മേൽജാതിക്കാരി കീഴ്ജാതിക്കാരനെ സ്വയം വരിച്ചത് കൊണ്ടൊന്നുമല്ല ആ കൃതിയ്ക്ക് ആശാന്റെ നളിനി‘, ലീല‘, ചിന്താവിഷ്ടയായ സീതമുതലായവ പോലെ ശില്പ ഭംഗിത്തികവ് ഇല്ലെന്ന് അഭിപ്രായപ്പെടുന്നത്”. കഥാപാത്രങ്ങളുടെ വർഗ്ഗവർണ്ണാദികളിലുള്ള ഉയർച്ചതാഴ്ച്ചകൾക്കനുസൃതമായി കൂടുകയോ കുറയുകയോ ചെയ്യുന്നതല്ല കൃതിയുടെ രസാത്മകതയെന്നും രസാനുഭൂതിയില്‍ കഥാപാത്രങ്ങആലംബനവിഭാവങ്ങള്‍ മാത്രമാണെന്നും ആസ്വാദനതലത്തി അവ വർഗ്ഗ-വർണ്ണാദികൾക്കതീതമായ കേവലതയിലെത്തുന്നുവെന്നും അവര്‍ തുടർന്ന്  നിരീക്ഷിക്കുന്നു. ശൃംഗാരമാണ് രസമെങ്കില്‍ അവിടെ സ്ത്രീയും പുരുഷനും മാത്രമേയുള്ളൂ. അത് അന്തർജ്ജനവും പുലയനുമാണോ എന്നത് പ്രശ്നമാവുന്നത് സാധാരണീകരണമെന്ന രാസപ്രക്രിയ ഒരുക്കുന്നതിലുള്ള കവിയുടെ പരാജയം മൂലമാണ്. ഒഥല്ലോയും ഡസ്ഡമോണയും, പരാശരനും സത്യവതിയും ഇങ്ങിനെ വർണ്ണ-വർഗ്ഗ വ്യത്യാസങ്ങളുള്ള ഇണകളെ സഹൃദയര്‍ സ്വീകരിച്ചിട്ടുണ്ടല്ലോ. ആദ്യം പറഞ്ഞ ഷേക്സ്പിയര്‍ കഥാപാത്രങ്ങളുടെ അന്തരം പോലും ചാത്തനും സാവിത്രിയും തമ്മിലില്ല. സാവിത്രി ഏറെ വെളുത്തിട്ടല്ലെന്നും ശ്യാമള കോമളമായ മാന്തളിര്‍ പോലുള്ള പൂവമെയ്യാണ് അവളുടേതെന്നും കൂടുതല്‍ കറുക്കാ അവ വെയിലിപണിയെടുക്കുന്നുവെന്നും മറ്റും പറയുമ്പോഴും ചാത്തനുമായുള്ള അവളുടെ വർണ്ണവ്യത്യാസത്തെ കവി നേർപ്പിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇത് തീർത്തും അനാവശ്യമാണ്; വൈജാത്യമുണ്ടായിട്ടും പരസ്പരാകർഷണമുണ്ടെങ്കിൽ രതി കൂടുതൽ ജ്വലിക്കുകയേയുള്ളൂ.

                            ജാതിമതിലുകള്‍ തകർന്നാൽ മനുഷ്യൻ മനുഷ്യനെ കണ്ടെത്തുമെന്ന ആശാന്റെ ആദർശത്തെക്കുറിച്ച് ആസ്വാദകർ തർക്കിക്കാനിടയില്ല. വിപ്ലവത്തിന്റെ കുറവ് ദുരവസ്ഥയില്‍ ആരും ആരോപിക്കുന്നുമില്ല. പക്ഷെ കവിതയുടെ ൽകെമി ഈ കൃതിയില്‍ പ്രവർത്തിക്കുന്നില്ല. ലീല എന്ന ചമ്പകപ്പൂവിനേയും നളിനി എന്ന താമരപ്പൂവിനെയും നോക്കി വിപ്ലവദർശനം കൊണ്ടു തുടുത്തതല്ലെങ്കിലും പരിമളമില്ലാത്ത ഈ ചെമ്പരത്തിപ്പൂവ് ഇങ്ങനെ കേഴുന്നുവോ എന്നു തോന്നും;
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ, ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?എന്ന പ്രസ്താവത്തിലെ നർമ്മം കുറിക്കുകൊള്ളുന്നതാണ്. ചാത്തന്റെ വർണ്ണനയിലേ തുടങ്ങുന്നു ദുരവസ്ഥയിലേ കാവ്യകലയുടെ ദുരവസ്ഥ. ഓമനപ്പാവകണക്കതുനല്ലൊരു/  കോമളവിഗ്രഹമായിരുന്നു എന്നു ചാത്തനെ നിർജ്ജീവനാക്കി ഒടുങ്ങുന്ന ആ ബാലിശവർണ്ണന ർക്കും  എഴുതാവുന്ന വെറും പദ്യമാണ്. ചൈതന്യസമൃദ്ധമായ ആ മനുഷ്യ യന്ത്രത്തെ നമ്മുക്കിഷ്ടപ്പെടാന്‍ വയ്യാത്തത് തലപ്പാവും കസവുമുണ്ടും ഇല്ലാത്തത്‌ കൊണ്ടല്ല. കരുണയിലെ ചെട്ടിയാർക്കു പോലും അല്പം കൂടി ജീവനുണ്ടെന്നു തോന്നും. കുടിയൊഴിപ്പിക്കലിലെ കള്ളു കുടിച്ചു തെറി പറയുന്ന തൊഴിലാളിയ്ക്ക് ചോരയും നീരുമുണ്ട്. ഈ അഞ്ചടിയോളമാകാരമുള്ള തൊഴിലാളിയ്ക്ക് ഇല്ലാത്തതും ആ രണ്ടു വസ്തുക്കള്‍ തന്നെ. സാവിത്രിയും ഏതാണ്ട് അവസാന രംഗത്തെ വാസവദത്തയുടെ അവസ്ഥയിലാണ്. ഇല്ലിത്തൂണില്‍ കെട്ടിവളർത്തിക്കുലച്ച പൂവല്ലിപോൽ മുട്ടിയിരിക്കുകയും അംഗുലീപല്ലവംചൂണ്ടി തല കുലുക്കുകയും ചെയ്യുന്ന  പെൺപാവയാണവള്‍. മൈനയുടെ കൂട്ടിൽ ചുട്ട കിഴങ്ങും വെള്ളവും ഇച്ഛവരുമ്പോളെടുത്തു കുടിപ്പാനായ്വൃത്തിയായിവെച്ചിരിക്കുന്ന ചിത്രത്തോടുമീ ചിത്രം കിടപിടിക്കും. സാവിത്രിയുടെ ഭാഷണത്തിൽ കാപട്യമേറെ: അച്ഛനൊഴിച്ച് ആരും തന്റെു മുഖം കണ്ടിട്ടില്ലെന്നു പറയുകയും ലഹളക്കാരായ മാപ്പിളമാരെ ഓരോരുത്തരെയായി തിരിച്ചറിഞ്ഞത് (അവള്‍ മറഞ്ഞു നിന്നു കണ്ടതാവണം മൂസ്സയേയും കാസ്സീനേയും മറ്റും) ഒരുദാഹരണം. ആളുകളെ മാത്രമല്ല അവരുടെ മുണ്ടിൻകരയും മരച്ചെരിപ്പും തൊപ്പിയും വരെ അവൾ കാണുന്നുണ്ട്. മദിച്ച ആനകളെപ്പോലെഅവര്‍ കൂക്കിവിളിച്ചുവെന്നും പറയുന്നു. ബന്ധുജനങ്ങളെ അവര്‍ കൊല്ലുന്നതും ആ പൂവല്ലിനോക്കി നിൽക്കുന്നുണ്ട്. സ്ത്രീകളോരോരുത്തര്‍ ഓരോ ലഹളക്കാരുടെ കൈയ്യില്‍ പിടയുന്നത് കാർകൊണ്ടലിൻ കോണിൽപൊന്മിന്നൽ കൊടികൾ പോലെയെന്നൊരു അനുചിതവർണ്ണനയും കവി സാവിത്രിയുടെ വായിൽ തിരുകുന്നുണ്ട്. കവി പറയേണ്ടതൊക്കെ കഥാപാത്രത്തെക്കൊണ്ട് പറയിച്ചതിന്റെ ഫലമാണ് ഈ അനൌചിത്യങ്ങ. സർപ്പക്കാവിലൊളിച്ചിരുന്ന് പശുക്കളെ വെട്ടിക്കൊല്ലുന്നത് കാണുമ്പോഴും പശുക്കളോടുള്ള ദയയല്ല നമ്മുടെ തമ്പുരാട്ടിക്ക്; വെട്ടി രുധിരമൊഴിച്ചത്തിരുമുറ്റ / മൊട്ടുക്കശുദ്ധമാക്കിയതിലുള്ള പകയാണ്. അക്രമം മുഴുവന്‍ വാചാലമായി വർണ്ണിച്ചിട്ടും ഭയം, കരുണ, ബീഭത്സ ഭാവങ്ങളി ഒന്നു പോലും ജനിപ്പിക്കാത്തവയാണ് ഈ മരവിച്ച വരികള്‍.

