സംവിധായകൻ ജയൻ ചെറിയാൻ ഡോണാ മയൂരയുമായി സംസാരിക്കുന്നു.

അഭിനന്ദനങ്ങൾ ജയനും ടീമിനും.
Thank you!

 നാട്ടിലെ സെൻസർബോർഡിന്റെ scissor കട്ട് നിന്നും സിക്സർ പോലെ ബൌണ്ട്രിടന്ന്  Berlin International film festival വരെ Pappilio Budha എത്തി നിൽക്കുമ്പോൾ സിനിമയെന്ന കലയുടെ കലപേറുന്ന സംവിധായകന് (പ്രത്യേകിച്ചും Pappilio Budha കടന്നു വന്ന വഴികൾ അത്ര ഈസിയായ ഒരു വഴിയായിരുന്നില്ലല്ലോ, പ്രദർശനാനുമതിക്കായുള്ള കാത്തിരിപ്പുമുതൽ, തിരുവനന്തപുരത്ത് നടന്ന പ്രൈവറ്റ് സ്ക്രീനിങ്ങിന് ഇടയിൽ നടന്ന സംഘർഷം മുതൽ ഇങ്ങോട്ട്) എന്ത് തോന്നുന്നു?
പപ്പിലിയോ ബുദ്ധയുടെ ആ യാത്ര ആയാസരഹിതമായിരുന്നില്ല. ആദ്യം എന്തുകൊണ്ട് ഇങ്ങനെയൊരു സിനിമ സമകാലീക കേരളീയജീവിതം പശ്ചാത്തലമാക്കി എടുത്തുവെന്ന ഡോണയുടെ ചോദ്യത്തിനു മറുപടി പറഞ്ഞു കൊണ്ട് തുടങ്ങാമെന്നു കരുതുന്നു. സാമൂഹ്യവും വംശിയവും ജാതീയവും ലൈംഗീകവുമായ  സ്വത്വങ്ങൾ എങ്ങനെ രൂപപ്പെടുന്നു അല്ലെങ്കിൽ നിർമ്മിക്കപ്പെടുന്നു, അവ എങ്ങനെ വിവിധ സമൂഹങ്ങളിൽ പെർഫൊം ചെയ്യപ്പെടുന്നുവെന്നത് എനിക്കു താത്പര്യമുള്ള വിഷയമാണ്. ഞാൻ മുൻപ് ചെയ്ത ഡോക്കുമെന്ററികളിലും ഷോർട്ട്ഫിക്ഷനുകളിലും ഇൻസ്റ്റലെഷൻസിലുമെല്ലാം ഇത്തരത്തിലുള്ള സ്വത്വനിർമ്മിതികളും അവയുടെ സോഷ്യൽ പെർഫോമൻസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുണ്ട്. ഉദാഹരണത്തിന് ഷെയിപ്പ് ഒഫ് ദ ഷെയ്പ്‌ലെസ്സ് പൂർണ്ണമായും ജെൻഡർ പെർഫോമൻസിനെക്കുറിച്ചും അതിന്റെ ഫ്ലൂയിഡിറ്റിയെക്കുറിച്ചുള്ള ഒരന്വേഷണമാണ്. 

ലൈംഗികവും (sexual), ലിംഗഭേദപരവുമായ (gender) സ്വത്വങ്ങൾ പോലെതന്നെ ജാതീയവും വംശീയവുമായ സ്വത്വങ്ങളും ഒരേസമയം സാമൂഹ്യഅടിച്ചമർത്തലിനും സമൂഹ്യശാക്തീകരണത്തിനുമുള്ള ഉപകരണവുമായി മാറുന്നത് നമുക്ക് കാണാവുന്നതാണ്. ഒരു സോഷ്യൽ സ്ട്രാറ്റിഫിക്കേഷൻ ടൂൾ(social stratification tool) എന്ന നിലയിൽ സഹ്രാബ്ദങ്ങളായി ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടുവരുന്ന ജാതിവ്യവസ്ഥ ഒരു സമൂഹത്തെ അനേകായിരം ജാതികളും ഉപജാതികളുമായി ശ്രേണിബദ്ധമായി വിഭജിച്ച് അവരുടെ സാമൂഹ്യമായ അവകാശധികാരങ്ങൾ അടയാളപ്പെടുത്തുകമാത്രമല്ല അത് ഒരു ജനതയെ തലമുറകളോളം ഭൗതീകവും മനശാസ്ത്രപരവുമായി അടിമകളാക്കി ചൂഷണം ചെയ്യുന്ന അതിസങ്കീർണ്ണവും വിഷലിപ്തവുമായ ഒരു മർദ്ദനോപകരണം കൂടിയാണെന്ന് നമുക്കറിയാം.

ഇന്ന്  കേരളത്തിലെ ദളിത് യുവാക്കൾക്കിടയിൽ വ്യാപകമായികൊണ്ടിരിക്കുന്ന അബേദ്ക്കറിസത്തിലും ബുദ്ധിസത്തിലും ഊന്നിക്കൊണ്ടുള്ള സ്വത്വരാഷ്ട്രീയമുന്നേറ്റത്തിൽ ജാതിസ്വത്വം ഒരു ശാക്തീകരണഉപാധിയായി ഉപയോഗിക്കപ്പെടുന്നത് കാണുവാൻ സാധിക്കും. മുത്തങ്ങയും ചെങ്ങറയുംകേരളത്തിന്റെ ദളിത് സമരചരിത്രത്തിൽ സുപ്രധാന സമരങ്ങളാണ്, ഈ രണ്ട് സമരങ്ങളും പൂർണ്ണമായും ആദിവാസിദളിത് സമൂഹങ്ങൾ അവരുടെയിടയിൽ നിന്നുതന്നെ വളർന്നു വന്ന നേതാക്കളുടെ കീഴിൽ അവർക്കുവേണ്ടി നടത്തിയ സമരങ്ങളായിരുന്നു. അയ്യങ്കാളിക്കു ശേഷമുള്ള കേരളീയസാമൂഹ്യസമരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ഈസമരങ്ങളിലൊക്കെ താഴെത്തട്ടിൽ ദളിതരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെങ്കിലും, നേതൃത്വനിരയിൽ ദളിത് നേതാക്കളുടെ ഒരു നീണ്ട ഇടവേള കാണാം. അവ നയിച്ചിരുന്നത് പ്രധാനമായും സവർണ്ണലിബറൽ ബുദ്ധിജീവികളായിരുന്നു. അതിൽനിന്നു വ്യത്യസ്ഥമായി മുത്തങ്ങ, ചെങ്ങറ, അരിപ്പസമരങ്ങളിൽ ഈ സവർണ്ണരായ ലിബറൽബുദ്ധിജീവിനേതാക്കളെ ദളിതർ തിരസ്ക്കരിക്കുന്നത് നമുക്ക് കാണാം. തൊണ്ണൂറുകൾ മുതൽ കേരളത്തിലെ വിവിധ ദളിത്‌സമൂഹങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന മുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്ന ഒരാളെന്ന നിലയിൽ ജാതിസ്വത്വം കേന്ദ്രപ്രമേയമായി വരുന്ന ഒരു സിനിമ ചെയ്യണമെന്നെനിക്ക്തോന്നി.

