പ്പല്‍കാറും കോളുമുള്ള പുറംകടലില്‍ തിരമാലകള്‍ക്കു മുകളിലൂടെ വല്ലാത്തൊരു വിധിനിയോഗം പോലെ പോയിക്കൊണ്ടിരിക്കുകയാണെന്നു കപ്പിത്താന്‍ റോഡ്രിഗസിനു തോന്നി. ഏതാണ്ടൊരു പഴക്കമൊക്കെയുള്ളതാണു കപ്പല്‍. ഓര്‍മവച്ച  നാള്‍  മുതല്‍ കടലിന്റെ ചൊരുക്കു മണക്കുന്നു. കപ്പല്‍  ഇപ്പോള്‍ വലിയൊരു ശബ്‌ദത്തോടെ കടലിന്റെ അടിത്തട്ടിലേക്കു വലിയൊരു നീലത്തിമിംഗലത്തെപ്പോലെ ഊളിയിട്ടു പോയേക്കും എന്നു തോന്നിയ നിമിഷത്തില്‍ കപ്പിത്താനു മരിയാനയുടെ ഇളംമഞ്ഞ നിറമുള്ള വയറിന്മേല്‍ ഉമ്മ വയ്‌ക്കാതോന്നി. പുറംകടലിന്റെ അതേ വിക്ഷുബ്‌ധതയാണു മരിയാനയുടെ ഉടലില്‍. അതിന്റെ മിനുസമായ കപ്പല്‍ച്ചാലുകളിലേക്കു പ്രവേശിക്കുമ്പോള്‍ താനിപ്പോഴും പുറംകടലില്‍ തന്നെയാണെന്നു റോഡ്രിഗസ്‌ ഓര്‍ത്തുപോവുന്നു. എന്നാല്‍ മരിയാനയുടെ പൊക്കിള്‍ച്ചുഴിയെ വലംവച്ചു നില്‍ക്കുന്ന പച്ചകുത്തിലെ വ്യാളി അയാളെ തുറിച്ചുനോക്കി. അപ്പോള്‍ മാത്രമാണു മരിയാനയുടെ ഉടലിന്മേലാണു  താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌ എന്നു വല്ലപ്പോഴും  അയാള്‍ ഓര്‍ത്തുപോവുന്നത്‌. മരിയാനയുടെ ഉടല്‍വീട്ടിലാണു താനിപ്പോഴുമുള്ളതെന്ന്‌ അയാള്‍ തിരിച്ചറിയുന്നത്‌.

റോഡ്രിഗസ്‌ സ്വയം വിശേഷിപ്പിക്കുന്നത്‌ നങ്കൂരങ്ങ ഓരോന്നായി പലപ്പോഴായി നഷ്‌ടപ്പെട്ട കപ്പിത്താനെന്നായിരിക്കും. അയാള്‍ ഇക്കാലമത്രയും, ഒരു കരയിലും അടുക്കാന്‍ കഴിയാതെ പുറംകടലുകളിലൂടെ കപ്പലോടിച്ചു കഴിയുകയായിരുന്നു. ഒരു കപ്പലാവുമ്പോള്‍ കുറെ നങ്കൂരങ്ങളുണ്ടായിരിക്കും. റോഡ്രിഗസിനുമുണ്ടായിരുന്നു. മഡഗാസ്‌ക്ക കടലിടുക്കില്‍ വച്ച്‌ ഒരു നങ്കൂരം നഷ്‌ടമായപ്പോ അയാള്‍ക്ക് നേരിയ വേദനയുണ്ടായിരുന്നു. ഇരുണ്ട തേനിന്റെ നിറമുള്ള ആഗ്നസിനു വേണ്ടി പുറംകടലുകള്‍ തന്നെ  ഉപേക്ഷിക്കാന്‍ തയാറായിരുന്നു. ഒരു കപ്പിത്താന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്‌. ജീവനുപേക്ഷിച്ചാലും കടലും കപ്പലും ഉപേക്ഷിക്കരുത്‌.കാട്ടുപൂക്കളുടെ ഇതളുകളിട്ടു വാറ്റിയ വീഞ്ഞിന്റെ മണമുള്ള പല കടലിലും അവള്‍ക്കു കൂട്ടുവന്നു.കടുംനിലാവുള്ള രാത്രികളില്‍ കപ്പലിന്റെ മുകള്‍ത്തട്ടിനെ ഉന്മത്തമാക്കിയിരുന്നു അവള്‍. തിമിംഗലങ്ങളും സ്രാവുകളും അവരുടെ കപ്പലിനു കൂട്ടുവന്നു. ആമസോണിലെ കാട്ടുവള്ളികള്‍ കെട്ടിയുണ്ടാക്കിയ നാടന്‍ ഗിറ്റാറെന്ന പോലെ ആഗ്നസ്‌ റോഡ്രിഗസിനായി സംഗീതമായി. അതിന്റെ ലഹരിയില്‍, വീഞ്ഞിന്റേയും ക്യൂബന്‍ ചുരുട്ടിന്റെയും  പരുക്കന്‍  മണത്തില്‍ റോഡ്രിഗസ്‌ കടലുകള്‍ താണ്ടി. മരിയാനയുടെ പുറംകടലില്‍ വച്ച്‌ എന്തുകൊണ്ടോ  അയാള്‍ ആഗ്നസിനെ ഓര്‍ത്തു.