                     ഒട്ടേറെ ഉദാഹരങ്ങളിലൂടെ ദുരവസ്ഥയുടെ ശൈലീപരാജയവും തുടർന്നുള്ള രസനിഷ്പത്തിയിലെ പരാജയവും നിരൂപക ചൂണ്ടിക്കാണിക്കുന്നുണ്ട്. പീനനിതംബയാള്‍ പിന്നെയുമങ്ങതിൽ/ പശ്ചിമദിക്കു നോക്കീട്ടിരുന്നു,,  കൊറ്റിനായങ്ങന്തിശാന്തിക്കു പോമൊരു/ പോറ്റിയെക്കാൾ പായ്ക്കും ഭക്തിയൊടുംകൊണ്ടുചെന്നാപ്പൂവവൾക്കർപ്പിപ്പാനവൻ/ മണ്ടിയെഴുന്നേല്പാനുദ്യമിച്ചാൻ, ആരോമൽക്കാർമൃദുരോമം മുളച്ചേറെ/ യഞ്ചിതമായ കവിൾത്തടവും ഇങ്ങിനെ കവളപ്പാറക്കൊമ്പനുംവിലാസിനിയുടെ കടുംകൈയും എഴുതുന്ന കവികൾക്ക് എഴുതി വിടാവുന്ന കുപ്രയോഗങ്ങളും കൃത്രിമ പ്രാസസന്നിവേശവും മാത്രമല്ല, ചാത്തനെക്കൊണ്ട് എച്ചിലിലയെടുപ്പിച്ച് എച്ചിൽ തളിക്കുന്നതുപോലെ സാവിത്രിയുടെ പ്രേമപ്രകർത്തിനെതിർ നിൽക്കുന്ന ആഭിജാതത്വാവിഷ്കാരങ്ങളുമെല്ലാം ശരവ്യമാകുന്നുണ്ടിവിടെ. ജീവനില്ലാത്ത ആഖ്യാനരീതിയും പ്രാസമൊത്താൽ കവിതയായെന്ന വികലസങ്കല്പവും ഈ കൃതിയുടെ സർവ്വാംഗങ്ങളെയും നിയന്ത്രിക്കുന്ന തലയിലെഴുത്തായി ഭവിച്ചിരിക്കുന്നു. ഭാവസംഘർഷമോ സാവിത്രിയെടുത്ത തീരുമാനത്തിന്റെ ഗൗരവമോ ഉദാത്തതയോ ഹൃദയദ്രുതികരമാകത്തക്കവണ്ണം വർണ്ണിക്കാൻ ഒരു ശ്രമം പോലും നടത്തിയിട്ടില്ല. ചാത്തനു കിടക്കാൻ പായില്ലാത്തതു കൊണ്ടും പുതയ്ക്കാൻ തുണിയില്ലാത്തതു കൊണ്ടും രാത്രി തന്നെ തണുപ്പുള്ളതായതു കൊണ്ടും അൻപു തോന്നിയ സാവിത്രി ആ പ്രശ്നങ്ങൾ പരിഹരിക്കാൻ തീർച്ചയാക്കി എന്നേ തോന്നൂ. പിന്നെ ഉറക്കം വരുന്നില്ലഎന്ന ഗൗരവമേറിയ കാരണം പറയപ്പെട്ടിട്ടുണ്ട് എന്നൊരു ആശ്വാസം മാത്രമേയുള്ളൂ. അസാധാരണം എന്ന അർത്ഥത്തിലല്ല ദുരവസ്ഥ ആശാന്റെ തന്നെ ഭാഷയിൽ വിലക്ഷണമാകുന്നതെന്നും രസാത്മകമാകാതിരുന്നതു കൊണ്ടുള്ള രിക്തതയാണു ദുരവസ്ഥയെ ലഘുപ്പെടുത്തിയതെന്നും പ്രതിജ്ഞാബദ്ധത രസാത്മകതയ്ക്കു പകരം വെയ്ക്കാവുന്ന ഒന്നല്ലെന്നുമുള്ള ശരിയായ നിഗമനത്തിൽ എത്തുക മാത്രമല്ല ശാശ്വതനൈഷ്ഫല്യത്തിന്റെ നിഷ്പ്രാണസ്മൃതിസ്തംഭമായി ഇതു നിലനിൽക്കു’മെന്നും അലങ്കാരശാസ്ത്രാദ്ധ്യപനത്തിൽ ദോഷപ്രകരണത്തിലേയ്ക്കുള്ള ശ്രദ്ധേയമായ നിദർശനമാണു ഈ കാവ്യം എന്നും ദുരവസ്ഥയുടെ ശവപ്പെട്ടിയിൽ രണ്ട് ആണിയുമടിക്കുന്നുണ്ട് ലീലാവതി. ആ ആണി തായാട്ടു ശങ്കരൻ മുതൽ ബി. രാജീവൻ വരെയുള്ള ദുരവസ്ഥാപ്രകീർത്തകരിലും തറഞ്ഞു കയറുന്നുമുണ്ട്.

VI
കു
മാരനാശാന്റെ കൃതികളെക്കുറിച്ചുള്ള  അഞ്ചു ലേഖനങ്ങൾ മാത്രം വെച്ചുകൊണ്ട് ലീലാവതിയുടെ നിരൂപണത്തിൽ അന്തർഭവിച്ച  തത്വങ്ങളെയും അതിന്റെ ഉപാധികളെയും കുറിച്ച്  ആത്യന്തിക നിഗമനങ്ങളിലെത്തുന്നത് ശരിയാകണമെന്നില്ല; എങ്കിലും ശരിയായ ദിശയിലുള്ള ചില സൂചനകളെങ്കിലും നൽകാൻ ഈ പഠനങ്ങൾ പര്യാപ്തമാണു. ഏറെ വിശദമാക്കാതെ അവ ഇങ്ങിനെ പ്രസ്താവിക്കാം:

ഒന്ന്: നിരൂപണമെന്നത് കൃതിയുടെ സൂക്ഷ്മപാരായണമാണു; അതു കൃതി എങ്ങിനെയായിരിക്കേണ്ടിയിരുന്നു എന്ന ബദലുകളൊന്നും നിർദ്ദേശിക്കുന്നില്ല, മറിച്ച് കൃതി തന്റെ വായനയിൽ എങ്ങിനെയായിരിക്കുന്നു എന്നു പറയുകയാണു.
രണ്ട്: ഈ സൂക്ഷ്മപാരായണത്തിലൂടെ നിരൂപകൻ/ നിരൂപക തന്റേതായ ഒരു പാഠം (text) നിർമ്മിക്കുകയാണു. ഈ പാഠത്തിനു മുൻപാഠ’ങ്ങളോട് ചേർച്ചകളെന്ന പോലെ ഇടർച്ചകളുമുണ്ടാകാം. ഒരു പാഠവും ആത്യന്തികമല്ല, തുടർന്നും അനേകം പാഠങ്ങൾ ഉത്പാദിപ്പിക്കാനുള്ള സാധ്യത കൃതിയ്ക്കുണ്ട്. ഒരു ഭൗതികവസ്തുവെന്ന നിലയിൽ കൃതി (work) നിലനിൽക്കുമ്പോഴും സമൂഹത്തിൽ പ്രവർത്തനക്ഷമമാകുന്നത് ഭിന്ന പാഠങ്ങൾ മാത്രമാണു.
