വിവിധ കാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായൊരു നോവലാണ് കെ. പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം. ഫിക്ഷന്‍ എന്ന രചനാ സംവിധാനത്തിന്റെ സാധ്യതകൾ അത് സൂക്ഷ്മമായി ഉപയോഗിക്കുന്നു. വിവിധ തലങ്ങളില്‍ ജീവിതത്തെ കുറിച്ചുള്ള ഇന്ദ്രിയാനുഭവങ്ങളുടെ അമൂര്‍ത്തചിത്രീകരണത്തിലൂടെ പുതിയ സാമൂഹികതയുടെ അസ്പഷ്ടതകളെ, സംശയങ്ങളെ ഈ നോവല്‍ ഉദ്ദീപിപ്പിക്കുന്നു. ഭൌതികതയുടെ നിര്‍വചനത്തില്‍ ഇതരസ്ഥലങ്ങളുടെ (other spaces) സാമൂഹിക നിര്‍മ്മിതിയ്ക്കുള്ള സജീവമായ പങ്കിനെ ചരിത്രപരമായി തിരിച്ചറിയുന്നു. അതിലൂടെ സമകാലികതയെ പുന:സൃഷ്ടിക്കുന്നു. ഭാവിയിലേക്ക് നോക്കുന്നു.
നോവലിന്റെ ഇതിവൃത്തം സങ്കീര്‍ണ്ണമാണ്. നിരവധി കഥകള്‍ ഇതിൽ ഒന്ന് ചേരുന്നു. നിരവധി ഭൌതിക ഭാഗധേയങ്ങള്‍ ഇടകലരുന്നു. നഗരത്തിലെ ഒരു ബാങ്ക് ഓഫീസര്‍ ഓര്‍മ്മ നഷ്ടപ്പെട്ടു ഒരു കടലോരഗ്രാമത്തിലെത്തുന്നതും അവിടെ ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ കാണാതായ സഹോദരൻ ആണു അയാൾ എന്ന ആ സ്ത്രീയുടെ നിഗമനം സ്വീകരിച്ചു അവിടെ ജീവിക്കാന്‍ ശ്രമിക്കുന്നതുമാണ് കഥയിലെ മുഖ്യതന്തു. ഇതോടെ ‘നഗരം’ പ്രാന്തമാവുകയും ‘ഗ്രാമം’ കേന്ദ്രമാവുകയും ചെയ്യുന്നു. എന്നാല്‍ സ്ഥല വിഭജനത്തില്‍ ഈ നഗര-ഗ്രാമ വ്യത്യാസം അല്ല മറിച്ച്, സ്ഥലം എന്ന സാമൂഹിക ബന്ധമാണ് പ്രധാനമായി കടന്നു വരുന്നത്.
ഒരു നോവല്‍ എഴുതുമ്പോൾ തീര്‍ച്ചയായും രാഷ്ട്രീയമായ ചില തെരഞ്ഞെടുപ്പുകള്‍ ഉണ്ട്. കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തകർ ഖസാക്കിൽ രവിയെ കാണാന്‍ വരുന്നത് വെറുതെയല്ല. അവരുടെ ‘നിസ്സാരത’ ആസ്ട്രോ ഫിസ്സിസിസ്റ്റ്റ് ആവേണ്ടിയിരുന്ന രവിയെന്ന നിസ്സംഗൻ പൊളിച്ചു കാണിക്കുന്നത് വായനക്കാര്‍ കാണാൻ കൂടി വേണ്ടിയാണ്. രാമനുണ്ണിയുടെ തെരഞ്ഞെടുപ്പുകള്‍ ഗ്രാമത്തിന്റെ നിസ്സാരത നഗരത്തിനു മുന്നിൽ തുറന്നു കാട്ടാനല്ല. നഗരം എന്ന സ്ഥലരൂപത്തെ നിരാകരിക്കാനും ഗ്രാമത്തെ ഉദാത്തീകരിക്കാനുമല്ല. നഗരം-ഗ്രാമം എന്ന ഒരു ദ്വന്ദത്തിലേക്ക് ആധുനികതയെ ചുരുക്കി കാണാനാവില്ല എന്ന് രാമനുണ്ണിക്കറിയാം. അങ്ങനെ മുതലാളിത്തവും ആധുനികതയും ആക്രമിക്കാത്ത ശുദ്ധജീവിതത്തിന്റെ അടിയാള യൂട്ടോപ്പിയയായി ഒരു കടലോരഗ്രാമത്തെ അടയാളപ്പെടുത്താം എന്ന വ്യാമോഹം അദ്ദേഹത്തിനില്ല. ലോകമുതലാളിത്തത്തിന്റെ കടന്നാക്രമണങ്ങളില്‍ കുലുങ്ങാത്ത ഒരിഞ്ചു ഭൂമി പോലുമില്ലെന്ന തിരിച്ചറിവ് ഈ നോവലിൽ ഉണ്ട്. മുതലാളിത്തം കടന്നുചെല്ലാത്ത, പിതൃമേധാവിത്തവുമായി അത് സന്ധിചെയ്യാത്ത, നിശ്ശബ്ദ പ്രദേശങ്ങള്‍ (Quiescentareas) അവശേഷിക്കുന്നത് വേറെ എവിടെയാണെങ്കിലും കേരളത്തില്‍ ആവില്ല എന്ന് അദ്ദേഹം അറിയുന്നുണ്ട്. അതുകൊണ്ട്തന്നെ സ്ഥലരൂപങ്ങളിലെ സാമൂഹികബന്ധങ്ങള്‍ മാറ്റിക്കൊണ്ട് സ്ഥലത്തെ പുനർ നിര്‍മ്മിക്കുന്നത് എങ്ങനെ എന്ന സവിശേഷമായ രാഷ്ട്രീയ പ്രശ്നം ശക്തമായി ഉന്നയിക്കാനാണ് അദ്ദേഹം തുനിയുന്നത്. ‘നാട്യപ്രധാനമായ’ നഗരത്തില്‍ പൊറുതിമുട്ടി ‘നന്മകളാല്‍ സമൃദ്ധമായ’ (കുറ്റിപ്പുറം കേശവന്‍ നായര്‍) ഗ്രാമത്തിലേക്ക് വന്നു സാന്ത്വനം കൊള്ളുന്ന നായകനെ അല്ല രാമനുണ്ണി സൃഷ്ടിക്കുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ ഇത് ഒരു ഗൗരവമുള്ള കൃതി ആവുമായിരുന്നില്ല.
