നിങ്ങൾക്ക് കാണാവുന്നതു പോലെ, ഒരു പക്ഷേ ഇസ്രായേലിനെപ്പോലെ, കൊളോണിയൽ സംവിധാനത്തിന്റെ ഏറ്റവും ഒടുക്കത്തെ കോട്ടകൊത്തളമായിരിക്കണം ഫിഫ. കൊളോണിയൽ ഭരണത്തിന്റെ വിപത്ത് അനുഭവിച്ച ഒരൊറ്റ രാജ്യം പോലും അതിനു ശേഷം പുരോഗതിയിലേക്ക് പോയിട്ടില്ലായെന്നാണു ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്. എത്ര ആഴത്തിൽ ആ ഭരണം പോകുന്നുവോ, അത്ര ആഴത്തിൽ കഷ്ടപ്പാടുകളും വേരോടും. ഒരിക്കലും തങ്ങക്കിത് വന്നു ചേരരുതേ എന്ന് ഒരു രാജ്യം മുഴുക്കെ ആഗ്രഹിച്ചിരിക്കുമ്പോൾ ബ്ലാറ്ററും കൂട്ടാളികളും കളിയിൽ നിന്നുള്ള ലാഭത്തിന്റെ അവസാന ഔൺസും ഊറ്റിയെടുത്തിരിക്കും. ഒരുപക്ഷേ ഇത്തവണ 1950ൽ എസ്റ്റാഡിയോ ദൊ മാറക്കാനയിൽ രണ്ട് ലക്ഷത്തോളം ബ്രസീലുകാരെ ഞെട്ടിച്ചുകൊണ്ട് ഉറുഗ്വ സമ്മാനിച്ച പ്രാണവേദനയുടെ പുളച്ചിലിന്റെ പ്രേതങ്ങളെ ഇത്തവണ ബ്രസീലിനു കഴിഞ്ഞേക്കും.നെയ്മറും സംഘവും സമ്മർദ്ദത്താൽ ഇടറിപ്പോകുമെന്നാണു ആദ്യ സൂചനകൾ എങ്കിൽക്കൂടി. സത്യത്തിൽ അവരത് നേടിക്കൊടുക്കേണ്ടതാണു. ആതിഥേയരാജ്യത്തിനു, എത്രയോ നാളുകളായി ദുരിതവും കവർച്ചയും നേരിടുന്ന ആ മണ്ണിനു വേണ്ടി. ആർക്കറിയാം. അവരത് നേടാനും മതി.
പിന്നെയുള്ളത് ഖത്തറാണു. സകലവിധ കൈക്കൂലിയും ദുഷ്ടതകളും തിന്മയും നിറഞ്ഞ ഒരു കേസ് സ്റ്റഡി. ഫിഫ അധികാരികളെ ചാക്ക് കണക്കിനു പണം കൈക്കൂലി കൊടുത്ത് വശത്താക്കാൻ തുടങ്ങിയ ആദ്യ ദിനങ്ങൾ മുതൽ, അറബികളെക്കുറിച്ച് കേട്ടിട്ടുള്ള വഞ്ചനകളുടെയും ഏകാധിപത്യത്തിന്റെയും ഏറ്റവും മോശം കഥകൾ സത്യമെന്ന് തോന്നിപ്പിക്കുന്ന വിധം. ഒരിക്കലും എനിക്ക് പറയേണ്ടി വരില്ലെന്ന് കരുതിയതാണു – ആധുനിക കാലത്തെ അടിമവാഴ്ച്ച. കാർബൺ കാൽപ്പാടുകളുടെ ആധിക്യത്താൽ മരുഭൂമികളിൽ പടുത്തുയർക്കുന്ന സ്റ്റേഡിയങ്ങളും അതിലും ക്രൂരമാം വിധം കളിക്കാരെയും കാഴ്ച്ചക്കാരെയും ഏറ്റവും ഉഷ്ണമേറിയ മരുഭൂമികളിൽ വർഷത്തിൽ ഏറ്റവും ചൂട് കൂടിയ സമയത്ത് കളിക്കാനും കാണാനുമായി തള്ളി വിടുവാൻ നടത്തുന്ന ശ്രമങ്ങൾ. ദശാബ്ദങ്ങളുടെ അടിമത്തത്തിനു എല്ലാ വിധ വേദനകളും കഷ്ടപ്പാടുകളും ഇങ്ങനെ യൂറോപ്പിലെ പഴയ കൊളോണിയൽ യജമാനന്മാർക്ക് തിരികെക്കൊടുത്ത് ഒടുവിൽ ബദാവി തന്നെ ചിരിക്കുമായിരിക്കാം. കളിക്കാരുടെയും ആരാധകരുടെയും പ്രശ്നങ്ങൾക്കൊക്കെ അപ്പുറം, അതിക്രൂരന്മാരായ ഒരുപറ്റം തൊഴിൽദാദാക്കളുടെ കീഴിൽ ഇതിനായി ജോലി ചെയുന്ന ഇന്ത്യയുൾപ്പടെയുള്ള ഉപഭൂഖണ്ടത്തിൽ നിന്ന് വരുന്ന തൊഴിലാളികൾ. ദുരിതത്തിന്റെ, മനുഷ്യത്തരഹിതമായ ലേബർ ക്യാമ്പുകൾ, എക്സിറ്റ് വിസാ കുംഭകോണങ്ങൾ, കൂലി വെട്ടിച്ചുരുക്കൽ. ഇതെല്ലാം തന്നെ, മറ്റാരുടെയുമല്ല, ഫിഫയുടെ അതിസൂക്ഷ്മമായ നിരീക്ഷണ ദൃഷ്ടികൾക്കു കീഴിൽ.
