വിവാദാസ്പദവും അമൂര്‍ത്തവുമായ ചരിത്രം, പ്രയോക്താക്കളില്‍ തന്നെ ഭിന്നമാര്ഗ്ഗങ്ങൾ, കാഴ്ചപ്പാടുകള്‍. മോഹിനിയാട്ടമെന്ന കേരളീയ നൃത്തകലയുടെ ആധുനികപരിസരം പുറമേനിന്ന് നോക്കുമ്പോള്‍ ലളിതവും ഋജ്ജുവുമായി തോന്നുമെങ്കിലും അകമേ കലുഷവും സങ്കീര്‍ണ്ണവുമാണ്. കാലത്മകതയുടെലക്ഷണമാണ് ഇത്തരം കലുഷതകള്‍ എന്ന് സമാശ്വസിക്കാം. കാരണം പുതിയ നര്‍ത്തകികൾ മിക്കവരും സ്വകീയമായ ആവിഷ്കരണങ്ങൾക്ക് പ്രാപ്തരാണ് എന്ന് തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കുന്നു.
ശൃംഗാരനായികമാരുടെ മോഹിനീനൃത്തം എന്ന ഏകതാനതയില്‍ നിന്ന് ഭാവസമ്പന്നമായ നാടകീയവും സൃഷ്ടിപരവുമായ ഭാവനകള്‍ കൊണ്ട് സമൃദ്ധമായ നൃത്താവിഷ്കരണമായി പുതിയ നര്‍ത്തകിമാർ മോഹിനിയാട്ടത്തെ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിര്‍മ്മാണാത്മകമായ ഈ പരിണാമത്തിലെ മുന്‍നിര നര്‍ത്തകിയാണു ഡോ.നീനപ്രസാദ്. മദ്രാസിൽ അഡയാർ ലക്ഷ്മണിനു കീഴിലെ സുശിക്ഷിതമായ ഭരതനാട്യപഠനത്തിനു ശേഷം മോഹിനിയാട്ടത്തിലേക്ക് പ്രവേശിച്ച നീനപ്രസാദ് കേരളീയതയുടെ ലാവണ്യസങ്കല്പ്പനത്തില്‍ നിലയുറപ്പിച്ചു കൊണ്ടുതന്നെ കൂടുതല്‍ ശാസ്ത്രീയവും ഘടനാപരമായി സുഭാദ്രവുമായ ഒരു ആവിഷ്കരണരീതിശാസ്ത്രം തന്നെ രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. മോഹിയാട്ടത്തെക്കുറിച്ചും തന്റെ കലാദര്‍ശനത്തെ കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ നീനപ്രസാദ് ശ്രീചിത്രൻ എം ജെയുമായി പങ്കുവയ്ക്കുന്നു.
തെന്നിന്ത്യയില്‍ പൊതുവേ കാണുന്ന നൃത്താവിഷ്കരണങ്ങളില്‍ നിന്ന് ചരിത്രപരമായും അവതരണപരമായും മൌലികമായ എന്ത് വ്യത്യാസമാണ് നീന നിരീക്ഷിക്കുന്നത് ?
