കവിത രുചിക്കേണ്ടൂ എന്ന് കവി തന്നെ കരുതുന്നതായിത്തോന്നുന്നു. സീതയെ സംന്യാസിനിയെപ്പോലെ കാണുന്ന  കോമളഹൃദയർക്ക് ഈ അനിയന്ത്രിതമായ ആത്മഗതത്തിന്റെ അനിവാര്യത ബോധ്യപ്പെടണമെന്നില്ല. ചിന്ത നമ്മുടെ നിയന്ത്രണത്തിലല്ല, ഭാഷണമേ നിയന്ത്രിക്കാനാവൂ. ഇവിടെ സീത തുറന്നു ചിന്തിക്കുകയാണു. തുറന്നു പറയുകയല്ല. ശ്രോതാക്കളില്ലാത്ത മനോഗത പ്രകടനമാണത്. ആശാൻ ഔചിത്യപൂർവ്വം തന്നെയാണു ഈ കാവ്യതന്ത്രം സ്വീകരിച്ചിരിച്ചത്. മറ്റാരോടെങ്കിലുമാണു സീത ഇങ്ങിനെ വാവിടുന്നതെങ്കിൽ അതിന്റെ ഔചിത്യവും മര്യാദയുമെല്ലാം യാഥാസ്ഥിതികപുരുഷസമൂഹമെങ്കിലും ചോദ്യം ചെയ്യുമായിരുന്നു. വാൽമീകിയുടെ സീത രാമനോട് നേരിട്ടു പറയുന്ന കാര്യം പോലും (ഗാത്രസ്പർശം വശക്കേടാ-/ലല്ലോ പറ്റീ മമപ്രഭോ/ അതെന്റെയിച്ഛയാലല്ലാ/കുറ്റം ദൈവത്തിനാണതിൽ) ആശാന്റെ സീത സ്വഗതരൂപത്തിലേ പ്രകടിപ്പിക്കുന്നുള്ളൂ (പടുരാക്ഷസചക്രവർത്തിയെ/ന്നുടൽ മോഹിച്ചതുമെന്റെ കുറ്റമോ?). ഈ സീതയെ അറിയണമെങ്കിൽ ഒന്നുകിൽ സ്ത്രീയാകണം, അല്ലെങ്കിൽ കല്പനയിലൂടെ ആ സ്ത്രീജീവിതസന്ദർഭവുമായി താദാത്മ്യം പ്രാപിക്കണം: ചുരുക്കത്തിൽ നമ്മിലെല്ലാമുള്ള സ്ത്രൈണചേതനയെ ഉണർത്തണം. അതോടെ നമ്മുടെ സമൂഹബോധത്തിലെ യേറ്റ്സ് പറയുന്ന മഹാസ്മൃതിആദിരൂപമായ സീതയും ഉണരും; ഒപ്പം നൂറ്റാണ്ടുകളിലൂടെ പല രാമായണങ്ങളിലും രാമായണസന്ദർഭങ്ങൾ അടിസ്ഥാനമാക്കിയുള്ള കൃതികളിലും നാം പരിചയിച്ച (ആ പരിചയം കവിത ആശവ്യപ്പെടുന്നുണ്ട്) സീതാബിംബങ്ങൾക്കും ജീവൻ വെയ്ക്കും: ആശാന്റെ പല വരികളും വാല്മീകിയുടെയും കാളിദാസന്റെയും വരികളുടെ ഓർമ്മയുണർത്താനുദ്ദേശിച്ചിട്ടുള്ളവയാണു, ചില വരികൾ സ്വതന്ത്രഭാഷാന്തരമാണെന്നു പോലും പറയാം.