കേരളത്തിലെ ദളിത്കോളണികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന ദളിത് ഹ്യൂമൻറൈറ്റ്സിന്റെ (DHR) പ്രവർത്തകരെ ദളിത്‌ഭീകരവാദികളെന്നാരോപിച്ച് മാദ്ധ്യമപ്രവർത്തകരും സർക്കാരും മുന്മാതൃകകളില്ലാത്തവിധം വേട്ടയാടിയതുമൊക്കെ പപ്പിലിയബുദ്ധയുടെ ജനനത്തെ അനിവര്യമാക്കിയഘടകങ്ങളാണ്. ഇതിന്റെ റിസർച്ച് വേളയിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹ്യുമൻറൈറ്റ്സ് അക്ടീവസ്റ്റുകളും മാധ്യമപ്രവർത്തകരും സോഷ്യൽസയിന്റിസ്റ്റുകളുമൊക്ക ഈസംരംഭത്തെപിന്തുണച്ചിട്ടുണ്ട്. കൊടിയ പോലീസ് പീഡനങ്ങൾക്കും ജാതീയമായ അവഹേളനങ്ങൾക്കും ഇരയായ നിരവധിപേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് ഇതിന്റെ രചനയെ സഹായിച്ചിട്ടുണ്ട്. അതു പറയുമ്പോൾ ഈ സിനിമ ചരിത്രസംഭവങ്ങളുടെ യഥാർത്ഥ ആഖ്യാനമാണ് എന്നു തെറ്റിദ്ധരിക്കരുത്. ഇത് ഒരു ഫിക്ഷൻ ഫീച്ചർഫിലിം ആണു. തീർത്തും നോൺഫിക്ഷണലായ ഒരു ചരിത്രസാഹചര്യത്തിലേക്ക് വിശദാംശങ്ങളിൽ ഫിക്ഷണലായ ഒരു ഇതിവൃത്തവും സംഭവങ്ങളും സൂപ്പർഇമ്പോസ് (Superimpose) ചെയ്യുന്ന ഒരു രചനാതന്ത്രമാണ്പപ്പിലിയോ ബുദ്ധയിൽഅവലംബിച്ചിരിക്കുന്നത്.

ഏതാണ്ട് എട്ടുമാസം നീണ്ട സെൻസ്സർഷിപ്പ് യുദ്ധം ആരംഭിക്കുന്നത് നിർമ്മാണം പൂർത്തിയായ പപ്പിലിയോബുദ്ധ സെൻസ്ർബോർഡിന്റെ തിരുവനന്തപുരത്തെ പ്രാദേശിക ഓഫീസ്സിൽ സർട്ടിഫിക്കേഷനായി സമർപ്പിക്കുന്നതോടുകൂടിയാണ്. സെൻസർബോർഡിൽനിന്ന് ഞങ്ങൾക്ക് ലഭിച്ച മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു. സർക്കാർ ഇംഗ്ലീഷിൽ അവർ തന്ന മറുപടിയവാസാനിക്കുന്നത് ഇങ്ങനെയാണ് –the committee was of the opinion that the film cannot be certified in its present form even with excisions/cuts.ഇതിനെതിരെ ഞങ്ങൾ പരാതി ബോധിപ്പിക്കുകയും പ്രശസ്തസംവിധായകൻ ഷാജി.എൻ കരുൺ അദ്ധ്യക്ഷനായ ഒരു പന്ത്രണ്ടംഗ റിവിഷൻകമ്മിറ്റി സിനിമകാണുകയും എകദേശം ഇരുപത്താറ് കട്ടുകളും, നിരവധി മ്യൂട്ടുകളുംബ്ലറുകളുമടങ്ങുന്ന അൻപതോളോം ചെയിഞ്ചുകൾ സിനിമയിൽ വരുത്തിയാൽ A സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാമെന്നൊരു നിർദ്ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. ഒരു കലാകരനെന്ന നിലയിൽ അപമാനകരവും ഒരു സിനിമയെന്ന നിലയിൽ പപ്പിലിയോബുദ്ധയെ മ്യൂട്ടിലേറ്റ് ചെയ്യുകയും ചെയ്യുന്ന ഇത്തമൊരു നിർദ്ദേശം ഞങ്ങൾക്ക് സ്വീകര്യമായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ ദൽഹിയിലെ ഫിലിം സെർട്ടിഫിക്കേഷൻ അപ്പീലെറ്റ് ട്രിബ്യൂണലിനെ (FCAT) സമീപിച്ചു.

നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ ലളിത് ഭാസിൻ, ദീപദീക്ഷിത്, ഗുർജിത് സിംഗ് ലഹാൽ, റ്റോം വടക്കൻ എന്നിവരടങ്ങുന്ന ദൽഹിയിലെ FILM CERTIFICATION APPILET TRIBUNAL(FCAT) പപ്പിലിയോബുദ്ധയ്ക്ക് ഉപാധികളോടെ സർട്ടിഫിക്കറ്റ് അനുവദിക്കാൻ തീരുമാനമായെങ്കിലും സർട്ടിഫിക്കറ്റ് ഞങ്ങളുടെ കയ്യിലെത്താൻ പിന്നെയും സമയമെടുത്തു. ഇതിനിടയിലാണ് IFFKയിൽനിന്നു സർട്ടിഫിക്കേഷനില്ലന്ന് പറഞ്ഞ് പപ്പിലിയോബുദ്ധ ഒഴിവാക്കുന്നത്. അന്തർദ്ദേശീയഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കും, ക്ഷണിക്കപെട്ട അതിഥികൾക്കായ് നടത്തുന്ന സ്വകാര്യപ്രദർശനങ്ങൾക്കും സെൻസർനിയമങ്ങൾ ബാധകമല്ലെന്നിരിക്കെ അധികൃതരുടെ ഈ നടപടിയിലെ അനീതി തിരിച്ചറിഞ്ഞ പല സുഹൃത്തുക്കളുടെയും സിനിമാപ്രേമികളുടെയും അഭ്യർത്ഥന മാനിച്ചാണ് തിരുവനന്തപുരത്ത് കോബങ്ക് ഓഡിറ്റേറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ പപ്പിലിയോബുദ്ധ പ്രദർശിപ്പിക്കാൻ തീരുമാനിക്കുന്നത്. ഈ പ്രദർശനമാണു പൊലീസിനെ ഉപയോഗിച്ച് ഫെസ്റ്റിവൽ അധികൃതരും സർക്കാരും ചേർന്ന് ഷട്ട്ഡൌൺ ചെയ്യുകയും രോഷകുലരായ കാണികൾ ഫെസ്റ്റിവെൽവെന്യുവിൽ പ്രകടനം നടത്തുകയും ചെയ്തത്. ഞാൻ മനസിലാക്കുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്` ഒരു സിനിമപ്രദർശനം നിർത്തിവെക്കാൻ ഇത്തരത്തിൽ പോലീസ് ഫോഴ്സ് ഉപയോഗിക്കപ്പെടുന്നതെന്നാണ്. പപ്പിലീയോബുദ്ധപ്രദർശിപ്പിച്ചാൽ ക്രമസമാധാനം തകരുമെന്ന കാരണമാണ്പോലീസ് പ്രചരിപ്പിച്ചത്. ഇത് തീർത്തും അടിസ്ഥാനരഹിതമാണെന്നു നമുക്കറിയാം, കാരണം പപ്പിലിയോബുദ്ധയുടെ സ്വകാര്യപ്രദർശനങ്ങൾ തിരുനന്തപുരം അജന്തതീയ്യറ്ററിലും ദൽഹി പ്രസ്സ്ക്ലബിലും ഫ്രെഞ്ച് കൾചറൽ സെന്ററിലും, ജെ.എൻ.യു ക്യാമ്പസ്സിലും ഹൈദ്രാബാദിലെ എച്ച്.സി.യു.വിലും ഇഫ്ലുവിലും നിറഞ്ഞ സദസ്സിൽ നടന്നിരുന്നു . അവിടെയൊന്നും ഇതുമായി ബന്ധപ്പെട്ട യാതൊരു ക്രമസമാധാനപ്രശ്നങ്ങളുമുണ്ടായിട്ടില്ല. തങ്ങൾക്ക് ഹിതകരമല്ലാത്ത ഒരു രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന സിനിമയെ അടിച്ചമർത്താനുള്ള ഒരു എസ്ക്യൂസ് എന്നതിലുപരി ആ വാദത്തിലെന്തെങ്കിലും കഴമ്പുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല.

