ഉള്ളിൽ വെച്ചുകൊണ്ട് ധ്രുവമിഹ മാംസനിബദ്ധമല്ല രാഗംഎന്നു ഈ പ്രത്യേക സന്ദർഭത്തിൽ പറയുന്നത് ആ സങ്കല്പത്തിലുള്ള ആന്തരവൈരുദ്ധ്യത്തെ സ്ഫുരിപ്പിക്കാൻ കൂടി ഉതകുന്ന ഒരു ഫലിതമായിത്തീരുന്നു. ധ്രുവമിഹ എന്നീ പദങ്ങൾ പാദപൂരണത്തിനുള്ളവയല്ല. ഹ്രസ്വജീവിതമായ ആ പ്രേമസാക്ഷാത്കാരത്തിനും അലൗകികതയുടെ സ്പർശം ഒട്ടുമില്ല: മർമ്മസ്പർശിയാണു ലീലാവതിയുടെ ഈ നിരീക്ഷണം. ആശാനിൽ കുടുംബസ്ഥനും സംന്യാസിയും തമ്മിൽ ഒരു സംഘർഷം നിലനിന്നിരുന്നുവെന്നും ദിവാകരനെയും ഉപഗുപ്തനെയും പോലുള്ള പുരുഷകഥാപാത്രങ്ങളിലേയ്ക്ക് തന്നിലെ പരിവ്രാജകാംശത്തെയും നളിനിയും ലീലയും പോലുള്ള സ്ത്രീകഥാപാത്രങ്ങളിലേയ്ക്ക് തന്നിലെ പ്രണയിയെയും പ്രക്ഷേപിച്ചുവെന്നും കരുതാവുന്നതാണു. ശ്രീനാരായണനിൽ നിന്നു കിട്ടിയിരിക്കാനിടയുള്ള സ്ത്രീയോടുള്ള ജുഗുപ്സ കലർന്ന ഭയം വാസവദത്തയായും രൂപം കൊണ്ടിരിക്കാം. ലീലതൽകാലം നേടിയ ദിവ്യത്വത്തിൽ ആകെയുള്ളത് രോഗാതുരനായ മദനനോട് തോന്നിയ മാതൃഭാവം മാത്രമാണു. പ്രിയതമ പൈതലെ അമ്മയെന്ന പോൽ അനുകമ്പ കലർന്ന അവളുടെ നോട്ടത്തിലും തലോടലിലും മാതൃഭാവത്തിൽ വിലയിച്ച ഒരു കാമുകിയാണുള്ളത്. ലോലം എന്നു വിശേഷിപ്പിക്കാവുന്നതാണു ഈ നൈമിഷികമായ മാരിവില്ലിന്റെ ഉദയം. ആ പ്രണയസാക്ഷാത്കാരത്തിന്റെ മൃദുമുഹൂർത്തം തന്നെ ശാശ്വതമായൊരു വേർപാടിന്റെ മുഹൂർത്തവുമാകുന്നിടത്ത്, നളിനിയുടെ അന്ത്യരംഗത്തിലെന്ന പോലെ തന്നെ ഒരു ആശാൻ മുദ്രയുണ്ട്: യോഗാത്മകമായ ഒരു ഭാവമണ്ഡലം  ആ ആർദ്രമായ രാഗസാക്ഷാത്കാരത്തെ സാന്ദ്രതീക്ഷ്ണമാക്കുന്നു.

