സത്താസ്ഥലങ്ങൾ: പുണ്യ ഇടങ്ങൾ
സ്ഥലത്തെ ആശ്രയിച്ചു നിൽക്കുന്ന ഈ തന്ത്രത്തിനു രണ്ട് വശങ്ങളുണ്ട്. ഏതെങ്കിലും പ്രത്യേകസ്ഥലത്തിനു അത്യപൂർവ്വമായ സവിശേഷത കല്പിച്ചുകൊണ്ട് അത് അതിവിശിഷ്ടവും അതുല്യവുമാണെന്ന് പ്രഖ്യാപിക്കലാണു ആദ്യത്തേത്. ഈ സ്ഥലത്തെക്കുറിച്ച് ഒരുപക്ഷെ ഇത്തരം അവകാശവാദങ്ങൾ മുൻപ് തന്നെ നിലനിൽക്കുന്നുണ്ടാവാം. എങ്കിൽ അവയെ ഊതിവീർപ്പിച്ചുകൊണ്ടോ കൂടുതൽ സൂക്ഷ്മമായി അവതരിപ്പിചുകൊണ്ടോ ഈ തന്ത്രം മുന്നേറുന്നു. മാത്രമല്ല, അപരസ്ഥാനത്തു നിൽക്കുന്ന ജനവിഭാഗത്തെ എളുപ്പം കുറ്റവിമുക്തമാക്കാനാവാത്ത വിധത്തിൽ പെടുത്തിക്കൊണ്ട് മുന്നേറാനനുവദിക്കുന്ന ഇടമായിരിക്കണം ഈ അതുല്യസ്ഥലം. ഈ സ്ഥലതന്ത്രത്തിന്റെ രണ്ടാമത്തെ വശം ഇതത്രെ. ഇതീന്റെ മൊത്തം ഫലം, ഒരു പടക്കളം തീർക്കലാണു. അപരന്മാരെ ഏതെങ്കിലും രീതിയിൽ അപമാനിക്കുന്നതിലൂടെ ഹിന്ദുവിന്റെ അഭിമാനംഅല്ലെങ്കിൽ ആത്മാഭിമാനംസംരക്ഷിക്കപ്പെടുന്ന പോർക്കളം. എന്റെ വിജയം എന്നാൽ നിന്റെ പരാജയംഎന്ന zero-sum യുക്തിയിലൂടെ ഹിന്ദുത്വം അതിന്റെ ശത്രുവിനുമേൽ (മിക്കപ്പോഴും ശത്രു മുസ്ലിമാണു) വിജയം നേടുന്നു. അപരസ്ഥാനത്തുള്ളവർ തർക്കകേന്ദ്രമായ സ്ഥലം ഒഴിഞ്ഞുകൊടുത്തില്ലെങ്കിലോ, മുസ്ലിം മതഭ്രാന്തിനു തെളിവായി അതു കണക്കാക്കപ്പെടും; സംഘർഷത്തെ കൂടുതൽ രൂക്ഷമാക്കാനുള്ള കാരണമായി അത് മാറും.

ഈ തന്ത്രം ഏറ്റവും വിജയകരമായി പ്രയോഗിക്കപ്പെട്ടത് അയോദ്ധ്യയിലെ ബാബറി-മസ്ജിദ് രാമജന്മഭൂമിയുടെ വിമോചനത്തിനു വേണ്ടിയുള്ള പ്രചരണത്തിലായിരുന്നു. ഗ്രാമീണമേഖലയിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണം മാത്രമായിരുന്ന ഈ സ്ഥലം അതിശക്തമായ ഒരു ചിഹ്നമായി മാറിയത് ബോധപൂർവ്വം പ്രയോഗിക്കപ്പെട്ട ഒരു സ്ഥലതന്ത്രത്തിലൂടെയായിരുന്നു. അതിൽ സ്വാഭാവികമായ ഒന്നും തന്നെയില്ലായിരുന്നു. ചരിത്രത്തിൽ മറ്റു സ്ഥലങ്ങളും അയോദ്ധ്യയാണെന്ന അവകാന്മുന്നയിച്ചിട്ടുണ്ട്. പക്ഷേ, ഈ അയോദ്ധ്യ ഏറെക്കുറേ ഇതേ സ്ഥലത്തു തന്നെയായിരുന്നുവെന്ന് കരുതാൻ ന്യായമുണ്ട്. ഹിന്ദുദൈവങ്ങളിൽ മുഖ്യസ്ഥാനമുള്ള ശ്രീരാമന്റെ ജന്മസ്ഥലമാണു ഈ അയോദ്ധ്യ എന്ന ധാരണയ്ക്ക് അനേകനൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ ഒരു ഹിന്ദുക്ഷേത്രമുണ്ടായിരുന്നെന്നും ഒരു മുസ്ലിം ചക്രവർത്തിയുടെ പ്രതിനിധിയായിരുൻന സൈന്യാധിപൻ അത് നശിപ്പിച്ചുവെന്നുമുള്ളത് നാലര നൂറ്റാണ്ടോളം പഴക്കമുള്ള കഥയാണു. അങ്ങനെ നോക്കുമ്പോൾ കുറേക്കാലമായി അയോദ്ധ്യയെന്ന സവിശേഷ ഭൗതികസ്ഥലത്തിന്റെ നൈസർഗ്ഗിക സ്വഭാവങ്ങൾഏറെക്കുറേ സ്ഥിരമായിത്തന്നെ നിലനില്ക്കുന്നുണ്ടായിരുന്നു. എന്നാൽ ഹിന്ദുത്വസ്ഥലതന്ത്രങ്ങളിൽ അത് വിജയകരമായി ഉൾച്ചേർക്കപ്പെട്ടത് അടുത്തിടെ മാത്രമാണു.