ഇന്ത്യയിലെ ഇതര ഭാഷസമൂഹങ്ങളെ അപേക്ഷിച്ചു പല കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നവരാണെന്നു ഭാവിക്കുന്നവരാണല്ലോ നമ്മൾ മലയാളികൾ. ഇടതുപക്ഷരാഷ്ട്രീയം, സ്ത്രീശാക്തീകരണം, സംമ്പൂർണ്ണസാക്ഷരത, എന്നിങ്ങനെ പലതും അതിനു തെളിവായി അഭിമാനപൂർവ്വം ഉയർത്തി കാട്ടാൻ നമുക്ക് മടിയില്ല. അങ്ങനെയൊരു സമൂഹത്തിനു പ്രകൃതിക്കും സ്ത്രീകൾക്കും ദളിതർക്കുമെതിരായി അരങ്ങേറുന്ന അതിക്രമങ്ങളെ വിമർശിക്കുന്ന പപ്പിലിയോബുദ്ധ പോലുള്ള ഒരു സിനിമയോട് എങ്ങനെയാണ് അസ്സഹിഷ്ണുത പുലർത്താനാവുക? ജാതിമതഭേദങ്ങൾക്കതീതമായി ചിന്തിക്കുന്ന പുരോഗമനകാരികളും വിദ്യാസമ്പന്നരുമായ ഒരു ജനതയാണെന്ന് സ്വയം ഭാവിക്കുകയും പ്രചരിപ്പിക്കുയും ചെയ്യുന്ന നാം സത്യത്തിൽ ജീവിതത്തിൽ അടിമുടി ജാതി ആചരിക്കുന്നവരല്ലെ? സ്കൂൾപ്രവേശനത്തിനുള്ള അപേക്ഷഫാറം പൂരിപ്പിക്കുമ്പോൾ തുടങ്ങുന്ന ജാതിയമായ കാറ്റഗറൈസേഷൻ മലയാളിയുടെ ജീവിതാന്ത്യം വരെ നീളുന്നു, അതിന് മതഭേദമില്ല, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും വളരെ നിഷ്ഠയോടെ ജാതി ആചരിക്കുന്നു. പ്രണയത്തിലും വിവാഹകമ്പോളത്തിലും മുതൽ മന്ത്രിസഭാപുനഃസംഘടനയിൽ വരെ ജാതി നിർണ്ണായകഘടകമാകുന്നു. നമ്മുടെ സാസ്കാരികമേഖലയിലാകെ അധീശത്വം വഹിക്കുന്നത് ജാതീയവും വംശീയവുമായ ഒരു കുലീനതാ ബോധമാണു.

മലയാളസിനിമയിൽ നെടുനായകത്വം കയ്യാളുന്ന ഫ്യൂഡൽ എന്നു വിശേഷിപ്പിക്കാവുന്ന ഈ കുലീനത ചോദ്യം ചെയ്യപ്പെട്ടപ്പോഴുണ്ടായ വരേണ്ണ്യ വർഗ്ഗത്തിന്റെ അസ്വസ്ഥതയാണു പപ്പിലിയോബുദ്ധക്കെതിരായ ഭരണകൂടമുറുമുറുപ്പുകളിൽ നാം കാണുന്നത്. സെൻസർബോർഡിന്റെ അപ്പിലേറ്റ് ട്രിബ്യൂണൽ മുന്നോട്ട് വെച്ച പ്രധാന ആവശ്യം ഇന്ത്യയുടെ ഭരണഘടനാശില്പിയായ ഡോ:അംബദ്കറുടെ പ്രഖ്യാതമായ ഒരു ഉദ്ധരണി സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്നതായിരുന്നു! ഗാന്ധിയും അബ്ദേക്കറും സമാദരണീയരായ ഇന്ത്യൻ നേതാക്കളാണ്, പക്ഷേ ഇന്ത്യാഗവണ്മെന്റ് എന്തുകൊണ്ടാണ് അംബേദ്ക്കറുടെ ഒരു ഉദ്ധരണിയെപ്പോലും പേടിക്കുന്നുവെന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്.

  1932-ൽ യർവാദജയിലിൽക്കിടന്നുകൊണ്ട് ഗാന്ധി, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡൊണൾഡ് റാംസെ ദളിതർക്കനുവദിച്ച കമ്മ്യൂണൽ അവാർഡ് പിൻവലിപ്പിക്കുവാൻ വേണ്ടി നടത്തിയ സത്യഗ്രഹത്തെക്കുറിച്ച് അബേദ്ക്കർ പറഞ്ഞ വാചകങ്ങൾ: There was nothing noble in the fast. It was a foul and filthy act. The fast was not for the benefit of the Untouchables. It was against them and was the worst form of coercion against a helpless people to give up the constitutional safeguards (which had been awarded to them). ഈ വാചകങ്ങളാണ് പപ്പിലിയോബുദ്ധയിൽനിന്ന് നീക്കം ചെയ്യാൻ സെൻസർബോർഡ് പറഞ്ഞത്.  ഇതു ചരിത്രമാണ്, ഒരു ജനതയെന്ന നിലയിൽ എന്നാണ് നാം ചരിത്രത്തെ പേടിക്കാൻ തുടങ്ങിയത്? ഗാന്ധിയോടൊപ്പമോ ഒരുപക്ഷെ ധൈഷണികമായും വിദ്യാഭ്യസപരമായും ഒരുപടി മുന്നിലോ നിൽക്കുന്ന അംബേദ്ക്കർ എന്തുകൊണ്ടാണ് നമ്മുടെസർക്കാരിന് അനഭിമതനാകുന്നത്? അദ്ദേഹം ദളിതനാണെന്നതല്ലാതെ മറ്റൊരു കാരണവും കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല. അങ്ങനെ വരുമ്പോൾ നമ്മുടെ സർക്കാർ ഔദ്യോഗികമായി ജാതിവെറി ആചരിക്കുന്നവരാണെന്നു അവർ തന്നെ തെളിയിക്കുകയല്ലെ, അംബേദ്കർ ഉദ്ധരണി മ്യൂട്ട് ചെയ്യുവാൻ ആവശ്യപ്പെടുക വഴിചെയ്യുന്നത്? ഇന്നും പൂർണ്ണരൂപത്തിലുള്ള പപ്പിലിയോബുദ്ധയുടെ പൊതുപ്രദർശനത്തിന് ഇന്ത്യയിൽ വിലക്കുണ്ടെങ്കിലും ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളുയർത്താൻ ഈ സെൻസ്സർഷിപ്പ് വിവാദങ്ങൾ കൊണ്ട് കഴിഞ്ഞുവെന്നത് ഒരു നല്ലകാര്യമായാണെനിക്ക്  തോ‌ന്നുന്നത്. .എഫ്.എഫ്.കെയും മറ്റു സർക്കാർ ഫിലിംമേളകളും പപ്പിലിയോബുദ്ധയെ ഒഴിവാക്കിയെങ്കിലും കേരളത്തിലെ ആയിരക്കണിക്കിനു കോളനികളിലൂടെ, ഇന്ത്യയിലെ വിവിധ യൂണിവേർസിറ്റികളിലൂടെ ബ്രിട്ടീഷ്ഫിലിംഇൻസ്റ്റിറ്റ്യൂട്ട്, ആതൻസ്, ഓഹാക്ക, ട്രിനിഡാഡ്&റ്റുബാഗോ, മോൺട്രിയോൾ തുടങ്ങി ബർലിൻവരെയുള്ള അനേകം ലോകമേളകളിലൂടെയുള്ള പപ്പിലിയോബുദ്ധയുടെ യാത്ര തടയാൻ നമ്മുടെ സെൻസ്സർഷിപ്പ് രാജിന് കഴിഞ്ഞില്ലായെന്നതിൽ ആശ്വസിക്കാം.