പൊതുവേ തെക്കേഇന്ത്യയില്‍ കാണപ്പെടുന്ന ഏകാഹാര്യപ്രകടനങ്ങള്‍ക്കെല്ലാമുള്ള പൊതുഘടന മോഹിനിയാട്ടവും പങ്കുവയ്ക്കുന്നുണ്ട്. അവതരണത്തിലെയും അഭ്യാസക്രമത്തിലെയും പേരുകള്‍ക്കും ശൈലികള്‍ക്കും നൃത്തരൂപത്തിന്റെ സവിശേഷതയനുസരിച്ച് മാറ്റങ്ങളുണ്ടാവാം.എങ്കിലും പൊതുവേ നൃത്തരൂപങ്ങള്‍ക്കുള്ള സവിശേഷതകള്‍ മോഹിനിയാട്ടവും ഉള്‍ക്കൊള്ളുന്നുണ്ട്. ഞാന്‍ മോഹിനിയാട്ടത്തെ വ്യത്യസ്തമായി കാണുന്നത് അവിടെയല്ല. ഇന്ത്യയുടെ സാംസ്കാരിക –സാഹിത്യഭൂപടത്തില്‍ മലയാളത്തിനുള്ള മൌലികമായൊരു സ്ഥാനമില്ലെ , അത് തന്നെയാണ് മോഹിനിയാട്ടത്തിനും ഉള്ളത്. മലയാളത്തെ താരതമ്യേന ലളിതമായഭാഷയായോക്കെ നാം പറയുമെങ്കിലും നമ്മുടെസാഹിത്യം അത്ര ലളിതമല്ലല്ലോ. മലയാളിയുടെതായ സൌന്ദര്യസങ്കല്‍പ്പവും മൌലികതയുടെ സ്പര്‍ശവും അതിനുണ്ട്. അതുതന്നെയാണ് മോഹിനിയാട്ടത്തിനും ഉള്ളത്. മോഹിനിയാട്ടത്തെ വ്യത്യസ്തമാക്കുന്ന സൂക്ഷ്മഘടകവുംഅതാണ്.
ചരിത്രത്തിലേക്ക് നോക്കിയാല്‍ ഭരതനാട്യചരിത്രത്തിലോക്കെ കാണുന്ന പോലെ ഒരു ദേവദാസീസമ്പ്രദായം കേരളത്തില്‍ നിലനിന്നിരുന്നുവോ എന്ന്തന്നെ വിവാദാസ്പദമാണ്. സ്വാതിതിരുന്നാളിനു മുന്‍പുള്ള മോഹിനിയാട്ടം എന്തായിരുന്നു എന്നും നാം കേരളീയതയെ മുന്‍നിര്‍ത്തി അപഗ്രഥിക്കുന്നതില്‍ ചില അബദ്ധങ്ങളില്ലേ ?
ഇങ്ങനെയൊക്കെ പറയുമ്പോള്‍ നമ്മള്‍ കേരളം എന്ന് നാം ഇന്ന് നിര്‍വചിക്കുന്ന ഒന്ന് ഉണ്ടായത് എന്നാണ് എന്ന് കൂടി ആലോചിക്കേണ്ടി വരും. ചേരചോളസാമ്രാജ്യങ്ങളുടെ കാലഘട്ടങ്ങളിലെ ഇവിടുത്തെ സ്ഥിതിഗതികള്‍ ബൌദ്ധകാലഘട്ടത്തിലെ കലാരംഗത്തെ സ്ഥിതികള്‍ ഇവയെല്ലാം നമുക്കിന്നു അജ്ഞാതമാണ്. എന്തായാലും ഒന്ന് തീര്‍ച്ചയാണ്. ജന്മിത്തത്തിന്റെയും ബ്രാഹ്മണപൌരോഹിത്യത്തിന്റെയും ശക്തിയാർജ്ജിക്കലിനു ശേഷം ദേവദാസീസമ്പ്രദായം നിലനിന്നിരിക്കാന്‍ ഇടയില്ല. നമുക്കറിയാം നമ്മുടെ ക്ലാസ്സിക്കൽ കലാരൂപങ്ങൾ – കഥകളിയായാലും, കൂടിയാട്ടമായാലും ,ഓട്ടംതുള്ളൽ ആയാലും എല്ലാം ഉണ്ടാക്കപ്പെട്ടവയാണ് , നൈസർഗ്ഗികമായി ഉണ്ടായി വന്നവയല്ല.
സ്ത്രീ ചെയ്യുന്ന ഏകാഹാര്യപ്രകടനത്തെ ഗൗരവമായി കാണുന്ന സാഹചര്യം ഇപ്പറഞ്ഞകലകളുടെ സമൃദ്ധിക്കിടയിൽ ഉണ്ടായിക്കാണുമോ ?