II

      നളിനിയെ സംബന്ധിച്ചും ലീലാവതി സാമ്പ്രദായിക സമീപനം തിരസ്കരിക്കുന്നു. സാമ്പ്രാദായിക സമീപനമനുസരിച്ച്, നശ്വരങ്ങളിൽ പ്രതിഷ്ഠിക്കുന്ന സ്നേഹത്തിന്റെ നിരർത്ഥകത തിരിച്ചറിഞ്ഞ് ദിവാകരന്റെ മഹാതത്വവാക്യത്താൽ ജ്ഞാനസ്നാതയായി ജീർണ്ണവസ്ത്രം പോലെ ലൗകികജീവിതം ഉപേക്ഷിച്ചു പോവുകയാണു നളിനി. എന്നാൽ കാര്യം അത്ര ലളിതമല്ല. കാരണം യുക്തിവിചാരങ്ങളോടു കൂടിയ ബോധമനോവ്യാപാരം മാത്രമല്ല വാസ്തവത്തിൽ കവിദർശനം: യുക്ത്യതീതവും യുക്തിരഹിതവുമായ അബോധമനോവ്യാപാരം കൂടിയാണത്. അതുകൊണ്ട് കവി ബോധപൂർവ്വം നടത്തുന്ന ചില തത്വപ്രഖ്യാപനങ്ങളെ കവിതയുടെ ദർശനമായി തെറ്റിദ്ധരിച്ചു കൂടാ. അങ്ങിനെ തെറ്റിദ്ധരിച്ചവരാണു ആശാനെ കേവലം ആത്മീയസ്നേഹത്തിന്റെ വക്താവായി ചുരുക്കുന്നത്. സ്നേഹമാണഖിലസാരമൂഴിയിൽ’, സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം, സ്നേഹത്താൽ വൃദ്ധി നേടുന്നൂ,സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂറാവർത്തി ചത്തീടുവിൻ’, സ്ഫുടസൗഹൃദമാന്തരാത്മികം തുടങ്ങിയ ക്വോട്ടബിൾ ക്വോട്സ് ഉപയോഗിച്ച് ആശാന്റെ സ്നേഹസങ്കല്പത്തെ മാംസശൂന്യമാക്കുകയാണവർ. അങ്ങേയറ്റം ഇവയെല്ലാം ആശാൻ സൃഷ്ടിച്ച ചില പുരുഷകഥാപാത്രങ്ങളുടെ നിലപാടുകളാണു. അവർ ദിവാകരനെയോ ഉപഗുപ്തനെയോ പോലെ സംന്യാസികളുമാണു. ആശാന്റെ അബോധമനസ്സ് കേവലം ആത്മീയസ്നേഹസങ്കല്പത്തെ അംഗീകരിച്ചിരുന്നതായി കരുതാനാവില്ല. നളിനി അതംഗീകരിച്ചിരുന്നെങ്കിൽ മാതംഗിയെപ്പോലെ അശുഭനശ്വരത്തിൽ നിന്നു മനസ്സിനെ ശുഭാനശ്വരത്തിലേയ്ക്കു പറിച്ചു നടുകയും അങ്ങനെ വല്ല ഭിക്ഷുണീമന്ദിരത്തിലും ലോകോപകാരാർത്ഥം ജീവിക്കുകയും ചെയ്തേനെ, എന്നാൽ അതല്ല സംഭവിച്ചത്. ദിവാകരൻ മഹാവാക്യതത്വമോതിക്കൊടുത്തതിനു ശേഷവും, മറിച്ച് തന്റെ ജീവനും ഭോഗവും മോക്ഷവും ദിവാരന്റെ കാലടികളുടെ അതിരുകൾക്കകത്താണെന്നും അവ പോയാൽ താനില്ലെന്നും ദൃഢമായി പ്രസ്താവിക്കുകയാണു നളിനി ചെയ്തതു. വീഴാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് താങ്ങിയ ദിവാകരനെന്ന യമിയുടെ കരുണയും മമതയും അന്യദുർലഭവും അലോകസംഭവവുമായ കേവലസൗഖ്യമായി അനുഭവപ്പെട്ട നളിനി, അതിനു മുൻപ് ദിവാകരൻ നടത്തിയ തോഴീ, കാരുണികനാണി നിന്നിൽ ഞാൻ എന്ന പ്രഖ്യാപനമുണർത്തിയ വൈകാരികചണ്ഡവാതത്തിന്റെ ഒരെതിർകാറ്റിൽ ജീവൻ വെടിയുകയാണു. അവൾക്കു താങ്ങാനാവുന്നതിലേറേയായിരുന്നു ആ സംഘർഷം. ആ ജീവനഷ്ടത്തിൽ ഉയർന്ന ധാമം മിന്നൽ പോലെ വ്യോമമണ്ഡലമണഞ്ഞു മാഞ്ഞു എന്ന ആശാന്റെ കല്പനയെ തൊട്ടതിനെല്ലാം മായികപരിവേഷമണിയിക്കുന്ന അദ്ദേഹത്തിന്റെ ഭാവനാവിശേഷത്തിന്റെ ഉത്പന്നമായേ കണക്കാക്കേണ്ടതുള്ളൂ. വെറുതേ ദിവാകരോപദേശമുൾക്കൊണ്ട് മോക്ഷം പൂകുകയാണു നളിനി ചെയ്തതെങ്കിൽ കാവ്യാന്തത്തിലെ ശരീരമുൾപ്പെടുന്ന വൈകാരികസന്ദർഭങ്ങളെല്ലാം അനുചിതവും അപ്രസക്തവുമെന്നു കരുതേണ്ടി വരും. വികാരപ്രളയത്തിൽ നളിനിക്കുണ്ടാകുന്ന തളർച്ച സംക്രാന്തഹസ്തമുടൽ ചേർന്നു തങ്ങളിൽകരണസത്വയുഗ്മമന്യോന്യലീനമറിവറ്റു നിൽക്കവേ കന്യ കേവലസുഖം സമാസ്വദിച്ചുതുടങ്ങിയ വർണ്ണനകൾ – ഇവയിലെല്ലാം ബോധമനസ്സിന്റെ സന്ദേശവും അബോധമനസ്സിന്റെ പ്രതിഷേധവുമാണു നിരൂപക കാണുന്നത്. നളിനീസ്മരണയാൽ ദിവാകരനു ചിത്തശുദ്ധി വർദ്ധിച്ചതായും ആശാൻ പറയുന്നു. ലൗകികതയെ നിരാകരിക്കുകയല്ല, ലൗകികയുടെയും ആത്മീയതയുടെയും ലയനത്തിലാണു ജീവിതസാരം തിരക്കേണ്ടതെന്നാണിവിടെയും സൂചന. അങ്ങിനെ നളിനീചരിതം ദുശ്ശമനീയമായ ഒരു തൃഷ്ണയുടെ കഥയായി മാറുന്നു.

                        ശൃംഗാരപദ്യങ്ങളെഴുതി ആരംഭിച്ച കുമാരനാശാനെ ശ്രീനാരായണനാണു അതിൽ നിന്നു വിലക്കിയതെന്ന ഭാനുമതിയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് അതു ശരിയാണെങ്കിലും അല്ലെങ്കിലും രതിഭാവത്തെ ഉള്ളിലേയ്ക്കു തിരിച്ചുവിടുന്നതാണു ആശാന്റെ പിൽക്കാലരചനകൾ എന്ന് ലീലാവതി സമർത്ഥിക്കുന്നുണ്ട്. ശക്തവാസനകൾ അടിച്ചമർത്തും തോറും വിസ്ഫോടകമായി മാറുമെന്നും അത് പ്രത്യക്ഷമോ പ്രച്ഛന്നമോ ആയി പുറത്തു വരുമെന്നുമുള്ള മനഃശാസ്ത്രതത്ത്വം ഇവിടെ പ്രസക്തമാണു. ആ യമിതരതിഭാവമാണു ആശാന്റെ സ്ത്രീകഥാപാത്രങ്ങളിലൂടെ ആവിഷ്കാരം തേടുന്നത്. കവിയുടെ അനിമയാണു നളിനി: കവിയുടെ അബോധചോദനകൾ ബോധവ്യാപാരങ്ങളുമായി സമന്വയിക്കപ്പെട്ട് ഉദാത്തീകരിക്കപ്പെടുന്ന പ്രക്രിയയാണു നളിനിയുടെ ആഖ്യാനഘടന നിർണ്ണയിക്കുന്നത്. സംന്യാസോപദേശം ചെറുപ്പത്തിലേ ലഭിച്ചിട്ടും വാസനാബന്ധത്തിന്റെ സ്വാഭാവികബന്ധത്തിനു വഴങ്ങാൻ നിശ്ചയിച്ച കവിക്ക് കാടു പൂക്കുമ്പൊഴൊക്കെ മനസ്സ് അഭിലാഷചിന്തകളിലേർപ്പെടുന്ന നളിനിയെ മനസ്സിലാക്കുക തെല്ലും വിഷമമുള്ള കാര്യമല്ല. സാഹിത്യപരിസരത്തിൽ നിന്നല്ലാ ആന്തരികചോദനകളിൽ നിന്നാണു ആശാൻ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്, അഥവാ രണ്ടു കാവ്യങ്ങളുടെ കാര്യത്തിൽ (കരുണ, ചണ്ഡാലഭിക്ഷുകി) എന്നു കാണാൻ വിഷമമില്ല. അതുകൊണ്ടാണു ആ കഥാപാത്രങ്ങളിൽ അയാഥാർത്ഥ്യത്തിന്റെ പരിവേഷവും യഥാർത്ഥമായ അന്തഃസംഘർഷത്തിന്റെ തീവ്രതയും ഒരേ സമയം അനുഭവവേദ്യമാകുന്നത്.
