മിസ്സൗറിയിലെ ഫെർഗൂസണിലെ തെരുവുകളൊന്നിൽ നിരായുധനായ ഒരു കറുത്തവർഗ്ഗക്കാരൻ, ഒരു കൗമാരക്കാരൻ നിയമപാലകരാൽ കൊല്ലപ്പെട്ടത് നോക്കവേ ശ്രദ്ധിക്കേണ്ടത് അമേരിക്കയിൽ ഉടനീളം നിലനിൽക്കുന്ന നിരാസത്തിന്റെ സംസ്കാരമാണു. വംശീയ സംഘർഷങ്ങളില്ലായെന്ന്, പൊതുജീവിതത്തിലെ സുരക്ഷിതത്വത്തിൽ പാളിച്ചകളൊന്നുമില്ലായെന്ന്, നീതിന്യായവ്യവസ്ഥയ്ക്ക് അന്ധത ബാധിച്ചിട്ടില്ലായെന്ന്, മുൻപെന്നത്തെക്കാളുമേറേ സ്വകാര്യലൈസൻസുള്ള തോക്കുകൾ കൈവശം വയ്ക്കപ്പെടുന്നില്ലായെന്ന്; അത്തരമൊന്നും തന്നെ നിലനിൽക്കുന്നില്ല എന്നാണു വീണ്ടും വീണ്ടും പറയുന്നത്.
സ്വകാര്യ ലൈസൻസുള്ള തോക്കുകളുടെ കൈവശം വയ്പ്പുമായി ക്രമാതീതമായി വർദ്ധിച്ച് വരുന്ന പൊലീസിന്റെ അക്ഷരാർത്ഥത്തിൽ തന്നെ മാരകമായ ആക്രമണങ്ങൾക്ക് ബന്ധമില്ലായെന്ന് വാദിക്കാമെങ്കിലും ഈ കൊലപാതകം പോലെയുള്ള സംഭവങ്ങളൊന്നും തികച്ചും യാദൃശ്ചികമായ ഒന്നാണെന്ന് വരില്ല. ലോകത്ത് ഏറ്റവും ഭീമമായ സ്വകാര്യ ആയുധശേഖരം ഉള്ള രാജ്യം അമേരിക്കയാണെന്നതാണു ചോദ്യം ചെയ്യപ്പെടാനാകാത്ത രീതിയിൽ അടിസ്ഥാനപരമായ സത്യം. രാജ്യത്ത് ഓരോ നൂറു ജനങ്ങൾക്കും ഏകദേശം 85 തോക്കുകൾ വീതമുണ്ട്. അങ്ങേയറ്റം ആയുധവൽക്കരിക്കപ്പെട്ട സൈന്യമുള്ള ഒരു രാജ്യത്ത് അതിനും അപ്പുറം 26 കോടി അൻപതുലക്ഷം മാരകങ്ങളായ തോക്കുകൾ കൈവശം വയ്ക്കുന്ന ഒരു ജനത. അവ്വിധം ആലോചിച്ചാൽ “സംരക്ഷിക്കാനും സേവിക്കാനും”പ്രതിജ്ഞ ചെയ്ത് ഇറങ്ങിത്തിരിക്കുന്ന പൊലീസ് സംവിധാനം ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്ന, അവർ നിലനിർത്താൻ പ്രതിജ്ഞാബദ്ധരായ ‘ക്രമവും സമാധാനവും’എന്ന പൊള്ളത്തരത്തിന്റെ വൈചിത്ര്യം കാണാനാകും. അതായത് പൗരനും നിയമപരിപാലനസംവിധാനവും ഇടയിലായി നിലകൊള്ളുന്ന മതിൽ ആദ്യഘട്ടം മുതൽക്ക് തന്നെ ദുർഘടങ്ങളാണു. ജനകീയ, ജനമൈത്രി പൊലീസ് എന്നുള്ളതൊക്കെ സ്വപ്നം കാണാനാകുന്നതിനുമപ്പുറമാണു. അതിനു പകരം നിയമത്തിന്റെ കൈകളിൽ പണ്ടേ പിടിപ്പിച്ച് വിട്ട ഒരു ജനിതകം, ഒരുതരം പ്രതികാരസ്വഭാവമുള്ള നീതിപാലനരീതി, വീണ്ടെടുപ്പിന്റെ എല്ലാ സാധ്യതകളെയും അടച്ച് കൊണ്ട് നിലനിൽക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിനു ഏറ്റവും ചെറിയ ട്രാഫിക് നിയമലംഘനത്തിൽ പോലും ഗൂഢമായതെന്തോ ചെയ്യുന്ന മട്ടിൽ പിന്നിലൂടെ, കൈകൾ തോക്കിന്റെ ഉറയിൽ തൊട്ട് കൊണ്ട്, ദൃശ്യമായ ഭയത്തോടെയാണു ഒരു പൊലീസുകാരൻ അയാൾക്ക് തീരെ വിശ്വാസമില്ലായെന്നതിനാൽ ഒരു ഡ്രൈവറെ സമീപിക്കുന്നത്. നിയമത്തിനു മുകളിലാണെന്ന് ധരിച്ച് വശായ, സ്വന്തം നിയമങ്ങൾ സൃഷ്ടിക്കുന്ന അജയ്യരായ ഒരു വിഭാഗം ആയുധധാരികളായ ഈ ജനസഞ്ചയത്തിൽ എപ്പോഴുമുണ്ട് എന്നതിനാൽ പൊലീസ് പുലർത്തുന്ന വിശ്വാസക്കുറവ് ന്യായമുള്ളത് തന്നെ.