സ്ത്രീ ചെയ്യുന്ന നൃത്തം അന്നുണ്ടായിരുന്നു എന്നതിലും അത് ആസ്വദിക്കപ്പെട്ടിരുന്നു എന്നതിലും സംശയമില്ല. ആ ആസ്വാദനം ഏതു തരത്തിൽ ഉള്ളതാണ് എന്നാണു നാം ആലോചിക്കേണ്ടത്. വളരെ ഉൽപ്പതിഷ്ണുക്കളായ പണ്ഡിതൻമാര്‍ ഭാഷയിലും കൂടിയാട്ടം, കഥകളി ഒക്കെപോലുള്ള രംഗകലകളിലും വ്യാപരിച്ചു കൊണ്ടിരുന്ന ഒരുസമയമാണത്. അന്ന് സമൂഹം കണ്ടിരുന്ന അതേ കണ്ണിലൂടെ തന്നെയേ നർത്തകികെയും കാണാൻ ഇടയുള്ളൂ.’ മോഹിനീരൂപിണിയായി ‘ സ്ത്രീ ചെയ്യുന്ന നൃത്തം – ആ തലത്തിലെ മോഹിനിയാട്ടത്തിന്റെ ആഘട്ടം ആസ്വദിക്കപ്പെട്ടിരിക്കാൻ ഇടയുള്ളൂ. എന്നു വച്ച്നർത്തകിമാർ ഇല്ലായിരുന്നു എന്നല്ല. അടുത്തിടെ ഒരു വിദേശി നടത്തിയ ഗവേഷണത്തിൽ ഒരുപാട് പഴയ നർത്തകിമാരുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവരെ ദേവദാസീസമ്പ്രദായത്തിൽ പരിഗണിക്കണോ വേണ്ടയോ എന്നത് നമ്മുടെ പ്രശ്നമാണ്. എന്നാൽ അവർ നൃത്തം ചെയ്തിരുന്നു. അങ്ങനെ അനേകർ ചരിത്രത്തിൽ ഇടം നേടാതെ പോയിട്ടുണ്ട്.
ഏതു കലകളുടെയും ചരിത്രപഠനത്തിൽ ഇത്തരം സാമൂഹ്യഘടകങ്ങളെ മുൻനിർത്തിയുള്ള നിരീക്ഷണത്തിന് പ്രസക്തിയുണ്ട്. എന്നാൽ സാങ്കേതികപരമായി ചിന്തിച്ചാൽ കഥകളിയ്ക്കായാലും , ഭരതനാട്യത്തിനായലാലും അതിന്റെ ചരിത്രഘട്ടങ്ങളിലെ സാങ്കേതികവികാസം കുറെക്കൂടി സുവ്യക്തമാണ്. എന്നാൽ സ്വാതിതിരുന്നാളിനു മുൻപുള്ള മോഹിനിയാട്ടം ഇന്ന് നാം കാണുന്ന മോഹിനിയാട്ടവുമായി എന്തെങ്കിലും നിലയില്‍ ബന്ധമുണ്ടോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.
എന്തായാലും ഇതൊരു വിളംബിതകാലത്തെ ഉപയോഗപ്പെടുത്തുന്ന നൃത്തമായി നിലവിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്. സൂക്ഷ്മാഭിനായത്തിനുള്ള സാധ്യത തുറക്കുന്ന കാര്യമാണല്ലോ വിളംബിതമായ കാലപ്രമാണം. അന്നത്തെ മോഹിനിയാട്ടരൂപത്തിനുതന്നെ അതുണ്ടായിരുന്നു.ശൃംഗാരത്തെ അഭിവ്യഞ്ജിപ്പിക്കുന്ന നൃത്തമായാണ് മോഹിനിയാട്ടം അന്നും നിലനിന്നിരുന്നത്. ഇത്രയൊക്കെയേ നമുക്ക്പറയാനാവൂ.
സ്വാതി ഉദ്ഗ്രഥനഘട്ടത്തിനു ശേഷം കലാമണ്ഡലം വരെയുള്ള മോഹിനിയാട്ടത്തിന് അത്രമേൽ അവ്യക്തതയില്ലെന്ന് തോന്നുന്നു.