                 ദിവാകരനോട് സ്വകഥാഖ്യാനം ചെയ്യുമ്പോൾ ശിവ-പാർവ്വതിമാരെ നളിനി അനുസ്മരിക്കുന്നുണ്ട്
; ഘോരതപസ്സാൽ പാർവ്വതി ശിവനെ- പുഷ്പഹേതിതൻ വൈരിയായ വടു; ആകർഷിച്ച ആ സന്ദർഭം അവൾ ഓർമ്മിക്കുന്നത് തനിക്ക് പ്രണയനിഷ്ഠ കൊണ്ട് ദിവാകരനെ കീഴ്പ്പെടുത്താമെന്ന മോഹം പ്രകടിപ്പിക്കുവാൻ തന്നെ. എന്നാൽ കാളിദാസന്റെ ശിവൻ ജീവിതകാമന പ്രകടിപ്പിക്കാൻ മടിയില്ലാത്ത  വടുവാണു, അഗ്നിപരീക്ഷകൾ ജയിച്ച പ്രേമത്തിനു ദേവനെയും മുനിയെയും ആകർഷിക്കാനാകുമെന്ന് ആ കവി വിശ്വസിച്ചു. എന്നാൽ ആശാന്റെ ബോധമനസ്സിന്റെ പ്രതിരൂപങ്ങളായ പുരുഷകഥാപാത്രങ്ങൾ ഇത്തരമൊരു സന്ധിക്കുപോലും തയ്യാറല്ല. ദിവാകരൻ നളിനിക്കു വഴങ്ങരുതെന്ന് കവിയുടെ ബോധമനസ്സ് ഇച്ഛിക്കുന്നു. അതിനാൽ നളിനിയുടെ ഗൗരീശങ്കരസൂചനയെ അവഗണിച്ച് മഹാമോഹനിദ്രയിൽ നിന്നുണരാനവളെ ഉപദേശിച്ചു വിടപറയുകയാണു ദിവാകരൻ. എങ്കിലും നളിനിയിലൂടെ കവിയുടെ അബോധമനസ്സ് ഒരു പ്രതി-കഥാപാത്രത്തെ സൃഷ്ടിക്കുന്നു. ദിവാകരോപദേശം സ്വീകരിച്ചു നിർവ്വാണം പ്രാപിക്കുകയല്ല അവൾ. പരമാനന്ദമല്ല സന്താപത്തിന്റെ ഊഷ്മളപ്രഭയാണു നളിനി പ്രവേശിക്കുന്ന അദ്ധ്യാത്മവിദ്യാലയത്തിന്റെ അലൗകികഛവിയായി സഹൃദയനു അനുഭവപ്പെടുന്നത്.

III

      കുമാരനാശാന്റെ ഇതര നായികമാരെയും ലീലാവതി അതേ ലേഖനത്തിൽ (ആശാൻ: കവിയും മനുഷ്യനും) പഠനവിധേയരാക്കുന്നുണ്ട്. ചിന്താവിഷ്ടയായ സീതയിലെ സീത നളിനിയെപ്പോലെ മമതാബന്ധങ്ങൾക്കു വില കൽപിക്കുകയും ജീവിതത്തിന്റെ വൈകാരികതയെ പുണരുകയും വഴി ആശാനിലെ അബോധത്തെ അഥവാ സംന്യാസോത്സുകമല്ലാത്ത അപരത്വത്തെ ആണു പ്രതിനിധാനം ചെയ്യുന്നത്. കർത്തവ്യത്തിന്റെ പേരിൽ മമതയെ ധിക്കരിക്കുന്ന പെഴ്സൊണയെ ചോദ്യം ചെയ്യുന്നു അനിമരൂപത്തിനു പിറകിലെ ഛായ ആണു സീതയെന്ന് ലീലാവതി. സീത അബോധത്തിന്റെ ആവേശത്തിലാണു രാമനെ വിമർശിക്കുന്നതെന്നു പറയുന്നവർ അബോധസത്യമാണു വ്യക്തിയുടെ ആത്മസത്യമെന്ന് ഓർക്കുന്നില്ലാ എന്ന് അവർ വിമർശിക്കുന്നു; ആശാന്റെ സീത അത്തരം ഡിഫെൻസുകൾ ആവശ്യപ്പെടുന്നില്ലെന്നും വാൽമീകിയുടേയോ കാളിദാസന്റെയോ കല്പനയിലെ സീതയ്ക്കു നിരക്കാത്തതൊന്നും ആശാന്റെ സീതയിലില്ലെന്ന് മാരാരും മുണ്ടശ്ശേരിയും സമർത്ഥിച്ചിട്ടുണ്ടെന്നും ഓർമ്മിപ്പിക്കയും ചെയ്യുന്നു. സന്ദർഭസവിശേഷതയാണു സീതയുടെ വിചിന്തനം പ്രസക്തമാക്കുന്നത്. തന്നെ പരിത്യജിച്ചത് രാമന്റെ ഭർതൃധർമ്മവിലോപമാണെന്നും അതു ധർമ്മവിലോപം മാത്രമല്ല, പരിത്യാഗം അപവാദത്തെ ദൃഢീകരിക്കാനുതകും എന്നതുകൊണ്ട് കൃപണോചിതവൃത്തിയായിപ്പോയെന്നും ആ ക്രൗര്യം രാജ്യലാഭത്തോടു ബന്ധപ്പെട്ട മമത്വലോപത്തിന്റെ പരിണതഫലമാണെന്നും അതിനെ രാജധർമ്മനിർവ്വഹണത്തിന്റെ പേരിൽ നീതിവത്കരിക്കാൻ വയ്യെന്നുമുള്ള ചിന്തകൾ പരിത്യാഗത്തിനു ശേഷം സീതയുടെ മനസ്സിൽ ഏറെക്കാലം ഉമിത്തീയെന്ന പോലെ നീറിക്കൊണ്ടു കിടന്നു, എങ്കിലും ആശ്രമാന്തരീക്ഷത്തിന്റെ പ്രശാന്തിയും യമനിയമാദിവ്രതചര്യകളും അർഭകസാന്നിദ്ധ്യവും ആ  വ്രണത്തിന്റെ തീവ്രവേദന കുറച്ചു; സൂര്യസാന്നിദ്ധ്യമായിരുന്ന രാമൻ പോലും സ്മൃതിജലത്തിലെ ചന്ദ്രപ്രതിബിംബമായി: ആത്മവിദ്യാപരിശീലനം ഹൃദയത്തെ പുറമേ തരംഗഹീനമാക്കി.

എങ്കിലും ഈ ശമനത്തിനടിയിൽ അവമതിയുടെ കഠിനദുഃഖം അടിഞ്ഞു കിടന്നു. ലവ-കുശന്മാർ തന്നിൽ നിന്നകലാനുള്ള സന്ദർഭം വന്നപ്പോൾ അടക്കിപ്പിടിച്ചതെല്ലാം പുറത്തു വന്നു. രാജ്യസിംഹാസനാവകാശികളായ അവർക്ക് സ്ഥാനം നിഷേധിക്കാൻ വയ്യ
; എന്നാൽ റാണിയുടെ സിംഹാസനം തന്നെ തീരെ പ്രലോഭിപ്പിക്കാതാവുകയും ചെയ്തു: നിഴലിൻ വഴി പൈതൽ പോലെ പോം പോ/ യുഴലാ ഭോഗമിരന്നു ഞാനിനി”. ഒരിക്കൽ ഭർത്താവിൽ നിന്നു തന്നെ വേർപ്പെടുത്തിയ അധികാരം ഇപ്പോൾ കുട്ടികളെയും വേർപെടുത്താൻ പോകുന്നു. ഈ കൊടും വേദനയാണു സീതയുടെ ചിന്തകൾക്ക് സന്ദർഭൗചിത്യം നൽകുന്നത്. അമർത്തി വയ്ക്കപ്പെട്ട അഹിതചിന്തകൾ ഇപ്പോൾ സീതയെത്തന്നെ വിഹ്വലയാക്കിക്കൊണ്ട് പൊട്ടിയൊഴുകുന്നു. ഭീഷണമായ സത്യത്തോട് മുഖാമുഖം നിൽക്കാൻ കഴിയുന്നവരേ ഈ

Comments

comments