവീന്ദ്രന്റെ ഹരിജന്‍‘, ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍തുടങ്ങി ആഖ്യാനത്തിലും പ്രമേയത്തിലും എഴുപതുകളുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്ന സിനിമകളും പുറത്തുവന്നു.
എഴുപതുകളിലെ സമാന്തര ധാരയില്‍ അടൂര്‍ ഗോപാലകൃഷ്ണനേക്കാള്‍ കൊണ്ടാടപ്പെട്ടത് അരവിന്ദന്‍ സിനിമകളാണ്.അക്കാലത്തെ കേരളീയ യുവത്വത്തിന്റെ ആത്മസംഘര്‍ഷത്തിന്റെ കാഴ്ചകള്‍ ആവര്‍ത്തിക്കുന്ന അരവിന്ദന്‍ ചിത്രങ്ങളുടെ പ്രഥമധാര സ്വാതന്ത്ര്യാനന്തര കേരളത്തിലെ മധ്യവര്‍ഗ്ഗാവബോധത്തിന്റെ നിസ്സഹായതയാണ്.(6) രാജ്യം അടിയന്തിരാവസ്ഥയിലൂടെ കടന്നുപോയ രാഷ്ട്രീയ ചരിത്ര സന്ദര്‍ഭത്തിലാണ്അരവിന്ദന്റെ കാഞ്ചനസീത (1977) പുറത്തു വരുന്നത്.വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യാധികാരത്തിന്റെയും സൂക്ഷ്മസംഘര്‍ഷങ്ങള്‍ ആഖ്യാനത്തിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുമായിരുന്നചലച്ചിത്രമാണ് കാഞ്ചനസീത. ഇത്തരമൊരു ആഖ്യാനത്തിന്റെ സാധ്യതകള്‍ അതിന്റെ പ്രമേയ ഘടനയില്‍ മറഞ്ഞുകിടന്നിരുന്നു. എന്നാല്‍ രാഷ്ട്രം വ്യക്തിയുടെ അസ്തിത്വത്തെ നിസ്സാരവല്‍ക്കരിച്ച വിപരീതകാലത്തിന്റെ സ്പന്ദനങ്ങളെ വിട്ടുകളഞ്ഞ് ആധ്യാത്മികതയുടെ അതീത തലത്തിലേയ്ക്ക് വഴിമാറുന്ന മധ്യവര്‍ഗ്ഗ ആത്മീയബോധമാണ് കാഞ്ചനസീത പ്രക്ഷേപണംചെയ്തത്.


അരവിന്ദന്റെ കാഞ്ചനസീതയും പിന്നീട് ചിദംബരവും ജനപ്രിയ ഹിന്ദുത്വ സങ്കല്‍പ്പങ്ങളെ പരിലാളിക്കുന്ന മധ്യവര്‍ഗ്ഗ ആത്മീയതയിലേക്ക് വ്യതിചലിക്കുന്ന കാഴ്ചകളാണ് നിര്‍മ്മിച്ചത്. പ്രകൃതി പുരുഷ സംയോഗത്തിന്റെ സ്വാഭാവികതയില്‍ സമൂഹമനസാക്ഷിയുടെ വിലക്കുകള്‍ വീഴുമ്പോള്‍ സംജാതമാകുന്ന സംഘര്‍ഷമാണ് കാഞ്ചനസീതയുടെ അന്തര്‍ഘടന. പിന്നീട് ചിദംബരത്തിലും ഈ പ്രശ്‌നം മറ്റൊരു രീതിയില്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്. ഉത്തരായണത്തിലെ രവിയും കാഞ്ചനസീതയിലെ രാമനും ആത്മഹത്യ ചെയ്യുന്ന കഥാപാത്രങ്ങളാണ്. കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ അതിലോലവും സൂക്ഷ്മവുമായ ഭാവത്തെയാണ് ഈ ചിത്രങ്ങള്‍ വഹിക്കുന്നത്. നിസ്സഹായതയും, അധികാരത്തിന്റെ പരിധിവിട്ട് പോകാനാവാത്ത വ്യക്തിയുടെ കീഴടങ്ങലുമാണ് ആവര്‍ത്തിച്ചുവരുന്നത്. അരവിന്ദന്റെ അവസാനചിത്രമായ വാസ്തുഹാരയിലെ വേണുവും വ്യവസ്ഥിതിയുടെ ഭാഗമായി സ്വയം കീഴടങ്ങുന്ന മധ്യവര്‍ഗ്ഗ നായകനാണ്.(7)

യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഫാന്റസിയിലേക്കും സാമൂഹ്യപരതയില്‍ നിന്ന് വ്യക്തിപരതയിലേക്കും, ഭൗതികതയില്‍ നിന്ന് ആധ്യാത്മികതയിലേക്കും ആഞ്ഞു നില്‍ക്കുന്ന നായകന്റെ ആത്മസംഘര്‍ഷങ്ങളാണ് സമാന്തര/ കലാ സിനിമകള്‍ അന്വേഷിച്ചത്. ജനപ്രിയ ചലച്ചിത്രങ്ങള്‍ വടക്കന്‍പാട്ടിന്റെ വീരസാഹസിക ലോകത്തും പുരാണ ഭക്ത കഥകളിലും അഭിരമിക്കുകയായിരുന്നു. ഇവിടെ ജനപ്രിയ – കലാ സിനിമാ സങ്കല്‍പ്പങ്ങളിലെ ദര്‍ശന വൈരുധ്യങ്ങള്‍ പ്രത്യയശാസ്ത്ര മണ്ഡലത്തില്‍ ഏകീകരിക്ക പ്പെടുന്നതു കാണാം. അടിയന്തിരാവസ്ഥയുടെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തെ മലയാളസിനിമ അന്തര്‍ധാനം ചെയ്തത് വീരാരാധനയുടെയും ഭക്തിയുടെയും ആത്മീയതയുടെയും ആര്‍ക്കി ടൈപ്പുകളെ സൃഷ്ടിച്ചുറപ്പിച്ചുകൊണ്ടാണ്. ഭക്ത പുരാണ കഥനങ്ങളിലും ചേകവപ്പെരുമകളിലും അതീതാത്മീയതയിലും യാഥാസ്തിതികവും സാമ്പ്രദായികവുമായ സ്വത്വങ്ങളാണ് സാധൂകരിക്കപ്പെട്ടത്.

കുറിപ്പുകള്‍
1.
പി എസ് രാധാകൃഷ്ണന്‍, ചരിത്രവും ചലച്ചിത്രവും ദേശീയഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍, പുറ: 36
2.
കുമാരനാശാന്‍. ചിന്താവിഷ്ടയായ സീത
3.
ഇ വി രാമകൃഷ്ണന്‍. ദേശീയതകളും സാഹിത്യവും, പുറം: 93
4
പി എസ് രാധാകൃഷ്ണന്‍, ചരിത്രവും ചലച്ചിത്രവും ദേശീയഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍, പുറ: 47
5.
ഓടയില്‍ നിന്ന് (കേശവദേവ്), തോട്ടിയുടെ മകന്‍, ചെമ്മീന്‍ (തകഴി), യാചകന്‍ (പൊന്‍കുന്നം വര്‍ക്കി) തുടങ്ങിയ നോവലുകളും സിനിമകളും ഓര്‍മ്മിക്കുക.
6.
പി എന്‍ ശ്രീകുമാര്‍. അരവിന്ദന്‍ സിനിമയിലെ സാമൂഹ്യ ശാസ്ത്രം. പുറം, 19
7
പി എന്‍ ശ്രീകുമാര്‍, പുറം,20

Comments

comments