സ്ഥലം ഒരു സാമൂഹിക നിര്‍മ്മിതിയാകുന്നതെങ്ങനെ എന്നത് ഫ്രഞ്ച് മാര്‍ക്സിസ്റ്റ് ചിന്തകനായ ഹെന്റി ലെഫേയ് ആഴത്തില്‍ ചിന്തിച്ച പ്രശ്നമായിരുന്നു (Henri Lefebvre, 1974, The production of Space, translated by Donald Nicholson-Smith, 1988,Oxford & Cambridge, USA: Blackwel Publishers). സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് സ്ഥലം. സ്ഥലത്തിന്റെ അഭിജ്ഞാനം, അതിന്റെ മാറുന്ന സ്വത്വാവസ്ഥകള്‍, അത് നിര്‍മ്മിക്കുന്ന ജീവിതത്തിന്റെ സാമൂഹികതയെ കുറിച്ചുള്ള നിലപാടുകള്‍ കൂടിയാണ്. ഗ്രാമം ‘സ്ഥലം’ എന്ന രീതിയില്‍ ഇവിടെ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നത് പ്രധാനമാകുന്നത് അതുകൊണ്ടാണ്. നായകന്‍റെചിത്രം പൊലിപ്പിക്കാനുള്ള ഗ്രാമചിത്രണം ഗംഭീരമാക്കുന്നതെങ്ങനെ എന്നല്ല, മറിച്ച് ‘സ്ഥലം’ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെങ്ങനെ, ആ ഉല്‍പ്പാദനപ്രക്രിയയിൽ പങ്കാളി ആകുന്നവരുടെ മാനുഷികബന്ധങ്ങളെ, അതുള്‍ക്കൊള്ളുന്ന ഉല്‍പ്പാദന-വിതരണ ബന്ധങ്ങളെ,അത് എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതാണ് നോവല്‍ അന്വേഷിക്കുന്നത്. ഇതാവട്ടെ ഒരു വലിയ സാമൂഹിക പ്രക്രിയയെ, അതെന്താണ് എന്ന് ആര്‍ക്കും വലുതായി തിരിച്ചറിയാന്‍ കഴിയാത്ത വര്‍ത്തമാനകാലത്തിന്റെ ആഖ്യാനരീതി സ്വീകരിച്ചുകൊണ്ട് വിശദീകരിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അനായാസമായാണ് രാമനുണ്ണി അത് ചെയ്യുന്നത് എന്ന് തോന്നാമെങ്കിലും അതിസൂക്ഷ്മമായ ചില രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊണ്ടുകൊണ്ട്, അത്തരം തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റെടുക്കാൻ സന്നദ്ധനായിക്കൊണ്ട്, നടത്തുന്ന ഒരു നീക്കമാണ് അതെന്നു നോവല്‍ വായിക്കുന്നവര്‍ക്ക് ബോദ്ധ്യമാവും.
ഒരു കടല്‍ത്തീരം എന്നത് ദേശമാകുന്നത് അതിന്റെ പാരമ്പര്യത്തെ കുറിച്ചുള്ള സ്ഥലപരമായ സമവായങ്ങളിലൂടെയും ഒപ്പം വിസമ്മതങ്ങളിലൂടെയുമാണ് ആണു. അതിനെ ഒരു സ്ഥലമായി, ഒരു സാമൂഹിക ഏകകമായി, നിര്‍വചിക്കുന്ന ചരിത്ര-രാഷ്ട്രീയ പശ്ചാത്തലം ഇല്ലാതെ, ആ പശ്ചാത്തലത്തെ കുറിച്ചുള്ള ഒരു ‘മുഖ്യധാരാ’ സമവായവും ചോദ്യം ചെയ്യലുകളും ഇല്ലാതെ, അതിനു നിലനില്‍ക്കുക സാധ്യമല്ല. ഓര്‍മ്മകളുടെ സംഘര്‍ഷങ്ങളിലൂടെ കടന്നു പോവുന്ന ഒരു പ്രയാണമാണ് സ്ഥലം എന്ന് പറയുന്നത്. ആ ഓര്‍മ്മകൾ നല്‍കുന്ന ദൃഡതകളുടെ സാകല്യം കൂടിയാണത്. ഇതാവട്ടെ ഇടര്‍ച്ചകൾ ഇല്ലാത്ത കേവലനൈരന്തര്യമല്ല. വ്യത്യസ്തമായ വ്യാഖ്യാനങ്ങളിലൂടെ, വ്യവഹാര വൈവിദ്ധ്യങ്ങളിലൂടെയാണ് സ്ഥലം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. വര്‍ഗ്ഗ-സംസ്കാര-ശ്രേണീ വൈജാത്യങ്ങള്‍ അനുഭവിക്കപ്പെടുന്നത് അതിന്റെ രാഷ്ട്രീയത്തിൽ കൂടിയാണ്. തകഴിയുടെ ചെമ്മീന്‍ ഡോ. വേലുക്കുട്ടി അരയന്‍ ചോദ്യംചെയ്തത് ഒരു കീഴാളവായന എന്നതിലുപരി ഒരു രാഷ്ട്രീയാധികാരത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് കൂടിയാണ്. ഡോ. അരയനെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത് കടല്‍ത്തീരത്തെ ശ്രേണീഘടനയെ കുറിച്ചുള്ള ശരിയോ തെറ്റോ ആയ ചെമ്മീനിലെ പ്രതിനിധാനം ആണ്. കീഴാളവായന പലപ്പോഴും സാധ്യമാവുന്നത് കീഴാളരെ സമുദായം എന്ന ശ്രേണീരഹിതമായ ഒരു സംവർഗ്ഗത്തിലേക്ക് ചുരുക്കിക്കൊണ്ടാണ്. വേലുക്കുട്ടിഅരയന്റെ വ്യവഹാരാധികാരം ഉണ്ടാവുന്നത് എല്ലാ അരയരെയും പ്രതിനിധാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ജാതിപരമായ അടയാളത്തില്‍ നിന്നാണ്. മുക്കുവ ഗ്രാമത്തിലെ വര്‍ഗ്ഗഘടനയെ കുറിച്ചുള്ള തകഴിയുടെ നിലപാടുകൾ ഈ പൊതുസമുദായസങ്കല്‍പ്പത്തെ തകര്‍ക്കുന്നു. ഇത് തീര്‍ച്ചയായും ഒരു വിഭാഗത്തെ ചൊടിപ്പിക്കുന്നു. ശ്രേണീവ്യത്യാസങ്ങള്‍സ്ഥലത്തിന്റെ സാമൂഹികമായ ഉല്‍പ്പാദനം നിര്‍വചിക്കുന്നതില്‍വഹിക്കുന്ന പങ്കിനെ കുറിച്ചുള്ള രണ്ടു കാഴ്ചപ്പാടുകളാണ് തകഴിയുടെയും വേലുക്കുട്ടി അരയന്റെയും നിലപാടുകളില്‍ കാണുവാൻ കഴിയുക.