മരിയാനാ, നിന്റെ പച്ചകുത്ത്‌ വ്യാളി എന്നെ തുറിച്ചുനോക്കുന്നു. എനിക്കൊട്ടും പേടിയില്ല. നീയെന്തിനാണ്‌ ഇവിടെ എന്നാണ്‌ അതു  ചോദിക്കാന്‍ ശ്രമിക്കുന്നത്‌. ഇതെന്റെയും വീടാണ്‌. അയാള്‍ മരിയാനയുടെ  വയറിന്മേല്‍ ഒന്നു കൂടി ഉമ്മ വച്ചു. വീടെന്നു  പറയാന്‍ എനിക്കുള്ളത്‌ ഈ ഉടല്‍വീടുകളേയുള്ളൂ. നിന്റേത്‌ എന്റേത്‌ തുടങ്ങിയ വേര്‍തിരിവുകളൊക്കെ വെറും അലങ്കാരങ്ങള്‍ മാത്രം.ഇല്ലേ, മരിയാനാ.

മരിയാന ഒന്നും മിണ്ടിയില്ല. അവള്‍ നേരത്തേ പുറംകടലിലെത്തിക്കഴിഞ്ഞിരുന്നു. ഉടലിലൂടെ ഭാരിച്ച ഒരു കാറ്റില്‍ കുതിക്കുന്നതിന്റെ ഉള്‍ഞടുക്കങ്ങ അറിഞ്ഞുകഴിഞ്ഞ ഒരു പുറംകടലായി മാറിക്കഴിഞ്ഞിരുന്നു. കപ്പലിന്റെ വേഗം അവളുടെ കടലിനെ കപ്പലിനൊപ്പം തുഴയാന്‍ കൂടെച്ചേര്‍ത്തുകൊണ്ടിരുന്നു. അവളുടെ ചുഴികളില്‍  കപ്പിത്താന്‍ ഒരു കൊടുങ്കാറ്റിന്റെ കെട്ടഴിച്ചുവിട്ടതു പോലെ. ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു മരിയാന. കരീബിയന്‍  നാടന്‍വീഞ്ഞിന്റെ ശ്വാസഗന്ധമുള്ളവള്‍. കപ്പിത്താന്‍ കൊടുങ്കാറ്റിന്റെ കെട്ടഴിച്ചു വിടുന്നത്‌  അവള്‍ ഓരോ നിമിഷവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, എങ്കില്‍ത്തന്നെയും. കപ്പിത്താന്റെ സംഭാഷണങ്ങളൊന്നും അവള്‍ കേട്ടിരുന്നില്ല. പകരം കാറ്റിന്റെ അഹങ്കാരങ്ങളെ തൊട്ടറിയുകയായിരുന്നു. കാറ്റിന്റെ പരുക്കന്‍ വിരലുകള്‍ കടലിന്റെ ഓരോ ജലത്തുള്ളിയേയും എടുത്ത്‌ അമ്മാനമാടി. കപ്പലിന്റെ കാരിരുമ്പ്‌  ഉടല്‍  കടലില്‍ ഉരഞ്ഞമരുന്നതിന്റെ സീല്‍ക്കാരംമാത്രം കേട്ടു.