ഫ്രീഡം ഓഫ് സ്പീച്ചിനും expression നും വിവിധ കലാശാ‍ഖകളിലുള്ളവർ അവരവരുടെ അതാത് മീഡിയം വഴിയാണ്  ഇടം കണ്ടെത്തുന്നത്. എന്നാൽ ഇന്ത്യയെ പോലെ ഒരു ഡെമോക്രാറ്റിക്കായ രാജ്യത്ത് സെൻസറിങ്ങ് പോലെയുള്ള വ്യവസ്ഥകൾ കൊണ്ട് ജനങ്ങളുടെ കണ്ണുകെട്ടുന്നതിന്റെ ഓക്സീമോറോണിസം സിനിമപോലെയുള്ള കലകളുടെ സ്വതന്ത്രമായ ഇടപെടലുകൾക്ക് എന്നും വിലങ്ങു തടിയായിട്ടുണ്ട്. ഇതു മുഖാന്തരം മിക്കപ്പോഴും അല്ലെങ്കിൽ പലപ്പോഴും ഫ്രീഡം ഓഫ് സ്പീച്ചിനും എക്സ്പ്രഷനും ക്രോമ്പ്രമൈസ്സ് ചെയ്യപ്പെടേണ്ടി വരുന്നുണ്ട്. ഇതിനോടുള്ള ജയന്റെ നിലപാട് എന്താണ്?

തീർച്ചായയും ഇന്ത്യൻ സെൻസർഷിപ്പ് നിയമങ്ങൾ സ്വതന്ത്രമായ കലാവിഷ്കാരങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് തന്നെയാണ്. ഇന്ത്യയിൽ സിനിമ സെൻസർഷിപ്പ്  നിയമങ്ങളാരംഭിക്കുന്നത് 1918-ൽ ബ്രിട്ടീഷ്സർക്കാർ നടപ്പാക്കിയ Indian cinematography Act-ൽനിന്നാണു. പിന്നീട് 1952 ൽ നെഹ്രു ഗവണ്മെന്റ് പരിഷ്കരിച്ച ഈ കോളോണിയൽ നിയമം തന്നെയാണ് ഇന്നെത്തെ ഇന്ത്യൻ സെൻസർ നിയമങ്ങളുടെ ആധാരശില. ഇന്ത്യയിലെ ജനങ്ങൾ നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത ശിശുക്കളാണെന്നും അവർ കാണേണ്ടത് എന്ത് കാണരുതാത്തതെന്ത് എന്ന് നിശ്ചയിച്ച് നിർദ്ദേശിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന കൊളോണിയൽ യജമാനന്മാരുടെ പേട്രണൈസിങ് മനസ്ഥിതി തന്നെയാണു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഇന്നത്തെ സർക്കാർ യജമാനന്മാരും പങ്കുവെക്കുന്നത്. ഇതിലെ അപഹാസ്യത മനസ്സിലാക്കി പ്രഗത്ഭരായ കലാകാരന്മാരും ബുദ്ധിജീവികളുമടങ്ങുന്ന ഇന്ത്യൻ സിനിമാ സമൂഹം അതിനെതിരെ ശബ്ദമുയർത്തുന്നില്ലയെന്നുള്ളത് എന്നെയത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. കലാപരമായ ആവിഷ്കാരങ്ങളെ സർക്കാർ നിയന്ത്രിക്കുകയും, സെൻസർബോർഡുപോലെയുള്ള സർക്കാർ എജൻസികൾ കലാസൃഷ്ടികളിൽ എഡിറ്റോറിയൽ ഇടപെടൽനടത്തുകയും ചെയ്യുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയൊഴിച്ച് മറ്റൊരു കലാരൂപവും പൊതുവേദിയിൽ പ്രദർശിപ്പിക്കാൻ സെൻസർ സർട്ടിഫിക്കറ്റ് ആവശ്യമില്ലല്ലോ. സിനിമയെ ഒരു ഫൈൻആർട്ടായി നമ്മുടെ സർക്കാർ കാണുന്നില്ല എന്നതുതന്നെയാണ് അതിനുകാരണം എന്നു തോന്നുന്നു. സിനിമയെ നമ്മുടെ സർക്കാർ ഒരു കലയായി കാണുന്ന കാലം വരുമെന്നു നമ്മുക്കു വിശ്വസിക്കാം. നമ്മുടെ സസ്കാരികജീവിതത്തിന്റെ ഇപ്പോഴുള്ള ഗതി വച്ച് നോക്കിയാൽ നാളെ നമ്മുടെ ചിത്രകാരന്മാരും, കഥാകാരന്മാരും, കവികളും, നാടകകൃത്തുക്കളുമൊക്കെ അവരുടെ കൃതികളുമായി സർക്കാർ ഓഫീസ്സുകളിൽ ബ്യുറോക്രാറ്റുകളുടെ സമ്മതപത്രത്തിനായി കയറിയിറങ്ങേണ്ട അവസ്ഥ വരുമോയെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