തകഴിയുടെ ചെമ്മീനിലെ കടലോര ഗ്രാമവ്യവസ്ഥ എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെട്ടു എന്നത് രാമനുണ്ണിയുടെ നോവലിന്റെ സാഹചര്യത്തില്‍ പ്രസക്തമാണ്. അതെക്കുറിച്ച് സുദീര്‍ഘമായി വിവരിക്കാനല്ല ഞാന്‍ തുനിയുന്നത്. വിമര്‍ശനത്തിന്റെ അടിസ്ഥാനം, സ്ഥലരൂപീകരണം എന്ന സാമൂഹിക പ്രക്രിയയെ ഫിക്ഷണല്‍ പ്രതിനിധാനങ്ങള്‍ ചരിത്രപരമായി മനസ്സിലാക്കുന്നങ്ങനെ എന്ന ചോദ്യത്തിന്റെ സാംസ്കാരിക മാനങ്ങള്‍ പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണ്. രാമനുണ്ണിയുടെ നോവലിലെ ഗോവിന്ദവര്‍മ്മരാജ എന്ന വ്യക്തി അതിയന്നൂർ എന്ന കടലോരഗ്രാമത്തിലെത്തുന്നതിനു തൊട്ടുമുൻപ് ഈ യാത്രയുടെ ആന്തരികസന്ദേശം അയാള്‍ക്ക്തന്നെ കിട്ടുന്നുണ്ട് എന്ന് രാമനുണ്ണി സൂചിപ്പിക്കുന്നു. കാരണം ആ മുഹൂർത്തത്തിനു തൊട്ടുമുൻപ് അയാളെ അനുഗ്രഹിക്കുന്ന വാത്സല്യപൂര്‍ണ്ണമായ ഒരറിവിന്റെ നനവുണ്ട്. ലക്ഷ്യരഹിതവും നൈരാശ്യപൂര്‍ണ്ണവുമായ ഒരു ഒളിച്ചോട്ടമല്ല അയാളുടേത് എന്നതാണത്. ‘കാക്കത്തൊള്ളായിരം ജീവിതസാധ്യതകള്‍ തേടിയുള്ള തടവ് ചാട്ടമാണ്’. ഒരു നാടന്‍ചീന്തു പോലെ അയാൾ മൂന്നുതവണ ആവര്‍ത്തിക്കുന്ന ഒരു ഉള്‍വചനമുണ്ട്-
“ആക്കിത്തീര്‍ത്തതിൽ നിന്ന്
ആവാമായിരുന്നതിലേക്കുള്ള പ്രയാണം”
എപ്പോഴും ആയിക്കൊണ്ടിരിക്കുക, ഒരിക്കലും ആയിത്തീരാതിരിക്കുക എന്നത് പ്രധാനമാണ്. സക്രിയമായി ജീവിക്കുകയും, പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുക എന്ന ആത്യന്തിക ജൈവലക്ഷ്യത്തെ സാമൂഹികമായി കൂടി മനസ്സിലാക്കുക എന്ന സമീപനമാണ് ഇത്. ഗോവിന്ദരാജവര്‍മ്മ എവിടെനിന്ന് വന്നു എന്നതല്ല, എവിടെയാണ് എത്തിയത് എന്നതാണ് പ്രധാനം എന്ന് തുടക്കത്തില്‍ത്തന്നെ സൂചന ലഭിക്കുന്നു. സാധ്യത എന്നത് മൂന്നുതരത്തില്‍ ഉണ്ടാവാം. ഒന്ന് ഒരു ഡിസ്ട്ടോപ്പിയ ആയി, അത് നമ്മെ ഇരുണ്ടഭാവിയിലേക്ക് നീക്കി നിര്‍ത്തുന്നു. രണ്ട്, ഒരു യൂട്ടോപ്പിയയായി അത് അടഞ്ഞ വ്യവസ്ഥകളിലെ സുവര്‍ണ്ണകാലത്തെ വിഭാവനംചെയ്തു തരുന്നു. മൂന്ന്‍, ഹെട്ടരോട്ടോപ്പിയകളുടെ, യഥാര്‍ത്ഥത്തിൽ സാധ്യമായ ശുഭസ്വപ്നങ്ങളുടെ, ഇതരസ്ഥലവിന്യാസത്തെ കാണിച്ചുതരുന്നു. യൂട്ടോപ്പിയക്കും ഡിസ്ട്ടോപ്പിയക്കും എതിര്‍നില്‍ക്കുന്ന, കൂടുതല്‍ തുറന്ന, സ്ഥലരൂപങ്ങളാണ് ഹെട്ടരോട്ടോപ്പിയകള്‍ പ്രതിനിധാനം ചെയ്യുന്നത്.
ഹെട്ടരോട്ടോപ്പിയഎന്ന പരികല്‍പ്പന സാമൂഹികശാസ്ത്ര-സാഹിത്യ പഠനങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നത് മിഷേല്‍ ഫൂക്കോ Of Other Spaces എന്ന1967-ലെ തന്റെ പ്രഭാഷണത്തിലും അതിനു മുന്‍പ് The Order of Things (1966) എന്ന പുസ്തകത്തിലും ഈ സങ്കല്‍പ്പനം വിശകലനപരമായി ഉപയോഗിച്ചതോടെയാണ്. The Order of Things എന്ന പുസ്തകത്തില്‍ യൂട്ടോപ്പിയയെയും ഹെട്ടരോട്ടോപ്പിയയെയും വ്യക്തമായി ഫൂക്കോ വിശദീകരിക്കുന്നത് നഗര-ഗ്രാമ ദ്വന്ദത്തെ താല്‍ക്കാലികമായി തൊട്ടു വിളിച്ചുകൊണ്ടാണ്. താല്‍ക്കാലികം എന്ന് ഞാൻ പറയുന്നത് അത് ഈ പരികൽപ്പനകളെ വിശദീകരിക്കാനുള്ള സ്ഥിരം രൂപകസാന്നിധ്യമല്ല എന്നതുകൊണ്ടാണ്.