നിന്റെ മലകളുടെ അടിവാരത്തു ഞാനെന്റെ വീടു പണിയും. ഈ ഭൂമിയുമായി ഒരു നങ്കൂരത്തിന്റെയും ബന്ധമില്ലാത്തവനാണു ഞാന്‍, മരിയാനാ. നിന്റെ വാരിയെല്ലുകള്‍ക്കും താഴെ ആ പുല്‍മേട്ടില്‍.. വീട്ടില്‍ നിന്നു ദൂരെ, നിന്റെ വ്യാളിക്കും അകലെ ചോലക്കാടുകള്‍ പിഴിഞ്ഞു വരുന്നൊരു നീര്‍ച്ചാഇവിടെ വീട്ടിലിരുന്നു കാണാം. പുല്‍മേടുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും അപ്പുറം നിത്യകന്യാവനങ്ങള്‍ കാണാം മരിയാനാ. അവിടെ നമ്മള്‍  കൈയില്‍ കൈകോര്‍ത്തു നടക്കും. നീര്‍ച്ചോല നീന്തി കാടുകള്‍  കടന്നു ചെല്ലുമ്പോള്‍ നമ്മകടലിരമ്പത്തിനു കാതോര്‍ക്കും. പോകപ്പോകെ നമ്മള്‍ കടലിലെത്തിക്കഴിയും. അതില്‍ നമ്മെ കാത്തു ചുഴികളും അടിയൊഴുക്കുകളും ആഴങ്ങളും. നമ്മള്‍ മനസില്‍ നിന്നു പായല്‍ക്കറ അഴിച്ചുകളയും. കടലുപ്പിന്റെ പരുക്കന്‍ കുപ്പായമണിയും.നമ്മള്‍ കെട്ടിയുണ്ടാക്കുന്ന കപ്പലില്‍ പുറംകടലിലേക്കെത്തും. പിന്നെ കപ്പലുകള്‍ വലിച്ചെറിയും. പുറംകടലില്‍ മുങ്ങി മരിക്കാനിറങ്ങും. പക്ഷെ, നമ്മള്‍ മരിക്കില്ല മരിയാനാ.