ജയന്റെ ഷോർട്ട് ഫിലിമുകളിൽ നിന്നും വ്യത്യസ്തമായി എന്തുകൊണ്ടാണ് പ്രാദേശികമായൊരു ഭാഷയിൽ ഇത് ആവിഷ്കരിക്കാൻ കാരണം?
ഡോണ സിനിമയുടെ ഭാഷ എന്നതുകൊണ്ടുദ്ദേശിച്ചത് കഥാപാത്രങ്ങളുടെ സംസാരഭാഷയാണെന്നു തോന്നുന്നുവെങ്കിലും പറയട്ടെ, ഒരു വിഷ്വൽആർട്ട്ഫോം എന്നനിലയിൽ സിനിമക്ക് അതിലെ കഥാപാത്രങ്ങളുടെ സംസാരഭാഷക്കുപരി കാഴ്ചയുടെ ഒരു ഭാഷയും അതിന്റെ വ്യാകരണവുമുണ്ട്. ചലിച്ചിത്രമെഴുത്തിന്റെ ഈ ഭാഷ യൂണിവേർഴ്സലാണ്. അതുകൊണ്ട് കഥാപാത്രങ്ങളുടെ സംസാരഭാഷയെ അടിസ്ഥാനമാക്കി സിനിമയെ കാറ്റഗറൈസ്സ് ചെയ്യുന്നതിനോടെനിക്കു യോജിപ്പില്ല. സിനിമയെന്ന വാക്ക് തന്നെയുണ്ടാകുന്നത് ചലനം എന്നർത്ഥംവരുന്ന Kino എന്ന ജർമ്മൻ പദത്തിൽനിന്നാണ്, അതിനോട് എഴുത്ത് എന്നർത്ഥം വരുന്ന ഗ്രാഫി എന്ന പദം ചേർന്നാണ് സിനിമോറ്റോഗ്രഫിയുണ്ടാവുന്നത്, അത് ചലനം കൊണ്ടുള്ള എഴുത്താണ്. ഫോട്ടൊഗ്രാഫി വെളിച്ചം കൊണ്ടുള്ള എഴുത്താകുന്നതു പോലെ. ഒരു സെക്കന്റിൽ ഇരുപത്തിനാലു ഫ്രെയിമുകളെന്നതോതിൽ ചലിക്കുന്ന നിശ്ചലഫ്രെയിമുകളുടെ അനുസ്യുതിയാണ് ചലച്ചിത്രഭാഷയുടെ അടിസ്ഥാനയുണിറ്റായി അല്ലെങ്കിൽ വാക്കായി നാം കണക്കാക്കുന്ന ഷോട്ട് അഥവാ ദൃശ്യം. ഇങ്ങനെയുള്ള ദൃശ്യങ്ങൾ ചേർന്ന് സീനുണ്ടാകുന്നു. സീനുകൾ ചേർന്നു സീക്വൻസുകളുണ്ടാകുന്നു. അക്ഷരങ്ങൾചേർന്ന് വാക്കുകളും വാക്കുകൾ ചേർന്ന് വാചകങ്ങളും വാചകങ്ങൾ ചേർന്നു ഒരു നിശ്ചിതാശയം സ്ഫുരിപ്പിക്കുന്ന ഖണ്ഡികകളും ഉണ്ടാകുന്നതുപൊലെ. ഒരു ഫ്രെയിം നാം കമ്പോസ് ചെയ്യുമ്പോൾ ആശയസംവേദനത്തിനായി വിധാനിക്കുന്ന actors, lighting, lensing, décor, props, costume എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളിൽ(Mise-en-scène) ഒരു ഘടകം മാത്രമാണ് Diegetic sound അതായത് ഫ്രെയിമിൽ വിസിബിളായിട്ടുള്ള വസ്തുക്കളോ കഥാപാത്രങ്ങളോ പുറപ്പെടുവിക്കുന്ന ശബ്ദം, അതിന്റെ ഒരു ഉപഘടകം മാത്രമാണ് സിനിമയിലെ സംഭാഷണം. പപ്പിലിയോ ബുദ്ധയിൽ കഥാപാത്രങ്ങളുടെ സംസാരഭാഷക്കു വളരെ പ്രാധാന്യമുണ്ട്, ഇതിൽ മലയാളവും, ഇന്ത്യൻ ഇംഗ്ലീഷും, അമെരിക്കൻ ഇംഗ്ലീഷും സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. അവരുടെ ജീയോഗ്രാഫിക് ലൊക്കെഷനെന്നതിലുപരി കൾച്ചറൽ ലൊക്കേഷൻ അടയാളപ്പെടുത്താനുള്ള ഒരു ഉപകരണമായി സിനിമയിൽ അവരുടെ സാംസാരഭാഷ ഉപയോഗിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഈസിനിമയിൽ മധ്യവർഗ്ഗബുദ്ധിജീവികൾക്കും ബ്യൂറോക്രാറ്റുകൾക്കും ഇംഗ്ലീഷ് അധികാരത്തിന്റെയും എലീറ്റിസത്തിന്റേയും ഭാഷയകുമ്പോൾ ദളിതർക്കത് എംപവർമെന്റിന്റെ ഭാഷയുമകുന്നതു കാണാം. പപ്പിലിയോ ബുദ്ധയിൽ ഒരു സവർണ്ണ പോലീസ്ഓഫിസ്സറോട് ഒരു ദളിത് യുവാവ് ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരു സീനുണ്ട്. അപ്പോൾ അയാൾ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അയാളുടെ കുലീനമെന്നയാൾ കരുതുന്ന ഒരു കൾച്ചറൽസ്പെയ്സ് ഒരു ദളിതനാൽ തീണ്ടപ്പെടുന്നുവെന്ന ബോധത്തിൽ നിന്നു വരുന്നതാണ്. എന്തായാലും ഒരു മലയാളി എന്ന നിലയിൽ കേരളീയജീവിതം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യാൻ കഴിഞ്ഞുവെന്നത് എനിക്ക് ആഹ്ലാദകരമായ കാര്യമാണ്. പപ്പിലിയോബുദ്ധയിലെ സംസാരഭാഷ അതിലെ കഥാപാത്രങ്ങളുടെ ഭാഷയാണ്. അത് ബോധപൂർവ്വം നടത്തിയ ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് അതിന്റെ ഫിക്ഷണൽ സ്പെയിസ് ഡിമാന്റ് ചെയ്യുന്നതാണ്, അതങ്ങനെയേകഴിയൂ എന്നതാണ് വാസ്തവം.