ഇല്ല. അതിനു മുൻപുള്ള ഘട്ടമാണ് അവ്യക്തമായിരിക്കുന്നത്. തുടർന്നുള്ള ഘട്ടം നമുക്കിന്നു തിരിച്ചറിയാനാവുന്നതാണ്. വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച സാമൂഹികവ്യവസ്ഥിതി നിലനില്ക്കുന്ന കാലത്തെ കേരളത്തിൽ ഒരു സ്ത്രീ നൃത്തത്തിന്റെ സ്ഥിതിഎന്തായിരുന്നു എന്നത് ഇന്ന്തിരിച്ചറിയാനാവുന്നതാണ്. നമ്മുടെ പുതിയ സദാചാരസങ്കല്പ്പങ്ങളും പഴയ സാമൂഹിക വ്യവസ്ഥിതിയും തമ്മിൽ കടിപിടികൂടുന്ന സങ്കീർണ്ണമായ ആ ചരിത്രപശ്ചാത്തലത്തിൽ നർത്തകികൾ അവരവരുടെ പ്രതിഭയെ മുൻനിർത്തിയാണ് നൃത്തംചെയ്തത്, അല്ലാതെ കളരിയെ ഉപജീവിച്ചല്ല. കൃഷ്ണപ്പണിക്കരാശാൻ പറഞ്ഞത് ഇത് വ്യക്തമാക്കുന്നുണ്ട്. പണിക്കരാശാൻ പറഞ്ഞിരുന്നു, അക്കാലത്ത് ധാരാളം നർത്തകിമാർ മനോഹരമായി നൃത്തം ചെയ്യുന്നവരായി ഉണ്ടായിരുന്നു.എന്നാൽ ഓരോരുത്തരും ചെയ്തിരുന്നത് അവരരുടെ കഴിവനുസരിച്ചുള്ള അവരവരുടെ നൃത്തമായിരുന്നു. കൃഷ്ണപ്പണിക്കരാശാൻ ഒരു അടതാള വർണ്ണം എടുക്കാൻ നോക്കിയിട്ട് ആര്‍ക്കും താളം മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്ന് പറയുന്നുണ്ട്. അതായത് ശാസ്ത്രീയമായി നൃത്തത്തെ അഭ്യസിപ്പിക്കുന്ന കളരി സമ്പ്രദായം മോഹിനിയാട്ടത്തിന് അന്നുമില്ല. കളരി സമ്പ്രദായത്തിന്റെ വളർച്ചയോടെയാണ് ഒരു ക്ലാസിക്കൽ കലാരൂപത്തിന്റെ ഉയർന്ന തലത്തിലേക്ക് മോഹിനിയാട്ടം പ്രവേശിക്കുന്നത്.
ഒരു കച്ചേരിയെന്ന നിലയിലേക്ക് സ്വാതിതിരുന്നാളിന്റെ കാലത്തു തന്നെ മോഹിനിയാട്ടം എത്തിച്ചേർന്നിരിക്കാം എങ്കിലും കലാമണ്ഡലത്തിന്റെ കാലം വരെ അത്തരം കച്ചേരികൾ തന്നെ ഉണ്ടായിരുന്നിരിക്കില്ല. പുറത്തു നിന്ന് അനേകം ഘടകങ്ങൾ ചേർന്നാണ് ഇന്നത്തെ മോഹിനിയാട്ടം ഉണ്ടാക്കിയത് എന്ന് വാദം ഉയരുന്നത് അവിടെയാണ്.
