ചിലപ്പോള്‍
ഞങ്ങള്‍
ഉപ്പിലും മുളകിലുമൊഴിച്ച്
അടുക്കളച്ചെപ്പുകളെല്ലാം അഴുക്കാക്കി
അമ്മയുടെ കണങ്കാലിലരിച്ചുകയറും.

ചിലപ്പോള്‍
ഒതുക്കി വച്ചവയൊന്നും വലിച്ചിടാതെ
ഓരോ മടക്കിലും പരതി പരതി
പുറം വേഷങ്ങളില്‍ വരെ നാറ്റം പരത്തും.

മറ്റു ചിലപ്പോള്‍
വലിയ വലിയ വലകള്‍ നെയ്ത്
കണ്ട്, പേടിച്ച്
കയ്യില്‍ കിട്ടിയതു വാരിപ്പുതച്ച്
കുളിമുറിയില്‍ നിന്ന് പുറത്തേയ്ക്കോടിക്കും

ഒരു കറുത്ത ക്ലിപ്പും മൂന്നാലു പിന്നും
ഒരു ബോര്‍ഡ് പൊട്ടും പൌഡര്‍ടിന്നുമുള്ള
ചുവരിലെ കൂട്ടില്‍
പെട്ടെന്നൊരു ദിവസം
ചോന്ന വിരല്‍ നീട്ടി ചിത്രം വരയ്ക്കും.

ഒഴിഞ്ഞ ചെപ്പുകള്‍ പരതുന്ന
ഒരു മാസാവസാനത്തില്‍
ഒരുവാളം കടലയിലോരോന്നിലും
തുളയിട്ട് കാത്തിരിക്കും

ഇടയ്ക്കൊരു ഉച്ചക്കാറ്റായി
ആരും കാണാതെ തോരാനിട്ട
തീണ്ടാരിത്തുണികളെ വരെ
അങ്ങേമുറ്റത്തേയ്ക്ക് പറത്തിക്കളിക്കും.

മുനിഞ്ഞു കത്തുന്ന നിലവിളക്കിലേയ്ക്ക്
മുനകൂര്‍പ്പിച്ച നോട്ടം വകവയ്ക്കാതെ
മാനത്ത് നിന്ന് പൊട്ടിവീണ പോലെ
ഒന്നിച്ചു ചെന്ന് കൂപ്പു കുത്തും.

ഊണുമേശയിലെ അടച്ച പഴഞ്ചോറില്‍
വട്ടമിട്ടു പറക്കാന്‍ കൂട്ടുവിളിക്കുമ്പോൾ
മനുഷ്യക്കുട്ടികളായി ഞങ്ങള്‍
മേലാസകലം കൊതി നിറയ്ക്കും.

Comments

comments