ഫൂക്കൊ പറയുന്നു: യൂട്ടോപ്പിയകള്‍ സ്വാന്തനങ്ങളാണ്. അവ നിലവിലുള്ള ഏതെങ്കിലും യഥാര്‍ത്ഥ പ്രദേശത്തെ കുറിച്ച് സൂചിപ്പിക്കുന്നില്ലെങ്കിൽ പോലും പ്രശ്നരഹിതമായ, വിസ്മയഭരിതമായ ഒരു പ്രദേശത്ത് സ്വയം വെളിവാകുന്നവയാണ്. വലിയ തുറസ്സുകളും ആസൂത്രിതമായ ഉദ്യാനങ്ങളുമുള്ള നഗരസംവിധാനം പോലെ, അതിലേക്കുള്ള യാത്ര മായാരഥ്യകളിലൂടെയാണെങ്കില്‍ പോലും, അനായാസമായ ജീവിതത്തെ കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്നു. എന്നാല്‍ ഹെട്ടരോട്ടോപ്പിയകളുടെ കാര്യം അങ്ങനെയല്ല. അവ അലോസരപ്പെടുത്തുന്നു – വാക്കുകളെയും വസ്തുക്കളെയും ഒന്നിച്ചു നിര്‍ത്തുന്ന പദവ്യവസ്ഥയെ അട്ടിമറിക്കുന്നു. (‘വാക്കുകളും വസ്തുക്കളും’എന്നാണ് The Order of Things എന്ന പുസ്തകത്തിനു ഫൂക്കോ ആദ്യം പേരു നല്‍കാൻ നിശ്ചയിച്ചിരുന്നത്. അതേ പേരില്‍ മറ്റൊരു പുസ്തകം ഉണ്ടായിരുന്നതുകൊണ്ട് പേരു മാറ്റിയതാണ്). യൂട്ടോപ്പിയ കഥകളിലും വ്യവഹാരങ്ങളിലും അഭിരമിക്കുമ്പോൾ ഹെട്ടരോട്ടോപ്പിയ വാക്കുകളെ പിച്ചിച്ചീന്തി, വ്യാകരണത്തെ തന്നെ അസാധ്യമാക്കി, മിത്തുകളെ വിഫലമാക്കി, വാക്യത്തിന്റെ കാവ്യാത്മകതയെ അസ്ഥിരപ്പെടുത്തുന്നു.ഈ വ്യത്യസ്ഥത വളരെ പ്രധാനമാണ്. സ്ഥലരൂപകത്തിന്റെ നോവലിലെ പ്രാമാണ്യം അത് എങ്ങോട്ട് ചാരിനില്‍ക്കുന്നു എന്ന വസ്തുതയോടൊപ്പം മനസ്സിലാക്കപ്പെടെണ്ടതാണ്. അതിയന്നൂർ കടപ്പുറം എന്ന സ്ഥലരൂപം പുതിയ സാധ്യതകളുടെ തുറസ്സാണ്. അവിടെ ജീവിതം ആഘോഷിക്കപ്പെടുന്നത് ഓരോനിമിഷവും നിര്‍മ്മിക്കപ്പെടുന്ന സാധ്യതകളിൽ നിന്നാണ്. ഗോവിന്ദവര്‍മ്മരാജ കടലോരത്ത് വരുമ്പോൾ ശാരദ എന്ന മുക്കുവസ്ത്രീ അത് അവരുടെ ചെറുപ്പത്തില്‍ കാണാതെ പോയ അനുജനാണ് എന്ന് അവകാശപ്പെടുന്നു. ‘കുഞ്ഞികൃഷ്ണാ’ എന്ന് വിളിച്ച് അവർ അയാളെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുന്നു. അതോടെ ഒരു പുതിയ ജീവിതസാധ്യത തുറക്കപ്പെടുകയായി. തുറയിലെ ആചാരങ്ങളുടെ, വിശ്വാസാനുഷ്ഠാനങ്ങളുടെ, അടരുകളിലേക്കാണ് അയാള്‍ തുടക്കത്തിൽ തന്നെ കണ്ണിചേര്‍ക്കപ്പെടുന്നത്. തുറയിലെ അമ്പലത്തിലെ കര്‍ണ്ണാഭരണസ്ഥാനിയായി അയാള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ പൂര്‍വസ്ഥലജീവിതവുമായുള്ള വിച്ഛേദം പൂര്‍ണ്ണമാവുന്നു.
നഗരത്തിലെ ബാങ്കുദ്യോഗം, ഗൈനക്കോളഗിസ്റ്റ് ആയ ഭാര്യ, സ്കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍, അമ്മായിയച്ഛൻ, സഹപ്രവര്‍ത്തകർ, മേലുദ്യോഗസ്ഥർ, സുഹൃത്തുക്കൾ എന്നിവരുടെ പഴയസ്ഥലത്ത് നിന്ന് അനായാസമായി മറവി എന്ന കുഴലിലൂടെ അയാള്‍ പുറത്തു കടക്കുന്നുണ്ടെങ്കിലും, അതിന്റെ യുക്തിപരമായ പരിസമാപ്തിയിലേക്ക് ആത്മവിശ്വാസത്തോടെ പോകാന്‍ അയാള്‍ക്ക് കരുത്തായത് തുറയിലെ ഈ സ്വീകരണമാണ്. അതുകൊണ്ട് തന്നെ ഒരു തിരിച്ചു പോക്കിന്റെ സമവായ പരീക്ഷണങ്ങളെ അയാള്‍ സമര്‍ത്ഥമായി അതിജീവിക്കുന്നു. ഉപേക്ഷിക്കപ്പെട്ട സ്ഥലം അതിന്റെ പരിക്ഷീണമായ രീതികളില്‍ പഴയ ബന്ധങ്ങളുടെ, കെട്ടുപാടുകളുടെ വലയങ്ങളിലേക്ക് അയാളെ തിരികെ വിളിക്കുന്നുണ്ട്. പക്ഷെ അര്‍ദ്ധമനസ്സോടെയുള്ള ആ അനുരഞ്ജനങ്ങള്‍ എങ്ങുമെത്താതെ പോകുന്നത്, അയാളുടെ ഉള്ളില്‍ നിന്നുള്ള കനത്ത ചെറുത്തുനില്‍പ്പ് കൊണ്ട് കൂടിയാണ്. പുതിയ സ്വത്വത്തിലേക്ക് സ്വന്തം കൂട് കണ്ടെത്തിയ പക്ഷിയെ പോലെ, സ്വന്തം മാളം കണ്ടെത്തിയ ഉരഗത്തെ പോലെ, അയാൾ അനായാസം കയറിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്.
ഈ അനുരഞ്ജനങ്ങള്‍ പാളുന്നതോടെ, ആ പൂർവ്വസ്ഥലത്തിന് അതുവരെയുള്ള അര്‍ഥം നഷ്ടപ്പെടുന്നു. അത് മടുപ്പിന്റെ, വൈരസ്യങ്ങളുടെ, വ്യര്‍ത്ഥാസക്തികളുടെ, പൊള്ളയായ ഗര്‍വ്വിന്റെ, അഭിനയങ്ങളുടെ, കാപട്യത്തിന്റെ മാത്രം അടയാളങ്ങളേ അയാളുടെ മനസ്സിൽ ശേഷിപ്പിക്കുന്നുള്ളു. അല്ലെങ്കില്‍ ആ ജീവിതത്തില്‍നിന്ന് അയാൾ ഓര്‍മ്മയിലേക്ക് തെരഞ്ഞെടുക്കുന്നത് ഭാര്യയുടെ തൃഷ്ണാരഹിതമായ ലൈംഗികതയുടെ, മകളുടെ നിസ്നേഹമായ അകലങ്ങളുടെ, കുടുംബങ്ങളുടെ വിരക്തി കലര്‍ന്ന അടുപ്പങ്ങളുടെ, അനാസക്തമായ ഇരുണ്ട കാഴ്ചകൾ മാത്രമാണ്. ഒറ്റദിവസം കൊണ്ട് പറിച്ചെറിഞ്ഞാല്‍, നഷ്ടബോധം തോന്നാനില്ലാത്ത ഒരു ഭൂതസ്ഥലിയായി അതിനെ വ്യാഖ്യാനിക്കാനാണ് അയാള്‍ ശ്രമിക്കുന്നത്.