എനിക്കാ വാദത്തോട് യോജിപ്പില്ല. ഈ കലാരൂപം ഇവിടെതന്നെ ഉണ്ടായിരുന്നതാണ്. കച്ചേരിസമ്പ്രദായം അക്കാലത്ത് അവതരണമായി ഉണ്ടാവാതിരുന്നത് അന്നത്തെ വ്യവസ്ഥിതിയുടെ ഭാഗമായാണ്. അന്ന്നർത്തകർ അരമണിക്കൂർ നൃത്തംചെയ്യുന്നു , ആസ്വാദകർ നര്‍ത്തകരുടെ ഭംഗി കണ്ടിരിക്കുന്നു – അത്രയേഉ ള്ളു. എന്നാൽ അതിനർഥം അന്ന് നൃത്തം ഉണ്ടായിരുന്നില്ല എന്നല്ല. അങ്ങനെ ഈ നാട്ടിൽ നിന്ന് വന്ന ഒന്നല്ല എങ്കിൽ ഇതിങ്ങനെ നിലനില്ക്കില്ല. നോക്കൂ, പത്മാസുബ്രമണ്യം എന്ന അതിപ്രഗത്ഭയായ നർത്തകി കൊണ്ടുവന്ന ‘ഭരതനൃത്തം‘ എന്ന നൃത്തരൂപത്തിന്റെ കാര്യം. ശാസ്ത്രദൃഷ്ട്യാ ഭരതനൃത്തം തികച്ചും ശാസ്ത്രീയമാണ്. പക്ഷെഎന്ത്സംഭവിച്ചു ? നൈസ്സർഗ്ഗികമായി ,ജൈവികമായി നമ്മുടെ നാടിന്റെ സൗന്ദര്യസമീപനത്തെ മുൻനിർത്തി വികസിച്ചു വന്ന ഒരു നൃത്ത രൂപത്തിന്റെ പരിണിതിയാണ് തീർച്ചയായും ഇന്നു കണ്ടു കൊണ്ടിരിക്കുന്ന മോഹിനിയാട്ടം. അങ്ങനെയല്ല എന്ന് കരുതുന്നത് സമ്പൂർണ്ണ അബദ്ധമാണ്.
കലാമണ്ഡലത്തിലെത്തിയശേഷമുള്ള മോഹിനിയാട്ടത്തിന്റെ ആധുനികഘട്ടത്തിലെ വികാസപരിണാമങ്ങൾ നോക്കിയാല്‍ ചിന്നമ്മുവമ്മയുടെയും കല്യാണിക്കുട്ടിയമ്മയുടെയും ശൈലീഭേദങ്ങളിലൂടെ പരിണമിച്ചുവന്ന മോഹിനിയാട്ടത്തെയാണ് കാണാനാവുക. ഇന്ന്നിരീക്ഷിക്കുമ്പോൾ അക്കാലഘട്ടം സഫലമായിരുന്നുഎന്ന്പറയാമോ ?
കലാമണ്ഡലം പ്രധാനമായും ചിന്നമ്മുടീച്ചറിന്റെ ബാണിയാണ് പിന്തുടർന്ന് വന്നത്. സത്യഭാമടീച്ചർ കല്യാണിക്കുട്ടിയമ്മടീച്ചറിന്റെ അടുത്തു പഠിക്കുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതിൽനിന്ന് ഒന്നുപോലും അങ്ങൊട്ടെടുത്തിട്ടില്ല. എന്നാൽ കല്യാണിക്കുട്ടിയമ്മ–ശൈലി വളരെ നന്നായി തഴച്ചുവളരുകയും ചെയ്തു. വാസ്തവത്തിൽ ബാണികൾ സവിശേഷമായ ഒരു കാലഘട്ടത്തെ സംബന്ധിച്ചുള്ള കാര്യമാണ്. ആ അർത്ഥത്തിൽ, നിരവധി പ്രയോക്താക്കൾ ഉണ്ടാവുകയാണ് ഒരു കലയുടെ വളർച്ചയിലെ പ്രധാനപ്പെട്ട കാര്യം. ഞാൻ നൃത്തം പഠിച്ചു, നന്നായി അവതരിപ്പിച്ചുഎന്നതല്ല കലയുടെ ഭൂപടത്തിൽ എന്നെ അടയാളപ്പെടുത്തുന്ന കാര്യം. അത്തരമൊരു തലത്തിൽ അന്ന് മോഹിനിയാട്ടത്തിന് വികാസമുണ്ടായില്ല എന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. പുരുഷാധിപത്യപരമായ വ്യവസ്ഥയുടെ പ്രതിബന്ധങ്ങളെ മറികടക്കാൻ നർത്തകികൾക്ക് ഏറെ പണിപ്പെടേണ്ടി വരികയും ചെയ്തു.