മൂന്ന്: രചയിതാവ് ബോധപൂർവ്വം ലക്ഷ്യം വെയ്ക്കുന്നതാകണമെന്നില്ല പാരായണത്തിൽ ഉത്പന്നമാകുന്ന പാഠം. തന്റെ ഉദ്ദേശ്യാദർശങ്ങൾ എത്ര കരുതിക്കൂട്ടി കൃതിയിൽ ചെലുത്തിയാലും അതിന്റെ അബോധപാഠത്തിൽ വ്യത്യസ്തവും വിരുദ്ധം പോലുമായ സാധ്യതകൾ നിലനിൽക്കും. ഇതു കണ്ടെത്തുകയും നിരൂപകധർമ്മമാണു. മറിച്ച് രചയിതാവിന്റെ പ്രസ്താവങ്കളും അവകാശവാദങ്ങളും അംഗീകരിച്ച് അവയുടെ നീതീകരണം മാത്രം കൃതികളിൽ തേടുന്നത് രണ്ടാംതരം ഗവേഷണവും മൂന്നാംതരം നിരൂപണവുമാണു. (ആശാന്റെ സംന്യാസാദർശത്തെ നളിനി, ലീല, കരുണതുടങ്ങിയ കൃതികളിലെ ഉദാത്തവത്കൃതമായ രത്യംശം സംശയാസ്പദമാക്കും പോലെ). കവിയുടെ ബോധമെന്നപോലെ അബോധത്തിലെ സങ്കല്പങ്ങളും സംഘർഷങ്ങളും കവിതയിൽ വാഗ്വീകരിക്കപ്പെടുന്നുണ്ട്. അവ കണ്ടെത്താൻ കവിതയുടെ പുറം വായന പോരാ. വൈദ്യൻ രോഗലക്ഷണങ്ങൾ കാണും പോലുള്ള ലാക്ഷണികമായ വായന (symptomatic reading) നടത്തണം.
നാലു : എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ പ്രതിജ്ഞാബദ്ധത സ്വന്തം പ്രത്യയശാസ്ത്രധാരണകൾക്കുള്ളിൽ വെച്ച് അയാൾ/ അവൾ നേടുന്ന ഒരാത്മബോധമാണു; സമൂഹവുമായി സാർത്ഥകമായൊരു ബന്ധം സ്ഥാപിക്കാനായി അയാൾ സ്വരൂപിക്കുന്ന ഒരു പ്രത്യയശാസ്ത്രവ്യക്തിത്വമാണത്. അതിനെ നിരൂപണം മുഴുവനായി വിശ്വസിക്കണമെന്നില്ല: എഴുത്തുകാരന്റെ ജന്മസാഹചര്യങ്ങളും വർഗ്ഗം, വർണ്ണം ഇത്യാദി കൃതിയെ നിയന്ത്രിക്കണമെന്നില്ല. (Eugène Sueവിന്റെ പാരീസിന്റെ നിഗൂഢതകളെക്കുറിച്ചുള്ള എംഗൽസിന്റെ നിരൂപണം ഗ്രന്ഥകാരന്റെ വിപ്ലവാവകാശങ്ങളെ തകർക്കുന്നതും  ലെനിന്റെ ടോൾസ്റ്റോയ് ആസ്വാദനം ടോൾസ്റ്റോയ് ആഢ്യക്രിസ്ത്യാനിയായതിനാൽ പ്രതിലോമകാരിയാണെന്ന പ്ലീഹാനോഫിന്റെ വാദം പൊളിച്ചു കളയുന്നതും പ്രസിദ്ധം). പ്രതിജ്ഞാബദ്ധത എത്ര ആത്മാർത്ഥമായാലും  കൃതി പരാജയപ്പെടാം. (ദുരവസ്ഥയുടെ കാര്യത്തിലെന്ന പോലെ, അഥവാ മലയാളത്തിലെ നല്ലൊരു ഭാഗം പ്രതിജ്ഞാബദ്ധരചനകളുടെ കാര്യത്തിലെന്ന പോലെ.) പ്രതിജ്ഞാബദ്ധത ഒരു പ്രൊക്രസ്റ്റിസ് കട്ടിലാക്കിക്കൂടാ: കലാമൂല്യമുള്ള കൃതികളെ എങ്ങിനെ പുരോഗമനപരമായി വായിക്കാം എന്നാണു സാമൂഹ്യശാസ്ത്രാധിഷ്ഠിത വിമർശനപദ്ധതിക്കാർ ആലോചിക്കേണ്ടത്, മറിച്ച് അവയെ പ്രതിലോമകരമെന്നു നിരാകരിച്ച്, പ്രതിജ്ഞാബദ്ധമെന്ന് സ്വയം അവകാശപ്പെടുന്ന കഥാശൂന്യമായ കൃതികളെ ഉത്തമസാഹിത്യമാതൃകകളാക്കി പൊക്കിപ്പിടിക്കുകയല്ല.