                           രാഷ്ട്രീയകർത്തവ്യമെന്നു താൻ സങ്കലിച്ച ബലിവേദിയിൽ വ്യക്തിസ്നേഹകർത്തവ്യങ്ങളെ കുരുതി കൊടുത്ത രാമന്റെ ധർമ്മസങ്കല്പത്തെയാണു സീത ചോദ്യം ചെയ്യുന്നത്. മറ്റൊരു സ്ത്രീയാണു ഇങ്ങിനെ അപമാനിക്കപ്പെടുന്നതെങ്കിൽ മഹർഷിയുടെ പശുവിനെ സംരക്ഷിക്കാൻ ക്ഷത്രിയധർമ്മം അനുഷ്ഠിച്ചൊരു പൂർവ്വികനായ ദിലീപനെപ്പോലെ
, രാമൻ ഭ്രാതാവായി അവതരിക്കുമായിരുന്നു. രക്ഷിക്കപ്പെടേണ്ടവൾ സ്വന്തം കളത്രമായതിനാൽ തന്റെ പ്രവൃത്തി ഇന്ദ്രിയാർത്ഥമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയമാണു തന്റെ മറ്റൊരു ധർമ്മത്തിൽ നിന്നു വ്യതിചലിച്ച് രാജധർമ്മമെന്ന് താൻ കരുതിയത് നിഷ്കരുണം നടപ്പാക്കാൻ ഇവിടെ രാമനെ പ്രേരിപ്പിക്കുന്നത്. പത്നിക്കായി രാജ്യം വെടിഞ്ഞാൽ താൻ അല്പനായിപ്പോകുമോ എന്ന യാഥാസ്ഥിതികവും സാർവത്രികവുമായ, പുരുഷസഹജമെന്നു തെറ്റായി കരുതപ്പെടുന്ന, ഭയമാണെന്നും പറയാം. (പ്രണയത്തിനായി കിരീടങ്ങളും പദവികളും ഉപേക്ഷിച്ച ധീരനായകരെ രാമൻ അറിഞ്ഞിരുന്നെങ്കിൽ എന്ന് നമുക്കിവിടെ ആഗ്രഹിക്കാം). രാമനു ബദലുകൾ ഉണ്ടായിരുന്നില്ലെന്നല്ല. സീത തന്നെ സൂചിപ്പിക്കും പോലെ സിംഹാസനം സഹോദരരെ ഏൽപ്പിച്ച് രാമനു സീതയ്ക്കൊപ്പം വനവാസത്തിനു പോരാമായിരുന്നു. രാമനു വനാശ്രമവും അവിടത്തെ ജീവിതചര്യകളും – മറ്റു രാജാക്കൾക്കെന്നപോലെ – അപരിചിതവുമല്ല. അപ്പോൾ വ്യക്തമായും അധികാരാർത്തി തന്നെയാണു രാമനെ സീതയ്ക്കു പകരം സിംഹാസനത്തെ ആലിംഗനം ചെയ്യാൻ പ്രേരിപ്പിച്ചത്. ആ അനുരക്തിയുടെ മറുവശമാണു സീതയോടുണ്ടായ താത്കാലിക വിരക്തി. ഈ ധർമ്മലോപം കാണുമ്പോഴും അത് ക്ഷമിക്കുവാനായി സീത വഴി തേടുന്നുണ്ട്: സൂര്യവംശസഹജമായ സാഹസികതയാവാം രാജഭോഗപ്രലോഭനങ്ങൾക്കു വശംവദനാകാൻ രഘൂത്തമനെ പ്രേരിപ്പിച്ചതെന്ന് കരുതാൻ അവൾ ശ്രമിക്കുന്നു. എന്നിട്ടും ആ ധിഷണാശാലിനിക്ക് രാമന്റെ ധർമ്മോപേക്ഷ അംഗീകരിക്കാനാവുന്നില്ല. അപ്പോഴവൾ അപവാദഭയമാകാം കാരണം എന്നു ചിന്തിച്ചു