കേരളത്തിലെ സൗന്ദര്യസങ്കൽപ്പനങ്ങളുടെ ആവിഷ്കാരം എന്ന നിലക്കാണ് മോഹിനിയാട്ടത്തെ കാണുന്നത് എന്ന് പറഞ്ഞല്ലോ. എന്നാൽ നീനാപ്രസാദിന്റെ മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതം കർണാടകസംഗീതമാണ്. കേരളത്തിന്റെ സംഗീതമാണല്ലോ മേൽപ്പറഞ്ഞ സൗന്ദര്യസങ്കൽപ്പനങ്ങളെ മുൻനിർത്തി ചിന്തിക്കുമ്പോൾ യുക്തിസഹം ?
അല്ല, കേരളീയസംഗീതം എന്നത് കർണാടകസംഗീതം പോലെ വിപുലവും ആഴമേറിയതുമായ നിലയിൽ ശാസ്ത്രീയമായി വളർന്നുവന്ന ഒന്നല്ല. ഏതാനും രാഗങ്ങളും അവയുടെ പരിമിതമായ സൗന്ദര്യവത്തായ ഉപയോഗവുമാണ് ആകെയിവിടെ ഉണ്ടായിരുന്നതായി നമുക്ക് ലഭിക്കുന്ന വിവരം. മോഹിനിയാട്ടത്തിന്റെ കേരളീയതയ്ക്കായി ആ പരിമിതവൃത്തതിലേക്ക് ചുരുങ്ങണം എന്ന് ചിന്തിക്കുന്നത് അർത്ഥശൂന്യമാണ്.
രാഗങ്ങൾ ഏതുപയോഗിക്കുന്നു എന്നതിനേക്കാൾ രാഗങ്ങളുടെ ഉപയോഗത്തിൽ കേരളീയതയുടെ തനതുസാധ്യതകൾ അന്വേഷിക്കാമല്ലോ?
ഞാൻചോദിക്കട്ടെ, ശ്രീരാഗത്തിൽ ഒരു വര്‍ണ്ണം ചെയ്യുന്നുവെന്നു വയ്ക്കുക. ശ്രീരാഗത്തിന്റെ വൈവിധ്യമാർന്ന സഞ്ചാരങ്ങളെ പരിമിതപ്പെടുത്തുമ്പോൾ ഭാവവൈവിധ്യത്തിനുള്ള സാധ്യതയുമാണ് പരിമിതപ്പെടുന്നത്. അതുകൊണ്ട് എന്തുകിട്ടാനാണ് ? കേരളീയത എന്നാൽ ഞാനുദ്ദേശിക്കുന്നത് മൗലികവാദത്തിന്റെ കടുംപിടുത്തങ്ങൾ അല്ല. നോക്കൂ, ഞാൻ തിരുവനന്തപുരത്തുകാരിയാണ്. നിശ്ചയമായും മലയാളിയാണ്. പക്ഷെ തമിഴ്നാടിന്റെ പല സ്വഭാവങ്ങളും ഉണ്ട്. ഭക്ഷണശീലങ്ങളിൽ വരെ അതുണ്ട്. ഇത്തരത്തിലുള്ള സംസ്കാരങ്ങളുടെ ആദാനപ്രദാനങ്ങളെ നിഷേധിക്കുന്നതിൽ അർഥമൊന്നുമില്ല. ഞാനുദ്ദേശിക്കുന്ന മാർഗ്ഗം അതല്ല.
നീനപ്രസാദ് മദിരാശിയിലെ ഭരതനാട്യപഠനത്തിനു ശേഷമാണ് മോഹിനിയാട്ടം തെരഞ്ഞെടുക്കുന്നത്. ആദ്യമേ മോഹിനിയാട്ടത്തോട് പ്രിയമുണ്ടായിരുന്നോ ? അതോ പിന്നീട് തന്റെ ഇടം ഇതാണെന്ന് തിരിച്ചറിയുകയായിരുന്നോ?
