ങ്ങനെ ഒരിക്കൽ കൂടി നാം അവിടെ നിൽക്കുന്നു, നാലു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ തൊട്ടുമുന്നിൽ. ബ്രസീലിന്റെ എല്ലാ മായികതകളും, അവയെ എന്നും ചൂഴ്ന്ന് നിൽക്കുന്ന സാംബാ താളത്തിനുമൊപ്പം, പക്ഷേ നാം ഒന്നിനു കൂടി സാക്ഷികളാകുകയാണു;  ആഗോള ഫുട്ബോളിന്റെ അധികാരികളുടെ, ഫിഫയുടെ ആടയാഭരണങ്ങൾ പതിയെ അഴിഞ്ഞ് വീഴുന്നതിനു. ഒരിക്കലും ഇത്രകണ്ട് ആരോപണങ്ങളും നാലുപാടും നിന്ന് ഉയരുന്ന പരിശോധനകൾക്ക് വേണ്ടിയുള്ള മുറവിളികളും അവർ അനുഭവിച്ചിട്ടില്ല. പുകമറയും കണ്ണാടിയും വഞ്ചനയുടെ മുച്ചീട്ടുകളിയും. വെയ് രാജാ വെയ് ! ഏതാണു നിങ്ങളുടെ ചീട്ട്? ഇത് ? ഇത് ? അതോ ഇതോ?

അവിടെ ആദ്യം തന്നെ നിൽപ്പുണ്ട് സെപ് ബ്ലാറ്റർ – പേരു പോലും ഏതോ മാരകരോഗത്തിന്റെ ദൗർഭാഗ്യങ്ങളെ ഓർമ്മിപ്പിക്കുന്ന, ഫിഫയുടെ പ്രസിഡന്റ്. ഫിഫയെ ബാധിച്ച എല്ലാ വിവാദങ്ങളുടെയും , എല്ലാ സ്ത്രീവിരുദ്ധ പ്രസ്താവനകളുടെയും, സ്വജനപക്ഷപാതത്തിന്റെ പേരിൽ ഉയർന്ന എല്ലാ ആരോപണങ്ങളുടേയും ഒത്ത നടുക്ക് ഈ മനുഷ്യനുണ്ടായിരുന്നു. എന്നിട്ടും ന്യായം പറഞ്ഞ് കടിച്ച് തൂങ്ങി നിൽക്കുകയാണു, ബാറ്ററിയിട്ട് ഓടുന്ന ഒരു കളിപ്പാട്ടം പോലെ, തനിക്കും തന്റെ കൂട്ടാളികൾക്കും എതിരെ ഉയരുന്ന വിമർശനങ്ങളുടെ കൂരമ്പുകൾ സ്പർശിക്കുന്നേയില്ല എന്ന ഭാവത്തിൽ. ശരിക്കും ഒന്നും ഏശാത്ത ഒരു മാഫിയാ ഡോണിനെപ്പോലെ, ഓസ്റ്റിൻ പവേഴ്സ് സിനിമയിൽ നിന്ന് ഇറങ്ങി വന്ന ഡോക്ടർ ഈവിളിനെ പോലെ, ചുണ്ടത്ത് വിരലും വെച്ച്.

പിന്നെ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റീ മെമ്പർമാരുടെ ഒരു നിരയാണു. നാലു വർഷത്തിലൊരിക്കൽ സമീപ ഭാവിയിലെ ഒരു മാമാങ്കോൽസവത്തിനു ആതിഥേയത്വം വഹിക്കാം എന്ന പ്രതീക്ഷയുമായി മുത്തും പവിഴവും പണ്ടങ്ങളും, ദൈവത്തിനു മാത്രം അറിയാവുന്നത്രയും വാഗ്ദാനങ്ങളുമായി ലോകം മുഴുവൻ വന്ന് കാത്തു നിൽക്കുന്ന തങ്ങളുടെ മോഹിപ്പിക്കുന്ന അധികാരസ്ഥാനങ്ങളെ സംരക്ഷിച്ച് പിടിച്ചുകൊണ്ട്. മാലിന്യക്കൂമ്പാരത്തിലും വെള്ളിനാണയങ്ങൾ തിരയുന്ന, ബ്രസീലുകാർ ഫിച്ചാ സുജാ, അഥവാ കള്ളശീട്ടുകൾ എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ.