നോക്കുന്നു. രാമന്റെ ശ്രുതിവിധേയതയെന്ന ദൗർബല്യം ഒരു ഹേതുവായി സീത പരിഗണിച്ചു നോക്കുന്നു. ഇങ്ങിനെ അയഥാർത്ഥമായ സമാശ്വാസങ്ങൾ തേടാനുള്ള സീതയുടെ ശ്രമങ്ങളൊന്നും ആദ്യമാദ്യം ആ തീവ്രവേദന കുറയ്ക്കുന്നില്ല. കർത്തവ്യപരതന്ത്രത, ശ്രുതിവിധേയത, വംശസാഹസികത, രാജഗൃഹോപജാപം: ഇങ്ങിനെ രാമന്റെ സ്വാഭാവികമായ ആർദ്രതയെ മരവിപ്പിക്കുന്ന പല സാഹചര്യങ്ങളും അവൾ പരിഗണിക്കുന്നു. തന്റെ സാഹസികതയിൽ രാമൻ പശ്ചാത്തപിക്കുന്നതായും അവളറിയുന്നു. അങ്ങിനെയാണു ഒടുവിൽ സീതയ്ക്ക് രാമന്റെ ധർമ്മസങ്കടത്തിൽ അനുകമ്പയുണരുന്നത്. കൃത്യനിഷ്ഠതയെ മുൻനിർത്തി സ്വയം തടവറ തീർത്ത രാമന്റെ ദൈന്യം, അധികാരത്തിന്റെ ഏകാന്തത, സ്വധർമ്മം ഏതെന്നു പ്രാഥമികവത്കരിക്കാനാകാത്ത മനുഷ്യന്റെ നിസ്സഹായത: ഇതിലെല്ലാമാണു സീതയുടെ സ്വഗതം എത്തി നിന്നത്. അപ്പോഴാണു രാമന്റെ അഗ്നിപരീക്ഷാവിധിയെക്കുറിച്ചുള്ള അന്തർദർശനം സീതയെ വീണ്ടും വ്രണിതയും അപമാനിതയുമാക്കുന്നത്. തന്റെ ചാരിത്ര്യത്തിനു തെളിവു നൽകാൻ ഭർത്താവിനാൽ കല്പിക്കപ്പെടുന്ന സുശീലയുടെ താപകോപങ്ങൾ അവളെ പുടവയ്ക്കു പിടിച്ച തീ ചുഴ-/ ന്നുടൽ കത്തുന്നൊരു ബാല പോലെഅതിതീവ്രമായി പൊള്ളിക്കുകയും മോഹാലസ്യപ്പെടുത്തുകയും ചെയ്യ്യുന്നു. ആത്യന്തികമായി ഈ കാവ്യം രാമന്റെ ദുര്യശസ്സു മായ്ച്ചുകളയാനുള്ള ശ്രമമായാണു നിരൂപക കാണുന്നത്. അത് മറിച്ചൊരു ഫലമാണുളവാക്കുന്നതെങ്കിലോ രാമനോട് ഏറ്റവും സഹതാപം തോന്നുക മനസ്വിനിയായ സീതയ്ക്കു തന്നെയായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

IV

             കരുണയെ ലീലാവതി അപഗ്രഥിക്കുന്നത് ഭാരതീയ ദുരന്തസങ്കല്പവുമായുള്ള അന്തരം അവർ വ്യക്തമാക്കുന്നുണ്ട് (കരുണ, ആമുഖം, എന്‍.ബി.