ആദ്യകാലത്ത് മോഹിനിയാട്ടത്തോട് ഇഷ്ടമായിരുന്നു. പക്ഷേ പിന്നീടത് ദുര്‍ബലമായി.വലിയ നര്‍ത്തകിമാരുടെ നൃത്തം കണ്ടു മോഹിച്ചാണ് ഞാന്‍ ഭരതനാട്യം പഠിക്കാന്‍ എത്തുന്നത്. ലക്ഷ്മണന്‍ സാറിനെപ്പോലെ, വെമ്പട്ടി ചിന്നസത്യം മാസ്റ്ററെപ്പോലെ വലിയ നട്ടുവന്മാര്‍ക്ക് കീഴില്‍ നടന്നപഠനമാണ് എന്നിലെ നര്‍ത്തകിയെ യഥാര്‍ത്ഥതലത്തില്‍ രൂപപ്പെടുത്തിയത്. പിന്നീട് ഞാന്‍ ഒരുപാട് ഭരതനാട്യവും കുച്ചിപ്പുടിയും ചെയ്തിട്ടുണ്ട്. ആ സമയത്തും കേരളത്തില്‍ എനിക്ക് മോഹിനിയാട്ടത്തിനു പല അവസരങ്ങളും വരും . പലപ്പോഴും അന്ന്ബോറടിച്ചിട്ടുണ്ട്. എന്നാൽ ക്രമേണ എനിക്ക് എന്റെ ആവിഷ്കരണമാധ്യമം ഇപ്പോള്‍ ഞാന്‍ ചെയ്യുന്നവയല്ല എന്ന തോന്നല്‍ ശക്തമായി. നന്നായി നൃത്തംചെയ്യുന്നുണ്ട്, നന്നായി എന്ന് എല്ലാവരും പ്രശംസിക്കുന്നുമുണ്ട്. പക്ഷെ എന്റെ ഇടം ഇതല്ല എന്നും ഭാവാവിഷ്കരണത്തിന് എന്റെ മാര്‍ഗ്ഗം കാണേണ്ടതുണ്ട് എന്നും ശക്തമായി തോന്നാന്‍ തുടങ്ങി. മോഹിനിയാട്ടത്തില്‍ അതിനുള്ള സാധ്യതയുണ്ട് എന്ന് എനിക്കറിയാം. പക്ഷെ എനിക്കതിനു കഴിയുമോ എന്ന ആശങ്കയായിരുന്നു. ആ കാലത്ത് എന്റെ ചില നൃത്തപരിപാടികള്‍ക്ക് പാടിയ പ്രശസ്തസംഗീതജ്ഞന്‍ ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി എന്നോട് ഭാവിയിൽ മോഹിനിയാട്ടത്തിലേക്കു ശ്രദ്ധയൂന്നേണ്ടതിനേപ്പറ്റി പ്രചോദനാത്മകമായി സംസാരിയ്ക്കുകയുണ്ടായി. സുഘടിതമായ ഒരു മോഹിനിയാട്ടക്കച്ചേരിയുടെ കാഴ്‌ച്ചപ്പാട് വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ഏറെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെ തുടർന്ന് ഗൗരവായി കാണാനാരംഭിച്ചപ്പോൾ മലയാണ്മയുടെ ഏറ്റവും സൂക്ഷമായ സൗന്ദര്യാംശത്തെ ആവിഷ്കരിക്കാൻ പ്രാപ്തമായ ഒരു നൃത്തമാദ്ധ്യമമായി ഞാൻ മോഹിനിയാട്ടത്തെ തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് ക്രമേണ ഞാന്‍ മോഹിനിയാട്ടത്തിന്റെ ഗൌരവമായ പഠനത്തിലേക്കും അവതരണത്തിലേക്കും എത്തിച്ചേരുന്നത്. കലാമണ്ഡലം സുഗന്ധിടീച്ചറും കലാമണ്ഡലം ക്ഷേമാവതിയും ആണ് മോഹിനിയാട്ടത്തിൽ എന്റെ ഗുരുനാഥകൾ. ചിട്ടപ്പെട്ട ഭരതനാട്യശിക്ഷണത്തിനു ശേഷം മോഹിനിയാട്ടപഠനത്തിലെത്തിച്ചേർന്നത് എനിക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.
