പരിശോധിക്കുകയാണ് ലേഖനത്തിൽ അവർ ചെയ്തിട്ടുള്ളത്. ഒരു ലേഖനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് കഴിയുന്നത്ര പദങ്ങൾ പട്ടികയായി നൽകികൊണ്ടാണ് അവരുടെ പ്രതിപാദനം. അകർമ്മകം, സകർമ്മകം, ദ്വികർമ്മകം, പ്രയോജകം, ദ്വിഗുണപ്രയോജകം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളായി തിരിച്ചാൽ കേരളപാണിനീയത്തിലെ വിഭജനത്തിൽ കണ്ടുവരുന്ന അവ്യാപ്തി അതിവ്യാപ്തി തുടങ്ങിയ ദോഷങ്ങളെ മറികടക്കാമെന്നും ജഡകർത്തൃകം, ചേതനകർത്തൃകം തുടങ്ങിയ വിഭാഗങ്ങൾ ഒഴിവാക്കാനാകുമെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ ദ്വികർമ്മകം, ദ്വിഗുണപ്രയോജകം എന്നീ വിഭജനങ്ങൾ ഏകകർമ്മകം – ദ്വികർമ്മകം എന്നും ഏകപ്രയോജകം- ദ്വിഗുണപ്രയോജകം (ത്രിഗുണം, ചതുർഗുണം എന്നെല്ലാം അത് നീളാവുന്നതാണ്) എന്നും ചില വിഭജനങ്ങളെ നിഗൂഡമായി കൂടെ കുരുതുന്നുണ്ട്. സകർമ്മകം – ദ്വികർമ്മകം എന്നീ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം പരിശോധിക്കുമ്പോൾ ഒഴിഞ്ഞുപോയെന്നു കരുതിയ സങ്കീർണ്ണതകൾ പലതും ഇഴഞ്ഞുവരുന്നതു കാണാം. അതുപക്ഷെ ലീലാവതിയുടെ ആലോചനയുടെ സങ്കീർണ്ണതകളായി കരുതാനാവില്ല. റിച്ച് മലയാളത്തിലെ ക്രിയാശബ്ദങ്ങളുടെ സ്വഭാവമായി കരുതിയാൽ മതി. ഇതിനെക്കുറിച്ച് വളരെ വിശദമായി ചിന്തിക്കുന്ന സി.എൽ.ആന്റണിയുടെ കേരളപാണിനീയഭാഷ്യം (കേവലം-കർത്തൃജകർമ്മകം – പ്രയോജകം എന്ന അദ്ധ്യായം) ഈ ലേഖനത്തിനു ശേഷമാണ് പ്രസിദ്ധീകൃതമായത്.
മലയാളത്തിലെ വർത്തമാനകാലപ്രത്യയത്തിന്റെ ആഗമം എന്ന സെമിനാർപ്രബന്ധം ലീലാവതിയുടെ ആലോചനയുടെ തീർച്ചയും മൂർച്ചയും വെളിവാക്കുന്നതാണ്. ഇറ ധാതുവിൽ ഉകാരം ചേർന്ന് ഇറു എന്നും (പോകിറാൻ) അതിനോട് അനുനാസികം ചേർന്ന് ഇന്റു എന്നു ആയിത്തീർന്നു. അതിലെ റകാരം ലോപിക്കുകയും അനുനാസികാതിപ്രസരം സംഭവിക്കുകയും ചെയ്ത് ഇന്നും എന്നും പിന്നീട് ഉന്നു എന്നുമായിത്തീരുകയും ചെയ്തു എന്നാണല്ലോ കേരളപാണിനിയുടെ നിഗമനം. റകാരത്തിന്റെ മാറ്റം വിശദീകരിക്കാനും ഇറ ധാതുവിന്റെ വർത്തമാനകാലാർത്ഥം (ഇറന്തകാലം ഭൂതരൂപമാണെന്ന് അദ്ദേഹം തന്നെ ഉദ്ധരിച്ചിരിക്കുന്നു) അസന്ദിഗ്ദ്ധമായി തെളിയിക്കാനും കേരളപാണിനിക്കു കഴിഞ്ഞിട്ടില്ല എന്ന് ലീലാവതി നിരീക്ഷിക്കുന്നു. ഇൻറുവാണ് പ്രാചീനരൂപമെന്നും അതിൽ പതിവിനുവിരുദ്ധമായി അനുനാസികലോപം വന്നാണ് ഇറു ഉണ്ടായതെന്നുമുള്ള വാദത്തെ നേരിടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. എൽ.