ഓര്‍മ്മയുടെ ഈ തെറ്റുന്ന വ്യാകരണം ആണു അയാളുടെ ശക്തി. ഇത് ഒരു നിരാകരണമാണ്. “ആക്കിത്തീര്‍ത്തതിൽ നിന്ന് ആവാമായിരുന്നതിലേക്കുള്ള പ്രയാണം”നിര്‍വചിക്കപ്പെടുന്നത് തന്നെ ദുര്‍ബ്ബലമായ ഈ നിരാസത്തിന്റെ യുക്തിയുടെ കൂടി അടിസ്ഥാനത്തിലാണ്. സ്വാഭാവികമായും ആ സ്ഥലം പതുക്കെ മാഞ്ഞുപോകുന്നു. നോവലില്‍ പിന്നെ തെളിയേണ്ടതും തെളിയുന്നതും അതിയന്നൂരിലെ ജീവിതമാണ്. അയാള്‍ ഉപേക്ഷിച്ചു വരുന്ന ഡിസ്ട്ടോപ്പിയയിൽ നിന്ന് വ്യത്യസ്ഥമായ ഒരു യൂട്ടോപ്പിയ ആയിരുന്നു അതെങ്കില്‍ ഈ നോവൽ വെറുമൊരു സാധാരണ കൃതി ആവുമായിരുന്നു. അതിയന്നൂര്‍ മുന്‍കൂർ തയ്യാർ ചെയ്തു, വഴിയും ഓര്‍മ്മയും തെറ്റി വരുന്ന ഗോവിന്ദരാജവര്‍മ്മമാര്‍ക്ക് വില്‍പ്പനക്ക് വച്ചിരിക്കുന്ന യൂട്ടോപ്പിയ അല്ല. അത് കൂട്ടായി തിരയേണ്ട സാധ്യതകളുടെ മാത്രം പുതിയ സ്ഥലവിതാനമാണ്.
അവിടെ ഉണ്ടാകേണ്ടത് എന്താണ് എന്നതാണ് അവരെല്ലാവരും കൂടി അന്വേഷിക്കുന്നത്. അവിടെ ആസക്തി പാപമാകരുത്.വചനങ്ങള്‍ക്ക് അര്‍ഥം പൂര്‍വ്വനിശ്ചിതമാകരുത്. ക്രയവിക്രയങ്ങളുടെ വിധികള്‍ അന്തിമമാവരുത്. സ്നേഹം കടപ്പാടാവരുത്. വൈരം കപടമായ അതിജീവനതന്ത്രമാവരുത്. അവിടെ ജീവിതം എപ്പോഴും ആയിക്കൊണ്ടിരിക്കുകയാണ്, ആയിത്തീരുകയല്ല. ഇതാണ് ഹെട്ടരോട്ടോപ്പിയ. ആയിക്കൊണ്ടിരിക്കലിന്റെ രാഷ്ട്രീയം പ്രധാനമാണ്. അത് നിര്‍വചിക്കുന്ന കഥാസന്ദര്‍ഭങ്ങളില്‍ മനുഷ്യബന്ധങ്ങൾ വിചാരണ ചെയ്യപ്പെടുന്നുണ്ട്. അത്, ആശയ വിനിമയം കേവലയുക്തികള്‍ കൊണ്ട് മാത്രം പരിമിതപ്പെടുത്തപ്പെട്ട അടഞ്ഞ ഒരു ഭൌതിക-നൈതിക സ്ഥലവ്യവസ്ഥയല്ല.
ഈ സ്ഥലരൂപത്തിലെക്ക്, അതിന്റെ സമകാലികതയെ നിര്‍വചിക്കുന്നതിലേക്ക്, കൂട്ടുചേരാന്‍ കടന്നു വരുന്ന ചില ‘അന്യര്‍’– outsiders- ഈ നോവലിന്റെ കഥാഘടനയിലെ ആന്തരികസമ്മര്‍ദ്ദങ്ങളെ വെളിവാക്കാനുള്ള നിയോഗമുള്ളവരാണ്. ഗോവിന്ദവര്‍മ്മരാജയെ കൂടാതെ ഈ നിയോഗം ലഭിക്കുന്ന കഥാപാത്രങ്ങൾ സുബൈദ എന്ന സിനിമാ നടി, ശില്‍പ്പാ ഭട്ട് എന്ന മറ്റൊരു ബാങ്കുദ്യോഗസ്ഥ, ശ്യാമള എന്ന പരിസ്ഥിതി പ്രവര്‍ത്തക, മാധവന്‍കുട്ടി എന്ന എഴുത്തുകാരൻ എന്നിവരാണ്. ഈ ബാഹ്യ ഇടപെടലുകള്‍ കൂടി ചേര്‍ന്നിട്ടാണ് അതിയന്നൂർ എന്ന സ്ഥലത്തിന്റെ അതിരുകൾ, അതിരില്ലായ്മകള്‍ നിര്‍ണ്ണയിക്കുന്നത്. സ്ഥലം കേവലം ഒരു വസ്തുലോകമല്ല. അത് ഒരു സവിശേഷ ഭാഷയാണ്. സ്ഥലം സ്ഥലമാകാന്‍ ചില മാനദണ്ഡങ്ങളുണ്ട്. കാരണം മിത്ത് പോലെ (Roland Barthes,Mythologies,translated byAnnette Lavers,New York: The Noonday Press, 1972) അത് ഒരു ചിഹ്നവല്‍ക്കരണവും സന്ദേശവുമാണ്. ആസക്തികള്‍ക്കു നിയതമായ കാര്യകാരണബന്ധങ്ങൾ ഉണ്ടാവുന്നത് എങ്ങനെ എന്നത് പലപ്പോഴും ഫിക്ഷന്റെ സൌന്ദര്യ-ദാര്‍ശനിക പരിഗണനകളിൽ കടന്നു വാരാറില്ല. ഇത് കല്പ്പിതകഥയുടെ വിശകലന സന്ദര്‍ഭത്തിലെ ഒരു ഒഴിവാക്കലാണ്. ടെറി ഈഗിള്‍ട്ടൺ അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിലെ ഒരു അദ്ധ്യായം മുഴുവന്‍ നോവൽ ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു (‘The Nature of Fiction’ in Eagleton, The Event of Literature, New haven and London: Yale University Press, 2012). കല്‍പ്പിത കഥയേയും സാഹിത്യത്തെയും കുറിച്ച് നോവലിന്റെ പശ്ചാത്തലത്തില്‍ നല്ലൊരു അപഗ്രഥനമാണ് ഈഗിള്‍ട്ടൺ നടത്തുന്നത്. ജീവിതത്തിന്റെ പുസ്തകത്തില്‍ രാമനുണ്ണി ചെയ്യുന്നത് സ്നേഹത്തിന്റെ വ്യാകരണത്തിലെ സന്ദിഗ്ധതകളെ, ഇഴപിരിക്കാനാണ്. അതുകൊണ്ട് തന്നെ ബന്ധങ്ങള്‍ വിശദമായി വിശകലനം ചെയ്യപ്പെടുന്നു. ഓരോരുത്തരും തങ്ങള്‍ ചെയ്യുന്നതെന്താണ് എന്ന് നിശിതമായി പരിശോധിക്കുന്നു. മറ്റുള്ളവരുടെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയരായി കൂടുതൽ സുതാര്യമായ ഒരു ലൈംഗികസമ്പദ് വ്യവസ്ഥ- libidinal economy- കണ്ടെടുക്കുന്നു. ഷാന്‍-ഫ്രാന്‍സ്വാ ല്യോറ്റാർ ഉപയോഗിക്കുന്ന കൃത്യതയോടെയല്ല ഈ പരികല്‍പ്പന ഞാൻ ഇവിടെ ഉപയോഗിക്കുന്നത്. (Jean-François Lyotard,Libidinal Economy. Translated by Iain Hamilton Grant. Bloomington: Indiana University Press, 1993) മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടു അലന്‍ ബാദ്യോ (AlainBadiou)ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങൾ -ലിബിഡിനല്‍ സൈന്ധാന്തികര്‍ അരാജകവാദത്തിനു മറപിടിക്കുകയാണെന്നൊക്കെയുള്ള വാദങ്ങള്‍- ഇവിടെ ഇപ്പോൾ സാര്‍ത്ഥകമായി ചര്‍ച്ചചെയ്യാൻ സാധിക്കുകയുമില്ല. തൃഷ്ണയും ബന്ധങ്ങളും തീര്‍ച്ചയായും നിര്‍വചിക്കപ്പെടെണ്ടതും പരിശോധിക്കപ്പെടെണ്ടതുമുണ്ട്. നിയന്ത്രിക്കപ്പെടെണ്ടതുണ്ട്. അവ നിലനില്‍ക്കുന്നതിനും കാമനകളുടെ ഊര്‍ജ്ജവ്യയങ്ങൾ സാധൂകരിക്കപ്പെടുന്നതിനും മാനകങ്ങള്‍ ഉണ്ടായിരിക്കണം. പക്ഷെ അത് കേവല സദാചാരത്തിന്റെ നടപ്പ് ശാഠ്യങ്ങൾ അല്ലേയല്ല എന്നതാണ് ഈ നോവലിന്റെ അടിസ്ഥാന പരിസരം. അല്ലെങ്കില്‍ ഒരു യൂട്ടോപിയയിലേക്ക് വിലയം കൊള്ളുക എന്നതുമല്ല. ഇതേക്കുറിച്ച് വളരെ വ്യക്തമായി ഫൂക്കൊ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്:
“The thought that there could be a state of communication which would be such that the games of truth could circulate freely, without obstacles, without constraint and without coercive effects, seems to me to be Utopia. It is being blind to the fact that relations of power are not something bad in themselves, from which one must free one’s self. I don’t believe there can be a society without relations of power, if you understand them as means by which individuals try to conduct, to determine the behavior of others. The problem is not of trying to dissolve them in the utopia of a perfectly transparent communication, but to give one’s self the rules of law, the techniques of management, and also the ethics, the ethos, the practice of self, which would allow these games of power to be played with a minimum of domination”. (The ethic of care for the self as a practice of freedom,an interview with Michel Foucault on January 20, 1984,conducted by Raúl Fornet-Betancourt, Helmut Becker, Alfredo Gomez-Müller and translated by J. D. Gauthierin Philosophy &Social Criticism, 1987, 12:112-131).
ഡിസ്ട്ടോപ്പിയയുംയൂട്ടോപ്പിയയും അല്ലാത്ത ഹെട്ടരോട്ടോപ്പിയകള്‍ രാമനുണ്ണി വിഭാവനം ചെയ്യുന്നയി ഏറ്റവും ശക്തമായ മുഹൂർത്തങ്ങള്‍, ഇങ്ങനെ പുതിയ libidinal വ്യവസ്ഥകള്‍ സ്ഥാപിച്ചുകൊണ്ട് കാമത്തിന്റെ സമ്പദ്ശാസ്ത്രത്തെ പുനര്‍നിര്‍വചിക്കുന്ന നോവലിലെ കഥാസന്ദര്‍ഭങ്ങൾ ചേര്‍ത്ത് വയ്ക്കുമ്പോൾ കണാവുന്നതാണ്. നോവലില്‍ ലൈംഗിക ‘അരാജകത്വം’ കാണുന്നുവെന്ന വിധിപ്രസ്താവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നോവല്‍ സക്ഷാത്ക്കരിക്കാന്‍ ആഗ്രഹിക്കുന്ന, മുന്നോട്ടുവയ്ക്കുന്ന പുതിയ ലൈംഗിക നൈതികതയെ മനസ്സിലാക്കുന്നതില്‍ വന്നിട്ടുള്ള പരാജയമാണ്. മുതലാളിത്തത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും, ഫാഷിസത്തിന്റെയും മാര്‍ക്സിസത്തിന്റെയും, യൂട്ടോപ്പിയകളെ നിരാകരിക്കുന്ന ഭൌതിക-നൈതിക സാധ്യതകളുടെ ഹെട്ടരോട്ടോപ്പിയ എന്ത് എന്ന അന്വേഷണമാണ് അതിയന്നൂര്‍ എന്ന സ്ഥലരൂപത്തിൽ സംഭവിക്കുന്നത്. അവിടെ ഉണ്ടാവുന്നത് പുതിയ സാമൂഹികബന്ധമാണ്, പുതിയ നൈതികബന്ധമാണ്.ഇതര സ്ഥലം എന്ന രാഷ്ട്രീയ നിലപാടില്‍ നിന്നാണ് ഈ സമീപനം ഉണ്ടാവുന്നത്.
‘കുഞ്ഞികൃഷ്ണന്‍’ എന്ന തന്റെ പുതിയജീവിതത്തില്‍ സവർണ്ണനായ ഗോവിന്ദവര്‍മ്മരാജയ്ക്ക് മുക്കുവത്തിയായ ശാരദേട്ടിയുടെ രോഗബാധിതയാകുന്ന ബന്ധു സുശീലയും, പിന്നീട് വിനോദസിനിമയിലെ മൃദുലൈംഗിക വേഷങ്ങള്‍ മതിയാക്കി മറ്റൊരു ജീവിതം അന്വേഷിക്കുന്ന ഇസ്ലാമായ സുബൈദയും തമ്മിലും ഉണ്ടാവുന്ന അടുപ്പവും ശാരീരിക ബന്ധങ്ങളും, മുക്കുവനായ സി. പി. ഐ.(എം) ഏരിയ സെക്രട്ടറി വിജയൻ വിവാഹിതയായ സവര്‍ണ്ണസ്ത്രീ ശില്‍പ്പാഭട്ടുമായുണ്ടാവുന്ന ബന്ധവും പിന്നീട് വിവാഹത്തിൽ കലാശിക്കുന്ന ശ്യാമള എന്ന ഈഴവ യുവതിയുമായുള്ള ബന്ധവും സുതാര്യതകളുടെ ചില പുതിയ അന്വേഷണങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന അര്‍ത്ഥതലങ്ങൾ കൂടി ചേര്‍ത്ത് വച്ച് മനസ്സിലാക്കാന്‍ ഉള്ളതാണ്.