നീനപ്രസാദ് മോഹിനിയാട്ടത്തിലെത്തിയതിനു ശേഷമുള്ള ഘട്ടം ഇന്നത്തെ തലമുറയുടെ അനേകം നവീനാന്വേഷണങ്ങള്‍ കൊണ്ടു സമ്പന്നമാണ്. അതിനു മുന്‍പുള്ള ഘട്ടത്തെ ദുര്‍ബലപ്പെടുത്തിയ പുരുഷാധിപത്യപ്രവണതകളുടെ ധ്വനനശേഷി കുറയുകയും ചെയ്തിട്ടുണ്ട്. ഈ അവസ്ഥയെ എങ്ങനെ കാണുന്നു?
തീര്‍ച്ചയായും ശുഭോദര്‍ക്കങ്ങള്‍ കൊണ്ടു സന്തോഷകരമാണ് ഇന്ന് മോഹിനിയാട്ടരംഗം. പുതിയ നര്‍ത്തകിമാര്‍ വിപ്ലവകരമായ സര്‍ഗ്ഗഭാവനകള്‍ ആണ് മോഹിനിയാട്ടത്തില്‍ ആവിഷ്കരിക്കുന്നത്. അവയെ ആ അര്‍ത്ഥത്തില്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ആസ്വാദകസമൂഹവും വളര്‍ന്നുവരുന്നുണ്ട്. മുന്‍പുള്ള തലമുറ ശരീരഭാഷയില്‍ വരെ നേരിട്ട ന്യൂനീകരണവും സ്ത്രീവിധേയത്വഭാഷയും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. എന്റെ ആദ്യഘട്ടത്തിലെ മോഹിനിയാട്ടത്തില്‍ നര്‍ത്തകി തന്റെ ശരീരത്തെ ആധികാരികമായി ആവിഷ്കരിക്കുന്നതു തന്നെ ഒരത്ഭുതമായിരുന്നു. അത്രമേല്‍ പുരുഷാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരന്തരീക്ഷത്തില്‍ നിന്ന് വിമോചിതമായി, ഇന്ന് ഇന്ത്യയിലെ മറ്റു നൃത്തരൂപങ്ങള്‍ക്ക് ഒപ്പംതന്നെ തലയുയര്‍ത്തി നില്‍ക്കാനുള്ള അവസ്ഥയിലേക്ക് എത്തിച്ചത് ഞാനുള്‍പ്പെടുന്ന തലമുറതന്നെയാണ്. കൂടുതല്‍ സൃഷ്ടിപരമായ സര്‍ഗ്ഗാത്മകമായ ആവിഷകരണങ്ങള്‍ക്ക് മോഹിനിയാട്ടരംഗം ഇപ്പോൾ പ്രാപ്തവും സുസജ്ജവുമാണ്. മറ്റേത് ഇന്ത്യൻ നൃത്തരൂപത്തോടും കിടപിടിയ്ക്കത്തക്കനിലയിൽ വികസിച്ചുവന്ന ആവിഷ്കരണസ്വരൂപം ഇന്നു മോഹിനിയാട്ടത്തിനു കൈവന്നിട്ടുണ്ട്. അവയെ അറിഞ്ഞാസ്വദിക്കുന്ന ഒരു സഹൃദയസമൂഹവും ഇന്ന് രൂപപ്പെട്ടുവന്നിട്ടുണ്ട്. തീർച്ചയായും മോഹിനിയാട്ടത്തിന്റെ ഭാവിയേപ്പറ്റി നല്ല പ്രതീക്ഷകളേയുള്ളൂ.
Be the first to write a comment.