വി.രാമസ്വാമി അയ്യരാകട്ടെ തിമിഴിലെ ഇൻറു എന്ന രൂപത്തിൽനിന്നു തന്നെയാണ് മലയാളത്തിലെ ഉന്നു നിഷ്പാദിപ്പിക്കുന്നതെങ്കിലും അതിലെ റകാരം കേരളപാണിനി കരുതുന്നതുപോലെ ഇടനിലയല്ല അടിസ്ഥാനരൂപമാണെന്നു വാദിക്കുന്നു. മദ്ധ്യകാല തമിഴിൽ (ഐങ്കുറുനൂറ്, പരിപാടൽ) ആഗിന്റു എന്നതിൽ കാണുന്ന ഗിന്റു പുരുഷപ്രത്യയം ചേർത്ത് (ചൊൽകിന്റാൻ) വർത്തമാനകാലാർത്ഥത്തിൽ പ്രയോഗിച്ചുകാണുന്നുണ്ട്. പുരുഷപ്രത്യയം ചേരാത്ത ഭൂതരൂപങ്ങളെയും അതിൽ പുരുഷപ്രത്യയം ചേർത്തുകൊണ്ടുള്ള വർത്തമാനകാലം പിൽക്കാലത്ത് വരുന്നതും ചൂണ്ടിക്കാട്ടി തമിഴിൽ ഭൂതാർത്ഥം മറന്നുപോയാണ് വർത്തമാനരൂപം ഉണ്ടായതെന്ന് അദ്ദേഹം വാദിക്കുന്നു. ഭൂതകാലരൂപത്തെ വലിച്ചുനീട്ടിയാണ് വർത്തമാനകാലരൂപം ഉണ്ടാക്കിയെന്നർത്ഥം. കെ.എൻ.എഴുത്തച്ഛൻ ഇൻറുവിലെ റകാരം പുരുഷപ്രത്യയമായി ഉപയോഗിച്ചിരിക്കുന്നതു (നപുംസകപ്രത്യയം) മൂർദ്ധന്യരഞ്ജനത്തിലൂടെ ഉണ്ടായതാണ് എന്ന് സമർത്ഥിച്ചിട്ടുണ്ട്. തെലുഗു കർണ്ണാടകങ്ങളെ കൂടി കണക്കിലെടുത്ത് ഉതുവിൽ നിന്നാണ് അതിന്റെ വരവെന്ന് സി.എൽ.ആന്റണി വാദിച്ചിട്ടുണ്ട്. എന്നാൽ ലീലാവതി മറ്റൊരു സാദ്ധ്യതയാണ് തുറന്നിടുന്നത്. വർത്തമാനാർത്ഥത്തെ കുറിക്കാൻ ആധുനികമലയാളം ഉപയോഗിക്കുന്ന പോകുന്നു പോക്ണു എന്നീ രണ്ടുതരം രൂപങ്ങളെ മുൻനിർത്തിയാണ് അവരുടെ ആലോചന. പോക്ണു എന്നത് പ്രാദേശികരൂപമാണെന്നു വിചാരിച്ചാലും ആകുന്നു, ആണ് എന്നീ രൂപങ്ങൾ മാനകഭാഷയിൽത്തന്നെ ഉള്ളവയാണ്. കിട്ടുക, കിണർ തുടങ്ങിയവയിലെ ഇകാരം പടിയിലെ ഇകാരത്തിൽ നിന്ന് വ്യത്യസ്തമാകയാൽ അത്തരം സ്വരസ്വഭാവം കൂടി ഇകാര-ഉകാരമാറ്റങ്ങൾക്ക് (കേന്ദ്രസ്വരവും മൂർദ്ധന്യസ്വരവും തമ്മിലുള്ള അടുപ്പം) കാരണമായി പറയാം. ആകിന്റു, പോകിന്റു എന്നിവയിലെ അവസാനത്തെ ഉകാരത്തിന്റെ സ്വാധീനംകൊണ്ടാണ് അത് ആകുന്റു പോകുന്റു എന്നായി മാറുന്നതെന്നും അതിന്റെ ഫലമായാണ് ന്റു എന്നതിലെ മൂർദ്ധന്യവ്യഞ്ജനം ന്നു എന്ന ദന്ത്യമായി മാറുന്നതെന്നും യുക്തി. അതേസമയം രണ്ടാമത്തെ ധാരയായ പോക്ണു എന്ന ണകാരാഗമത്തിന്റെ യുക്തി സ്വരങ്ങൾ കാണിക്കുന്ന കേന്ദ്രസ്വരസ്വഭാവമാണ്. അങ്ങനെ രണ്ടു ധാരയിലാണ് ആകുന്നു ആണ് എന്നീ വർത്തമാനരൂപങ്ങൾ ഉണ്ടാകുന്നത്.
