ടി ടി ശ്രീകുമാര്‍

സ്വതന്ത്ര ലോകവ്യാപാരം എന്നത് ഒരു വൻ കെട്ടുകഥയാണ്. അതിന്റെ അർത്ഥങ്ങള്‍  തേടിയാണ് ക്ലാസിക്കൽ ധനശാസ്ത്രം ആദ്യം സഞ്ചരിച്ചത്. ആദം സ്മിത്തും റിക്കാർഡോയുമൊക്കെ ഇങ്ങനെ ലോകവ്യാപാരത്തിന്റെ രഹസ്യങ്ങള്‍ അന്വേഷിച്ചവരാണ്. അവർക്ക്  മനസ്സിലായത്‌ അവർ കുറിച്ച് വച്ചതാണ് ആധുനിക മുതലാളിത്തത്തിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിനു വിത്ത് പാകിയത്‌. ആദം സ്മിത്തിന്റെ Wealth of Nations (1776)  ഡേവിഡ്‌ റിക്കാർഡോയുടെ On the Principles of Political Economy and Taxation (1817) തുടങ്ങിയ പുസ്തകങ്ങളിൽ ലോകവ്യാപാരത്തിന്റെ പിന്നിലെ സാമ്പത്തിക നിയമങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങളോടൊപ്പം തന്നെ മുതലാളിത്തത്തിന്റെ സാമ്പത്തിക നിലപാടുകളെ ശാശ്വതീകരിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. ഇതിനെ ആണു മാർക്സ് നിശിതമായി വിമർശിച്ചത്.

സ്വതന്ത്ര വ്യാപാരം എന്ന മിത്ത് സൃഷ്ടിക്കപ്പെട്ടത് മുതലാളിത്തത്തിന്റെ ഈ പുതിയ നിയമത്തിന്റെ കണക്കിലാണ്. ഒരു വലിയ ആശയം ആണത്. ലോകത്തിനു വരമ്പുകൾ ഇല്ലാതിരിക്കുക. അതിരുകള്‍ ഇല്ലാതിരിക്കുക. ആർക്കും  എന്തും എവിടെയും ഉണ്ടാക്കാം, വില്ക്കാം . പുറമെ നിന്ന് ഒരു ഇടപെടല്‍ ആവശ്യമില്ല. വിശേഷിച്ചു ഭരണകൂടത്തിന്റെ ഇടപെട. അവരതിനെ Laissez-faire  നയം എന്ന് വിളിച്ചു. ഒന്നിനും ചുങ്കം (tarrif) ചുമത്തരുത്‌. ആർക്കും കിഴിവുകൾ (subsidy) നൽകരുത്. സർക്കാർ നിയന്ത്രങ്ങൾ ഉണ്ടാവരുത്. സ്വകാര്യ സ്വത്ത് സംരക്ഷിക്കപ്പെടണം. അതിനപ്പുറം ഭരണകൂടം അനങ്ങരുത്. സാമ്പത്തിക മണ്ഡലം സ്വാതന്ത്ര്യത്തിന്റെ മണ്ഡലമാണ്. അവിടെ ഭരണകൂടം കടന്നു കയറരുത്. അന്ന് ജനാധിപത്യം വന്നിട്ടില്ല. ഫ്യൂഡല്‍ – അർദ്ധ ഫ്യൂഡല്‍ ഭരണക്രമങ്ങളാണ് യൂറോപ്പില്‍. മനുഷ്യവ്യവഹാരങ്ങളുടെ സമസ്ത മണ്ഡലങ്ങളിലും ആ ഭരണത്തിന്റെ കടന്നു കയറ്റം ഉണ്ടായിരുന്നു. മുതലാളിത്തം ആ അസ്വാതന്ത്ര്യത്തെ വെറുത്തു. അത് ഫ്യൂഡലിസത്തിന്റെ ചട്ടങ്ങളെ മാറ്റുവാന്‍ ആവശ്യപ്പെട്ടു. ആ സ്വാതന്ത്ര്യ വിപ്ലവത്തിന്റെ ശബ്ദമാണ് സ്വതന്ത്ര വ്യാപാര മുദ്രാവാക്യത്തില്‍ തെളിഞ്ഞു കേട്ടത്. ഇതില്‍ ഉയർത്തിപ്പിടിക്കുന്നത് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ഒരു വലിയ സന്ദേശമാണ്.