എസ്. പബ്ലിക്കേഷന്‍). പാശ്ചാത്യദുരന്തം സമ്പൂർണ്ണമായ, മുക്തി ഹീനമായ അന്ധകാരത്തിലവസാനിക്കുമ്പോഴും ഇന്ത്യന്‍ ദുരന്തത്തിൽ ഒരു ഉയിർത്തെഴുന്നേല്പിന്റെ സാദ്ധ്യത കൂടി കുടികൊള്ളുന്നു. ഭയം കരുണങ്ങളെയുണർത്തിയതിനു ശേഷം ചേതോ വിഭ്രാന്തി ഉളവാക്കുന്നതോടൊപ്പം – Catharsisന്റെു ഇന്ത്യൻ രൂപം നിർവേദോത്പാദനക്ഷമമായ ജീവിതപരിണതി കൂടി ആവിഷ്കരിക്കുന്ന, ശാന്തിയുളവാക്കുന്ന ഒരു നിർവ്വഹണം മഹാഭാരതത്തിലെ ദുരന്താവ്യാഖാനങ്ങൾക്കും  രാമയണത്തിനുമെല്ലാമുണ്ട്. ഗാന്ധാരീവിലാപത്തോടെ ഭാരതം അവസാനിക്കുകയും സീതയുടെ അന്തർദ്ധാനത്തെ ഒരാത്മഹത്യയായി രാമായണം ചിത്രീകരിക്കുകയും ചെയ്തിരുന്നെങ്കിൽ അവ ദുരന്തശോകത്തിന്റെ ഉച്ചകോടിയിലെത്തിയൊടുങ്ങുമായിരുന്നു. എന്നാല്‍ പാണ്ഡവരുടെ മഹാപ്രസ്ഥാനം നിർവ്വേദജനകമാണ്, സീതയുടെ അന്തർദ്ധാനം അമ്മയുടെ വത്സലാശ്ലേഷം  പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്. അവതാരബദ്ധങ്ങളായ ദുഷ്ടസംഹാരകഥകൾ മോചന കഥകളാണ്. ബലിമൃഗം പോലും ഋഗ്വേദത്തിൽ അമരതയ്ക്കർഹമാണു. കരുണയിലും ക്രൌര്യം, ഭയം ശോകം ഇവയ്ക്ക് പിറകെ അലൌകികമായ വിഭ്രാന്തിയും നിർവ്വേദാവസ്ഥയും ചേർത്തിണക്കിയിരിക്കുന്നു. എങ്കിലും നിർവ്വഹണത്തി നിർവ്വേദമുള്ളത് കൊണ്ടുമാത്രം ലൌകിക  ദുരന്തങ്ങൾക്കു തീക്ഷ്ണത കുറയുന്നില്ല. ഗോയ്‌ഥേയുടെ ഫൌസ്റ്റിലെ മാർഗരട്ടിന്റെ കഥയും ഡിപ്പസ് കൊളോണസ്സിൽ എന്ന സോഫോക്ലിയന്‍ ദുരന്ത നാടകവും പതിവു പാശ്ചാത്യ സമ്പ്രദായത്തിൽ നിന്നു മാറി ശാന്തി-ചൈതന്യങ്ങളിലേയ്ക്ക്‌ നീങ്ങുന്നുണ്ട്. എങ്കിലും അവയിലെ ദുരന്തങ്ങള്‍ ഹാംലെറ്റ്, ഒഥല്ലോ, മക്ബെത്ത്‌, അന്റിഗണി തുടങ്ങിയവയിലേതിനേക്കാള്‍ തീവ്രത കുറഞ്ഞവയല്ല. ആശാന്റെ രുയുടെ അവസ്ഥയും ഇതാണു. നളിനി, ലീല, ചിന്താവിഷ്ടയായ സീത എന്നിവയും കരുണയെപ്പോലെ തന്നെ ആത്യന്തികമായി ദുരന്തകാവ്യങ്ങള്‍ തന്നെ. കരുണയുടെ അവസാനം വാസവദത്ത രമശാന്തി രസത്തിന്നുറവായി മാറുകയും നവതേജസ് ആ മുഖത്തു നിറയുകയും ചെയ്യുന്നുണ്ടെങ്കിലും, താണു നീണ്ട രണ്ടു ഭാനു കിരണങ്ങള്‍ അവൾക്കായി ചേണിയന്ന കനകനിഃ ശ്രേണി ഉണ്ടാക്കുന്നുണ്ടെങ്കിലും അനുവാചകനെ മഥിക്കുക ആ സ്ത്രീയുടെ നിസ്സഹായമായ പാതിയും നിശ്ചേതനവും അംഗവിഹീനയുമായ, അന്ത്യശയനരംഗം തന്നെയാവും.