രാമകഥയുടെ മറ്റെല്ലാ പാഠങ്ങളെയും അടിച്ചമർത്തിക്കളഞ്ഞുകൊണ്ട്, അല്ലെങ്കിൽ തള്ളിക്കളഞ്ഞുകൊണ്ട്, ഈ സ്ഥലത്ത്, ഈ പ്രത്യേക സ്ഥലത്ത്, രാമൻ ജനിച്ചുവെന്ന് ശഠിക്കുന്നതിലൂടെയാണു മേൽസൂചിപ്പിച്ച ഉൾച്ചേർക്കൽ ആരംഭിക്കുന്നത്. ഇങ്ങനെ അതുല്യപാവനത്വത്തിലേക്കുയർത്തപ്പെട്ട ജന്മഭൂമി ഒരു പവിത്രസത്തയെ ഉൾക്കൊള്ളുന്നുവെന്നും അതുകൊണ്ടു തന്നെ അത് ചർച്ചകൾക്കും നീക്കുപോക്കുകൾക്കും എന്തിനു, നാട്ടിലെ നിയമത്തിനു തന്നെയും മുകളിലാണെന്നും വാദിക്കപ്പെട്ടു. രണ്ടാമത്, ഈ സ്ഥലം തന്നെയാണു രാമജന്മഭൂമിയെന്ന ശാഠ്യം കേവലം യാദൃശ്ചികമായി ഉണ്ടായിവന്നതല്ല. ഹിന്ദുവികാരത്തെ മാനിക്കാൻ അവിടെ നിൽക്കുന്ന മുസ്ലിം പള്ളി തകർക്കണമെന്ന ലക്ഷ്യം കൂടി ഈ തന്ത്രത്തിനുണ്ട്; പ്രത്യേകിച്ച്, അത് നാലരനൂറ്റാണ്ട് മുൻപ് ക്ഷേത്രം തകർത്തുണ്ടാക്കിയതാണെന്ന് പറയപ്പെടുമ്പോൾ, മതവും മതവും തമ്മിൽ വെട്ടിമരിക്കാൻ തയ്യാറായി നിൽക്കുന്ന സംഘർഷം സൃഷ്ടിക്കുകയെന്നതാണു ഇവിടെ കാതലായ കായം. ക്ഷേത്ര നിർമ്മാണത്തെ പള്ളിനശീകരണത്തിൽ നിന്ന് വേർതിരിച്ച് കാണാനാവാത്ത അവസ്ഥകൾ എവിടെ (എങ്ങനെ)യൊക്കെ സൃഷ്ടിക്കാമെന്ന ചോദ്യത്തിനുള്ള ഉത്തരമാണു ജന്മഭൂമിവാദം. (കാശി, മഥുര മുതലായ സ്ഥലങ്ങളിൽ വിമോചനം കാക്കുന്നപള്ളി/ക്ഷേത്രങ്ങളുടെ കാര്യവും മറിച്ചല്ല.)