ആഗ്‌നസ്‌  കൈവിട്ടുപോയതില്‍ റോഡ്രിഗസിനു നിരാശ തോന്നേണ്ടതായിരുന്നു. അത്രയും സുന്ദരിയായിരുന്നു എന്നതുകൊണ്ടായിരുന്നില്ല. മറിച്ച്‌, അവളുടെ നീലക്കണ്ണുകളില്‍ എന്നും അറിയാത്ത കടല്‍ച്ചക്രവാളങ്ങ അയാള്‍ കണ്ടുകൊണ്ടിരുന്നു. ഒരിക്കലും മടുക്കാത്ത കടലായിരുന്നു അവള്‍. ഓരോ ദിവസവും ഓരോ കടലായി ആഗ്നസ്‌ റോഡ്രിഗസിന്റെ കപ്പലോട്ടത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. അറിയാത്ത കടലില്‍  കപ്പലോടിക്കാന്‍ ഒട്ടുമിക്ക കപ്പിത്താന്മാരും താല്‍പ്പര്യം കാണിക്കാറില്ലെങ്കിലും റോഡ്രിഗസിന്‌ ആഗ്നസ്‌ കാമനകളുടെ കടലായിരുന്നു. അത്‌ എന്നും അയാളെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. പക്ഷെ അവള്‍ക്കു മീതെ റോഡ്രിഗസ്‌ വെള്ളത്തില്‍ മീനെന്ന പോലെ നീന്തി. അവള്‍ പൊടുന്നനെ ഉയര്‍ത്തിക്കൊണ്ടുവന്ന കരിമ്പാറക്കെട്ടുകളെ വിദഗ്‌ദ്ധമായി വെട്ടിച്ചുമാറി. വെള്ളമെല്ലാം അപ്രത്യക്ഷമാക്കി അവള്‍ ഉള്‍ക്കടലുകളിലേക്കു ഉള്‍വലിഞ്ഞുനോക്കി. റോഡ്രിഗസ്‌  അപ്പോള്‍ അതു നേരത്തേ കണക്കുകൂട്ടി ഉള്‍ക്കടലിന്റെ  പ്രലോഭനങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറി. ശക്‌തമായ  ചുഴികള്‍ ഇളക്കിവിട്ട്‌ ആഗ്നസ്‌ കടല്‍ അയാളുടെ കപ്പലിനെ വട്ടംകറക്കി. ചുഴികള്‍ക്കു ചുറ്റും കപ്പലോടിച്ചു റോഡ്രിഗസിന്റെ ചുണ്ടുക ചുഴികളെ അഴിച്ചുകളഞ്ഞു. ചുട്ടുപഴുത്ത അവളുടെ ഉടല്‍ ഇളക്കിക്കൊണ്ടുവന്ന കൊടുങ്കാറ്റിനെ റോഡ്രിഗസ്‌  കടല്‍ കൊണ്ടു പരുപരുത്ത വിരലുകള്‍ കൊണ്ടു ചുരുട്ടിയെടുത്തു. പിന്നീടതിനെ അടിക്കടലിലേക്ക്‌ തിരിച്ചുവിട്ടു. കടലില്‍ നിന്നു  കൂറ്റന്‍ തിരമാലകളിളക്കിവിട്ടേ ആഗ്നസിന്‌ അതിനെ പ്രതിരോധിക്കാനായുള്ളൂ. ഏറെ നേരത്തെ പ്രക്ഷുബ്‌ധതയ്‌ക്കു ശേഷം തളര്‍ന്നു ശാന്തയായി കിടക്കുമ്പോള്‍ ആഗ്നസ്‌ കടല്‍ അയാളുടെ ചെവിയില്‍ പതുക്കെ കടിച്ചു. അവളുടെ തടിച്ച ചുണ്ടുകള്‍ക്ക്‌ അന്നേരം ധാരാളം ഉപ്പിട്ടുണക്കിയ കൊമ്പന്‍സ്രാവിന്റെ ചൂരുണ്ടായിരുന്നു. കൊതിപ്പിക്കുന്ന രുചിയും. എന്റെ കപ്പിത്താനേ എന്ന അവളുടെ ശബ്‌ദം ചേര്‍ക്കാത്ത വിളിക്ക്‌ അധികം പുളിക്കാത്ത വീഞ്ഞിന്റെ വശ്യതയായിരുന്നു.

നിന്റെ തുറമുഖത്ത്‌ എനിക്കു കടലാസ്‌ കപ്പലുകളിറക്കണം, മരിയാനാ. ആകെ നനഞ്ഞു കുതിര്‍ന്നു, നിന്റെ ഉച്‌ഛ്വാസക്കൊടുങ്കാറ്റി തകര്‍ന്ന്‌ അവയൊരിക്കലും തുറമുഖം വിടില്ല. അവയുടെ നങ്കൂരങ്ങളെയും അപ്പോഴേക്കും അടിയൊഴുക്ക്‌ കടപുഴക്കിയിരിക്കും. പുറംകടലിലെ നങ്കൂരങ്ങളുടെ ശ്‌മശാനത്തിലേക്ക്‌ അവയെപ്പോഴേ എത്തിക്കഴിയും. നമ്മുടെ ഉടല്‍വീട്ടിലേക്ക്‌ ഏതു നേരവും വീശിയടിക്കുന്ന തെക്കന്‍ കാറ്റിനു നിന്റെ അടിക്കാടുകളുടെ ഗന്ധമായിരിക്കും. പേരറിയാത്ത ഏതൊക്കെയോ പൂമ്പൊടികളുടെ കാമനകള്‍  അതില്‍ പറ്റിയിരിക്കും. ഒരുപാടു പൂമ്പാറ്റകളുടെ തേന്‍സ്‌പര്‍ശിനികളുടെ  ജഡങ്ങള്‍ അതിലുണ്ടായിരിക്കും. ആ കാറ്റെടുത്തു വാറ്റി ഞാന്‍ പുതിയൊരു മദ്യം നിന്റെ ചഷകങ്ങളില്‍ നിറക്കും, മരിയാനാ. എനിക്ക്‌ എന്റെ നഷ്‌ടപ്പെട്ട നങ്കൂരങ്ങള്‍ തിരിച്ചുപിടിക്കേണ്ട. ഞാന്‍ നിന്റെ  പുറംകടലില്‍ എന്നെത്തന്നെ നങ്കൂരമായി ഇറക്കിയിരിക്കുന്നു. ഞാന്‍ നിന്റെ  ഉടലില്‍ ഒരു വീടു പണിയും. എനിക്ക്‌ ഈ ലോകത്തൊരിടത്തും വീടില്ല. ഞാന്‍  ഉടലില്‍ വീടു പണിയുന്ന കപ്പിത്താനാണു മരിയാനാ…