ജീവിതത്തിന്റെ പല മേഖലയിലുള്ളവരുടെ വ്യക്തിത്വങ്ങളെ അവരുടെ പരിതസ്ഥിതികളെയും സൂഷ്മദർശനിയിലൂടെന്നവണ്ണം വീക്ഷിക്കുകയും, അവരുടെ താദാത്മ്യത്തെ അത്രയും തന്നെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ജയൻ. Pappilio Budha എന്ന സിനിമയിൽ ഇതിന്റെ പല മാനങ്ങൾ കാണാം. ജയന്റെ ഷോർട്ട് ഫിലിമുകളിലും ( ഉദാ: SHAPE OF THE SHAPELESS) ഇത് വ്യക്തമാണ്. ഇത്തരം വിഷയങ്ങളിൽ കേന്ദീകരിച്ച് കൊണ്ട് ആവിഷ്കാരങ്ങൾ സാധ്യമാക്കുമ്പോൾ അതിനു പിന്നിലുള്ള ശ്രമങ്ങൾക്ക്  പോലും പലപ്പോഴും സമകാലിക സാമൂഹികവ്യവസ്ഥകൾ വിലങ്ങുതടിയാവുന്നില്ലേ?
തീർച്ചയായും, കവിതയിലായാലും, പെയ്ന്റിങ്ങിലായാലും സിനിമയിലോ മറ്റേത് ആർട്ട് ഫോമിലായാലും കാലികഭാവുകത്വത്തിന്റെ നടപ്പു ശീലങ്ങളോടും മൂല്യവ്യവസ്ഥകളോടും മാത്രമല്ല തന്നോട് തന്നെയും കലഹിച്ചുകൊണ്ടു മാത്രമെ ഒരാൾക്ക് പുതിയതെന്തെങ്കിലും സൃഷ്ടിക്കാനാകൂ എന്നാണെന്റെ  വിശ്വാസം. സമകാലീകസാമൂഹ്യവ്യവസ്ഥകൾ ഒരു കലാകാരനെന്ന നിലയിൽ ആശയാവിഷ്കാരത്തിന്നു വിലങ്ങ്തടിയാവാൻ ഞാൻ അനുവദിക്കാറില്ല. കവിതയായാലും സിനിമയായാലും എനിക്ക് തോന്നുന്നത് തോന്നിയപോലെ പറയാനാണു ഞാൻ ശ്രമിക്കാറ്. എന്റെ ആവിഷ്കരണരീതികളോട് ആഭിമുഖ്യമില്ലാത്തവർക്കു അത് കാണാതിരിക്കാം, വായിക്കാതിരിക്കാം വിമർശിക്കാം. വ്യവസ്ഥാപിതമായ ഒരു ഭാവുകത്വത്തെ പ്രീണീപ്പിക്കുന്നതരത്തിൽ കലാസൃഷ്ടി നടത്തി ജീവിക്കേണ്ടിവരുന്നതിനെക്കാൾ അതിനെതിരെ പോരാടി മരിക്കുന്നതാണ് നല്ലെതെന്ന് ഞാൻ കരുതുന്നു.

 

നിയമം കൊണ്ട് സംരക്ഷിക്കപ്പെടേണ്ട മനുഷ്യാവകാശങ്ങൾ നിയമം കൊണ്ട് തന്നെ ലംഘിക്കുന്നത് നമ്മൾ 2013 ഡിസംബർ 11നു സാക്ഷ്യം വഹിച്ചു. വീണ്ടും നിയമം 1861 ലേക്ക് പുറംതിരിഞ്ഞുനിന്നു.  സെക്ഷ്വാലിറ്റി  എന്തുകൊണ്ടാണ് കുറ്റകരമാകുന്നത്? സോഷ്യൽ സ്റ്റിഗ്മകൾക്ക് നിയമം പരിരക്ഷനൽകുകയല്ലെ ഇതു വഴി ചെയ്യുന്നത്?
പ്രാചീന ഇന്ത്യ ഇന്നു ചില തത്പരകക്ഷികൾ പ്രചരിപ്പിക്കുന്നതു പോലെ ഒരു ഹോമോഫൊബിക് സമൂഹമായിരുന്നില്ല. നമ്മുടെ താന്ത്രിക പാരമ്പര്യങ്ങളും ആത്മീയനുഷ്ഠാനങ്ങളും പുരാണങ്ങളും മിത്തുകളും ശില്പങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇന്നെത്തെക്കാൾ  എത്രയോ സെക്ഷ്വലി ലിബറലായ ഒരു ജീവിതം നയിച്ചിരുന്ന ഒരു ഭൂതകാല ഇന്ത്യൻ ജനതയെയാണ്. നമ്മുടെ മഹാദേവനായ ശിവൻ തന്നെ പകുതിയാണും പകുതി പെണ്ണുമായി Gender Ambiguityയുടെ ആദിരൂപമായി നിലകൊള്ളുന്നു. ഇന്ത്യയിലെ ആബാലവൃദ്ധം ജനങ്ങൾക്കും യോനി പീഠത്തിൽത്തറഞ്ഞുയർന്നു നിൽക്കുന്ന പരമശിവന്റെ ഉദ്ധൃത ലിംഗത്തെ നമസ്കരിക്കുന്നതിനും പൂജിക്കന്നതിനും ഒരു സന്മാർഗ്ഗ ചിന്തകളും തടസ്സമാവുന്നില്ല. നമ്മൾ മലയാളികളുടെ സ്വന്തം ദൈവമായ അയ്യപ്പസ്വാമികൾ തന്നെ ഹരിഹരന്മാരുടെ സ്വവർഗ്ഗ കേളിയുടെ സത്ഫലമാണല്ലോ. താന്ത്രീക പാരമ്പര്യത്തിൽ മദ്യ മാംസ മത്സ്യ മൈഥുനാദി പഞ്ച കാരങ്ങളുടെ പ്രാധാന്യവും നമുക്കറിവുള്ളതാണ്. ഗുദരതി മുതൽ മൃഗരതി വരെ നീളുന്ന രാസക്രീഡകൾക്ക് കൈപ്പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു മഹാപാരമ്പര്യത്തിന്റെ മഴവിൽനദിയിൽ മുങ്ങിനിവർന്നിട്ട് മദ്ധ്യകാലഘട്ടത്തിലെ ഇൻക്വിസിറ്റേഴ്സിനെ തോല്പിക്കുന്ന തരത്തിൽ മോറലിസം പ്രസംഗിക്കുന്ന ബാബ രാം ദേവിനെപ്പോലുള്ളവരുടെ പ്രൂഡിഷ്നസ്സ് സത്യത്തിൽ മനം പുരട്ടലുണ്ടാക്കുന്നതാണ്. ഇന്ത്യൻ പീനൽകോഡിലെ കുപ്രസിദ്ധമായ സെക്ഷൻ 377 കൃത്യമായും ഒരുക്രിസ്റ്റ്യൻ സെൻട്രിക് വിക്ടോറിയൻ മൊറാലിറ്റിയെ പ്രൊപ്പഗെറ്റ്  ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ളതാണെന്ന് നമുക്കറിയാം. ഇന്നു ഭാരതീയസംസ്കാരികമൂല്യങ്ങളെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന പലതും മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള യൂറോപ്യൻ മോറാലിറ്റിയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. ഇവ നമ്മളിൽ അടിച്ചേൽപ്പിച്ച യൂറോപ്പാകട്ടെ നമ്മളെക്കടന്നു ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിൽ മനുഷ്യന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന നിയമനിർമ്മണങ്ങളിലൂടെ മുന്നോട്ട്പോയിട്ടും നമ്മളിന്നും ജീവിക്കുന്നതു, ലൈംഗീക സദാചാരത്തിന്റെ കാര്യത്തിൽ, ഒരുകൊളോണിയൽ ഫ്രീസ് ഫ്രെയിമിലാണ് (freeze-frame). അത് ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ ലോകത്തിനു മുന്നിൽ നമ്മളെ  അപഹാസ്യരാക്കിക്കൊണ്ടിരിക്കുന്നു. ഇന്നു ഹോമൊസെക്ഷ്വാലിറ്റി മാത്രമല്ല നമ്മുടെ തെരുവുകളിൽ എല്ലാത്തരത്തിലുമുള്ള ലൈംഗിക ആവിഷ്കാരങ്ങളും കുറ്റകരമായാണ് കണക്കാക്കുന്നതെന്നു കാണാം.. കേരളത്തിലെ തെരുവുകളിലുംപാർക്കുകളിലുംബീച്ചുകളിലും വിദേശീയരായ ഇണകൾക്ക് പ്രേമിക്കാം, സല്ലപിക്കാം. മലയാളികളായാൽ അവരെ നമ്മുടെ മോറൽ പോലീസ് വേട്ടയാടും. എന്നാൽ ഒരു മുറിയെടുത്ത് പ്രണയിക്കാമെന്നു വച്ചാലോ അവരെ immoral traffic prevention act എന്ന മറ്റൊരു കൊളൊണിയൽ നിയമമുപയോഗിച്ചകത്താക്കും. ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധവും കാലഹരണപ്പെട്ടതുമായ നിയമങ്ങൾ തിരുത്തുകയും പുനർനിർമ്മിക്കുകയും ചെയ്യേണ്ട ഇന്ത്യൻ പാർലമെന്റ് ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരു സംഘം യാഥാസ്ഥിതിക പുരുഷന്മാരുടെ ജെറിയാട്രിക് സെന്ററായി മാറിയിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദുരന്തം.