ഞാൻ ജയിച്ചാൽ നീ തോറ്റുഎന്ന യുക്തിക്കുള്ളിൽ ക്ഷേത്രനിർമ്മാണം എല്ലായ്പ്പോഴും പള്ളിനശീകരണത്തിനു കീഴ്പ്പെട്ടു നിൽക്കുന്നുവെന്നത് ശ്രദ്ധേയമാണു. ബിജെപി-വിഎച്പി നേതാക്കൾ, – പ്രത്യേകിച്ച് അവർക്കിടയിലെ തീവ്രപക്ഷക്കാരായ വിനയ് കട്ടിയാർ, മുരളീ മനോഹർ ജോഷി, സാധ്വി റിതംഭര തുടങ്ങിയവർ – പൊതുയോഗങ്ങളിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനു വിളിച്ചുകൊടുത്ത മുദ്രാവാക്യം മന്ദിർ വഹീം ബനായേംഗേ (ക്ഷേത്രം അവിടെത്തന്നെ പണിയും). എപ്പോഴും അവിടെത്തന്നെഎന്ന പദത്തിനു ഊന്നൽ ലഭിച്ചു. പള്ളിയെ നശിപ്പിക്കാതെതന്നെ അതിനു സമീപം ക്ഷേത്രം പണിയാനുള്ള നിരവധി സമവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ ഹിന്ദുത്വപ്രചരണത്തിന്റെ ആണിക്കല്ലായി തുടർന്നത് ഈ ശാഠ്യം തന്നെ. ആയിരക്കണക്കിനു വർഷം മുൻപ് രാമൻ ജനിച്ചുവെന്ന് പറയപ്പെടുന്ന ഈ ചുരുങ്ങിയ ചതുരശ്രമീറ്ററുകൾ തന്നെ കിട്ടണമെന്ന, യുക്തിക്കു വഴങ്ങാത്ത വാദത്തെ –‘ഒരിഞ്ചു പോലുംവിട്ടുകൊടുക്കില്ലെന്ന ശാഠ്യത്തെ ഈ പ്രസ്ഥാനം കീർത്തിമുദ്രയെന്നോണം എടുത്തണിയുക തന്നെ ചെയ്തു.

അയോദ്ധ്യയിലെ പ്രത്യേക സ്ഥലാധിഷ്ഠിതതന്ത്രം  (site-based strategy) മൂർത്തമായ ഒരു സ്ഥലത്തെയും ഹിന്ദുത്വത്തിന്റെ അമൂർത്തവും സങ്കല്പസ്വർഗ്ഗീയസ്വഭാവമുള്ളതുമായ ഇടത്തെയും പരസ്പരം ബന്ധിപ്പിച്ചു. അതായിരുന്നു അതിന്റെ വിജയകാരണം. കൂടാതെ ഈ തന്ത്രത്തിലൂടെ ഹിന്ദുസങ്കല്പസ്വർഗ്ഗത്തിൽ ഉൾച്ചേർന്നവരെന്ന് സ്വയം വിശ്വസിക്കുന്നവരുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കപ്പെടുന്നു. വിശ്വാസികളും ഇടവും തമ്മിലും പുതിയൊരു ബന്ധം രൂപമെടുക്കുന്നു. മതവികാരത്തെ മുതലെടുത്തുകൊണ്ടാണു മുന്നേറിയതെങ്കിലും ഈ തന്ത്രത്തെ തനിയെ കണക്കിലെടുത്താൽ അതിനു മതപരമായ സത്തയുണ്ടെന്ന് പറയാനാവില്ല. മറ്റേത് രാഷ്ട്രീയതന്ത്രത്തെപ്പോലെയും അത് പഗ്രഥനത്തിനു വഴങ്ങുന്നു. ഇക്കാര്യം വിശദമാക്കാനും മതപരമായ പാവനത്വത്തെ എളുപ്പമെടുത്തുപയോഗിക്കാതെ ഇതേ തന്ത്രം പ്രാവർത്തികമാകുന്നതെങ്ങനെയെന്ന് കാണിച്ചുതരാനും മറ്റൊരു ഉദാഹരണം അവതരിപ്പിക്കാം. മഹാരാഷ്ട്രാ സംസ്ഥാനാതിർത്തിക്ക് 100 കിലോമീറ്റർ തെക്കുള്ള വടക്കൻ കർണ്ണാടക നഗരമായ ഹൂബ്ലിയിൽ നടന്ന ഒരു വിവാദമാണത്; അവിടുത്തെ ഈദ്ഘ് മൈതാനത്തിൽ പതാകയുയർത്തൽ സംബന്ധിച്ചുണ്ടായത്. ഏകദേശം ഏഴുലക്ഷം ജനങ്ങൾ പാർക്കുന്ന നഗരമാണു ഹൂബ്ലി. കഴിഞ്ഞ ദശകത്തിനിടയിൽ മത വർഗ്ഗീയഹിംസയുടെ ഭൂപടത്തിൽ ഹൂബ്ലി കടന്നു കയറിയിരിക്കുന്നു. ഏതാണ്ട് എല്ലാ വർഷവും അവിടെ ഹിന്ദു-മുസ്ലിം വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെടാറുണ്ട്. ഹൂബ്ലി എന്റെ ജന്മസ്ഥലം കൂടിയാണു.