ഏകപക്ഷീയമായ പിതൃതധീശത്വ ലിംഗബോധത്തില്‍ നിന്ന് കുതറുന്ന വ്യക്തികളുടെ പാരസ്പര്യം സൃഷ്ടിക്കുന്ന തുറസ്സുകള്‍ സാമൂഹികമായി സാധൂകരിക്കപ്പെട്ടവ ആവണമെന്നില്ല. തൃഷ്ണയുടെ നിയന്ത്രണത്തെയും, അതിന്റെ ഊര്‍ജ്ജവ്യവസ്ഥയുടെ ക്രമീകരണത്തെയും കുറിച്ചുള്ള ഒട്ടനവധി സന്ദേഹങ്ങൾ അവർ സ്വയം ഉയര്‍ത്തുകയാണ്. നിലനില്‍ക്കുന്നതിനു പകരമായി സങ്കൽപ്പിക്കപ്പെട്ടു പോരുന്ന എല്ലാ പഴുതുകളും അടച്ച മാര്‍ക്സിസ്റ്റ് ബദലൊ, പുതിയ വ്യവസ്ഥയുടെ കരടു രൂപരേഖയോ, പഴയതിന്റെ എല്ലാ തെറ്റുകുറ്റങ്ങളും പരിഹരിച്ച പുതിയ ചട്ടക്കൂടോ ഒന്നുമല്ല അത്. പുതിയ ലൈംഗികനൈതികതയുടെ സാന്ദ്രഘടനയുമല്ല. അതിലേക്കുള്ള കുതിപ്പില്‍ നേരിടുന്ന കണ്ടെത്തലുകളാണ്. അതുകൊണ്ടാണ് അത് പുതിയ ഇടർച്ചകളുടെ ഭാഷണമാകുന്നത്. വ്യാകരണം സ്ഥിരപ്പെടാത്ത ഭാഷയാകുന്നത്. നവവ്യവഹാരമാകുന്നത്. അരാജകത്വമായി തെറ്റിദ്ധരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ലൈംഗികതയുടെ ഹെട്ടരോട്ടോപ്പിയകൾ അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലിയാണ് രാമനുണ്ണി ഇവിടെ ഏറ്റെടുക്കുന്നത്.
രതിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ള ഒരു നോവലാണ് ജീവിതത്തിന്റെ പുസ്തകം എങ്കിലും അത് സിവില്‍ സമൂഹത്തിനുള്ളിലെ വിള്ളലുകളുടെ വിമര്‍ശനമായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് കാണാൻ കഴിയുന്നില്ലെങ്കിൽ ആ വായന രാഷ്ട്രീയമായ അര്‍ത്ഥത്തിൽ അപൂർണ്ണമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല, സിവില്‍ സമൂഹത്തിലെ സ്ഥലനിബദ്ധമായ സാമൂഹികബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ഐക്യങ്ങൾ പലപ്പോഴും സ്വത്വങ്ങളെ പുനര്‍നിര്‍വചിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.
അധികാരബന്ധങ്ങളോ പിതൃമേധാവിത്താമോ മുതലാളിത്ത ബന്ധങ്ങളോ ഇല്ലാത്ത സുവര്‍ണ്ണഭൂമിയല്ല അതിയന്നൂര്‍. അതിന്റെ ഘടനകള്‍ നഗരത്തിന്റെത് തന്നയാണ്. ആദര്‍ശ കീഴാളസമൂഹം ആധുനികതയെ ചെറുക്കുന്ന മാതൃകാസ്ഥാനമല്ല അതിയന്നൂര്‍. അത് നഗരത്തെ സ്വന്തം സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ വിള്ളലുകൾ മൂടിവച്ച് അമൂര്‍ത്തമായ ഒരു മിഥ്യാസ്ഥലിയിലെ യൂട്ടോപ്പിയ കാട്ടി വെല്ലുവിളിക്കുകയോ കൊതിപ്പിക്കുകയോ അല്ല. ആ കൊതിയില്‍ വീണു മയങ്ങി ചെല്ലുന്ന അതി സാധാരണനായ ഒരു ശരാശരി മനുഷ്യനായല്ല ഗോവിന്ദവര്‍മ്മരാജയെ രാമനുണ്ണി സൃഷ്ടിച്ചിരിക്കുന്നത്. ജാതി-മതസ്വത്വങ്ങളെ സ്വച്ഛന്ദമായി പുനര്‍നിര്‍വചിക്കാൻ ശ്രമിക്കുന്ന, സ്വത്വത്തെ അയഞ്ഞ ഘടനയായി, എന്നാല്‍ സ്വന്തം ജീവിതത്തിന്റെ അടിസ്ഥാനമായി കാണുന്ന, വര്‍ഗ്ഗത്തെ തന്നെ ഒരു സ്വത്വമായി മനസ്സിലാക്കുന്ന, ഒരു കൂട്ടം മനുഷ്യരോടൊപ്പം തങ്ങളുടെതായ ഒരു പുതിയ ഹെട്ടരോട്ടോപ്പിയ കണ്ടെത്താനാണ് അയാളുടെ നിയോഗം. മുന്‍കൂർ ചെയ്തു വച്ച വാഗ്ദത്ത ഭൂമിയില്‍ വന്നു ഗോവിന്ദവര്‍മ്മരാജ വിശ്രമജീവിതം നയിക്കുകയല്ല. സമരങ്ങളില്‍, അനുഷ്ടാനങ്ങളില്‍, സംഘര്‍ഷങ്ങളിൽ താൻ ചേരുന്ന പുതിയ മുന്നണിയിലെ പോരാളിയാവുകയാണ് ചെയ്യുന്നത്. അയാള്‍ മറക്കുന്നത് നഗരജീവിതത്തിന്റെ ചവര്‍പ്പുകൾ അല്ല, ജീവിതത്തെ നവീകരിക്കാനാവാത്ത അടഞ്ഞ പഴയ സ്ഥലരൂപങ്ങളെ ഒന്നാകെയാണ്.
പല വഴികളിലൂടെ തിരിഞ്ഞു ഈ നോവല്‍ പല പരിസമാപ്തികളിലേക്ക് നീങ്ങുന്നതായാണ് നാം കാണുന്നത്. തികച്ചും രാഷ്ട്രീയമായ ഒട്ടനവധി പരിഹാരങ്ങൾ നോവലില്‍ ഓരോ പ്രശ്നവും പരിഹരിക്കുന്നതിനായി തലനീട്ടുകയും പിന്‍വലിയുകയും വീണ്ടും കടന്നുവരികയും ചെയ്യുന്നു. ഒരൊറ്റ പരിണാമഗുപ്തിയിലേക്ക് നീങ്ങാനാവാത്ത വിധത്തിൽ നിരവധി കഥാനാരുകള്‍ ഈ നോവലിൽ ഇഴചേരുന്നുണ്ട്. സുബൈദയും ഭര്‍ത്താവും അനുജനും ഒക്കെ ചേരുന്ന മുസ്ലീം സ്വത്വവിചാരങ്ങൾ, വിജയനും ശ്യാമളയും ശില്‍പ്പ ഭട്ടും നേരിടുന്ന ജാതി-മത-വര്‍ഗ്ഗ സ്വത്വവിചാരണകൾ, മാധവന്‍കുട്ടി എന്ന നോവലിസ്റ്റിന്റെ പ്രണയവും രചനാപരമായ പ്രതിസന്ധികളും, ഗോവിന്ദവര്‍മ്മരാജയുടെ നരവംശ-സംസ്കൃതി സന്ദേഹങ്ങള്‍, ഹിന്ദുത്വഫാഷിസത്തിന്റെ പ്രാദേശിക രൂപങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ, ഫൈനാന്‍സ് മൂലധനവുമായുള്ള കടലോരത്തെ വര്‍ഗ്ഗസമരം എന്നിങ്ങനെ ഒട്ടനവധി സമാന്തരസംഭവങ്ങളുടെ മാട്രിക്സില്‍ ആണു ഈ നോവലിൽ ഭാഷയുടെയും രാഷ്ട്രീയത്തിന്റെയും വൈവിധ്യമാര്‍ന്ന പാറ്റെണുകൾ രാമനുണ്ണി സൃഷ്ടിക്കുന്നത്.