377 വീണ്ടും ക്രിമിനലൈസ് ചെയുക വഴി ഇപ്പോൾ ത്രിശങ്കുസ്വർഗത്തിലായിരിക്കുന്നത് 377 ഡീക്രിമിനലൈസ് ചെയ്തപ്പോൾ ഓപൺലീ ഗേയായി സമൂഹത്തിനു മുന്നിൽ ജീവിച്ചവരാണ്. അതൊരു വളരെ ചുരുങ്ങിയ കാലയളവായിരുന്നുവെങ്കിലും സ്വതന്ത്രരായി സമൂഹത്തിൽ ജീവിച്ചവർക്ക്  സമൂഹത്തിൽ നിന്നുള്ള ടോർച്ചറിങ്ങ് പോരാത്തതിന് ഇപ്പോൾ നിയമത്തെയും ഭയക്കേണ്ടതായി വന്നിരിക്കുന്നു. ഇടക്കാലത്തെ ഡീക്രിമിനലൈസിങ്ങ് ഒരു അടവുനയം ആയിരുന്നോ എന്നു വരെ ഭയപ്പെടേണ്ടിയിരിക്കുന്നില്ലേ?
ഏതാണ്ട് ഇരുപത്തഞ്ചു മില്യണിലധികം വരുന്ന ഇന്ത്യയിലെ LGBT കമ്മ്യൂണിറ്റിയെ ഒരു കോടതിവിധി കൊണ്ട് ക്രിമിനലുകാളാക്കിയിട്ട് ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമെന്നൊന്നും ലോകരാജ്യങ്ങൾക്കു മുമ്പിൽ അധിക നാൾ വീമ്പിളക്കാൻ ഇന്ത്യക്കു കഴിയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഈ നാണക്കേടിൽ നിന്നും മുഖം രക്ഷിക്കാൻ വേണ്ടിയെങ്കിലും ഭരണധികാരികൾ എന്തെങ്കിലും ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല LGBT മൂവ്മെന്റ് ഇന്ത്യയിൽ വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്, സമീപ ഭാവിയിൽ അവർ ഇന്ത്യയിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ അവഗണിക്കാനാകാത്ത ഒരു ശക്തിയാവുമെന്നത് ഒരു വസ്തുതയാണ്.. മതമൌലീകവാദികളുടെയും യാഥാസ്ഥിതികരുടെയും ശക്തികേന്ദ്രമായ പാർലമെന്റിലേക്ക് വിടാതെ തന്നെ 377 പ്രശ്നം ഇപ്പോൾ നൽകിയ റിവ്യു ഹർജ്ജിയിലൂടെ സുപ്രീം കോടതിയിൽത്തന്നെ  പരിഹരിക്കപ്പെടുമെന്നു നമുക്കാശിക്കാം. എങ്കിലുംഡോണ പരാമർശിച്ചതു പോലെ വലിയൊരക്ഷിതാവസ്ഥയിലേക്കാണ് ഇന്ത്യയിലെ LGBT സമൂഹത്തെ ഈകോടതി വിധി തള്ളിയിട്ടിരിക്കുന്നുവെന്നതിൽ തർക്കമില്ല.ഒരിക്കൽ പുറത്തു വന്നൊരാൾക്ക് വീണ്ടും ക്ലോസെറ്റിലേക്ക് മടങ്ങുക ദുഷ്കരമാണ്, അതുപോലെതന്നെ പുതിയ കമിങ് ഔട്ട്കളും. തങ്ങളുടെ ജീവിതം അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ കഴിയാതെ മനശാസ്ത്രപരവും സാമൂഹ്യവുമായ വിമ്മിഷ്ടത്തിൽ പൌരസമൂഹത്തിലെ ഒരു നിശ്ചിത ശതമാനത്തെ തളച്ചിടുന്ന ഈ വിധ്വംസക നിയമത്തിനെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഉണർന്നു പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ലൈംഗിക അരാജകത്വം നടമാടുന്ന നമ്മുടെ സമൂഹത്തിൽ അധികമൊന്നും അല്ലെങ്കിൽ ഒട്ടും തന്നെ സംസാരവിഷയം ആവാത്തതും, മീഡിയകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതുമായ വിഷയമാണ് പുരുഷന്മാരാൽ മറ്റു പുരുഷന്മാർ ലൈംഗികചൂഷണത്തിന് ഇരയാകുന്ന അവസ്ഥകൾ. അതെന്തുകൊണ്ടാവാം?
ലൈംഗീകഅരാജകത്വമല്ല, മറിച്ച് ലൈംഗീക അടിച്ചമർത്തലും ലൈംഗീകദാരിദ്ര്യവും ചേർന്നു സൃഷ്ടിച്ച ഭീകരമായ ഒരുതരം വയലൻസ് ആണ് ഇന്ത്യയിൽആഘോഷിക്കപ്പെടുന്നത് എന്നു പറയുന്നതാവും കൂടുതൽ ശരിയെന്നു തോന്നുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ലൈഗീകചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാവുന്നുണ്ട്. ആൺകുട്ടികൾക്കെതിരായ അക്രമങ്ങൾ പലതും റിപ്പോർട്ട് ചെയ്യപ്പെടാറില്ലയെന്നുള്ളതാണ് വാസ്തവം. ബലാൽസംഗം ഒരധികാരപ്രയോഗമാണ്. അതിന് ആൺ/പെൺ വ്യത്യാസമില്ല. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള മീഡിയ റിപ്പോർട്ടുകൾ തന്നെ പലപ്പോഴും ഒരു ലൈംഗീക വിഭവമാണ്, അത് മധ്യവർഗ്ഗ ഹെട്രോ സെക്ഷ്വൽ ആസക്തികളെ തൃപ്തിപ്പെടുത്തന്ന വിധത്തിൽ വിശാദാംശങ്ങൾ പൊലിപ്പിച്ചു പാചകം ചെയ്യപ്പെട്ടവയായിരിക്കും. വാർത്താവിപണിയിൽ ഹെറ്റ്രൊസെക്ഷ്വൽ ലൈംഗീകാതിക്രമ വാർത്തകൾക്ക് കൂടുതൽ കാണികളും ആസ്വാദകരുമുള്ളതിനാലാകണം മീഡിയ കൂടുതലായി അവ റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ സെയിം സെക്സ് റെയ്പ്പുകൾ റിപ്പോർട്ടു ചെയ്യപ്പെടാൻ മാത്രം ജൂസിയല്ലയെന്നോ സെല്ലബൾ അല്ലെന്നോ മീഡിയകൾ നിയന്ത്രിക്കുന്ന പുരുഷകേസരികൾക്ക് തോന്നുന്നുണ്ടാവണം. 