ഇന്നത്തെ ഹൂബ്ലിയുടെ കേന്ദ്രഭാഗത്ത് ഏറെ പ്രാധാന്യമുള്ള ത്രികോണാകൃതിയിലുള്ള തുറന്ന സ്ഥലമാണു ഈദ്ഗാഹ് മൈതാനം; ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ പകുതിയോളം മാത്രം വലിപ്പമുള്ളത്. 1922ൽ അത് നഗരത്തിനു പുറത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അന്ന് ബ്രിട്ടീഷ് മുനിസിപ്പൽ അധികാരികൾ ആ സ്ഥലത്തെ അഞ്ചുമൻ-എ-ഇസ്ലാം എന്ന മുസ്ലിം സാംസ്കാരികസംഘടനയ്ക്ക് ഒരു രൂപാ പാട്ടവ്യവസ്ഥയിൽ ദീർഘകാലത്തേക്ക് തീറു നൽകി. എന്നാൽ പ്രാദേശികചരിത്രത്തിൽ നിന്നു ലഭിക്കുന്ന സൂചനയനുസരിച്ച് ഈ സ്ഥലം  പണ്ടു മുതൽക്കേ രണ്ടു നൂറ്റാണ്ടുകളായി മുസ്ലിം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും അവയുടെ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് ഈദ് നമസ്കാരത്തിനു ഉപയോഗിക്കപ്പെട്ടതുമായിരുന്നു. ഈ പതിവിനെ സ്ഥിരപ്പെടുത്തുക മാത്രമാണു മുനിസിപ്പൽ അധികാരികൾ ചെയ്തത്. എന്നാൽ 1970കളിൽ ഭൂമിയുടെ കമ്പോളവില  കുതിച്ചുയർന്നതോടെ, ഈ സ്ഥലത്തിന്റെ ഒരു ഭാഗത്തായി വിദ്യാലയവും കച്ചവടകേന്ദ്രവും നിർമ്മിക്കാൻ അൻചുമാൻ നടത്തിയ ശ്രമങ്ങളെ പൊതുകാര്യതല്പരരായ വ്യക്തികൾകോടതിയിൽ ചോദ്യം ചെയ്തു. അതിന്റെ ഫലമായി കോടതി എല്ലാ പ്രവർത്തനങ്ങളും നിറുത്താൻ ഉത്തരവിട്ടു. ഈ പ്രശ്നം സുപ്രീം കോടതി വരെ എത്തുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ, ഹിന്ദുത്വപ്രചരണത്തിനായി ഈ പ്രശ്നത്തെ ഉയർത്തിക്കൊണ്ടുവരാൻ 1990കളിൽ ഹിന്ദു വർഗ്ഗീയകക്ഷികൾ ശ്രമം ആരംഭിച്ചു. ശ്രീനഗ്ഗറിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയ മുരളീ മനോഹർ ജോഷിയുടെ ഉദാഹരണത്തിൽ നിന്ന് ഭാഗികപ്രചോദനം സ്വീകരിച്ചുകൊണ്ട്, വിശ്വഹിന്ദു പരിഷത്ത്, ആർ എസ് എസ്, ബിജെപി, ശിവസേന എന്നിവയുടെ പ്രാദേശികഘടകങ്ങളും സഹസംഘടനകളും സഖ്യകക്ഷികളുമെല്ലാം ചേർന്ന് പുതിയ ചില സംഘടനകൾക്ക് ജന്മം നൽകി ഉദാഹരണത്തിനു, രാഷ്ട്രീയ ധ്വജഗൗരവ സംരക്ഷണ സമിതിഅതായത് ദേശീയപതാകയുടെ മാനത്തെ സംരക്ഷിക്കാനുള്ള സമിതി. ഈദ്ഗാഹ് മൈതാനത്തിൽ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്താൻ അവകാശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവ സമരം തുടങ്ങി. അഞ്ചുമൻ-എ-ഇസ്ലാമിനു ഭൂമിയിന്മേലുള്ള അവകാശത്തെ തകർക്കുകയെന്ന ലക്ഷ്യമാണു സമരത്തിനുള്ളതെന്ന വസ്തുത മറ കൂടാതെ ഉന്നയിക്കപ്പെട്ടതുകൊണ്ട് ഈ ആവശ്യം വക വെച്ചു കൊടുക്കാൻ ആ സംഘടന തയ്യാറായില്ല. ക്രമസമാധാനപ്രശ്നങ്ങളെക്കുറിച്ചുള്ള ഭയം മൂലം കോടതികളും മൈതാനത്തിൽ പതാക ഉയർത്താനുള്ള അനുവാദം നൽകാൻ വിസമ്മതിച്ചു. കോടതി ഉത്തരവുകളെ ലംഘിച്ചുകൊണ്ട് പതാക ഉയർത്താൻ ഹിന്ദുത്വശക്തികൾ നടത്തിയ വൻപ്രചരണം അക്രമാസക്തമായിത്തീർന്നു; നിശാനിയമം പല തവണ പ്രഖ്യാപിക്കപ്പെട്ടു; 1993നു ശേഷം പലതവണ പൊലീസ് ഇടപെടലുകളുടെ ഫലമായി ചുരുങ്ങിയ പക്ഷം അഞ്ചു മരണങ്ങളെങ്കിലും ഉണ്ടായി. നിരവധി പേർക്ക് പരിക്കു പറ്റി.

