1.

നിനക്ക് മേൽ ഞാനുദിക്കുന്നു
നിന്നിലേക്ക്‌ വീഴുന്ന എന്റെ മുഖം
ഞാൻ  നിന്റെ നീലിമ , ഞാൻ തന്നെ
നിന്റെ ഹൃദയാന്തരങ്ങളുടെ ദീപ്തിയും
എന്റെ വെളിച്ചം  നിന്റെ ആഴങ്ങളിലൂടെ
മത്സ്യങ്ങൾ കണക്കെ പായുന്നു
അവയുടെ  കണ്ണുകൾ
നിന്റെ കണ്ണുകളെ,ചുണ്ടുകളെ  കണ്ടെടുക്കുന്നു
ഒടുവിലൊരു ചിപ്പിയിലൊളിക്കുന്നു
ഇപ്പോൾ നീയെന്നെ തിരയുന്നു
തിരമാലകളെ അയക്കുന്നു
അവ ഉയർന്നു പൊന്തുന്നു
നിന്നിലേക്ക്‌ തന്നെ വീഴുന്നു

2.
ഞാൻ അസ്തമിക്കുന്നു
ആകാശമൊരു കരയാകുന്നു
രാത്രി നക്ഷത്രങ്ങൾ ; കുട്ടികൾ
അവർ നിന്നെ വരയ്ക്കുന്നു
അവർ എന്നെയും വരയ്ക്കുന്നു
അവരവരെയും വരയ്ക്കുന്നു
നീയെന്നെ തിരയുന്നു
നിന്റെ തിരമാലകളെ അയയ്ക്കുന്നു
അവ നിന്നിലേക്ക്‌ തന്നെ തിരികെയെത്തുന്നു
നീയറിയുന്നേ ഇല്ല !
ഞാൻ അസ്തമിക്കുന്ന കടലാണ് നീയെന്ന്
ഞാൻ നിന്റെ വെളിച്ചമാണെന്ന്
നീയെന്റെ കടലാണെന്ന്
നീയറിയുന്നേ ഇല്ല !

 

Comments

comments