താഴേപ്പട്ടികയിൽ നിന്ന് ഒരു രാജ്യത്തെ തെരഞ്ഞെടുക്കുന്നതിനു ബ്ലാറ്ററും സംഘവും കാണിച്ച ശുഷ്കാന്തി ഒരൊറ്റ നോട്ടത്തിൽ തന്നെ കാണാൻ കഴിയുന്ന ഈ പാവങ്ങളുടെ നേരെ എന്തുകൊണ്ട് ഇവർ കാണിക്കുന്നില്ലാ എന്നതാണു അങ്ങേയറ്റം അസ്വസ്ഥത ജനിപ്പിക്കുന്നത്. എന്റെ കണ്ണിൽ, വേൾഡ് കപ്പ് നടത്തേണ്ടിയിരുന്നത് നേരാം വണ്ണം തൊഴിലാളി യൂണിയനുകളൊക്കെയുള്ള ഒരു രാജ്യത്താണു, ആ രാജ്യത്തിനും ഇതിനെ പിന്താങ്ങുന്ന ഫിഫയ്ക്കും അല്പം കൂടി ഉയർന്ന ചെലവ് വഹിക്കേണ്ടി വരുന്ന രീതിയിൽ. ഉചിതമായ തൊഴിൽ വേതനവും നിയമം അനുശാസിക്കുന്ന വിധത്തിലുള്ള മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമൊക്കെയായി. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് മീതെ. തിരിച്ച്, തീർച്ചയായും അത്രയധികമൊന്നും ഇല്ലാത്ത ലാഭം. പകരം ഇതെല്ലാം അത്തരത്തിലുള്ള അടിസ്ഥാന അവകാശങ്ങളൊന്നും നിലവില്ലാത്ത ഒരു സ്വേച്ഛാധികാരരാജ്യത്തിനു കൈമാറിയാൽ നിങ്ങൾക്ക് കുറേ ചാക്കും കൂടി പണം വാരിയെടുക്കാം. ഇതിനൊന്നും എന്റെ പക്കൽ കണക്കുകളില്ല, എങ്കിലും എന്റെീ വഴിക്കുള്ള ചിന്തകൾ, അനുമാനം, നേരായ ദിശയിൽ തന്നെയാണു പോകുന്നതെന്ന് ഉറപ്പാണു.
അവസാനം ഫുട്ബോളിനെക്കുറിച്ച് അല്പമെങ്കിലും പറഞ്ഞില്ലെങ്കിൽ അത് മോശമാകും. മൈതാനത്ത് ലേശം കോമാളിത്തരമൊക്കെ പരിശീലിക്കാനുള്ള മൽസരങ്ങളായ, നോർത്ത് അമേരിക്ക – സെൻട്രൽ അമേരിക്ക യോഗ്യതാ മൽസരമായ കോൺകാകാഫ് ഒക്കെ ജയിച്ച് തങ്ങളുടെ കാക്കത്തൊള്ളായിരാമത് ലോകകപ്പിനു പോകുന്നുണ്ട് യു എസ് ടീം. അത് സത്യത്തിൽ കുമ്പനാട് കപ്പലണ്ടി ടീം കർണ്ണാടകാ ക്രിക്കറ്റ് ടീമിനെതിരെ കളിക്കുന്നത് പോലാണു. അത്യാവശ്യം വേണ്ട അനക്കങ്ങളും ചാട്ടം മറിച്ചിലുമൊക്കെ കാണിക്കും. അവസാനം ചുമ്മാതങ്ങ് തോൽക്കും. ഞങ്ങൾക്കിത്തവണ ഒരു ജർമ്മൻ കോച്ചാണു. ക്ലിൻസ്മാൻ…അദ്ദേഹത്തിനു പക്ഷേ പൊങ്ങച്ചക്കാരന്മാർ താരങ്ങളെ ഇഷ്ടമല്ല. ലാൻഡൻ ഡൊണോവൻ, ക്ലിന്റ് “തല്ലിപ്പൊളി ടെക്സാസുകാരൻ” ഡെംപ്സി മുതലായവരെല്ലാം അച്ചടക്കത്തിനു കീഴിൽ വന്ന് കഴിഞ്ഞു. എനിക്കത് രസിക്കുന്നുമുണ്ട്.
ജൂലൈയിൽ ആരു ജയിക്കും ? ഞാൻ നിസ്സാരക്കാരായ ഒരു കൂട്ടത്തോടൊപ്പമാണു ! ഐവറി കോസ്റ്റ്. പിന്നെ വേണ്ടേ ! സത്യം പറഞ്ഞാൽ ഒരു ആഫ്രിക്കൻ രാജ്യം കപ്പുയർത്താനുള്ള സമയമൊക്കെ ആയി. പിന്നെത്തീർച്ചയായും നമ്മൾ ആണ്ടോടാണ്ട് ആവർത്തിക്കുന്ന അതേ ചോദ്യം. നൂറ്റിരണ്ട് കോടി ജനത്തിന്റെ രാജ്യം എന്നാവും ലോകകപ്പിനായി ഭേദപ്പെട്ട ഒരു ടീമിനെ ഇറക്കുക? ഒരുപക്ഷേ മോദി ഹനുമാന്റെ അവതാരമെടുക്കുമ്പോളാകാം !!
( ജേയ്ക്ക് ജോസഫ് – അമേരിക്കാസ് എഡിറ്റർ, കോളറാഡോയിൽ നിന്നും. )
Be the first to write a comment.