ഇവിടുത്തെ ചർച്ചയുടെ പശ്ചാത്തലത്തിൽ നിന്ന് നോക്കുമ്പോൾ ഈദ്ഗാഹ് മൈതാനത്തെ ചുറ്റിപ്പറ്റിയുള്ള ഹിന്ദുത്വപ്രചരണം അയോദ്ധ്യാതന്ത്രത്തിന്റെ വകഭേദമാണെന്ന് കാണാം. സംഘർഷത്തിന്റെ ശൈലിയെ മതാത്മകതിയിൽ നിന്ന് മതേതര ദേശീയതയിലേക്ക് മാറ്റാൻ അതു ശ്രമിക്കുന്നു: രാമനിൽ നിന്ന് ദേശീയപതാകയിലേക്ക്. പക്ഷേ, ആകെ മൊത്തമുള്ള യുക്തി വിഭിന്നമല്ല: ഒരു പ്രത്യേകസ്ഥലം കിട്ടിയേ പറ്റൂ എന്ന്അ യുക്തിക്കു നിരക്കാത്ത ശാഠ്യം; യാതൊരു വിധ ചർച്ചയ്ക്കോ വിട്ടുവീഴ്ചയ്ക്കോ വഴങ്ങാതിരിക്കൽ; എതിരാളി എന്തു തീരുമാനമെടുത്താലും അതു തോൽവിയിൽ കലാശിക്കുമെന്ന് ഉറപ്പുവരുത്തൽ – പതാകയുയർത്തൽ അനുവദിച്ചില്ലെങ്കിൽ അവർ ദേശവിരോധികളായി മുദ്ര കുത്തപ്പെടും. എന്നാൽ അയോദ്ധ്യയും ഹൂബ്ലിയും തമ്മിലുള്ള വ്യത്യസ്തതകളാണു യഥാർത്ഥത്തിൽ നമെ പഠിപ്പിക്കുന്നത്. ഹിന്ദുത്വസ്ഥലതന്ത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഒരു സ്ഥലം പാകപ്പെടുന്നതെങ്ങനെ എന്നു കാണാൻ നമുക്ക് കഴിയുന്നത് വ്യത്യാസങ്ങൾ പരിശോധിക്കുമ്പോഴാണു. ഹിന്ദുത്വത്തിന്റെ വിശാലചട്ടക്കൂടിനുള്ളിൽ സ്ഥിതി ചെയ്യുമ്പോഴും ഈദ്ഗാഹ് മൈതാനപ്രചാരണപരിപാടി രണ്ടു തരം പൊതു അനുഭവങ്ങളെയാണു ആശ്രയിച്ചത്. ഒന്നാമതായി മൈതാനം പൊതു ഇടമാണു എന്ന മൂർത്തവും അനുഭവാധിഷ്ഠിതവുമായ തിരിച്ചറിവിനെ. രണ്ടാമതായി, അതു സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ദൃശ്യ ചിഹ്നപരമായ പ്രത്യാഘാതം.

ഈദ്ഗാഹ് മൈതാനം എല്ലായ്പ്പോഴും പൊതു ഇടമായിരുന്നു. എന്റെ ബാല്യകാലത്ത് സമീപഗ്രാമങ്ങളിൽ നിന്നെത്തിയ പച്ചക്കറികൃഷിക്കാരുടെ വണ്ടികൾക്കും കാളകൾക്കും വിശ്രമിക്കാനുള്ള ഇടമായിരുന്നു അത്. കഴിഞ്ഞ പത്തു പതിനഞ്ചു വർഷക്കാലത്തിനിടയിൽ ചെറിയ ട്രക്കുകൾ, ട്രാക്ടർ – ട്രെയിലറുകൾ എന്നിവകൂടി അവിടെ നിർത്തിയിടാറുണ്ട്. ഒഴിഞ്ഞു പോകാൻ കൂട്ടാക്കാത്ത കന്നുകാലിക്കൂട്ടങ്ങളും വെള്ളരിക്ക മുതൽ ചീപ്പു വരെ വിൽക്കുന്ന ചെറു കച്ചവടക്കാരും അവിടെ തമ്പടിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ദിവസം അവിടെ ചെന്നാൽ പല തരക്കാരെ കാണാം. മദ്ധ്യഭാഗത്ത്, പാവപ്പെട്ടവർക്ക് വില കുറഞ്ഞ ഭക്ഷണം വിൽക്കുന്ന സ്ത്രീകൾ; കയറോ നൈലോണോ പിരിക്കുന്ന കയറുപണിക്കാർ; ചിലപ്പോൾ കുട്ടികൾക്ക് കളിക്കാനുള്ള ഭീമൻ giant wheelഊഞ്ഞാലുകൾ, കറങ്ങുന്ന merry go round തുടങ്ങിയവ ഉൾപ്പെടുന്ന സഞ്ചരിക്കുന്ന വിനോദപാർക്ക്.