അഞ്ച്: കാവ്യകൃതിയുടെ വിജയം രസധ്വനിയോട് ആനുപാതികമായി പ്രവർത്തിക്കുന്നു. വിഭാവാനുഭാവസഞ്ചാരികളെ മുറിച്ചപഗ്രഥിച്ചാലുമില്ലെങ്കിലും പാരായണാന്ത്യത്തിൽ ലഭിക്കുന്ന അനുഭൂതിയുടെ സ്വഭാവമാണു അനുവാചകനെ സംബന്ധിച്ച് പ്രധാനം. ഈ ധ്വനിയാകട്ടെ മുൻകൂട്ടി കൃതിയിൽ നിക്ഷേപിക്കപ്പെടുന്നതല്ല. വായനക്കാരൻ/ വായനക്കാരി അഥവാ നിരൂപകൻ/ നിരൂപക സ്വയം എത്തിച്ചേരുന്നതാണു. കൃതിയിൽ ചില മാർഗ്ഗനിർദ്ദേശങ്ങളേ ഉള്ളൂ. പലപ്പോഴും രസതന്ത്രപരാജയമാണു കൃതിയുടെ ഭാഷയും ശൈലിയുമൊക്കെ അഴിച്ചു പരിശോധിക്കാൻ നിരൂപകനെ നിർബന്ധിക്കുന്നത് (നളിനി, ലീല, കരുണകളെക്കാൾ ലീലാവതി ദുരവസ്ഥയുടെ ഉപരിതലം പരിശോധിക്കുന്നതു ശ്രദ്ധിക്കുക. അതു വൈദ്യദൃഷ്ടിയാണു, ആരോഗ്യമുള്ളവരെ അങ്ങനെ പരിശോധിക്കേണ്ടതില്ലല്ലോ, ആരോഗ്യം ആസ്വദിച്ചഭിനന്ദിച്ചാൽ മതി)
ആറു: സാഹിത്യത്തിൽ പാഠാന്തരീയത (intertextuality) നിരന്തരം പ്രവർത്തനക്ഷമമാണു. ഓരോ കൃതിയുടെയും പാരായണം മറ്റനേകം കൃതികളെ സമാനത കൊണ്ടോ വ്യത്യാസം കൊണ്ടോ ഓർമ്മയിലേക്ക് കൊണ്ടുവരുന്നു. കൃതികളൊന്നും ഒരു ശൂന്യസ്ഥലിയിലല്ലൊ പിറക്കുന്നതും നിലനിൽക്കുന്നതും. വായനാമുഹൂർത്തത്തിൽ പാഠകൻ തന്റെ സാഹിത്യപരിചയം മുഴുവൻ വായനയിലേക്കു കൊണ്ടുവരുന്നുണ്ട്. ഈ തത്വം നിരൂപണത്തിൽ പ്രവർത്തിക്കുന്നത് താരതമ്യരൂപത്തിലാണു. ഈ താരതമ്യം പല രീതിയിൽ പ്രവർത്തിക്കാം. (ഉദാ: പാപിനീമോചനം മൂലം ഇതിവൃത്തസാദൃശ്യമുള്ള വള്ളത്തോളിന്റെ മഗ്ദലനമറിയം; ഉള്ളൂരിന്റെ പിങ്ഗളഎന്നീ കൃതികളെ ആശാന്റെ കരുണയുമായി താരതമ്യം ചെയ്തും കരുണയുടെ ദുരന്തഗാംഭീര്യം വിശദമാക്കുന്നത്, കരുണയെ സംബന്ധിച്ച മുണ്ടശ്ശേരിയുടെയും പി.