ഒരു നികുതി വെട്ടിപ്പുകാരനും കന്നുകാലികർഷകനായ ക്ലെവിൻ ബുണ്ടിയും അയാളുടെ കൊലയാളിസംഘവും തമ്മിൽ, ഫെഡറൽ നിയമസംവിധാനത്തെ വെല്ലുവിളിച്ചു കൊണ്ട് യുദ്ധസമാനമായ രീതിയിൽ മാരകായുധങ്ങൾ കൊണ്ട് പോരടിച്ച സംഭവം അടുത്തിടെയാണു നെവാഡയിൽ അരങ്ങേറിയത്. അമേരിക്കയുടെ മറച്ച് വയ്ക്കപ്പെട്ട ഭീതിദവും ചകിതവുമായ ഒരു സാമൂഹികാന്തരീക്ഷത്തിന്റെ മുഖം വെളിവാക്കുന്ന ഒന്നായിരുന്നു അത്. അനുദിനം വർദ്ധിച്ചു വരുന്ന മുൻകോപമിറ്റുന്ന ഒരു സമൂഹവും പട്ടാളസമാനമാം വിധം ആയുധധാരികളായ, പലപ്പോഴും വ്യക്തികളുടെ അവകാശങ്ങൾക്ക് വില കല്പിക്കാത്ത ഒരു നിയമപരിപാലനസംവിധാനവും പരസ്പരം പങ്ക് വയ്ക്കുന്ന ഭയത്തിന്റെ യാഥാർത്ഥമുഖം.
മിസൗറിയിലെ സംഭവവികാസങ്ങൾ ഇതിനോടനുബന്ധിച്ച് കാണണം. കറുത്തവർഗ്ഗക്കാരനായ ഒരു കന്നുകാലിവളർത്തലുകാരനാണു ബുണ്ടിയുടെയും അയാളുടെ ആയുധധാരികളായ സംഘത്തിന്റെയും സ്ഥാനത്ത് നിന്ന് വെല്ലുവിളിക്കുന്നതെങ്കിൽ പൊലീസിന്റെ പ്രതികരണം എങ്ങനെയായിരുന്നിരിക്കാം? ഈ വർഷം ജൂൺ എട്ടിനു സംഭവിച്ചത് അക്ഷരാർത്ഥത്തിൽ ഏറ്റുമുട്ടൽ തന്നെ. ബുണ്ടിയുടെ രണ്ട് സംഘാംഗങ്ങൾ – ജെറാർഡും അമാൻഡ മില്ലറും –അവസാനം പരസ്പരം വെടിയുതിർക്കുന്നതിനു മുൻപെ രണ്ട് പൊലീസുകാർ ഉൾപ്പടെ മൂന്നു പേരെ വധിച്ചു. എന്നിട്ട് സ്വസ്തിക പതിച്ച ഒരു പത്രികയും ചേർത്ത് വെച്ചാണു “ഗാഡ്സെൻ – ഞങ്ങളെ ചവിട്ടിപ്പോകരുത്”എന്ന കൊടിയിൽ അവരുടെ ശരീരങ്ങൾ പൊതിഞ്ഞത്.
മിസ്സൗറിയിലെ ആഫ്രിക്കൻ അമേരിക്കൻ പക്ഷക്കാർ അത് തന്നെ ചെയ്യാൻ ഇടവന്നിരുന്നു എന്നിരിക്കട്ടെ. എന്തായിരുന്നു സംഭവിക്കുക? ഇറാഖ് അധിനിവേശക്കാലത്ത് ഫലൂജയിൽ ഇടപെട്ടതുപോലെ ഒരു സൈനികനീക്കത്തിനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. നെവാഡയിൽ നടന്നതു പോലെ നിയമത്തെ വെല്ലുവിളിക്കുന്ന വംശീയ അക്രമികളോട് കാണിക്കുന്ന ക്ഷമ ഒരു കറുത്തവർഗ്ഗക്കാരനായ കൗമാരക്കാരന്റെ മരണത്തിൽ പ്രതിഷേധിക്കുന്നവരോട് ഉണ്ടാകില്ല. ഈ ഇരട്ടത്താപ്പിനെ കണ്ടില്ലെന്ന് നടിക്കുന്ന, ഈ സത്യത്തെ നിരാകരിക്കുന്ന ഒരു മുഖ്യധാര പ്രബലമായ ഒരു അവസ്ഥ അലോസരപ്പെടുത്തുന്നതാണു.
ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടായി വരുന്ന സമ്മർദ്ദങ്ങൾ മിക്കപ്പോഴും വളരെ കൂടുതലായിരിക്കും. അനുബന്ധമായി ക്രമസമാധാനപാലന സംവിധാനത്തിന്റെ വകയായി ഉണ്ടാകുന്ന വലിയ ബലപ്രയോഗവും. തൽഫലമായി നിയമവും ഒരു പൗരന്റെ അവകാശങ്ങളും തമ്മിലും ‘ക്രമവും’‘സമാധാനവും’പോലീസ് അതിനെ സംരക്ഷിച്ച് പരിപാലിക്കുന്ന വിധവും തമ്മിലുള്ള ലോലമായ അതിർ വരമ്പ് വലിയ രീതിയിൽ പരീക്ഷിക്കപ്പെടുന്നു; ചിലരുടെ അഭിപ്രായത്തിൽ ഇല്ലാതായിപ്പോകുക കൂടി ചെയ്യുന്നു.
ഇപ്പോൾ നാം കേൾക്കുന്നത് ഫെർഗൂസണിൽ നിന്ന് അല്പം മൈലുകൾക്ക് മാത്രം അപ്പുറം മറ്റൊരു കറുത്ത വർഗ്ഗക്കാരൻ കൂടി വെടിയുണ്ടകൾക്ക് ഇരയായി എന്നാണു. ഇത്തവണ പൊലീസ് ചീഫ് പറഞ്ഞത് രണ്ട് എനർജി ഡ്രിങ്കുകളും ഡോണട്ടും മോഷ്ടിച്ച ആ വ്യക്തി അല്പ സമയം മുന്നെ മാത്രം രംഗത്തെത്തിയ പൊലീസിനു നേരെ കഠാരയുമായി നടന്നടുത്തു എന്നാണു. “എന്നെ വെടി വയ്ക്കൂ, വെടിവയ്ക്കൂ “എന്ന് അയാൾ പൊലീസിനോട് പറയുന്നുണ്ടായിരുന്നുവത്രെ…അവർ അത് തന്നെ ചെയ്തു ! 12 ബുള്ളറ്റുകൾ അയാളിലേക്ക് തറച്ച് കയറ്റി. അടുത്തു നിന്നുള്ള ഒരു വീഡിയോയിൽ നിന്നും പല പത്ര റിപ്പോർട്ടുകളിൽ നിന്നും പിന്നീട് മനസ്സിലാക്കുവാൻ സാധിച്ചത് കൈകൾ വിടർത്തി നടന്നടുത്ത അയാളുടെ കൈവശം കഠാരയൊന്നും ദൃശ്യമായിരുന്നില്ലെന്നും പൊലീസ് മേധാവി പറയുന്നതു പോലെ അയാൾ പൊലീസിനു ഒരു ഭീഷണിയായിരുന്നില്ല എന്നുമാണു.
ഇതാണു എന്നും കുറ്റാരോപണങ്ങളിൽ നിന്നും നിയമപരമായ പരിരക്ഷയുണ്ടായിരുന്ന നിയമപാലകസംഘം ഇന്ന് പുലർത്തുന്ന നിന്ദ്യമായ ഭയത്തിന്റെയും ഒപ്പം തന്നെയുള്ള നിയമപരിരക്ഷയുടെയും അലോസരപ്പെടുത്തുന്ന അവസ്ഥ. 60കളിലെയും 70കളിലെയും 80കളിലെയും മധ്യ, തെക്കൻ അമേരിക്കകളിലെ പല ബനാനാ റിപബ്ലിക്കുകളിലും കൂലിപ്പട്ടാളങ്ങളുണ്ടായിരുന്നു. നിയമത്തോടുള്ള പുച്ഛവും അനവധി നിയമവിരുദ്ധമായ കൊലപാതങ്ങളും വഴി ഇന്നും ശിക്ഷയ്ക്ക് അർഹരായവർ. അവരെപ്പോലെയാകുകയാണു ഈ പൊലീസ് സംവിധാനം എന്ന് പറഞ്ഞാൽ അത് കൂടുതലാകില്ല. ഈ സംഭവത്തിനു അനാവശ്യമായ രീതിയിൽ പൊലിപ്പിക്കുന്നതായി തോന്നുന്നുവോ? എന്നാൽ അനുദിനം ഈ വെടിയുണ്ടകൾക്ക് മുന്നിൽ മുൻവശത്തായി തന്നെ നിലകൊള്ളുന്ന ഒരു വിഭാഗം ജനങ്ങൾക്ക് ഇത് വെറുമൊരു യാഥാർത്ഥ്യം മാത്രമല്ല. അവരെ സംബന്ധിച്ച് ഇത് ഒരു മാരകമായ അവസ്ഥയാണു. മരണകരമായത്.
Be the first to write a comment.