            
എങ്കിലും ഈ കാവ്യങ്ങളെയൊക്കെ ശ്രദ്ധേയമാക്കുന്ന ഒരു സവിശേഷത അവയുടെ അന്ത്യരംഗത്തിലെ ശാന്തി – ചൈതന്യങ്ങളാണെന്നും പറയാതെ വയ്യ. വാസവദത്തയുടെ കാര്യത്തില്‍ അത്തരമൊരു വിശുദ്ധാവസ്ഥ സൃഷ്ടിക്കാ അസാമാന്യമായ ഭാവനാ ചാതുരി വേണം. കാതും മൂക്കും കൈകാലുകളും ഛേദിക്കപ്പെട്ടു ചുടുകാട്ടി പിണം പോലെ തള്ളപ്പെട്ട, ചോരയിലൂടെ പ്രാണന്‍ ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്ന അവളുടെ ശരീരത്തി എന്തെങ്കിലും ഭാവം അങ്കുരിപ്പിക്കുക്ക അനായാസമല്ല; അവിടെ നിന്നാണ് പരമശാന്തി രസംഉറവെടുക്കുന്നതായി ആശാന്‍ പറയുന്നത്. ഉപഗുപ്തന്റെ ദിവ്യപ്രഭ പ്രസരിപ്പിക്കുന്ന വ്യക്തിത്വവും ആർദ്രവത്സല സ്പർശനവും സാന്ത്വനവചനങ്ങളെക്കാൾ ശക്തിയേറിയ മാസ്മര പ്രഭാവം അനുഭവപ്പെടുത്തുന്നു. ആയിരം വാക്കുകളേക്കാള്‍ വിലപ്പെട്ട ഒരു ആർദ്രസ്പർശനത്തിന്റെ സാന്ത്വനശക്തിപ്രകർഷം അറിയുന്ന ഭാവനാധനനു മാത്രമേ,

 

കരയായ്ക ഭഗിനി, നീ കളക ഭീരുത, ശാന്തി
വരും നിന്റെ വാര്നെതറുക ഞാന്‍ തലോടുവന്‍
ചിരകാലമഷ്ടമാർഗ്ഗചാരിയാമ
ബ്ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കൈയാൽ
എന്ന് സമാശ്വാസിപ്പിക്കുന്ന അമൃതവാണി തൂകിക്കാനും സ്പർശനത്താലുളവായ രോമാഞ്ചത്തേയും നിർവൃതിയേയും അനുവചാകനെ പുളകമണിയിക്കുന്ന ഒരു ദിവ്യാനുഭൂതിയാക്കി വർണ്ണിക്കാനും കഴിയൂ. ഉപ്ഗുപ്തന്റെ തലോടലില്‍ വാസവദത്തയുടെ മനം ദഹിപ്പിച്ചുകൊണ്ടിരുന്ന അഗ്നിപർവ്വതം കെട്ടടങ്ങി; ചേതസ്സിനെ ആനന്ദനിർവൃതി ഉന്മിഷത്താക്കി, വിരല്‍ കൊണ്ടു നീട്ടിയ നിലവിളക്കിന്‍ തിരിപോലെ കെട്ടുകൊണ്ടിരുന്ന പ്രാണനും പ്രജ്ഞയും ജ്വലിച്ചുയർന്നു. അവളെ സത്പഥത്തിലേയ്ക്കു നയിക്കാന്‍ നേരത്തെ വരാത്തതിനെപ്പറ്റിയും നിർവാണ പ്രാപ്തിക്കുള്ള അവളുടെ അർഹതയെപ്പറ്റിയും പാപകർമ്മങ്ങളുടെ സാർവ്വജനീനതയെപ്പറ്റിയും മറ്റുമുള്ള യുക്തിനീതമായ ഭാഷണത്തേക്കാള്‍ അതിന്റെ അന്തർനാദത്തില്‍ അലതല്ലുന്ന കരുണയെന്ന അപരാഭിധാനമുള്ള ഉദാത്തവത്കൃത രതിഭാവമാണ് അവളെ പരമശാന്തിയിലേക്ക്‌ നയിക്കുന്നത്”. ഉപഗുപ്തന്റെ ശരണമന്ത്രം വാസവദത്തയുടെ അന്തഃകരണത്തിന്‍ കാന്തശക്തി പ്രവഹിപ്പിക്കുന്നു, അത് അവളുടെ വിളറിയ മുഖത്തെ ഒരു നിമിഷത്തേയ്ക്ക് തേജോമയമാക്കുന്നു. ഇങ്ങിനെ പടിപടിയായി സഹൃദയനെ ബോധ്യപ്പെടുത്തും വിധം വൈകാരികാനുഭൂതിയെ സത്യസാക്ഷാത്കാരമാക്കി മാറ്റിയാണ് ആശാന്‍ വിസ്മയകരമായ ആ അന്ത്യത്തെ യുക്തിവിചാരകാഠിന്യത്തില്‍ നിന്നു മുക്തമാക്കുന്നത് സന്യാസി അവളുടെ കണ്ണീര്‍ തുടയ്ക്കുന്ന നിമിഷത്തിൽ മോചന മുഹൂർത്തത്തിന്റെ  ദിവ്യമഹിമ മുഴുവൻ ഒതുങ്ങിക്കൂടുന്നു. ധാമമൊന്നുയർന്നു  മിന്നൽ പോൽ” എന്ന മട്ടില്‍

Comments

comments