ഈദ് ദിനത്തിലൊഴിച്ച് മറ്റെല്ലായ്പ്പോഴും ഈ വിധത്തിൽ കുത്തകസ്വഭാവമില്ലാത്തവിധത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന ഇടമെന്ന ഓർമ്മ  വൻ തോതിൽ പൊതുകനങ്ങൾക്കിടയിൽ നില നിന്നതിനെയാണു ഹിന്ദുത്വശക്തികൾ മുസ്ലിം ഭൂവുടമസ്ഥാവകാശത്തെ ചോദ്യം ചെയ്യാനായി വിനിയോഗിച്ചത്. മൈതാനത്തിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിനിടയിൽ പൊതു ഇടം പല വിധ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും സംഘങ്ങളും യഥേഷ്ടം കൈയ്യ്രിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. മൈതാനപ്രശ്നം ഉയർത്തിയപ്പോൾ ഇവയെ മൊത്തത്തിൽ അവഗണിക്കുന്നതിലൂടെയാണു ഹിന്ദുത്വസ്ഥലതന്ത്രം വിജയം നേടിയത്. നഗരത്തിലെ പൊതുസ്ഥലങ്ങളും തുറന്ന സ്ഥലങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്നതിനു എതിരെ ജനങ്ങൾക്ക് തോന്നുന്ന ന്യായമായ കോപത്തെയും അസ്വാസ്ഥ്യത്തെയും സർക്കാർ പ്രീണിപ്പിക്കുന്ന മുസ്ലിംകൾക്കെതിരെ തിരിച്ചു വിടാനും ആ ഭാരം മുഴുവൻ അവരെക്കൊണ്ട് ചുമപ്പിക്കാനും ഈ തന്ത്രം ഉതകുന്നു.

മറ്റൊരു സുപ്രധാനവശം പ്രശ്നം ആളിക്കത്താൻ ഇടയാക്കിയത് ഒരു പക്ഷേ ഇതാണു ഹിന്ദുത്വഭാവുകത്വത്തിനു അരോചകമായി തോന്നിയ ദൃശ്യാനുഭവമാണത്, അതായത്, മൈതാനിയിൽ ഉയരാനിടയുള്ള ഉന്നതമായ മുസ്ലിംകെട്ടിടം. 1972ൽ മൈതാനത്തിന്റെ ഒരറ്റത്ത് ഒരു വിദ്യാലയവും കച്ചവടകേന്ദ്രവും ഉൾപ്പെടുന്ന കെട്ടിടം പണിയാൻ അഞ്ചുമൻ തീരുമാനിച്ചതിനെതിരെ പൊതു താല്പര്യഹർജികൾ ഉന്നയിക്കപ്പെട്ടു; അങ്ങനെയാണു മൈതാനം ആദ്യമായി വിവാദത്തിൽ പെട്ടത്. (Karnataka High Court 1983: 6). ഈ കാര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കാഴ്ചയുടെ സാമൂഹ്യരംഗത്തിൽ മൈതാനത്തിന്റെ സമകാലിക നില എവിടെ എന്നു തിരിച്ചറിയേണ്ടതുണ്ട്.

വളർന്നു വികസിച്ചു കഴിഞ്ഞ ഹൂബ്ലി നഗരത്തിന്റെ ഹൃദയഭാഗത്തായാണു ഈദ്ഗാഹ് മൈതാനം. ബാംഗ്ലൂർ, ഹൈദരബാദ്, പുനെ/ ബോംബെ നഗരങ്ങളിലേക്കുള്ള പ്രധാന റോഡുകൾ കൂടിച്ചേരുന്ന ട്രാഫിക് ഐലന്റിനോട് ചേർന്നാണു അതിന്റെ കിടപ്പ്. ഈ ജംഗ്ഷന്റെ നടുക്കുള്ള റൗണ്ടിൽ കുതിരപ്പുറത്തേറിയ റാണി ചെന്നമ്മയുടെ  പ്രതിമയുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ പൊരുതി മരിച്ച പ്രശസ്ത രക്തസാക്ഷിയാണിവർ. കിട്ടൂർ എന്ന ചെറുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ഈ ഋആണി. വടക്കേ ഇന്ത്യക്കാർക്ക് ഝാൻസി റാണി എന്നതുപോലെയാണു കർണാടകക്കാർക്ക് റാണി ചെന്നമ്മ. അഗ്രം മുറിച്ചു കളയപ്പെട്ട ത്രികോണാകൃതിയിലുള്ള ഈ പ്രമ്പിന്റെ കീഴ്ഭാഗത്ത് വലിയൊരു ഷോപ്പിംഗ് കോമ്പ്ലക്സ് സ്ഥിതി ചെയ്യുന്നു. ഹൂബ്ലിയിൽ രംഗപ്പ കാമത്ത് ആരംഭിച്ച പ്രശസ്തമായ കാമത്ത് ഭക്ഷണശാലകളാണു അവിടെ അധികവും. ത്രികോണത്തിന്റെ ഒരു വശം മുഴുവൻ പുതിയ ബഹുനില വ്യാപാര മന്ദിരങ്ങളാണു. ബഹുരാഷ്ട്ര കമ്പനികൾ  ഇന്ത്യയിലെ പ്രമുഖ കമ്പനികൾ, സമ്പന്ന വ്യാപാരകേന്ദ്രങ്ങൾ മുതലായ ഇവിടെ പ്രവർത്തിക്കുന്നു. മ്റ്റേ വശത്ത് തദ്ദേശീയ കോടതികൾ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ കാര്യാലയം, ഹൂബ്ലി ധാർവാർ മുനിസിപ്പൽ കോർപ്പറേഷൻ കാര്യാലയം എന്നിവ പ്രവർത്തിക്കുന്ന അവസാനത്തെ കെട്ടിടം റോഡു വളയുന്ന സ്ഥലത്താണു.