എന്നാല്‍ മുതലാളിത്തം ദാർശനികമായി സ്വയം പരിമിതപ്പെട്ട ഒരു വ്യവസ്ഥയാണ്‌. അതിനു മൂലധനത്തിന്റെ  സ്വാതന്ത്ര്യത്തെക്കുറിച്ചേ സംസാരിക്കാനുണ്ടായിരുന്നുള്ളൂ. വ്യാപാരം സ്വതന്ത്രമായി നടക്കണം എന്ന ഒറ്റ വിചാരത്തിൽ അത് വളർന്നു വന്നു. അത് അധിനിവേശത്തിന്റെ കാലം കൂടി ആയിരുന്നു. ചുങ്കവും വേണ്ട കിഴിവും വേണ്ട എന്ന നയം ലോകമെങ്ങും അടിച്ചേൽപ്പിക്കാൻ കഴിയുന്ന രാഷ്ട്രീയശക്തി അത് സമാഹരിച്ചത് അധിനിവേശത്തിലൂടെ ആയിരുന്നു. വ്യാപാര സ്വാതന്ത്ര്യത്തിനു വേണ്ടി അത് നടത്തിയ യുദ്ധങ്ങൾക്കും  ഹിംസയ്ക്കും രക്തച്ചൊരിച്ചിലിനും കണക്കില്ല. പിടിച്ചടക്കിയ ദേശങ്ങളില്‍ ആധിപത്യത്തിന്റെ തോക്കികുഴലിൽ അത് വ്യാപാര സ്വാതന്ത്ര്യം നടപ്പിലാക്കി. ഒരു നൂറ്റാണ്ടോളംരണ്ടാം ലോകയുദ്ധം വരെ അത് തുടർന്നു.

അതിനു ശേഷമുള്ള സാഹചര്യം വ്യത്യസ്തമായിരുന്നു. അടിമരാജ്യങ്ങൾ സ്വതന്ത്രരായി. അവിടങ്ങളില്‍ വ്യത്യസ്ത ഭരണകൂടങ്ങൾ ആവിർഭവിച്ചു. ലോക മുതലാളിത്തത്തിന് രാഷ്ട്രീയാധികാരം നഷ്ടപ്പെട്ടു. അതിനു പരിഹാരമായി കണ്ടു പിടിച്ചത് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ രൂപവൽക്കരിക്കുക എന്നതായിരുന്നു. സ്വാഭാവികവൽക്കരിക്കപ്പെട്ട  സാമ്പത്തിക നയങ്ങള്‍ എല്ലാ രാജ്യങ്ങളും പിന്തുടരുന്നുണ്ട് എന്ന് ഉറപ്പു വരുത്താനുള്ള ആഗോള സംവിധാനങ്ങ. ഐ എം എഫും ലോകബാങ്കും ലോക വ്യാപാരസംഘടനയുമെല്ലാം ഇങ്ങനെ ആരംഭിച്ചതാണ്.

എന്നാല്‍ 1980-കളില്‍ ഡങ്കൽ (Arthur Dunkel) എന്ന ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ ലോക വ്യാപരക്കരാറിന്റെ അലകും പിടിയും മാറ്റി അതിനെ കൂടുത ഉദാവൽക്കരണത്തിനും വിലക്കുകൾ ഇല്ലാത്ത വ്യാപാര സ്വാതന്ത്ര്യത്തിനുമുള്ള ഉപകരണമാക്കി മാറ്റാനുള്ള ശ്രമമാണ് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. കൂടാതെ അതുവരെ ലോകവ്യാപാരസംഘടനയുടെ പരിവൃത്തത്തിനു പുറത്തായിരുന്ന സേവനമേഖലയും  ബൌദ്ധിക സ്വത്തവകാശവും മറ്റനേകം മേഖലകളും അതിന്റെ നിയന്ത്രണത്തിൻകീഴില്‍ കൊണ്ടുവരാനുള്ള ശ്രമവും ഉണ്ടായി. ആ ചർച്ചകളെയാണു ഉറുഗ്വേ വട്ട ചർച്ചകൾ എന്ന് വിളിക്കുന്നത്‌.