നോവല്‍ അതിനു തികച്ചും ചേരുന്ന രീതിയിൽ അവസാനിക്കുന്നത് അടിപൊളി സിനിമയുടെ ഒരു ഫ്രെയിം സൃഷ്ടിച്ചുകൊണ്ടാണ്. ഫൈബര്‍ വള്ളങ്ങൾ ഉപയോഗിക്കുന്ന മൂലധനശക്തികളുമായുള്ള ബലാബലത്തില്‍ അതിയന്നൂർ തോല്‍ക്കുകയാണ്. അവരുടെ വര്‍ഗ്ഗശക്തിക്ക് മുന്നിൽ അതിയന്നൂരിനു പിടിച്ചു നില്‍ക്കാൻ ആവുന്നില്ല. തങ്ങള്‍ നിര്‍മ്മിക്കുന്ന ഇതരസ്ഥലം, തങ്ങള്‍ രൂപംകൊടുക്കുന്ന നവസിവില്‍ജീവിതം, നിലനില്‍പ്പിനായി പിടയുകയാണ് എന്നുകൂടി അവർ മനസ്സിലാക്കുന്നു. മൂലധനവുമായുള്ള സമരം ഭാവി യൂട്ടോപ്പിയകള്‍ക്ക് വേണ്ടിയല്ല, സ്വന്തം ഹെട്ടരോട്ടോപ്പിയയുടെ സംരക്ഷണത്തിനുള്ളതാണ്. അതിനെ സംരക്ഷിക്കാന്‍ കൂടി വേണ്ടിയാണ് വിജയനും ഗോവിന്ദവര്‍മ്മരാജയും ഈ യുദ്ധത്തിനു തയ്യറാവുന്നത് എന്ന് രാമനുണ്ണി പറയുകയാണ്. അത് ഒടുവില്‍ നേരിട്ടുള്ള ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. അതില്‍ മുക്കുവരെയും വിജയനെയും ഗോവിന്ദവർമ്മരാജയെയും ഒക്കെ നേരിടാന്‍ മുതലാളിമാര്‍ ബോംബെയിൽ നിന്നുള്ള ഗുണ്ടകളെ കൊണ്ടുവരുന്നു. അവരുമായി കടൽപ്പുറത്ത് കായികസംഘട്ടനം തന്നെ നടക്കുന്നു. ആ സംഘട്ടനത്തില്‍ ഗോവിന്ദവര്‍മ്മരാജയ്ക്ക് വെടിയേല്‍ക്കുന്നു. അയാളെ മരണത്തില്‍ നിന്ന് രക്ഷിക്കാൻ മരുന്നും പ്രാര്‍ത്ഥനയുമായി ശ്രമിക്കുന്ന സുബൈദ ഒടുവിൽ വിജയിക്കുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധം ശ്യാമളയ്ക്ക് വിശദീകരിച്ചു നല്‍കി വിജയൻ വിവാഹത്തിന്റെ അനുരജ്ഞനത്തിലേക്ക് നീങ്ങുന്നു. അതിനിടയിലാണ് ജീവിതം എന്ന പുസ്തകത്തില്‍ ഇവരെല്ലാം ചേർന്ന് വലിയ ചില തിരുത്തലുകള്‍ – ധാര്‍മ്മികതയെ കുറിച്ച്, മുതലാളിത്ത ലിബറൽ സമൂഹത്തിലെ സിവില്‍ജീവിതത്തിന്റെ പരിമിതികളെ അതിജീവിക്കുന്നതിനെ കുറിച്ച്, ജാതി-മത സ്വത്വങ്ങളുടെ അനുരഞ്ജനങ്ങള്‍ നൈതിക സമസ്യകളാവുമ്പോള്‍ പ്രതികരിക്കേണ്ടതെങ്ങനെ എന്നതിനെ കുറിച്ച്, ലൈംഗികതയുടെ സുതാര്യതകളെ കുറിച്ച് ഒക്കെയുള്ള തങ്ങളുടെ മുന്‍ധാരണകളിൽ- തിരുത്തലുകൾ വരുത്തുന്നത്. ഈ തിരുത്തലുകള്‍ ആണ്, അവയിലേക്കു നീങ്ങുവാന്‍ ഉള്ള അഗാധമായ സഹനങ്ങള്‍ ആണ്, ഈ നോവലിന്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പരിസരം.
കേരളത്തിന്റെ ചരിത്രം അതിനെ ഇന്ന് എത്തിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ പരിസരം തന്നെയാണിത്. അത് പിടിച്ചെടുക്കാൻ കഴിയുന്നു എന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച Of other spaces എന്ന പ്രഭാഷണത്തിന്‍റെ തുടക്കത്തിൽ ഫൂക്കോ പറയുന്നതാണ് ഈ നോവലിന്റെ ഘടനാപരമായ ചട്ടക്കൂട്: “The present epoch will perhaps be above all the epoch of space. We are in the epoch of simultaneity: we are in the epoch of juxtaposition, the epoch of the near and far, of the side-by-side, of the dispersed. We are at a moment, I believe, when our experience of the world is less that of a long life developing through time than that of a network that connects points and intersects with its own skein”. കാലത്തിന്റെ അനുസ്യൂതിയെ കുറിച്ചുള്ള വേവലാതികളില്‍ നിന്നു മോചിതമായി, സമകാലിക ജീവിതത്തിന്റെ ഹെട്ടരോട്ടോപ്പിയകളെ, ഇതരസ്ഥല നിര്‍മ്മിതികളെ, രചനയുടെ ദാർശനിക പ്രശ്നമായി മനസ്സിലാക്കുന്ന പുതിയ നോവലിന്റെ വലിയ മാതൃകയായി ജീവിതത്തിന്റെ പുസ്തകം മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും ഒറ്റ പഠനത്തിൽ ഈ നോവലിനോട് പൂര്‍ണ്ണമായും നീതി ചെയ്യാൻ സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും ബഹുതലസ്പർശിയായ വായനകളിലേക്ക് ഈ പുസ്തകം നമ്മെ നിരന്തരം നിബന്ധിച്ചുകൊണ്ടിരിക്കും.
Be the first to write a comment.