എന്നാണു നീ നിന്റെ സ്വന്തം വീട്ടിലേക്കു തിരിച്ചു പോകുന്നതെന്ന നിന്റെ പച്ചകുത്ത്‌ വ്യാളിയുടെ ചോദ്യം ഞാന്‍ കേട്ടെന്നു ഭാവിക്കുന്നേയില്ല. ഉത്തരം അര്‍ഹിക്കാത്ത ചോദ്യമാ അത്‌. അതിനെ ഉത്തരമില്ലാതെ ഞാന്‍ മടക്കുന്നു. ഞാന്‍ നിന്റെ  ഉടലില്‍ വീടു പണിയുന്നതിന്‌ വ്യാളി ഇത്രമാത്രം പ്രകോപിതനാകുന്നതിന്റെ കാരണം മനസിലാകുന്നില്ല. ഹവായിയന്‍ പല്ലിയെപ്പോലെ അതെന്തുകൊണ്ട്‌ അടങ്ങിക്കിടക്കുന്നില്ല. നിന്റെ പൊക്കിള്‍ച്ചുഴിയോരത്ത്‌ആര്‍ക്ക്‌ അടങ്ങിക്കിടക്കാന്‍ കഴിയും. അല്ലേ, മരിയാനാ. എനിക്കു പോകുവാനോ മടങ്ങിപ്പോകാനോ ഒരു വീടില്ല. അല്ലെങ്കില്‍ എല്ലാ വീടുകളും എനിക്കുള്ളവ തന്നെ. എനിക്കുള്ളത്‌ ഉടല്‍വീടുക മാത്രമെന്നു നീ കളി പറയും. ശരിയാണ്‌, നീനിന്റെ ഉടല്‍വീടിനെ എനിക്കു മാത്രമായി എങ്ങനെ തീറെഴുതിത്തരും? അതും എന്നെപ്പോലൊരു നാടോടിക്ക്‌. എന്നെപ്പോലൊരു കപ്പലോട്ടിക്ക്‌. ഞാന്‍ ഉപ്പുതിരയുടെ കണ്ണില്‍ക്കണ്ണി നോക്കിയിട്ടുണ്ട്‌. ചക്രവാളത്തിലേക്ക്‌  ഓടിക്കയറിയിട്ടുണ്ട്‌. വരണ്ട ഉപ്പുകാറ്റേറ്റ്‌ എന്റെ മനസ്‌ വരണ്ടു പൊട്ടിയിരിക്കുന്നു. തൊലിപ്പുറം പരുക്കനായിരിക്കുന്നു. കടുത്ത പേമാരി കുത്തിയൊലിച്ചെന്റെ ആലോചനകളില്‍ മട വീണിരിക്കുന്നു. കണ്ണുകളില്‍ തിമിരത്തിന്റെ കപ്പലോട്ടം കഴിഞ്ഞിരിക്കുന്നു. എന്നാലും ഇനിയും കപ്പലോടിക്കാന്‍ ഒരു ബാല്യം ബാക്കി. പുറംകടലുകള്‍ എന്റെ സിരകളെ വിയര്‍പ്പിക്കുന്നു. മരിയാനാ, നിന്റെ പുറംകടലില്‍ ഞാനെന്റെ കപ്പലിനെ ഇതാ അഴിച്ചുവിടുന്നു.