കെ. ബാലകൃഷ്ണന്റെയും ചില വീക്ഷണങ്ങളെ ഖണ്ഡിക്കുന്നത്, ദുരവസ്ഥയെക്കുറിച്ച് തായാട്ട് ശങ്കരന്റെ പ്രകീർത്തനങ്ങളോട് വിയോജിക്കുന്നത്, പാശ്ചാത്യദുരന്തസങ്കല്പവും ഇന്ത്യൻ ദുരന്തസങ്കല്പവും തമ്മിലുള്ള വ്യത്യാസം ധാരാളം ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്, സാമാന്യവത്കരണത്തിനിടയിലും ഈഡിപ്പസ് കൊളോണസ്സിൽ എന്ന സോഫോക്ലിസ് കൃതിയെന്ന പോലെ അപവാദങ്ങൾ – അതിലെ ശാന്തമൃത്യു മാക്ബെത്തിന്റെയും മറ്റും മരണത്തിൽ നിന്ന് വ്യത്യസ്തമാണു കണ്ടെത്തുന്നത്,  കൃതികളെ വ്യാഖ്യാനിക്കലിനെക്കാൾ പ്രധാനം വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുകയാണെന്ന് മൊൺടെയ്ൻ – ഇവയെല്ലാം ലീലാവതിയുടെ ആശാൻപഠനങ്ങളിൽ നിന്നുതന്നെയുള്ള ഉദാഹരണം. ബുദ്ധ- ശിവസമന്വയം എങ്ങനെ കുമാരനാശാൻ സാധിക്കുന്നു (രതി-വിരതികളുടെ സംയോഗം) എന്നതിലേക്കാണു ആ യുക്തി നയിക്കുന്നത്.
ഏഴ്: നിരൂപകർ സ്വന്തം സൗന്ദര്യയുക്തികളെ സൗന്ദര്യപ്രത്യയശാസ്ത്രങ്ങൾഎന്നും പറയാം  – പിന്തുടർന്ന് അവയ്ക്കിണങ്ങാത്തവയെ തിരസ്കരിക്കുന്നവരാണു. കുട്ടികൃഷ്ണമാരാരെപ്പോലെതന്നെ ഉറച്ച യുക്തിവിവേകത്തിലൂടെയാണു എം ലീലാവതിയും തന്റെ നിഗമനങ്ങളിലെത്തുന്നതും മറ്റു ചിലരുടെ നിഗമനങ്ങളെ തിരസ്ക്അരിക്കുന്നതും; ആ യുക്തികൾ വായനക്കാരറിയാനായി അവർ നന്നായി വ്യക്തമാക്കുകയും ചെയ്യുന്നു.

അവലംബപഠനങ്ങൾ:

1.        മലയാളകവിതയുടെ ഗൗരീശങ്കരം, ലീലആമുഖം, എൻ.ബി.എസ്, കോട്ടയം, 1975
2.      
ആശാന്റെ കഥാനായികമാർ: ആശാന്റെ കാവ്യലോകംഎന്ന സമാഹാരം
3.      
ലീല, വ്യാഖ്യാനം : കുമാരനാശാൻ സമിതി, തോന്നയ്ക്കൽ, 2001
4.      
ആശാന്റെ അഞ്ചടിക്കവിത : മാതൃഭൂമി വാരിക, 1981
5.      
കരുണ, ആമുഖം, എൻ.ബി.എസ്, കോട്ടയം. 1986-87 (രണ്ടാം പതിപ്പ്)
6.      
ബുദ്ധനും ശിവനും, കവിതാരതി, മാതൃഭൂമി ബുക്സ്, 1997

Comments

comments