മലയാളത്തിലെ വാക്യഘടനാക്രമങ്ങൾ വാക്യത്തിലെ പദങ്ങളുടെ വിന്യാസക്രമത്തിന്റെ സ്വാതന്ത്ര്യത്തെയാണ് ചർച്ചയ്‌ക്കെടുക്കുന്നത്. ഇംഗ്ലീഷിൽ 1. My friend came home late last night എന്ന വാക്യത്തിന് പദങ്ങളുടെ ക്രമം മാറ്റിയാൽ 2. Last night my friend came home late എന്ന് ഒറ്റ സാദ്ധ്യതയേ ഉളളൂ. എന്നാൽ മലയാളത്തിൽ 1. എന്റെ സ്‌നേഹിതൻ വൈകി വന്നു ഇന്നലെ രാത്രി എന്ന വാക്യത്തിന് 2. എന്റെ സ്‌നേഹിതൻ ഇന്നലെ രാത്രി വൈകി വന്നു. 3. വൈകി വന്നു എന്റെ സ്‌നേഹിതൻ ഇന്നലെ രാത്രി, 4. വൈകി വന്നു ഇന്നലെ രാത്രി എന്റെ സ്‌നേഹിതൻ, 5. ഇന്നലെ രാത്രി എന്റെ സ്‌നേഹിതൻ വൈകി വന്നു, 6. ഇന്നലെ രാത്രി വൈകി വന്നു എന്റെ സ്‌നേഹിതൻ, എന്നിങ്ങനെ ആറ് സാദ്ധ്യതകൾ ഉണ്ട് എന്നാണ് വാദം. വാക്യഘടനാപരമായ ആലോചനകളുടെ തുടക്കമെന്ന നിലയിൽ ഈ പ്രബന്ധത്തെ കാണാമെന്നല്ലാതെ അതിന്റെ സ്വാഭാവികമായ തുടർച്ച പിന്നീടെവിടെയും കാണാനാകുന്നില്ല. മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾ നാമപ്രകൃതിയോട് സമാസിച്ചു നിൽക്കുന്നതുകൊണ്ട് വാക്യഘടനാപരമായ ബന്ധങ്ങൾ മുദ്രിതങ്ങളാണ്. അഥവാ വാക്യത്തിലെ സ്ഥാനം മാറിയാലും വാക്യഘടനാബന്ധം വ്യക്തമാണ്. ഇംഗ്ലീഷിൽ സ്ഥിതി വിഭിന്നമാണ്. സംസ്‌കൃതത്തിൽ വിശേഷണവിശേഷ്യപ്പൊരുത്തം എന്ന ഏർപ്പാടുള്ളതിനാൽ വിശേഷണത്തെപ്പോലും വിശേഷ്യത്തിൽ നിന്ന് വേർപിരിച്ച് നിർത്താനാവും. ശ്ലോകങ്ങളുടെ അന്വയം പ്രധാനമാകുന്നത് പദങ്ങളുട ഈ ചലനസാദ്ധ്യതകൊണ്ടാണ്. ഇത്തരം സാദ്ധ്യതകളിലേക്ക് വികസിക്കാവുന്ന ആലോചനകൾ പക്ഷെ ഒരു സെമിനാർ പ്രബന്ധത്തിന്റെ പരിധിയിൽ നിൽക്കണമെന്നില്ല. അല്ലായിരുന്നെങ്കിൽ നന്നായി സംസ്‌കൃതവും ഇംഗ്ലീഷും അറിയാവുന്ന ഒരാളുടെ എഴുത്തിൽ ഒട്ടും പ്രയാസമില്ലാത്ത ഇത്തരം ആലോചനകളിലേക്ക് ഇതു വികസിക്കാതിരിക്കുമായിരുന്നില്ല എന്നുറപ്പ്. ഇത്തരം ആലോചനകളുടെ തുടർച്ചയ്ക്കായി അവരെ നിർബന്ധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിവന്നില്ല എന്നുകരുതാം.
പുതിയകാലത്തെ ചിന്താഗതികളെയും ആശയലോകത്തെയും അഭിമുഖീകരിക്കുന്നതാണ് ‘ഭാഷയും സ്ത്രീപക്ഷരചനയും‘ എന്ന ലേഖനം (മാദ്ധ്യമം ആഴ്ചപ്പതിപ്പ് 2000 മെയ് 26). സ്ത്രീവാദം ഉയർത്തുന്ന ഒരുവാദമാണ് തനതായ അനുഭവങ്ങളെ ആവിഷ്‌ക്കരിക്കാനുള്ള ഭാഷയുടെ ശേഷിക്കുറവ്. സ്ത്രീയെന്ന സാമൂഹിക സങ്കല്പം സംസ്‌ക്കാരത്തിന്റെ ഒരു നിർമ്മിതിയാണ്. സ്ത്രീ ശരീരമല്ല അതിനെ നിർണ്ണയിക്കുന്നത്, മറിച്ച് സംസ്‌ക്കാരമാണ്. അതേ സംസ്‌ക്കാരത്തിന്റെ കലവറയും ശേഖരവുമാണ് ഭാഷ.സാമൂഹികവുമായ ഉച്ചനീചസങ്കല്പങ്ങളത്രയും ഭാഷയിൽ അന്തർല്ലീനമായിരിക്കുന്നതിനാൽ സ്ത്രീവിരുദ്ധമായ അധികാരപ്രയോഗങ്ങളിൽ നിന്ന് മുക്തമായിരിക്കില്ല അതാത് സമൂഹത്തിന്റെ ഭാഷയും. അതിനാൽ പെണ്ണെഴുത്തിന് തനതായ ഭാഷ, പുരുഷസ്പർശമേറ്റ് പ്രത്യയശാസ്ത്രമുദ്രിതമായിത്തീരാത്ത ഭാഷ, വേണമെന്ന് ലോകത്തെമ്പാടും സ്ത്രീവാദികൾ ആവശ്യപ്പെട്ടുവരുന്നു.
Be the first to write a comment.