അപ്പോൾ, എല്ലാ അർത്ഥത്തിലും കേന്ദ്രപ്രാധാന്യമുള്ള ഒരു സ്ഥലത്ത് ആയതുകൊണ്ടുതന്നെ, ഈദ്ഗാഹ് മൈതാനത്തിൽ മുസ്ലിം സാന്നിദ്ധ്യത്തെ അടയാളപ്പെടുത്തുന്ന ഒരു സ്ഥാപനം (അഞ്ചുൻ പണിയാൻ ഉദ്ദേശിച്ചത്) ഉയർന്നു വരുന്നത് ഹിന്ദുത്വ ലോക വീക്ഷണത്തിനു തീർത്തും അസ്വീകാര്യമായിത്തീർന്നു. ഹൈന്ദവശക്തി, ധനം, മേൽക്കോയ്മ എന്നിവയുടെ ദൃശ്യാടയാളങ്ങൾ നിറഞ്ഞ ഈ നഗരഹൃദയത്തിൽ മുസ്ലിങ്ങൾ ഇടം പങ്കിടുന്നതിന്റെ ഈ അടയാളത്തെ തടയാനും കഴിയുമെങ്കിൽ മായ്ച്ചു കളയാനുമുള്ള ശ്രമത്തിന്റെ യുക്തിപരമായ വ്യാഖ്യാനം മാത്രമായിരുന്നു പതാക ഉയർത്തൽ പ്രചരണ പരിപാടി. വർഗ്ഗീയവത്കരിക്കപ്പെട്ട സമൂഹങ്ങളിൽ മുസ്ലിം സാന്നിദ്ധ്യത്തിന്റെ ദൃശ്യ അടയാളങ്ങൾ ഉറച്ചതും  സമ്പന്നവും പൊതുവെ കീഴടങ്ങലിന്റെ സൂചനകൾ പ്രദർശിപ്പിക്കാത്തവയുമാകുമ്പോൾ, അവയോട് കടുത്ത നീരസം പടർന്നു പിടിക്കുന്ന രീതി അസാധാരണമല്ല. അതായത്, ഇത് ഹൂബ്ലിയിൽ മാത്രം കാണുന്ന അവസ്ഥയല്ല; മുസ്ലിം ജനസംഖ്യ കുറവല്ലാത്ത നിരവധി ഇന്ത്യൻ നഗരങ്ങളിൽ പൊതുവെ  പ്രത്യക്ഷമാകുന്ന പ്രതിഭാസമാണു.