ബാള്‍ട്ടിക്ക്‌ തുറമുഖത്തെ നാവികരുടെ  മദ്യശാലയില്‍ വീഞ്ഞു വിളമ്പിയിരുന്ന ജൂലിന്‍ എന്നും ശാന്തമായ കടലായിരുന്നു. തെളിഞ്ഞ ദിവസത്തെ സ്വച്‌ഛമായ കടല്‍. അവളുടെ വിരലുകള്‍ കടല്‍നുര പോലെ ഉമ്മവയ്‌ക്കാതോന്നുന്നവയായിരുന്നു. ആദ്യദിവസം തന്നെ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍  അവള്‍ ഡക്കിലേക്കു കൂടെ വന്നു. കരീബിയന്‍ നാവികരെ അധികം പരിചയപ്പെടാനായില്ലെന്ന ഒഴികഴിവാണെന്നു തോന്നുന്നു അന്നവള്‍ പറഞ്ഞത്‌. ആഗ്നസ്‌ അപ്പോഴേക്കും എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടിരുന്നു. ഇസ്‌താംബൂളി സ്‌ഥിരമായി അവള്‍ക്കൊപ്പം താമസിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു  കപ്പിത്താന്‍ തീര്‍ത്തുപറഞ്ഞപ്പോ പിണങ്ങിയിരിക്കുമെന്നേ കരുതിയുള്ളൂ. എന്നാല്‍ അടുത്തതവണ ആ വഴി പോയപ്പോള്‍  അവള്‍ വലിയൊരു പണക്കാരന്റെ കൂടെയാണ്‌ ഇപ്പോഴെന്നറിഞ്ഞു. പോയതു പോട്ടെ എന്നൊക്കെ പറയാന്‍ ചങ്കൂറ്റമുണ്ടായിരുന്ന കാലമായിരുന്നല്ലോ. ചങ്കൂറ്റത്തിനിപ്പോഴുമില്ല ഒരു തേയ്‌മാനവും. ഉപ്പുകാറ്റു കൊണ്ടു തുരുമ്പിച്ചൊന്നുമില്ല. ജൂലിന്‍ ഒരു ഉള്‍ക്കട പോലെ ശാന്തമായിക്കിടന്നു. അടിയൊഴുക്ക്‌ ഏറെയൊന്നും ശക്‌തിയായി പിടിച്ചുവലിച്ചു കൊണ്ടുപോകില്ല. പക്ഷെ, ചെറിയൊരു കൊടുങ്കാറ്റുമതി പെട്ടെന്നു ഉണര്‍ന്നുവരാന്‍. തിരമാലക്കൈകള്‍ വന്നു മുറുക്കി കപ്പലിനെ അടിമുടിയുലച്ചു കളയും. സൂക്ഷിക്കണം. റോഡ്രിഗസിന്റെ കപ്പിത്താ ചങ്ങാതിയും അതു തന്നെയാണു പറഞ്ഞത്‌. ജൂലിന്‍ വിട്ടുപോയപ്പോള്‍ ചെറുതായൊന്നു വേദനിച്ചു. അത്രയും പാവം പെണ്ണായിരുന്നു അവള്‍. ബെക്കാര്‍ഡിയുടെ നേര്‍ത്ത ചുവയായിരുന്നു അവള്‍ക്ക്‌. ഇളംപഴുപ്പാര്‍ന്ന പച്ചമുന്തിരിയുടെ. 