പിന്നെ അത്യാഗ്രഹത്തോടെ ലോകകപ്പിനായി ലേലം വിളിക്കുന്ന രാജ്യങ്ങളും അവയുടെ കോർപ്പറേറ്റ് പിണിയാളുകളും. മാഡിസൺ അവന്യൂവിനെ നാണിപ്പിച്ചു കളയുന്ന രീതിയിൽ ഒടുങ്ങാത്ത പരസ്യങ്ങളും പ്രചരണവും വഴി പൊതുഖജനാവിന്റെ നല്ലയൊരു പങ്കും ഊറ്റിയെടുക്കാനായി അവരവരുടെ ഗവണ്മെന്റുകളെ ഉന്തി വിടുന്ന ഒരു കൂട്ടർ. മൂക്കളയെക്കാളും വഴുവഴുപ്പുള്ള ഒരു കൂട്ടർ.

ആദ്യം തന്നെ ബ്രസീൽ. ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ ലിസ്റ്റ് ഒന്നോടിച്ച് നോക്കിയാൽ,  ഒരു സ്റ്റേഡിയത്തിനായി ആദ്യം ലേലം കൊണ്ട 300 മില്യൺ ഡോളറിനു പകരം പൊതുഖജനാവിൽ നിന്ന്  900 മില്യൺ ! മൂന്നിരട്ടി ! അടുത്ത ഏതോ മാമാങ്കത്തിനു പൊങ്ങി വരാനുള്ള അഴിമതിക്കഥകൾക്കായി ആരോ  കാര്യമായി സംഭാവന ചെയ്തുകൊണ്ടിരിക്കുകയാണെന്ന് തോന്നും. പിന്നെ 2008 ൽ രാഷ്ട്രീയ കക്ഷികൾക്കായി 78,000 ഡോളർ മാത്രം സംഭാവന ചെയ്ത ഒരു കൺസ്ട്രക്ഷൻ രംഗത്തെ ഭീമൻ മൽസരസ്ഥലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ അത്ഭുതകരമായി 37 മില്യൺ എന്ന തുകയിലേക്ക് സംഭാവന ഉയർത്തിയ മറ്റൊരു ദുരൂഹമായ മാജിക്. അസ്സോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് വേൾഡ് കപ്പ് തുടങ്ങിയിട്ടു തന്നെയില്ല എങ്കിലും വേൾഡ് കപ്പിനായി ചെലവിട്ട തുകകളുടെ പേരിൽ കുറഞ്ഞത് ഒരു ഡസൺ ഫെഡറൽ അന്വേഷണങ്ങളെങ്കിലും നടക്കുന്നുണ്ട്. അഴിമതിക്കെതിരെ നില കൊള്ളുന്ന ഫോക്കസ് ഓൺ കോൺഗ്രസ്സ് പറയുന്നതനുസരിച്ച് ബ്രസീലിയൻ കോൺഗ്രസ്സിലെ 40 ശതമാനത്തോളം പേർ ക്രിമിനൽ കുറ്റങ്ങളിൽ നടപടികൾ നേരിടുന്നവരാണു. അടുത്ത ഒരു ശതമാനക്കണക്ക് ലഭിക്കുന്നത് വരെയെങ്കിലും ഇത് ഇത്തിരി കൂടിയ കണക്ക് തന്നെയാണു. ഫുട്ബോളിനെ ഏറ്റവും തീവ്രമായി സ്നേഹിക്കുന്ന ഒരു ജനതയുടെ തലയാണു ഈ അഴിമതികളിലൂടെ താഴ്ന്ന് പോയിരിക്കുന്നത്. ഇത്ര വൈകിയ വേളയിൽ, പേരുദോഷം കേൾപ്പിക്കുമെങ്കിലും ജനം നിരവധിയായി തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയാണു.

 

Comments

comments