ൺപതുകളിൽ മുൻ ടാൻസാനിയൻ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റുമായിരുന്ന ജൂലിയസ് ന്യെരേരെ അധ്യക്ഷനും മന്മോഹൻ സിംഗ് സെക്രട്ടറി ജനറലുമായി മൂന്നാം ലോക രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സൌത്ത് കമ്മീഷൻ നിലവിൽ വന്നു. കമ്മീഷന്‍ മൂന്നാം ലോകരാജ്യങ്ങൾക്കിടയിൽ സഹകരണം വളർത്തുന്നതിനും സാമ്രാജ്യത്വ ചൂഷണങ്ങൾ ചെറുക്കുന്നതിനു വികസ്വര രാജ്യങ്ങളെ പ്രാപ്തരാക്കുന്നത്തിനും കൂടിയാണ് ലക്ഷ്യമിട്ടിരുന്നത്.  അപ്പോഴേക്ക് ഗാട്ട് കരാറിന്റെ ഉറുഗ്വേവട്ട ചർച്ചകൾ ആരംഭിച്ചിരുന്നു. കൃഷി, ബൌദ്ധിക സ്വത്തവകാശം, സേവനങ്ങള്‍ തുടങ്ങിയ മേഖലകളിൽ വ്യാപകമായ നയം മാറ്റങ്ങൾ പ്രഖ്യാപിയ്ക്കപ്പെട്ടു.  മൂന്നാംലോക രാജ്യങ്ങളുടെ ഭരണഘടനകളെയും സാമ്പത്തികനയങ്ങളെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന നിർദ്ദേശങ്ങളാണ് അതിലുണ്ടായിരുന്നത്‌.

സൌത്ത് കമ്മീഷനും ഇന്ത്യയും ആദ്യഘട്ടത്തിൽ ഗാട്ട് കരാറിന്റെ സാമ്രാജ്യത്വ അജണ്ട പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. ഈ കരാറിന്റെ പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ആദ്യ പുസ്തകങ്ങളില്‍ ഒന്ന് ചക്രവർത്തി രാഘവന്റെ പുനർകോളനീകരണം (Recolonisation: GATT, the Uruguay Round & the Third World, 1989) ആയിരുന്നു. ഇതിന്റെ രചനയ്ക്ക് സൌത്ത് കമ്മീഷനും മന്മോഹൻ സിംഗും പ്രോത്സാഹനം നല്കി. ന്യെരേരെ തന്നെയാണ് ആമുഖമെഴുതിയത്. പക്ഷെ തുടർന്ന്  സൌത്ത് കമ്മീഷൻ വിട്ട മന്മോഹൻ സിംഗ് നരസിംഹ റാവു സർക്കാരിൽ ധനമന്ത്രി ആയി. അദ്ദേഹം വളരെ വേഗം നയം മാറ്റങ്ങളുടെ ചുക്കാന്‍ പിടിച്ചു. ലോകവ്യാപാര സംഘടനയില്‍ അംഗമാവാനുള്ള നീക്കം ചൈന ശക്തിപ്പെടുത്തിയതോടെ മൂന്നാം ലോക പ്രതിരോധം ദുർബ്ബലമാവാന്‍ തുടങ്ങി. ചൈന സ്ഥാപക അംഗമായിരുന്നു 1948-ല്‍. എന്നാല്‍ 1949-ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