ആരാണു നിനക്കു പച്ചകുത്തിയതെന്ന്‌ എനിക്ക്‌ അറിയേണ്ട, മരിയാനാ. ഞാനതു ചോദിക്കുമെന്നു വിചാരിച്ചുള്ള നിന്റെ അക്ഷമ എനിക്കു മനസിലാവും. നീയെങ്ങനെയാണ്‌ അവനു  മുന്നില്‍ വിവസ്‌ത്രയായതെന്നു  പറയാന്‍ നിനക്ക്‌ ആഗ്രഹമുണ്ടാവുമെന്നെനിക്കറിയാം. അതു വഴി എന്നില്‍ കാമത്തിന്റെ ചുരകുത്താമെന്നു നീ  മോഹിക്കും. അവന്റെ  വിരലുകള്‍ ഓരോ തവണ തൊടുമ്പോഴും നീ എവ്വിധം പുളകിതയായിരുന്നുവെന്നു നിനക്കു പറയണമെന്നുണ്ട്‌. പച്ചകുത്ത്‌ കത്തിനിന്റെ തൊലിയുടെ മിനുപ്പില്‍  ആഴുമ്പോള്‍ നീയുണര്‍ന്നു പോയ ആസക്‌തിയുടെ ഉയരങ്ങളെക്കുറിച്ചു നിനക്കു പറയണം. പൊക്കിള്‍ച്ചുഴിയി നിന്ന്‌ അടിവയറ്റിലേക്കു മുനകആഴണമെന്നു നീ മോഹിച്ചു കാണണം. അവന്റെ വിരലുകളില്‍ തീനാളങ്ങള്‍ ഉയിര്‍ക്കാ നീ കാത്തിരിക്കുകയായിരുന്നിരിക്കണം. എനിക്കറിയാം, മരിയാനാ. അതുകൊണ്ടു തന്നെ ഞാന്‍ ചോദിക്കില്ല.

റോഡ്രിഗസിന്റെ വിരലുകള്‍ പച്ചകുത്തുവ്യാളിയുടെ മീതെ തെന്നിനീങ്ങിയപ്പോള്‍ വ്യാളിയൊന്നു പ്രതിഷേധിച്ചു. മരിയാന ഓര്‍മകളുടെ ആഴങ്ങളിലേക്കു മീനിനെപ്പോലെ ഊളിയിട്ടിറങ്ങി. റോഡ്രിഗസ്‌ വ്യാളിയെ പതുക്കെഒന്നു കടിച്ചു. പച്ചകുത്തുകാരന്റെ നാവിനെയാണ്‌ നീയോര്‍ക്കുന്നതെന്ന്‌എനിക്കറിയാം, മരിയാനാ. അയാള്‍ പച്ചകുത്തല്‍ക്കത്തിയുണ്ടാക്കിയ കൊച്ചുകൊച്ചുമുറിവുകളില്‍ നാവുരുമ്മിയപ്പോള്‍, അയാള്‍ വിദഗ്‌ദ്ധനായ ഒരു  പച്ചകുത്തല്‍ കലാകാരനായിരിക്കും ഉറപ്പ്‌, നിന്റെ ഓരോ അണുവിലും നോവുണര്‍ന്നത്‌ എനിക്കു മനസിലാവും. പിന്നീടതു ഓരോന്നും ഓരോ രസമൂര്‍ച്‌ഛയിലേക്കുണര്‍ന്നതും.

അതുകൊണ്ടുതന്നെ ഞാന്‍ അതൊഴിവാക്കും മരിയാനാ. എനിക്കു നിന്നില്‍ ഒരു പച്ചകുത്തുകാരനാകേണ്ട. ഞാന്‍ നാവികനാണ്‌. കപ്പലോടിക്കുകയാണ്‌ എന്റെ നിയോഗം. ഞാന്‍ നിന്റെ കപ്പല്‍ച്ചാലുകളിലൂടെ കപ്പലോടിച്ചു നടക്കട്ടെ. നീയെന്റെ പുറംകടലാണ്‌ മരിയാനാ. കടലാണ്‌ എന്റെ ക്യാന്‍വാസ്‌. ഉപ്പുകാറ്റിന്റെ പരുപരപ്പാണ്‌ എന്റെ നാവിന്‌. നീയതറിയുന്നില്ലേ. നിന്റെ ഉഷ്‌ണകോശങ്ങളി ഇപ്പോള്‍ ഉപ്പുകാറ്റ്‌ വീശുന്നില്ലേ. നീയിപ്പോള്‍  ഉപ്പുപരലുകള്‍ വാരിപ്പുതച്ചുകിടക്കുകയാണ്‌ മരിയാന. നിന്റെ ദേഹത്തെ ചിത്രകാരന്‍ ഞാനായിരുന്നെങ്കില്‍ എന്നാണെനിക്ക്‌. എനിക്കു ചിത്രം വരക്കാനറിയില്ല. അറിയാമായിരുന്നെങ്കിലും ഒരിക്കലും ഞാന്‍ വ്യാളിയുടെ ചിത്രം വരക്കില്ല.