ഈ രണ്ടു ഘടകങ്ങൾ – ചുരുങ്ങി വരുന്ന പൊതുസ്ഥലത്തെക്കുറിച്ച് നഗരത്തിലെ മദ്ധ്യവർഗ്ഗജനങ്ങൾ അനുഭവിക്കുന്ന ആശങ്കയെ മുസ്ലിം ജനങ്ങൾക്കു  നേരെ തിരിച്ചു വിട്ടതും ഹിന്ദു മേൽക്കോയ്മയ്ക്ക് കീഴിലുള്ള സാമൂഹ്യ ഇടത്തിലെ ദൃശ്യപരമായ  ഉച്ചനീചത്വങ്ങൾ അട്ടിമറിക്കപ്പെടുമെന്ന ഭയമുണർന്നതും ഈദ്ഗാഹ് മൈതാനത്തെ ഒരു പ്രത്യേക ഇടത്തിന്മേൽ കേന്ദ്രീകരിക്കുന്ന സ്ഥലതന്ത്രത്തിൽ ഉൾച്ചേർത്തുവെന്ന് വ്യക്തം. എന്നാൽ, അയോദ്ധ്യയെ അപേക്ഷിച്ച് ഈ തന്ത്രത്തിന്റെ വ്യാപ്തിയും ശക്തിയും ഇവിടെ കുറവായിരിക്കാനും അവ കാരണമായെന്നും പറയാം. ഒരു സവിശേഷസത്തയുടെ ഉറവിടമായി മൈതാനത്തെ  ചിത്രീകരിക്കാനുള്ള സാദ്ധ്യത താരതമ്യേന ദുർബ്ബലമായിരുന്നു എന്നതാകാം ഒരു കാരണം. ദേശീയപതാക ഈ സ്ഥലത്തു തന്നെ ഉയർത്തേണ്ടത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ എളുപ്പമായിരുന്നില്ല. മാത്രമല്ല, ആരോപിക്കപ്പെട്ട സത്ത (മുസ്ലിം ദൃശ്യതയോടുള്ള വിരോധം) അമൂർത്തമല്ലായിരുന്നു. അതുകൊണ്ടു തന്നെ അതു എളുപ്പമല്ലായിരുന്നു. മറ്റു പല ഇടങ്ങളിലും ശക്തമായി നിലകൊണ്ടിരുന്ന ഭീതികളും അസ്വാസ്ഥ്യങ്ങളുമാണു ഈദ്ഗാഹ് മൈതാനപ്രശ്നത്തെ വളർത്തിയെടുത്ത് പ്രക്ഷേപിക്കാനുള്ള വഴി ഈ പ്രചരണപരിപാടി കണ്ടെത്തിയില്ല; ഈ ഇടത്തെ നേരിട്ടു കണ്ടിട്ടുള്ളവരിൽ മാത്രമേ അതു അനുരണനങ്ങൾ സൃഷ്ടിച്ചതേയുള്ളു, ഒരു സത്തയെന്ന നിലയ്ക്ക് രാമന്റെ ജന്മസ്ഥലംവളരെയധികം കർസേവകരെ ആകർഷിക്കത്തക്കവണ്ണം അമൂർത്തമായിരുന്നു അയോദ്ധ്യയിൽ ഒരിക്കലും പോയിട്ടില്ലാത്തവർ അടങ്ങുന്ന വൻ ജനാവലിയിലേക്കാണു അത് വ്യാപിച്ചത്. പക്ഷേ ഈദ്ഗാഹ് മൈതാനത്തിൽ പതാക ഉയർത്തണം എന്ന ആവശ്യം അയോദ്ധ്യാപ്രചരണത്തിന്റെ വിശാലലക്ഷ്യങ്ങൾ പങ്കിട്ടെങ്കിലും അന്യനാട്ടുകാരുടെ വൻസൈന്യത്തെ അങ്ങോട്ട് ആകർഷിക്കും വിധം ശക്തമായിരുന്നില്ല. കാരണം, ഈദ് ഗാഹ് മൈതാനത്തിന്റെ അർത്ഥംനേരിട്ടറിയുകയും പങ്കിടുകയും ചെയ്യുന്നവരായിരുന്നില്ല അവർ. മാത്രമല്ല, മുൻകാലങ്ങളിൽ ദേശീയപതാകയെ അംഗീകരിക്കാനും ബഹുമാനിക്കാനും കൂട്ടാക്കാത്ത ആർ എസ്സ് എസ് പോലുള്ള സംഘടനകൾ ഇത്തരം ഒരു ആവശ്യവുമായി മുന്നോട്ടു വന്നതിൽ പ്രത്യക്ഷമാകുന്ന ആത്മവഞ്ചനയും അവസരവാദവും ഈ പ്രചരണ പരിപാടിയെ ദുർബ്ബലമാക്കിയിരിക്കണം.

സ്ഥലാധിഷ്ഠിതതന്ത്രത്തിന്റെ അത്ര വിജയകരമല്ലാത്ത ഉദാഹരണം അതിന്റെ പ്രവർത്തനസംവിധാനത്തെ കുറേക്കൂടി വ്യക്തമാക്കി കാട്ടിത്തരുന്നത് ഇപ്രകാരമാണു. ഒരുപക്ഷേ, ഹൂബ്ലിയിലെ സമരപരിപാടി ആസൂത്രണം ചെയ്തവർ പ്രത്യേക സ്ഥലാധിഷ്ഠിത തന്ത്രത്തിനു പകരം കുറച്ചു കൂകൂടി ചെറിയ തോതിലുള്ള അയൽപ്പക്കതന്ത്രത്തെ ആശ്രയിക്കേണ്ടിയിരുന്നു. ഇന്ന് മതപരവും ദേശീയവുമായ ചിഹ്നങ്ങൾക്ക് പ്രത്യയശാസ്ത്രകാര്യക്ഷമത താരതമ്യേന കൂടുതലാണെന്ന വസ്തുതയെയാണു ഹൂബ്ലിയിലെ സംഭവവികാസങ്ങൾ പ്രകാശിപ്പിക്കുന്നത്.

 വിവർത്തനം: ജെ ദേവിക

(അടുത്തലക്കം അവസാനഭാഗം – അടുപ്പത്തിന്റെ മേഖലകൾ: തദ്ദേശീയ ഇടങ്ങളും അയല്പക്കങ്ങളും)

Comments

comments