പുതിയ കരാര്‍ ഇന്ത്യയിൽ ഐ. കെ. ഗുജ്രാൾ പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ഒപ്പ് വച്ചത്. ഇടതു പിന്തുണയോടെ ഭരിച്ച സർക്കാർ ആയിരുന്നു അത്. പക്ഷേ അപ്പോഴേക്ക് ചൈന പോലും അതില്‍ ഒപ്പിടാ തിരക്ക് കൂട്ടുകയായിരുന്നു. കോൺഗ്രസ്സിന്റെ കാലത്ത് കരാര്‍ ഒപ്പ് വയ്ക്കരുതെന്നു പറഞ്ഞ ജനത പാർട്ടി ഇടതു പിന്തുണയോടെ കരാർ ഒപ്പ് വച്ചതിനെ പരിഹസിച്ച് ഏ.  കെ. ആന്റണി ചോദിച്ചു: ഇത്ര കാലം നിങ്ങള്‍ ആറു മാസത്തെ നോട്ടീസ് കൊടുത്ത് ഇന്ത്യ കരാറിൽ നിന്ന് പുറത്തുവരണം എന്നല്ലേ പറഞ്ഞത്? ഇപ്പോള്‍ എന്തേ അങ്ങനെ ചെയ്യുന്നില്ല?എന്ന്. ആന്റണിയുടെ പരിഹാസത്തിനപ്പുറം ഇത്തരം ആഗോളസംവിധാനങ്ങൾക്ക്  പുറത്തു നിൽക്കാൻ മൂന്നാം ലോക രാജ്യങ്ങൾക്ക് കഴിയാത്ത തരത്തിലുള്ള കെട്ടുപാടുകളാണ് ലോക സാമ്പത്തിക ക്രമത്തിന്റേത് എന്ന യാഥാർത്ഥ്യമാണ് തെളിയുന്നത്.

എങ്കിലും തുടക്കം മുതല്‍ ഇന്ത്യ ഇതിനെ എതിർത്ത് പോന്നിരുന്നു. ആ എതിർപ്പിന്റെ ശക്തമായ ഒരു വശം മൾട്ടി ലാറ്റൽ ഇൻവെസ്റ്റ്മെന്റ് കരാറിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ പുതിയ ബി ജെ പി ഭരണകൂടം അധികാരത്തി കയറിയ ഉടൻ ഈ നിലപാടിൽ വെള്ളം ചേർത്തു. പ്രതിരോധത്തിലും ഇൻഷുറൻസിലും എല്ലാം വിദേശ നിക്ഷേപത്തിന്റെ പരിധി ഉയർത്തി.  അത് ലോകവ്യാപാര സംഘടനയുടെ സമ്മർദ്ദത്തിനു മുന്നിൽ മുട്ടു മടക്കി നിന്നു. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ ഒരു പുതുമയുമില്ല. ഇന്ത്യ എക്കാലത്തും എടുത്തുപോന്ന നിലപടാണത്. എന്നാല്‍ തുടക്കത്തിൽ ഇത്രയും തിടുക്കത്തിൽ ചില പ്രധാന നിലപാടുകളിൽ പുതിയ സർക്കാർ വെള്ളം ചേർക്കുക എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. ഇന്ത്യയില്‍ ക്രോണിയിസവും പുറത്തു സാമ്രാജ്യത്വ പ്രീണനവും എന്ന ഏറ്റവും ജീർണ്ണമായ സാമ്പത്തിക നയമാണ് പുതിയ സർക്കാരിന്റേത് എന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ലെങ്കിലും കോപാകുലരാക്കേണ്ടതാണ്. എന്നാല്‍ ഇതിനെതിരെ കാര്യമായ ഒരു സമരവും ഉയർന്നു  വരുന്നില്ല. എന്തിനു, കാര്യമായ ചർച്ചകൾ പോലും ഉണ്ടാവുന്നില്ല.

സ്വതന്ത്ര വ്യാപാരം എന്ന കെട്ടുകഥ ഉടനെ അവസാനിക്കാൻ പോകുന്നില്ല. അതിന്റെ ഗുണഭോക്താക്കള്‍ ആണു ലോകം ഭരിക്കുന്നത്‌. എങ്കിലും പ്രതിരോധത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കാനുള്ള ബാധ്യത മൂന്നാം ലോക രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും  സിവിൽ സമൂഹത്തിനുമുണ്ട്. അതിനു കഴിയാതെ വന്നാൽ വരും തലമുറകളോട് കൂടി ചെയ്യുന്ന അനീതിയാവും അത്.

Comments

comments