പിന്നെയോ എന്ന നിന്റെ ഉടലിന്റെ ചോദ്യം എന്റെ ചുണ്ടുകളില്‍ കോര്‍ക്കുന്നു. പുകയുന്ന സാല്‍മ മാംസത്തില്‍ ഇരുമ്പുകൊളുത്തുക എന്നപോലെ. ഞാന്‍ വ്യാളിയുടെ ചിത്രം വരക്കില്ല. പകരം, ഞാനൊരു വീട്‌  നിന്നില്‍ പച്ചകുത്തിയെടുക്കും. ആകാശത്തേക്ക്‌ അതിന്റെ മേല്‍ക്കൂര തുറന്നുവയ്‌ക്കും. കാറ്റിന്റെ പുറമ്പോക്കുകളിലേക്ക്‌ അതിന്റെ ജനാലകളെ വലിച്ചെറിയും. ഇല്ലാത്ത ചുവരുകള്‍ക്ക്‌ കടലിന്റെ ചാരം നിറഞ്ഞ നീലച്ചായം തേക്കും. മീനുകളുടെ ഒരുകൂട്ടം നീലച്ചായം തേടിയെത്തും. വീട്‌ നിന്റെ മിനുസത്തിലേക്ക്‌ അമര്‍ന്നുകിടക്കും. ഒരിക്കലും നിന്നില്‍ നിന്ന്‌ എഴുന്നേറ്റു നോക്കില്ല വീട്‌. അതു കൊണ്ടു തന്നെ ആര്‍ക്കും കാണാനാവുകയുമില്ല. ഞാന്‍ അതിനെ നിന്റെ ഞരമ്പുകളിലൂടെ പതുക്കെ ഉയര്‍ത്തും. നിന്റെ രക്‌തക്കുഴലിലൂടെ അതു പാഞ്ഞുനടക്കും. എന്റെ വിരല്‍ത്തുമ്പുകളി നിന്ന്‌ വീട്‌ നിന്റെ ഓരോ അണുവിലും ഉയിര്‍ക്കും. അപ്പോള്‍ മാത്രം നീ നമ്മുടെ വീടു നേരില്‍ കാണും.

നോക്കുമ്പോള്‍ എനിക്കു കാണണം. എന്നും മലകള്‍ക്കിടയിലൂടെ നീ ഉദിച്ചുവരുന്നത്‌. മലകള്‍ കൂമ്പിപ്പോയിരിക്കും അപ്പോള്‍. ഞാന്‍ അതിനെ ഉണര്‍ത്തും. ഞാനൊഴുക്കിക്കൊണ്ടു വരുന്ന കപ്പലുകളും എനിക്കു കാണണം. ഒരു ദിവസം ഈ വ്യാളിയേയും കൊണ്ടു ഞാന്‍ കടലുകള്‍ താണ്ടും. എനിക്കെന്റെ ഓര്‍മകളെ തിരിച്ചുപിടിക്കണം. അപ്പോഴേക്കും ഈ തുറമുഖത്തെയും നിന്റെ കടല്‍ ആക്രമിച്ചുകഴിഞ്ഞിട്ടുണ്ടാവും. നിന്റെ സൂനാമിത്തിരയാലിംഗനങ്ങളില്‍ എന്നെയും കടലെടുക്കും.

റോഡ്രിഗസിന്‌ അപ്പോഴേക്കും ആകാശം തൊടാമെന്നായിരുന്നു. കടല്‍ക്കാക്കക കൊത്തിക്കൊണ്ടുവന്ന ഒരു തുണ്ട്‌ ആകാശം. എന്നാല്‍, ഭ്രാന്തമായി കറങ്ങുന്ന ചുഴിക്കണ്ണുകളിലേക്ക്‌ അയാള്‍ കപ്പല്‍ തിരിച്ചു.

—————————————————————-

Comments

comments