ഇന്നും ഇന്ത്യൻ ഗ്രാമങ്ങളിലെ ജാതി പഞ്ചായത്തുകൾ ഒരു പ്യുണിറ്റിവ് മെഷർ എന്ന നിലയിൽ റെയ്പ്പിനെ കാണുന്നുവെന്ന് പറഞ്ഞാൽ അത്ഭുതപ്പെടെണ്ടതില്ല. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട യുവാവിനെ ജാതി പഞ്ചായത്ത് ശിക്ഷിച്ചത് അവന്റെ സഹോദരിയെ കൂട്ടബലാൽസംഗം ചെയ്തുകൊണ്ടായിരുന്നുവെന്ന വാർത്ത നാം വായിച്ചത് ഈയടുത്തകാലത്താണല്ലോ. ഇന്ത്യയിൽ ബലാൽസംഗം ഒരു ലെജിറ്റിമേറ്റ് മോഡ് ഓഫ് സൊഷ്യൽ കണ്ട്രോൾ ആയി മാറിയിരിക്കുകയാണ്. അമേരിക്കയെ ഫാസ്റ്റ് ഫുഡ് നേഷൻ എന്നു വിളിക്കുന്നതു പോലെ ഇന്ത്യയെ റെയ്പ്പ് നേഷൻ എന്നു വിളിക്കേണ്ടി വന്നിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

സുരക്ഷിതത്വമെന്നത് ഇന്ന് ഏറെക്കുറെ പ്രഹസനമല്ലെ? നിയമത്തിനു പോലും മനുഷവകാശങ്ങൾക്ക് പരിരക്ഷനൽക്കാൻ കഴിയുന്നില്ല. ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ സ്ത്രീയായാലും പുരുഷനായാലും ബലാത്സംഗത്തിനു  വിധേയരാവപ്പെടാം, കുട്ടികൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത സാമൂഹികവ്യവസ്ഥയാണ് നിർമ്മിതപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം ലിംഗത്തിലുള്ളവരുടെ കൂടെ പുറത്തിറങ്ങിയാൽ -ഒരു സുഹൃത്തായാൽ പോലും- നിയമലംഘനത്തിനും, എതിർലിംഗത്തിലുള്ളവരുടെ ഒപ്പമായാൽ  മാര്യേജ് സർട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കിൽ നിയമലംഘനത്തിനും അകത്താവാം.  ഡെമോക്രാറ്റിക്കായ നമ്മുടെ രാജ്യത്ത് മനുഷ്യരെ നിയമത്തിന്റെ മൂക്കുകയറിട്ട് വലിക്കുന്ന ഈ ഏർപ്പാടിന് എന്നെങ്കിലും ഒരു അറുതിയുണ്ടാവുമോ?
തീർച്ചയായും അത് പ്രഹസനം തന്നെയാണ്.സ്ത്രീസുരക്ഷ എന്ന ഓമനപ്പേരിൽ ഒരു സ്വതന്ത്രവ്യക്തിയെന്ന നിലയിൽ സ്ത്രീയുടെ സോഷ്യൽ ഫംഗ്ഷനിങിനെ നിയന്ത്രിക്കുന്നതാണ് നാമിന്നു കാണുന്നത്. രാപകലന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതിൽരണ്ടിലും പെടാത്തവർക്കും സ്വതന്ത്രമായി സഞ്ചരിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതിനുപകരം നമ്മുടെ സർക്കാരുകൾ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ സ്ത്രീകൾ പുറത്തിറങ്ങരുത് ആക്രമിക്കപ്പെടുമെന്നൊക്കെ പറഞ്ഞ് ജനസംഖ്യയിൽ പകുതിലധികം വരുന്ന സ്ത്രീ സമൂഹത്തെ വിരട്ടി വീട്ടിലിരുത്തുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്.
നോക്കൂ, നമ്മുടെ കേരളം സ്ത്രീ ശാക്തികരണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണെന്നാണല്ലോ പറയുന്നത്. എന്തുകൊണ്ടാണ് നമ്മുടെ നിരത്തുകൾ സൂര്യനസ്തമിച്ചാൽ പുരുഷനിരത്തുകളായി മാറുന്നത്? സന്ധ്യകഴിഞ്ഞാൽ വീട്ടിലിരിക്കുകയെന്നത് കുല സ്ത്രീയുടെ ഒരനിവാര്യഗുണമായാണ് കേരളീയ പൊതു ബോധം മനസ്സിലാക്കുന്നത്. അഥവാ ഏതെങ്കിലും ഒരു സ്ത്രീ അതിന് വിപരീതമായി പ്രവർത്തിക്കുകയാണെങ്കിൽ നമ്മളവളെ രാത്രിസഞ്ചാരികളായ പുരുഷന്മാർക്ക് കൈ വെക്കാവുന്ന ചരക്കാക്കി മാറ്റും. ഭർത്താവോ അച്ഛനോ സഹോദരനോ മകനോ അല്ലാത്ത ഒരു പുരുഷനൊപ്പം യാത്ര ചെയ്യുന്ന സ്ത്രീയെ വഴിയിൽത്തടഞ്ഞ് ഇവൻ നിന്റെയാരെടീ യെന്നു ഗർജ്ജിക്കാൻ തനിക്കധികാരമുണ്ടെന്ന് വിശ്വസിക്കുന്ന മോറൽ വിജിലാന്റികളുടെയും പോലീസുകാരുടെയും നാടാണ് നമ്മുടെ ദുഷ്ട കേരളം. ഇന്നു നമ്മൾ എന്തെങ്കിലും തരത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിൽ അത് നിരന്തര മനുഷ്യവകാശ പോരാട്ടങ്ങളിലൂടെ നാം നേടിയതാണ്, ജാഗ്രത പുലർത്തിയില്ലെങ്കിൽ അതും നമുക്ക് നഷ്ടപ്പെടും. വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ പുതിയ പുതിയ മൂക്കുകയറുകൾ വന്നുകൊണ്ടേയിരിക്കും. നമ്മളതിനെ പൊട്ടിച്ചെറിഞ്ഞുകൊണ്ടേയിരിക്കണം അല്ലാതെ മറ്റുമാർഗ്ഗങ്ങളില്ല. അനുദിനം അതോറിട്ടേറിയനായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെ ഒരു തുറന്ന ജനാധിപത്യ സമൂഹമായി നിലനിർത്തുന്നതിനു  നിതാന്ത ജാഗ്രത പുലർത്തുന്ന ഒരു സിവിൽ സമൂഹവും അത് നടത്തുന്ന മനുഷ്യവകാശ പോരാട്ടങ്ങളും അനിവാര്യമാണ്.ജനാധിപത്യമെന്നത് ദീർഘയാത്രക്ക് ശേഷം എത്തിച്ചേർന്ന് വിശ്രമിക്കാവുന്ന സത്രമല്ല, മറിച്ച് അത് യാത്രയുടെ നൈരന്തര്യമാണ്.

Comments

comments